എട്ട്
കാട്ടിൽ അകപ്പെട്ട ദിവസം നാലുപേരും ആകെ അമ്പരപ്പിലായിപ്പോയി. സ്വപ്നാടനത്തിൽ എന്നവണ്ണം കുറെയേറെ അലഞ്ഞു. രാജൻ ക്രമേണ യാഥാർത്ഥ്യത്തിൻ്റെ ഇഴകൾ പിടിച്ചെടുത്തു. മറ്റു മൂന്നുപേരും വലിയ അമ്പരപ്പിലാണെന്നും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ വൈകുമെന്നും അവനു തോന്നി. അവൻ ഒരു കാര്യം തീരുമാനിച്ചു. ഇരുട്ടു വീഴുന്നതിനു മുൻപ് ഒരു താൽക്കാലിക ഷെൽട്ടർ ഉണ്ടാക്കണം. അതിനായി ഒറ്റയ്ക്ക് പണിയും തുടങ്ങി. പ്രൊഫസർ നൽകിയ സഞ്ചിയിലുണ്ടായിരുന്ന വെട്ടുകത്തിയാണ് ഏറ്റവും പ്രയോജനപ്പെട്ടത്. നാലുപേർക്ക് സുഖമായി കിടക്കാൻ വേണ്ട സ്ഥലം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടിയിരുന്നത്. കുറ്റിച്ചെടികളും മറ്റും വെട്ടി മാറ്റി. അവയുടെ വേരുകൾ പിഴുതു കളഞ്ഞു. പിന്നെ വലിപ്പമുള്ള കുറേയേറെ ഇലകൾ ശേഖരിച്ചു കൊണ്ടുവന്നു നിലത്തു വിതറി. മരക്കൊമ്പുകളും വള്ളികളും കൊണ്ട് മേൽക്കൂരയും ഒരുക്കി. അന്നു രാത്രിയിലേക്കുള്ള പാർപ്പിടം അങ്ങനെ തയ്യാറായി. രാജൻ എല്ലാം ചെയ്യുന്നത് മറ്റുള്ളവർ -ഏതാണ്ട് പാതി മരിച്ച നിലയിൽ – നോക്കിനിൽക്കുക മാത്രം ചെയ്തു.
‘നമ്മൾ ഈ കാട്ടിൽ കിടന്നു ചാവും.’ സ്റ്റെല്ല പറഞ്ഞു.
ഭീതിയോടെ ഹേമ അവളെ കെട്ടിപ്പിടിച്ചു. സ്റ്റെല്ല തിരിച്ചും കെട്ടിപ്പിടിച്ചു. രണ്ടുപേരും ദയനീയമായി കരഞ്ഞു. ഗിരിയാകട്ടെ കനത്ത ക്ഷീണത്തോടെ രാജൻ വിരിച്ച ഇലകളിൽ വെറുതേ കമിഴ്ന്നു കിടന്നു.
തനിക്കു മാത്രം വലിയ ഭീതിയോ വിഷാദമോ തോന്നാത്തത് എന്താണെന്ന് രാജൻ അതിശയിച്ചു. പിന്നീട് അവന് അതിന്റെ ഉത്തരം ലഭിച്ചു. അവർക്ക് നഷ്ടപ്പെടാൻ ഒട്ടേറെയുണ്ട്. അവന് കാര്യമായിട്ട് ഒന്നുമില്ല. എന്നുമാത്രമല്ല കാട്ടിൽ പ്രവേശിച്ചതു മുതൽ മനസ്സിന് നല്ല കുളിർമ്മ. വീട്ടിൽ തിരിച്ചെത്തിയ അനുഭവം. ഭാരവും എടുത്ത് നടന്നപ്പോൾ മുതൽ എന്തുകൊണ്ടെന്ന് അറിയില്ല, രാജന് മാതാപിതാക്കന്മാരെ പറ്റി ചിന്തകൾ വരാൻ തുടങ്ങിയിരുന്നു. അവർ ഈ കാട്ടിൽ എവിടെയെങ്കിലും ഉണ്ടാകുമോ?
നേരിയ വിശപ്പ് തോന്നിയിട്ട് രാജൻ ചുറ്റും നോക്കി. ഒരു ഞാവൽമരം കണ്ടു. നിറയെ പഴങ്ങൾ. രാജൻ മരത്തിൽ കയറി പഴം ശേഖരിക്കുന്നത് മറ്റു മൂന്നുപേരും നോക്കി നിന്നു.
‘ഇപ്പോഴത്തെ സാഹചര്യത്തിൽ അവനേക്കൊണ്ടേ എന്തെങ്കിലും പ്രയോജനമുള്ളൂ.’ ഗിരി പറഞ്ഞു .
‘അവൻ വളർന്നുവന്നത് അങ്ങനെയല്ലേ? എല്ലാ ജോലിയും എടുത്ത്. കുട്ടിക്കാലത്ത് കാട്ടിൽ ജീവിച്ച അനുഭവവും അവനുണ്ട്.’ സ്റ്റെല്ല പറഞ്ഞു.
അവൾ അത് കൂട്ടുകാർക്ക് വിവരിച്ചു കൊടുത്തു.
മറ്റു രണ്ടുപേർക്കും അത് പുതിയ അറിവായിരുന്നു. അവർക്കത് കുറച്ചു ധൈര്യം നൽകി.
‘കാട്ടിലെ രീതികൾ അറിയാവുന്ന ഒരാൾ കൂടെ ഉണ്ടെന്നത് വലിയ കാര്യമാ. സത്യം പറയാമല്ലോ, ദിവസത്തിനുള്ളിൽ നമ്മളെല്ലാം ചത്തു പോകുമെന്നാരുന്നു എൻ്റെ ചിന്ത. ഇപ്പോ ഒരു പ്രത്യാശ തോന്നുന്നു. രാജൻ നമ്മളെ രക്ഷിക്കും.’
ഗിരി തന്നത്താൻ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.
‘പോസിറ്റിവ് ആയി ചിന്തിക്കാം. ഇന്നു രാത്രി എങ്ങനെയെങ്കിലും കഴിച്ചു കിട്ടിയാൽ നമുക്ക് നാളെ തിരിച്ചുകയറി രക്ഷപ്പെടാം,’ ഹേമ പറഞ്ഞു.
‘ഞാനും ഇപ്പോൾ അതുതന്നെ ആലോചിച്ചു,’ സ്റ്റെല്ല പറഞ്ഞു. ‘വെറുതേ പേടിക്കേണ്ട ഒരു കാര്യവുമില്ല. ക്വാർട്ടേഴ്‌സിൽ നിന്ന് അധികം ദൂരെയല്ല നമ്മൾ. നാളെ നമ്മളെ തിരക്കി ആളെത്തും.’
വെട്ടം മങ്ങിത്തുടങ്ങി.
രാജൻ എന്തുകൊണ്ടോ വെപ്രാളപ്പെട്ടു തിരികെ വന്നു. പഴങ്ങൾ എല്ലാം താഴെയിട്ട് ചാക്ക് പരിശോധിച്ചു. അതിൽ നിന്ന് വലിയ ഒരു കമ്പിയെടുത്ത് എന്തിനോ തയ്യാറായി നിന്നു.
‘എന്താ, എന്താ രാജാ?’
സ്റ്റെല്ല വേവലാതിയോടെ ചോദിച്ചു .
രാജൻ ഒന്നും മിണ്ടാതെ ഒരു വലിയ മരക്കൂട്ടത്തിലേക്ക് നോക്കി ജാഗ്രതയോടെ നിന്നു. മരക്കൂട്ടം ശക്തമായി ഒന്നുലഞ്ഞു . കുരങ്ങന്മാരുടെ ഒരു വലിയ കൂട്ടം തന്നെ അതിൽ നിന്ന് താഴേക്ക് ചാടി. രാജനും കൂട്ടരും നിൽക്കുന്നിടത്തേക്ക് അവ ഒച്ചയുണ്ടാക്കിക്കൊണ്ട് പാഞ്ഞു വന്നു. സ്റ്റെല്ലയും ഹേമയും ഗിരിയും രാജന്റെ പിന്നിൽ രക്ഷ തേടി. ഓടിവരുന്ന വാനരന്മാരെ തറപ്പിച്ചു നോക്കി കമ്പി കയ്യിൽ പിടിച്ച് രാജൻ നിശ്ചലം നിന്നു. കുരങ്ങന്മാർ അടുത്തെത്തിയപ്പോൾ ശേഖരിച്ച പഴങ്ങളിൽ നിന്ന് ഏതാനും എണ്ണം രാജൻ എറിഞ്ഞു കൊടുത്തു. അവ വലിയ ഒച്ചയുണ്ടാക്കി ശത്രുതയോടെ നിന്നു. കുരങ്ങന്മാരുടെ സംഘത്തെ കാണുന്നത് ആദ്യമായിട്ടല്ല. ശാസ്‌താംകോട്ട ജങ്ഷനിൽ നിന്ന് ക്ഷേത്രം കടന്നുവേണം കോളേജിലേക്ക് പോകാൻ. ക്ഷേത്രപരിസരം വാനരന്മാരുടെ വിഹാരമേഖലയാണ്. പക്ഷേ പരിചിതരും കുലീനരുമായ അവിടത്തെ വാനരന്മാരുടെ കൗശലവും കുസൃതിയും കലർന്ന ഭാവമല്ല മുന്നിൽ വന്നു നിൽക്കുന്നവയ്ക്ക്. തികഞ്ഞ ക്രൗര്യവും ശത്രുതയുമാണ്. കടന്നുകയറ്റക്കാരോട് സന്ധി ചെയ്യാൻ തയ്യാറല്ലാത്ത നിൽപ്. രാജൻ തിരിഞ്ഞ് കൂട്ടുകാരോട് പറഞ്ഞു: നല്ല ഞാവൽ പഴമാണ്. നിങ്ങൾ തിന്നൂ. ഇവരെ പേടിക്കണ്ട.
രാജൻ കറക്കിക്കൊണ്ടിരുന്ന കമ്പിയുടെ തിളക്കം കണ്ടാകാം കുരങ്ങന്മാരിൽ ഒരെണ്ണം പോലും അടുത്തു വന്നില്ല. മുന്നിൽ നിൽക്കുന്ന അപരിചിതരെ കുറച്ചുകൂടി ശ്രദ്ധിച്ച ശേഷം കുരങ്ങന്മാർ താഴെക്കിടന്ന ഞാവൽപ്പഴങ്ങൾ ഉദാസീനതയോടെ പെറുക്കിയെടുത്തു തിന്നാൻ തുടങ്ങി.
അല്പനേരം കഴിഞ്ഞ് കുരങ്ങുകൾ ഒന്നും സംഭവിക്കാത്ത പോലെ തിരിച്ചുപോകുന്നത് ഹേമയും സ്റ്റെല്ലയും ഗിരിയും അത്ഭുതത്തോടെ നോക്കി നിന്നു. സാധാരണഗതിയിൽ നിശ്ശബ്ദനും കുറെയൊക്കെ മന്ദനുമായ രാജന് എവിടെ നിന്നാണ് ഇത്ര ധീരതയും ആജ്ഞാശേഷിയും! മൃഗങ്ങളുമായി ആശയവിനിമയത്തിനു പോലും ശേഷിയുള്ള ഒരു കഥാപാത്രമായി രാജൻ അവരുടെ മുന്നിൽ നിന്നു. വിശേഷിച്ച് പ്രകോപനം ഒന്നുമില്ലാതെ സ്റ്റെല്ല പെട്ടെന്ന് പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നത് എന്ന് ഗിരിയും ഹേമയും അവളോട് ചോദിച്ചില്ല. അവരുടെ ഉള്ളിലും കരച്ചിൽ ഘനീഭവിച്ചു കിടക്കുന്നുണ്ടായിരുന്നു. അല്പംമുമ്പ് തോന്നിയ ആത്മവിശ്വാസം ആവിയായി കഴിഞ്ഞിരിക്കുന്നു. നാളെ തിരിച്ചുകയറി രക്ഷപ്പെടാൻ കഴിയുമെന്ന് എന്താണ് ഉറപ്പ്? ജീവിതം ഇനി എത്ര നാൾ, എത്ര സമയം? രാജന്റെ ധീരതയും പ്രത്യുത്പന്നമതിത്വവും കൊണ്ടുമാത്രം കാട് ഒളിപ്പിച്ചു വച്ചിരിക്കുന്ന അപകടങ്ങളെ എങ്ങനെ നേരിടും!
ഇരുട്ടു വീണപ്പോൾ നാലുപേരും താഴെ കിടന്നു. പ്രൊഫസർ നൽകിയ ചാക്കിൽ ഒരു ടോർച്ച് ഉണ്ടായിരുന്നു രാജൻ അത് ഇടയ്ക്കിടെ മിന്നിച്ച് ജാഗ്രതയോടെ ഇരുന്നു. ആരും ഒന്നും സംസാരിച്ചില്ല. കൊടുംതണുപ്പും നിഗൂഢതയും നിശ്ശബ്ദതയും നിറഞ്ഞ ആ രാത്രിയുടെ ഭീകരത തങ്ങൾ അതിജീവിക്കില്ലെന്ന് ഓരോരുത്തർക്കും- രാജനു പോലും- തോന്നി. പക്ഷേ കുറച്ചു സമയം കഴിഞ്ഞപ്പോൾ മൂവരും മരിച്ച പോലെ ഉറങ്ങിപ്പോയി. പ്രഭാതത്തിൽ ഓരോരുത്തരായി എഴുന്നേറ്റു. രാജൻ മാത്രം അപ്പോൾ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു. എഴുന്നേറ്റ മൂന്നുപേർക്കും തലേരാത്രിയിലെ അതിജീവനം അതിശയകരമായി തോന്നി.
ഒൻപത്
കാട്ടിൽ പെട്ടുപോയതിന്റെ അമ്പരപ്പ് വിട്ടു മാറുന്നില്ല. ഏതോ ദുസ്വപ്നത്തിൽ പെട്ടു കിടക്കുകയാണെന്ന് കൂടെക്കൂടെ തോന്നും. അങ്ങനെയല്ല, തങ്ങൾ അപരിചിതവും അപകടകരവുമായ ഒരു കാട്ടിൽ തന്നെയാണ് എന്ന് പെട്ടെന്നു തിരിച്ചറിയും. അപ്പോൾ താങ്ങാനാവാത്ത നിരാശ വന്നു മനസ്സിനെ മൂടും. സ്റ്റെല്ലയും ഹേമയും ഗിരിയും അങ്ങനെയാണ് കാട്ടിലെ ആദ്യ ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. ഇതിനിടയിൽ അമ്പരപ്പുമായി മല്ലിട്ടാണെങ്കിലും രക്ഷപ്പെടാനുള്ള വഴികൾ അവർ ആലോചിച്ചു കൊണ്ടിരുന്നു. ദിശാബോധം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാനപ്രശ്നം. ഏതു ദിശയിൽ നീങ്ങിയാലാണ് പുറപ്പെട്ടയിടത്ത് തിരികെ എത്താനാവുക എന്നറിയില്ല. കുറഞ്ഞപക്ഷം കാടിനു പുറത്തെങ്കിലും എത്തണം. രണ്ടാം ദിവസം ഏവർക്കും സ്വീകാര്യമായ ഒരു നിർദ്ദേശം സ്റ്റെല്ല മുന്നോട്ടുവച്ചു. തങ്ങൾ ഇപ്പോഴും ക്വർട്ടേഴ്സിൽ നിന്ന് വളരെ അകലെയല്ല. ഏറിവന്നാൽ ഒരു അഞ്ച് കിലോമീറ്റർ. പക്ഷേ അങ്ങോട്ടുതന്നെ എത്താൻ വേവലാതിപൂണ്ട് ശ്രമിക്കുന്നതു കൊണ്ട് ഗുണമുണ്ടാവണമെന്നില്ല. ഏതു വിധേനയും കാടിനു പുറത്തിറങ്ങാനാണ് ശ്രമിക്കേണ്ടത്. അതുകൊണ്ട് നിലവിൽ താമസിക്കുന്ന ഇടം കേന്ദ്രമായി നാല് ദിശകളിൽ വഴിവെട്ടി സഞ്ചരിക്കണം. നിത്യവും കേന്ദ്രത്തിലേക്ക് മടങ്ങിയെത്തുകയും വേണം. അങ്ങനെയായാൽ പത്തു കിലോമീറ്ററിന് ഉള്ളിൽ ഏതെങ്കിലും ദിശയിൽ കാട്ടിന് പുറത്തെത്താൻ കഴിയും. എവിടെയെങ്കിലും വെള്ളത്തിന്റെ ഒരു ശേഖരവും ഉടനെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
നാലു ദിശകളിലേക്ക് സഞ്ചരിക്കുക, നിത്യവും കേന്ദ്രത്തിലേക്ക് മടങ്ങിയെത്തുക എന്ന ആശയം രാജന് ആദ്യം മനസ്സിലായില്ല. മറ്റുള്ളവർ വിശദീകരിച്ചു കൊടുത്തപ്പോൾ സ്റ്റെല്ലയുടെ ബുദ്ധിവൈഭവമോർത്ത് രാജൻ അമ്പരന്നുപോയി.
മറ്റൊരു പ്രതിസന്ധിയും ഉദയം ചെയ്തു- വസ്ത്രം. ഇട്ടിരുന്ന തുണികൾ എപ്പോഴേ മുഷിഞ്ഞു കഴിഞ്ഞു. നാലുപേർക്കും ദേഹമാസകലം ചൊറിഞ്ഞു തുടങ്ങി. രാജനും ഗിരിയും ഷർട്ട് ഊരി ഉണക്കാൻ ഇട്ടു. രാജൻ ഒരു കാര്യം ചെയ്തു. മരങ്ങളുടെ തൊലി ഇളക്കി ഉണക്കാൻ തുടങ്ങി. കാടിനു പുറത്തെത്തുന്നതു വരെ ധരിക്കാൻ ഉള്ള വസ്ത്രം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒപ്പം മറ്റൊരു കാര്യം കൂടി അവൻ ചെയ്തു. പാറക്കല്ലുകൾ ശേഖരിച്ചു കൊണ്ടുവന്ന് ഉരച്ചു നോക്കി. കുട്ടിക്കാലത്ത് മുതിർന്നവർ തീ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. കാടിനു പുറത്തുവന്നിട്ടും സംഘത്തിലുള്ളവർ പാറ ഉരച്ച് തീ ഉണ്ടാക്കിയത് ഓർമ്മയുണ്ട്. ആ ഓർമ്മയിൽ അവനും ശ്രമിച്ചു. മറ്റുള്ളവർ രാജന്റെ ശ്രമവും പരാജയവും നിരാശയോടെ നോക്കിയിരുന്നു. പെട്ടെന്ന് കൂട്ടിയിട്ടിരുന്ന കരിയിലകളിലേക്ക് രാജൻ തീപകരുന്നത് അവർ ആവേശത്തോടെ കണ്ടു . മരത്തോൽ എടുത്തു കൊണ്ട് രാജൻ എത്തിയപ്പോഴേക്കും തീ ഉയർന്നു കത്താൻ തുടങ്ങി. അത് അവൻ പ്രതീക്ഷിച്ചിരുന്നതല്ല. തലേദിവസം മഴ പെയ്തിരുന്നു. മണ്ണിൽ ഇപ്പോഴും നനവുണ്ട്. എന്നിട്ടും മരങ്ങളിലേക്ക് മെല്ലെ തീ പടരാൻ തുടങ്ങി.
‘വരൂ. നമ്മുക്ക് കുറച്ചകലേക്ക് മാറാം. തീ അണയട്ടെ.’
രാജൻ ചാക്കുമെടുത്തുകൊണ്ട് നടന്നു.
തീ വേഗം അണഞ്ഞില്ല. അത് കാടിനെ ദഹിപ്പിക്കാൻ തുടങ്ങി. മരങ്ങളിൽ സമാധിയിരുന്ന പക്ഷികൾ ഒച്ചവെച്ചുകൊണ്ട് മുകളിലേക്ക് ഉയർന്നു. ചെറു ജീവികളുടെ നിലവിളി കേട്ടു തുടങ്ങി. മനുഷ്യർ നാലുപേരും അകലേക്ക്, അകലേക്ക് നീങ്ങി.
‘വേഗത്തിലാണ് പടരുന്നത്. ഈ തീ നമ്മളെയും വിഴുങ്ങുമോ?’ ഗിരി സംശയം പ്രകടിപ്പിച്ചു.
‘അങ്ങനൊക്കെ പറയാതിരി.’ സ്റ്റെല്ല അവനെ ശാസിച്ചു.
‘അതെ. പോസിറ്റീവ് ആയിരിക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. പരമാവധി നെഗറ്റീവ് കാര്യങ്ങൾ പറയാതിരിക്കണം ഗിരി.’
ഹേമയും ശാസിച്ചു. ഗിരി തലതാഴ്ത്തി.
‘യാഥാർത്ഥ്യത്തിന് ഒരു വിലയും ഇല്ലേ!’
അവൻ പിറുപിറുത്തു.
ഹേമ അവൻ്റെ അടുത്തേക്ക് നടന്നു ചെന്ന് തലയിൽ വിരൽ ഓടിച്ചു. അവൻ വഴക്കു കേട്ട കുട്ടിയെപ്പോലെ കുനിഞ്ഞിരുന്നു.
വൈകുന്നേരത്തോടെ തീയണഞ്ഞു. രാജൻ കാടു കത്തിയ ഇടങ്ങളിലേക്ക് ചെന്നു. രാവിലെ തയ്യാറാക്കിയ മരവുരികൾ ഭദ്രമായി വെന്ത് ഉണങ്ങിക്കിടക്കുന്നു. അധികം അകലെയല്ലാതെ നാലഞ്ചു പക്ഷികളും വെന്തു ചത്തു കിടക്കുന്നു. രാജൻ അവയെയും എടുത്ത് തിരികെ നടന്നു.
ഒരു ചെറുപിച്ചാത്തി കൊണ്ട് പക്ഷികളുടെ മാംസം രാജൻ ഭക്ഷ്യയോഗ്യമാക്കി. നാലുപേർക്കും കലശലായ വിശപ്പുണ്ടായിരുന്നു. മറ്റുള്ളവർ മടിച്ചിരുന്നപ്പോൾ രാജൻ ആർത്തിയോടെ തിന്നു തുടങ്ങി. കൂടുതൽ ആലോചിക്കാതെ മറ്റുള്ളവരും പക്ഷികളെ ഭക്ഷിച്ചു തുടങ്ങി. വിശപ്പിന്റെ ആധിക്യം കൊണ്ട് ഉപ്പും മുളകുമില്ലാത്ത മാംസഭക്ഷണത്തിന് ഒരിക്കലുമില്ലാത്ത സ്വാദ് തോന്നി. തീറ്റയ്ക്കുശേഷം എല്ലാവരും അല്പസമയം കിടന്നു. തങ്ങളുടെ ജീവിതം എന്നെന്നേക്കുമായി പരിവർത്തനപ്പെട്ടു കഴിഞ്ഞതായി സ്റ്റെല്ലയ്ക്ക് തോന്നി. കുട്ടിക്കാലത്ത് വായിച്ചിട്ടുള്ള കഥകളിലേതിലോ ഒന്നിലെ കഥാപാത്രങ്ങളായി തങ്ങൾ മാറിക്കഴിഞ്ഞെന്ന് അവൾക്കു തോന്നി.
സംഭവരഹിതമായി മറ്റൊരു രാത്രി കടന്നുപോയി. രാത്രിയുടെ ഗർഭത്തിൽനിന്ന് കാട്ടിലെ പകൽ പിറന്നു വരുന്നതിന്റെ മനോഹാരിത ആസ്വദിക്കാൻ അടുത്ത ദിവസം സ്റ്റെല്ലക്ക് കഴിഞ്ഞു. പ്രകാശം ധാരധാരയായി ഒരു ഭാഗത്തു വന്നു വീഴുന്നു. അവിടെ ചെന്ന് ആകാശം നോക്കി. ചെമപ്പ് അണിഞ്ഞു നിൽക്കുന്ന ആകാശം. പ്രകാശം കടന്നുവന്ന് മരങ്ങളെ ഉണർത്തുന്നു. ഉണർവിന്റെ ഒച്ച മരങ്ങളിൽ നിന്നുയരുന്നു. ഈ മഹാസൗന്ദര്യത്തിൽ ലയിച്ച് അങ്ങു മരിച്ചു പോയാൽ എന്താണ് നഷ്ടം! തോളിൽ ഒരു സ്പർശം അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഹേമയും തന്നേപ്പോലെ പ്രഭാതത്തിൻ്റെ മഹാസൗന്ദര്യത്തിൽ ലയിച്ചു
നിൽക്കുകയാണ്.
രാവിലെ രാജൻ മരവുരികളിൽ പണി തുടങ്ങി. ചാക്കിലുണ്ടായിരുന്ന ചരടുകൾ മരവുരികളുമായി ബന്ധിപ്പിച്ചു. നാലുപേർക്കും നഗ്നത സാമാന്യേന മറയ്ക്കുവാനുള്ള വസ്ത്രങ്ങൾ ഉച്ചയോടെ തയ്യാറായി.
രാജനിൽ നിന്ന് തങ്ങളുടെ വസ്ത്രം സ്വീകരിച്ച ശേഷം പെൺകുട്ടികൾ വൃക്ഷങ്ങളുടെ മറവിലേക്ക് നീങ്ങി. മരവുരി നെഞ്ചോട് ചേർത്ത് ഇരുവരും നിരാലംബരായി കുറച്ചു കരഞ്ഞു.
സമയത്തിന് ഒഴുക്ക് നഷ്ടപ്പെട്ടതുപോലെ നാലുപേർക്കും തോന്നി. ഇലകൾക്കിടയിലൂടെ വെളിച്ചം ഒളിച്ചെത്തുന്നുണ്ട്. പെട്ടെന്ന് ആകെയിരുണ്ടുപോകുന്നുമുണ്ട്. പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെയും അവിടെനിന്ന് സായാഹ്നം വരെയും രേഖീയമായ സഞ്ചാരമല്ല കൊടുംകാട്ടിലെ സമയത്തിന്. അസാധാരണമായ ഒരുതരം അപ്രവചനീയത കാട്ടിലെ വെളിച്ചത്തെയും കാലത്തെയും ചൂഴ്ന്നുനിൽക്കുന്നെന്ന്
അവർക്കു തോന്നി.
‘ഈ കാട്ടിൽ കുടുങ്ങിപ്പോയാൽ നമ്മുടെ കഴിവുകേട് എന്നേ പറയാനുള്ളൂ,’ ഗിരി രാജനോട് കുറ്റപ്പെടുത്തുന്ന മട്ടിൽ പറഞ്ഞു.
‘നമ്മൾ വഴിതെറ്റിയ ഇടത്തുനിന്നും വളരെ അകലെയല്ല.’
അല്പം കഴിഞ്ഞ് അവൻ സമനില തെറ്റിയമട്ടിൽ പറഞ്ഞു : ‘ സത്യത്തിൽ ഇതൊരു ചതിയൻ കാടാണ്. നമ്മളെ മാവിൻ കൂട്ടം കാട്ടി മോഹിപ്പിച്ച് അകലേക്ക്,അകലേക്ക് കൊണ്ടുപോയി. പിന്നെ ഏതോ പാതാളത്തിലേക്ക് തള്ളിയിട്ടു.’
സമനില തെറ്റിയ പോലെയാണ് ഗിരി പറഞ്ഞതെങ്കിലും പറഞ്ഞതിൽ സത്യമുണ്ടാകാമെന്ന് രാജനു തോന്നി. തനിക്കു വേണ്ടിയാകാം കാട് ചതിയുടെ വല വിരിച്ചത്. അവൻ ആരോടെന്നില്ലാതെ പുഞ്ചിരി പൊഴിച്ചു.
മുരൾച്ച പോലെ വലിയൊരു ഒച്ച അടുത്തുവന്നുകൊണ്ടിരുന്നു. ഹേമയും സ്റ്റെല്ലയും യുവാക്കന്മാരുടെ അടുത്തേക്ക് ഓടിവന്നു. മുകളിൽ നിന്നാണ് ഒച്ച. വൃക്ഷങ്ങളുടെ നിബിഡത കാരണം ഒന്നും കാണാൻ വയ്യ.
‘ഹെലിക്കോപ്റ്ററാണ്. എനിക്ക് ഉറപ്പാണ്.’ സ്റ്റെല്ല ആർത്തു.
‘നമ്മളെ തേടി വന്നതാണ്. അവർ എങ്ങനെ നമ്മളെ കാണും, രാജാ, എന്തെങ്കിലും വഴിയുണ്ടോ?’ ഹേമ പരിഭ്രാന്തിയോടെ ചോദിച്ചു.
‘ഒരു രക്ഷയുമില്ല. ആ ഒച്ച ശ്രദ്ധിക്കൂ. നമുക്ക് അത് പോകുന്ന ദിശയിൽ നീങ്ങാം.’ രാജൻ കാതു കൂർപ്പിച്ചുകൊണ്ടു പറഞ്ഞു.
പദ്ധതി വിജയിച്ചില്ല. മരത്തലപ്പുകൾക്കു മുകളിൽ വട്ടം ചുറ്റിച്ചുറ്റി ഹെലിക്കോപ്റ്റർ അകന്നകന്നു പോയി.
‘പോകട്ടെ. ഇനിയും വരും.’ ഹേമ ശുഭപ്രതീക്ഷയോടെ പറഞ്ഞു.
പത്ത്
കാട്ടിൽ പെട്ടുപോയതിന്റെ അമ്പരപ്പ് നാലു പേരെയും വിട്ടുമാറാൻ തുടങ്ങി. പകരം മുൻകാലങ്ങളിൽ ഒരിക്കലും തോന്നിയിട്ടില്ലാത്ത ജാഗ്രത അവരുടെ ശരീരങ്ങളിലും മനസ്സിലും നിറഞ്ഞു നിന്നു. വീടിനെപ്പറ്റിയോ കോളേജിനെ പറ്റിയോ പഴയ കൂട്ടുകാരെ പറ്റിയോ കാര്യമായി ചിന്തിച്ചില്ല. പകരം രക്ഷപ്പെടുന്നതിനെ പറ്റി മാത്രം സദാ ആലോചിച്ചു. കുരങ്ങന്മാരുടെ വരവിന് ശേഷം വലിയ ആപത്തൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഏതു നിമിഷവും അസുഖകരമായ എന്തു വേണമെങ്കിലും സംഭവിക്കാം. സമയം പാഴാക്കാനില്ല.
സ്റ്റെല്ല നിർദേശിച്ച പദ്ധതി പ്രകാരം കാര്യങ്ങൾ തുടങ്ങി. ആദ്യദിവസം രാജൻ നിർമ്മിച്ച ചെറുകുടിലിനെ കേന്ദ്രമാക്കി നാല് വശത്തേക്കും പാത നിർമ്മിച്ച് സഞ്ചരിച്ചു തുടങ്ങി. ഉദ്ദേശിച്ച വേഗം സഞ്ചാരത്തിന് ലഭിച്ചില്ല. പ്രതിബന്ധങ്ങൾ അനവധിയായിരുന്നു. കൂറ്റൻ വേരുകൾ, മുൾച്ചെടികൾ,വഴുക്കൻ പാറകൾ, ആപത്തു വിളിച്ചോതുന്ന വലിയ പൊനങ്ങൾ, ശൂന്യതയിൽ നിന്നെന്നോണം വായുവിലേക്ക് പൊന്തിയുയരുന്ന പൂമ്പാറ്റക്കൂട്ടങ്ങൾ, ഇതര പ്രാണിജാലങ്ങൾ.. എല്ലാം അവർക്കു മുന്നിൽ പ്രതിബന്ധം സൃഷ്ടിച്ചു . മനുഷ്യൻ്റെ ഭാരത്തോടു പിണങ്ങി താഴേക്കു,താഴേക്കു നീങ്ങുന്ന ചതുപ്പുകളായിരുന്നു കൂടുതൽ അപകടം പിടിച്ചത്. ഒരുതവണ ഹേമ അത്തരം ഒന്നിൽ പെട്ടു. മണ്ണിനടിയിലേക്ക് താഴ്ന്നു തുടങ്ങിയ ഹേമയെ രാജനാണ് ആദ്യം കണ്ടത്. അവൻ ഓടിച്ചെന്ന് കൈ നീട്ടി പിടിച്ചു. മൂന്നുപേരും പാടുപെട്ടാണ് രക്ഷിച്ചത്. രക്ഷപ്പെടുത്തൽ പ്രയാസമാണെന്നു തോന്നിപ്പോയ ഒരു ഘട്ടത്തിൽ ഇതാ, ഇതാ കാട്ടിലെ തങ്ങളുടെ ആദ്യ മരണം എന്ന് സ്റ്റെല്ല മനസ്സിൽ കരുതി.
ജോലി കൂടുതലും രാജനാണ് ചെയ്യുന്നത്. ഒട്ടും പരിഭവം ഇല്ലാതെ. അവന്റെ പ്രവർത്തനത്തിൽ ധൃതിയുടെ അംശം പോലും കാണാനില്ല. കാട്ടിൽ ലയിച്ചു കഴിഞ്ഞ ഒരാളെ പോലെ രാജൻ കാണപ്പെട്ടു. മുഖത്ത് പുഞ്ചിരിയില്ലെങ്കിലും അസാധാരണമായ ഒരു ശാന്തത സദാ കളിയാടി. അത് മറ്റുള്ളവരെ ഒരേസമയം സ്വസ്ഥരും അസ്വസ്ഥരും ആക്കി.
‘കുറച്ചുകൂടി വേഗം വേണം എന്ന് എനിക്ക് തോന്നുന്നു.’ ഒരു തവണ
ഗിരി അഭിപ്രായപ്പെട്ടു. അവൻ രാവിലെ മുതൽ തുമ്മുന്നുണ്ടായിരുന്നു. അതു വകവയ്ക്കാതെ അവൻ രാജന്റെ കയ്യിൽ നിന്ന് വെട്ടുകത്തി വാങ്ങി മരച്ചില്ലകൾ തലങ്ങും വിലങ്ങും വെട്ടാൻ തുടങ്ങി. ഒട്ടും വൈകാതെ കിതയ്ക്കാനും തുടങ്ങി. ഹേമ അവൻ്റെ കയ്യിൽ നിന്ന് വെട്ടുകത്തി വാങ്ങി പണി തുടങ്ങി. പെട്ടെന്ന് അവൾ നിലവിളിച്ചു പിന്നോട്ട് ഓടി. ഒരുഗ്രൻ സർപ്പം ഫണം വിടർത്തി മുന്നിൽ നിന്നു.
‘കരിമൂർഖനാണ്.’ രാജൻ ശാന്തതയോടെ പറഞ്ഞു.
മറ്റു മൂന്നു പേരും ആശയറ്റു നിന്നു. അഭൗമമായ പ്രൗഢിയോടെ സർപ്പം തങ്ങളെ തന്നെ നിരീക്ഷിച്ചു നിൽക്കുകയാണ്. അതു മാറാതെ മുന്നോട്ടുപോകുന്നത് എങ്ങനെ? ഇനി എങ്ങോട്ട് പോയാലും ഇതുപോലെ അപകടം മുന്നിൽ ഉണ്ടെങ്കിൽ എന്തു ചെയ്യും?
രാജൻ പാമ്പിനടുത്തേക്ക് നീങ്ങി.
‘സൂക്ഷിച്ച് രാജാ!’
ഹേമയും സ്റ്റെല്ലയും ഒരുപോലെ പറഞ്ഞു. രാജന്റെ വരവു കണ്ട് പാമ്പ് ഭൂമിയിൽ ഉയർന്ന് വീണ്ടും ഫണം വിടർത്തി. രാജൻ മുന്നോട്ടു നീങ്ങിയതും അത് പിന്നോട്ടാഞ്ഞ് ശക്തിയായി മുന്നോട്ടുവന്ന് സീൽക്കാരത്തോടെ ആഞ്ഞുകൊത്തി. സ്റ്റെല്ല ഭീതിയോടെ മനസ്സിൽ എണ്ണി- ഇതാ തങ്ങളുടെ കൂട്ടത്തിലെ ആദ്യ മരണം! അവിശ്വസനീയമായ വേഗത്തിൽ രാജൻ വശത്തേക്ക് ചാടി മാറി പാമ്പിന്റെ പത്തിക്കു താഴെ പിടിമുറുക്കി. തുടർന്ന് അതിനെ വന്യമായി ചുഴറ്റി എറിഞ്ഞു. ചെന്നുപതിച്ച വള്ളിപ്പടർപ്പുകളിലെവിടെയോ പാമ്പ് അപ്രത്യക്ഷമായി.
കവർ: വിൽസൺ ശാരദ ആനന്ദ്
(തുടരും)