കഴിഞ്ഞ വർഷം ജനുവരിയിൽ ‘ദ ഇക്കണോമിസ്റ്റ്’ മാസിക ഇന്ത്യയിലെ മധ്യവർഗ്ഗത്തിന്റെ സ്ഥിതിയെക്കുറിച്ച് വളരെ പ്രാധാന്യത്തോടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. India’s Missing Middle-class എന്ന തലക്കെട്ടോടെ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ക്രയവിക്രയശേഷി ആഗോളനിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നുമല്ലെന്നായിരുന്നു ആ റിപ്പോർട്ടിന്റെ രത്നച്ചുരുക്കം.ഇടത്തരക്കാർ, അഥവാ മധ്യവർഗ്ഗം, കൃത്യമായ നിർവചനങ്ങൾക്ക് വഴങ്ങുന്ന ഒരു സാമൂഹ്യ വിഭാഗമല്ല. തൊഴിലാളികൾ, കർഷകർ, മുതലാളികൾ തുടങ്ങിയ തരംതിരിവുകളെ നിർണയിക്കുന്നത് വ്യക്തികളുടെ തൊഴിലും ഉത്പാദന-വിതരണ പ്രക്രിയകളിൽ അവർ വഹിക്കുന്ന പങ്കുമാണ്. എന്നാൽ മധ്യവർഗ്ഗത്തെ അങ്ങിനെ കണിശമായി അടയാളപ്പെടുത്തുക അസാധ്യമാണ്. നിത്യവൃത്തിക്ക് ആവശ്യമായതിലും കവിഞ്ഞ വരുമാനം കൈയിലുള്ളവരെയാണ് പൊതുവെ മധ്യവർഗ്ഗമെന്ന് വിശേഷിപ്പിക്കാറുള്ളത്.നിർവചനങ്ങളുടെ കാര്യത്തിൽ അഭിപ്രായസമന്വയം നിലനിൽക്കുന്നില്ലെങ്കിലും സമ്പത്‌വ്യവസ്ഥയേയും രാഷ്ട്രീയത്തെയും കുറിച്ചുള്ള ചർച്ചകളിൽ മധ്യവർഗ്ഗം എപ്പോഴും ഏറെ പ്രാധാന്യത്തോടെ കടന്നുവരും. വിപണിയിലും സമൂഹജീവിതത്തിന്റെ മറ്റ് തുറകളിലും സജീവമായി ഇടപെടാനുള്ള സാമൂഹ്യസുരക്ഷിതത്വവും സമയവും ലഭ്യമായ മനുഷ്യരാണ് മധ്യവർഗ്ഗമെന്ന തരംതിരിക്കലിൽ ഉൾപ്പെടുന്നത് എന്നതുകൊണ്ടാണത്.മാത്രമല്ല, വിപണിയിൽ അധിഷ്ഠിതമായ ഏത് സാമ്പത്തികവ്യവസ്ഥക്കും അതിൽ പങ്കാളികളാകുന്ന ഇടത്തരക്കാരുടെ എണ്ണം വളരെ പ്രധാനപ്പെട്ടതാണ്. ചന്തയിലെത്തുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കപ്പെടണമെങ്കിൽ ഏതാനും ശതകോടീശ്വരന്മാരുണ്ടായാൽ മാത്രം പോരല്ലോ. അവിടെ വന്നുനിറയുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻമാത്രം ധനശേഷിയുള്ള നിരവധിപേർ വേണ്ടേ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുതന്നെ ഹെൻറി ഫോർഡിനെപോലുള്ള വ്യവസായികൾ താരതമ്യേന നല്ല വേതനം ലഭിക്കുന്ന തൊഴിലാളികൾ ഉണ്ടാകേണ്ടതുണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞിരുന്നു. “മഹത്തായ അമേരിക്കൻ സ്വപ്നം” എന്നറിയപ്പെടുന്ന പരിധികളില്ലാത്ത ഉപഭോഗതൃഷ്ണയുടെ അടിത്തറ ഫൊർഡിസം സൃഷ്ടിച്ച മധ്യവർഗ്ഗ തൊഴിലാളികളിലായിരുന്നു.
മധ്യവർഗ്ഗത്തിന്റെ ആശയാഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കാൻ എല്ലായിടങ്ങളിലെയും രാഷ്ട്രീയക്കാർ എന്നും ശ്രദ്ധാലുക്കളാണ്. ഇന്ത്യയും അതിനപവാദമല്ല. 2014-ലെ മോദി തരംഗത്തിന് കാരണം വലിയൊരു വിഭാഗം ജനങ്ങൾ സംഘപരിവാറിന്റെ ഹിന്ദുത്വ പ്രൊജക്റ്റിൽ ആകൃഷ്ടരായത് മാത്രമായിരുന്നില്ല. രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതികളിലും കെടുകാര്യസ്ഥതയിലും മനംമടുത്ത ഒട്ടനവധി ഇന്ത്യക്കാരുടെ മധ്യവർഗ്ഗസ്വപ്നങ്ങൾക്ക് നിറംപകരാൻ അദ്ദേഹം ഉണ്ടാക്കിയെടുത്ത ‘വികാസ്പുരുഷ്’ പ്രതിച്ഛായക്ക് കഴിഞ്ഞതുകൊണ്ട് കൂടിയായിരുന്നു.കഴിഞ്ഞതവണ നേടാനൊത്ത മധ്യവർഗ്ഗപിന്തുണ ഇത്തവണയും മോദിക്ക് നിലനിർത്താനൊക്കുമോ? ഈ തിരഞ്ഞെടുപ്പുകാലത്തെ നിർണ്ണായകചോദ്യങ്ങളിലൊന്നാണിത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഘടനാപരമായ ഒരു വലിയ പ്രതിസന്ധിയെ നേരിടുന്നുണ്ടെന്ന നിരവധി വാർത്തകളും പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
മക്കിൻസിയുടെ സ്വർണ്ണ പറവ
2007-ൽ ലോകത്തെ മാനേജ്‍മെന്റ് കൺസൾട്ടിങ് മേഖലയിലെ പ്രമുഖരിലൊന്നായ മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ഉപഭോക്തൃവിപണിയെക്കുറിച്ച് വിശേഷിപ്പിച്ചത് സ്വർണ്ണ പറവ എന്നായിരുന്നു. നരസിംഹറാവുവിന്റെ സർക്കാർ തുടങ്ങിവെച്ച സാമ്പത്തിക ഉദാരവൽക്കരണം ഒന്നരദശകം പിന്നിട്ട സമയം. മാറിയ സാഹചര്യങ്ങളിൽ ഇന്ത്യൻ വിപണിയുടെ നൽകുന്ന സാധ്യതകളെക്കുറിച്ചുള്ള തങ്ങളുടെ പഠനറിപ്പോർട്ടിന് മക്കിൻസി ഈ തലക്കെട്ട് ചാർത്തി: The ‘bird of gold’: The rise of India’s consumer market.
രാജ്യത്തെ സാമ്പത്തികവ്യവസ്ഥക്ക് ഇത്രയും കാലം കൈവരിക്കാനായ വളർച്ച തുടരാനൊത്താൽ 2025-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചു ഉപഭോക്തൃവിപണികളിലൊന്നായി മാറും. ഇനി വരാനിരിക്കുന്ന രണ്ടു ദശകങ്ങൾ ഇന്ത്യക്ക് വളർച്ചയുടെ നാളുകളാണ്. 29.1 കോടിയോളം ആൾക്കാർ കൊടിയ ദാരിദ്ര്യത്തിൽനിന്നും പുറത്തേക്കുവരും. ഇപ്പോൾ 5 കോടിയോളം മാത്രം വരുന്ന ഇന്ത്യൻ മധ്യവർഗ്ഗം 58.3 കോടിയോളമാകും. ഇങ്ങനെ പോയി മക്കിൻസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവചനങ്ങൾ.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മുന്നണി സർക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ മന്മോഹൻസിംഗിന്റെ ഒന്നാം യുപിഎ സർക്കാരാണ് അന്ന് ഭരണത്തിലുള്ളത്. ബിജെപിയുടെ India Shining മുദ്രാവാക്യത്തെ നിരാകരിച്ചാണ് അധികാരത്തിലെത്തിയതെങ്കിലും ഉദാരവൽക്കരണത്തിൽ അധിഷിഠിതമായ സാമ്പത്തികനയങ്ങളിൽ അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സമ്മതിക്കാൻ തയ്യാറുള്ള ഒരു സർക്കാരായിരുന്നില്ല അത്. മന്മോഹൻസിംഗായിരുന്നല്ലോ ആ പരിഷ്‌ക്കരണങ്ങളുടെ ആദ്യശില്പി. അതുകൊണ്ട് സാമ്പത്തികനയ സമീപനങ്ങളിലെ പ്രശ്നങ്ങളല്ല കഴിഞ്ഞ സർക്കാരിന്റെ പിടിപ്പുകേടാണ് ആ അഞ്ചു വർഷത്തെ ജനജീവിതം ദുസ്സഹമാക്കിയത് എന്ന മട്ടിലുള്ള ഒരു നിലപാട് സ്വീകരിക്കാനേ കോൺഗ്രസിന് കഴിയുമായിരുന്നുള്ളൂ. നിലനിലിപ്പിനായി ഇടതുപക്ഷപിന്തുണ തേടേണ്ടിവന്നിരുന്നതുകൊണ്ട് തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശനിയമവും പോലുളള ജനപക്ഷനിയമനിർമ്മാണങ്ങൾ നടത്താൻ ആ സർക്കാർ നിർബന്ധിതമായെങ്കിലും.അപഭ്രംശങ്ങളുണ്ടായാലും ഇന്ത്യ ശരിയായ പാതയിൽ തന്നെയാണ് തുടരുന്നത് എന്ന പൊതുധാരണക്ക് അടിവരയിടാൻ മക്കിൻസിയുടേത് പോലുള്ള റിപ്പോർട്ടുകൾ സഹായിച്ചു. ഉദാരവൽക്കരണത്തെ സംശയത്തോടെ നോക്കി കാണുന്നവരോട് തങ്ങളായിരുന്നു ശരി എന്ന് ഉറപ്പോടെ പറയാൻ സാമ്പത്തികപരിഷ്‌ക്കാരങ്ങളെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കും ബുദ്ധിജീവികൾക്കും കൈവന്ന നല്ല അവസരമായിരുന്നു പ്രത്യാശയുടെ ഈ കണക്കുകൾ. പുതിയ വിപണികൾ തേടി കൊണ്ടിരിക്കുന്ന ബഹുരാഷ്ട്രകുത്തകൾ ചൈനക്കൊപ്പം നിൽക്കാവുന്ന ഒരു പുതിയ വിപണിയുടെ ഉദയമായി ഈ കണക്കുകളെ വിലയിരുത്തി.മാസം പതിനായിരത്തിൽ താഴെ മാത്രം വരുമാനമുള്ള ഒരാളെ നിത്യവൃത്തിക്ക് ആവശ്യമായതിലും കവിഞ്ഞ വരുമാനമുള്ള ഒരാളായി കണക്കാക്കുന്നുണ്ട് ഈ പഠനങ്ങളിൽ പലതും. അതിൽ ഒരു വലിയ യുക്തിരാഹിത്യമുണ്ട്. എന്നാലും ഈ കണക്കുകൾക്ക് നമ്മുടെ ഭരണകർത്താക്കളെ മാത്രമല്ല കോർപ്പറേറ്റ് ഭീമന്മാരെയും ആവേശം കൊള്ളിച്ചു.
ഇന്ത്യയുടെ അനന്തസാധ്യതകളെ കുറിച്ച് ആവേശം കൊള്ളാതെ കടന്നുപോകുന്ന ഏതു സാമ്പത്തിക ഉച്ചകോടിയാണുള്ളത്! സ്റ്റാർബക്‌സും ലെവിസും ബി.എം.ഡബ്ല്യുയും ഒക്കെ നമ്മുടെ നഗരങ്ങളിലെ പരിചിതസാനിധ്യങ്ങളായതും ഈ ആവേശത്തള്ളിച്ചയിലാണല്ലോ! പക്ഷെ, പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ മധ്യവർഗ്ഗങ്ങളുടെ സ്ഥിതി വിലയിരുത്തുമ്പോൾ ഇക്കണോമിസ്റ്റ് മാസിക കണ്ടെത്തുന്നത് വേറൊരു ചിത്രമാണ്. ഇടതുപക്ഷ കാഴ്ച്ചപ്പാട് പുലർത്തുന്ന ഒരു മാസികയല്ല അത്. മുതലാളിത്തത്തിന്റെയും കമ്പോള സമ്പദ് വ്യവസ്ഥയുടെയും വക്താക്കളാണവർ. എന്നിട്ടും സമ്പത്ത് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈയിൽ മാത്രം കുന്നു കൂടുന്നത് ഇന്ത്യയിലെ മാർക്കറ്റിന്റെ വികാസത്തിനും തടസം നിൽക്കുന്നു എന്ന നിഗമനത്തിലേക്കാണ് അവരെത്തിയത്. ഏറ്റവും വേഗത്തിൽ സാമ്പത്തികവളർച്ചയുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ പലപ്പോഴും താരതമ്യം ചെയ്യപ്പെടാറ് ചൈനയുമായാണ്. എന്നാൽ വിപണിയുടെ ശക്തി ജനങ്ങളുടെ സാമ്പത്തികസ്ഥിതി തുടങ്ങിയ മാനദണ്ഡങ്ങൾ എടുത്ത് നോക്കിയാൽ ഇന്ത്യ ചൈനയുടെ അടുത്തെങ്ങും എത്തില്ല. ഇക്കണോമിസ്റ്റിന്റെ ലേഖകൻ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ പ്രായപൂർത്തിയായവരിലെ ഒരു ശതമാനം (80 ലക്ഷം) മാത്രമാണ് പ്രതിവർഷം 20,000 ഡോളറെങ്കിലും സമ്പാദിക്കുന്നവർ. വരുമാനത്തിന്റെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു ചെറിയ രാജ്യമായ ഹോങ്കോങ്ങോളം മാത്രം വരും ഇത്രയും ആൾക്കാർ. വരുമാനത്തിന്റെ കാര്യത്തിൽ തൊട്ടുതാഴെയുള്ള 9% ആൾക്കാരുടെ ജീവിതനിലവാരത്തെ മധ്യയൂറോപ്പിലേതുമായി താരതമ്യം ചെയ്യാം. അതിനടുത്ത 40% ആൾക്കാർ സൗത്ത് ഏഷ്യൻ ദരിദ്രരാജങ്ങളായ ബംഗ്ലാദേശിനും പാക്കിസ്ഥാനും ഒപ്പം നിൽക്കുന്നു. ബാക്കിയുള്ള ജനസംഖ്യയുടെ 50% വരുന്ന ആൾക്കാരുടെ ജീവിതനിലവാരം ആഫ്രിക്കയിലെ ദരിദ്രജനതക്ക് തുല്യമാണ്.
ശക്തമായ ഒരു മധ്യവർഗ്ഗത്തിന്റെ അഭാവം കാട്ടിത്തരുന്നു ഈ കണക്കുകൾ: ഇന്ത്യയുടെ ജനസംഖ്യയുടെ 3% പേർ മാത്രമാണ് ഒരു തവണയെങ്കിലും വിമാനയാത്ര നടത്തിയിട്ടുള്ളത്. കാറോ ലോറിയോ പോലുള്ള വാഹനങ്ങൾ സ്വന്തമായുള്ളത് 45 ൽ ഒരാൾക്ക് മാത്രമാണ്. ആപ്പിളിന്റെ ആഗോള വരുമാനത്തിൽ ഇന്ത്യയുടെ സംഭാവന ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. സാമ്പത്തിക ഉദാരവൽക്കരണം കെട്ടഴിച്ചു വിട്ട വലിയ വിപണിയിൽ കണ്ണുനട്ട് ഇൻഡ്യയിലെത്തിയ ബഹുരാഷ്ട്ര കമ്പനികൾക്ക് അവർ പ്രതീക്ഷിച്ച ഊർജ്ജസ്വലത കണ്ടത്താനായില്ലെന്ന് ചുരുക്കം. അത് ആഗോളമുതലാളിത്തത്തിന് ഉണ്ടാക്കിയ ആശങ്കകളുടെ പ്രതിഫലനമായി ഇക്കണോമിസ്റ്റിന്റെ ഈ വിമർശനങ്ങളെ കണക്കാക്കാം.
നവലിബറലിസം നടുവൊടിച്ച ഇന്ത്യ
പക്ഷെ, ആഗോളമുതലാളിത്തത്തിന്റെ ഇച്‌ഛാഭംഗത്തിൽ മാത്രമൊതുങ്ങുന്ന ഒന്നായി ഈ മധ്യവർഗ്ഗപ്രതിസന്ധിയെ ചുരുക്കി കാണുന്നത് ശരിയല്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി നടപ്പിലാക്കി വരുന്ന സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്ക് പൊതുസമ്മതി നേടിയെടുക്കാൻ നമ്മുടെ ഭരണവർഗം സമർത്ഥമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇന്ത്യയിലെ സാധാരണജനങ്ങളുടെ മധ്യവർഗ്ഗസ്വപ്നങ്ങൾ. സാമ്പത്തിക രംഗത്തുണ്ടാകുന്ന ഉണർവ് സമ്പത്ത് താഴെ തട്ടിലേക്ക് കിനിഞ്ഞിറങ്ങുന്നതിനിടയാക്കും എന്നതായിരുന്നു ഒരു വാദം. ഈ പരിഷ്ക്കരണങ്ങളുടെ നേരിട്ടുള്ള നേട്ടങ്ങൾ ഉദ്‌പാദനത്തിന്റെയും വിതരണത്തിന്റെയും നിയന്ത്രണം കൈയ്യാളുന്നവർക്കായിരിക്കാം. പക്ഷെ അവ കാലക്രമേണ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണം ചെയ്യും. ഇന്ത്യയിലെന്നല്ല ലോകമെമ്പാടും നവലിബറലിസം ജനങ്ങളുടെ സ്വീകാര്യത നേടിയെടുക്കാൻ ഉപയോഗിച്ചുവരുന്ന വാദമാണിത്. പട്ടിണിയിൽ നിന്നും പരിവട്ടത്തിൽനിന്നും പുറത്തുകടക്കുന്ന കോടികളുടെ കണക്ക് ആരെയാണ് ആകർഷിക്കാത്തത്?തൊണ്ണൂറുകളുടെ ആദ്യംതൊട്ട് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സർക്കാരുകളെല്ലാം അധികാരത്തിലേറിയത് മേല്പറഞ്ഞ രീതിയിലുള്ള യുക്തികളിലൂന്നി മിനഞ്ഞെടുത്ത മധ്യവർഗ്ഗസ്വപ്നങ്ങളെ വോട്ടർമാർക്ക് വിറ്റുകൊണ്ടായിരുന്നു. നവലിബറലിസത്തിന്റെയും സാമ്പത്തിക ഉദാരവൽക്കരണത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. പക്ഷെ, നമ്മുടെ പൊതുബോധത്തിൽ മേൽക്കൈ ഉണ്ടായിരുന്നത് ആ ആശയധാരകൾക്കായിരുന്നു.എന്നാൽ, അടുത്തകാലത്തായി ഇതിന് മാറ്റം വരുന്നുണ്ട്. ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ജീവിതയാഥാർഥ്യങ്ങളെക്കുറിച്ചുള്ള നിഷേധിക്കാനാവാത്ത സ്ഥിതിവിവരക്കണക്കുകൾ സ്വപ്നവ്യാപാരികളെ അലോസരപ്പെടുത്തി തുടങ്ങുകയാണ്. കാൽനൂറ്റാണ്ടിലേറെ കാലമായി ഇന്ത്യയിൽ നടന്നുവരുന്ന സാമ്പത്തികപരിഷ്‌ക്കാരങ്ങൾ നേരായവഴിയിലല്ല നീങ്ങുന്നതെന്ന വിമർശനങ്ങളിലേക്ക് മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങിയത് അതുകൊണ്ടാണ്.
1922 മുതൽ 2014 വരെയുള്ള കാലത്തെ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ പ്രവണതകളെക്കുറിച്ച് ലൂക്കാസ് ചാൻസലും തോമസ് പിക്കറ്റിയും നടത്തി വന്നിരുന്ന പഠനത്തെ അധികരിച്ച് പുതിയ ഗ്ലോബൽ ഇനിക്വാലിറ്റി റിപ്പോർട്ട് പറയുന്നത് നോക്കുക:
ഇന്ത്യയുടെ ചരിത്രത്തിൽ സാമ്പത്തിക അസമത്വം ഏറ്റവും കൂടിയ വർഷമായിരുന്നു 2014. ദേശീയ വരുമാനത്തിന്റെ 22% ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈയിലായിരുന്നു. ഏറ്റവും വരുമാനമുള്ള 10% ആൾക്കാർ ആകെ വരുമാനത്തിന്റെ 56% കൈയിലാക്കി. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യത്തെ 30 വർഷങ്ങളിൽ അസമത്വത്തിന് ഗണ്യമായ കുറവ് വരികയാണുണ്ടായതെങ്കിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കംകുറിച്ച എൺപതുകൾ തൊട്ടിങ്ങോട്ട് അതിന് നേർ വിപരീതദിശയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. അസമത്വം കുത്തനെ കൂടി. ഏറ്റവും മേൽത്തട്ടിലുള്ള 0.1% പേരുടെ വരുമാനവർധന ഇക്കാലയളവിൽ താഴെ തട്ടിലുള്ള 50% പേർ കൈവരിച്ച വരുമാനവർധനവിനേക്കാൾ ഏറെയായിരുന്നു. 40% വരുന്ന ഇടത്തരക്കാരുടെ വരുമാനത്തിൽ ഇക്കാലത്ത് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.ഇതിന് സമാനമായ സ്ഥിതിയാണ് തൊഴിലുകളുടെ കാര്യത്തിലുമുള്ളത്. അസീം പ്രേംജി സർവ്വകലാശാല പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം ജി.ഡി.പി യുടെ വളർച്ചക്ക് ആനുപാതികമായി തൊഴിലുകൾ ഉണ്ടാക്കപെടുന്നില്ല. എൺപതുകൾവരെയുള്ള ജി.ഡി.പി വളർച്ച 3-4% മാത്രമായിരുന്ന കാലത്തുപോലും തൊഴിലുകൾ പ്രതിവർഷം രണ്ടു ശതമാനമെങ്കിലും കൂടിയിരുന്നു. എന്നാൽ. തൊണ്ണൂറുകൾക്കു ശേഷം ജി.ഡി.പി യുടെ വർദ്ധനവ് 7% വരെയായിട്ടും പുതിയ തൊഴിലുകളുണ്ടാകുന്ന നിരക്ക് ഒരു ശതമാനത്തോളം മാത്രമായി കുറഞ്ഞു.ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ മധ്യവർഗ്ഗസ്വപ്നങ്ങളുടെ ചിറകൊടിയുന്നതിനെങ്ങിനെയെന്ന് വ്യക്തമാക്കുന്നു ഈ കണക്കുകൾ. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇന്ന് ഭരിക്കുന്ന ബി.ജെ.പിക്ക് മാത്രമല്ല, ഇതിന് മുമ്പ് ഭരണത്തിലിരുന്ന് നവലിബറൽ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് ചുക്കാൻ പിടിച്ച കോൺഗ്രസ്സിനും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാകില്ല എന്നാണ്.
പക്ഷെ, മോദി ഭരണം ഈ പ്രതിസന്ധിയെ വേറൊരു തലത്തിലേക്കെത്തിച്ചു. നവലിബറൽ പരിഷ്‌ക്കാരങ്ങളിൽ അന്തർലീനമായിട്ടുള്ള ഘടനപരമായ വൈരുദ്ധ്യങ്ങൾ മുമ്പെങ്ങുമില്ലാത്ത രീതിയിൽ മൂർച്ഛിച്ചു. സെൻട്രൽ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സി. എം. ഐ. ഇ) റിപ്പോർട്ട് പറയുന്നത് 2018 ഡിസംബറിൽ തൊഴിലില്ലായ്മയുടെ നിരക്ക് 7.4% ആയി വർധിച്ചിരിക്കുന്നു എന്നാണ്. കഴിഞ്ഞ 15 മാസക്കാലത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. അവരുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 11 ദശലക്ഷം തൊഴിലുകൾ ഇല്ലാതായി. ഒരു വ്യത്യാസവുമില്ലാതെ തുടർന്നുവരുന്ന കാർഷിക പ്രതിസന്ധി, നോട്ട് ബന്ധി, ജി എസ് ടി തുടങ്ങിയ മോദിസർക്കാരിന്റെ തുഗ്ലക്കിയൻ പരിഷ്‌ക്കാരങ്ങൾ തുടങ്ങിയവയെല്ലാം സാമ്പത്തികരംഗത്തെ അഭൂതപൂർവ്വമായി മുരടിപ്പിക്കുന്നതിന് കാരണമായി തീർന്നിട്ടൂണ്ടെന്നത് ഇന്ന് ഏറെക്കുറെ എല്ലാവരും അംഗീകരിച്ചുകഴിഞ്ഞിട്ടുള്ള കാര്യമാണ്.ചങ്ങാത്തമുതലാളിത്തത്തിന്റെ (crony capitalism) ഏറ്റവും ജീർണ്ണമായ മുഖമാണ് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുയർന്നുവന്ന അഴിമതികളിൽ ജനം കണ്ടെതെങ്കിൽ, അതൊന്നും ഒന്നുമല്ലെന്ന തോന്നലുണ്ടാക്കുന്ന രീതിയിലുള്ള കോർപ്പറേറ്റ് പ്രീണനമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിലുണ്ടായത്. രാജ്യത്തെ പൊതു മുതൽ അദാനിമാർക്കും അംബാനിമാർക്കും തീറെഴുതികൊടുക്കുമ്പോൾ, മറുവശത്ത് നെഹ്രുവിയൻ കാലഘട്ടത്തിന്റെ ബാക്കിയിരിപ്പുകളായ തൊഴിലുറപ്പ് പദ്ധതി, പൊതുവിതരണം തുടങ്ങിയ പദ്ധതികൾ ബോധപൂർവം തകർക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ.നവലിബറലിസത്തിന്റെ സുവർണ്ണ നാളുകളായായിരിക്കും ഈ അഞ്ചു വർഷങ്ങളെ ചരിത്രം വിലയിരുത്തുക.
അസംതൃപ്തർ മറുവഴികൾ തേടുമ്പോൾ
കോർപ്പറേറ്റു മൂലധനത്തിന് ചെയ്ത ദാസ്യവൃത്തിക്ക് പകരമായി സംഘപരിവാറിന് തിരിച്ചു ലഭിച്ചത് കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള മുഖധാരാമാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയായിരുന്നു. ഈ പിന്തുണ ന്യൂനപക്ഷങ്ങളുടെ അപരവൽക്കരണത്തിലും തീവ്രദേശീയതയിലും അധിഷ്ഠിതമായ ഹിന്ദുത്വയുടെ പിടി സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും ഉറപ്പിക്കുന്നതിനുള്ള തങ്ങളുടെ ശ്രമത്തിന് ആക്കം കൂട്ടാൻ അവരെ സഹായിച്ചു.പക്ഷെ ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ദൈനദിനജീവിതത്തെ മുൻപെങ്ങും ഇല്ലാതിരുന്ന രീതിയിൽ ദുസ്സഹമാക്കിയ ഭരണത്തെ പൊതുജനം ദയാപൂർവം കാണാൻ വഴിയൊന്നുമില്ല. ഹിന്ദുത്വ വിശപ്പ് മാറ്റുകയില്ലല്ലോ!ഡിസംബറിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത് മധ്യവർഗത്തിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണ ഇത്തവണയും ലഭിക്കുമെന്ന് കരുതാൻ ന്യായമൊന്നുമില്ലെന്നാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നഗരപ്രദേശങ്ങളിലെ ബി.ജെപിയുടെ വോട്ടുവിഹിതത്തിൽ വലിയ ഇടിവാണ് ഉണ്ടായത്.പക്ഷെ, ബി.ജെ.പി സർക്കാരിനോടുള്ള അസംതൃപ്‌തി കോൺഗ്രസ്സിന്റെ പെട്ടിയിലെ വോട്ടായി മാറാനുള്ള സാധ്യത എത്രത്തോളമുണ്ട്? ബി. ജെ. പിയെ പോലെ കോൺഗ്രസും പ്രതിനിധാനം ചെയ്യുന്നത് അധീശവർഗ്ഗതാല്പര്യങ്ങളെയാണ്. അതുകൊണ്ട് ബദൽ നയങ്ങളുയർത്തിപ്പിടിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പോപ്പുലിസ്റ് വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടുകയേ അവർക്ക് നിവൃത്തിയുള്ളൂ. ഭരണവർഗ്ഗതാല്പര്യങ്ങൾ പൊലിപ്പിച്ചു കാട്ടുന്ന മിത്തുകളും യാഥാർഥ്യവും തമ്മിലുള്ള അകലം തിരിച്ചറിയുന്ന ജനസാമാന്യം അതൊക്കെയും ചോദ്യങ്ങളില്ലാതെ സ്വീകരിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി നൽകിയ രണ്ടുകോടി തൊഴിൽ വാഗ്ദാനം പോലെ പൊള്ളയാകില്ല പ്രതിവർഷം 72000 രൂപ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുമെന്ന തന്റെ വാഗ്‌ദാനമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ രാഹുലിന് ഏറെ പണിപ്പെടേണ്ടിവരും.
ദേശീയപാർട്ടികളുടെ ശക്തി ക്ഷയിച്ചു വരുന്നുവെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. അവർ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ കൈയ്യൊഴിഞ്ഞപ്പോൾ, അത്തരം വിഷയങ്ങൾ പ്രാദേശിക/സ്വത്വ രാഷ്രീയത്തിലൂടെ പ്രകാശനം തേടുന്ന പ്രവണത ശക്തമാകുന്നു. രാജ്യത്തുടനീളം ഉടലെടുക്കുന്ന ദളിത് മുന്നേറ്റങ്ങളും, കർഷക സമരങ്ങളും കീഴാളജനതകൾക്കിടയിലുണ്ടായിട്ടുള്ള അസംതൃപ്തിയുടെ ബഹിർസ്ഫുരണമായി കണക്കാക്കാമെങ്കിൽ, ഗുജറാത്തിൽ പട്ടീദാർമാരും രാജസ്ഥാനിലെ ഗുജ്ജാറുകളുമൊക്കെ നടത്തുന്ന വലിയ പ്രക്ഷോഭങ്ങൾ താരതമ്യേന മുന്നോക്കം നിൽക്കുന്നവരും തങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള വിലപേശലിന്റെ ഭാഗമായി പ്രാദേശികമായി സംഘടിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്.ഈ പ്രാദേശിക/സ്വത്വ രാഷ്ട്രീയധാരകൾ ഇന്ത്യൻ രാഷ്ട്രശരീരത്തെ ദുർബലവും ശിഥിലവുമാക്കുന്നുവെന്ന വാദമുണ്ട്. പക്ഷെ, അതിനിടയാക്കുന്ന വസ്തുനിഷ്ഠസാഹചര്യങ്ങൾ നിലനിൽക്കുന്നു. സാധാരണ മനുഷ്യരുടെ നീറിപുകയുന്ന അസംതൃപ്തിയെ മനസ്സിലാക്കാനും പ്രായോഗികവും വിശ്വസനീയമായ ബദലുകൾ മുന്നോട്ട് വെക്കാനും കഴിയുന്ന കഴിയുന്ന ദേശീയരാഷ്‌ടീയത്തിന്റെ അഭാവത്തിൽ അതങ്ങിനെ തുടരുകയേ ഉള്ളൂ. ഈ ധാരകളെ അവഗണിച്ചുകൊണ്ട് കോൺഗ്രസിനോ ബി.ജെ.പിക്കോ അടുത്ത സർക്കാർ ഉണ്ടാക്കുക അസാധ്യമായിരിക്കും.ഒരു പൊതു മിനിമം പരിപാടിയില്ലാതെ തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാകുന്ന അവിയൽ മുന്നണികളുടെ ഭരണം, ഘടകകഷികളുടെ പരസ്പര വിരുദ്ധങ്ങളായ താല്പര്യങ്ങളുടെ ഭാരത്താൽ ശിഥിലമാകാനുള്ള സാധ്യതകളേറെയാണ്. ഇന്ത്യയിലെ സാമ്പത്തിക അധീശവർഗ്ഗങ്ങൾ ആഗ്രഹിക്കുന്ന സ്ഥിരത, നവലിബറൽ മുതലാളിത്തചൂഷണം നിർബാധം തുടരാനുള്ള അന്തരീക്ഷം, ഉണ്ടാക്കിയെടുക്കാൻ അങ്ങിനെയൊരു സർക്കാരിനാകില്ല. ഇതിനകംതന്നെ പൂർണ്ണമായും disillusioned ആയ മധ്യവർഗ്ഗത്തിനിടയിൽ ജനാധിപത്യം തന്നെ പൊള്ളയാണെന്ന പൊതുബോധം സൃഷ്ടിക്കാനായിരിക്കും ഇനിയങ്ങോട്ട് അവർ ശമിക്കുക. ഫാസിസ്റ്റ് സ്വഭാവമുള്ള തീവ്രവലതുപക്ഷം തന്നെയായിരിക്കും അതിൽ അവരുടെ സംഖ്യകക്ഷി.
പ്രശസ്ത മാർകിസ്റ്റ്ചിന്തകനായ ഡേവിഡ് ഹാർവെ നവലിബറലിസത്തെ പറ്റി ഈയിടെഒരു അഭിമുഖത്തിൽ നടത്തിയ നിരീക്ഷണം ഈ ഇന്ത്യൻസാഹചര്യത്തിൽ പ്രസക്തമാണ്: “The problem is that neo-liberalism no longer commands the consent of the mass of the population. It has lost its legitimacy… Neo-liberalism could not survive without entering into an alliance with state authoritarianism. It now is moving towards an alliance with neo-fascism, because as we see from all the protest movements around the world, everyone now sees neo-liberalism is about lining the pockets of the rich at the expense of the people (this was not so evident in the 1980s and early 1990s).”
ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ ബദൽ പരിപ്രേക്ഷ്യമില്ലാതെ തട്ടികൂട്ടപ്പെടുന്ന ഒരു മുന്നണി ബി.ജെ.പി ഭരണത്തിന് പകരം വന്നാലും അത് ദീർഘകാലാടിസ്ഥാനത്തിൽ ശുഭപ്രതീക്ഷകൾ തരുന്നില്ല എന്നർത്ഥം.
എഞ്ചിനീയർ, ഐ.ടി. വിദഗ്ദ്ധൻ, സാമൂഹ്യ നിരീക്ഷകൻ. സമൂഹം, പ്രകൃതി, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നിരീക്ഷണങ്ങളും ലേഖനങ്ങളും എഴുതാറുണ്ട്.