മട്ടാഞ്ചേരിയിലേക്ക്
ഏഴപ്പിച്ചേക്കണ പാലത്തിലൊക്കെ
വെള്ളിയാഴ്ച മുട്ടൻ ബ്ലോക്കാണ്,
അതോണ്ടവള് കുര്യച്ചനെ
വ്യാഴാഴ്ച കാണും,
ഞാനും.
ആദ്യമായ് വരുന്നവരുടെ
മൂന്ന് പ്രാർത്ഥനകൾ
നടക്കൂന്നാട്ടോ..!
തിരി:
എന്റെ മൂന്നാമത്തെ പ്രാർത്ഥന
ഭൂമിയിലെവിടെയാണേലും
വ്യാഴാഴ്ച
എന്നെയിവടെ ഇവളുടെ മുടിചാരി
നിർത്തേണമേ..!
അവള്
കണ്ണുമുറുക്കിയപേക്ഷിക്കുന്നേരം,
ഞാനെന്റെ പ്രണയം
വിളിച്ച് പറയും,
കേൾപ്പിക്കരുത്
(ഒരോട്ടോപായിക്കണം)
അനുഭവപ്പെടരുത്
(തിരക്കുണ്ടാക്കിയേക്കണം)
അറിയാവുന്നവരെന്ന അകലത്തില്
ഒഴുക്ക് നിക്കാൻണ്ട്.
എണ്ണ:
രണ്ടാമത്തെ പ്രാർത്ഥന
അവള്
തിരിഞ്ഞുനോക്കുമ്പോളൊരിക്കലു-
മെന്നെയോർക്കരുത്
ജീവനൊണ്ടെന്ന
ചൂടും ചിരിയും നിർത്തി,
കൈതൊടാതെ
തോളുമുട്ടാതെ
ഓർത്തെടുക്കേണ്ടിവരുന്ന
സ്വപ്നത്തിലെ സ്ഥലം പോലെ
ഞാൻ
ദൂരെ.
മുല്ലപ്പൂ:
ഒന്നാമത്തെ പ്രാർത്ഥന
മൂന്നിന്റെ ഗുണിതങ്ങള്
കേട്ട് കൊഴഞ്ഞ് നിങ്ങള്
കള്ളവണ്ടി കേറിയേക്കരുത്,
തിരിയും എണ്ണയും
മുടങ്ങാതിരിക്കാൻ
ഇയാൾക്ക് മുല്ലപ്പൂ.
