പൂമുഖം LITERATUREകഥ മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും വീണ്ടും യാത്രയ്ക്കൊരുങ്ങി. ഇത്തവണ കാശിയും അജ്മീറും വേളാങ്കണ്ണിയുമൊന്നുമല്ല, നല്ല കിടിലൻ ഗോവട്രിപ്പ്.
യാത്ര തുടങ്ങി, ഏറെ വൈകാതെ കാറ്റെത്തി.
തനിയ്ക്ക് മേൽ ഭാരമായമർന്ന ചങ്ങാതിയെ കരിയില തടഞ്ഞു – ” എനിക്കൊന്ന് പറക്കണം കൂട്ടുകാരാ… മേഘങ്ങളെ തൊടണം, മഴവില്ലിൽ ഊഞ്ഞാലാടണം, അനന്തവിഹായസിൽ ഒരു പൊട്ടുപോലെ നിന്നിട്ട് വീണ്ടും ഞെട്ടറ്റ് ഭൂമിയിൽ പതിക്കണം”
അതുകേട്ടുവന്ന കാറ്റവളെ കോരിയെടുത്ത് കൊണ്ടുപോയി.


പിന്നാലെ മഴയെത്തി. ആദ്യതുള്ളി പൊട്ടിവീഴവേ, കരിയില വിളിച്ചുപറഞ്ഞു ” നിനക്ക് കുടയാകാൻ ഞാനിതാ വരുന്നു ചങ്ങാതി…”
” വേണ്ട…വേണ്ട , എനിക്കിത്തിരി നനയണം. പുതുമണം പരത്തി ചുറ്റുപാടുകളെ ഉണർത്തണം. വരണ്ടുപോയ ഉൾക്കാമ്പുകളെ ആർദ്രമാക്കണം. ഉള്ളിൽപ്പേറുന്ന വിത്തുകളെ മുളയ്ക്കാൻ വിടണം. അലിഞ്ഞലിഞ്ഞില്ലാതായി കൂട്ടത്തിൽ ചേരണം. “
“” ഇതാണ് കൂട്ടുകാരാ ജീവിതം ” രണ്ടാളും ഒന്നിച്ചു വിളിച്ചുകൂവി.
” പിന്നെയാരാണ് നിങ്ങളെ വിരക്തി പഠിപ്പിച്ചത് ” എന്നുകൂടി ചോദിച്ചിട്ടാണ് കാറ്റും മഴയും ഒഴിഞ്ഞു പോയത്.
നിലതെറ്റി കരിയില മണൽപ്പരപ്പിലേയ്ക്ക് വീണതും നനഞ്ഞ കൈകൾ വിരിച്ച് മൺപുത അവനെ സ്വീകരിച്ചു. കെട്ടിപ്പുണർന്ന് കിടക്കുന്നേരം രണ്ടാൾക്കും ചിരി പൊട്ടി – ” നമ്മുടെ ഗോവ ട്രിപ്പ് “
” വെയിൽ വരട്ടെ കൂട്ടുകാരാ, ഞാൻ വീണ്ടും മണ്ണാങ്കട്ടയാകും.”
” വെയിലേറ്റാൽ ഞാനുമൊന്ന് തുവരും “
” നമുക്ക് പൊളിക്കാം ” രണ്ടാളുടെയും ചിരിയ്ക്ക് തിളക്കമേറ്റിക്കൊണ്ട് അപ്പോൾ വെയിൽ ഉദിച്ചു.
ഒഴുകിപ്പോകുന്ന ജലത്തിൻ്റെ ശബ്ദത്തിൽ പുതുജീവൻ്റെ സംഗീതം കേട്ടുകൊണ്ടവരാ വെയിൽച്ചീളുകളെ ശിരസ്സിലണിഞ്ഞു

വര : സുനിൽ കുറ്റിപ്പുഴ

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like