പൂമുഖം LITERATUREകഥ പരേതാത്മാവിന്റെ വേദപുസ്തകം

പരേതാത്മാവിന്റെ വേദപുസ്തകം

കഴിഞ്ഞ വേനൽക്കാലത്തിന്റെ അവസാനത്തിലാണ് താക്കോൽക്കാരൻ യോഹന്നാൻ മരിച്ചത്. ഒരു കറുത്ത വാവ് ദിവസം രാത്രി കൃത്യം പത്തു മണിക്കാണ് സംഭവം. അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നതാണ്. പിടച്ചിൽ ശബ്ദം കേട്ടു, അടുക്കളയിൽ പാത്രങ്ങളുമായി മല്ലിട്ടു കൊണ്ടിരുന്ന ഭാര്യ സലോമി ഓടിയെത്തിയപ്പോൾ കണ്ടത് തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ചത് പോലെ, മേലോട്ടും കീഴോട്ടും ശ്വാസം പോവാതെ, കണ്ണു തുറിച്ച് കിടന്നു പിടയുന്ന യോഹന്നാനെയാണ്. ആ പിടച്ചിലിൽ അയാൾ തീരുകയും ചെയ്തു.

ന്യൂസിലൻഡിൽ നേഴ്സായ മൂത്തമകൾ, മലയാളിയെ ഡൈവോഴ്സ് ചെയ്തു വെള്ളക്കാരനെ കെട്ടിയ പുതുമോടിയിലായതിനാൽ, ഓരോ ഒഴിവുകഴിവുകൾ കാട്ടി നാട്ടിലേക്ക്‌ വരാനാവില്ലെന്ന് അറിയിച്ചു. പിന്നെ എല്ലാ ചടങ്ങുകളും നടത്തിയത് ഇളയവനായ ബെന്നിയാണ്.

ചടങ്ങുകൾ പൂർത്തിയാകും മുൻപേ കാറ്റും മഴയും എത്തി. ഒരു ധീരനായ കമ്മ്യൂണിസ്റ്റുകാരന് പാർട്ടി ചടങ്ങുകൾ തന്നെ ധാരാളം എന്ന് പറഞ്ഞു സഖാക്കൾ ബെന്നിയെ ആശ്വസിപ്പിച്ചു. ആ ആശ്വാസത്തിൽ ബെന്നി ശേഷിച്ച ചടങ്ങുകൾ പൂർത്തിയാക്കാനും മിനക്കെട്ടില്ല.

പുതുമഴയോടൊപ്പം വീശിയ കാറ്റിൽ തന്നെ വീടിന്റെ പുറകിലെ മുപ്പത്തിയാറ് സെന്റിൽ നട്ട നൂറ്റിഇരുപത്തിനാല്‌ വാഴത്തൈകളും വട്ടം ഒടിഞ്ഞുവീണു. കഷ്ടകാലത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.

കൃഷി നശിച്ചതിന്റെ ക്ഷീണം തീരും മുൻപേ, ഒരു സായാഹ്നത്തിൽ സലോമി കുളിമുറിയിൽ കുഴഞ്ഞുവീണു. അഡ്മിറ്റ് ചെയ്തത് ഒരു ആൾ ദൈവത്തിന്റെ ആശ്രമം വക മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ. ഒന്നിനും ഒരു കുറവും വരരുതല്ലോ. ബിപിയുടെ അസുഖമാണെന്ന് ഒരു ജൂനിയർ ഡോക്ടർ വാദിച്ചപ്പോൾ അറ്റാക്കിന്റേതാണെന്ന് മറ്റൊരു ഡോക്ടർ. സംഗതി വഷളായപ്പോൾ പ്രഗത്ഭനെത്തി, ആശുപത്രിയിലെ സകല ടെസ്റ്റുകൾക്കും കുറിച്ചു കൊടുത്തു. ഒരു നീണ്ട ഗുണനപ്പട്ടിക പോലെ തോന്നിക്കുന്ന ലിസ്റ്റുമായി സലോമി സകല മെഷീനുകളിലും കയറിയിറങ്ങി. അവരുടെ രക്തം ലാബിലെ സകല ടെസ്റ്റ് ട്യൂബുകളിലൂടെയും ഒഴുകി നടന്നു. ആശുപത്രിയിൽ കാലുകുത്തിയ നേരം മുതൽ ഭക്ഷണം ഒന്നും കഴിക്കാതെ, വെറും മിനറൽ വാട്ടറിന്റെ ബലത്തിൽ മാത്രം നിൽക്കുന്ന ബെന്നിയുടെ തളർന്നൊട്ടിയ മുഖം നോക്കി ഡോക്ടർ പറഞ്ഞു, “എല്ലാം നോർമൽ.“ ആശ്വാസ സൂചകമായി ബെന്നി നെടുവീർപ്പിട്ടു. പക്ഷേ ആ നെടുവീർപ്പ് താൽക്കാലികം മാത്രമായിരുന്നു.

മഴ കനത്തു, കൂടെ പറമ്പിലെ നാശനഷ്ടങ്ങളും വർദ്ധിച്ചു. പഴയതെങ്കിലും ഉറപ്പോടെ നിന്നിരുന്ന ആ കൂറ്റൻ വീട് പലയിടത്തും കാലപ്പഴക്കം അറിയിച്ചു. പല മുറികളുടെ മുകൾഭാഗത്തും വിടവുകൾ പ്രത്യക്ഷപ്പെട്ടു. ആ വിടവുകളിലൂടെ വെള്ളം ഒലിച്ചിറങ്ങി തുള്ളിതുള്ളിയായി തറയെ ചുംബിച്ചു.

സലോമി വീണ്ടും കുഴഞ്ഞുവീണു. ഒന്നല്ല, പലതവണ. പല വീഴ്ചകളിലും തല ശക്തമായി തറയിൽ ഇടിക്കുന്നതിന്റെ സൂചകമായി സ്റ്റിച്ചുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. കാരണങ്ങളൊന്നും ഇല്ലാതെയുള്ള സലോമിയുടെ ഈ വീഴ്ചകൾ ഒരസുഖത്തിന്റേതുമല്ല എന്ന് ബെന്നി നടുക്കത്തോടെ തിരിച്ചറിഞ്ഞു.

ശാപം. യോഹന്നാന്റെ ശാപം. കറുത്തവാവിന്റെയന്നുള്ള അസ്വാഭാവിക മരണം അതാണ് സൂചിപ്പിക്കുന്നത്, യോഹന്നാന്റെ സുഹൃത്തുക്കളായ സഖാവ് വേലായുധനും കപ്യാർ കുഞ്ഞവരയും ഒരേ സ്വരത്തിൽ പറഞ്ഞു. അസുഖങ്ങളും നാശനഷ്ടങ്ങളും മാത്രമല്ല, മരണം വരെയുണ്ടാകാം. അതേ, മരണം വരെ! ബെന്നിക്ക് തന്റെ ശരീരത്തിൽ നിന്ന് ആവിപറക്കുന്നതായി തോന്നി. ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ നടുക്ക് നിന്ന് ഭൂമിക്കടിയിലേക്ക് ആണ്ടുപോകുന്ന പോലെ. പ്രായശ്ചിത്തം ചെയ്യണം, എത്രയും വേഗം. അത് സ്വയം അങ്ങു തീരുമാനിച്ചാൽ പോരല്ലോ, പള്ളി കൂടി സഹകരിക്കേണ്ടേ?

തെക്കേടത്ത് വർഗ്ഗീസ് മാപ്ലയുടെ മൂന്നാമത്തെ സന്തതിയാണ് യോഹന്നാൻ. കല്ലും മരവും ചാണകവും ചുമന്നുണ്ടാക്കിയ കുടിലിൽ നിന്ന് രക്ഷപ്പെടാനാണ് ഇളയവനായ യോഹന്നാനെ എൻജിനീയറിങ്ങിന് അയച്ചത്. മൂത്തവൻമാരെ കൊണ്ട് നടക്കാത്ത കാര്യം ഇളയവനെ കൊണ്ട് ചെയ്യിക്കാനൊരു ശ്രമം. എന്നാൽ യോഹന്നാന് എഞ്ചിനീയറിംഗ് കോളേജിനേക്കാൾ താൽപര്യം കൂട്ടുകാരൻ വറീതിന്റെ എഞ്ചിനീയറിങ് വർക്ക്‌ഷോപ്പിനോടായിരുന്നു. ദിവസവും അവിടെ ചെന്നിരുന്നു വിചിത്രങ്ങളായ താക്കോലുകൾ കൊത്തി ഉണ്ടാക്കുകയും അതെല്ലാം സ്ഥലത്തെ പ്രധാന കള്ളന്മാർക്ക് സമ്മാനിക്കുകയും ചെയ്യുക ഇതായിരുന്നു അയാളുടെ വിനോദം, പോരാത്തതിന് ചെയ്യുന്ന ജോലിക്ക് കൈ നിറച്ചു കാശും. ഒരിക്കൽ പോലീസുകാർ കള്ളന്മാരുടെ തൊണ്ടിമുതലിനോടൊപ്പം യോഹന്നാനെയും കണ്ടെടുത്തു. അന്നുമുതൽ തെക്കേടത്ത് യോഹന്നാൻ താക്കോൽക്കാരൻ യോഹന്നാനായി. പിന്നീട് പല പല ബിസിനസ്സുകൾ മാറിമാറി ചെയ്തിട്ടും ആ സ്ഥാനപ്പേര് തലയിൽനിന്ന് ഒഴിഞ്ഞില്ല. മാത്രമല്ല, വളരെ നാളുകൾക്കു ശേഷം പിറന്ന ബെന്നിക്കും നാട്ടുകാർ ആ സ്ഥാനപ്പേര് ചാർത്തിക്കൊടുത്തു.

യോഹന്നാന്റെ ശേഷിച്ച ചടങ്ങുകൾ പൂർത്തിയാക്കാൻ ബെന്നി കപ്യാർ കുഞ്ഞവര മുഖേന പള്ളിയെ സമീപിച്ചു. കണക്കു പറഞ്ഞു വാങ്ങിയ കാശിനാണെങ്കിലും, കമ്മ്യൂണിസ്റ്റുകാരനും താന്തോന്നിയുമായ യോഹന്നാന് തെമ്മാടിക്കുഴിക്ക്‌ പകരം കല്ലറ നൽകിയതിൽ അച്ചൻ സ്വയം രോഷം പൂണ്ടു. വീണ്ടും പള്ളിയുടെ കണക്കുപുസ്തകം തുറക്കപ്പെട്ടു. ഉയർന്നുപൊങ്ങിയ പണത്തിനു മീതെ ഒരു പള്ളിയും പറന്നില്ല, കൂടെ അച്ചന്റെ കുറച്ചു കടുകട്ടി നിബന്ധനകളും.

നിബന്ധന പ്രകാരം ആദ്യം ചടങ്ങുകൾ പൂർത്തിയാക്കി. അടുത്തത് ബെന്നിയുടെ കുമ്പസാരം. കല്യാണങ്ങൾക്ക് വെട്ടിവിഴുങ്ങാൻ മാത്രം ഉച്ചനേരത്ത് പ്രത്യക്ഷപ്പെടുന്ന അപൂർവ്വ ജീവി ബെന്നിയെ മെരുക്കി നല്ലൊരു ആട്ടിൻകുട്ടിയാക്കാൻ അച്ചൻ കച്ചകെട്ടി. ജനിച്ചിട്ടിതുവരെ നന്മയേയോ തിന്മയേയോ കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത, അങ്ങോട്ടുമിങ്ങോട്ടും ഇല്ലാതെയുള്ള ജീവിതത്തെ വെറും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള കുമ്പസാര കഥയായി അവതരിപ്പിച്ചാൽ അത് അമ്പേ ട്രാജഡിയായി മാറുമെന്ന് ബെന്നിക്ക് ഉറപ്പായിരുന്നു. വിവാഹസമയത്തു നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചയാൾ ഓർത്തു. അച്ചൻ പ്രസാദിച്ചാൽ ലഭിക്കുന്നത് നിബന്ധനകളിലെ ഇളവുകൾ മാത്രമല്ല, പള്ളിയുടെ വികസനം, പെരുന്നാൾ തുടങ്ങിയ നീണ്ട പിരിവുകളിലേക്കായി നൽകേണ്ട തുകയിലും ലഭിക്കുന്ന ഇളവുകളും കൂടിയാണ്. ഒരു വഴിതെളിഞ്ഞു കിട്ടാൻ അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഥകളിഷ്ടപ്പെടുന്ന അച്ചന് വേണ്ടി അയാൾ ഗൂഗിളിൽ കുമ്പസാര രഹസ്യങ്ങൾ തേടി അലഞ്ഞു. നാൻസി ഫ്രൈഡേ മുതൽ അനായിസ്‌ നിൻ വരെയുള്ളവരെ വായിച്ചു. ടിന്റോ ബ്രാസ് മുതൽ പാസോളിനി വരെയുള്ളവരെ കണ്ടു തീർത്തു. രണ്ടും കൽപ്പിച്ച് കുമ്പസാരത്തിനിറങ്ങി.

അച്ചന്റെ പരുഷമായ സ്വരത്തിനും പെരുമാറ്റത്തിനും മുന്നിൽ അല്പം വിറച്ചുകൊണ്ട് തന്നെ കുമ്പസാരക്കൂട്ടിൽ കയറി. പിന്നെ ഒന്നും നോക്കിയില്ല. കർത്താവിനെ മനസ്സിൽ ധ്യാനിച്ച് രണ്ടു കണ്ണുംപൂട്ടി കുമ്പസാരം തുടങ്ങി. വായിച്ചുതീർത്ത കഥകളും കണ്ടുമറന്ന സിനിമകളും കുമ്പസാരത്തിൽ തെളിഞ്ഞുവന്നു. നാലാംക്ലാസിൽ ഹോംവർക്ക് ചെയ്യാത്തതിന് തുടയിൽ നുള്ളിയ സുലേഖ ടീച്ചർ മുതൽ യോഹന്നാന്റെ ശവമടക്ക് കാണാനെത്തിയ, പ്രായമേറെയെങ്കിലും വെളുത്തു തുടുത്ത നേഴ്സ് കത്രീന വരെ കഥകളിൽ നായികമാരായി. രാവിലെ തുടങ്ങിയ കുമ്പസാരം ഉച്ചവരെ നീണ്ടു. ബാക്കി നാളേക്ക് വെച്ചുകൊണ്ട് അച്ചൻ ദീർഘശ്വാസമെടുത്തു.

രണ്ടാമത്തെ ദിവസത്തെ കുമ്പസാരം, പുതിയ പള്ളിയുടെ പുറകിലെ, പഴയ കെട്ടിടത്തിലെ കുമ്പസാരക്കൂട്ടിൽ വച്ചായിരുന്നു. അധികം ആരും എത്താത്ത വിജനമായ സ്ഥലം. “സമാധാനത്തോടെ കുമ്പസാരിക്കാൻ ഇതാണ് പറ്റിയ സ്ഥലം,“ ബെന്നിയോട് അച്ചൻ പറഞ്ഞു. കൂട്ടിൽ കയറിയ ബെന്നി തുടർകഥയുടെ ചുരുളുകളഴിച്ചു. ചിലയിടങ്ങളിൽ കഥയുടെ പാരമ്യത്തിൽ എത്തുമ്പോൾ അച്ചന്റെ കൂട്ടിൽനിന്ന് ചില ഞരക്കങ്ങൾ ഒക്കെ കേൾക്കുവാനിടയായി. അതൊന്നും വകവയ്ക്കാതെ ബെന്നി തുടർന്നു. അങ്ങനെ രണ്ട് മിനിറ്റ് കൊണ്ട് തീരാവുന്ന കുമ്പസാരം ട്രിലോജി പോലെ മൂന്നാം ദിവസം ഉച്ചനേരത്താണ് കഴിഞ്ഞത്. കുമ്പസാരക്കൂട്ടിൽ നിന്നിറങ്ങിയ ബെന്നിയെ അച്ചൻ ബഹുമാനത്തോടെ നോക്കി. അഞ്ചപ്പം അയ്യായിരം പേർക്ക് വീതിച്ചതുപോലെ, വെള്ളത്തെ വീഞ്ഞാക്കിയതുപോലെ, മനുഷ്യമനസ്സുകളെ അമ്മാനമാടുന്ന ഒരു പുണ്യാളൻ മുന്നിൽ വന്നവതരിച്ചതായി അച്ചന് തോന്നി. എല്ലാ ഞായറാഴ്ചയും മുടക്കം കൂടാതെ പള്ളിയിൽ എത്തണമെന്ന് സൗമ്യമായി പറഞ്ഞു കൊണ്ട് ബെന്നിയെ യാത്രയയച്ചു. പറഞ്ഞു തീർത്ത കഥയുടെ മൂച്ചിൽ അച്ചൻ പള്ളിയും അതിനടുത്തുള്ള കന്യാസ്ത്രീ മഠവും തകർത്തമ്മാനമാടുമോ എന്ന് ആശങ്കയോടെ ബെന്നി വീട്ടിലേക്ക് മടങ്ങി.

മരണാനന്തര ചടങ്ങുകളേയും പള്ളി കുർബാനകളേയും പരാജയപ്പെടുത്തിക്കൊണ്ട് കഷ്ടകാലത്തിന്റെ പെരുമഴ തുടർന്നു. കാര്യങ്ങളറിഞ്ഞ അച്ചൻ പ്രശ്നങ്ങൾക്ക് തീർപ്പുകൽപ്പിക്കാൻ ഭവന സന്ദർശനം നടത്താൻ തീരുമാനിച്ചു. വീട്ടിലെത്തിയ അച്ചനെ കണ്ട് സെബാസ്റ്റ്യൻ വീടിനു മുൻവശത്തേക്ക് വന്നു.

“പട്ടിക്കാരെങ്കിലും പുണ്യാളന്റെ പേരിടുമോ?”

“അപ്പൻ ഇട്ടതാണ്,” അച്ചന്റെ ചോദ്യത്തിന് ബെന്നി ഉത്തരം നൽകി.

“എന്തായാലും അത്രകൊണ്ട് നിന്നത് നന്നായി,” അച്ചന്റെ ആ ഡയലോഗിന് ഒത്തിരി അർഥങ്ങളുണ്ടെന്ന് ബെന്നിക്ക് തോന്നി. സെബാസ്റ്റ്യനു പിറകെ, പുറകുവശത്ത് കൂട്ടിൽ കിടക്കുന്ന ജോർജ് കൂടി മുൻവശത്തേക്ക് വരാതിരുന്നത് നന്നായി എന്ന് ബെന്നി ആശ്വസിച്ചു.

അച്ചൻ വീടിന്റെ നാല് മൂലയിലും പോയി പ്രാർത്ഥിച്ചു, കുരിശു വരച്ചു, വിശുദ്ധജലം തളിച്ചു. ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പു കൊടുത്തശേഷം അരമനയിലേക്ക് തിരിച്ചു.

അച്ച ന്റെ ഉറപ്പും കുറുപ്പിന്റെ ഉറപ്പും ഒരുപോലെയായി എന്ന സ്ഥിതിയിലായി കാര്യങ്ങൾ. സലോമി വീണ്ടും കുഴഞ്ഞുവീണു, കാലൊടിഞ്ഞു കിടപ്പിലായി. അമ്മയെ നോക്കാൻ മകൻ ഉള്ള ജോലിയും വിട്ട് വീട്ടിൽ കുത്തിയിരിപ്പായി. സംഭവത്തിൽ പരിഭവിച്ച് ബെന്നിയുടെ ഭാര്യ രണ്ടു വയസ്സ് പ്രായമുള്ള മകനെയും ഒക്കത്ത് വെച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി.

“വാതത്തിന് കുറുന്തോട്ടി, പ്രേതത്തിന് മന്ത്രവാദം എന്നല്ലേ ചൊല്ല്,” എല്ലാ കൊല്ലവും മുടങ്ങാതെ ശബരിമല ദർശനം നടത്തുന്ന കടുത്ത കമ്മ്യൂണിസ്റ്റുകാരൻ സഖാവ് വേലായുധൻ അഭിപ്രായപ്പെട്ടു.

“ശരിയാ ഈ പ്രേതത്തിനേയും ബാധയേയും ഒക്കെ തളയ്ക്കാൻ ഹിന്ദുക്കള് തന്നെയാണ് മിടുക്കന്മാര്. ബാധയും പ്രേതവും യക്ഷിയും ഒക്കെ അവർക്കല്ലേ കൂടുതൽ. പോരാത്തതിന് ചില ദൈവങ്ങള് ഭൂതങ്ങളെ സ്വന്തം വളർത്തു മൃഗങ്ങളെ പോലെയാ കൊണ്ടുനടക്കുന്നത്.” കപ്യാർ സഖാവിനെ പിന്താങ്ങി. ശരി, മന്ത്രവാദമെങ്കിൽ മന്ത്രവാദം. ബെന്നി തലകുലുക്കി.

വിവിധ വർണ്ണങ്ങളിൽ അരിപ്പൊടി കൊണ്ടു വരച്ച കളത്തിനു പിന്നിലെ ഹോമകുണ്ഡത്തിന് സമീപം, മായാവിയിലെ കുട്ടൂസന്റെ മുഖമുള്ള ഒരാൾ, പുറകിൽ വിക്രമനെ പോലെ കൊഴുത്തു മുഴുത്ത ഒരു രൂപവും. ഹോമകുണ്ഡത്തിന് അടുത്ത് തന്നെ സാമാന്യം മുഴുത്ത ഒരു കരിങ്കോഴിയും രണ്ടു കുപ്പി കള്ളും.

അധികം താമസിയാതെ തന്നെ മന്ത്രവാദം തുടങ്ങി. കത്തിയെരിയുന്ന വിറകിനു മുകളിൽ തെള്ളി പൊടി എറിഞ്ഞു മന്ത്രവാദി ബോംബ് സ്ഫോടനങ്ങൾ നടത്തി. അപസ്മാരം പിടിച്ചത് പോലെ ഇടയ്ക്കിടയ്ക്ക് തുള്ളുന്നുമുണ്ട്. നല്ല മന്ത്രവാദികൾ ചുട്ട കോഴിയെ വരെ പറപ്പിക്കും എന്ന് ബെന്നി കേട്ടിട്ടുണ്ട്. ഇവിടെ പറക്കുന്നത് താനാണോ എന്നയാൾ ആശങ്കപ്പെട്ടു. മന്ത്രജപം മുറുകുന്നു. ഇടയ്ക്കിടയ്ക്ക് ഒരു കുപ്പിയിൽ നിന്ന് ലേശം കള്ള് എടുത്ത് ഹോമകുണ്ഡത്തിൽ മേമ്പൊടി പോലെ വിതറുന്നു, കൂടെ മറ്റേ കുപ്പിയിൽ നിന്ന് അല്പം മന്ത്രവാദിയുടെ വായിലേക്കും.

മന്ത്രോച്ചാരണങ്ങൾക്കൊടിവിൽ കരിങ്കോഴിയുടെ കഴുത്തറുക്കുന്നു, രക്തം ഹോമകുണ്ഡത്തിൽ വീഴ്ത്തുന്നു. ശേഷിച്ച രക്തം ഒരു ഗ്ലാസിൽ എടുത്ത് പൂജിച്ച്, ബെന്നിക്ക് കുടിക്കാൻ നൽകി. മന്ത്രവാദിയുടെ മുഖത്ത് ശർദ്ദിക്കാതിരിക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചു.

മന്ത്രവാദം കഴിഞ്ഞു. കനത്ത ദക്ഷിണയും വാങ്ങി, നല്ലൊരു ബാർബിക്യൂവിന് ചേർന്ന ലക്ഷണമൊത്ത കരിങ്കോഴിയെയും തൂക്കികൊണ്ട് മന്ത്രവാദി നടന്നു. കെട്ടടങ്ങിയ ഹോമകുണ്ഡത്തിന് സമീപം ഒഴിഞ്ഞുകിടന്ന കള്ളുകുപ്പികൾ തന്നെ നോക്കി ചിരിക്കുന്നതായി ബെന്നിക്ക് അനുഭവപ്പെട്ടു.

മന്ത്രവാദത്തിന് പുറമേ സുഹൃത്ത് നാസർ മുഖേന ഇമ്പിച്ചിക്കോയ തങ്ങളുടെ അടുത്തും വേണ്ട കർമ്മങ്ങൾ നടത്തി.

സംഭവങ്ങൾ അവിടെ കൊണ്ടൊന്നും തീർന്നില്ല. പിണങ്ങി പോയ ഭാര്യയുടെ വക ഡൈവോഴ്സ് നോട്ടീസ്. കൂടെ കുട്ടിയെ വളർത്താൻ നല്ലൊരു തുക ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അയാൾ മാനസികമായി ആകെ തകർന്നു. ഒരു മുഴം കയറിൽ എല്ലാ തളർച്ചകളും തീർത്താലോ എന്ന് ആലോചിച്ചു. എന്നാൽ സലോമിയുടെ കാര്യം ഓർത്തപ്പോൾ ഈ ആലോചന വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

ദിനംപ്രതി ഡിപ്രഷനിലേക്ക് ആഴ്ന്നിറങ്ങുന്ന ബെന്നിയുടെ അവസ്ഥ കണ്ടു വേദനിച്ച നാസർ അയാളെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെ നാസറിന്റെ മൂത്താപ്പയുടെ അകന്ന ബന്ധത്തിലുള്ള ഒരു അനന്തരവൻ ചെക്കനെ കണ്ടുമുട്ടി. യാസിം ഖാൻ. ആള് പ്രശസ്തനായ യൂട്യൂബറാണ്. പ്രേതങ്ങളെയും ആത്മാക്കളെയും കുറിച്ചാണ് യാസിമിന്റെ യൂട്യൂബ് ചാനൽ. പ്രേതങ്ങളുമായി സല്ലപിക്കുക, പ്രേതബാധ ഉള്ളിടത്ത് പോയി രാത്രി തങ്ങുക, ബാധ ഒഴിപ്പിക്കുക ഇതൊക്കെയാണ് മൂപ്പരുടെ പ്രധാന ഹോബി. അതായത് പ്രേതങ്ങളുടേയും പിശാചുക്കളുടേയും സകലപരിപാടികളുടെ മൊത്തക്കച്ചവടക്കാരൻ.

ബെന്നിയുടെ പ്രശ്നം യാസിം ഖാൻ ശ്രദ്ധയോടെ കേട്ടു. കഥയൊക്കെ കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു,

“ഏതാണ് പരേതാത്മാവിന്റെ വേദപുസ്തകം?”

ബെന്നി ആലോചനയിലാണ്ടു.

“ബൈബിൾ എന്ന് കേൾക്കുന്നത് തന്നെ അപ്പന് അലർജി ആയിരുന്നു. ഗീതയും ഖുറാനും പോയ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെയുള്ളത്… കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.”

യാസിം ഖാൻ പുച്ഛത്തോടെ ചിരിച്ചു.

“ഈ പറഞ്ഞ ഒരു കുന്തവും വർക്ക് ചെയ്തിട്ടില്ല. ഇതല്ലാതെ മറ്റു വല്ല വിശ്വാസമോ താൽപര്യമോ…?”

ബെന്നി നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഉം… എനിക്ക് കുറച്ചു സമയം വേണം,” യാസിം ഖാൻ ആലോചനയിലാണ്ടു. ഒരു രാത്രിയും പകലും പരിഹാരത്തിനായി ആലോചിച്ചു. ബുക്കുകൾ റഫർ ചെയ്തു. വിദേശത്തുള്ളവരുമായി ധാരാളം ഫോൺകോളുകൾ നടത്തി. മൂന്നാം ദിവസം ബെന്നിയെ വിളിച്ചു.

“ദിയെ ദെ മുയേർത്തോസ്!”

ബെന്നിയും നാസറും പരസ്പരം നോക്കി.

“ദിയെ ദെ മുയേർത്തോസ്! മരിച്ചവരുടെ ദിവസം! സംഗതി മെക്സിക്കനാണ്. മരിച്ചവരെ ഓർക്കാനും ആഘോഷിക്കാനുമുള്ള ഉള്ള ദിനങ്ങൾ.”

“അതിനു ഞാനെന്തു വേണം?” ബെന്നി മനസ്സിലോർത്തു.

“വരുന്ന നവംബർ ഒന്നിന് കർമ്മങ്ങൾ നടത്താം. ആദ്യം കുഴിമാടത്തിൽ പൂക്കൾകൊണ്ട് അലങ്കരിക്കണം. ശേഷം വീട്ടിൽ തന്നെ ഒരു സ്വകാര്യ അൾത്താര തയ്യാറാക്കണം. അവിടെ മരണപ്പെട്ട ആളിന്റെ ഫോട്ടോ, വിശുദ്ധ പുഷ്പങ്ങൾ, ചന്ദനത്തിരി എന്നിവ നിരത്തുക. അതിനൊക്കെ മുന്നിൽ പരേതാത്മാവിന് പ്രിയപ്പെട്ടവ എന്തെങ്കിലും വയ്ക്കണം, ഏറ്റവും പ്രിയപ്പെട്ടത് ആയാൽ അത്രയ്ക്ക് നന്ന്. പിന്നെ ഈ പ്രാർത്ഥനയും ഉരുവിടണം, മൂന്നുതവണ. ഇത് തന്നെയാവട്ടെ പരേതാത്മാവിന്റെ വേദപുസ്തകം.”

യാസിം ബെന്നിക്ക് പ്രാർത്ഥന കുറിച്ച പേപ്പർ കൈമാറി.

“എന്റെ അഭിപ്രായത്തിൽ ഇതോടെ എല്ലാം ശരിയാകും. പരേതാത്മാവിന് ഏറ്റവും പ്രിയപ്പെട്ടത് വയ്ക്കാൻ മാത്രം മറക്കരുത്.”

എന്താണ് അപ്പന് പ്രിയപ്പെട്ടത്? കിടപ്പുമുറിയിലെ തടി അലമാരിയിൽ അടുക്കിവെച്ച കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളോ, അതിനു പുറകിൽ ഒളിപ്പിച്ച മോർഫിയസ് ബ്രാണ്ടിയോ, ഭാര്യ സലോമിയോ, കവിളിൽ നുണക്കുഴികുത്തുള്ള ഇരുണ്ട നിറക്കാരി സുശീലയോ, കപ്പയോ കാച്ചിലോ ചേമ്പോ, ബീഫ് ഫ്രൈയോ ചെമ്മീൻ വറുത്തതോ? ബെന്നിയുടെ ആലോചന തല മുഴുവൻ തിങ്ങിനിറഞ്ഞു പുറത്തേക്ക് ചാടുന്ന സ്ഥിതിയിലെത്തി. ചിന്തകൾക്ക് പരിഹാരം മെഡിറ്റേഷൻ ആണെന്ന് ഏതോ സ്വാമിയാരുടെ യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട്. ബെന്നി ഒരു ദീർഘ മെഡിറ്റേഷനിൽ ഏർപ്പെട്ടു. ക്രമേണ ഗാഢനിദ്രയിലേക്കും. ഉറക്കം കഴിഞ്ഞ് എണീറ്റ ബെന്നിയുടെ മുഖത്ത് പതിവില്ലാത്ത ഒരു പ്രകാശം.

ദിയെ ദെ മുയേർത്തോസ്.

പ്രസ്തുത ദിവസം വിരിഞ്ഞത് മഞ്ഞ പുഷ്പങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിച്ച കുഴിമാടത്തിന്റെ വിഷ്വലുകളുമായിട്ടാണ്. കുഴിമാടത്തിലെ പ്രാർത്ഥന കഴിഞ്ഞു നേരെ വീട്ടിലേക്ക്, കൂടെ നാസറും. അവിടെ മനോഹരമായി ഒരുക്കിയ വിശുദ്ധ അൾത്താരയിൽ, യോഹന്നാന്റെ പുഞ്ചിരിതൂകുന്ന ഫോട്ടോയ്ക്ക് മുന്നിൽ സമർപ്പിച്ച ആ വിശിഷ്ട വസ്തു കണ്ട് നാസർ ഞെട്ടി. ഗംഭീരമായിത്തന്നെ ഞെട്ടി.

ഒരു തലയോട്!

“അപ്പന്റെയാണ്.” ആക്രമിക്കാൻ വന്ന അസംഖ്യം പടയാളികളെ കണ്ടം തുണ്ടം വെട്ടി കൊലപ്പെടുത്തിയ വീരനെ പോലെ നിന്ന് ബെന്നി പറഞ്ഞു.

“ക്ലീൻ ചെയ്ത് എടുക്കാൻ കുറച്ചു ബുദ്ധിമുട്ടി. അവസാനം ആസിഡ് വാഷ് തന്നെ വേണ്ടി വന്നു.”

തൊണ്ടയിൽ കുരുങ്ങിയ ശ്വാസത്തെ നാസർ തിരുമ്മി അനക്കി. വാക്കുകൾ മഞ്ചാടിക്കുരു പോലെ പുറത്തേക്ക് തെറിച്ചു.

“ഇതെങ്ങനെ…?” വീണ്ടും തൊണ്ടയിൽ തടസ്സം.

“അച്ഛനില്ലാത്ത ദിവസം തന്നെ നോക്കി രാത്രിയിൽ ആ കുഴിവെട്ടുകാരൻ മാണിക്ക്‌ ഒരു കുപ്പിയും കൊടുത്തിട്ടങ്ങോട്ട് കുഴി മാന്തിച്ചു. പെട്ടി പൊളിച്ചു. എന്നിട്ട് അപ്പന്റെ പ്രിയപ്പെട്ട സാധനം തന്നെ അങ്ങ് പൊക്കിയെടുത്തു. തല, അപ്പന്റെ തല.”

കണ്ണ് തുറിച്ചു നിൽക്കുന്ന നാസറിനെ നോക്കി ബെന്നി തുടർന്നു.

“ഒത്തിരി ആലോചിച്ചിട്ടാണിത് കണ്ടുപിടിച്ചത്. എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടത് സ്വന്തം തലയല്ലേ. അതുതന്നെയല്ലേ ഫോട്ടോയ്ക്ക് മുന്നിൽ സമർപ്പിക്കാൻ പറ്റിയ, ഏറ്റവും നല്ല വിശിഷ്ട വസ്തു. അത് വെച്ചിട്ടും ദോഷം മാറിയില്ലെങ്കിൽ ഞാൻ സഹിച്ചു. പക്ഷേ ചെയ്യാനുള്ളത് ചെയ്യണമല്ലോ, അതും ഞാൻ തന്നെ. അല്ലേ?”

നാസർ മൗനമായി ഒന്നു മൂളി.

“ഇനിയാ മാണിയെങ്ങാനും… ആരോടെങ്കിലും..?”

“അതിനല്ലേ കുഴി മൂടിയപ്പോൾ കൂടെ മാണിയേയും കൂടി മൂടിയത്.”

നാസറിന് തല കറക്കം അനുഭവപ്പെട്ടു.

“കുടിച്ച് ബോധമില്ലാതെ കിടന്ന അയാളെ അപ്പന്റെ പെട്ടിക്കു മുകളിൽ കിടത്തിയിട്ട് മണ്ണു വെട്ടിയിട്ടു. കുഴി മൂടിയത് മാത്രമല്ല അതിനുമുകളിൽ ഉണക്ക മണ്ണ് വിതറിയിട്ടുമുണ്ട്. ഇനി ഒരു മനുഷ്യൻ എന്നല്ല, ദൈവം തമ്പുരാൻ പോലും കണ്ടു പിടിക്കില്ല. സംഗതി ക്ലീൻ.”

തലയ്ക്കകത്ത് കരിവണ്ടിന്റെ ഇരമ്പലോടെ രക്തം മുകളിലേക്ക് പാഞ്ഞു കയറുന്നത് നാസർ അറിഞ്ഞു.
പ്രസാദാത്മകമായ ബെന്നിയുടെ മുഖം മുന്നിൽ… കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങുന്നതായയാൾക്കനുഭവപ്പെട്ടു..

ബെന്നി നാസറിനെ നോക്കി അർത്ഥഗർഭമായി ഒന്നു പുഞ്ചിരിച്ചു. ആ ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു… വന്നതും… വരാനിരിക്കുന്നതും… എല്ലാം!

കവർ : ജ്യോത്സ്ന വിൽസൺ

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like