നീ മാത്രം വായിക്കുവാൻ
നിന്നോട് മാത്രം പറയാൻ,
എന്നുള്ളിലൊരു കടലിരമ്പുന്നുണ്ട്. നീയാരെന്നോ
എവിടെയെന്നോ അറിയാതെയെങ്കിലും
എവിടെയോ നീയുണ്ടെന്നും
എന്നെ കാണുന്നുണ്ടെന്നും
എന്നെ അറിയുന്നുണ്ടെന്നും
എത്രയോ കാലമായി ഞാൻ വിശ്വസിക്കുന്നുണ്ട്.
ഓർമ്മവച്ച നാൾ മുതൽ
ഒന്നും പറയാതെ…
ഒന്നും മിണ്ടാതെ
എന്നെ മനസ്സിലാക്കുന്ന ഒരു ഹൃദയം
ഞാൻ തേടുന്നുണ്ട്.
പിണക്കങ്ങളും കുറുമ്പുകളും
കാണിക്കാൻ
ഉള്ളിലെ
വേവലാതികളും സങ്കടങ്ങളും
പെയ്തു നിറയ്ക്കാൻ,
തോളിൽ ചാരിയിരിക്കാൻ,
നെഞ്ചിൽ മുഖമമർത്തി കരയാൻ, തിരക്കുകളില്ലാതെ
നിർത്താതെ സംസാരിക്കാൻ,
ഉറക്കെ പൊട്ടിച്ചിരിക്കാൻ,
നിറഞ്ഞൊഴുകുന്ന
കണ്ണുകൾ തുടയ്ക്കാൻ..
വാത്സല്യത്തോടെ നോക്കാൻ…
നിന്നെ ഞാൻ തേടുന്നുണ്ട്.
നിന്റെ മുഖം ഞാൻ എല്ലാവരിലും,
ഓരോ ആൾക്കൂട്ടത്തിലും
തിരയുന്നുണ്ട്.
ഒരിക്കലും മുന്നിൽ വരാതെ നീ മറഞ്ഞിരിക്കുമ്പോഴും
എവിടെയോ എന്നെ നോക്കിയിരിക്കുന്നുണ്ടെന്നും
ഒരിക്കൽ നീയരികത്തു വരുമെന്നും കരുതലോടെ
എന്നെ ചേർത്തു പിടിക്കുമെന്നും
നെറുകിൽ ചുണ്ടമർത്തുമെന്നും എനിക്കുറപ്പുണ്ട്.
എന്റെ തന്നെ മനസ്സായി
എന്നേക്കാൾ നന്നായി
നീയെന്നെ അറിയുമെന്ന്
എനിക്കറിയാം.
അതുവരെ കാലം കാത്തുനിൽക്കട്ടെ.
കവർ: ജ്യോതിസ് പരവൂർ
