പൂമുഖം LITERATUREലോകകഥ മിസ്സിസ് വിൽക്ക് – റോബർട്ട് വാൾസർ

മിസ്സിസ് വിൽക്ക് – റോബർട്ട് വാൾസർ

താാമസിക്കാൻ സൗകര്യപ്രദമായ ഒരു സ്ഥലം നോക്കി നടക്കുന്നതിനിടയിൽ ഒരു ദിവസം നഗരത്തിനു തൊട്ടുപുറത്ത്, ട്രാം വേയ്ക്കു വളരെ അടുത്തുമായി കൗതുകം തോന്നിക്കുന്ന ഒരു വീടു കണ്ട് ഞാൻ കയറിച്ചെന്നു; പ്രൗഢവും പഴക്കമുള്ളതും ആരും നോക്കാനില്ലെന്നു തോന്നിച്ചതുമായ ആ കെട്ടിടത്തിന്റെ പുറംകാഴ്ച ഒറ്റനോട്ടത്തിൽ എന്നെ വശീകരിച്ചുകളഞ്ഞു.

നല്ല വീതിയും വെളിച്ചവുമുള്ള കോണിപ്പടി സാവധാനം കയറുമ്പോൾ പൊയ്പോയൊരു ചാരുതയുടെ ശബ്ദങ്ങളും ഗന്ധങ്ങളും എനിക്കു ചുറ്റുമുണ്ടായിരുന്നു.

ഗതകാലസൗന്ദര്യം എന്നു വിളിക്കപ്പെടുന്ന സംഗതി ചിലരെ വല്ലാതങ്ങാകർഷിച്ചുകളയും. നമ്മെ സ്പർശിക്കുന്നതെന്തോ നാശാവശിഷ്ടങ്ങൾക്കുണ്ട്. അഭിജാതവസ്തുക്കളുടെ അവശേഷങ്ങൾക്കു മുന്നിൽ നമ്മുടെ ചിന്തിക്കുന്ന, വികാരം കൊള്ളുന്ന ആത്മാവുകൾ അറിയാതെ തല കുമ്പിട്ടുപോകുന്നു. ഒരിക്കൽ വിശിഷ്ടവും പരിഷ്കൃതവും ഉജ്ജ്വലവുമായിരുന്നവയിൽ ഇന്നെന്താണു ശേഷിക്കുന്നതെന്നു കാണുമ്പോൾ സഹാനുഭൂതിയാണു നമ്മിൽ നിറയുന്നതെങ്കിലും അതേ നിമിഷം തന്നെ അവയോടുള്ള ഒരാദരവും നമ്മിൽ നിറയുകയാണ്‌. പൊയ്പോയ നാളുകളേ, പഴമയുടെ ജീർണ്ണതേ, എന്തു വശ്യതയാണു നിങ്ങൾക്ക്!

വാതില്ക്കൽ “മിസ്സിസ് വിൽക്ക്” എന്നെഴുതിവച്ചിരിക്കുന്നത് ഞാൻ വായിച്ചു. വളരെ ശ്രദ്ധയോടെ, പതുക്കെ ഞാനൊന്നു കാളിംഗ് ബൽ അടിച്ചു. പക്ഷേ, ബല്ലടിച്ചതുകൊണ്ട് ഒരു കാര്യവുമില്ല, ആരും കതകു തുറക്കുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ വാതിലിൽ ഒന്നു മുട്ടി; ആരോ നടന്നടുക്കുന്നതു കേട്ടു.

വളരെ കരുതലോടെയും വളരെ സാവധാനത്തിലും ആരോ കതകു തുറന്നു. എല്ലും തൊലിയുമായ, നല്ല ഉയരമുള്ള ഒരു സ്ത്രീയാണ്‌ എനിക്കു മുന്നിൽ നില്ക്കുന്നത്. “എന്താ വേണ്ടത്?” വളരെ പതിഞ്ഞ ശബ്ദത്തിൽ അവർ ചോദിച്ചു.

വല്ലാതെ വരണ്ടതും പരുഷവുമായിരുന്നു ആ ശബ്ദം.

“എനിക്കു മുറിയൊന്നു കാണാമോ?”

“പിന്നെന്താ. കയറിവരൂ.”

വല്ലാതിരുണ്ടുകിടക്കുന്ന ഒരിടനാഴിയിലൂടെ അവരെന്നെ മുറിയിലേക്കു കൊണ്ടുപോയി; ഒറ്റ നോട്ടത്തിൽത്തന്നെ അതെനിക്കിഷ്ടപ്പെടുകയും ചെയ്തു. മാന്യവും കുലീനവുമെന്നു പറയാവുന്നതായിരുന്നു അതിന്റെ ആകൃതി; ഒന്നിടുങ്ങിയതാണെങ്കിലും അതിനൊത്തവിധം നല്ല ഉയരം മച്ചിനുമുണ്ട്. ഒന്നു പരുങ്ങാതെയുമല്ല, വാടക എത്രയായിരിക്കുമെന്ന് ഞാൻ അന്വേഷിച്ചു; വളരെ മിതമായ തുകയാണ്‌ അവർ പറഞ്ഞതെന്നതിനാൽ രണ്ടാമതൊന്നാലോചിക്കാതെ ഞാൻ ആ മുറി എടുക്കുകയും ചെയ്തു.

അതു കഴിഞ്ഞപ്പോൾ എനിക്കൊരു സന്തോഷം തോന്നി; കഴിഞ്ഞ കുറേക്കാലമായി വിചിത്രമായൊരു മാനസികാവസ്ഥയിലായിരുന്നുവെന്നതിനാൽ എവിടെയെങ്കിലുമൊന്നു കിടന്നാൽ മതിയെന്ന മട്ടിൽ വല്ലാതെ പരിക്ഷീണനായിരുന്നു ഞാൻ. കുറേ നാളായി വീടു നോക്കിനടന്നതിന്റെ മടുപ്പും നിരാശയുമൊക്കെക്കൂടിയായപ്പോൾ സാമാന്യം ഭേദപ്പെട്ടൊരു സുരക്ഷിതത്വം കിട്ടിയാൽ മതി എന്നൊരവസ്ഥയിലേക്ക് ഞാനെത്തിയിരുന്നു; ചെന്നുകിടക്കാനൊരിടമുള്ളതിന്റെ മനസ്സമാധാനം എനിക്കെത്ര സ്വാഗതാർഹമായിരുന്നു എന്നു പറയേണ്ടല്ലോ.

“എന്തു ജോലി ചെയ്യുന്നു?” അവർ ചോദിച്ചു.

“കവിയാണ്‌!” ഞാൻ പറഞ്ഞു.

പിന്നൊന്നും മിണ്ടാതെ അവർ തിരിച്ചുപോയി.

ഒരു പ്രഭുവിനു വേണമെങ്കിൽ ഇവിടെ താമസിക്കാം, എന്റെ പുതിയ വാസസ്ഥലം സൂക്ഷ്മമായി പരിശോധിക്കുന്നതിനിടയിൽ ഞാൻ സ്വയം പറഞ്ഞു. മനോഹരമായ ഈ മുറിയ്ക്ക്, ഞാൻ ആത്മഗതം തുടർന്നു, നിസ്സംശയമായും വലിയൊരു ഗുണമുണ്ട്: വളരെ അകലെയാണിത്. ഒരു ഗുഹയ്ക്കുള്ളിലെന്നപോലെ നിശ്ശബ്ദതയാണിവിടെ. ഒരു സംശയവുമില്ല: ഒളിച്ചിരിക്കുന്നപോലത്തെ ഒരനുഭൂതിയാണെനിക്ക്. ഉള്ളിന്റെയുള്ളിൽ എനിക്കുണ്ടായിരുന്ന ഒരുത്കടാഭിലാഷം സാധിതമായപോലെ തോന്നുന്നു. മുറി, ഞാൻ കാണുന്നത്, അല്ലെങ്കിൽ കാണുന്നതായി എനിക്കു തോന്നുന്നത്, പാതിയിരുട്ടിലായിട്ടാണ്‌. ഇരുണ്ട വെളിച്ചവും വെളിച്ചമുള്ള ഇരുട്ടും എനിക്കു ചുറ്റും ഒഴുകിനടക്കുന്നപോലെ. എടുത്തുപറയേണ്ട കാര്യം തന്നെയാണത്. നമുക്കൊന്നു ചുറ്റിനടന്നു നോക്കാം! മനസ്സു വിഷമിപ്പിക്കേണ്ട ഒരു കാര്യവുമില്ല, സർ! ഒരു തിരക്കുമില്ല. വേണ്ടത്ര സമയമെടുത്തോളൂ. ചുമരിലവിടവിടെ വാൾപേപ്പർ ദാരുണമായ കഷണങ്ങളായി കീറിത്തൂങ്ങിക്കിടപ്പുണ്ട്. അതു ശരിതന്നെ! എനിക്കിഷ്ടം തോന്നാനുള്ള കാരണവും അതല്ലേ. ജീർണ്ണതയും അവഗണനയും കുറേയൊക്കെ എനിക്കിഷ്ടമാണ്‌. ആ കീറത്തുണ്ടുകൾ അങ്ങനെ തൂങ്ങിക്കിടന്നോട്ടെ; എന്തുവന്നാലും ഞാനതു മാറ്റിയൊട്ടിക്കാനൊന്നും പോകുന്നില്ല. അതങ്ങനെ തൂങ്ങിക്കിടക്കുന്നതുകൊണ്ട് എനിക്കൊരു തൃപ്തിക്കുറവുമില്ല. ഒരു പ്രഭു ഇവിടെ താമസിച്ചിരുന്നു എന്നാണെന്റെ വിശ്വാസം. ഓഫീസർമാർ ഇവിടെയിരുന്ന് ഷാമ്പെയ്ൻ കഴിച്ചിട്ടുണ്ടാവണം. പൊക്കത്തിൽ, വീതി കുറഞ്ഞ ജനാലയുടെ കർട്ടൻ പഴകി, പൊടി പിടിച്ചപോലെയാണ്‌ കാണപ്പെടുന്നത്. എന്നാൽ മനോഹരമായി വീണുകിടക്കുന്ന അതിന്റെ മടക്കുകൾ വിശിഷ്ടമായ ഒരഭിരുചിയും പേലവമായ ഒരു സംവേദനത്വവും വെളിപ്പെടുത്തുന്നതുമാണ്‌. വെളിയിൽ പൂന്തോട്ടത്തിൽ, ജനാലയ്ക്കരികിലായി ഒരു ബർച്ചുമരം നില്പ്പുണ്ട്. വേനല്ക്കാലമാവുമ്പോൾ അതിന്റെ പച്ചപ്പ് ചിരിച്ചും കൊണ്ടെന്റെ മുറിയിലേക്കു കടന്നുവരും, അതിന്റെ ഓമനച്ചില്ലകളിൽ പാടുന്ന പലതരം കിളികൾ ഒത്തുചേരും, എന്റെയെന്നപോലെ അവയുടേയും ആഹ്ലാദത്തിനായി. ഈ വിശിഷ്ടമായ പഴയ എഴുത്തുമേശ ഒന്നാന്തരമാണ്‌; നൈപുണ്യത്തിന്റെ ആ പഴയകാലത്തു നിന്നു കൈമാറിക്കിട്ടിയതാണതെന്നതിൽ സംശയം വേണ്ട. ഞാൻ അതിന്മേൽ വച്ച് ലേഖനങ്ങളും സ്കെച്ചുകളും വിവരണങ്ങളും ചെറുകഥകളും, അല്ല നോവലുകൾ തന്നെയും, എഴുതിയെന്നു വരാം; ദയവു ചെയ്ത് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന അപേക്ഷയുമായി ഞാനവ പെക്കിംഗ് ഡയ്‌ലി ന്യൂസ്, മെർക്യൂർ ഡി ഫ്രാൻസ് തുടങ്ങിയ പത്രമാസികകളുടെ കണിശക്കാരും ആദരണീയരുമായ പത്രാധിപന്മാർക്കയച്ചുകൊടുത്തുവെന്നുവരാം; എനിക്കതുവഴി പ്രശസ്തിയും ഐശ്വര്യവും സിദ്ധിച്ചുവെന്നും വരാം.

കട്ടിലിന്‌ കുറ്റം പറയാൻ ഒന്നും കാണുന്നില്ല. ഇക്കാര്യത്തിൽ സൂക്ഷ്മമായ ഒരു നിരീക്ഷണം ഞാൻ വേണ്ടെന്നു വയ്ക്കുന്നു. ഈ സമയത്താണ്‌ തികച്ചും വിചിത്രവും നിഴൽരൂപം പോലെയുമായ ഒരു ഹാറ്റ്സ്റ്റാൻഡ് എന്റെ കണ്ണിലും ശ്രദ്ധയിലും പെടുന്നത്. അങ്ങപ്പുറത്ത് ബേസിനു മുകളിലെ കണ്ണാടി ഞാൻ കാണാൻ എങ്ങനെയുണ്ടെന്ന് ദിനവും വിശ്വസ്തതയോടെ കാട്ടിത്തരുമെന്ന് ന്യായമായും വിശ്വസിക്കാം. എനിക്കു കാണാൻ അതു കാട്ടിത്തരുന്ന പ്രതിബിംബം എന്നെ തൃപ്തിപ്പെടുത്തുന്നതായിരിക്കുമെന്നാണെന്റെ പ്രതീക്ഷ. സോഫ പഴയതാണ്‌; അതിനാൽ എനിക്കു ഹിതകരവും ഉചിതവുമാണത്. പുതിയ ഫർണീച്ചർ പെട്ടെന്നെന്റെ മനസ്സമാധാനം കെടുത്തും, എന്തെന്നാൽ പുതുമയ്ക്ക് വലിഞ്ഞുകേറിവരുന്ന ഒരു സ്വഭാവമുണ്ട്, അതു പലപ്പോഴും വിലങ്ങടിച്ചുനില്ക്കുകയും ചെയ്യും. ഒരു ഡച്ച് ഭൂദൃശ്യവും സ്വിസ്സ് ഭൂദൃശ്യവും ചുമരിൽ എളിമയോടെ തൂങ്ങിക്കിടക്കുന്നത് ആനന്ദത്തോടെയും സംതൃപ്തിയോടെയും ഞാൻ നിരീക്ഷിക്കുന്നു. ആ രണ്ടു ചിത്രങ്ങൾ പലപ്പോഴും ഞാൻ അതീവശ്രദ്ധയോടെ നോക്കിനില്ക്കുമെന്നതിൽ സംശയം വേണ്ട. മുറിയിലെ വായുവിനെക്കുറിച്ചാണെങ്കിൽ, ഉള്ളിൽ ആവശ്യത്തിനു വായുസഞ്ചാരം വേണ്ടതാണെന്ന ചിന്ത കുറേക്കാലമായിട്ടില്ലെന്നു വിചാരിക്കുന്നതിൽ അത്ര വലിയ പിശകു പറ്റില്ലെന്നാണെന്റെ തോന്നൽ. ഒരു ജീർണ്ണിച്ച മണം അവിടെ തങ്ങിനില്ക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പിച്ചുതന്നെ പറയുന്നു. കെട്ട വായു ശ്വസിക്കുന്നതിൽ എനിക്കു സവിശേഷമായ ഒരാനന്ദം തോന്നാറുണ്ട്. അതെന്തുമാവട്ടെ, ദിവസങ്ങളോ മാസങ്ങളോ തുടർച്ചയായി എനിക്കു ജനാല തുറന്നിടാവുന്നതാണല്ലോ; അപ്പോൾ നല്ലതും ശരിയും എന്റെ മുറിയിലേക്ക് അടിച്ചുകയറുകയും ചെയ്യും.

“നേരത്തേതന്നെ എഴുന്നേല്ക്കണം. കൂടുതൽ നേരം കിടന്നുറങ്ങുന്നത് എനിക്കനുവദിക്കാൻ പറ്റില്ല,” മിസ്സിസ് വിൽക്ക് എന്നോടായി പറഞ്ഞു. അതല്ലാതെ അവർ പിന്നൊന്നും പറഞ്ഞില്ല.

പകൽ മുഴുവൻ പലപ്പോഴും ഞാൻ കിടക്കയിൽത്തന്നെ കഴിച്ചുകൂട്ടിയിരുന്നു എന്നതാണതിനു കാരണം.

കാര്യങ്ങൾ എനിക്കത്ര പന്തിയായില്ല. എനിക്കു ചുറ്റും ജീർണ്ണതയായിരുന്നു എവിടെയും. ഹൃദയഭാരത്തിൽ മുങ്ങിയിട്ടെന്നപോലെ ഞാൻ അവിടെ കിടന്നു; എനിക്കെന്നെ നഷ്ടമായി, എനിക്കെന്നെ കണ്ടുപിടിക്കാനും കഴിഞ്ഞില്ല. ഒരുകാലത്ത് തെളിഞ്ഞതും പ്രസന്നവുമായിരുന്ന എന്റെ ചിന്തകൾ ഇരുണ്ടും അടുക്കും ചിട്ടയും തെറ്റിയും അലഞ്ഞുനടന്നു. എന്റെ മനസ്സ് കണ്ണുകൾക്കു മുന്നിൽ ഉടഞ്ഞുതരിപ്പണമായിക്കിടന്നു. ചിന്തയും വികാരവും കൂടിക്കുഴഞ്ഞു. എന്റെ ഹൃദയത്തിനു സകലതും മൃതവും ശൂന്യവും ഹതാശവുമായിരുന്നു. എനിക്കിപ്പോൾ ഒരാത്മാവില്ല, ആഹ്ലാദം ഞാനറിയുന്നില്ല; ഞാൻ സന്തുഷ്ടനും ധീരനും ദയാലുവും മനക്കരുത്തുള്ളവനും ശുഭാപ്തിവിശ്വാസിയുമായിരുന്ന ഒരു കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പോലും എത്ര അവ്യക്തമായിരുന്നു. എത്ര ദാരുണമായിരുന്നു അത്! എനിക്കു മുന്നിലും പിന്നിലും ചുറ്റിലും പ്രത്യാശയുടെ ഒരു കണിക പോലും ഞാൻ കണ്ടില്ല.

എന്നിട്ടും എന്നും നേരത്തേ എഴുന്നേറ്റുകൊള്ളാമെന്ന് ഞാൻ മിസ്സിസ് വിൽക്കിനു വാക്കു കൊടുത്തു; ഞാൻ കാര്യമായി പണിയെടുക്കാനും തുടങ്ങി എന്നതാണു വസ്തുത.

ഞാൻ പലപ്പോഴും അടുത്തുള്ള പൈൻമരക്കാട്ടിലേക്കു നടക്കാൻ പോകാറുണ്ടായിരുന്നു; വിഷാദത്തിൽ വീഴാതെന്നെ രക്ഷിച്ചുനിർത്തിയത് അതിന്റെ ഭംഗികളും ഹേമന്തത്തിലതിന്റെ ഏകാന്തതയുമായിരുന്നെന്നു തോന്നുന്നു. അവാച്യമാം വിധം സഹാനുഭൂതി നിറഞ്ഞ ശബ്ദങ്ങൾ മരങ്ങൾക്കുയരത്തിൽ നിന്നെന്നോടായിപ്പറഞ്ഞു: “ഈ ലോകത്തു സകലതും കഠിനവും വ്യാജവും ദുഷ്ടവുമാണെന്ന ഇരുണ്ട വീക്ഷണത്തിലേക്കൊരിക്കലുമെത്തരുതേ. ആകുമ്പോഴൊക്കെ ഞങ്ങളിലേക്കു വരൂ; കാടിനു നിന്നെ ഇഷ്ടമാണ്‌. അതിന്റെ സഹവാസത്തിൽ ആരോഗ്യവും ഉന്മേഷവും നിനക്കു വീണ്ടുകിട്ടും, ഉന്നതവും മനോഹരവുമായ ചിന്തകളിൽ നിനക്കു വ്യാപരിക്കുകയുമാവാം.”

സമൂഹത്തിലേക്ക്, അതായത്, വിശാലലോകം സമ്മേളിക്കുന്നിടത്തേക്ക്, ഞാൻ പോയതേയില്ല. ഞാൻ അവിടെച്ചെന്നിട്ട് ഒരു കാര്യവുമില്ല, കാരണം, ജീവിതത്തിൽ വിജയിക്കാത്തവനാണല്ലോ ഞാൻ. ആളുകളെ നേരിടാനറിയാത്തവൻ ആളുകളോടിടപെടേണ്ട കാര്യവുമില്ല.

പാവം മിസ്സിസ് വിൽക്ക്, പിന്നെ വൈകാതെ നിങ്ങൾ മരിച്ചുപോയല്ലോ.

സാധുവും ഏകാകിയുമായ ഏതൊരാൾക്കും സാധുക്കളും ഏകാകികളുമായ അന്യരെ അത്രകണ്ടു നന്നായി മനസ്സിലാക്കാൻ കഴിയും. സ്വന്തം സഹജീവികളെ മനസ്സിലാക്കാനെങ്കിലും നാം ശീലിക്കണം; അവരുടെ ഭാഗ്യക്കേടുകളെ, അവരുടെ നാണക്കേടുകളെ, അവരുടെ സങ്കടങ്ങളെ, അവരുടെ ദൗർബ്ബല്യങ്ങളെ, അവരുടെ മരണത്തെ തടയുന്ന കാര്യത്തിൽ എന്തായാലും നിസ്സഹായരാണല്ലോ നാം.
ഒരു ദിവസം തന്റെ കൈ എനിക്കു നേർക്കു നീട്ടിക്കൊണ്ട് മിസ്സിസ് വിൽക്ക് മന്ത്രിച്ചു: “എന്റെ കൈയൊന്നു പിടിക്കൂ. ഐസ് പോലെ തണുത്തിരിക്കുന്നു.”

ഞാൻ അവരുടെ പാവം തോന്നുന്ന, പ്രായം ചെന്ന, മെലിഞ്ഞ കൈ എന്റെ കൈയിൽ എടുത്തുപിടിച്ചു. അത് ഐസ് പോലെ തണുത്തിരുന്നു.

മിസ്സിസ് വിൽക്ക് തന്റെ വീട്ടിനുള്ളിൽ ഒരു പ്രേതത്തെപ്പോലെ ഇഴഞ്ഞുനടന്നു. ആരും അവരെ കാണാൻ ചെന്നില്ല. ചൂടു പിടിപ്പിക്കാത്ത മുറിയിൽ ദിവസങ്ങളായി അവർ ഒറ്റയിരുപ്പിരുന്നു.

ഒറ്റയ്ക്കാവുക: ഇരുമ്പു പോലെ തണുത്ത ഭീതി, ശവക്കുഴിയുടെ സൂചന, കനിവറ്റ മരണത്തിന്റെ സന്ദേശവാഹകൻ. ഹാ, ഒറ്റയ്ക്കായിപ്പോയ ഒരാൾക്കൊരിക്കലും മറ്റൊരാളുടെ ഒറ്റപ്പെടൽ അസാധാരണമായി തോന്നുകയില്ല.

മിസ്സിസ് വിൽക്ക് പട്ടിണി കിടക്കുകയാണെന്ന് എനിക്കു മനസ്സിലായി. വീടിന്റെ ഉടമസ്ഥയായ സ്ത്രീ (മിസ്സിസ് വിൽക്കിന്റെ മുറികൾ അവർ പിന്നെ തിരിച്ചെടുത്തു, എന്നെ ഇറക്കിവിട്ടില്ലെങ്കിലും) അവരുടെ ദയനീയാവസ്ഥ കണ്ടു ദയവു തോന്നിയിട്ടുതന്നെയാവണം, എന്നും ഉച്ചയ്ക്കും വൈകിട്ടും ഓരോ പാത്രം സൂപ്പ് കൊണ്ടുകൊടുത്തിരുന്നു; അതും അധികകാലം നീണ്ടില്ല; അങ്ങനെ മിസ്സിസ് വിൽക്ക് പതിയെപ്പതിയെ നിർജ്ജീവയായി. അനക്കമറ്റ് അവർ കിടന്നു. സിറ്റി ഹോസ്പിറ്റലിലേക്കു മാറ്റി നാലാം ദിവസം അവർ മരിച്ചു.

അവർ മരിച്ച് അധികദിവസം കഴിയുന്നതിനു മുമ്പൊരു വൈകുന്നേരം ഞാൻ അവരുടെ മുറിയൊന്നു കയറിനോക്കി; ഉദാരമതിയായ സായാഹ്നസൂര്യൻ സൗമ്യവും പ്രസന്നവുമായ വർണ്ണങ്ങൾ കൊണ്ടതിനെ ദീപ്തമാക്കിയിരുന്നു. ആ സാധുസ്ത്രീ അടുത്തകാലം വരെ ധരിച്ചിരുന്നതൊക്കെ കട്ടിലിൽ കിടക്കുന്നതു ഞാൻ കണ്ടു: അവരുടെ സ്കേർട്ട്, അവരുടെ ഹാറ്റ്, കുട, നിലത്ത് അവരുടെ ചെറിയ ഷൂസും. ആ വിചിത്രദൃശ്യം പറയരുതാത്തവിധമെന്നെ വിഷാദത്തിൽ വീഴ്ത്തി; മരിച്ചത് ഞാൻ തന്നെയാണെന്ന് അപ്പോഴത്തെ മാനസികാവസ്ഥയിൽ എനിക്കു തോന്നിപ്പോയി; അത്ര മനോഹരവും വിപുലവുമായി പലപ്പോഴും എനിക്കു പ്രത്യക്ഷമായിരുന്ന, സമൃദ്ധികൾ നിറഞ്ഞ ജീവിതം അപ്പോഴെനിക്ക് തൊട്ടാൽ പൊടിഞ്ഞുപോകും വിധം ശുഷ്കവും ദരിദ്രവുമായി. കഴിഞ്ഞുപോയതും മറഞ്ഞുപോകുന്നതുമായതൊക്കെ എനിക്കപ്പോൾ അത്ര അടുത്തായിരുന്നു. മിസ്സിസ് വിൽക്കിന്റെ സമ്പാദ്യങ്ങളും നോക്കി കുറേ നേരം ഞാൻ അവിടെ നിന്നു; അവയ്ക്കവയുടെ ഉടമയെ നഷ്ടപ്പെട്ടിരിക്കുന്നു, അവ നിരർത്ഥകവുമായിരിക്കുന്നു. സായാഹ്നസൂര്യന്റെ മന്ദഹാസം മഹത്വപ്പെടുത്തുന്ന സ്വർണ്ണമയമായ ആ മുറിയിൽ അനങ്ങാനാവാതെ, യാതൊന്നും മനസ്സിലാകാതെ ഞാൻ നിന്നു. കുറച്ചുനേരം നിശ്ചേഷ്ടനായി നിന്നതിനു ശേഷം എനിക്കെന്റെ മനശ്ശാന്തി തിരിച്ചുകിട്ടി. ജീവിതം എന്റെ തോളത്തു പിടിച്ച് അത്യത്ഭുതകരമായ ഒരു നോട്ടത്തോടെ എന്റെ കണ്ണുകളിൽ ഉറ്റുനോക്കി. ലോകം എന്നത്തെയും പോലെ സജീവമായിരുന്നു, ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലെന്നപോലെ മനോഹരവുമായിരുന്നു. ഞാൻ സാവധാനം മുറിയിൽ നിന്നിറങ്ങി തെരുവിലേക്കു പോയി.
(1918)

robert

റോബർട്ട് വാൾസർ Robert Walser(1878-1956)- സ്വിറ്റ്സർലണ്ടുകാരനായ ജർമ്മൻ എഴുത്തുകാരൻ. ഒമ്പതു നോവലുകളും ആയിരത്തോളം കഥകളുമെഴുതി. 1933ൽ

മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് എഴുത്തു നിർത്തി, “ഞാൻ ഇവിടെ വന്നത്
എഴുതാനല്ല, ഭ്രാന്തനാവാനാണ്‌” എന്ന പ്രഖ്യാപനത്തോടെ. 1970 മുതലാണ്‌ അദ്ദേഹത്തിന്റെ കൃതികൾ പരക്കെ വായിക്കപ്പെടുന്നതെങ്കിലും, ക്രിസ്റ്റ്യൻ മോർഗൻസ്റ്റേൺ, കാഫ്ക, വാൾടർ ബന്യാമിൻ, ഹെസ്സേ ഇവരൊക്കെ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.

 

Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like