പൂമുഖം LITERATUREകവിത പരീക്ഷണങ്ങൾക്കിടയിലെ ചില സത്യാന്വേഷണങ്ങൾ

പരീക്ഷണങ്ങൾക്കിടയിലെ ചില സത്യാന്വേഷണങ്ങൾ

ദൃശ്യചാരുതയാർന്ന
ലാൻഡ്‌സ്‌കേപ്പുകൾക്കുപകരം
സ്‌ക്രീനുകളിൽ
ചടുലവേഗമാർന്ന പോർട്രേറ്റുകൾ.
വർണ വിന്യാസങ്ങൾ…
‘മാറിയ സോഫ്റ്റ്‌വെയർ പ്രഭാവം!’

കീബോർഡുകൾക്കുമുന്നിൽ
ആനന്ദധാരപകരുന്ന
പുതുമുഖട്രെയിനികൾ…
‘ആവേശഭരിത പ്രചാരകർ!’

മായികവലയങ്ങളിൽ
വിസ്മയസ്വപ്നങ്ങളുമായ്
വർണനകളിലേക്കു നീളുന്ന
വിരൽത്തുമ്പുകൾ…
‘കാണാച്ചരടിലെ പരീക്ഷണങ്ങൾ!’

മോണിറ്ററിൽ
വേദലിഖിത വർണ്ണസൂക്തങ്ങൾ…
‘ബ്രഹ്മസ്വരൂപമണിഞ്ഞ
പ്രപഞ്ചരസതന്ത്രങ്ങൾ!’

പരിഷ്കരിച്ച ‘സേർച്ചെഞ്ചിനു’കൾ
ദിനോസറുകൾക്കുമുൻപുള്ള വൻകരകളോ
ഗോത്രസംസ്കൃതികളുടെ കൗതുകങ്ങളോ
കണ്ടെത്തിയതേയില്ല..!

ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗങ്ങൾ
ദേവനാഗരിയിലേക്ക്
മൊഴിമാറ്റപ്പെട്ടിരിക്കുന്നു..!

മുഗളന്മാരുടെ
വിദ്വേഷകഥകൾക്കിടയിൽ
‘സേർച്ച് റേറ്റ്’ കുറഞ്ഞ,
കൊളോണിയലിസത്തിന്റെ
സംശയാസ്പദ ‘ഡാറ്റാബേസു’കൾ..!

മീററ്റിനും
ഗ്വാളിയാറിനുമിടയിലെവിടെയോ
നാട്ടുരാജാക്കന്മാരുടെ,
ത്രിമാനകല്പിത പടയോട്ടങ്ങൾക്കിടയിൽ
വിറങ്ങലിച്ച്, ഒരു
‘ജാലിയൻവാലാബാഗ്’ചിത്രം..!

‘രാഷ്ട്രപിതാവെ’ന്ന് ടൈപ്പുചെയ്തപ്പോൾ,
സ്വച്ഛഭാരത് മുദ്രകൾ —
‘ചൂലിനുകീഴേയൊരു പഴഞ്ചൻകണ്ണട!’

വർഗ്ഗീയകലാപങ്ങളുടേയും
കൂട്ടക്കുരുതികളുടേയും
മിഴിവില്ലാത്ത ചിത്രങ്ങൾക്ക്
‘മാപ്പിളലഹളയുടെ
തുടർച്ച’യെന്ന്, അടിക്കുറിപ്പ്!

വികസനമെന്നാൽ ‘മൂലധന’മെന്നും
അവശിഷ്ടമായത് ‘അധ്വാന’മെന്നും
ദാരിദ്ര്യം ‘ദൈവവിധി’യെന്നും
സ്വാതന്ത്ര്യം ‘സ്തുതി’യെന്നും
‘റിസൾട്ട്’ നൽകിക്കൊണ്ടേയിരിക്കുന്നു..!

ചരിത്രമെന്ന് ‘സേർച്ച്’ ചെയ്തപ്പോൾ
കെട്ടുകഥകളുടെ
‘ഗ്രാഫിക് വേർഷനുകൾ..!’
മതത്തിൽനിന്നും കലാപത്തിലേക്ക്…
കൃഷിയിൽനിന്നും ആത്മഹൂതിയിലേക്ക്…
‘വിരൽചൂണ്ടുന്ന ഹൈപ്പർലിങ്കുകൾ!’

‘ഗോ’ വിശേഷങ്ങളടങ്ങിയ
സചിത്ര ഡി-ലിറ്റു സംഹിതകൾക്കിടയിൽ
പേരില്ലാഫയലുകളുടെ ‘ന്യൂ ഫോൾഡറു’കൾ…
‘കാനേഷുമാരിയിൽ
മേൽവിലാസം നഷ്ടപ്പെട്ട ഖത്താതികൾ!’

വിറയ്ക്കുന്ന കൈവിരലുകളാൽ
അന്വേഷണങ്ങൾ തുടരുന്നുണ്ട്…

‘ഡിലീറ്റു’ചെയ്യപ്പെട്ട ഓർമകളുമായ്
‘എഡിറ്റു’ചെയ്യപ്പെട്ട പാഠഭാഗങ്ങളിലൂടെ…
‘ഞങ്ങളെ
കണ്ടെത്താനുള്ള പരീക്ഷണങ്ങൾ..!’

കവർ : സി പി ജോൺസൻ

Comments
Print Friendly, PDF & Email

You may also like