പൂമുഖം LITERATUREകഥ പച്ചത്തവളയും കണ്ടൻ പൂച്ചയും

പച്ചത്തവളയും കണ്ടൻ പൂച്ചയും

 

ണ്ണും പെണ്ണും, എന്റെ ദാമൂ, ” ശ്രീരാമൻ ദാമു പണിക്കനോടു പറഞ്ഞു, ” എത്ര നന്നാക്കുന്നോ അത്രേം നന്നാവും. ”

പാവലിനും പടവലത്തിനുമുള്ള നന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ശ്രീരാമൻ. മുണ്ടകൻ കൊയ്ത തന്റെ ഒരേക്കർ പാടത്താണ് അയാളുടെ പച്ചക്കറി കൃഷി .നേരം പുലർന്നു വരുന്നതേയുള്ളു. ഉദിക്കും മുമ്പ് തുടങ്ങിയ അധ്വാനത്തിന്റെ ഫലമായി അയാളുടെ ദേഹം വിയർത്തിരുന്നു. പ്രഭാതത്തിന്റെ ആദ്യ രശ്മികളേറ്റ് അയാളുടെ ഉടൽ എണ്ണ തേച്ചതു പോലെ തിളങ്ങി.

ഇടവഴിയുടെ വേലിയ്ക്കരുകിൽ പല്ലുതേച്ചു കൊണ്ട് നിൽക്കുകയാണ് ദാമു പണിക്കൻ.ശ്രീരാമന്റെ അയൽക്കാരനാണ് അയാൾ. അയാളുടെ ഇടതു കൈയിൽ ഉമിക്കരിയും നെടുകെ പിളർന്ന പച്ചയീർക്കിലുമുണ്ട്. ഉമിക്കരിച്ചാറ് നിറഞ്ഞ അയാളുടെ വായ ഇരുണ്ട ഒരു ഗുഹയിലേക്കുള്ള കവാടം പോലെ തോന്നിച്ചു .

“നിങ്ങളെ സമ്മതിക്കണം എന്റെ രാമച്ചാരേ “, പല്ലുതേപ്പ് അവസാനിപ്പിച്ച് കൈയിലുണ്ടായിരുന്ന ഉമിക്കരി തട്ടിക്കുടഞ്ഞു കൊണ്ട് ദാമു പണിക്കൻ പറഞ്ഞു, ”ഈ പ്രായത്തിലും ഇത്രേം അധ്വാനം!”

ശ്രീരാമനും ദാമു പണിക്കനും മധ്യവയസ്സ് പിന്നിട്ടിരിക്കുന്നു.

പുലരും മുമ്പ് പാടത്തിറങ്ങുന്ന ശ്രീരാമൻ ഇരുട്ടിയേ കയറൂ.രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണത്തിനു മാത്രമാണ് ഇടവേള. വൈകിട്ട് കുളി കഴിഞ്ഞാൽ ഷാപ്പിൽ പോയി ഒരു കുപ്പി കള്ള്.മഴയായാലും വെയിലായാലും ഈ ചിട്ട തെറ്റില്ല. അയാളുടെ ഉറച്ചു മുറുകിയ ദേഹം ആ ദിനചര്യ വിളിച്ചു പറയുന്നുണ്ട്.ദാമു പണിക്കനാണെങ്കിൽ ഇതിനകം ചെമ്പു കുടം പോലുള്ള ഒരു വയറിന്റെ ഉടമയായി കഴിഞ്ഞിരിക്കുന്നു. അയാളുടെ കുലത്തൊഴിലിന്റെ സംഭാവനയാണ് അത്. രാവിലെ മുതൽ വൈകുന്നേരം വരെ ആലയിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ടുള്ള ജോലിയുടെ ശേഷിപ്പ്.

” കൊത്തും കിളേം ഏല്ക്കണ മണ്ണ് ചമഞ്ഞൊരുങ്ങിയ പെണ്ണിനെപ്പോലെ കിടക്കും ദാമൂ” ശ്രീരാമൻ പറയും, “അത് കാണണത് തന്നെ ഒരു സന്തോഷാണ്. ”

ദാമു പണിക്കൻ അപ്പോൾ തന്റെ തൊഴിലിനെക്കുറിച്ച് ഓർക്കും. ഉലയിൽ നിന്ന് പഴുത്ത് കനൽ നിറമായ ഇരുമ്പ് പുറത്തെടുക്കുന്നതോടെ കൊല്ലൻ മറ്റൊരാളാവുകയാണ് . പിന്നെ ഒരു നിമിഷം പോലും കളയാനില്ല. വർഷങ്ങളുടെ കരിയും പുകയുമേറ്റ് ഉണ്ടായ ശ്വാസം മുട്ടും നടുവിന്റെ തീരാ വേദനയും അപ്പോൾ ഓച്ഛാനിച്ച് മാറി നിൽക്കും.കൂടം ഉയർന്നു താഴുന്നതിനനുസരിച്ച് ഇരുമ്പ് ഗോതമ്പുമാവു പോലെ കുഴഞ്ഞ് പതം വരും. വർഷങ്ങളായി ആവർത്തിക്കുന്നതാണെങ്കിലും ആ നിമിഷങ്ങൾ സന്തോഷത്തിന്റേതാണ്. അല്ലെങ്കിൽ ആ നിമിഷങ്ങളിലെ സന്തോഷത്തിനു വേണ്ടി മാത്രമാണ് താൻ എന്നും ആലയിലേക്ക് പോകുന്നത്.

രുഗ്മിണി പണിക്കത്തി മുറ്റം അടിച്ചുവാരുന്നുണ്ടായിരുന്നു. ദാമു പണിക്കന്റെ ഭാര്യയാണ് . ഒരേയൊരു മകളെ വിവാഹം കഴിച്ച് അയച്ചതോടെ വീട്ടിൽ ഇപ്പോൾ അവർ രണ്ടു പേരും മാത്രമാണ്. രുഗ്മിണി പണിക്കത്തിയെ കണ്ടാൽ വിവാഹിതയായ ഒരു പെൺകുട്ടിയുടെ അമ്മയാണെന്നൊന്നും പറയില്ലെന്ന്‌ ശ്രീരാമൻ ഓർത്തു.വർഷങ്ങളായി ഉലയുടെ ചൂട് ഏൽക്കുന്നതു കൊണ്ടാവണം അവരുടെ കവിളുകൾക്കും ചുണ്ടിനും പഴുത്ത ഇരുമ്പിന്റെ ഈ കനൽ നിറം.

ശ്രീരാമൻ ഇടവഴിയിൽ നിന്ന് വീട്ടിലേക്ക് കയറുന്നിടത്ത് ശങ്കരൻ വഴി മുടക്കി കിടക്കുന്നു. ദാമു പണിക്കന്റെ വീട്ടിലെ പൂച്ചയാണ് . യജമാന ഭാവത്തിലാണ് അവന്റെ കിടപ്പ്.അവനെ കാണുന്നതു തന്നെ ശ്രീരാമന് ഈർഷ്യയാണ്;ശ്രീരാമനെ കാണുന്നത് അവനും. അവർ തമ്മിൽ കണ്ടുമുട്ടുന്ന സന്ദർഭങ്ങളിൽ വാലും തലയും താഴ്ത്തി ശങ്കരൻ നീരസത്തോടെ നടന്നു പോകാറാണ് പതിവ്. പക്ഷേ ഇപ്പോൾ അവന് ഒരു കുലുക്കവുമില്ല. കണ്ണുകളുയർത്തി ശ്രീരാമനെ ഒന്നു നോക്കിയതല്ലാതെ കിടന്ന കിടപ്പിൽ നിന്ന് അവൻ അനങ്ങുന്നില്ല.

ദാമു പണിക്കന്റെ മകൾ കസ്തൂരിയുടെ അരുമയായിരുന്നു ശങ്കരൻ. അവളെ വിവാഹം കഴിച്ച് അയച്ചതോടെയാണ് അവൻ ശ്രീരാമന്റെ വീട്ടിലെ നിത്യസന്ദർശകനായത്. ഇപ്പോൾ ശങ്കരന്റെ പ്രിയം മുഴുവൻ ശ്രീരാമന്റെ ഭാര്യ ലളിതയോടാണ്. അവൾ നല്കുന്ന മീൻ ബാക്കി കളുടെ സ്ഥിരം ഉപഭോക്താവാണവൻ. പകൽ മുഴുവൻ അവൻ ലളിതയുടെ വാലായി പിന്നാലെ നടക്കും. സന്ധ്യയാകുമ്പോൾ ദാമു പണിക്കന്റെ വീട്ടിലേക്ക് തിരിച്ചു പോകും.

കസ്തൂരി ഭർത്താവുമൊത്ത് ദാമു പണിക്കന്റെ വീട്ടൽ വിരുന്നു വരുന്ന ദിവസങ്ങളിൽ
ശങ്കരനെ കാണാതാവും. എവിടെ പോകുന്നതാണെന്ന് ആർക്കും അറിയില്ല. കസ്തൂരിയും ഭർത്താവും മടങ്ങിക്കഴിഞ്ഞേ അവൻ തിരിച്ചു വരൂ.കസ്തൂരി വിവാഹം കഴിഞ്ഞു പോയതിനു ശേഷം ഒരിക്കൽ പോലും തമ്മിൽ കണേണ്ട സന്ദർഭം അവനായിട്ട് ഉണ്ടാക്കിയിട്ടില്ല.

തിരിച്ചു വന്നാൽ ശങ്കരൻ ആദ്യമെത്തുക ലളിതയുടെ അടുത്തേയ്ക്കാണ്. അടുക്കളപ്പുറത്തു വന്നിരുന്ന് അവൻ വലിയ വായിൽ നിലവിളിക്കും. പട്ടിണി കിടന്ന് എല്ലും തോലുമായിട്ടുണ്ടാവും. ദേഹത്ത് അവിടവിടെ ചില മുറിവുകളൊക്കെ കാണും.

ഇന്നു വരും നാളെ വരും എന്നു കാത്തിരിക്കുന്നതു കൊണ്ട് ലളിത അവനു വേണ്ടി എന്തെങ്കിലും എന്നും കരുതി വെച്ചിട്ടുണ്ടാവും. മൃഷ്ടാന്നം ഭക്ഷിച്ച് ലളിതയുടെ കൺവെട്ടത്തെവിടെയെങ്കിലും കിടന്ന് അവൻ ദീർഘമായി ഉറങ്ങും.

ഒരു രാത്രി കിടപ്പറയിലെ അരണ്ട ചിമ്മിനി വെട്ടത്തിലാണ്‌ ശ്രീരാമൻ ലളിതയുടെ വലതു കാൽവണ്ണയിൽ ഒരു ചാൺ നീളത്തിൽ ചുവന്ന ഒരു പോറലു കാണുന്നത്.

” ശങ്കരൻ കളിക്കുന്നതിനിടെ മാന്തിയതാ. മുറിയുമെന്ന് പാവം ഓർത്തു
കാണുകേല ”
ലളിത പറഞ്ഞു. അവളുടെ കണ്ണുകളിൽ ഒരു ചിരി അപ്പോൾ ഒളിച്ചു കളിച്ചത് ശ്രീരാമനെ അസ്വസ്ഥനാക്കി.

ഒരു പൂച്ചയ്ക്ക് എടുക്കാവുന്ന സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ട്, ശ്രീരാമൻ ഓർത്തു.അത് പക്ഷേ ലളിത മനസ്സിലാക്കാത്തതെന്താണ്?

ചന്തയിൽ മീൻ വാങ്ങാൻ പോകുന്ന അവസരങ്ങൾ ശ്രീരാമന് അസുഖകരമായി തുടങ്ങി. മുട്ടിനു മുകളിൽ മുണ്ട് തെറുത്തു കയറ്റി,കുന്തിച്ചിരുന്ന് മീൻ വെട്ടുന്ന ലളിതയുടെയും അവൾക്കു മുന്നിൽ നാവു നീട്ടി മീശയും ചുണ്ടും തുടച്ച് ഉമിനീരിറക്കിക്കൊണ്ട് ഇരിക്കുന്ന ശങ്കരന്റെയും ചിത്രം അപ്പൊഴൊക്കെ അയാളെ പിൻതുടർന്നു.

“പൂച്ചയാണെങ്കിലും അവൻ ഒരാണാണ്, സൂക്ഷിക്കണം” ഒരു രാത്രി ശ്രീരാമൻ രതി പൂർവ ലീലകൾക്കിടെ ഭാര്യയോടു പറഞ്ഞു .അവൾ അതു കേട്ടതായി ഭാവിച്ചില്ല. പക്ഷേ അന്ന് ലളിത കിടക്കയിൽ അതു വരെ അറിഞ്ഞിട്ടില്ലാത്ത ഒരു വിസ്മയമാകുന്നത് അയാൾ കണ്ടു.ഷാപ്പിലെ ഒരു കുപ്പി പതിവുകാരനായ ശ്രീരാമൻ പിറ്റെന്ന് മൂന്നു കുപ്പി കുടിച്ച് കാലുറയ്ക്കാതെയാണ് വീടണഞ്ഞത്.

വഴിമുടക്കി കിടന്ന ശങ്കരനെ ശ്രീരാമൻ സൂക്ഷിച്ചു നോക്കി. അവൻ എഴുന്നേറ്റു പോകാനുള്ള ഒരുക്കമൊന്നുമില്ല. മാത്രമല്ല ആ യജമാന ഭാവത്തിൽ തരിമ്പും അയവുമില്ല.

ശങ്കരന്റെ മുന്നിൽ പുല്ലുകൾക്കിടയിൽ ഒരു നനഞ്ഞ പച്ചത്തിളക്കം അപ്പൊഴാണ് ശ്രീരാമൻ ശ്രദ്ധിച്ചത് .

വലിയ ഒരു പച്ചത്തവള. ഒറ്റ നോട്ടത്തിൽ ഒരു മാദകത്തിടമ്പ്, സിൽക്ക് സ്മിതയെപ്പോലെ. ശ്വാസത്തിന്റെ ചലനം മാത്രമേയുള്ളു.ശങ്കരന്റെ കണ്ണുകളിൽ ഉറ്റു നോക്കിയിരിപ്പാണ്‌ . മാദകത്തിടമ്പ് ചാടാൻ ഭാവിക്കുമ്പൊൾ ശങ്കരൻ തന്റെ പതുപതുത്ത കൈ കഴുത്തിലിട്ട് ചേർത്തു പിടിക്കും.

ശ്രീരാമൻ കുറച്ചു നേരം അതു കണ്ടു നിന്നു. അയാളുടെ ഞരമ്പുകൾക്കുള്ളിലെവിടെയോ വെടിമരുന്നിന് തീപിടിച്ചു.

” പ്ഭ, പൂച്ചേ” അയാൾ കതിന പൊട്ടും പോലെ അലറി.

ശങ്കരൻ പാഞ്ഞ വഴി കണ്ടില്ല.

അയാൾ കുനിഞ്ഞ് ആ പച്ചത്തവളയെ കൈയിലെടുത്തു.വെളുത്ത അടിവയർ. കടഞ്ഞെടുത്ത തുടകൾ. തുറിച്ച കണ്ണുകളിൽ പുൽപ്പറമ്പിന്റെ പച്ച മുഴുവനുമുണ്ട്.

ശ്രീരാമന് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.

പുൽപ്പറമ്പുകളുടെ തുറസ്സുകളല്ല ,കിണറിന്റെ ഇരുണ്ട ആഴങ്ങളാണ് ശങ്കരാ തവളകൾക്കു വേണ്ടത് .

അയാൾ കൈ വെള്ളയിൽ പച്ചത്തവളയുടെ വഴുവഴുത്ത ഭാരവുമേന്തി വീട്ടുമുറ്റത്തെ കിണറിന്നരികിലേക്ക് നടന്നു .

Comments
Print Friendly, PDF & Email

മുൻ വ്യോമ സൈനികൻ.
ഇപ്പോൾ ഇന്ത്യൻ ഓഡിറ്റ് ആൻറ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ.
വിവാഹിതൻ.
രണ്ടു മക്കളുടെ അച്ഛൻ.

You may also like