പൂമുഖം BOOK REVIEW കാണാക്കാഴ്‌ചകളുടെ ചലച്ചിത്രരേഖകള്‍

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം)

1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി. കെ. ചെറിയാന്‍റെ ഏറ്റവും പുതിയ പുസ്തകമായ ‘ചലച്ചിത്രവിചാരം’ മുന്‍-പിന്‍‌യാത്രകള്‍ തുടങ്ങുന്നത്.

ഇനിയും പരക്കെ അറിയപ്പെടാത്ത പല വസ്തുതകളും, ചലച്ചിത്രലോകത്തിന്‍റെ വളര്‍ച്ചയിലെ നിര്‍ണ്ണായക വഴിത്തിരിവുകളും, ചില ഓര്‍മ്മപ്പെടുത്തലുകളുമെല്ലാം ചേര്‍ത്ത് മൂന്നു ഭാഗങ്ങളായാണ്‌ ‘ചലച്ചിത്രവിചാരം’ നമ്മോടു സം‌വദിക്കുന്നത്. തദ്‌സംബന്ധിയായി ചേര്‍ത്തിരിക്കുന്ന ചില അഭിമുഖങ്ങള്‍ പ്രധാനവിഷയങ്ങള്‍ക്ക് ഉപോത്ബലകമാകുന്നുണ്ട്.

ഇന്ത്യ സ്വതന്ത്രമാകുന്നതിനൊപ്പം തന്നെ ഒരു നവചലച്ചിത്രസംസ്ക്കാരത്തിന്‍റെ കാഴ്ചകളും കണ്ടെത്തലുകളും ഉറവെടുക്കുന്നുണ്ട്. ആ തുടക്കം അതേവര്‍ഷം തന്നെ കല്‍ക്കത്തയിലാരംഭിച്ച ഫിലിം സൊസൈറ്റിയിലൂടെയായിരുന്നു. ഇന്ന് ചലച്ചിത്രപഠനങ്ങള്‍ ലോകമെമ്പാടുമുള്ള സര്വ്വകലാശാലകള്‍ അതിപ്രാധാന്യത്തോടെ ഏറ്റെടുത്തിരിക്കുന്നതു കാണുമ്പോള്‍, ആ ഫിലിം സൊസൈറ്റി രൂപീകരണവും തുടര്‍ന്ന് ഇന്ത്യയിലുണ്ടായ സിനിമാവിപ്ലവവും നമുക്ക് വിലകുറച്ചുകാണാനാവില്ല. തുടര്‍ന്ന്, ചലച്ചിത്രവാര്‍ത്തകളും പഠനങ്ങളും അന്നത്തെ അച്ചടി-ശ്രാവ്യമാധ്യമങ്ങള്‍ക്ക് നിലനില്പിന്‍റെ അവശ്യഘടകങ്ങളായി മാറി. ഏതാണ്ട് എഴുപതുകളുടെ തുടക്കം വരെ സിനിമകാണല്‍ എന്നത് അഗമ്യഗമനം പോലെതന്നെ നിഷിദ്ധമായിരുന്നു എന്ന് പറഞ്ഞാല്‍ പുതിയകാലത്ത് വളരെ അവിശ്വസനീയമായി തോന്നാം. ചലച്ചിത്രക്കാഴ്ചകള്‍ വിശുദ്ധിയുടെ ജ്ഞാനസ്നാനങ്ങളേറ്റുവാങ്ങിത്തുടങ്ങുന്നത് അവിടെ നിന്നാണ്‌. 16- 35 mm ല്‍ ലഭ്യമായിരുന്ന ലാറ്റിനമേരിക്കന്‍ -യൂറോപ്യന്‍ ചിത്രങ്ങള്‍ അന്നു കാണണമെങ്കില്‍ ഭാരമേറിയ ഫിലിം പെട്ടികള്‍ ഇന്ത്യയില്‍ എത്തിച്ചേരേണ്ടതുണ്ടായിരുന്നു. ആ ആദ്യകാലചലച്ചിത്രങ്ങളെക്കുറിച്ച് വി. കെ ചെറിയാന്‍ ‘ചലച്ചിത്രവിചാര’ത്തില്‍ വിശദീകരിക്കുന്നുണ്ട്. 1950 കള്‍ക്കു മുമ്പുതന്നെ, ഇന്ത്യയിലുണ്ടായിരുന്ന വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ വഴി അക്കാലത്തെ മികച്ച സിനിമകള്‍ കാണാനും അവയുടെ സം‌വിധായകരുമായി ബന്ധപ്പെടാനും കല്‍ക്കത്ത ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിരുന്നു. Jean Renoir, Vsevolod Pudovkin എന്നീ സം‌വിധായകരുമായി വിശദമായുള്ള സം‌വാദങ്ങള്‍ക്ക് അന്നു വഴിയൊരുങ്ങിയിരുന്നതായി ചെറിയാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സത്യജിത് റായ്‌യുടെ കണ്ടെത്തലുകളില്‍ നിന്നുണ്ടായ ആദ്യസിനിമകളുടെ ജീവിതവഴികളില്‍ നിന്ന്‌ ഒട്ടും താഴാതെ തന്നെയാണ്‌ ലോകചലച്ചിത്രവേദിയില്‍ ഇന്ത്യന്‍ സിനിമ നിലകൊള്ളുന്നത്.‌

Courtesy Adoor Gopalakrishnan

1950 ല്‍ ഇന്ദിരാഗാന്ധി നടത്തിയ ഒരു പാരീസ് സന്ദര്‍ശനത്തില്‍, ഫ്രെഞ്ച് പൗരനായ ജഹാംഗീര്‍ ഭവ്നാഗരിയുമായുള്ള കൂടിക്കാഴ്‌ച ഒരു പുതിയ ചലച്ചിത്രസംസ്ക്കാരം ഇന്ത്യയില്‍ ഉടലെടുക്കേണ്ടതിന്‍റെ ആവശ്യം ഉറപ്പാക്കി. അതിനെത്തുടര്‍ന്ന് 1952 ല്‍ ഭവ്നാഗരിയുടെ മേല്‍നോട്ടത്തില്‍ത്തന്നെ ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രോത്സവം സംഘടിപ്പിക്കപ്പെട്ടു. അത് ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രമേളയായിരുന്നു എന്നുള്ള കാര്യം ഇന്ത്യക്കാര്‍ക്ക് എക്കാലവും അഭിമാനത്തിനുള്ള വകയായി. 40 കഥാചിത്രങ്ങളും നൂറില്‍പ്പരം ഹ്രസ്വചിത്രങ്ങളുമായി 21 രാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയ ആ മേള നടന്നത് ബോംബെയിലായിരുന്നു. പിന്നീടത് പ്രാദേശികപ്രാതിനിധ്യത്തോടെ ദില്ലി, മദിരാശി, കല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്കും പകര്‍ത്തി.

നെഹ്റുവിൻറെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി തന്നെ മുൻകൈയെടുത്ത്, ജഹാംഗീർ ഭവ്നാഗരിയുടേയും മേരി സെറ്റ (Mary Seton) ന്‍റേയും നിര്‍ദ്ദേശങ്ങള്‍ പൂർണമായി വിശ്വാസത്തിലെടുത്തതിനാലാണ് ഇന്ത്യന്‍ സിനിമ അടിസ്ഥാനപരമായി കരുത്തുറ്റതായി മാറിയതെന്ന് വി കെ ചെറിയാൻ തെളിവുകൾ നിരത്തുന്നുണ്ട്. മൃണാള്‍ സെന്നിന്‍റെ ‘ഭുവൻ ഷോം’ ചലച്ചിത്രമായതിൻറെ പിന്നിലെ കഥ എത്രപേർക്കറിയാം? ‘ചലച്ചിത്രവിചാരം’ വളരെ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന ആ രഹസ്യവും പുറത്തു പറയുന്നുണ്ട്. മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട തിരക്കഥ ആയിരുന്നിട്ടും അനുവദിക്കപ്പെട്ട ഒന്നര ലക്ഷം രൂപയ്ക്ക് ഈടുവയ്ക്കാൻ സം‌വിധായകനു വസ്തു ഇല്ലാത്തതിനാൽ ആ സിനിമ നടക്കാതെ പോകുമായിന്നു. ഈ വിവരം അറിഞ്ഞുകേട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇടപെടൽ മൂലം ഈടില്ലാതെ തുക അനുവദിക്കപ്പെട്ടതാണ് ആ രഹസ്യകഥ. ഒരു മധുരപ്രതികാരമെന്നോണം ആ വർഷത്തെ മികച്ച നിരവധി ദേശീയ പുരസ്കാരങ്ങൾ ആ ചിത്രം നേടിയെടുക്കുകയുണ്ടായി. അതിലുപരിയായി ‘ന്യൂ വേവ്’ എന്നനിലയില്‍ ഹിന്ദി സിനിമയിലെ ഒരു മാറ്റത്തിനും ആ ചിത്രം വഴി തെളിച്ചു. ടെലിവിഷൻ വ്യാപകമായതോടെ ദൃശ്യസംസ്കാരത്തിലുണ്ടായ മാറ്റത്തിൻറെ വിശകലനവും ഈ പുസ്തകം നടത്തുന്നുണ്ട്. ഡിജിറ്റൽഭാഷാകാലത്ത് സൂകര പ്രസവം പോലെ വരുന്ന ചിത്രങ്ങളിൽ ഏറിയപങ്കും മനസ്സിൽ തങ്ങിനിൽക്കുന്നില്ല എന്നുള്ള യാഥാർത്ഥ്യത്തിലേയ്ക്കും ഈ ഗ്രന്ഥം വിരൽചൂണ്ടുന്നുണ്ട്.

വിജയ മുലെയെപ്പോലുള്ള ചലച്ചിത്രപ്രവര്‍ത്തകരുടെ ജീവിതവഴികളിലൂടെ ഇന്ത്യന്‍ ചലച്ചിത്രരംഗം ഉണ്ടാക്കിയ നേട്ടങ്ങള്‍ ‘ചലച്ചിത്രവിചാരം’ അടയാളപ്പെടുത്തുന്നുണ്ട്. 2002 ല്‍ വി. ശാന്താറാമിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ചലച്ചിത്രലോകത്തെ സമഗ്ര സംഭാവന’യ്ക്കുള്ള പുരസ്ക്കാരം വിജയ മുലെയ്ക്കാണ്‌ ലഭിച്ചിരുന്നത് എന്നുള്ള കാര്യം എല്ലാവരും ഓര്‍ക്കുമല്ലോ. എഴുത്തുകാരന്‍റെ വിജയ മുലെയുമായുള്ള വ്യക്തിപരമായ അടുപ്പവും ഈ അറിവുകള്‍ നമുക്കായി പങ്കുവയ്ക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്.

Courtesy: Ray Society

സ്വതന്ത്ര ഇന്ത്യയുടെ ചലച്ചിത്രസംസ്ക്കാരരൂപീകരണത്തില്‍ മേരി സെറ്റന്‍റെ പങ്ക് നമുക്ക് വിസ്മരിക്കാനാവില്ല. അവരെ ‘നവചലച്ചിത്രസംസ്ക്കാരത്തിന്‍റെ ശില്പി’ ആയിട്ടാണ്‌ ചെറിയാന്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. അതിന്‌ ഉപോദ്‌ബലകങ്ങളായ ഉദാഹരണങ്ങളും അദ്ദേഹം ചലച്ചിത്രവിചാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ചെറുപ്പം മുതലേ വളരെ ഊര്‍ജ്ജസ്വലമായ ഒരു സാമുഹ്യപ്രവര്‍ത്തനരംഗമായിരുന്നു അവര്‍ തെരഞ്ഞെടുത്തിരുന്നത്. ബ്രിട്ടനിലായാലും ഇന്ത്യയിലായാലും അവിടങ്ങളിലെല്ലാം യാത്രചെയ്തും, പൊതുജനാഭിപ്രായങ്ങള്‍ സ്വരൂപിച്ചുമാണ്‌ അവര്‍ സ്വന്തം പ്രവര്‍ത്തനരംഗം മികവുറ്റതാക്കിയിരുന്നത്. ഇടക്കാലത്ത് ഉറങ്ങിപ്പോയ കല്‍ക്കത്ത ഫിലിം സൊസൈറ്റിയെ പുനരുജ്ജീവിപ്പിച്ചും, ഇന്ത്യയില്‍ പല ഭാഗത്തും നല്ല ചലച്ചിത്രങ്ങളെ പരിചയപ്പെടുത്തിയും അവര്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാന്‍ മുന്‍‌കൈയെടുത്തിരുന്നു. ചലച്ചിത്രാസ്വാദനത്തിനു വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവുമായുള്ള പ്രാധാന്യം ഉദ്ബോധിപ്പിച്ചുകൊണ്ട് അവര്‍ ഇന്ത്യമുഴുവന്‍ ഓടിനടന്നു. അതുവരെ ഹോളിവുഡ് ചിത്രങ്ങള്‍ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ജനക്കൂട്ടത്തിനു കാണാനായി അവര്‍ Cabinet of Dr Caligary, Children of Hiroshima, Sunday in August, Storm Over Asia, The Immigrant പോലെയുള്ള ചിത്രങ്ങള്‍ കൊണ്ടുവന്നു. Federation of Film Societies of India (FFSI) ന്‍റെ മുഖ്യഉപദേശകയായി നിന്നുകൊണ്ട് മേരി സെറ്റന്‍ ചിത്രലേഖ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രവര്‍ത്തിച്ചിരുന്നതായി പലരും ഓര്‍ത്തെടുക്കുന്നുണ്ട്. ഇന്ദിരാഗാന്ധിയുമായുള്ള വളരെയടുത്ത വ്യക്തിബന്ധം ഇന്ത്യന്‍ ചലച്ചിത്രലോകത്തിനു തന്നെ പുതുജീവന്‍ നല്‍കാന്‍ മേരി സെറ്റനു സഹായകമായി. 1984 ല്‍ ഇന്ത്യ ‘പദ്‌മഭൂഷണ്‍’ നല്‍കി ആദരിച്ച ആ ബഹുമുഖപ്രതിഭ 1985 ല്‍ നമ്മെയെല്ലാം വിട്ടുപിരിഞ്ഞുപോയി.

‘ചലച്ചിത്രവിചാര’ത്തിന്‍റെ രണ്ടാം ഭാഗം മലയാളചലച്ചിത്രരംഗത്തെക്കുറിച്ചുള്ള ഓര്‍മ്മഫലകങ്ങളാണ്‌. ‘ചിത്രലേഖ’ എന്ന ഫിലിം സൊസൈറ്റി മലയാളത്തിനു നല്‍കിയ സംഭാവനകളാണ്‌ പ്രധാനമായും അതില്‍. ‘ചിത്രസം‌യോജനം’ എന്ന സംജ്ഞയില്‍ നിന്നു എഡിറ്റിംഗ് ‘ചിത്രസന്നിവേശ’മായി മാറിയത് ചിത്രലേഖയുടെ ബാനറില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സം‌വിധാനം ചെയ്ത ‘സ്വയം‌വരം’ മുതലായിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്‌. മലയാളസിനിമാനിര്‍മ്മാണം മദിരാശിയില്‍ മാത്രം കറങ്ങിനിന്നിരുന്ന കാലമായിരുന്നു അത്. അവിടെ നിന്നു മലയാളസിനിമയെ പറിച്ചെടുത്ത് കേരളത്തില്‍ കൊണ്ടുവന്നു നട്ടതില്‍ ചിത്രലേഖ ഫിലിം കോപ്പറേറ്റീവിനും പൊതുമേഖലയിലുണ്ടായ ചിത്രാഞ്‌ജലിക്കും അഭിമാനിക്കാം.

‘സ്വയംവര’ത്തിന് കേരളത്തിൽ ആദ്യം അംഗീകാരവും പുരസ്കാരങ്ങളും കിട്ടാതെ പോയതിനെ കുറിച്ചും ‘ചലച്ചിത്രവിചാരം’ സംവദിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഔദ്യോഗിക ശുപാർശ ഇല്ലാതിരുന്നിട്ടും കേന്ദ്രത്തിൽ നിന്ന് നാലു പുരസ്ക്കാരങ്ങള്‍ നേടി സ്വയംവരം ദേശീയ നിലവാരത്തിൽ അംഗീകരിക്കപ്പെടുകയാണുണ്ടായത്. എന്തായാലും, 1973 ൽ നടന്ന ഈ സംഭവത്തെ തുടർന്ന് എം.ടി. വാസുദേവന്‍ നായരുടെ ‘നിർമ്മാല്യം’ തൊട്ടടുത്തവർഷം ദേശീയ ചലച്ചിത്രപുരസ്കാരം നേടുകയും അതിലൂടെ പി ജെ ആൻറണി ഭരത് അവാർഡ് നേടുകയും ചെയ്തു. അതിനുശേഷം അരവിന്ദൻറെ ‘ഉത്തരായനം’, പി. എ. ബക്കറിന്‍റെ ‘കബനീനദി ചുവന്നപ്പോൾ’, കെ. ജി. ജോര്‍ജിന്‍റെ ‘സ്വപ്നാടനം’ എന്നിവ ദേശീയമായി ശ്രദ്ധിക്കപ്പെടാനുള്ള ഒരു കാരണം ദില്ലി ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾ ആയിരുന്നു എന്നും ദില്ലിനിവാസിയായ ലേഖകന്‍ പറയുന്നുണ്ട്. മലയാളസിനിമകൾ ദില്ലിയിൽ പരിചയപ്പെടുത്തുന്നതിൽ മുമ്പിലുണ്ടായിരുന്ന ദില്ലി ഫിലിം സൊസൈറ്റിയുടെ യു. രാധാകൃഷ്ണന്‍, കെ. എ. നായർ, വി. കെ. മാധവൻകുട്ടി, മാവേലിക്കര രാമചന്ദ്രൻ, സക്കറിയ എന്നീ വിശിഷ്ട വ്യക്തികളെയും ‘ചലച്ചിത്രവിചാരം’ സ്മരിക്കുന്നുണ്ട്. പിൽക്കാലത്ത് Derek Malcolm, Louis Marcorelles തുടങ്ങിയ ലോകപ്രശസ്ത നിരൂപകരിലേക്ക് മലയാള സിനിമ കടന്നുവരുന്നതിനും ദില്ലിയിലെ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്.

അടൂരിന്‍റെ ചിത്രങ്ങളെക്കുറിച്ച് അന്താരാഷ്ട്രനിരൂപകര്‍ എഴുതിയ അഭിപ്രായങ്ങളെയും ഈ പുസ്തകം സ്‌പര്‍ശിച്ചുപോകുന്നുണ്ട്. അരവിന്ദൻറെ ചലച്ചിത്രസൃഷ്ടികളെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടവരുടെ കഥപറയുന്ന ‘വാസ്തുഹാര’ എന്ന ചിത്രം കല്‍ക്കത്തയിലെ നന്ദന്‍ കോംപ്ലക്സിൽ ഒരാഴ്ച പ്രദർശിപ്പിക്കപ്പെട്ടതും പറയുന്നുണ്ട്. ജോണ്‍ എബ്രഹാമിനെക്കുറിച്ചും അദ്ദേഹത്തിൻറെ സിനിമകളെക്കുറിച്ചും പല പ്രമുഖരും അഭിപ്രായപ്പെട്ടതും ചെറിയാന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

പുതിയകാലത്തെ സിനിമകളെയും അപഗ്രഥിക്കുന്നുണ്ട് ഈ കൃതി. സിനിമ പൂര്‍ണ്ണമായും ഒരു സം‌വിധായകന്‍റെ കാഴ്ചപ്പാടും അതിന്‍റെ സാക്ഷാത്ക്കാരവും ആണെന്നിരിക്കെ, പുതുസിനിമകളെ വിമര്‍ശിക്കുമ്പോള്‍ വി.കെ. ചെറിയാന്‍ പഴയ ആയുധങ്ങള്‍ തന്നെ അല്ലേ ഉപയോഗിക്കുന്നത് എന്ന ഒരു സംശയം എന്നില്‍ ഉടലെടുക്കുന്നുണ്ട്.

മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, അപര്‍ണ്ണ സെന്‍, സമിക് ബന്ദോപാദ്ധ്യായ തുടങ്ങിയവരുമായി പല കാലങ്ങളിലായി ചെറിയാന്‍ നടത്തിയ അഭിമുഖങ്ങള്‍ വായനക്കാര്‍ക്ക് വളരെ പ്രയോജനപ്രദമായിട്ടുണ്ട്. അപര്‍ണ്ണ സെന്നുമായി സംസാരിക്കുമ്പോള്‍ കേൾക്കുന്ന, അവരുടെ പിതാവ് ചിദാനന്ദദാസ് ഗുപ്തയും സത്യജിത് റായ് യുമായുള്ള വ്യക്തിബന്ധത്തിന്‍റെ കഥ വിസ്മയകരമാണ്‌.

സമിക് ബന്ദോപാദ്ധ്യായ റായ് യുടെ കുടുംബസുഹൃത്തായിരുന്നു. അദ്ദേഹവുമായുള്ള സംഭാഷണം റായ്‌ചിത്രങ്ങളുടെ നിര്‍മ്മാണകഥകളൊക്കെ അവതരിപ്പിക്കുന്നുണ്ട്. കുടുംബപരമായ അടുപ്പമുള്ളതുകൊണ്ട് ‘പഥേര്‍ പാഞ്ചാലി’ പോലെയുള്ള ചിത്രങ്ങളുടെ നിര്‍മ്മാണം നേരിട്ടുകാണാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ്‌ സമിക്. കുടുംബാംഗങ്ങളില്‍ പലരും ചിത്രത്തിന്‍റെ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റായ്‌ചിത്രങ്ങളെ കൂടുതലറിയാന്‍ ഈ മുഖാമുഖം ഉപകരിക്കുമെന്നതില്‍ സംശയമില്ല.

പ്രൂഫ് വായനയ്ക്ക് കാര്യമായ ശ്രദ്ധ കൊടുക്കാതിരുന്നത് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കത്തിനു തെല്ലെങ്കിലും മങ്ങലേല്പിക്കുന്നുണ്ട്.

നമ്മള്‍ ഇതുവരെ കണ്ടും കേട്ടും പോയ ചലച്ചിത്രചരിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്‌ വി.കെ. ചെറിയാന്‍ രചിച്ച ‘ചലച്ചിത്രവിചാരം’. കാണാത്തതും കേള്‍ക്കാത്തതുമായ ഒത്തിരി നുറുങ്ങുകളും വിശേഷങ്ങളും ഈ ഗ്രന്ഥത്തിന്‍റെ ഉള്‍ക്കാഴ്‌ചകള്‍ക്ക് മിഴിവേകുന്നുണ്ട്.

പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്
Comments
Print Friendly, PDF & Email

You may also like