പൂമുഖം SPORTSകായികം ലോകത്തെ വരവേൽക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു

ലോകത്തെ വരവേൽക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു

ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്ന് അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. 11600 ചതുരശ്ര കിലോമീറ്റർ മാത്രം വലിപ്പമുള്ള, വലിപ്പത്തിൽ ലോക രാജ്യങ്ങളിൽ 165 ആം സ്ഥാനത്തു മാത്രം നിൽക്കുന്ന കുഞ്ഞു ഖത്തർ ഈ നവംബറിൽ ഫിഫ ലോകകപ്പിന് വേദിയാകുന്നു. ഖത്തർ ലോകകപ്പിന് ഇനി നൂറു നാളുകളിൽ താഴെ മാത്രം. രാജ്യം ഒരുങ്ങിക്കഴിഞ്ഞു ലോകത്തെ അത്ഭുതപ്പെടുത്താൻ.

ലുസൈൽ സ്റ്റേഡിയം – ഫൈനൽ നടക്കുന്നത് ഇവിടെയാണ്

നവംബർ 20 മുതൽ ഡിസംബർ 18 വരെ നീളുന്ന 29 ദിന രാത്രങ്ങൾ ലോകം കണ്ട ഏറ്റവും മനോഹരമായ ഉത്സവമായി മാറും. 6000 ത്തിലധികം എന്റർടൈൻമെന്റ് ഷോ കൾ, സംഗീതം, നൃത്തം, സിനിമ, മായാജാലം, തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ രാജ്യത്തിൻറെ മുക്കിലും മൂലയിലുമുള്ള ഫാൻ സോണുകളിലും ഫാൻ ഫെസ്റ്റുകളിലും ഈ ദിനങ്ങളിൽ അരങ്ങേറും. പടുകൂറ്റൻ സ്‌ക്രീനുകളിൽ ആയിരക്കണക്കിന് ഫുട്‌ബോൾ ആരാധകർക്ക് ഒരുമിച്ചിരുന്നു കളി കാണാനുള്ള സൗകര്യം ഉണ്ടാകും ഇത്തരം ഫാൻ സോണുകളിൽ. ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് രണ്ടര കി മി മാത്രം അകലെയുള്ള കതൈഫാൻ ദ്വീപിൽ 4000 ടെന്റുകൾ ഒരുങ്ങിക്കഴിഞ്ഞു. 15000 ഫുഡ് ബോൾ പ്രേമികളെ ഒരു ദിവസം ഉൾക്കൊള്ളാനാവും ഈ ദ്വീപിനു മാത്രം. അത്തരത്തിൽ നിരവധി ഫാൻ സോണുകളും ഫാൻ ഫെസ്റ്റുകളും രാജ്യത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽ തയ്യാറാകുന്നു, ബീച്ച് സ്പോർട്സ്, വാട്ടർ സ്പോർട്സ്, ഐസ് സ്കീയിങ് അങ്ങനെ നിരവധി സൗകര്യങ്ങൾ ഇത്തരം ഫാൻ സോണുകളിൽ ഉണ്ടാകും. രാജ്യത്തെ നിരവധി മനോഹരമായ പാർക്കുകൾ ഫാൻ സോണുകൾ ആയി രൂപാന്തരപ്പെടും.

അൽബെയ്ത് സ്റ്റേഡിയം – ഉത്ഘാടനം ഇവിടെയാകും

ആകാശചുംബികളായ മനോഹര മനുഷ്യ നിർമ്മിതികൾ കൊണ്ട് നിറഞ്ഞ ദോഹ കോർണിഷ് 6 കിലോ മീറ്ററോളം ദൂരം കാർണിവൽ കേന്ദ്രമായി മാറും. ഒരു ദിവസം ഒരു ലക്ഷത്തി ഇരുപതിനായിരം കാണികളെ ഉൾക്കൊള്ളാൻ ഈ കാർണിവലിനു കഴിയും

അൽ ജനൂബ് സ്റ്റേഡിയം

13 ലക്ഷം സന്ദർശകരെയാണ് രാജ്യം ഈ ദിനങ്ങളിൽ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. ഒരു ലക്ഷം ഹോട്ടൽ മുറികൾ തയ്യാറായി കഴിഞ്ഞു. ഒരു ദിവസം 9000 പേരെ താമസിപ്പിക്കാൻ കഴിയുന്ന രണ്ടു ഭീമൻ ലക്ഷ്വറി കപ്പലുകളും നവംബറോടെ ഖത്തർ തീരത്തടുക്കും

ഖലീഫ സ്റ്റേഡിയം

8 മനോഹരമായ സ്റ്റേഡിയങ്ങൾ പൂർണ്ണമായും തയ്യാറായി കഴിഞ്ഞു. ഡിസംബർ 18 നു ഖത്തർ ദേശീയ ദിനത്തിന്റെയന്നു ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയം ഇക്കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്യപ്പെട്ടു. 80000 പേർക്ക് ഇരിക്കാൻ കഴിയും ഈ സ്റ്റേഡിയത്തിൽ. ഉത്ഘാടന മത്സരം നടക്കുന്ന അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 60000 ആണ്. മറ്റെല്ലാ സ്റ്റേഡി

യങ്ങൾക്കും 40000 കാണികളെ വീതം ഉൾക്കൊള്ളാൻ കഴിയും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത, മുകൾ ഭാഗം തുറന്ന സ്റ്റേഡിയങ്ങൾ. സൗരോർജ്ജത്തിൽ അധിഷ്ടിതമായ ലേറ്റസ്റ്റ് കൂളിംഗ് ടെക്‌നോളജി ആണ് സ്റ്റേഡിയങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്

എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയം

ഈ ലോകകപ്പിന്റെ ഒരു പ്രത്യേകത നിങ്ങൾക്ക് ഒന്നിലധികം സ്റ്റേഡിയങ്ങളിലെ മാച്ച് ഒരേ ദിവസം കാണാൻ കഴിയുമെന്നതാണ്. ഒരു മാച്ച് കഴിയുമ്പോൾ അടുത്ത സ്റ്റേഡിയത്തിലേക്ക് അൽപ്പ ദൂരം മെട്രോ യാത്ര മാത്രം. അത്രയേറെ അടുത്താണ് ഏഴു സ്റ്റേഡിയങ്ങൾ, ഏറ്റവും ദൂരത്തുള്ള അൽ ബെയ്ത് സ്റ്റേഡിയത്തിനു ദോഹയിൽ നിന്ന് 45 മിനിറ്റ് യാത്ര മാത്രം. എല്ലാ സ്റ്റേഡിയങ്ങളെയും മെട്രോ/ ബസ് സർവീസ് വഴി ലിങ്ക് ചെയ്തിരിക്കുന്നു. ആയിരക്കണക്കിന് ആഡംബര ബസ്സുകൾ ട്രയൽ റൺ തുടങ്ങിക്കഴിഞ്ഞു.

റാസ് അബു അബൗദ് സ്റ്റേഡിയം – പൂർണ്ണമായി മാറ്റി സ്ഥാപിക്കാനാവുന്നത്

എല്ലാ സ്റ്റേഡിയങ്ങളും വീൽ ചെയർ ഫ്രണ്ട്‌ലി ആണ്.ഖത്തർ മെട്രോയും ബസ്സുകളും അങ്ങനെ തന്നെ

ഈ സ്റ്റേഡിയങ്ങൾക്കു ഒരു പ്രത്യേകത കൂടിയുണ്ട് അവയിൽ ചിലതു ലോകകപ്പിന് ശേഷം ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളിലേക്ക് പുനഃസ്ഥാപിക്കപ്പെടും. ഭാഗികമായോ പൂർണ്ണമായോ പൊളിച്ചു പുനർ നിർമ്മിക്കാവുന്ന രീതിയിലാണ് മൂന്നു സ്റ്റേഡിയങ്ങളുടെ നിർമ്മാണം. 177000 സ്റ്റേഡിയം സീറ്റുകൾ ആണ് ലോകകപ്പിന് ശേഷം വിവിധ രാജ്യങ്ങൾക്കു ഖത്തറിന്റെ സംഭാവനയാകുക.

അൽ തുമാമ സ്റ്റേഡിയം

ഉൽഘാടന മത്സരം നവംബർ 20 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ( ഇന്ത്യൻ സമയം രാത്രി 9.30) ഖത്തർ ഇക്വഡോറിനെ നേരിടുന്നു

എല്ലാ അർത്ഥത്തിലും റഷ്യൻ ലോകകപ്പിനെ അതിശയിക്കും ഖത്തർ ഫിഫ ലോകകപ്പ്. ഏതാണ്ട് മുഴുവൻ ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റഴിഞ്ഞു കഴിഞ്ഞു. ദുബായിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും ദിവസേന ഷട്ടിൽ ഫ്‌ളൈറ്റുകൾ, ഏക കരമാർഗ്ഗമായ സൗദി – സൽവ അതിർത്തി വഴി ദിവസേന 24000 വാഹനങ്ങൾക്ക് ( ഇരുവശത്തേക്കുമായി) യാത്ര ചെയ്യാനുള്ള സൗകര്യം. രാജ്യത്തിനകത്തു നിരവധി പുതിയ ബസ് സ്റ്റേഷനുകൾ, മുഴുവൻ രാജ്യത്തെയും ബന്ധിപ്പിക്കുന്ന സമ്പൂർണ്ണ ബസ് നെറ്റ് വർക്ക്. രാജ്യത്തെ മുഴുവൻ കണക്ട് ചെയ്യുന്ന പന്ത്രണ്ടും പതിനാലും ലെയിനുകളുള്ള പുതിയ റോഡ് നെറ്റ് വർക്കുകൾ, മേഖലയിലെ ഏറ്റവും പൊക്കം കൂടിയതും നീണ്ടതുമായ നിരവധി മനോഹരമായ മേൽപാലങ്ങൾ, എല്ലാ താമസ മേഖലകളിലും അതി മനോഹരമായ പാർക്കുകൾ. ഖത്തർ തയ്യാറായി കഴിഞ്ഞു എല്ലാ അർത്ഥത്തിലും, ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകരെ സ്വീകരിക്കാൻ

അഹ്മദ് ബിൻ അലി സ്റ്റേഡിയം

ലോകകപ്പ് തുടങ്ങും മുതൽ ഡിസംബർ അവസാനം വരെ രാജ്യത്തെ എല്ലാ സ്‌കൂളുകൾക്കും അവധിയാണ്. ഖത്തർ ജനത ലോകത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like