പൂമുഖം OPINIONഅഭിമുഖം താലിബാനും ഹിംസാത്മകമതരാഷ്ട്രവാദവും: സിദ്ധാന്തം, ചരിത്രം, ധാർമികത എന്നിവയെ മുൻനിർത്തി ഒരു സംഭാഷണം

താലിബാനും ഹിംസാത്മകമതരാഷ്ട്രവാദവും: സിദ്ധാന്തം, ചരിത്രം, ധാർമികത എന്നിവയെ മുൻനിർത്തി ഒരു സംഭാഷണം

എൻ പി ആഷ്‌ലി: കൊറോണ ലോകക്രമത്തെ ആകെ മാറ്റി മറിച്ചപ്പോൾ അവിടെ രണ്ടു സാധ്യതകൾ ഉണ്ടായിരുന്നു. ഒന്നുകിൽ, പുതിയൊരു സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടായിവരാം. അല്ലെങ്കിൽ, പഴയ പ്രശ്നങ്ങളും ലോകക്രമവും എല്ലാ ക്രൂരതയോടും വൃത്തികേടുകളോടും കൂടുതൽ പുറത്തേക്കു വരാം. രണ്ടാമത്തേതു സംഭവിക്കാം എന്നതിന്റെ ഒരു സൂചനയായി താലിബാൻ അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനെ വായിക്കാവുന്നതാണ് . അഫ്‌ഗാനിസ്ഥാനെ ഇന്നത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് എന്തൊക്കെയാവാം?

സി ടി അബ്ദുറഹീം: താലിബാന്റെ ഉല്പത്തിയിലും വളർച്ചയിലും ഒരു പാട് പേർക്ക് പങ്കും ഉത്തരവാദിത്വവുമുണ്ട് എന്നത് ശരിയാണ്. സോവിയറ്റ് യൂണിയൻ, അമേരിക്ക, പാക്കിസ്ഥാൻ, അറബ് രാജ്യങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും പെട്ടവർക്ക് പലതലത്തിൽ പങ്കുണ്ട്. പക്ഷെ താലിബാന്റെ കൊടുംക്രൂരതകൾ കണ്ടു സഹിക്കാൻ കഴിയാത്ത ഈ സമയത്ത് അവരെ ആരെയും ഇതിനു പൂർണമായും കുറ്റപ്പെടുത്താൻ അല്ല ഞാൻ ആഗ്രഹിക്കുന്നത്. ഇവരാരും സ്വപ്നം പോലും കാണാത്ത ഒരു അവസ്ഥയാണ് ഇന്ന് അഫ്‌ഗാനിസ്ഥാനിൽ നടന്നു കൊണ്ടിരിക്കുന്നത് എന്നാണു ഞാൻ വിശ്വസിക്കുന്നത്. സ്വന്തം താല്പര്യങ്ങൾ കൊണ്ടും സൗകര്യങ്ങളെ ധൂർത്തടിച്ചതു കൊണ്ടും വന്നെത്താവുന്ന ഭീകരതയുടെ ഏറ്റവും വലിയ ഗർത്തമാണ് താലിബാൻ എന്ന് നാം അടിയന്തിരമായി മനസ്സിലാക്കണം. നാടുവിടാൻ ശ്രമിക്കുന്ന ജനങ്ങളും ശേഷിക്കുന്ന അഫ്ഘാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരന്തത്തെ അവസാനിപ്പിക്കാൻ എന്ത് ചെയ്യണമെന്നു ലോകം അടിയന്തിരമായി ആലോചിക്കണം. മനുഷ്യർക്ക് കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണിത്

എൻ പി ആഷ്‌ലി: താലിബാന്റെ കാര്യത്തിൽ സാമാന്യമായി രണ്ടു ആലോചനധാരകൾ ഉണ്ടെന്നു പറയാം. ഒന്ന്, താലിബാന്റെ തന്നെ വാദമാണ്. മതമെന്നാൽ ഒരു ആത്മീയ-ധാർമിക സഞ്ചയം മാത്രമല്ല; ഭരണവും സമഗ്രതയുമുള്ള ഒരു നാഗരികത ആണെന്നു ഉള്ള സിദ്ധാന്തമുള്ളവർ. താലിബാൻ പറയുന്നത് മാത്രമാണ് ഇസ്ലാം എന്ന് വിചാരിക്കുന്ന ഇസ്ലാമിസ്റ്റുകളും ഇസ്ലാംമതവിരുദ്ധരും ആ ധാരണയിൽ ഒരുമിച്ചു നിൽക്കുന്ന ഒരു ഇടമാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, ഇസ്‌ലാമെന്നാൽ സമാധാനത്തിന്റെ മതമാണെന്നും താലിബാൻ ചെയ്യുന്നത് ഇസ്ലാമികവിരുദ്ധമായ ക്രിമിനൽ കാര്യങ്ങൾ ആണെന്നും വിചാരിക്കുന്ന വിഭാഗമാണ്. ഈ വിഭാഗത്തിൽ ഇസ്ലാമിന്റെ പേരിൽ അക്രമങ്ങൾ കാണിക്കുന്നത് കൊണ്ട് വിശ്വാസികൾ തള്ളിപ്പറയണം എന്ന് വിചാരിക്കുന്നവരും താലിബാൻ ചെയ്യുന്നതിൽ മറ്റു മുസ്ലിംകൾക്ക് യാതൊരു പങ്കുമില്ലാത്തതു കൊണ്ട് അതിനെ പിന്തുണക്കാനോ തള്ളിപ്പറയാനോ പോവേണ്ടതില്ലെന്നു വിശ്വസിക്കുന്നവരും ആയി രണ്ടു കൂട്ടരുണ്ട്. ഇതിൽ ഏതാണ് ശരിയായ നിലപാട് എന്നാണ് വിചാരിക്കുന്നത്?

സി ടി അബ്ദുറഹീം: ഈ രണ്ടുചേരികളും പറയുന്നതിൽ കാര്യമായ തകരാറുണ്ടെന്നാണ് എന്റെ പക്ഷം. നൂറു നാട്ടിൽ നൂറു രീതിയിൽ നൂറ്റാണ്ടുകളിലൂടെ പുലരുന്ന മതവിശ്വാസികളുടെ രീതികൾ ആത്യന്തികമായി സമാധാനത്തിന്റേതോ അക്രമത്തിന്റേതോ ആണ് എന്ന് പറയുന്നതിൽ ചരിത്രനിരാസം ഉണ്ട്. ഇസ്ലാം എന്നും ഹിംസാത്മകമായിരുന്നു എങ്കിൽ ഇസ്ലാം മതം വിശ്വസിച്ചിരുന്ന ആയിരത്തിഅഞ്ഞൂറോളം വർഷം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആളുകൾ എന്നും അക്രമകാരികൾ ആവേണ്ടിയിരുന്നു. അങ്ങിനെ ഇല്ലല്ലോ. ചരിത്രമെടുത്താൽ അക്രമം എത്ര ചെറിയ സ്ഥലങ്ങളിലെ ഉള്ളൂ. ഇന്നത്തെ അവസ്ഥ കുറച്ചു പതിറ്റാണ്ടുകൾ മാത്രം ആയി നിലവിൽ വന്നിട്ടുള്ളതാണ്.

എല്ലാ മുസ്ലിംകളും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന രീതി സമാധാനത്തിന്റെതു മാത്രം ആയിരുന്നെങ്കിൽ താലിബാനോ ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ തുടങ്ങിയ ക്രിമിനൽ മാഫിയ സംഘങ്ങൾക്കോ ഇസ്ലാമിക രാഷ്ട്രം എന്ന വാദവുമായി മുന്നോട്ടു വരിക പോലും സാധ്യമാവുമായിരുന്നില്ല; അതിനു അവർക്കു കഴിഞ്ഞിട്ടുണ്ടല്ലോ. പ്രാദേശികവും ചരിത്രപരവുമായ സവിശേഷതകൾ അനുസരിച്ചു ചരിത്രവും സംസ്കാരവും രാഷ്ട്രീയധാരണകളും അനുസരിച്ചു അനുഷ്ഠാനപരമായും സാംസ്കാരികമായും മതസത്തക്ക് പലരൂപഭാവങ്ങൾ ഉണ്ടാവും. അത് കൊണ്ടാണല്ലോ ഇസ്ലാമിൽ പ്രധാനമായി നാല് അനുഷ്ഠാനവഴികൾ (മദ്ഹബുകൾ) ഉണ്ടായതും അവ നിലനിന്നു പോരുന്നതും. ഈ ചരിത്രബോധം പ്രധാനമാണ്.

എൻ പി ആഷ്‌ലി: താലിബാന്റെയോ ഐസിസിന്റെയോ കാര്യമെടുക്കുമ്പോൾ പൊതുവെ അതിനെതിരെയുള്ള മുസ്ലിംകളിൽ നിന്ന് കേൾക്കാറുള്ള ഒരു വാദം ഇതൊക്കെ അമേരിക്കയുടെയോ ജൂതരുടെയോ അജണ്ട മാത്രമാണെന്നാണ്. 1979 ൽ അഫ്‌ഗാനിസ്ഥാന്റെ മേൽ സോവിയറ്റ് യൂണിയൻ അധിനിവേശം നടത്തുമ്പോൾ അഫ്‌ഗാനിസ്ഥാന്റെ മോചനം അഫ്ഘാൻ ജനങ്ങളുടെ പ്രശ്നമാണെന്നും അഫ്ഘാൻ ജനങ്ങളിൽ ഊന്നി നിന്ന് കൊണ്ടാണ് അത് പരിഹരിക്കേണ്ടതെന്നും ബാഹ്യമായ ഇടപെടലല്ല അതിനു വേണ്ടതെന്നുമുള്ള രാഷ്ട്രീയ ബോധം മുന്നോട്ടു വെക്കുന്നതിനു മുസ്ലിം ലോകത്തെ പണ്ഡിതരോ നേതാക്കളോ മുന്നോട്ടു വന്നുവോ? ഉണ്ടെങ്കിൽ തന്നെ ലോകത്തോടുള്ള കമ്മ്യൂണിക്കേഷനിൽ അവർ പരാജയപ്പെടുകയാണ് ചെയ്തത്.അതൊരു മുസ്ലിം പ്രശ്നമാണ് എന്ന ധാരണ അമേരിക്കക്കു ഉണ്ടാക്കാൻ സാധിച്ചത് പാകിസ്ഥാനിലെ പട്ടാള ഏകാധിപതിയായ സിയാ ഉൽ ഹക്കിന്റെ സൈനിക-രാഷ്ട്രീയ പിന്തുണയും ഇസ്ലാമെന്നാൽ ഒരു ഭരണപദ്ധതിയാണ് എന്ന മൗലാനാ മൗദൂദിയുടെ നേരത്തെതന്നെ ഉള്ള തത്വവും അറബ് രാജ്യങ്ങളുടെ സാമ്പത്തിക പിന്തുണയും അവിടെനിന്നു “അഫ്ഘാൻ മോചനത്തിന്” ചെന്ന സലഫി അറബ് യുവാക്കളുടെ പങ്കാളിത്തവും ഒക്കെക്കൊണ്ടാണ്. ഹിംസാത്മകമായ മതരാഷ്ട്രവാദത്തെയും ഭീകരവാദത്തെയും അറബ് ലോകം തള്ളിപ്പറഞ്ഞു തുടങ്ങുന്നത് ഒസാമ ബിൻ ലാദന്റെ ഭീകരവാദ സംഘടന 1992 ൽ സുഡാനിലെ അമേരിക്കൻ എംബസ്സി ആക്രമിക്കുന്നതോടെ മാത്രമാണ്. അത് വരെ ഇക്കാര്യത്തിൽ ഒരു എതിർശബ്ദം കേട്ടിട്ടില്ല. ഇതെല്ലാം കൂടിക്കൊണ്ടാണ് ഇവരുടെ ചെയ്തികളിൽ ഇസ്ലാമികമായി എന്തോ ഉണ്ടെന്ന തോന്നൽ വന്നത് എന്നതൊരു വലിയ പ്രശ്നമല്ലേ?

സി ടി അബ്ദുറഹീം: കൊളോണിയലിസത്തിന്റെ എല്ലാ ഘട്ടങ്ങളിലും ജനതകൾ അടിമത്തത്തിലേക്കു പോയത് അവരിൽപ്പെട്ടവരുടെ മൂലധന-അധികാര താല്പര്യം കൊണ്ട് തന്നെയാണ്. താലിബാനെക്കൊണ്ട് പണമുണ്ടാക്കിയ യുദ്ധദല്ലാളുമാർ അമേരിക്കയിൽ മാത്രമല്ലല്ലോ; പാകിസ്താനിലും അഫ്‌ഗാനിസ്ഥാനിലും ഉണ്ടല്ലോ. ഇത് തന്നെയല്ലേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ കാര്യത്തിലും സംഭവിച്ചത്. അത് സമ്മതിക്കാതെ കുറ്റം മുഴുവൻ പുറമെ നിന്നുള്ളവരുടേതാണ് എന്ന് പറയുന്നത് നിരുത്തരവാദപരമാണ്.

എൻ പി ആഷ്‌ലി: ഹിംസാത്മകമായ മതരാഷ്ട്രവാദത്തെ ആണല്ലോ നാം താലിബാനിൽ കാണുന്നത്. ഇതിന്റെ സൈദ്ധാന്തികമായ പ്രശ്നങ്ങളെ എങ്ങിനെ നോക്കിക്കാണാം?

സി ടി അബ്ദുറഹീം: ആഷ്‌ലിയുടെ “ഹിംസാത്മകമായ മതരാഷ്ട്രവാദം” എന്ന പ്രയോഗത്തിൽ തന്നെ എനിക്ക് പ്രശ്നമുണ്ട്. ആധുനികലോകത്തിൽ ഹിംസാത്മകമല്ലാത്ത ഒരു മതരാഷ്ട്രവാദം സാധ്യമാണ് എന്ന് തന്നെ ഞാൻ വിചാരിക്കുന്നില്ല. എന്താണ് മതരാഷ്ട്രവാദം? ഒരു മതത്തിൽ പെട്ട ആളുകൾ തങ്ങളുടെ മതത്തെ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമായി മനസ്സിലാക്കി ഭരിക്കുന്ന ഒരു വ്യവസ്ഥിതി. അത് മതപരമായ നിഷ്കർഷകൾ ഉപയോഗിച്ച് ജീവിക്കുന്ന വ്യക്തിപരമോ സാമൂഹികമോ ആയ ജീവിതം പോലെയല്ല; അധികാരവുമായി ബന്ധപ്പെട്ടതാണ്. അവിടെ തുല്യനീതി എന്ന സങ്കൽപം പോലുമില്ല, അതിനു എങ്ങിനെ ആണ് ഹിംസ കൂടാതെ നിൽക്കാൻ പറ്റുക? ബഹുസ്വരസമൂഹത്തിൽ ഹിംസാത്മകമായിക്കഴിഞ്ഞതോ ഹിംസാത്മകമാവാൻ പോവുന്നതോ ആയി മാത്രമേ മതരാഷ്ട്രവാദത്തെ കാണാൻ കഴിയൂ.

എൻ പി ആഷ്‌ലി: ബഹുസ്വരസമൂഹത്തിൽ മതരാഷ്ട്രവാദത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം ഈ തുല്യത ഇല്ലായ്മ ആണോ?

സി ടി അബ്ദുറഹീം: അത് മാത്രമല്ല. ഇസ്ലാം ഒരു മതമാണ്. ധാർമിക ഉന്നമനത്തിനും ആത്മീയ സൗഖ്യത്തിനും വേണ്ട ഒരു നിലപാട് തറ ഉണ്ടാക്കുക എന്നതാണ് എല്ലാ മതങ്ങളെയും പോലെ അതിന്റെയും ദൗത്യം. ഇസ്‌ലാം മതം അനുസരിച്ചു എങ്ങിനെ ഭരിക്കണം എന്ന് എങ്ങിനെ പറയും? രാജാധിപത്യം മുസ്ലിം ചരിത്രത്തിൽ ഉണ്ടാവുന്നത് മുഹമ്മദ് നബി മരിച്ചു ദശകങ്ങൾ കഴിഞ്ഞാണ്. പ്രാതിനിധ്യത്തെപ്പറ്റിയും നീതിയെക്കുറിച്ചുമുള്ള സങ്കൽപം വെച്ച് നോക്കിയാൽ പുതിയകാലത്ത് സത്തയിലും പ്രയോഗത്തിലും പങ്കാളിത്തപരമായ ജനാധിപത്യം ആണ് ഇസ്ലാമികം എന്ന് ഫഹ്‌മി ഹുവേയ്ദിയെപ്പോലുള്ള പണ്ഡിതർ പറഞ്ഞതിനെ അനുകൂലിക്കേണ്ടി വരും. വേറൊരു അഭിപ്രായം ഇസ്ലാം സമഗ്രമായ ഒരു ജീവിതപദ്ധതിയാണ് എന്നതാണ്. അങ്ങിനെ പറഞ്ഞാൽ സാങ്കേതികത സംബന്ധിച്ച, സാമ്പത്തികനയം സംബന്ധിച്ച എല്ലാ കാര്യങ്ങളും മതം തീരുമാനിക്കേണ്ടതില്ല. ഒരു മതത്തിനും ശാസ്ത്രത്തിന്റെ പണി എടുക്കേണ്ടതില്ല; ശാസ്ത്രം മതത്തിന്റെ പണിയും എടുക്കേണ്ടതില്ല. അവയെക്കുറിച്ചുള്ള ധാർമികവും ചിന്തോദ്ദീപകവും ആയ നിർദ്ദേശങ്ങൾ കാലഘട്ടത്തിനനുസരിച്ചു ഉണ്ടാവാം. ഉണ്ട്.

എൻ പി ആഷ്‌ലി: സത്യത്തിൽ അമേരിക്കയുടെ സാമ്പത്തികസാമ്രാജ്യത്വത്തിന് താലിബാന്റെ മതഭീകരവാദത്തെയും തിരിച്ചും ആവശ്യമുണ്ട്. അവരുടെ യുദ്ധങ്ങൾ പോലും സഹായിക്കുന്നത് യുദ്ധപ്രഭുക്കളെ കൂടുതൽ സമ്പന്നരാവാനും സാധാരണജനങ്ങളെ കൂടുതൽ കണ്ണീരിലും പ്രയാസങ്ങളിലും ആക്കാനും മാത്രമാണ്. രണ്ടു കൂട്ടരും പരസ്പരം സഹായിച്ചു കൊണ്ട് നിലനിൽക്കുന്നു. ആ വാർത്തമാനയാഥാർഥ്യം മാറ്റി വെച്ച് കൊണ്ട് ചോദിക്കട്ടെ, മുസ്ലിം ചരിത്രത്തിൽ അക്രമത്തിന്റെ ഒരു ധാര ഉണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാവുമോ? പ്രവാചകന്റെ നേർഅനുചരന്മാരും ഭരണാധിപന്മാരും കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.

സി ടി അബ്ദുറഹീം: അങ്ങിനെ ഒരു പ്രബലമായ ഒരു ധാര ഉണ്ട് എന്ന വാദത്തോട് ഞാൻ യോജിക്കുന്നില്ല. ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ഏഴാം നൂറ്റാണ്ടിലെ അറബികളുടെ രീതികൾ മനസ്സിലാക്കണം. പല നാട്ടുകാരെയും എന്ന പോലെ യുദ്ധം ചെയ്യൽ അവരുടെ പണികളിൽ ഒന്നാണ്. അന്ന് ഇന്നത്തെപ്പോലെ ആയുധസാങ്കേതികവിദ്യയൊന്നും ഒട്ടും വളർന്നിട്ടില്ലാത്തതു കൊണ്ട് പൊതുജനജീവിതത്തിന് അപകടം കുറവാണ്. യുദ്ധം പട്ടാളക്കാർ തമ്മിലുള്ള ഏർപ്പാടാണ്. സ്ഥിരമായി യുദ്ധം ചെയ്തു കൊണ്ടിരുന്ന ഒരു കൂട്ടത്തോട് നിങ്ങൾ ഇങ്ങനെയേ യുദ്ധം ചെയ്യാവൂ എന്ന് നിയമങ്ങൾ ഉണ്ടാക്കി, നിങ്ങൾ ആവശ്യമില്ലാത്ത യുദ്ധം ചെയ്യരുത് എന്ന് പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി എന്നാണു എന്റെ വായന. അറേബ്യൻ സംസ്കാരത്തിലെ നാട്ടാചാരങ്ങളെയും സംസ്കാരത്തിലെ രീതികളെയും സമന്വയിപ്പിച്ചു ഒരു ജനതയെ ഒരു മതവിശ്വാസത്തിനു ചുറ്റും ഏകീകരിച്ചു കൊണ്ടുവരിക എന്നൊരു കാര്യം കൂടി അവിടെ നടക്കുന്നുണ്ട് എന്ന് പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ടല്ലോ. മദീനയിലെ മറ്റു മതക്കാരോട് “മദീനയെ സംബന്ധിച്ച് നമ്മളെല്ലാവരും ഒരൊറ്റ ജനതയാണ്” എന്നു നബിയുടെ കാലത്ത് ഭരണത്തിന് മാർഗ്ഗരേഖയായി അംഗീകരിച്ച പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അറേബ്യ ഒരു രാജ്യം എന്ന നിലക്ക് മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് ഉമർ ഖത്താബിന്റെ കാലത്താണ്. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടാണ് പേർഷ്യൻ അടിമയായ ഒരു ‘മൗലാ’ (വിമോചിതനായ അടിമ) ഉമർ ഖത്താബിനെ കൊല്ലുന്നത് എന്നാണു സാമാന്യമായി മനസ്സിലാക്കപ്പെടുന്നത്. പിന്നീട് വന്ന ഖലീഫമാരായ ഉസ്മാൻ, അലി എന്നിവരും പല വിധ കലഹങ്ങൾ കാരണം കൊല്ലപ്പെടുകയാണ്. ഇതിന്റെ കാരണങ്ങളിൽ ഗോത്രം, പക്ഷം (ഷിയാ എന്ന വാക്കിനു തന്നെ പക്ഷം എന്നാണു അർഥം. അലിയുടെ പക്ഷക്കാരെ ആണ് അങ്ങിനെ വിളിച്ചിരുന്നത്) എല്ലാം ഇവിടെ വിഷയമായിട്ടുണ്ട്. അറബ് മുസ്ലിംകൾക്കിടയിൽ ഭരണസ്ഥിരതയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ വ്യക്തമാവുന്നത് പിന്നെയും കഴിഞ്ഞാണ് എന്നർത്ഥം.

അറബ്-മുസ്ലിം ചരിത്രത്തിൽ ഖവാരിജുകൾ എന്ന പേരിൽ കടുപ്പക്കാരും വിപ്ലവചിന്തയുമുള്ളതുമായ ആളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അവരാണ് “ഇനിൽ ഹുക്ക് മ ഇല്ലാലില്ല” (അല്ലാഹ്ക്കല്ലാതെ ഭരണാധികാരമില്ല) എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടു വരുന്നത്. ഇവരൊന്നും പക്ഷെ ഭരണത്തിൽ എത്തുന്നില്ല. ചില കുഴപ്പങ്ങൾ ഉണ്ടാക്കി പോവുക മാത്രമാണ് ചെയ്യുന്നത്.

അമവികളുടെ കാലത്തു തുടങ്ങുകയും അബ്ബാസിയാക്കൾ എന്ന് വിളിക്കപ്പെടുന്ന വംശത്തിന്റെ ബാഗ്ദാദിലുള്ള ഭരണകാലഘട്ടത്തിൽ പുഷ്ക്കലമാവുകയും ചെയ്യുന്ന സാംസ്കാരിക വിനിമയത്തിന്റെയും ചിന്താവിപ്ലവത്തിന്റെയും ഒരു ധാര വളരുന്നുണ്ട്. അതിനു ഒരു സ്ഥാപനവൽകൃത സ്വഭാവവും ഉണ്ട്. തത്വചിന്തയുടെ കാലമാണിത്. ഹാറൂൺ അൽ റഷീദും മഅമൂനും ഗ്രീക്ക് തത്വചിന്ത പരിഭാഷപ്പെടുത്താൻ മുൻകൈ എടുക്കുകയും കലയെയും സാഹിത്യത്തെയും നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തവരായിരുന്നല്ലോ. പിന്നീട് മംഗോളീയരുടെ പടയോട്ടകാലത്താണ് ബാഗ്ദാദ് വീഴുന്നത്. അത് പോലെ ഓർക്കേണ്ടതാണ് പേർഷ്യയെയും സ്പെയിനിനെയും അവിടുത്തെ ബൗദ്ധികവും കലാപരവുമായ നേട്ടങ്ങളെയും.

എൻ പി ആഷ്‌ലി: ഇന്ത്യയിലും രാജാക്കന്മാരും ജനങ്ങളുമായുള്ള ബന്ധം ഉണ്ടാക്കുന്നതിലും ആത്മീയമായ സമന്വയം കൊണ്ടുവരുന്നതിലും കവികളും സൂഫിവര്യന്മാരും വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ആർക്കിടെക്ച്ചറിലും ഭാഷയുടെ വികാസത്തിലും അത് വളരെ നന്നായി കാണാമല്ലോ.

സി ടി അബ്ദുറഹീം: ഈ കലയുടെയും ചിന്തയുടെയും ധാരയെ പൊതുബോധത്തിലും വിശ്വാസികളുടെ മനസ്സിലും നിലനിർത്താൻ കഴിഞ്ഞോ എന്നതാണ് ഒരു ചോദ്യം. കുരിശുയുദ്ധവും പിന്നീട് യൂറോപ്യൻ കോളോണിയലിസത്തിന്റെ വിജയങ്ങളും അധികാരത്തിനു വേണ്ടിയുള്ള അവരുടെ ചരിത്രരചനയും അവരുണ്ടാക്കിയ വിദ്യാഭ്യാസസമ്പ്രദായവും ഈ ധാരയെ നമ്മുടെ ബോധത്തിൽ നിന്ന് ഇല്ലാതാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചു എന്നതു എടുത്തു പറയണം. ഈ ധാരയെ മുന്നോട്ടു കൊണ്ടുപോവാൻ മുസ്ലിം പണ്ഡിതന്മാരിൽ നിന്നും നേതാക്കന്മാരിൽ നിന്നും ക്രിയാത്മകതയോടെയുള്ള നീക്കങ്ങൾ ഉണ്ടായുമില്ല. ഇങ്ങനെ ആ ഒരു വശം നമ്മുടെ ചരിത്രത്തിൽ നിന്നും ബോധത്തിൽ നിന്നും മാഞ്ഞുപോവുന്ന അവസ്ഥ വന്നു. ആ ശൂന്യതയിൽ ചരിത്രവുമായും സംസ്കാരവുമായുമുള്ള ബന്ധം നഷ്ടപ്പെട്ട മതബോധം അധികാരവുമായി ബന്ധപ്പെട്ട ഒന്നായിമാത്രം മാറുന്നു. ഈ വിടവ് കൊണ്ടാവണം മുസ്ലിം ചരിത്രത്തിന്റെ വൈവിധ്യത്തെ തള്ളിക്കളഞ്ഞു കൊണ്ട് ഒരു ഇസ്ലാമികഭരണ പദ്ധതി അവതരിപ്പിക്കാൻ ചിലർക്കായത്. ഇതാണ് ഒരു പക്ഷെ അഫ്‌ഗാനിസ്ഥാനിൽ മുജാഹിദുകളെ ഉണ്ടാക്കാൻ അമേരിക്ക പോലും ഉപയോഗിച്ചത്. അതിനെ തള്ളിക്കളയുന്നവരും ചരിത്രപരമായ വൈവിധ്യത്തെയോ ചിന്തയുടെ ആവശ്യത്തെയോ മുന്നോട്ടു കൊണ്ട് പോയില്ല.

എൻ പി ആഷ്‌ലി: താലിബാന്റെ കാര്യത്തിൽ ഒരു ചോദ്യം ചോദിക്കാനുണ്ട്- ഏതു ഭരണവ്യവസ്ഥ ആണെങ്കിലും, അത് രാജാധിപത്യമോ ജനാധിപത്യമോ ആവട്ടെ, അവർക്കു രാജധർമമെന്നോ ജനാധിപത്യപരമായ ഉത്തരവാദിത്വമേന്നോ എന്തെങ്കിലും ഉണ്ട്. ഇവർക്ക് സ്വന്തം ഭരണത്തിന് കീഴിലുള്ള ജനത തന്നെ അടിമകളാണ്. അതാണ് ഐസിസിന്റെയും രീതി. ഇങ്ങനെ ഒരു ഭ്രാന്തൻ കൂട്ടം ഭരണം പിടിച്ചടക്കിയത് കേട്ടിട്ടുള്ളത് റോമാചരിത്രത്തിലെ ബാർബേറിയൻസ് ആണ്. മുസ്ലിം ചരിത്രത്തിൽ അത്തരം ഉദാഹരണങ്ങൾ ഉണ്ടോ?

സി ടി അബ്ദുറഹീം; ഇങ്ങനെ രക്തരൂക്ഷിതമായ ഒരു ചരിത്രം അറിയില്ല.

എൻ പി ആഷ്‌ലി: അധിനിവേശത്തിനെതിരെ അഹിംസയിൽ ഊന്നിയ ബഹുജനസമരങ്ങൾക്കു മാത്രമേ ഇനിയുള്ള കാലത്തു സാധ്യത ഉള്ളൂ എന്നൊരു പാഠം കൂടി അഫ്‌ഗാനിസ്ഥാൻ നൽകുന്നുണ്ട്. താലിബാനെതിരെ വന്നു ഇരുപതു കൊല്ലം ഒരുപാട് അഫ്ഗാൻ ജനങ്ങളെയും കുറെ അമേരിക്കൻ സൈനികരെയും കൊല ചെയ്തിട്ടും താലിബാൻ പോലെ ഉള്ള ഒരു മാഫിയയുടെ വേരറുക്കാൻ പോലും അമേരിക്കൻ സൈന്യത്തിന് ആയിട്ടില്ലെങ്കിൽ ഒരു ഭാഗത്തു യുദ്ധകോൺട്രാക്ടുകളും മറുഭാഗത്തു യുദ്ധത്തിൽ തകർന്ന സ്ഥലങ്ങൾ പുനര്നിര്മ്മിക്കാനുള്ള കോൺട്രാക്ടുകളും നേടി കമ്പനികൾ ലാഭമുണ്ടാക്കുക മാത്രമാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്? ജനാധിപത്യ സ്ഥാപനങ്ങളും കോടതികളും എല്ലാം എത്രത്തോളം നിഷ്ഫലമായിക്കഴിഞ്ഞിരുന്നു എന്ന് കൂടി അത് നമുക്ക് കാണിച്ചു തരുന്നുണ്ട്. മതരാഷ്ട്രവാദം, അതേതു മതത്തിന്റെ പേരിൽ ആയാലും എത്തിപ്പെടാവുന്ന ഭ്രാന്തിന്റെ ആഴം ഇവിടെ വ്യക്തമാണ്.

സി ടി അബ്ദുറഹീം; തീർച്ചയായും. ഒരു ജനതയെ, ഒരു പ്രദേശത്തെ പാഴാക്കിക്കളയുകയാണ് രണ്ടു കൂട്ടരും കൂടി. ഇത്രകാലത്തെ യുദ്ധം ആളുകളെ ഇത്രയും ക്ഷീണിപ്പിച്ചത് കൊണ്ടാണ് ഈ ദുരവസ്ഥ വന്നു പെട്ടത്.

എൻ പി ആഷ്‌ലി: അവസാനമായി ഒരു ചോദ്യം: ഇപ്പോൾ താലിബാനെ എങ്ങിനെ തള്ളിക്കളയണം എന്നാണു പറയുന്നത്?

സി ടി അബ്ദുറഹീം: നീതിബോധവും ചരിത്രബോധവും ഇല്ലാത്ത ആരുടെ കാര്യത്തിലും ഏതു വിഭാഗത്തിനും ബാധകമായ കാര്യമാണിത്. ധാർമികമായി മനുഷ്യരുടെ അവകാശങ്ങളെ ഹനിക്കുന്നവരെയും കടുപ്പം കാണിക്കുന്നവരെയും തള്ളിക്കളയുകയും എതിർക്കുകയും തന്നെ വേണം എന്നതിൽ സംശയത്തിനാവകാശമില്ല. മതരാഷ്ട്രവാദം, മതസമഗ്രതാവാദം എന്നിവയെ സൈദ്ധാന്തികമായി തള്ളിക്കളയുക, സമന്വയത്തിന്റെയും ക്രിയാത്മകതയുടെയും മതകീയപാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുക എന്നിവയും പ്രധാനമാണ്. ഏതായാലും ഇനിയും എന്ത് ആരുടെ കുറ്റമാണ് എന്ന് കണ്ടുപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തുന്നതിലൊന്നുമല്ല കാര്യം. അഫ്‌ഗാനികളുടെ പൗരാവകാശങ്ങൾക്കു വേണ്ടി ലോകം മുഴുവനും, പ്രത്യേകിച്ച് അമേരിക്കയും റഷ്യയും പാകിസ്താനും അറബ് രാജ്യങ്ങളും, മുന്നിട്ടിറങ്ങണം. യുദ്ധവിമാനങ്ങൾ കൊണ്ടല്ല, ജനാധിപത്യവൽക്കരണത്തിലൂടെ താലിബാനിസം പരാജയപ്പെടണം. അങ്ങിനെ വെറുപ്പിന്റെയും സംശയത്തിന്റെയും എല്ലാ പ്രത്യയശാസ്ത്രങ്ങളും എവിടെയും ദുർബലമാക്കപ്പെടണം. അത്തരമൊരു മാറ്റത്തിന് നാം ഭാവി തലമുറയോട് കടപ്പെട്ടിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

സി ടി അബ്ദുറഹീം

(വിദ്യാഭ്യാസപ്രവർത്തകനും ഇസ്ലാംമതചരിത്രപണ്ഡിതനുമായ സി ടി അബ്ദുറഹീം ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിന്റെ പേട്രൺ ആണ്. എൻ പി ആഷ്‌ലി ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്).

Comments
Print Friendly, PDF & Email

You may also like