പൂമുഖം LITERATURE കഥയുടേതല്ലാത്ത കാലത്തെ കഥകൾ

കഥയുടേതല്ലാത്ത കാലത്തെ കഥകൾ

ജീവിതത്തിലേക്കുള്ള ഒരുചെറു പാളിനോട്ടത്തിലൂടെ സൂക്ഷ്മ അനുഭവലോകങ്ങളെ കൊണ്ടുവരുന്ന ചെറുകഥ എന്ന ആഖ്യാനരൂപത്തിന്റെ സമ്പന്ന ചരിത്രം നോക്കുമ്പോൾ ഇന്നത്തെ അതിന്റെ നില അത്ര ഭദ്രമല്ല. നോവൽ വിഴുങ്ങിയ സാഹിത്യചന്തകളിൽ കവിതയെപ്പോലെ തീരെ വിപണിമൂല്യമില്ലാതെ എഴുത്തുകാരുടെ ആഗ്രഹങ്ങൾക്കു പുറത്തുമാത്രം പുസ്തകജീവിതമുണ്ടാവാൻ വിധിക്കപ്പെട്ട സാഹിത്യലോകത്തെ ഒരു ചെറുഗണമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. പ്രസാധകരാരുംതന്നെ ചെറുകഥാസമാഹാരങ്ങൾ ഇറക്കുന്നതിൽ ഉത്സുകരല്ല. എന്നാൽ നോവലിന് വലിയ മാർക്കറ്റാണുതാനും. വലിയ നോവലിസ്റ്റുകളുടെ ചെറുകഥകൾക്കുതന്നെ ഡിമാൻഡില്ല. അതുകൊണ്ട് പുതിയ എഴുത്തുകാർക്ക് സ്ക്രിപ്റ്റ് കൊടുത്ത് അനന്തമായ കാത്തിരിപ്പേ ഗതി. ചെറുകഥ പ്രണയബന്ധം പോലെയാണെന്നാണല്ലോ കഴിഞ്ഞ നൂറ്റാണ്ടിലെ മൊഴി. പ്രണയകാലം കഴിഞ്ഞ ലോകമാണോ ഈ നൂറ്റാണ്ടിന്റേത്?

കവിതയ്ക്കുണ്ടായതുപോലെയൊരു ബ്ലോഗ് കാലവും കഥയ്ക്ക് വിധിച്ചില്ല. കവിത ആനുകാലികങ്ങളിലെ അരികുകോളങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ കഥയുടെ കാര്യത്തിൽ തിരിച്ചാണു സംഭവിച്ചത്. രണ്ടായിരത്തോടെ നമ്മുടെ ആനുകാലികങ്ങളിൽ കവർ സ്റ്റോറികളായി ചെറുകഥകൾ ഹീറോ പാർട്ടുകളിക്കാരായി. മലയാളചെറുകഥകൾ കഥകളായി മാറിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ആനുകാലികങ്ങളിലൂടെത്തന്നെയായിരുന്നല്ലോ. ധാരാളം ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ ഇക്കാലത്തുണ്ടെങ്കിലും, അവയിൽ ഇടക്കിടക്ക് ചെറുകഥകൾ വരുന്നുണ്ടെങ്കിലും ഇപ്പോഴും കഥയ്ക്ക് അവിടെ തന്റേടമായി എന്ന് പറഞ്ഞുകൂടാ. നവമാധ്യമങ്ങളിൽ സ്റ്റോറിടെൽ ആപ്പുകളിലാണ് അവ കൂടുതലും ജീവിക്കുന്നത്.

2023 ൽ നമ്മുടെ ചെറുകഥക്ക് എന്താണ് സംഭവിച്ചത് എന്ന ഒരു അന്വേഷണം നടത്താൻ ശ്രമിക്കുമ്പോൾ വന്ന ആമുഖ ആലോചനകളാണ് ഇതൊക്കെ. പുതിയ ചെറുകഥയെ അന്വേഷിക്കേണ്ടത് എവിടെ എന്ന ചോദ്യത്തിന് എനിക്കുള്ള ഉത്തരം അച്ചടി ആനുകാലികകങ്ങളിൽ എന്നുതന്നെയാണ്. അതുകൊണ്ട് 2023 ൽ വന്ന ചെറുകഥകളെ പ്രമുഖ പ്രിന്റ് ആനുകാലികങ്ങളിലൂടെ സാമാന്യമായി ഓടിച്ചൊന്ന് അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തില്‍ ജനുവരി ഒന്നിലെ ലക്കത്തില്‍ ജി. ആര്‍. ഇന്ദുഗോപന്റെ കഥയാണ് മാതൃഭൂമിയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചുവന്നത്. ‘അപ്പൂപ്പന്റെ നാണുഗുരു’ എന്ന പേരില്‍ വന്ന ഈ ചെറുകഥ ശ്രീനാരായണഗുരുവിനെ അനുസ്മരിപ്പിക്കുന്നു. ചരിത്രത്തെയും ചരിത്രനായകന്മാരെയും പലതരത്തില്‍ പുനരാവിഷ്ക്കരിക്കുന്നവയാണ് പുതുകഥകള്‍. അപ്പൂപ്പന്റെ ഓര്‍മകളിലൂടെയാണ് കഥാകൃത്ത് ഗുരുവിനെ ആദ്യമായി അറിയുന്നത്. എഴുതപ്പെട്ട ബൃഹത്ചരിത്രത്തിന്റെ ഓരങ്ങളിലൊന്നും എത്തിനോക്കാന്‍ ഇടംകിട്ടാത്ത, നിറപ്പകിട്ടില്ലാത്ത കഥകളും വ്യക്തിഗതമായ ഓര്‍മകളുമെല്ലാം തമ്മില്‍ കലര്‍ന്ന ആവിഷ്ക്കാരങ്ങളാണ് ഈ കഥകള്‍. ഗുരുവിന്റെ പ്രതിഷ്ഠയുള്ള അഞ്ചുതെങ്ങ് ജ്ഞാനേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന പരിസരം പശ്ചാത്തലമായിട്ടുള്ള ഇന്ദുഗോപന്റെ മറ്റൊരു കഥയാണ് ‘അമ്മിണിപ്പിള്ള വെട്ടുകേസ്’. ചരിത്രത്തെ വ്യത്യസ്ത അടരുകളായി കണ്ടെടുക്കുന്ന, പുനരവതരിപ്പിക്കുന്ന പ്രവണത സമകാലിക ചെറുകഥാകൃത്തുക്കളിലെല്ലാം പൊതുവേ കണ്ടുവരുന്നുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജനുവരി അവസാനം ‘വിവിധഭാരതി’ ലക്കത്തില്‍ വ്യത്യസ്ത ഭാഷകളിലെ കഥകളുടെ വിവര്‍ത്തനങ്ങളാണ് പ്രസിദ്ധീകരിച്ചുവന്നത്. മലയാളത്തിലെ കഥയായി ആ ലക്കത്തില്‍ വന്നത് അമലിന്റെ ‘എന്റെ അമ്മൂമ്മ ഒരു ചരിത്രവനിത’ എന്ന ചെറുകഥയാണ്. പുതിയ കഥകളില്‍ ഗുരു ഐക്കണാവുന്നതുപോലെ ആവര്‍ത്തിച്ചുവരുന്ന മറ്റൊരു ചരിത്രപാഠമാണ് ഗാന്ധി. അമ്മൂമ്മ ഗാന്ധിയുടെ ജീവന്‍ രക്ഷിച്ച സംഭവമാണ് കഥയുടെ ഇതിവൃത്തം. സമകാലികരില്‍ ഏറെ ശ്രദ്ധേയനായ കഥാകൃത്താണ് അമല്‍. ജൂലൈയിലെ ലക്കം പതിനേഴില്‍ വന്ന അമലിന്റെ മറ്റൊരു കഥയാണ് ‘ഫ്ലോട്ട്’. ഭാഷാപോഷിണിയുടെ കഴിഞ്ഞ വര്‍ഷം നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ് ‘ഒറ്റവരിക്കഥകള്‍’. മാധ്യമത്തില്‍ വന്ന മറ്റൊരു രചനയാണ് ‘പതിനേഴ് ടിഷ്യൂ പേപ്പര്‍ കഥകള്‍’.

മാതൃഭൂമി ഒക്ടോബര്‍ ലക്കം മുപ്പതില്‍ വന്ന ഏറെ ശ്രദ്ധയമായ ഗാന്ധി പ്രമേയമായ സുഭാഷ് ചന്ദ്രന്റെ കഥയാണ് ‘ജ്ഞാനസ്നാനം’. ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന ദണ്ഡിയാത്രയാണ് കഥയുടെ പശ്ചാത്തലമായി വരുന്നത്. മാതൃഭൂമി ഏപ്രില്‍ ആദ്യലക്കത്തിലെ സക്കറിയ എഴുതിയ ‘കരുണന്‍ പൂച്ച’ എന്ന കഥയും ചരിത്രത്തോട് കലര്‍ത്തി രചിച്ചതാണ്. ഇന്ദിരാഗാന്ധി ഈ കഥയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി കടന്നുവരുന്നുണ്ട്. ഇത്തരത്തില്‍ ഭരതന്‍ കഥാപാത്രമായി വരുന്ന ഒരു കഥയാണ് സുസ്മേഷ് ചന്ത്രോത്തിന്റെ ‘ഭരതേട്ടന്‍’. ഭരതന്റെ സിനിമകളും ഷൊര്‍ണൂറുമെല്ലാം ഈ കഥയില്‍ പ്രതിപാദിക്കുന്നുണ്ട്. സുസ്മേഷ് ചന്ത്രോത്തിന്റെ സമകാലിക മലയാളം ജനുവരി ലക്കത്തില്‍ വന്ന കഥയാണ് ‘ജോണി’. കൂടാതെ ഭാഷാപോഷിണി ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘മാധവി, മങ്കയാര്‍ കരശി, മിതാലി’ എന്ന കഥ. ആഗസ്റ്റില്‍ ഇറങ്ങിയ മാധ്യമം കഥാപതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട സുസ്മേഷിന്റെ കഥയാണ് ‘കല്ല് കോഴി മരണം’. ആ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റ് കഥകളാണ് വി.ഷിനിലാലിന്റെ ‘അടക്കം’, അനില്‍ ദേവസ്സിയുടെ ‘മധുരക്കിഴങ്ങുതിന്നുന്നവന്‍’, സന്ധ്യ എന്‍.പി. യുടെ ‘മരണരസം’, വി.എം. വിനോദ് ലാലിന്റെ ‘അന്ധകാരകോളനി’, യാസര്‍ അറാസഫത്തിന്റെ ‘ഉദ്ഘാടനം’, പ്രിയ സുനിലിന്റെ ‘ഇദ്ദയില്‍ വിരിഞ്ഞ ചെമ്പരത്തി’, സബീന എം.സാലിയുടെ ‘പെണ്ണാര്‍മി’, എം. പ്രശാന്തിന്റെ ‘തെമ്മാടികളുടെ രാത്രി’ എന്നിവ.

വി. ഷിനിലാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ ആനുകാലികങ്ങളില്‍ ധാരാളം എഴുതിയിട്ടുണ്ട്. മാതൃഭൂമിയില്‍ വന്ന കാട് പശ്ചാത്തലമാക്കി രചിക്കപ്പെട്ട ‘ചോല’, ‘വരാല്‍’, മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘അയ്യാറെട്ട്’, ദേശാഭിമാനിയില്‍ മെയ് ആദ്യലക്കത്തില്‍ വന്ന ‘ഗുരുദേവ് എക്സ്പ്രസ്സ്’, ഭാഷാപോഷിണി ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ക്രിയ’ തുടങ്ങിയവ മികവാര്‍ന്ന ചെറുകഥകളാണ്. നവംബര്‍ 27-ന് ഇറങ്ങിയ സമകാലിക മലയാളം വാരികയിലെ ഷനോജ് ആര്‍. ചന്ദ്രന്റെ ‘അമ്പലപ്പുഴ സിസ്റ്റേഴ്സ്’ ശ്രദ്ധേയമായൊരു ചെറുകഥയാണ്. സ്റ്റേജിലും കണ്ണാടിയിലും എന്ന പോലെ ഒരേ പോലെ നൃത്തം ചെയ്യുന്ന ഭാര്‍ഗവിയും കരുമാടി സതിയുമാണ് കഥയിലെ നായികമാര്‍. ഏപ്രില്‍ ആദ്യവാരം പുറത്തിറങ്ങിയ പതിപ്പിലെ ഷനോജിന്റെ കഥയാണ് ‘ആറാം വാര്‍ഡിലെ മോഷ്ടാവ്’. സമകാലിക മലയാളത്തില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു മികച്ച കഥയാണ് മനോജ് വെങ്ങോലയുടെ ‘പെരുമ്പാവൂര്‍ യാത്രിനിവാസ്’.

നവംബര്‍ മാസത്തിലെ ദേശാഭിമാനിയില്‍ വന്ന എസ്. ഹരീഷിന്റെ ‘ഇസ്താംബൂള്‍’ ശ്രദ്ധേയമായ ഒരു കഥയാണ്. ജൂലൈ അവസാന ലക്കത്തില്‍ സമകാലിക മലയാളത്തില്‍ വന്ന മറ്റൊരു കഥയാണ് ‘ചൂണ്ടക്കാരന്‍’. ഒരു ഞായറാഴ്ച ദിവസം ദൂരെയുള്ള തോട്ടിലേക്ക് അതിരാവിലെ തന്നെ ചൂണ്ടയിടാന്‍ പോകുന്ന ഒരാളുടെ ചിന്തകളാണ് ഈ കഥ. മാതൃഭൂമിയില്‍ വന്ന കെ.രേഖയുടെ കഥകളാണ് മനുഷ്യാലയ ചന്ദ്രിക, വള്ളുവനാട് എന്നീ കഥകള്‍. ‘മനുഷ്യാലയ ചന്ദ്രിക’ ശ്രദ്ധിക്കപ്പെട്ട ഒരു കഥയാണ്. പ്രമേയത്തിലെ പുതുമകൊണ്ടല്ല, പ്രമേയത്തിന്റെ സാമൂഹികപ്രസക്തികൊണ്ടും അവതരണം കൊണ്ടുമാണ് ഇത് ശ്രദ്ധേമായത്. മലയാളത്തില്‍ കുറച്ചുകാലമായി എഴുതി വരുന്ന പ്രധാനപ്പെട്ടൊരാളാണ് പി.എഫ്. മാത്യൂസ്. മാതൃഭൂമി ആഴ്ചപതിപ്പില്‍ ജനുവരിയില്‍ വന്ന അദ്ദേഹത്തിന്റെ കഥയാണ് ‘നാട്ടുപാതിരിയുടെ ആത്മഗതം’. ജൂണില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു കഥയാണ് ‘മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം’.

എസ്. ആര്‍. ലാലിന്റെ മാതൃഭൂമിയില്‍ വന്ന കഥയാണ് ‘രണ്ട് സ്നേഹിതര്‍’. ഭാഷാപോഷിണിയില്‍ ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പട്ട വിനു എബ്രഹാമിന്റെ കഥയാണ് ‘ഈ യാത്രയും’. ഈ വര്‍ഷത്തില്‍ മാതൃഭൂമിയില്‍ വന്ന ഇദ്ദേഹത്തിന്റെ കഥയാണ് ‘പ്രവാചകന്‍’, ‘ഹാ സുഖങ്ങള്‍ വെറും ജാലം’ എന്നിവ. ഓഗസ്റ്റ് ലക്കത്തിലെ ഓണപ്പതിപ്പില്‍ വന്ന വിനു എബ്രഹാമിന്റെ കഥയാണ് ‘വളരെ പ്രധാനപ്പെട്ടൊരു അക്ഷരം’. ഓണപതിപ്പിലെ മറ്റുകഥകളാണ് ടി. പത്മനാഭന്റെ ‘പുണ്യം’, സി.വി.ബാലകൃഷ്ണന്റെ ‘പുരം എരിയുന്ന നേരം’, ചന്ദ്രമതിയുടെ ‘എലിവേറ്ററിലെ പ്രണയം’, വി.ആര്‍. സുധീഷിന്റെ ‘ജോണ്‍ കഥയിലെ വെള്ളില്‍പ്പറവ’, യു.കെ. കുമാരന്റെ ‘എഴുപത്തഞ്ചിന്റെ ഒരു വിഫലശ്രമം’, ടി.ഡി.രാമകൃഷ്ണന്റെ ‘അഭയാര്‍ത്ഥികള്‍’, അംബികാസുതന്‍ മാങ്ങാടിന്റെ ‘കാസ്രോട്’, രഘുനാഥ് പാലേരിയുടെ ‘കൈപ്പിടിയോളം ധൂളി’, സിതാര എസിന്റെ ‘അവളും ഞാനും’, കെ.വി. മോഹന്‍കുമാറിന്റെ ‘അലിബി, ഒരു കൃതി’, പി.കെ. പാറക്കടവിന്റെ ‘പന്ത്രണ്ട് മിന്നല്‍കഥകള്‍’ എന്നിവ.

പോയ വര്‍ഷത്തെ മാതൃഭൂമി വിഷുപതിപ്പിലെ സമ്മാനാര്‍ഹമായ മൂന്ന് കഥകളാണ് അശ്വിന്‍ ചന്ദ്രന്റെ ‘ഒറ്റ്’, ആദര്‍ശ് എം.എസിന്റെ ‘പേറ്റുതുരുത്ത്’, ആനന്ദ് അമൃത് നാഥിന്റെ ‘കൊകാല്‍’ എന്നിവ. ഒക്ടോബര്‍ അവസാനലക്കത്തിലെ ‘കഥയാറ്’ എന്ന പേരില്‍ വന്ന പുതുതലമുറക്കഥകളില്‍ സുഭാഷ് ഒട്ടുംപുറത്തിന്റെ ‘പ്രതിവിഷം’, ഷബിതയുടെ ‘ഒറ്റപ്പെട്ടുപോയ ഒരു സംഭവം’, അനൂപ് അന്നൂരിന്റെ ‘കായല്‍ നായ’, ആഷ് അഷിത എഴുതിയ ‘റോബര്‍ട്ട് സണ്‍പേട്ട്’, വി.സുരേഷ് കുമാറിന്റെ ‘ആന്റണ്‍ ചേക്കൂട്ടി’, അഖില കെ.എസിന്റെ ‘ഗോര’ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. സമകാലിക മലയാളത്തില്‍ വന്ന അഖിലയുടെ മറ്റു കഥകളാണ് ‘കാണാതായവരുടെ അടയാളം’, മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘പൂച്ചയുടെ മകള്‍’, ദേശാഭിമാനിയില്‍ വന്ന ‘നമുക്കിടയിലെ പകല്‍’ എന്നിവ. പുതുതലമുറക്കഥകളില്‍ ഉള്‍പ്പെട്ട ‘പ്രതിവിഷം’ എഴുതിയ സുഭാഷ് ഒട്ടുംപുറവും നിലവില്‍ കഥാസാഹിത്യത്തില്‍ തനതായ ഇടം പിടിച്ചെടുക്കാന്‍ കരുത്തുള്ള കഥാകൃത്താണ്. ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ഒരിക്കലൊരു ഗ്രാമത്തില്‍’, സമകാലിക മലയാളത്തിലെ ‘കവിത’ തുടങ്ങിയവയാണ് മറ്റു ചെറുകഥകള്‍.

മുകളില്‍ പറഞ്ഞവരില്‍ സമകാലിക കഥാലോകത്തിന്റെ നോട്ടം ഏറെ പ്രതീക്ഷയോടെ ചെന്നുപതിക്കുന്ന ഒരു പേരാണ് ഷബിത. മാധ്യമത്തില്‍ വന്ന ഷബിതയുടെ മറ്റൊരു കഥയാണ് ‘അണ്ടിക്കീരി’. ദേശാഭിമാനി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്ന ‘സോയ@ sixty plus- vibes-‘ വി.കെ. ദീപയുടെ കഥയാണ്. ദീപയുടെ ഈ വര്‍ഷത്തെ ചില രചനകളാണ് മാതൃഭൂമിയില്‍ വന്ന ‘ജാതിപത്രി’, ഭാഷാപോഷിണി മാര്‍ച്ച് ലക്കത്തിലെ ‘ഭവിഷ്യതി’ തുടങ്ങിയവ. സമകാലികരില്‍ ശ്രദ്ധിക്കപ്പെട്ടുവരുന്ന ഒരെഴുത്തുകാരനാണ് ശ്രീകണ്ഠന്‍ കരിക്കകം. അദ്ദേഹത്തിന്റെ ‘പീ… കോക്ക്’ മാധ്യമത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ്. മാധ്യമത്തില്‍ തന്നെ വന്ന ‘വരാഹമിഹിരന്റെ മുതല’, ദേശാഭിമാനിയില്‍ വന്ന ‘തന്നതില്ലപരനുള്ളുകാട്ടുവാന്‍..’ എന്നിവയും ഇദ്ദേഹത്തിന്റെ മികവാര്‍ന്ന കഥകളാണ്.

ടി. പത്മനാഭന്റെ ‘വീണ്ടും ഒരു ചെറിയ കഥ’, വി.എസ്. അനില്‍ കുമാറിന്റെ ‘ബൗണ്‍സര്‍’, കെ.വി. മോഹന്‍ കുമാറിന്റെ ‘ക്ലാവ്’, യു.കെ. കുമാരന്റെ ‘ഒരേ ഒരു ഒപ്പ്’, ‘ഇരുളിലേക്ക് നീളുന്ന കണ്ണുകള്‍’, സോക്രട്ടീസ് കെ. വാലത്തിന്റെ ‘തുടര്‍ക്കഥയില്‍ നിന്നുമുള്ള ചില പേജുകള്‍’, സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ദേശീയമൃഗം’, കെ.വി. മണികണ്ഠന്റെ ‘സ്മാര്‍ത്തം’, സാറാ ജോസഫിന്റെ ‘കറ’, വി.ജെ.ജയിംസിന്റെ ‘വ്യാജബിംബം’, ഇ. സന്തോഷ് കുമാറിന്റെ ‘പച്ചകുത്തുന്നവള്‍’, കെ.എ. സെബാസ്റ്റ്യന്റെ ‘അന്ത്യകൂദാശയുടെ പിറ്റേന്ന്’, ഗ്രേസിയുടെ ‘ചോരന്നൂര്‍’, ഷാഹിന ഇ.കെ.യുടെ ‘നീലമീലിക’, ബെന്യാമിന്റെ ‘കൊച്ചി’, അശോകന്‍ ചരുവിലിന്റെ ‘പടിപ്പുരക്കൊട്ടിലില്‍ ഒരു പ്രണയകാലത്ത്’, ഉണ്ണി ആര്‍. എഴുതിയ ‘അഭിജ്ഞാനം’, ‘സ്വയംഭാഗം’, ഫ്രാന്‍സിസ് നോറോണയുടെ ‘ഗേയം’, പ്രമോദ് രാമന്റെ ‘മാലിനിയുടെ അവസാനത്തെ ചലനനിയമം’, വിനോയ് തോമസിന്റെ ‘ഈ കൂട്ടില്‍ കോഴിയുണ്ടോ’, ടി.ഡി.രാമകൃഷ്ണന്റെ ‘കാശി’, എം. നന്ദകുമാറിന്റെ ‘ഈഴച്ചെമ്പകത്തിന്റെ ഗന്ധം’, സേതുവിന്റെ ‘മുങ്ങിക്കുളി’ തുടങ്ങിയ കഥകള്‍ ഈ കഴിഞ്ഞ വര്‍ഷത്തില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാരിലെത്തിയവയാണ്.

വി.വി.കെ. രമേഷ് എഴുതിയ ‘സ്കന്ദന്‍’, ‘പെരുമാള്‍’ എന്നിവയും ശ്രീലതയുടെ ‘എന്‍സൈക്ലോപീഡിയ’, വര്‍ഗീസ് അങ്കമാലിയുടെ ‘പടക്കം’, ‘കുഴിയാനക്കിണര്‍’, ‘ഗോള്‍ഡ് ഫേഷ്യല്‍’, ജേക്കബ് അബ്രഹാമിന്റെ ‘റോബ്സണ്‍ എസ്റ്റേറ്റ്’, രവിയുടെ ‘നീല’, ‘ഴാവേര്‍’, ‘അനുസ്വാരം’, ഏബ്രഹാം മാത്യുവിന്റെ ‘തിരുവല്ല @2050’, മനോജ് ജാതവേദരുടെ ‘രാജാവിന്റെ മകന്‍’, വി.എച്ച്. നിഷാദിന്റെ ‘പ്രകാശം പരത്തുന്ന ആ‍ട്ടിന്‍കുട്ടി’, ‘ഏപ്രിലിന്റെ കഥകള്‍’, മിനി പി.സി. എഴുതിയ ‘തേറ്റ’, ‘ഉജ്ജയിനിയിലെ ഗായിക’, വി.ജയദേവിന്റെ വാസനാവികൃതി, പ്രവീണ്‍ ചന്ദ്രന്റെ ‘സ്വപ്നശ്രേണികളുടെ നാട്ടില്‍’, ‘ഒരു പന്തയത്തിന്റെ അന്ത്യം’, ശ്യാം കൃഷ്ണന്‍ ആര്‍. എഴുതിയ ‘കുമാരങ്കിണറ്’, ‘തൊപ്പിക്കാരന്‍’, സന്ധ്യ എന്‍.പിയുടെ ‘ഗംഗാസ് മാര്യേജ് സര്‍വീസ്’, ധന്യാരാജിന്റെ ‘അകത്തളം’, ഡിന്നു ജോര്‍ജിന്റെ ‘ശബ്ദങ്ങള്‍’, നിധിന്‍ വി.എന്‍. എഴുതിയ ‘ചാച്ചന്‍’ തുടങ്ങിയ കഥകളെല്ലാം എടുത്തു പറയേണ്ടവയാണ്. മാധ്യമത്തില്‍ വന്ന ‘മട്ടന്‍ കറി സിദ്ധാന്തം’ എന്ന ജിഷ്ണു പ്രകാശിന്റെ കഥ പുതിയ കാലത്തിന്റെയും കഥയുടെയും പള്‍സുള്ള ചെറുകഥയാണ്.

പരാമര്‍ശിക്കാന്‍ വിട്ടുപോയ കഥകൾ അനവധി. എന്നാൽ മൊത്തക്കണക്കിൽത്തന്നെ വ്യത്യസ്തത അനുഭവിപ്പിക്കുന്ന കഥകൾ ചുരുക്കം എന്ന പൊതു അവലോകനത്തെ മാറ്റിമറിക്കാവുന്ന ഒരു കഥ അതിൽനിന്നുയിർക്കുമോ എന്ന് സംശയം.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like