പെരുമാൾ മുരുകൻ
ജാതീയമായ വേർതിരിവുകളും അതേതുടർന്നുണ്ടാകുന്ന അക്രമണങ്ങളും സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. പുരോഗമനത്തിന്റെ അലയൊലികൾ എത്രകണ്ട് ആളുകളിലേക്ക് എത്തിയാലും വികസന കുതിപ്പിനായി ലോകരാഷ്ട്രങ്ങളോടൊപ്പം മത്സരിക്കുമ്പോഴും ഒരു വിഭാഗം ജനത അനുഭവിക്കുന്ന യാതനകളെ കുറിച്ച് പലപ്പോഴും ആരും ചിന്തിക്കാതെ പോകുന്നു. അക്രമങ്ങളോ കൊലപാതകങ്ങളോ വാർത്തകളായി വരുമ്പോൾ മാത്രം അന്തിച്ചർച്ചകൾ കണ്ട് മാധ്യമങ്ങൾക്കു മുന്നിലിരുന്ന് കൊണ്ട് ജാതീയതയേയും അതിന്റെ ദുരവസ്ഥകളെയും കുറിച്ച് അല്പനേരം ഓർക്കുന്നു എന്നല്ലാതെ ദുരഭിമാന കൊലകൾക്കോ അക്രമങ്ങൾക്കോ ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ഇന്നും കഴിഞ്ഞിട്ടില്ല എന്ന വസ്തുത അംഗീകരിക്കേണ്ടത് തന്നെയാണ്. അബേദ്ക്കർ, ശ്രീനാരായണഗുരു,രാജാറാം മോഹൻ റോയി, കുമാരനാശാൻ,അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രേരണകളും, നയങ്ങളും, സിദ്ധാന്തങ്ങളും ഒക്കെയുണ്ടെങ്കിലും അതിനെയൊക്കെ സ്വാംശീകരിച്ചുകൊണ്ട് തങ്ങളുടെ പ്രവൃത്തിയിൽ ഉൾക്കൊള്ളിക്കാൻ എത്ര ആളുകൾ തയ്യാറാകുന്നു എന്നതിനാണ് ഉത്തരം കിട്ടേണ്ടത്.ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിലേയും ഗ്രാമങ്ങളിൽ ഇന്നും ജാതീയമായ വേർതിരിവുകളും വിലക്കുകളും നടന്നുകൊണ്ടിരിക്കുന്നു.
ഇത്തരം അനാചാരങ്ങളേയും അക്രമങ്ങളേയും കുറിച്ച് സാഹിത്യ, രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ പ്രതികരിക്കുമ്പോൾ അവർ സമൂഹത്തിൽ ഒറ്റപ്പെടുകയും വിലക്കപ്പെടുകയുമാണ് ഉണ്ടാവുന്നത്. ചുറ്റുമുള്ള മനുഷ്യരെ മനുഷ്യരായി തന്നെ കാണാനും, അവന്റെ ഉള്ളിൽ ഒഴുകുന്ന രക്തം എല്ലാവരുടേതും പോലെ ചുവന്നതാണെന്നും ഇറ്റുവീഴുന്ന വിയർപ്പിനും ഉതിർക്കുന്ന കണ്ണുനീരിനും ഒരേ നിറമാണെന്നും ചിന്തിക്കാത്ത മനുഷ്യരെ പറഞ്ഞു മനസ്സിലാക്കാനും തിരുത്തി നന്നാക്കാനും ശ്രമിച്ചതിന്റെ ഭാഗമായി തങ്ങളുടെ വ്യവഹാര മേഖലയിൽ നിന്നുപോലും വിട്ടുനിൽക്കേണ്ടി വന്ന ആളുകളുണ്ട്. ഇടങ്ങളിൽ നിന്നും ഇടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന എഴുത്തുകാരുണ്ട്. തമിഴ് നാട്ടിലെ ജാതീയമായ വേർതിരിവുകളെ കുറിച്ചും അതിലെ അനാചാരങ്ങളെ കുറിച്ചും ഏറ്റവും ശക്തമായ് തന്റെ രചനകളിലൂടെ അവതരിപ്പിച്ചത് പെരുമാൾ മുരുകനാണ്. ക്രൂരമായ പല ആചാരങ്ങളെയും അനാചാരങ്ങളായി കണ്ടു കൊണ്ട് തന്നെ, തന്റെ രചനകളിൽ അത്തരം വിഷയങ്ങൾ ഉൾപ്പെടുത്തി ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ പെരുമാൾ മുരുകൻ ശ്രമിച്ചിട്ടുണ്ട്. “കീഴാളൻ”, “അർദ്ധനാരീശ്വരൻ “തുടങ്ങിയ നോവലുകളിൽ ജാതീയതയുടേയും, അതിലെ അനാചാരങ്ങളുടെയും കറുത്ത രൂപങ്ങളെയാണ് പെരുമാൾ മുരുകൻ രംഗത്തു കൊണ്ടുവന്നത്. തമിഴ് നാട്ടിലെ ഉൾനാട്ടിൻപുറങ്ങളിലെ ആചാരനുഷ്ഠാനങ്ങളാണെങ്കിലും അതിന് ഇരയാവുന്നത് നിസ്സഹായരും, നിരക്ഷരരുമായ മനുഷ്യരാണ്. പെരുമാൾ മുരുകന്റെ 2013ൽ രചിച്ച “പൂക്കുഴി “എന്ന നോവലും പറഞ്ഞു വെയ്ക്കുന്നത് ദുരഭിമാന ക്കൊലയുടെ നേർച്ചിത്രമാണ്.ഒട്ടേറെ ഭാഷകളിലായ് വിവർത്തനം ചെയ്ത പൂക്കുഴി എന്ന നോവൽ മലയാളത്തിലേക്ക് “ചിതാഗ്നി” എന്ന പേരിൽ വിവർത്തനം ചെയ്തത് ശൈലജ രവീന്ദ്രനാണ്. ചില നാടൻ ശൈലികളിൽ വന്ന മൊഴിമാറ്റ അപാകതകൾ മാറ്റി നിർത്തിയാൽ ചിതാഗ്നി എന്ന നോവൽ ശ്രദ്ധേയമാണ്.
നമ്മുടെ രാജ്യത്ത് തുടർന്നുവരുന്ന ദുരഭിമാന കൊലകളുടെ കണക്കെടുത്തു നോക്കിയാൽ തന്നെ ജാതീയതയുടെ അവബോധം ആളുകളിൽ എത്ര കണ്ട് ശുഷ്കമാണെന്ന് ഊഹിക്കാവുന്നതാണ്. അവിടെയാണ് ജാതിയെ കുറിച്ച് സംസാരിക്കേണ്ടതിന്റെയും ആളുകൾക്ക് ‘ബോധം’വരുത്തേണ്ടതിന്റെയും ആവശ്യകത . പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ അക്ഷരാർത്ഥത്തിൽ ശ്രദ്ധേയനാകുന്നതും വേറിട്ടു നിൽക്കുന്നതും അക്കാരണത്താലാണ്.തന്റെ സൃഷ്ടികൾ ഓരോന്നിലൂടെയും അദ്ദേഹം ജനങ്ങളോട് ഇടപെട്ടുകൊണ്ടിരുന്നു. അനാചാരങ്ങളുടെയും വിലക്കുകളുടെയും ലോകത്തു നിന്ന് ഉയർത്തെഴുന്നേൽക്കലിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. തനിക്കു നേരെ ഉയർന്ന വിലക്കുകളെയോ ഭീഷണികളെയോ വക വെയ്ക്കാതെ സവർണനെന്നോ, അവർണനെന്നോ വേർതിരിക്കാതെ മനുഷ്യനെന്ന ഒറ്റ വർഗ്ഗത്തിനെ മാത്രം ലക്ഷ്യം കണ്ടു കൊണ്ടാണ് പെരുമാൾ മുരുകൻ സാഹിത്യ മേഖലയിൽ പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ ചിതാഗ്നി എന്ന നോവലിലെ കഥ നടക്കുന്നത് തമിഴ്നാട്ടിലെ കാട്ടുപട്ടി എന്ന ഗ്രാമത്തിലാണ്. പ്രണയത്തിന്റെ മനോഹാരിതയും ദുരന്തത്തിന്റെ വിറങ്ങലിപ്പും വായനക്കാരുടെ ഉള്ളിലേക്ക് കടത്തി വിടുന്ന ആഖ്യാന രീതിയിലാണ് നോവലിന്റെ രചന.
വ്യത്യസ്ത ജാതിയിൽ ജനിച്ച കുമരേശനും സരോജവുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. പ്രണയത്തിന്റെ മായിക വലയത്തിൽപെട്ട അവർക്ക് ജാതിയോ, മതമോ, നിറമോ നോക്കാതെ ഒരുമിച്ചു ജീവിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഉണ്ടാവാൻ പോകുന്ന എല്ലാ എതിർപ്പുകളും ഇല്ലാതാകും എന്നതൊരു വ്യാമോഹം മാത്രമായി അവശേഷിക്കുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. പ്രണയത്തിന്റെ ആദ്യ നാളുകളിൽ കണ്ണുകളിലൂടെയും ചലനങ്ങളിലൂടെയും പരസ്പരം ഇഷ്ടം പങ്കു വെച്ചപ്പോൾ അവനവൻ ജീവിക്കുന്ന ജീവിത സാഹചര്യങ്ങളെ പറ്റി ചോദിക്കാനോ പറയാനോ സ്വാഭാവികമായി അവരും മറന്നു. വിവാഹത്തിനു ശേഷം കുമരേശനൊപ്പം അവന്റെ ഗ്രാമത്തിലെത്തിയപ്പോഴാണ് സരോജം അതെല്ലാം വലിയ തെറ്റായി പോയെന്ന് മനസിലാക്കുന്നതും അതിൽ അവൾക്ക് കുറ്റബോധം തോന്നുന്നതും. അതുവരെ പരിചയിച്ചിരുന്ന ജീവിത സാഹചര്യങ്ങളോ, ആചാരങ്ങളോ ഒന്നുമായിരുന്നില്ല സരോജത്തെ എതിരേറ്റത്. എന്നാൽ അവൾ അതിജീവിച്ചത് കുമരേശന്റെ സ്നേഹത്തിൽ മാത്രമായിരുന്നു.
ഒരു ഗ്രാമത്തിലെ ജനത മുഴുവൻ വെറുപ്പോടെയാണ് മറ്റൊരു ജാതിക്കാരിയായ സരോജത്തെ കണ്ടിരുന്നത്. കുത്തുവാക്കുകൾ പറഞ്ഞു മാനസികമായി തളർത്താൻ ഗ്രാമത്തിലെ ഓരോരുത്തരും പരമാവധി ശ്രമിച്ചു എന്ന് വേണം പറയാൻ. കുമരേശന്റെ അമ്മയും ഒറ്റ മോനെന്ന പരിഗണനയൊന്നും അവിടെ നൽകുന്നില്ല. കേട്ടാൽ അറയ്ക്കുന്ന തെറി വാക്കുകൾ കൊണ്ട് മകനെയും മരുമകളെയും അവർ നേരിടുന്നുണ്ട്. ഭർത്താവിന്റെ സ്നേഹത്തണലിലാകുമ്പോഴും ഭയം ഒരു മരം പോലെ സരോജത്തിന്റെ ഉള്ളിൽ വളർന്നുകൊണ്ടിരുന്നു. വീടിന് ഊര് വിലക്ക് കല്പിച്ചപ്പോഴും ആ ദമ്പതികൾ തളരാതെ പിടിച്ചു നിൽക്കുന്നുണ്ട്. കുമരേശന്റെ അമ്മ മാരായിയെ ശൗര്യതയുടെ പ്രതിരൂപമായാണ് നോവലിൽ ചിത്രീകരിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരണപ്പെട്ട അവർ മകന് വേണ്ടി മാത്രമാണ് ജീവിച്ചത്. വെളിച്ചവും ഇരുട്ടും ഒരു പോലെ വഴങ്ങുന്ന മാരായി സരോജത്തിന് എപ്പോഴും അത്ഭുതമായിരുന്നു. മരുമകളെ മകന്റെ അസാന്നിദ്ധ്യത്തിൽ കൊലപ്പെടുത്താൻ കൂട്ടുനിൽക്കുന്നതും ഈ മാരായിയാണ്.
സ്വന്തമായി സോഡാക്കട നടത്തി സരോജത്തോടൊപ്പം ജീവിക്കാനുള്ള പെടാപ്പാടിലായിരുന്നു കുമരേശൻ. ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളും അതിലുപരി വിശ്വസിച്ചു കൂടെ വന്നവളുടെ സന്തോഷവും മാത്രമാഗ്രഹിച്ചാണ് കുമരേശൻ എന്ന ചെറുപ്പക്കാരൻ നോവലിൽ നിറഞ്ഞു നില്ക്കുന്നത്.മനുഷ്യത്വത്തിന്റെ പ്രതീകമായി അവതരിക്കുന്ന സോഡാ ഭായ്, മതമോ, ജാതിയോ നോക്കാതെ ഭക്ഷണവും മറ്റു സാധനങ്ങളും പങ്കു വെയ്ക്കുന്നു. ജാതിയുടെ വേർതിരിവുകളൊന്നുമില്ലാത്ത പക്ഷികളും, ആടുകളും, ഒരുമിച്ച് നടക്കുന്നു, ഒരുമിച്ചു ശബ്‌ദിക്കുന്നു, ഒരുമിച്ച് ഉറങ്ങുന്നു. മനുഷ്യൻ മാത്രമാണ് കൂട്ടത്തിൽ ചേരാത്തതും ചേർക്കാത്തതും എന്നൊരു സൂചന കൂടി നോവലിൽ പെരുമാൾ മുരുകൻ നൽകുന്നു.
ഒരു നാടിന്റെ അസഹിഷ്ണുതകൾ മുഴുവൻ ഏറ്റു വാങ്ങേണ്ടി വന്നവളാണ് സരോജം. കൊലപ്പെടുത്താൻ വന്നവരിൽ നിന്ന് രക്ഷപ്പെടാൻ മുൾക്കാട്ടിലൊളിച്ചപ്പോൾ അക്രമികൾ കാടിന് തീവെച്ചു. അവളെ ചുട്ടുകൊല്ലാൻ പാകത്തിലുള്ളതായിരുന്നു നാട്ടുകാരുടെ ഉള്ളിലെ ജാതിഭ്രാന്ത്. ഭയവും, അസഹിഷ്ണുതകളും, കാട്ടുതീയും ഒരുമിച്ചാണ് സരോജത്തെ വിഴുങ്ങിയത്. ദിവസങ്ങൾ മാത്രം പ്രായമുള്ള ഉള്ളിലെ ഭ്രൂണത്തെ അമർത്തി പിടിച്ച് ചിതയിൽ വെന്തെരിയുമ്പോൾ ഒരു നാടിനോടുള്ള പ്രതിഷേധമുണ്ടാവും ആ കണ്ണുകളിൽ. അകലെ നിന്ന് കുമരേശന്റെ സൈക്കിൾ ബെല്ലിന്റെ ശബ്ദം കേൾക്കുന്നു എന്നൊരു പ്രതീക്ഷയുണ്ടാവും ആ കാതുകളിൽ. ജാതി മറന്ന് ഒരാളെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു എന്നതൊഴിച്ചാൽ സരോജം ചെയ്ത തെറ്റ് എന്താണെന്ന് നാട്ടുകൂട്ടത്തിന് പറയാൻ കഴിയില്ല. ഗർഭത്തിന്റെ ആദ്യ നാളുകളിൽ വിശപ്പ് സഹിക്കാൻ കഴിയാതെ മാരായി വെച്ചുണ്ടാക്കിയ ആഹാരം മോഷ്ടിച്ചു കഴിക്കേണ്ടി വന്ന സരോജം നൊമ്പരപെടുത്തുന്ന കാഴ്ചയാണ്.
ജാതീയ വിദ്വേഷത്തിന്റെ ഇരകളാണ് ചിതാഗ്നിയിലെ പ്രധാന കഥാപാത്രങ്ങൾ. സ്വജാതിയുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി ഒരു കൂട്ടം ആളുകൾ ഇല്ലാതാക്കിയത് കുമരേശന്റെയും സരോജത്തിന്റെയും സ്വപ്‌നങ്ങൾ കൂടിയാണ്. തമിഴ് നാട്ടിലെ ഉൾഗ്രാമത്തിൽ മാത്രം നടന്നതോ, എഴുത്തുകാരൻ /എഴുത്തുകാരിയുടെ ഭാവനയിലുണർന്ന ഒരു കഥയോ മാത്രമല്ല ഇത്. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും എന്തിന് സാക്ഷര കേരളത്തിൽ വരെ കൂടെക്കൂടെ നടക്കുന്ന കാര്യങ്ങളാണ്. ജാതീയ വെറികൾക്ക് ഇരയായവരെ കുറിച്ച് ദിനംപ്രതി വാർത്തകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. ആൾക്കൂട്ട ആക്രമണങ്ങളും, ബലാത്സംഗങ്ങളും, പീഡനങ്ങളും വാർത്തകൾ മാത്രമായി മാറുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്ന് വേണ്ട എല്ലായിടങ്ങളിലും ജാതിയുടെ പേരിലുള്ള വേർതിരിവും, അധിഷേപങ്ങളും തുടർക്കഥകളാണ്. അത്രയും ഭീകരമായ അവസ്ഥയിലാണ് ആളുകളുടെ ഉള്ളിൽ ജാതീയത എന്ന വിഷം നിറഞ്ഞിരിക്കുന്നത്.
എഴുത്തുകാരോ സാംസ്‌കാരിക രംഗത്തെ പ്രമുഖരോ തങ്ങളുടെ എഴുത്തിലൂടെയും, വാക്കുകളിലൂടെയും ജനങ്ങൾക്കിടയിൽ പടർന്നു പിടിക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് ഭീഷണികളും വിലക്കുകളും ഉണ്ടാവുന്നത് പരിതാപകരമായ കാര്യമാണ്. തങ്ങളുടെ നാട്ടിലെ ഏതെങ്കിലും വ്യക്തിക്ക് നേരിടുന്ന ഒരു ദുരവസ്‌ഥയെ ആളുകളിലേക്കെത്തിച്ചു അവരെ ബോധവാൻമാരാക്കാനാണ് പെരുമാൾ മുരുകനെ പോലുള്ള എഴുത്തുകാരുടെ ശ്രമം. ഇരയാകുന്നവരും അക്രമികളും മനുഷ്യരാണ്. ഏറ്റവും ദുരിതമായ അവസ്ഥയിലൂടെ കടന്നു പോകുന്ന സഹ ജീവിയോടുള്ള കരുണയും, അക്രമങ്ങളോടുള്ള എതിർപ്പുമാണ് പെരുമാൾ മുരുകൻ തന്റെ നോവലിലൂടെ ആവിഷ്കരിക്കുന്നത്. വൈകാരിക മുഹൂർത്തങ്ങളും ദാരുണമായ സംഭവവികാസങ്ങളും കൊണ്ട് ചിതാഗ്നി എന്ന നോവൽ വ്യത്യസ്തമാകുമ്പോൾ ആളുകളിലേക്ക് ജാതീയ വേർതിരിവിനെതിരായ അല്പം ബോധമെങ്കിലും വന്നു ചേരുമെന്ന് പ്രതീക്ഷിക്കാം.