കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്‍റെ വിജയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്ന വാര്‍ത്തയാണ്. പലരും പ്രതീക്ഷിച്ചിരുന്നില്ല ഇത്തവണ കര്‍ണാടകയില്‍ ബിജെപി പരാജയപ്പെടുമെന്ന്. പണവും അധികാരവും ഇ.ഡി.യും സി.ബി.ഐയും നികുതി വകുപ്പും ഒപ്പം നടക്കുമ്പോഴും ഡി കെ യുടെ നേതൃത്വത്തില്‍ കൃത്യമായി കണക്കു കൂട്ടി വിമതന്മാരെ ഒന്നിച്ചു നിര്‍ത്തി പിഴയ്ക്കാതെ മുന്നോട്ടു പോവുകയായിരുന്നു കോണ്‍ഗ്രസ്. പലയിടത്തും സ്ഥാനാര്‍ഥികളായി നിശ്ചയിച്ചിരുന്നത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കുതിരക്കച്ചവടത്തില്‍ വീണുപോകാത്ത ശക്തരെ ആയിരുന്നു.
കൊടും അഴിമതിയും കെടുകാര്യസ്ഥതയും കഴിവില്ലായ്മയും നിറഞ്ഞ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലെ ഭരണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുണമേന്മയില്ലാതെ നിര്‍മ്മിച്ച റോഡുകളും പാലങ്ങളും അഴിമതിയുടെ മറ്റൊരു അവസരമായും ഇവര്‍ ഉപയോഗിച്ചു. പക്ഷെ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നതില്‍ ഇതൊക്കെ പരാജയപ്പെട്ടു,
എവിടെയൊക്കെ ബി ജെ പി വിജയിച്ചിരുന്നുവോ അവിടെയൊക്കെ കോണ്‍ഗ്രസ് ജയിച്ചുകയറി. തെക്കന്‍ കര്‍ണാടക എന്നോ വടക്കന്‍ കര്‍ണാടക എന്നോ വ്യത്യാസമില്ലാതെ ഇത്തവണ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. ഇടതിന്‍റെ പ്രതീക്ഷയായിരുന്ന ബാഗെപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ സി പി എം മൂന്നാം സ്ഥാനത്തായി.
ഇനി മുന്നോട്ടുള്ള മുഖ്യമന്ത്രിയെ തീരുമാനിക്കലും മറ്റും ഒരു വെല്ലുവിളി തന്നെയായിരിക്കും കോണ്‍ഗ്രസിന്. ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് പറഞ്ഞ് കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന സിദ്ധരാമയ്യ,ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച, കോണ്‍ഗ്രസിന് ഈ കാലത്ത് കിട്ടിയ, കര്‍ണാടകയിൽ മാത്രമല്ല ഒരു പക്ഷെ ദേശീയതലത്തിലും ഇളക്കങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള കിംഗ് മേക്കര്‍ ഡി കെ. ഇവരില്‍ ആരാകും മുഖ്യമന്തി എന്ന് കണ്ടുതന്നെ അറിയണം. എന്നാലും ഭൂരിഭാഗം പേരും ഡി കെ ആകണം എന്ന് ചിന്തിക്കുന്നവരാണ്.
ഈ വിജയംകൊണ്ട് ബി ജെ പിയെ അകറ്റി നിര്‍ത്തുന്ന തെക്കേ ഇന്ത്യയുടെ ചിത്രത്തിന് പൂര്‍ണത വരണമെങ്കില്‍ ഇനിയും എത്രയോ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വം മറ്റു പാര്‍ട്ടികള്‍ അംഗീകരിച്ച് കൂട്ടായ ഒരു സഖ്യത്തില്‍ ഒന്നിക്കാതെ ഇനി ബി ജെ പി യെയും വര്‍ഗീയ സംഘടനകളെയും തുരത്താന്‍ സാധിക്കില്ല എന്ന് ഈ വിജയം കാണിക്കുന്നു.
തോറ്റ ശത്രുക്കള്‍ ഒരിക്കലും പിന്മാറുന്നില്ല. അവര്‍ പാത്തും പതുങ്ങിയും അവിടെത്തന്നെ കാണും. ജാഗ്രതയോടെ, വിജയത്തില്‍ അഹങ്കരിക്കാതെ കര്‍ണാടകയെ ശരിയായി നയിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനും അവരുടെ നേതൃത്വത്തിനും ഉണ്ട്. ഈ വിജയം നമുക്ക് തരുന്നത് മുന്നോട്ടുള്ള പുതിയ പാതയും ശക്തമായ ആത്മവിശ്വാസവുമാണ്.
ഒന്നും ശരിയാകില്ല എന്നിടത്ത് നിന്ന് ശരികളിലേക്കുള്ള യാത്രയാകട്ടെ ഈ വിജയം.
കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്