ഖത്തർ ലോക കപ്പിൽ ഇന്ന് സെമിഫൈനൽ മത്സരങ്ങൾ ആരംഭിയ്ക്കുമ്പോൾ അഡിഡാസ് ഒരുക്കിയ ‘അൽ ഹി
ൽമ് ‘അഥവാ സ്വപ്നം എന്ന് അർത്ഥം വരുന്ന പന്തുകൾ ആണ് ഉപയോഗിക്കുന്നത്. രണ്ട് വിജയങ്ങൾ കൈ വരിക്കുന്ന ടീമിന് ലോക കപ്പ് സ്വന്തമാക്കാം.2018 ലെ വിജയിയായ ഫ്രാൻസും, റണ്ണേഴ്സ് ആയ ക്രോയേഷ്യയും സെമിയിലെത്തിയിട്ടുണ്ട് .രണ്ടും യൂറോപ്യൻ രാജ്യങ്ങൾ.ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജെന്റിനയും , ആഫ്രിക്കൻ രാജ്യമായ മൊറൊക്കയും സെമിയിലെത്തിയിട്ടുണ്ട്.
ആരാധകരെ ദുഖത്തിലാഴ്ത്തിയ ക്വാർട്ടർ മത്സരങ്ങളാണ് അരങ്ങേറിയത്. മിഡ് ഫീൽഡ് നിയന്ത്രിക്കുന്ന ക്രോയേഷ്യയുടെ നായകൻ ലൂക്കാ മോഡ്രിച്ച് ബ്രസിൽ ടീമിനെ എക്സ്ട്രാ ടൈം വരെ ഗോളടിക്കാൻ വിട്ടില്ല. ഗോൾ കീപ്പറേയും കബളിപ്പിച്ച നെയ്മറിന്റെ ഗോൾ ഒടുവിൽ പിറന്നു. പക്ഷെ കൗണ്ടർ അറ്റാക്കിൽ പെട്കോവിച്ചിന്റെ ഗോൾ ബ്രസീൽ നിരയുടെ താളം തെറ്റിച്ചു. സമനിലയായ കളി ടൈ ബ്രേക്കറിലേക്ക് നീണ്ടു.റോഡ്രിഗോ, മാർക്വിഞ്ഞോസ് എന്നിവരുടെ പെനാൽറ്റി ഷോട്ടുകൾ ക്രോയേഷ്യൻ ഗോൾ കീപ്പർ ലിവാക്കോവിച്ച് തടഞ്ഞു. കാനാറികൾ കണ്ണീരോടെ മൈതാനം വിട്ടു. ആരാധകർക്ക് അവിശ്വസനീയമായിതോന്നി.
അർജെന്റിന ഹോളണ്ട് മൽസരത്തിൽ, ഡച്ച് പ്രതിരോധം തുളച്ച് മൊലിനോയ്ക്ക് മെസ്സി നൽകിയ പാസ് ഗോളായി. പിന്നീട് മെസ്സിയ്ക്ക് കിട്ടിയ പെനാൽറ്റിയും ഗോളായി. എന്നാൽ വെഗ് ഗോസ്റ്റിന്റെ രണ്ട് ഗോളുകൾ 2-2 ലേക്ക് കാര്യങ്ങൾ നീക്കി. പെനാൽറ്റി എടുത്തപ്പോൾ ഗോൾകീപ്പർ മാർട്ടിനെസ് രക്ഷകനായി 4-3 ന് അർജെന്റിന ജയിച്ചു. കളിയുടെ ഒടുവിൽ പരുക്കൻ കളിയായി മാറി. റഫറി സകലർക്കും മഞ്ഞക്കാർഡ് നൽകി.
റൊണാൾഡോയെ പുറത്തിരുത്തിയാണ് പോർച്ചുഗൽ ക്വാർട്ടറിൽ മൊറൊക്കോയ്ക്കെതിരെ പടയ്ക്കിറങ്ങിയത്.ഉയർന്നു ചാടി നെസിരി നേടിയ ഹെഡ്ഡർ ഗോളിലൂടെ മോറോക്ക ലീഡ് നേടി. ആ ലീഡ് അവർ പ്രതിരോധത്തിലൂടെ നില നിർത്തി. പോർച്ചുഗൽ അക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. മോറോക്ക ഗോളി ബോനോ മികച്ചു നിന്നു. കളി കഴിഞ്ഞ് വേദനയോടെ പുറത്തിറങ്ങിയ റോണോ യുടെ ശരീര ഭാഷ ആരാധകർക്ക് വേദനയായി. പോർച്ചുഗൽ താരം ഫിഗോ തന്നെ പറഞ്ഞു,’ റൊണാൾഡോയെ പുറത്തിറക്കി നിങ്ങൾക്ക് വേൾഡ് കപ്പ് ജയിക്കാൻ കഴിയില്ല.’
ഇംഗ്ലണ്ട്- ഫ്രാൻസ് ക്വാർട്ടർ ഫൈനലിന് മുമ്പുള്ള ഫൈനൽ പോലെ, ആവേശകരമായിരുന്നു. സുന്ദര പാസുകൾ. ഗ്രീസ്മാന്റെ പാസിൽ ചൗമേനി ഫ്രാൻസിന് ലീഡ് നൽകി. ജിറൂഡിന്റെ വക രണ്ടാം ഗോൾ.ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ 2-1 ആക്കി. പക്ഷെ തുടർന്ന് ലഭിച്ച പെനാൽറ്റി ഹാരി ബാറിനു പുറത്തേക്ക് അടിച്ചത് ടീമിന് പുറത്തേക്കുള്ള വഴിയായി. ഹാരി പെയിൻ ആയി അത്.
അർജന്റീന ക്രോയേഷ്യയെയും ഫ്രാൻസ് മൊറൊക്കോയെയും സെമിയിൽ നേരിടുമ്പോൾ ജയം ആർക്കുമാകാം. മെസ്സിയുടെ അവസാന ലോക കപ്പിൽ കപ്പുയർത്തുന്നത് അർജെന്റിനയുടെ ആരാധകർ കാത്തിരിക്കുകയാണ്. ഫ്രാൻസിന്റ തുടർച്ചയായ രണ്ടാം ജയവും കാത്തിരിക്കുന്നു ഫ്രാൻസ് ആരാധകർ.എംബാപ്പേ മിന്നും ഫോമിലാണ്. ക്രോയേഷ്യയോ മൊറൊക്കോയോ ജയിച്ചാൽ അതും ചരിത്രമാകും.
കവർ : നിയ മെതിലാജ്