ബോസ്‌ഫൊറസ് ക്രൂയിസ്
ബോസ്‌ഫോറസ് ബോട്ട് ടൂറിന് ടിക്കറ്റ് എടുത്തു അല്പനേരം കാത്തു നിന്നപ്പോൾ, വന്ന ബോട്ട് യാത്രക്കാരെ ഇറക്കിയ ശേഷം ജെട്ടിയിൽ കാത്തു നിന്ന ഞങ്ങൾ ഉൾപ്പെട്ട സംഘത്തിന് കയറാൻ അനുവാദം തന്നു. മുകൾത്തട്ടിൽ നിന്ന് കൊണ്ട് കാഴ്ചകൾ കാണുകയോ താഴെ പോയി അവിടെയുള്ള കസേരകളിൽ വിശ്രമിക്കുകയോ ചെയ്യാം. ഞങ്ങൾ താഴത്തെ നിലയിലേയ്ക്ക് പോയി. അവിടെ ചെറിയൊരു കഫെറ്റേരിയ ഉണ്ട്. ചായയും കാപ്പിയും ജ്യൂസും സ്നാക്കുകളും മറ്റും ലഭിക്കും. ഇടയ്ക്കിടെ ഒരാൾ വന്നു ഇവയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരുന്നുവെങ്കിലും അധികമാരും വാങ്ങുന്നത് കണ്ടില്ല.
ഒന്നര മണിക്കൂറാണ് യാത്രയുടെ സമയമായി അവർ പറഞ്ഞത്; 50 ലീറ കൊടുത്ത് ടിക്കറ്റ് വാങ്ങണം. ഓഡിയോ ഗൈഡ് ആവശ്യമെങ്കിൽ അതിനായി അധികം പണം നൽകേണ്ടതുണ്ട്. മിക്കവാറും പ്രധാനപ്പെട്ട എല്ലാ ലോകഭാഷകളിലും ഓഡിയോ ലഭിക്കും. 70-100 യൂറോ കൊടുത്താൽ 5 കോഴ്‌സ് ഡിന്നർ, കാബറെ, മദ്യം എന്നിവ കൂടി ഉൾപ്പെട്ട രാത്രിയിലെ ക്രൂയിസിന് പോകാം.
യാത്രയുടെ ആദ്യഭാഗത്ത് ബോട്ട്, യൂറോപ്യൻ കരയോട് ചേർന്നും മടങ്ങി വരുമ്പോൾ ഏഷ്യൻ കരയോട് ചേർന്നും ആണ് യാത്ര ചെയ്തത്. കടലിടുക്കിൽ കൂടി പോകുന്ന ജലയാനങ്ങളുടെ ബാഹുല്യം കാണുമ്പോൾ അപകടങ്ങൾ ഉണ്ടാകാത്തത് അത്ഭുതമെന്ന് തോന്നിപ്പോകും. ബോസ്ഫറസിന്റെ ഇരുകരകളിലും ഉള്ള റഡാർ ടവറുകളുടെ സഹായത്തോടെ ട്രാഫിക് കർശനമായി നിയന്ത്രിക്കുന്നത് മൂലമാണിത് സാദ്ധ്യമാകുന്നത്.
ക്രൂയിസ് കപ്പലുകളുടെ തുറമുഖം
ബോട്ട് പുറപ്പെടുമ്പോൾ ആദ്യം കാണുന്നത് ഹയാ സോഫിയ, ടോപ് കാപ്പി എന്നിവയുടെ മേൽക്കൂരകളിലെ സുന്ദരമായ കുംഭഗോപുരങ്ങളും മീനാരങ്ങളും അടങ്ങിയ മേൽക്കൂരകളാണ്. ഇടതുഭാഗത്ത് ക്രൂയിസ് ഷിപ്പുകൾക്കായുള്ള പ്രത്യേക തുറമുഖത്ത് മൂന്നു കൂറ്റൻ കപ്പലുകൾ നങ്കൂരമിട്ടിട്ടുണ്ട്. ഇവ ഓരോന്നിൽ നിന്നും ആയിരം മുതൽ 2000 ആളുകൾ നഗരത്തിലേക്ക് ഒഴുകിയിറങ്ങും. വിനോദസഞ്ചാരം ഇന്നാട്ടുകാരുടെ വരുമാനത്തിന്റെ നെടുതൂണായി മാറിക്കൊണ്ടിരിക്കുന്നു.
ഡോൾമബാച്ചേ കൊട്ടാരം
പിന്നീട് കാണുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഓട്ടോമൻ രാജാക്കന്മാർ താമസിച്ചിരുന്ന ഡോൾമബാച്ചേ കൊട്ടാരമാണ്. ആദ്യം കൊട്ടാരവുമായി ബന്ധപ്പെട്ട പള്ളിയും പിന്നീട് ക്ലോക്ക് ടവറും അതിനുശേഷം കൊട്ടാരവും ഒന്നിന് പിറകേ ഒന്നായി കൺമുന്നിലെത്തി. മുപ്പതിനായിരം പേർക്ക് ഇരിക്കാവുന്ന ഒരു സ്റ്റേഡിയം ക്ലോക്ക് ടവറിന് പിറകിലായി നിർമ്മിച്ചിട്ടുണ്ട്. ഈ കൊട്ടാരത്തിന്റെ ചുറ്റുപാടുമായി റിറ്റ്സ് കാർട്ടൺ, സ്വിസ്സോട്ടൽ, ഫോർ സീസൺസ് ഹോട്ടൽ എന്നിവയും കാണാം. പ്രസിദ്ധമായ ഇസ്താംബൂൾ യൂണിവേഴ്സിറ്റി ഇതിനടുത്ത് തന്നെയാണ്.
സിറാഗൻ പാലസ് കെമ്പിൻസ്കി ഹോട്ടൽ
അല്പം കൂടി മുന്നോട്ടു പോയാൽ സിറാഗൻ പാലസ് കെമ്പിൻസ്കി ഹോട്ടൽ കാണാം. ഡോൾമബാച്ചെ കൊട്ടാരം ഉണ്ടാക്കി 20 വർഷം കഴിഞ്ഞതിനു ശേഷമാണ് സിറാഗൻ പാലസിന്റെ നിർമ്മാണം. 1910ൽ എന്തോ കാരണം കൊണ്ട് ഇതിന് തീപിടിച്ചു; ഇലക്ട്രിക്കൻ ഷോർട്ട് സർക്യൂട്ട് ആണ് കാരണം എന്ന് പറയപ്പെടുന്നു. അന്നു മുതൽ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഈ മന്ദിരം അടുത്തകാലത്താണ് കെമ്പൻസ്കി ഹോട്ടൽ ശ്രംഖല ഏറ്റെടുക്കുകയും പുനർനിർമ്മിക്കുകയും ചെയ്തത്. വളരെ വലിയ ഈ ഹോട്ടലിന്റെ മുൻഭാഗത്ത് ഒരു വലിയ സ്വി7മ്മിംഗ് പൂൾ കാണാം. പ്രസിഡണ്ട് ക്ലിന്റൺ, ബുഷ് സീനിയർ തുടങ്ങിയവർ ഇവിടെ അതിഥികളായി എത്തിയിട്ടുണ്ടത്രെ! അടുത്തതായി കാണുന്ന ഇളം മഞ്ഞ നിറത്തിലുള്ള കെട്ടിടം ഗവൺമെൻറ് ഉടമസ്ഥതയിലുള്ള ഗലാട്ടസരായി യൂണിവേഴ്സിറ്റിയാണ്.
ബോസ്ഫറസ് പാലം എത്തുന്നതിന് തൊട്ടുമുമ്പ് തന്നെ വളരെ സുന്ദരമായ ഒരു പള്ളി ഇടതുഭാഗത്ത് കാണാം. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഓർട്ടക്കോയി പള്ളിയാണിത്. ഇസ്താൻബൂളിലെ ഏറ്റവും അധികം ഫോട്ടോ എടുക്കപ്പെട്ട പള്ളികളിൽ ഒന്നാണിത്. ഡോൾമബാച്ചേ കൊട്ടാരം നിർമ്മിച്ച ബാല്യൻ എന്ന അർമീനിയൻ കുടുംബമാണ് ഇതും നിർമ്മിച്ചത്.
ഓർട്ടക്കോയി പള്ളി
അതിനടുത്ത് തന്നെ ചുടുകട്ട കൊണ്ട് നിർമ്മിച്ച ഒരു മൂന്നുനില കൊട്ടാരത്തിന്റെ അസ്ഥികൂടം കാണാം. പുറമേ നിന്ന് നോക്കിയാൽ ഉപേക്ഷിക്കപ്പെട്ട ഒരു മന്ദിരമായി കാണപ്പെടുന്ന ഇത് സുൽത്താൻ അബ്ദുൽ അസീസിന്റെ മകൾ എസ്മ സുൽത്താന് വിവാഹസമ്മാനമായി നൽകപ്പെട്ടതാണ്. രാജകുടുംബം തുർക്കിയിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ഇത് പുകയില കൽക്കരി തുടങ്ങിയവ സൂക്ഷിക്കുന്ന ഗോഡൗൺ ആയി ഉപയോഗിച്ചു വന്നു. ഇതിനിടയിൽ ഇതിന് തീപിടുത്തം കൊണ്ട് വലിയ കേടുപാടുകൾ സംഭവിച്ചു. അടുത്തകാലത്ത് വലിയൊരു ഹോട്ടൽ ശൃംഖല ഇത് ഏറ്റെടുക്കുകയും അതിൻറെ പുറംതോട് അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ട് അകം വലിയൊരു ബാങ്ക്വറ്റ് ഹാളായി പുനർനിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ അവിടെ വിവാഹ സൽക്കാരങ്ങളും സാംസ്കാരിക പരിപാടികളും സംഗീതസന്ധ്യകളും നടന്നു വരുന്നു.
ജൂലൈ 15 രക്തസാക്ഷി പാലം
ഭീമാകാരമായ ബോസ്ഫറസ് ബ്രിഡ്ജിന്റെ അടിയിലൂടെയാണ് പിന്നീട് ബോട്ട് കടന്നുപോയത്. 1560 മീറ്റർ നീളമുള്ള ഈ തൂക്കുപാലത്തിൽ ആറുവരി പാതയാണ് ഉള്ളത്. റിപ്പബ്ലിക്കിന്റെ അൻപതാം വാർഷികം ആഘോഷിച്ച 1973ല്‍ ഇത് രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ടു. 2016 ജൂലൈ 15ലെ അട്ടിമറിശ്രമത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി പാലത്തിൻ്റെ പേര് ‘ജൂലൈ 15 രക്തസാക്ഷി പാലം’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ബോസ്ഫറസ്സിന് കുറുകെയുള്ള ഒന്നാമത്തെയും രണ്ടാമത്തെയും പാലത്തിന് ഇടയിലുള്ള കരകളിലെ വീടുകളാണ് ഈ നഗരത്തിലെ ഏറ്റവും വിലപിടിച്ചത്. ഇന്നാട്ടിലെ ധനിക കുടുംബങ്ങളാണ് ഇതിൻറെ ഉടമസ്ഥർ. ഈ കെട്ടിടങ്ങളുടെ തടികൊണ്ട് നിർമ്മിച്ച മുഖപ്പുകൾ, പഴയത് പോലെ തന്നെ സൂക്ഷിക്കണം എന്ന് നിയമമുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങളും നവീകരണങ്ങളും പുറമേ കാണാത്ത ഭാഗങ്ങളിൽ അനുവദനീയമാണ്. കോടിക്കണക്കിന് യൂറോ വിലയുള്ള ഈ വീടുകൾ അധികവും സെലിബ്രിറ്റികളുടെ സ്വന്തമാണ്.
അല്പം കൂടി മുന്നോട്ടു പോയാൽ ഏഷ്യൻ തീരത്ത് അനട്ടോളിയൻ കോട്ടയും യൂറോപ്യൻ തീരത്തെ റുമേലി കോട്ടയും കാണാം. അനട്ടോളിയൻ കോട്ട പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഓട്ടോമൻ സുൽത്താനായ ബയാസിത് ഒന്നാമൻ കോൺസ്റ്റാൻ്റിനോപ്പിൾ പിടിച്ചടക്കുന്നതിൻ്റെ ഭാഗമായി നിർമ്മിച്ചതാണ്. കടലിടുക്കിൻ്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗങ്ങളിൽ ഒന്നായ ഇവിടെ നിർമ്മിച്ച കോട്ടയുടെ പ്രധാന ഉദ്ദേശം കോൺസ്റ്റാന്റിനോപ്പിളിലേക്കുള്ള ഭക്ഷണസാധനങ്ങളുടെയും ചരക്കുകളുടെയും വരവ് തടയുക എന്നതായിരുന്നു.
സുൽത്താൻ മുഹമ്മദ് രണ്ടാമൻ റൂമേലി കോട്ട നിർമ്മിക്കുന്നത് 1453ൽ ആണ്. 80 ദിവസം കൊണ്ടാണ് ഇതിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇങ്ങനെ രണ്ട് കരകളിലും കോട്ടകൾ വന്നതോടു കൂടി കോൺസ്റ്റാന്റിനോപ്പിളിലേക്ക് ഒരു തരത്തിലുള്ള ചരക്ക് നീക്കവും അസാധ്യമായി. കോൺസ്റ്റാന്റിനോപ്പിളിന്റെ പതനത്തിന് ഓട്ടൊമൻന്മാർക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. അങ്ങനെ നോക്കുമ്പോൾ ചരിത്രപ്രധാനമായ ആ യുദ്ധവിജയത്തിൽ റുമേലി കോട്ടയ്ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. 1950ൽ കോട്ട കേടുപാടുകൾ തീർത്ത് ഒരു ഓപ്പൺ എയർ മ്യൂസിയം ആയി മാറ്റി. ഇപ്പോൾ അവിടെ സംഗീത പരിപാടികളും മറ്റും നടക്കാറുണ്ട്.
റൂമേലി കോട്ട
ബോസ്ഫറസിലെ രണ്ടാമത്തെ പാലമായ ഫത്തീഫ് സുൽത്താൻ മുഹമ്മദ് ബ്രിഡ്ജ് ആണ് അടുത്ത കാഴ്ച; ഇന്നാട്ടുകാർ ഇതിന് FSMഎന്ന് വിളിക്കും. അല്പം കൂടി മുന്നോട്ട് പോയാൽ തുർക്കിയുടെ പ്രസിഡന്റിന്റെ വേനൽകാല വസതി കാണാം. ആദ്യകാലത്ത് ഒരു സ്കൂൾ ആയിരുന്ന മന്ദിരം വിലയ്ക്ക് വാങ്ങി നവീകരിച്ചത് 1985 ലാണ്.
ബോസ്‌ഫൊറസ് തീരം
കരിങ്കടലുമായി ബോസ്ഫറസ് കടലിടുക്ക് സന്ധിക്കുന്ന ഭാഗത്ത് വച്ചാണ് ബോട്ട്, മടക്ക യാത്ര ആരംഭിക്കുന്നത്. അവിടെ ബോസ്‌ഫറസിന് കുറുകെയുള്ള മൂന്നാമത്തെ പാലം ദൂരെ നിന്ന് കാണാം.
ഇടതുവശത്തായി മാരിടൈം ഹൈസ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇത് ഓട്ടോമൻ അസംബ്ലിയായി വളരെ കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. രാജഭരണം നിലനിന്നുവെങ്കിലും ‘യൂറോപ്പിലെ രോഗിയായ മനുഷ്യൻ’(Sickman of Europe) ആയി മാറിക്കഴിഞ്ഞിരുന്ന ഓട്ടോമൻ സാമ്രാജ്യം ജനാധിപത്യവൽക്കരണത്തിന് യൂറോപ്പിൽ നിന്നുള്ള സമ്മർദ്ദം താങ്ങാൻ ആവാതെ രൂപീകരിച്ച ഉപദേശക സമിതി ഇവിടെയാണ് യോഗം ചേർന്നിരുന്നത്. വളരെ കുറച്ച് ദശാബ്ദങ്ങൾ മാത്രമേ ഇതിന് ആയുസ്സ് ഉണ്ടായുള്ളൂ. ഒന്നാം ലോകമഹായുദ്ധത്തോടെ ഈ സംവിധാനം അപ്രത്യക്ഷമായി.
ആദ്യത്തെ ബോസ്ഫറസ് പാലത്തിന് തൊട്ടു വടക്കായി സ്ഥിതി ചെയ്യുന്ന ബെയ്‌ലർബേ പാലസ് അനാഥമാണ്. അവസാനത്തെ ഓട്ടോമൻ സുൽത്താന്മാരിൽ ഒരാളായ അബ്ദുൽഹമീദ് രണ്ടാമനെ വീട്ടുതടങ്കലിലാക്കിയത് ഇവിടെയാണ്. 1918ൽ മരിക്കുന്നത് വരെ അദ്ദേഹം ഇവിടെയായിരുന്നു താമസം.
മെയ്ഡൻസ് ടവർ
മടക്ക യാത്രയുടെ അവസാനത്തോട് അടുത്തപ്പോൾ ഇടതുഭാഗത്ത് ഏഷ്യൻ കരയിലെ ഉസ്കൂദാറിന് സമീപത്താണ് മെയ്ഡൻസ് ടവർ എന്ന് പേരുള്ള ചെറുദ്വീപും അതിലെ വിളക്ക് മാടവും. ബിസി അഞ്ചാം നൂറ്റാണ്ട് മുതൽ ആരംഭിക്കുന്നതാണ് ഈ കരിങ്കല്ലു കൊണ്ടുള്ള ചെറുദ്വീപിന്റെ ചരിത്രം. ചരിത്രകാരന്മാർ വിശ്വസിക്കുന്നതനുസരിച്ച് ഈ കരിങ്കല്ലിൽ റോമാക്കാർ ആദ്യം ഒരു ചെറു കോട്ട ഉണ്ടാക്കുകയും അത് പലകാലങ്ങളിൽ ജയിലായും കസ്റ്റംസ് ഓഫീസായും മറ്റു ചിലപ്പോൾ ക്വാറൻ്റൈന് വേണ്ടിയുള്ള ഇടമായും ഉപയോഗിക്കുകയും ചെയ്തു. 1830ലെ കോളറക്കാലത്ത് ഇവിടേക്ക് രോഗികളെ മാറ്റി പാർപ്പിച്ചതായി രേഖകൾ ഉണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇത് ഒരു ലൈറ്റ് ഹൗസ് ആയി പുനർനിർമ്മിക്കപ്പെട്ടത്. കൂടാതെ അവിടെ ഒരു കഫേയും റെസ്റ്ററൻറും പ്രവർത്തിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട പല കഥകൾ ഉണ്ട് അതിൽ ഒന്ന് ഗ്രീക്ക് മിഥോളജിയിലെ ഹെറോയുടെയും ലിയാൻഡറിന്റെയും പ്രേമകഥയാണ്. ആഫ്രൊഡൈറ്റിയുടെ ദേവാലയത്തിലെ പൂജാരിണിയായിരുന്ന ഹെറോ ലൗകിക സുഖങ്ങളെല്ലാം ത്യജിച്ചാണ് ജീവിതം നയിച്ചിരുന്നത്. പക്ഷേ അതിസുന്ദരനായ ലിയാൻഡറിനെ കണ്ടതോടെ അവർ അനുരാഗഗ്രസ്തരായി. മറ്റുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാനായി അവർ രഹസ്യമായി കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ചെറുദ്വീപിലാണ് സന്ധിച്ചിരുന്നത്. ഹെറോ ഒരു ചെറിയ വിളക്ക് തെളിച്ച് തന്റെ സാന്നിധ്യം അറിയിച്ചാൽ ലിയാൻ്റർ കരയിൽ നിന്ന് നീന്തി അവളുടെ അടുത്തെത്തും. അങ്ങനെയാണ് അവരുടെ പ്രേമസമാഗമങ്ങൾ തുടർന്നിരുന്നത്. കൊടുങ്കാറ്റുള്ള ഒരു രാത്രിയിൽ ദീപം കെട്ടു പോവുകയും ലിയാൻ്റർ വഴി തെറ്റി കടലിൽ അപ്രത്യക്ഷനാവുകയും ചെയ്തു. വിവരമറിഞ്ഞ ഹെറോ വിളക്ക് മാടത്തിൽ നിന്ന് ആ കടലിൽ ചാടി മരിച്ചു എന്നാണ് കഥ. ഇത് മൂലം ഈ ടവറിന് ലിയാൻഡേർഡ് ടവർ എന്നും പേരുണ്ട്.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു കഥ ചക്രവർത്തിയുടെ മകളായ ഒരു രാജകുമാരിയുടേതാണ്. അവർ പതിനെട്ട് വയസ് പൂർത്തിയാകുമ്പോൾ സർപ്പദംശം കൊണ്ട് മരിക്കുമെന്ന് ആരോ പ്രവചിച്ചു. മകളെ വളരെയധികം സ്നേഹിച്ചിരുന്ന പിതാവ് അവളെ രക്ഷിക്കാനായി ഈ ദ്വീപിൽ ഒളിച്ച് താമസിപ്പിച്ചു. പതിനെട്ട് വയസ്സായ ദിവസം പിതാവ് സമ്മാനമായി കൊടുത്തയച്ച അപൂർവ്വ പഴങ്ങളുടെ കൂടയിൽ ഒളിച്ചിരുന്ന പാമ്പ് രാജകുമാരിയെ കടിക്കുകയും അവർ മരിക്കുകയുമാണ് ഉണ്ടായത്. വിധിവിഹിതം മാറ്റാൻ ആർക്കും സാധ്യമല്ല എന്ന് ഒരു ഗുണപാഠവും ഈ കഥയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
ഞങ്ങളുടെ ബോട്ട് അതുവഴി കടന്നു പോകുമ്പോൾ അവിടെ മറച്ചു കെട്ടി റിപ്പയർ പണികൾ നടക്കുകയാണ്. സാധാരണ ദിവസങ്ങളിൽ അവിടേക്കുള്ള ബോട്ട് സർവീസുകളും മറ്റും ഇതുമൂലം ഉണ്ടായിരുന്നില്ല.
തിരികെ ബോട്ട് ജെട്ടിയിലെത്തി പുറത്തിറങ്ങുമ്പോഴേക്കും വെയിൽ മൂത്തിരുന്നു. ധാരാളം ചിത്രങ്ങൾ എടുക്കാനും ഇസ്താംബൂളിൻ്റെയും ഓട്ടോമൻ രാജവംശത്തിൻ്റെയും പ്രധാനമന്ദിരങ്ങൾ സന്ദർശിക്കാനും അവരുടെ ചരിത്രത്തിൻറെ ഒരു രേഖാചിത്രം ലഭിക്കാനും യാത്ര സഹായിച്ചു.
കവർ : വിത്സൺ ശാരദാ ആനന്ദ്