പൂമുഖം CINEMA കല, കച്ചവടം, സ്വാതന്ത്ര്യം

കല, കച്ചവടം, സ്വാതന്ത്ര്യം

കച്ചവട സിനിമകളും കലാത്മക സിനിമകളും ആണല്ലോ സിനിമയുടെ എക്കാലത്തെയും ബൈനറികൾ. കലയും ഏതാണ്ട് കച്ചവടമായി മാറിക്കഴിഞ്ഞ കാലത്ത് പുതിയ നിർവചനങ്ങൾ തേടുന്നത് ഉചിതമാണെന്ന് തോന്നുന്നു. ഇവിടെയാണ് സ്വതന്ത്ര സിനിമകളുടെ പ്രസക്തി. സ്വാതന്ത്ര്യം ആരിൽനിന്ന്, എന്തിൽ നിന്ന്, ആർക്കുവേണ്ടി എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്.
ഹോളിവുഡിൽ വലിയ സ്റ്റുഡിയോ സംവിധാനത്തിന് പുറത്തു നിർമിക്കപ്പെട്ട സിനിമകളെയാണ് ആദ്യകാലത്ത് സ്വതന്ത്ര സിനിമകൾ എന്ന് വിളിച്ചുവന്നത്. മൂലധനത്തിന്റെ കലയാണ് എന്നുള്ളതാണല്ലോ സിനിമയെക്കുറിച്ചുള്ള എക്കാലത്തെയും വലിയ നിർവചനം. അതുകൊണ്ടുതന്നെ മൂലധനത്തെ ചുറ്റിപ്പറ്റിത്തന്നെയാണ് സിനിമയെന്ന കലയും വ്യവസായവും എക്കാലത്തും നിലനിന്നുപോന്നിട്ടുള്ളത്. അതായത് മൂലധനം അത്ര ആവശ്യമില്ലാത്തതരം കലകൾക്ക് കുറേക്കൂടി സ്വതന്ത്രമായ നിലനിൽപ് സാധ്യമായിരുന്നു എങ്കിലും സിനിമയ്ക്ക് അത് ഏറെക്കുറെ അസാധ്യമായിരുന്നു എന്നുസാരം.
കച്ചവട സിനിമകളും കലാത്മക സിനിമകളും രണ്ടും വിപണിയെത്തന്നെ ലക്ഷ്യംവെക്കുന്നു. രണ്ടും രണ്ടുതരം വിപണിയെയാണ് ലക്ഷ്യംവെക്കുന്നതെന്നുമാത്രം.
സ്വതന്ത്ര സിനിമകൾ വിപണിക്ക് പുറത്തുനിൽക്കുന്നവ ആണോ? അങ്ങനെ 100 ശതമാനം സ്വതന്ത്രമായ സിനിമകൾ സാധ്യമാണോ? ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾ എല്ലാക്കാലത്തും ഉയർന്നുവരാറുണ്ട്. തീർച്ചയായും ഉത്തരങ്ങൾ ആപേക്ഷികമാണ്. കാലം മാറുന്നതിനനുസരിച്ച് മാറാവുന്നതുമാണ്.മൂലധനം പോലെ തന്നെ പ്രധാനമാണല്ലോ മൂലധനത്തിന്റെ സ്വഭാവവും. ആരു പണം മുടക്കി, എന്തിനുവേണ്ടി പണം മുടക്കി ? തുടങ്ങിയ ചോദ്യങ്ങളും വളരെ പ്രസക്തമാണ്. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് പോയിക്കഴിഞ്ഞാൽ അടൂരിന്റെ ‘സ്വയംവരം’, ജോൺ അബ്രഹാമിന്റെ’ അമ്മ അറിയാൻ’ പോലെയുള്ള സിനിമകൾ ആ അർത്ഥത്തിൽ പ്രസക്തമാണെന്ന് കാണാം. അതായത് മൂലധനത്തിന്റെ സമ്മർദ്ദമില്ലെങ്കിൽ മാത്രമേ കല സാധ്യമാവുകയുള്ളൂ എന്ന ഒരു തോന്നൽ ഒരു വശത്ത് ശക്തമാണ്. മറുവശത്ത് കലയെ എങ്ങനെ വിൽക്കാം എന്ന ആലോചനയുമുണ്ട്. കല കലയ്ക്കുവേണ്ടിയാണോ സമൂഹത്തിനുവേണ്ടിയാണോ എന്ന ചോദ്യവും ഒരുപാടുകാലം അന്തരീക്ഷത്തിൽ തങ്ങി നിന്നിരുന്നല്ലോ.

പുതിയ കാലത്തേക്ക് വരുമ്പോൾ ഡിജിറ്റൽ സാങ്കേതികത സിനിമയെ ഒരർത്ഥത്തിൽ സ്വതന്ത്രമാക്കി എന്നുകാണാം. മൂലധനത്തിന്റെ കലയിൽനിന്ന് വേണമെങ്കിൽ മൂലധനമില്ലാതെയും സിനിമ സാധ്യമാവും എന്ന അവസ്ഥ വന്നു. സമീപകാലത്ത് ശ്രദ്ധേയമായ പല സിനിമകളും- ‘വുമൺ വിത്ത് എ മൂവി കാമറ’, ‘ബാക്കിവന്നവർ ‘പോലെയുള്ള ചിത്രങ്ങൾ ഏതാണ്ട് സീറോ ബഡ്ജറ്റിൽ പൂർത്തിയായ സിനിമകൾ ആണ്. അതുകൊണ്ടുതന്നെ സ്വതന്ത്ര സിനിമ എന്ന സങ്കല്പം കൂടുതൽ അർത്ഥവത്തായിക്കൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

സ്വതന്ത്ര സിനിമകളുടെ പ്രതിസന്ധി

സ്വതന്ത്ര സിനിമകൾ വിപണി ലക്ഷ്യം വെക്കുന്നില്ല എന്നതുകൊണ്ട് തന്നെ മറ്റുവിധത്തിലുള്ള സാമ്പത്തിക സഹായം കൊണ്ടുമാത്രമേ അവയുടെ നിലനില്പ് ഉറപ്പു വരുത്താൻ പറ്റൂ. സ്വതന്ത്ര സിനിമകൾ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് തെറ്റാണ് എന്ന് വാദിക്കുന്നവർ ഉണ്ട്. ഭരണകൂടങ്ങൾ എന്നത് ആത്യന്തികമായി ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ്. ഭരിക്കുന്നവരുടെ താൽപര്യങ്ങൾക്ക് കലാകൃത്തുക്കൾ വഴങ്ങുമ്പോൾ സ്വാതന്ത്ര്യം എന്ന ആശയം ഇല്ലാതാവുന്നു. മറിച്ച് അഴിമതി ഇല്ലാത്ത ഒരു സംവിധാനമാണ് പ്രവർത്തിക്കുന്നതെങ്കിൽ കലയുടെ പോഷണത്തിന് അത് കാരണമാകുകയും ചെയ്യുന്നു.

ഇനി ഇതിൽ ഏതുതരത്തിൽ ഉള്ള സിനിമകൾക്കാണ് സർക്കാർ സംവിധാനങ്ങളുടെ സഹായം ആവശ്യമുള്ളത്എന്ന് നോക്കാം . തീർച്ചയായും ഒരു വ്യവസായം എന്ന നിലയിൽ സിനിമയെ താങ്ങി നിർത്തുന്നത് കച്ചവട സിനിമകളാണ്. അതിന് അതിന്റേതായ പ്രാധാന്യം ഉണ്ട്. പക്ഷേ, കച്ചവട സിനിമകൾ പൊതുവേ, പൊതുബോധത്തെ ഊട്ടി ഉറപ്പിക്കുന്നവ ആയതുകൊണ്ടും സാമൂഹിക നവോത്ഥാനത്തിലോ സിനിമ എന്ന മീഡിയത്തിന്റെ നവോത്ഥാനത്തിലോ അവയ്ക്ക് വലിയ പങ്കില്ല എന്നതിനാലും ഭരണകൂടത്തിന് ആ വ്യവസായത്തിന്റെ വളർച്ചയ്ക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാം എന്നതിലുപരി പ്രത്യേകമായി ആ സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയില്ല.
പക്ഷേ, ആർട്ട് സിനിമയുടെയോ സ്വതന്ത്ര-പരീക്ഷണാത്മക സിനിമകളുടെയോ അവസ്ഥ അങ്ങനെയല്ല. പ്രേക്ഷകാഭിരുചിയെ തൃപ്തിപ്പെടുത്തുന്നവയോ കലാ വിപണിയിൽ സ്വീകാര്യതയുള്ളവയോ ആയ ചില സിനിമകൾ ലാഭം കൊയ്യുന്നുണ്ടാകാം. പക്ഷേ, കലയാണ് അവയുടെ ആത്യന്തിക ലക്ഷ്യം എന്നതുകൊണ്ടുതന്നെ അത് മിക്കപ്പോഴും സംഭവിച്ചുകൊള്ളണമെന്നില്ല. ഒരു സമൂഹത്തെയും മീഡിയത്തെയും മുന്നോട്ടുനയിക്കുന്നതിൽ കലാപരമായ, പരീക്ഷണോന്മുഖമായ സിനിമകളുടെ പ്രാധാന്യം വളരെ വലുതാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ കച്ചവട സിനിമകൾക്കാവശ്യമായ റോ മെറ്റീരിയൽസ് ഇട്ടുകൊടുക്കുന്നത് ഇത്തരം സിനിമകളാണ്. ‘ബ്രത് ലസ്’ ഇല്ലെങ്കിൽ ‘മായാനദി’ ഇല്ല എന്നതുപോലെ, ‘ഇരകൾ ‘ഇല്ലെങ്കിൽ ‘ജോജി’ ഇല്ല എന്നതുപോലെ, ‘ശവം ‘ഇല്ലെങ്കിൽ ‘ഈ.മ.യൗ.’ഇല്ല എന്നതുപോലെ.

ഇനി കേരളത്തിൽ എന്താണ് കഴിഞ്ഞ കുറേ വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു നോക്കാം. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC), ചലച്ചിത്ര അക്കാദമി എന്നിവയാണല്ലോ കേരളത്തിലെ പ്രധാനപ്പെട്ട ചലച്ചിത്ര സ്ഥാപനങ്ങൾ. ഇവ ആർട്ട്-ഇൻഡിപെൻഡന്റ് സിനിമകളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
വാസ്തവത്തിൽ വാണിജ്യ താത്പര്യങ്ങളിൽ നിന്ന് മുക്തമായ സിനിമകളുടെ ഉന്നമനത്തിനായി ലക്ഷ്യം വെച്ച് തുടങ്ങിയ ചലച്ചിത്ര അക്കാദമി ഇന്ന് എവിടെയാണ് എത്തിനിൽക്കുന്നത്. അക്കാദമി എന്ന പേരിൽതന്നെ അതിന്റെ അക്കാദമികമായ ഉത്തരവാദിത്വങ്ങൾ ഉണ്ട്. പക്ഷേ, കഴിഞ്ഞ കുറേ വർഷങ്ങളായി അക്കാദമിയും അതിന്റെ കാര്യവാഹികളും കച്ചവട സിനിമകളുടെ പ്രമോട്ടർമാരായി മാറിയിരിക്കുകയാണ്. കരിയറിൽ ഉടനീളം കച്ചവട സിനിമകൾ മാത്രം ചെയ്തിട്ടുള്ള കമലിനെപ്പോലെയും പ്രിയദർശനെപ്പോലെയും രഞ്ജിത്തിനെയും പോലെ ഉള്ള ആളുകളെയാണ് കഴിഞ്ഞ സർക്കാരുകൾ അക്കാദമിയുടെ ചെയർമാൻ ആയി നിയമിച്ചത് എന്നും ഓർക്കുക.


2018 ൽ ആണ് IFFK യിലെ മലയാള സിനിമകളുടെ എണ്ണം ഒൻപതിൽനിന്ന് പതിനാല് ആയി ഉയർത്തിയത്. ശരാശരി 150 സിനിമകളാണ് ഓരോവർഷവും IFFK യിൽ സബ്മിറ്റ് ചെയ്യപ്പെടുന്നത്. അതിൽനിന്ന് 14 സിനിമകൾ തിരഞ്ഞെടുക്കാൻ അവസരം ഉണ്ടായിട്ടും മലയാളത്തിലെ മികച്ച സിനിമകൾ അതിൽ ഉൾപ്പെടുന്നില്ല. എന്തായിരിക്കും കാരണം?കച്ചവട സിനിമകളോടുള്ള അമിതമായ താല്പര്യം തന്നെ.മികച്ച സിനിമകളെ സാമ്പത്തികമായി സഹായിക്കുന്നതിന് രണ്ട് സംവിധാനങ്ങളാണ് കേരളത്തിൽ ഉള്ളത്. IFFK യിൽ തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകൾക്കുള്ള രണ്ടുലക്ഷം രൂപയും സംസ്ഥാന ചലച്ചിത്ര അവാർഡ് തുകയും. സംസ്ഥാന ചലച്ചിത്ര അവാർഡ് വീതംവെപ്പായിട്ട് കാലംകുറെയായി. രണ്ടോ മൂന്നോ പ്രധാന അവാർഡുകൾ കലാ സിനിമകൾക്ക് നൽകി മറ്റ് അവാർഡുകളെല്ലാം കച്ചവട സിനിമയ്ക്ക് നൽകുന്ന ഒരു രീതിയാണ് പൊതുവെ നടന്നുവരുന്നത്. IFFKയിലാവട്ടെ 50 ശതമാനത്തോളം കച്ചവട സിനിമകൾ ഇടംപിടിക്കുകയും ചെയ്യുന്നു. പിന്നെയുള്ളത് KSFDC യുടെ കീഴിൽ വരുന്ന ചിത്രാഞ്ജലി പാക്കേജ് ആണ്. അതാവട്ടെ ഒരു സ്റ്റുഡിയോ പാക്കേജ് എന്നതിനപ്പുറം നല്ലതോ ചീത്തയോ എന്ന തിരഞ്ഞെടുപ്പ് അവിടെ നടക്കുന്നതേയില്ല. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സൗകര്യം ഉപയോഗിച്ച് ചെയ്യുന്ന ഏതുസിനിമയും പാക്കേജിന് അർഹമാണ്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി മൂന്നുവർഷം മുൻപ് നടപ്പാക്കിയ 3 കോടി രൂപയുടെ പ്രോജക്റ്റിന്റെ കാര്യം തന്നെയെടുക്കുക. മലയാളത്തിൽ സമീപകാലത്ത് പുരസ്കൃതമായ മിക്കസിനിമകളും പത്തുലക്ഷത്തിനും അമ്പതുലക്ഷത്തിനും ഇടയിൽ പൂർത്തിയാക്കിയവ ആണെന്നിരിക്കെ ഒന്നരക്കോടി വെച്ച് രണ്ടുപേർക്ക് കൊടുക്കാനുള്ള തീരുമാനം തന്നെ എത്ര ബാലിശമാണ്. 50 ലക്ഷം വെച്ച് 6 പേർക്കോ 30 ലക്ഷം വെച്ച് 10 പേർക്കോ കൊടുക്കാവുന്ന തുകയായിരുന്നു അത്. ഇനി വലിയ മുതൽമുടക്കിലേ മികച്ച സിനിമകൾ ഉണ്ടാകൂ എന്നാണെങ്കിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്റ്റുകൾക്ക് അനുയോജ്യമായ തുക നൽകിയാലും മതിയായിരുന്നു. ചുരുക്കത്തിൽ നയങ്ങളുടെ അഭാവമല്ല, നടത്തിപ്പിലെ അലംഭാവമോ അവരവർ ഭാവങ്ങളോ ആണ് സിനിമാ നയങ്ങളെ പിന്നോട്ടടിപ്പിക്കുന്നത്.
എന്താണീ അവരവർ ഭാവങ്ങൾ? അത് പലതുമാവാം, വളരെ പ്രത്യക്ഷത്തിൽ നമ്മൾ കാണുന്ന ചിലതുണ്ട്, രാഷ്ട്രീയക്കാർക്ക് വോട്ടുബാങ്കുറപ്പിക്കാൻ ജനങ്ങളുടെ മേൽ സ്വാധീനമുള്ള കുറച്ചു ബുദ്ധിജീവികളെയും കച്ചവട സിനിമക്കാരെയും ആവശ്യമുണ്ട്. അത് നമ്മൾ തെരഞ്ഞെടുപ്പുകളിലും മറ്റും വളരെ പ്രകടമായി കാണുന്നുണ്ട്. അതിനുവേണ്ടി അവർക്ക് ഇടയ്ക്ക് ചില എല്ലിൻ കഷണങ്ങൾ ഇട്ടുകൊടുക്കും. ആ എല്ലിൻ കഷണങ്ങളാണ് ചില സ്ഥാനമാനങ്ങളും അവാർഡുകളും മറ്റും.( എന്നുകരുതി എല്ലാവരും ആർഹതപ്പെട്ടവർ അല്ല എന്നല്ല, അപൂർവമായി അതും സംഭവിക്കുന്നുണ്ട്). പിന്നെ, ചിലരുടെ വായടപ്പിക്കാൻ വേണ്ടിയും ചിലത് ഇട്ടുകൊടുക്കും. അതിനപ്പുറം സിനിമയുടെ നന്മയിലോ കലയുടെ വളർച്ചയിലോ അവർക്ക് താല്പര്യം ഉണ്ടെന്ന് തോന്നുന്നില്ല.


സിനിമയ്ക്കുവേണ്ടി ആത്മാർഥമായി എന്തെങ്കിലും ചെയ്യണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ മേശപ്പുറത്ത് (അതോ ചവറ്റുകുട്ടയിലോ) വർഷങ്ങളായി ഉറങ്ങുന്ന അടൂർ കമ്മിറ്റി റിപ്പോർട്ട് ഒന്ന് തുറന്നുനോക്കിയാൽ മതി. സിനിമാ മേഖലയെ സമഗ്രമായി പരിഷ്കരിക്കുന്ന നയങ്ങൾ അടൂർ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട്. അതുപോലെ തന്നെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ച് സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് കാലം കുറേ ആയെങ്കിലും അതും പെട്ടിയിൽ ഉറങ്ങുകയാണ്.ആരെങ്കിലും അത് നടപ്പാക്കണമെന്ന് ആഗ്രഹിച്ചാൽ തന്നെ കച്ചവട സിനിമയിലെ വല്യേട്ടന്മാർ അതിന് അനുവദിക്കില്ല എന്നതാണ് സത്യം.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like