പൂമുഖം LITERATURE അങ്ങനെ പോയവൻ

‘വീണ്ടെടുപ്പ്’ എന്ന കവിതയിൽ ടി. പി. രാജീവൻ ഇങ്ങനെ എഴുതുന്നു.

‘പഴയ ചെരിപ്പുകൾ ഉണ്ടോ

എന്ന് ചോദിച്ചു വരുന്നവരെ സൂക്ഷിക്കണം.

വലുതിൽ നിന്ന് ചെറുതിലേക്ക്

അവ മാറി മാറി ചവിട്ടി

ആമ്പലിലകൾക്ക് മുകളിലൂടെ

തടാകം മുറിച്ചു കടക്കുന്നതു പോലെ,

ഓരോ ചുവടിലും ചെറുതാകുന്ന വാമനന്മാരായി

അവർ ആരുമറിയാതെ

നിങ്ങൾ നടന്ന വഴികളിലൂടെ നടക്കും.’

ഇത്തിരി മാത്രം കാണുന്ന, ഇത്തിരി മാത്രം ചിന്തിക്കുന്ന അധോമുഖ വാമനന്മാരെപ്പറ്റി വൈലോപ്പിള്ളിയും എഴുതിയിട്ടുണ്ട്. കവിത എല്ലായ്പോഴും, ജീവിതത്തെ അതിന്‍റെ സൂക്ഷ്മതയിൽ അടുത്ത് കാണുന്നു. പാലേരിയിൽ സംഭവിക്കാവുന്നത് ടി. പി. രാജീവൻ നേരത്തെ കണ്ടിട്ടുണ്ടാവണം. കവികൾ ക്രാന്തദർശികൾ കൂടിയാണല്ലോ. രാജീവന്‍റെ മരണ ദിവസവും, തൊട്ടടുത്ത ദിവസങ്ങളും പാലേരിയിലെ ജീവിതം പതിവു പോലെ കടന്നുപോയി. ഈ ദേശത്ത് പിറന്ന്, ലോകത്തോളം വളർന്ന ടി. പി. രാജീവൻ എന്ന മനുഷ്യനെയും, കവിയെയും അയാൾ ആഗ്രഹിച്ചതു പോലെ കാത്തു എന്ന് ആ ദിവസങ്ങൾ ഓർത്ത് നമുക്ക് സമാശ്വസിക്കാം.

‘ഒരാളെ മണ്ണിട്ട് മൂടാൻ ഒരു കുന്നാകെ ഇടിക്കേണ്ടതില്ല’ എന്ന് മുമ്പ് എം.എൻ വിജയൻ പറയുകയുണ്ടായി. കുന്നിടിക്കാൻ തുടങ്ങുന്നതിന് മുമ്പേ, രാജീവൻ പാലേരിയെ ഉപേക്ഷിച്ച് പോയിരുന്നു.

‘ഇടി, മിന്നൽ, കാറ്റ്, മഴ ഇവർക്ക് സംഘടനകളില്ല. അതുകൊണ്ട് ഓർക്കാപ്പുറത്ത് ഞെട്ടിക്കുന്നവരെ എന്നെന്നേക്കുമായി പുറത്താക്കി വാതിലടയ്ക്കാം’ എന്ന് രാജീവൻ ‘പ്രകൃതി പാഠങ്ങൾ’ എന്ന കവിതയിൽ ദീർഘദർശനം ചെയ്തിട്ടുമുണ്ട്. ‘എവിടെ നിന്നും പുറപ്പെടാത്ത, എങ്ങോട്ടും പോവാത്ത ഒരു വഴിയിലൂടെ ഞാൻ നടന്നു’ എന്നും ഈ ഏകാന്ത യാത്രികൻ കുറിച്ചു വെച്ചു. (ലീല)

നിരുപാധികമായ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു രാജീവന്‍റെ ഓരോ കവിതയും. ആ സ്വാതന്ത്ര്യത്തിനായി ആഹുതി ചെയ്യാൻ സജ്ജമോ, ജാഗ്രത്തോ ആയിരുന്നു അവ. ‘കടലിന്‍റെ ഭ്രാന്തുപിടിച്ച രക്തത്തിലൂടെ, സൂചിപ്പൊട്ടു പോലെ ഓടിക്കൊണ്ടിരുന്ന ‘മത്സ്യം’ രാജീവന്‍റെ കവിതയിലെ വ്യതിരിക്തമായ ഒരു രൂപകമാണ്. അശാന്തമായ മനസ്സും ആർക്കും കീഴടങ്ങാത്ത പോരാട്ട വീര്യവുമുണ്ട് ആ ചെറു മത്സ്യത്തിൽ. വലിയ കടൽത്തിരയോടെന്നറിഞ്ഞിട്ടും, തളരാതെ അത് ഒറ്റക്ക് പൊരുതി നിൽക്കുന്നു. എല്ലാ അധികാര ഘടനകൾക്കും അപ്പുറമുളള ഈ പ്രതിരോധ സന്നദ്ധത പല കവിതകളിലും ആവർത്തിക്കുന്നുണ്ട്. ‘ചക്രവർത്തിമാരെ കാണുമ്പോൾ ചാടിയെഴുന്നേറ്റ് നമസ്കരിക്കുവാൻ, പർവ്വതങ്ങൾക്കാവില്ല. അതുകൊണ്ട്, ഒറ്റക്കു നിൽക്കുന്നവരെയും ആകാശത്തിന്‍റെ അർത്ഥമറിയുന്നവരെയും ലോകാവസാനം വരെ ചങ്ങലയ്ക്കിടാം’ എന്ന് രാജീവൻ എഴുതുന്നു. (പ്രകൃതി പാഠങ്ങൾ). ‘വഴികൾ ഓരോന്നോരോന്നായി മാഞ്ഞു. തേടിത്തേടി ഒരു വള്ളി വന്നു. എന്‍റെ കാലിൽ ചുറ്റി. ഇനിയങ്ങോട്ട് ഒറ്റയ്ക്ക് നടക്കാം’ എന്ന് ‘കനവ്’ എന്ന കവിതയും പറയുന്നുണ്ട്. ഈ വേറിട്ട് നടപ്പു തന്നെയാണ് രാജീവന്‍റെ എല്ലാ കവിതകളെയും അനന്യമാക്കുന്നത്.

ജീവിക്കുന്ന കാലത്തിന്‍റെ സൂക്ഷ്മ രാഷ്ട്രീയം പറഞ്ഞ ടി. പി. രാജീവന്‍റെ കവിതകൾ, വൈയക്തികമായ അനുഭവങ്ങളുടെ തിരതള്ളലിൽപ്പോലും തികഞ്ഞ സംയമനം സൂക്ഷിക്കുന്നതായി കാണാം. മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള തികഞ്ഞ ബോദ്ധ്യത്തിന്‍റെ, ഏകാന്തവും അരക്ഷിതവുമായ അനുഭവങ്ങളുടെ, തീവ്രവും അഗാധവുമായ പ്രണയത്തിന്‍റെ, നിശ്ശൂന്യതയിലേക്ക് പതിച്ചു പോവുന്ന കാലത്തെക്കുറിച്ചുള്ള വേവലാതികളുടെ – ഒരർത്ഥത്തിൽ, മനുഷ്യാനുഭവങ്ങളുടെയാകെ സൂക്ഷ്മ ഭാവങ്ങൾക്ക് ആകാശം തീർത്തവയായിരുന്നു രാജീവന്‍റെ ഓരോ കവിതയും. ‘നിന്നെ കാണുന്നതിനേക്കാൾ എനിക്കിഷ്ടം, നിന്നെ കാണാനായി നടത്തുന്ന ഈ യാത്ര’ എന്ന ഉള്ളുലയ്ക്കുന്ന പ്രണയത്തിന്‍റെ തീവ്രഭാവങ്ങൾക്ക് ‘പ്രണയ ശതക’ ത്തിൽ ആത്മാവ് നൽകുന്നിടത്തും കാണാം, വേറിട്ട യാത്രയുടെ സഞ്ചാര പാത തീർക്കുന്ന ആ കവിതകളുടെ ചാരുത.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചകളും, തികഞ്ഞ പാരിസ്ഥിതികാവബോധവും, സത്യത്തിലേക്കും, നീതിയിലേക്കും നീളുന്ന അന്വേഷണങ്ങളും ആന്തരികമായി ജീർണതയിലേക്ക് വീണു പോയ സമകാല സമൂഹത്തിൽ ടി. പി. രാജീവൻ എന്ന എഴുത്തുകാരന് സവിശേഷമായ രാഷ്ട്രീയ വ്യക്തിത്വം നൽകുന്നുണ്ട്. ജനാധിപത്യം അന്യം നിന്നു പോവുകയും, ഘടനാപരമായി മതവൽക്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന വർത്തമാന രാഷ്ട്രീയ ജീവിതത്തിന്‍റെ കാഴ്ചകൾക്ക്, ലോകത്തിലേക്ക് വളർന്നു വികസിച്ച ആ കാവ്യ വ്യക്തിത്വത്തെ അറിയുന്നതിനും, അടയാളപ്പെടുത്തുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു എന്നും തിരിച്ചറിയേണ്ടതുണ്ട്.

ആത്മബലിയായിരുന്നു ടി. പി. രാജീവന് ഓരോ കവിതയും. ആത്മാനുരാഗത്തിലും, വാഴ്ത്തുപാട്ടുകളിലും വീണു പോവാതെ സ്വയം കാത്തു പോരുന്നതിലും ജാഗരൂകനായി ഈ കവി. ജീവിതത്തെ അറിയുന്നതിൽ നിന്നും ഉയിർക്കൊള്ളുന്ന ഒരു നിർമ്മമതയുണ്ട് അതിൽ. ‘മാർഗങ്ങളിലെത്രാമത്തേതാണ്, നിർവാണത്തിന്‍റെ ഏത് അവസ്ഥയാണ് പ്രഭോ, കല്ലായും മണ്ണായും ഉള്ള ഈ ഇരിപ്പ്’ എന്നെഴുതി നിസ്സഹായമായ കാലത്തെയും, വിങ്ങുന്ന ഏകാന്തതയെയും അറിയുന്നു ഈ കവി. ‘വിരസതയുടെയും, ഏകാന്തതയുടെയും ആദിമ ജലത്തിൽ വ്യഥയായ് പിളർന്ന് പിളർന്ന്, വ്യാധിയായ് പടർന്ന് പടർന്ന്, ഒരു മാംസ പിണ്ഡം ആരും കാണാതെ’ എന്ന് ‘അമീബ’ എന്ന കവിതയിലൂടെ പറയുമ്പോൾ വയൽക്കരയിൽ ഇപ്പോഴില്ലാത്ത വീടിന്‍റെയും, അതിനെ ചൂഴ്ന്ന് നിൽക്കുന്ന നിഗൂഢവും, സ്വപ്നാത്മകവുമായ ലോകത്തിലൂടെ സ്വന്തം ജീവിതം കൂടി എഴുതുകയായിരുന്നു രാജീവൻ. കവിതയുടെ സൂക്ഷ്മസ്ഥലികളിൽ സ്വയം തപിക്കുന്ന ഒരിടമാണത്.

‘അങ്ങനെ പോയവൻ’ എന്നാണ് ടി. പി. രാജീവൻ ഒരു കവിതക്ക് നൽകിയിരിക്കുന്ന ശീർഷകം. തഥാഗതനെ ഓർമ്മിപ്പിക്കുന്ന ആ ശീർഷകത്തിൽ രാജീവൻ ഉണ്ട്. സിദ്ധാർത്ഥനെപ്പോലെ സ്വന്തം കുടി വിട്ടിറങ്ങി, മറ്റാരും അറിയാത്ത കാഴ്ചകളിലേക്ക് എടുത്തെറിയപ്പെട്ട ഒരാളുടെ ആത്മകഥനവുമുണ്ട്. അത്രമേൽ അഗാധമായി സ്വന്തം ദേശത്തെ ഉള്ളിൽ കൊണ്ടു നടന്നിരുന്ന രാജീവൻ സ്വന്തം മണ്ണിൽ അത്രമേൽ പരിത്യക്തനുമായി. നാം ചിട്ടപ്പെടുത്തുന്നതും, കല്പിച്ചു നൽകുന്നതുമായ ജീവിതത്തിന് മാത്രമേ എവിടെയും ഇടമുണ്ടാകാവൂ എന്നതായിരിക്കാം കാലം അതിന് നൽകിയേക്കാവുന്ന അർത്ഥം.

നവമ്പർ ഒന്നിന്, യാത്രക്ക് തൊട്ടു മുമ്പ് ടി. പി. രാജീവൻ നമ്മളോട് ഇങ്ങനെ പറഞ്ഞു.

‘പെട്ടെന്നൊരു ദിവസം

സ്വപ്നങ്ങളുടെ എണ്ണം പൂജ്യമാകും.

പിന്നെ അയാൾ ഒന്നും സംസാരിക്കില്ല.

ശൂന്യതയിലേക്ക് നോക്കി

ഇരുന്നിരുന്ന് സമയം കളയുന്ന അയാളെ

പെട്ടെന്നൊരു ദിവസം കാണാതാവും.

അത്രമാത്രം !’

കവര്‍ ഡിസൈന്‍: സി പി ജോണ്‍സണ്‍

Comments

You may also like