പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം 44

കഥാവാരം – ഭാഗം 44

മാതൃഭൂമി വാരിക( ലക്കം 48 )യിൽ വി ഷിനിലാൽ എഴുതിയ ചോല എന്ന കഥയുണ്ട്. കുറെ കാലങ്ങൾക്ക് ശേഷമാണ് കഥാകൃത്തിൽ നിന്നും വ്യത്യസ്തമായ ഒരു സൃഷ്ടി ലഭിക്കുന്നത്. നന്മയുടെ സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യരിലെ തിന്മയെ കുറിച്ച് പറയുന്നത്. കാടിനെയും ആദിവാസികളെയും കാട്ടുജീവികളെയും പരിപാലിക്കേണ്ടുന്ന ഫോറസ്റ്റ് റേഞ്ചർ ആണ് ആഖ്യാതാവിന്റെ പിതാവ്. നിഷേധ സ്വഭാവമുള്ള ( Negative) കഥാപാത്രങ്ങളെ സ്വാഭാവികമെന്ന പോൽ നന്മ നിറഞ്ഞവരാക്കുന്ന പ്രാഗത്ഭ്യം ഉണ്ട് കഥയിൽ. ചിലപ്പോൾ അത് സറ്റയറിന്റെയോ ഇരുണ്ട ഫലിതത്തിന്റെയോ തലത്തിലുള്ളതാണ്.

വി ഷിനിലാൽ

കാട് സംരക്ഷിക്കേണ്ട റേഞ്ചർ തന്നെ, സ്വന്തം വീട്ടിലേക്കുള്ള കട്ടിലിനു വേണ്ടി കാട്ടിൽ നിന്നും ചന്ദനം മുറിച്ചു കൊണ്ടു പോകുന്നു. അത് ചെയ്യിക്കുന്നത് ആദിവാസികളെ കൊണ്ടാണെന്ന് മാത്രമല്ല, മുറിക്കുന്നതിനിടെ ചന്ദന മരം വീണ് മരിച്ചുപോയ ആദിവാസിയെ, കുറച്ച് ചന്ദനമുട്ടി കൊണ്ട് കത്തിച്ചു കളഞ്ഞു എന്ന മഹാ ത്യാഗം ചെയ്തതായും അവതരിപ്പിക്കുന്നുണ്ട്. മനുഷ്യത്വ വിരുദ്ധമായ ബ്രാഹ്മണ്യ – സവർണ്ണ ബോധത്തിന്റെ വേറൊരു ഉദാഹരണം കാണാം, പുറം പണിക്കു വരുന്ന വേടർക്കും പുലയർക്കും കാടി വെള്ളം കൊടുക്കുന്നതിലും. കീഴാളരെ അതി നികൃഷ്ടരോ, മൃഗസമാനരോ ആയി കാണുന്നവരാണിവർ. മാത്രമല്ല, മൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന കൊടുക്കുന്നു എന്ന മനുഷ്യത്വ വിരുദ്ധതയെ ഉയർന്ന മനുഷ്യത്വമായി സ്വയം ആനന്ദിക്കുന്ന തരത്തിലേക്ക് ട്യൂൺ ചെയ്യപ്പെട്ട അധികാരത്തിന്റെ, സാമൂഹ്യ മനോഘടന കൂടി കാണാം കഥയിൽ. ( ആദ്യ ഖണ്ഡിക തന്നെ, ആ മനോഘടനയെ വ്യക്തമായി വരച്ചിടുകയും ചെയ്യുന്നു ).

ചിലർ ഫിക്ഷനിൽ രാഷ്ട്രീയ ശരി തേടുന്നു. ചിലർ വസ്തുതാപരമായ ശരികളെയും. രണ്ടും രണ്ടും കൂട്ടിയാൽ നാല് എന്നത് യഥാർത്ഥ ലോകത്തെ സത്യം. രണ്ടും രണ്ടും കൂട്ടിയാൽ അഞ്ചോ മൂന്നോ ആകുന്നത് ഭാവന. പക്ഷേ, അത് വായനക്കാർ കൂടി അംഗീകരിക്കും വിധമാകണമെന്നത് വേറൊരു യാഥാർത്ഥ്യം.

ഇക്കാര്യങ്ങളൊക്കെ പറയുമ്പോഴും, ഉള്ള ഒരു സമൂഹത്തെയോ സമുദായത്തെയോ കുറിച്ച് മോശമായ രീതിയിലുള്ള പറച്ചിൽ കഥയിൽ കാണാം. അത് കഥാകൃത്തിന്റെ അഭിപ്രായമാണോ കഥാപാത്രങ്ങളുടെ അഭിപ്രായമാണോ, അതൊക്കെ വിശ്വസിക്കാൻ കൊള്ളാമോ എന്നതൊന്നുമല്ല അതിന്റെ കാതൽ. ഒരു മനുഷ്യ സമൂഹത്തെ കുറിച്ചുള്ള പ്രസ്താവനയാണ്. വായിക്കുന്നവർക്ക് തീർച്ചയായും വേദന ഉണ്ടാക്കും അവ. ഇക്കാര്യത്തിൽ കഥാകൃത്തിന് കുറച്ച് കൂടി ശ്രദ്ധ പുലർത്താമായിരുന്നു എന്ന് തോന്നി. ( കഥാപാത്രത്തിന്റെ വിശ്വസിക്കാൻ കൊള്ളാത്ത പറച്ചിൽ ആണ് അവ എന്ന് ന്യായീകരിക്കാം വേണമെങ്കിൽ. അപ്പോൾ, പ്രബലമായ ഒരു മതത്തെയോ സമുദായത്തെയോ, അതുമല്ലെങ്കിൽ സ്വന്തം പ്രപിതാക്കന്മാരെയോ കുരങ്ങിന്റെ മുഖമുള്ളവർ എന്ന് ഒരു കഥാപാത്രത്തെ കൊണ്ട് വെറുതേ കഥയിൽ ഒരു കള്ളം പറയിപ്പിച്ചു നോക്കുക.)

കഥ എന്ന നിലയ്ക്ക് ‘ചോല’യുടെ പോരായ്മ ആയി തോന്നിയത്, ഒന്നിൽ നിന്നും വേറൊന്നിലേക്ക് ചാടുന്ന രാംഗാവതരണങ്ങൾ, അനാവശ്യമായ വസ്തുതാ വിവരണങ്ങൾ എന്നിവയാണ്. നരവംശ ശാസ്ത്രജ്ഞൻ എന്ന ആവർത്തനം, ഒരാളെക്കൊണ്ട് ചെയ്യിക്കുന്ന കുറെയേറെ പ്രവർത്തികൾ എന്നിവ. അപ്പോഴും, ഈ രണ്ടു വർഷങ്ങളിൽ ഷിനിലാൽ എഴുതിയ കഥകളിൽ ഭേദപ്പെട്ട ഒരു സൃഷ്ടിയാണിത് എന്ന് പറയാം. ഇതിലെ ഹാസ്യം ( ദുരന്ത സ്വഭാവത്തിലുള്ളത് ) സ്റ്റേജ് കോമഡി ഷോ നിലവാരത്തിലുള്ളതല്ല എന്നത് വ്യത്യസ്തതയും.

49 ആം ലക്കം മാതൃഭൂമി വാരികയിലെ കഥ പി എഫ് മാത്യൂസ് എഴുതിയ ‘ഒരു നാട്ടുപാതിരിയുടെ ആത്മഗതം’ ആണ്.

പി എഫ് മാത്യൂസ്

കാനാത്തെ ഗ്രേസിയുടെ മരണാസന്നയായ അമ്മായിയമ്മയ്ക്ക് രോഗീലേപനം കൊടുക്കാൻ പുറപ്പെടുന്ന പാതിരിയുടെ കഥയാണിത്. ഒറ്റയ്ക്കാണ് പോകേണ്ടി വരുന്നത്. ആരംഭത്തിൽ തന്നെ മരണമാണ് മുന്നിൽ. ഒരു ചത്ത പാമ്പ്. പിന്നീട് പാതിരിയുടെ ഓരോ ചെയ്തികളെയും സമീപത്തുനിന്ന് ഒരാൾ പരിഹസിക്കുന്നത് നമ്മൾ കാണുന്നു. ദൈവത്തിന്റെ പരിഹാസം.

യാത്രയിലുടനീളം പഴയ കാര്യങ്ങൾ ഓർമ്മിക്കുന്നുണ്ട് പാതിരി. മരിച്ചുപോയ ഒരു സ്ത്രീ അവസാനഘട്ടത്തിൽ ഉപയോഗിക്കാൻ വെച്ചിരുന്ന വാക്കിംഗ് സ്റ്റിക്ക് പോലും അന്ധവിശ്വാസത്താൽ ഭരിക്കപ്പെടുന്ന ഇദ്ദേഹം സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല. വഴിക്കു വെച്ച് ചെരുപ്പിൽ ആണി തറഞ്ഞു മുറിഞ്ഞു പോയതിനെ, കാനാത്തെ വീട്ടിലെത്തിയപ്പോൾ ഗ്രേസി നന്നായി പരിചരിക്കുന്നു. മരണാസന്നയായ വൃദ്ധയ്ക്ക് രോഗിലേപനത്തിനാണ് വന്നത് എന്ന ബോധം കുറച്ചുനേരത്തേക്ക് എങ്കിലും പാതിരിക്കും ഗ്രേസിക്കും ഇല്ലാതാകുന്നു. തുടർന്ന് വൃദ്ധയുടെ കുമ്പസാരം. മരുമകളെ പലപ്രാവശ്യം താൻ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല, സ്വന്തം മകന്റെ മരണത്തിന് പോലും കാരണക്കാരി താനാണ് എന്ന കുറ്റസമ്മതം നടത്തുന്ന വൃദ്ധ. മകന്റെ മരണത്തെക്കുറിച്ച് വേറൊന്നും കഥാകൃത്ത് പറയുന്നില്ല. അവിശ്വസനീയമായതും ഒരു പാതിരിക്ക് കേൾക്കാൻ പറ്റാത്തതുമായ എന്തൊക്കെയോ നിഗൂഢതകളാണ് വൃദ്ധയുടെ കുമ്പസാരത്തിൽ. പണ്ടൊരിക്കൽ തന്റെ മുമ്പിൽ ഇവർ നടത്തിയ കുമ്പസാരത്തെക്കുറിച്ച് ഓർത്തെടുക്കുന്നുണ്ട് പാതിരി. മൂന്ന് കൊന്ത ചൊല്ലി മാതാവിന് കാഴ്ച വെക്കാൻ ശിക്ഷ വിധിച്ചത് കേട്ട് പാതിരിയെ രൂക്ഷമായൊന്ന് നോക്കിയാണ് കാനാത്തെ ചേടത്തി അന്ന് പോയത്. ” ചെറുപ്പത്തിലേ വീട്ടീന്നെറങ്ങിപ്പോന്നിട്ട് നീളം കുപ്പായോമിട്ട് കടുക്ക വെള്ളോം കുടിച്ച് പെണ്ണുങ്ങളേം മനുഷ്യമ്മാരേം കാണാണ്ട് നടക്കുന്ന എവനോടൊക്കെ സംസാരിക്കാൻ വന്ന എന്നെ വേണം തല്ലാൻ”. പോകുന്ന പോക്കിൽ കൈകാര്യക്കാരനോട് അവർ പറഞ്ഞ ഈ വാചകത്തിൽ പല ദുരൂഹതകളുമുണ്ട്.

അന്ത്യ കൂദാശയിൽ കാനാത്തെ ചേടത്തി തന്റെ മകനെ കുറിച്ച് പറയുന്ന കാര്യങ്ങളും, മരുമകളോട് തനിക്ക് തോന്നിയ കടുത്ത അമർഷവും, മറ്റുള്ളവർക്ക് മുമ്പിൽ വെറുമൊരു മണ്ടനായ മകന്റെ ദുരൂഹ മരണവും, യാത്രയുടെ ആരംഭത്തിൽ പാതിരിക്കു മുമ്പിൽ പ്രത്യക്ഷമാകുന്ന ത്രികോണാകൃതിയുള്ള തലയോട് കൂടിയ ചത്ത പാമ്പും കഥാന്ത്യത്തിലേക്ക് ചേർക്കുമ്പോൾ, പാപവും രതിയും മരണവും ചേർന്ന് വ്യത്യസ്തതയുള്ള, നിഗൂഢമായ ചില കാര്യങ്ങൾ വായനക്കാർക്ക് മുമ്പിൽ വെക്കാൻ കഥാകൃത്ത് ശ്രമിച്ചതായി കാണാം. അവസാനം രണ്ട് പ്രേതങ്ങൾ മാത്രമുള്ള കപ്പലിൽ ബാക്കിയായി പോകുന്ന പാതിരി, “മരിച്ചവർ തന്നെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്ന തുടക്കത്തെ പ്രസ്താവനയിലേക്ക് എത്തിക്കുന്നുമുണ്ട്. പക്ഷേ, കാനാത്തെ ചേടത്തി, മരുമകൾ ഗ്രേസി എന്നീ സ്ത്രീകളുടെ മനസ്സുകളുടെ ദുർഗ്രഹതയും നിഗൂഢതയും തുറന്നുകാണിക്കുന്നതിനേക്കാൾ, യഥാർത്ഥമായ രീതിയിൽ, അടച്ചു വെച്ച പോലെ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ചെയ്തിട്ടുള്ളത്. നല്ല ക്രാഫ്റ്റിങ്ങും നാടകീയതയും എടുത്തുപറയേണ്ടവയാണ്. എങ്കിലും, വായനക്കാരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കഥയാണിത് എന്ന് പറയുക വയ്യ.

മാധ്യമം വാരികയുടെ 1302 ആം ലക്കത്തിൽ രണ്ട് കഥകൾ ഉണ്ട്. ആദ്യത്തേത് സുധാ തെക്കേമഠം എഴുതിയ ‘കടൽ’. കഥയുടെ ആരംഭത്തിൽ, കടലിന്റെ ഭംഗി ആസ്വദിക്കുകയും കുറെ ഫോട്ടോകൾ എടുക്കുകയും ചെയ്യുന്ന കുറച്ച് സ്ത്രീകളെ കാണുന്നു. ഏതോ ഒരു ഇൻസ്റ്റാ പോസ്റ്റിൽ നിന്നും പരിചയപ്പെട്ട ഈ കാറ്റാടി പെണ്ണുങ്ങളുടെ സുഹൃത് വലയത്തിലായ ആശയാണ് ആഖ്യാതാവ്.

സുധ തെക്കേമഠം

അപരിചിതമായ ഒരു നമ്പറിൽ നിന്നും വരുന്ന കോളിൽ കൂടി കഥ വികസിക്കുന്നു. വളരെ അത്യാവശ്യമായി എന്തോ കാര്യം പറയാനുണ്ട് എന്ന് അയാൾ പറയുന്നു. ആശയുടെ കൂട്ടുകാരിയായിരുന്ന രജനി എന്ന പെൺകുട്ടിയുടെ മരണവാർത്തയാണ് ഇയാൾ ആദ്യം പറയുന്നത്. ഹൈടെക് ശവസംസ്കാരം നടത്തുന്ന ഒരു കമ്പനിയിൽ നിന്നുമുള്ള ഹരി ആയിരുന്നു അത്. രജനി എന്ന പേര് കേട്ടപ്പോൾ തന്നെ അവരുടെ ഓർമ്മകൾ ആശയുടെ മനസ്സിലേക്ക് കടന്നു വരുന്നു. തന്നോടൊപ്പം താമസിച്ചിരുന്ന ഈ പെൺകുട്ടിയും ഹൈടെക് സംസ്കാരത്തിന് വേണ്ടി ഇവരെ സമീപിച്ചിരുന്നു എന്നറിയുന്നു.

ഭൂതകാലത്തിലെ അവൾ പറഞ്ഞ കഥകൾ ആശ ഓർമ്മിക്കുന്നു. ആണ്ടിലൊരിക്കൽ മാത്രം തീരത്തോടടുക്കുന്ന ഒരു ആഫ്രിക്കൻ കപ്പലിലെ ജോലിക്കാരനായിരുന്ന സെബാൻ എന്ന യുവാവിനോട് പ്രണയത്തിലാകുന്നത്. ഇന്നാട്ടിലെ ഭാഷയറിയാത്ത അയാളെ ഇവൾ സഹായിക്കുന്നത്. രേഖകൾ ഇല്ലാതെ വാഹനം ഓടിച്ചതിനാൽ പോലീസ് പിടിയിലാകുന്ന കാമുകനുവേണ്ടി രജനി ജാമ്യം നിൽക്കുന്നത്. അവസാനം കപ്പലിൽ വച്ച് എന്തോ ഒരു അടിപിടിയിൽ ഇയാൾ കൊല്ലപ്പെട്ടു എന്ന കാര്യം അറിയുന്നത്. കൊലപാതകത്തിന്റെ കാര്യം മറ്റാരും അറിയാതിരിക്കാൻ വേണ്ടി അധികാരികൾ കടലിലേക്ക് മൃതശരീരം വലിച്ചെറിഞ്ഞത്. ഇതൊക്കെ രജനി ആശയോട് മുൻപ് പറഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് ഹരിയോട് സംസാരിച്ചതിൽ നിന്നും രജനിക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ് കഥയുടെ ക്ലൈമാക്സ്. രജനിയും തന്റെ ശരീരം മറവ് ചെയ്യാതെ സമുദ്രത്തിൽ വലിച്ചെറിയണം എന്ന് പറഞ്ഞിരുന്നു എന്ന്. ഈയൊരു കാര്യം പറയാൻ വേണ്ടിയാണ് കടൽ എന്ന കഥ ശ്രീമതി സുധാ തെക്കേമഠം എഴുതിയത് എങ്കിൽ ഒന്നും പറയാനില്ല.

കഥാപാത്രങ്ങളുടെ സംഭാഷണം, പതിറ്റാണ്ടുകൾക്ക് മുൻപുള്ള കാമുകി കാമുകന്മാരുടെ സംഭാഷണത്തിൽ നിന്നും തെല്ലും മാറുന്നില്ല കഥയിൽ. അവരുടെ ബന്ധത്തെക്കുറിച്ച് ആശയോട് രജനി പറയുന്നത് ശ്രദ്ധിക്കുക.

” ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് കടലിന്റെ മണമായിരുന്നു. കടലിന്റെ സ്വരമായിരുന്നു. അതുകൊണ്ടാവാം ആഴം കൂടിക്കൂടി അറ്റം കാണാത്തത്രയും സ്നേഹമാണ് അവനെനിക്ക് തന്നത്. സെബാൻ ഒരു കടലായിരുന്നു ആശേ… അവൻ അടുത്തുള്ളപ്പോൾ ഞാൻ അനുഭവിച്ചതാണത്. ഒരു കടലിനു മാത്രം നൽകാൻ കഴിയുന്ന ചിലതുണ്ട്. എന്നെ ഉണർത്താനും ഉറക്കാനും സാന്ത്വനിപ്പിക്കാനും എല്ലാം അവന്റെ ഒരു കുഞ്ഞു തിരയനക്കം മതിയായിരുന്നു.”

എല്ലാ കാമുകീകാമുകന്മാരും ഇങ്ങനെ തന്നെയല്ലേ സംസാരിക്കുക എന്ന് ചിലർ ചോദിച്ചേക്കാം. ഇതൊക്കെ ഇങ്ങനെ തന്നെ പലപല ആവർത്തി കണ്ടു മടുത്ത വായനക്കാർക്ക് ഇതുതന്നെ വീണ്ടും ഇട്ടുകൊടുക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

” ഒരിക്കൽ ഒരു പനി വന്ന സമയത്ത് എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. എന്തൊക്കെ ചെയ്തിട്ടും ഉറക്കം ദൂരെ ദൂരെ ഒളിച്ചുനിന്നു. അന്ന് അവനെനിക്ക് ഒരു പാട്ട് അയച്ചു തന്നു. കടലിന്റെ രാത്രിപ്പാട്ട്. അതൊരു പുത്തൻ അനുഭവമായിരുന്നു. ഉൾക്കടലിന്റെ അനന്തതയിലേക്ക് ഞാൻ ഒഴുകിപ്പോയി. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഏതോ മാസ്മരികത. ആകാശത്തിന്റെ തുറസ്സിനു താഴെ നീലിമയുടെ ഒരു തുള്ളിയായി ഞാൻ കിടന്നു.”

കൂടെ താമസിക്കുന്ന സുഹൃത്തിനോട് പറയുന്ന വാചകം. അത്രയ്ക്ക് അടുപ്പമുള്ള ഒരാളോട് നടത്തുന്ന സംഭാഷണം. പ്രണയം എന്നാൽ പൈങ്കിളി എന്ന് ധരിച്ചാൽ ഇത്തരം സംഭാഷണങ്ങളുടെ കൃത്രിമത്വം ധാരാളമായി കഥകളിൽ വരും.

മാധ്യമത്തിൽ രണ്ടാമത്തെ കഥ എഴുതിയത് ധന്യാരാജ് ആണ്. അകത്തളം എന്നാണ് കഥയുടെ പേര്.

ഭേദപ്പെട്ട ജോലിയുള്ള അജയനും ഭാര്യ പ്രസീദയും ആണ് പ്രധാന കഥാപാത്രങ്ങൾ. അപ്രതീക്ഷിതമായി തൊഴിലുറപ്പ് ജോലിക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്ന ഭാര്യയുടെ പെരുമാറ്റത്തിൽ അസ്വസ്ഥനാകുന്നു അജയൻ. കണ്ട ആണുങ്ങളെ മൊത്തം വശീകരിക്കാൻ ആണ് പുറത്തേക്ക് പോകുന്നത് എന്ന് സംശയം പ്രകടിപ്പിക്കുന്നു അമ്മായിയമ്മ. മാസമൊന്ന് തികയുന്നതിന് മുൻപേ പ്രസീദ ജോലിക്ക് പോയിത്തുടങ്ങി. ഭർത്താവിനും അമ്മായി അമ്മയ്ക്കും അമർഷവും തുടങ്ങി. പ്രസീദയുടെ ജോലിസ്ഥലത്തെ കാര്യങ്ങളൊക്കെ അത്യാവശ്യം വിശദമായി കഥാകൃത്ത് പറഞ്ഞു തരുന്നുണ്ട് നമുക്ക്. ഇതിൽ എന്തായിരിക്കാം കഥ എന്ന് വായനക്കാർ ആകാംക്ഷയോടെ വായിച്ചു പോകുന്നു. രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ആദ്യമായി ശമ്പളം കിട്ടിയ ദിവസം ഒരു ബിഗ് ഷോപ്പർ നിറയെ സാധനങ്ങളുമായി വരുന്നു പ്രസീദ വീട്ടിലേക്ക്. ഭർത്താവിനും മക്കൾക്കും മാത്രമല്ല, ഏറെക്കാലമായി മകനോട് അമ്മായിയമ്മ ആവശ്യപ്പെട്ടു കൊണ്ടേയിരുന്ന പുള്ളി ബ്ലൗസിനുള്ള ഒരു പീസും. സർവ്വത്ര മംഗളകരം. ഹാ! എന്തു സുന്ദരമായ കഥ.

ഇതോടെ കഥ തീർന്നോ? ഇല്ല. പിന്നീടുള്ള ദിവസങ്ങൾ അതീവ സുന്ദരമായിരുന്നു. വളരെ സംതൃപ്തയായ അമ്മായിയമ്മ. വീട്ടിലേക്കാണെങ്കിൽ സാധനങ്ങളുടെ ഘോഷയാത്ര. തൊഴിലുറപ്പ് പണിക്ക് പോകുന്നതാണെങ്കിലും പോകെപ്പൊകെ ഇഷ്ടംപോലെ സാധനങ്ങൾ കൊണ്ടു വരുന്നുണ്ട് പ്രസീദ. കഥ അവസാനിക്കുമ്പോൾ ടിവി മുറിയിൽ നിന്നും സീരിയൽ കാണാൻ വിളിക്കുന്നു അമ്മായിഅമ്മ. വളരെ നല്ലത്. അമ്മായിയമ്മ കണ്ട സീരിയൽ തന്നെയല്ലേ കഥ എന്ന പേരിൽ നമ്മളിപ്പോൾ വായിച്ചത് എന്ന് നമുക്ക് സംശയം.

1303 ആം ലക്കം മാധ്യമം വാരികയിലെ പി എഫ് മാത്യൂസിന്റെ കഥ, ‘നക്ഷത്രമില്ലാത്ത വീട്’ ആണ്. കഥ വായിച്ചു നോക്കുമ്പോൾ എഴുത്തുകാരന്റെ പ്രാഗത്ഭ്യം വളരെ നന്നായി മനസ്സിലാകും. കുറച്ചൊക്കെ പരിഭാഷകൻ എന്ന കഥയോട് സമാനമാണിത്. എഴുതാപ്പുറം വായിക്കുക എന്ന സ്വഭാവത്തിന്റെ വളരെ വ്യത്യസ്തമായ ആവിഷ്കരണം കാണാമിതിൽ. അതി പരിചയം മൂലം വിരസമായിത്തീർന്ന ദാമ്പത്യത്തിലെ ഭർത്താവാണ് കഥാനായകൻ. വളരെ താഴ്ന്ന നിലയിലുള്ള സാമ്പത്തികം. നന്നെ ചെറിയ വീട്ടിലെ ഉപകരണങ്ങളെല്ലാം മറ്റാരോ മുൻപ്‌ ഉപയോഗിച്ചവ. പലതും കാലപ്പഴക്കത്താൽ നാശമായത്. കഥയുടെ തുടക്കഭാഗത്ത്, തന്റെ വാക്കുകൾ ശ്രദ്ധിക്കാതിരിക്കുന്ന ഭാര്യയെ കുറിച്ച് പറയുന്ന കഥാനായകനെ വായനക്കാർക്ക് കാണാം. കേടായ ഫ്രിഡ്ജിൽ നിന്നും വരുന്ന വെള്ളം വൃത്തിയാക്കുന്ന ഭർത്താവ്, ഏതോ കാര്യത്തിന് ഭാര്യയുടെ മുഖത്ത് നിന്നും തന്റെ ചിന്തക്ക് അനുയോജ്യമായ കാര്യം വായിച്ചെടുക്കുന്നു. തന്റെ തോന്നലുകൾ എല്ലാം അന്യരുടേത് എന്ന് കരുതുന്ന അതേ മാനസികാവസ്ഥ. രസകരവും സുന്ദരവും പരസ്പരം ഇഷ്ടപ്പെടുന്നതുമായ ഒരു ദാമ്പത്യം എന്ന് തോന്നിത്തുടങ്ങിയെടുത്ത് നിന്നും വളരെ പെട്ടെന്നാണ് രംഗം മാറുന്നത്. പ്രത്യേകിച്ച് പറയാൻ കാരണം ഒന്നുമില്ലാതെ, ഭാര്യയെ കൊല്ലാൻ തോന്നുന്നു ഇയാൾക്ക്. ആ തോന്നൽ പോലെ തന്നെ ചെയ്തും കളയുന്നു. ഇക്കാര്യം അസംഭവ്യമാണോ? ആകട്ടെ അല്ലാതാകട്ടെ, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മനസ്സിന്റെ പിടുത്തം വിട്ടു പോകുന്നവർ നമുക്ക് അപരിചിതമല്ലല്ലോ. അത്തരം ഒരു രംഗത്തെ നന്നായി കഥയിൽ കാണിച്ചു തരുന്നുണ്ട് പി എഫ് മാത്യൂസ് ഈ കഥ കൊണ്ട്.

പി എഫ് മാത്യൂസ്

അങ്ങനെയൊക്കെയാണെങ്കിലും ഈ രണ്ടു വർഷങ്ങളിൽ മാത്യൂസ് എഴുതിയ കഥകളിൽ ഇന്നും എനിക്കിഷ്ടം പരിഭാഷകൻ തന്നെ.

സമകാലിക മലയാളം വാരികയുടെ 39 ആം ലക്കത്തിലെ കഥ ഫ്രാൻസിസ് നൊറോണയുടെ ‘ഗേയം’ ആണ്. കുഴപ്പം പിടിച്ച എന്തോ കാര്യം ജോസഫിന്റെ ജീവിതത്തിലുണ്ടായി. അതിൽ നിന്നും രക്ഷ തേടുന്നതിനായി ഏറ്റവും അടുത്ത കൂട്ടുകാരന്റെ സാമീപ്യത്തിനായും , അതിന്മേൽ കൂട്ടുകാരന്റെ അഭിപ്രായം അറിയാൻ വേണ്ടിയും ഒരു മാളിൽ വന്നിരിക്കുന്നു ഇയാൾ. കൂട്ടുകാരൻ എത്തിച്ചേർന്നപ്പോൾ രണ്ടുപേരും ചായ കുടിക്കുന്നു. ‘തന്റെ മകന് ഒരാളോട് ഇഷ്ടമാണ്’ എന്ന കാര്യമാണ് ജോസഫ് സുഹൃത്തിനോട് പറയുന്നത്. മതപരമായ കാര്യങ്ങളിൽ കൃത്യനിഷ്ഠ പുലർത്തുന്ന ജോസഫ്, മകന്റെ ഈ ഒരു ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വിഷമാവസ്ഥയിൽ അകപ്പെടാൻ ഉള്ള കാരണം മതമാകും എന്ന് സുഹൃത്ത് ഊഹിച്ചെടുക്കുന്നു. പക്ഷേ, ജോസഫ് പറയുന്നു അവന് ഒരാണിനെയാണ് ഇഷ്ടമെന്ന്. സുഹൃത്ത് ഞെട്ടുന്നു. കാരണം കൗമാരത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ അവർ ഇരുവരും ഇത്തരം ഒരു ബന്ധത്തിലായിരുന്നു. സ്വവർഗരതി അവരുടെ ജീവിതത്തിലും ഉണ്ടായിരുന്നു.

ഫ്രാൻസിസ് നൊറോണ

തുടർന്ന് ജോസഫ് ഒരു ബോട്ടിൽ വേറൊരു സ്ഥലത്ത് കൊണ്ടുപോകുന്നു. മകന് ഇഷ്ടം തോന്നിയ ചെറുപ്പക്കാരന്റെ വീടായിരുന്നു അത്. അയാളെ കണ്ട് തിരിച്ചു വരുമ്പോൾ ബോട്ട് പ്രവർത്തിപ്പിച്ചത് ആ ചെറുപ്പക്കാരനായിരുന്നു. ഇത്രത്തോളം അടുപ്പമുള്ള, ജോസഫിനും സുഹൃത്തിനും പരസ്പരം ഇഷ്ടം തോന്നിയിട്ടില്ലേ എന്ന് അയാൾ ചോദിക്കുന്നു. ജീവിതപങ്കാളി വളരെ ചെറുപ്പത്തിലെ മരിച്ചു പോയിട്ടും സുഹൃത്ത് ശിഷ്ടകാലം സമാധാനത്തോടെ കഴിയാൻ കാരണം ജോസഫ് കൂടെയുണ്ടായിരുന്നതുകൊണ്ടാണ് എന്നും അയാൾ കൂട്ടിച്ചേർക്കുന്നു. അങ്ങനെയാണ് ഗേയം എന്ന ഈ കഥ.

കഥയുടെ സംഗ്രഹം ഇങ്ങനെ. അതിന്റെ അവതരണവും ഭാഷയും ഇത്രക്കും തേഞ്ഞുപോയ വിഷയത്തെ ഗംഭീരമായി അവതരിപ്പിക്കുന്നുണ്ടോ എന്ന് നോക്കാം.

കഥയുടെ തുടക്കത്തിൽ ഇങ്ങനെ ഒരു പ്രയോഗം കാണാം.

” ഷെയർ ചെയ്യാനാവാത്തൊരു വേദന പോലെ അവൻ പഴംപൊരി ടിഷ്യൂവിൽ പൊതിഞ്ഞു നിന്നു. ” സത്യത്തിൽ ഈ ഉപമയുടെ അർത്ഥമോ അതുണ്ടാക്കുന്ന തീവ്ര വൈകാരിക പരിസരമോ അത്യത്ഭുതകരമായ സർഗാത്മകതയോ എനിക്ക് മനസ്സിലായിട്ടില്ല. ഉണ്ടാവും. എന്തെങ്കിലുമൊക്കെ ഉണ്ടാകും. അതിനു മുൻപുള്ള ചില പ്രയോഗങ്ങളിൽ ആഴത്തിൽ ചിന്തിക്കുന്നവർക്ക് “എന്തെങ്കിലുമൊക്കെ’ ഉണ്ട്. കഥാന്ത്യത്തോടെ മാത്രം – അതായത് കൗമാര കാലത്ത് ജോസഫും സുഹൃത്തും തമ്മിലുള്ള സ്വവർഗതയെക്കുറിച്ച് അറിഞ്ഞതിനുശേഷം – കൂടുതൽ രസകരമാകുന്നത്.

” ജോസഫിന് സുഹൃത്ത് ചായയോടൊപ്പം ഒരു പഴംപൊരിയും വാങ്ങിക്കൊണ്ടു വരുന്നു. മൊരിഞ്ഞ് ബ്രൗൺ ഷെയ്ഡിൽ ഉള്ളതാണ് അവനിഷ്ടം. അങ്ങനെയുള്ള പഴംപൊരി മൂക്കിനോട് അടുപ്പിച്ച് മണം പിടിക്കുന്നതാണ് അവന്റെ പതിവ്.

ഒരു കഥയിലെ കഥാപാത്രങ്ങളുടെ ജാതകം പരിപൂർണ്ണമായും കുറിക്കുന്ന രീതി കഥയ്ക്ക് എന്തിന് എന്ന് മനസ്സിലാകുന്നില്ല. ജോസഫ് ആരാണെന്ന് മാത്രമല്ല, അയാൾ കല്യാണം കഴിച്ചത് എപ്പോൾ, എവിടുന്നു കെട്ടി, എത്ര മക്കൾ, അവർ എന്തു ചെയ്യുന്നു, ഇത്യാദി വിശദീകരണങ്ങളുണ്ട് കഥയിൽ. ജോസഫിന്റെയും സുഹൃത്തിന്റെയും കോളേജ് ജീവിതത്തിനുശേഷം ജോലിയിൽ കയറിയതും റിട്ടയർമെന്റും ഒക്കെ പറഞ്ഞ് അടുത്ത പാരഗ്രാഫ് വായിക്കുക.

” തൊട്ടടുത്ത ദ്വീപായ പിഴലയിൽ നിന്നാണ് സ്റ്റെല്ലയെ കല്യാണം കഴിക്കുന്നത്. കല്യാണസമയത്ത് എറണാകുളത്തെ ജൂവലറിയിൽ പോകുമായിരുന്നെങ്കിലും കുട്ടികളായതോടെ അത് നഷ്ടപ്പെട്ടു. മൂന്നു മക്കളാണ് ജോസഫിന്. മൂത്തവൾ ഫിഷറീസ് കോളേജിലാണ് പഠിച്ചത് പാലായിലുള്ള ഒരു പയ്യൻ… സ്ത്രീധനമൊന്നും ചോദിക്കാതെ കെട്ടി. അവന് സിനിമാ തിയേറ്ററും റസ്റ്റോറന്റുമുണ്ട്. രണ്ടാമത്തെ പെണ്ണിനെ നഴ്സിംഗ് കഴിഞ്ഞതോടെ അമ്മ വീടായ പിഴലയിൽ കെട്ടിച്ചു. മരുമകൻ സ്കൂൾ ടീച്ചർ. ഇളയവൻ മഹാരാജാസിൽ ബി ഏക്ക് പഠിക്കുന്നു. “

കഥയിൽ ജോസഫ് മാത്രമേ നമുക്ക് ആവശ്യമുള്ളൂ എങ്കിലും ഇത്രയും കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞ കഥാകൃത്തിനോട് നമ്മൾ നന്ദിയുള്ളവരായിരിക്കണം. രണ്ടു പെൺമക്കളുടെ കൊച്ചുങ്ങൾ എന്ത് ചെയ്യുന്നു എന്ന് കൂടി അറിഞ്ഞിരുന്നെങ്കിൽ സമാധാനമായേനെ. ഇത്രക്ക് അവിദഗ്ധമായി എഴുതപ്പെട്ട കഥ സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിക്കപ്പെടും എന്ന് ആശ്വസിക്കുക.

പ്രമോദ് കൂവേരി എഴുതിയ ‘മരിയാർ പൂതം’ ആണ് നാൽപതാം ലക്കം സമകാലിക മലയാളം വാരികയിലെ കഥ. അതേ പേരിൽ അറിയപ്പെട്ടിരുന്ന ഒരു കള്ളൻ ഉണ്ടായിരുന്നു എറണാകുളത്ത് ഈ അടുത്ത കാലത്ത്. അയാളും ഇക്കഥയും തമ്മിൽ ബന്ധമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ഒതയമ്മാടത്തെ ജന്മിയായ രാരിച്ചൻ മുതലാളിയുടെ ക്രൂരതകളുടെ കഥയാണിത്. രാത്രികാലങ്ങളിൽ സഹായിയായ വാസുവിനോടൊപ്പം ചൂട്ടും പിടിച്ച് ഷാപ്പിൽ നിന്നും അയാൾ ഇറങ്ങും. ഏതെങ്കിലും ഒരു വീട്ടിൽ കയറി അവിടെയുള്ള സ്ത്രീയോടൊപ്പം ശയിച്ച് പുറത്തിറങ്ങും. വർഷങ്ങൾക്കു മുൻപ് രാരിച്ചന്റെ മുപ്പത്തേക്കറയിൽ മൂന്ന് കരിക്കൂന ചുടാൻ വേണ്ടി അയാളുടെ വീട്ടുമുറ്റത്ത് വന്നുനിന്നു മരിയാറൊതേനനും ഭാര്യ ചെല്ലയും സ്കൂൾ പ്രായത്തിലുള്ള മകൻ വാസുവും. വളരെ പെട്ടെന്ന് ദുരൂഹ സാഹചര്യത്തിൽ ഒതേനൻ കൊല്ലപ്പെടുന്നു. പിന്നീട് ചെല്ലയെ തന്റെ ചായ്പ്പിലേക്ക് കൂട്ടുന്നു ജന്മി. ഇന്ന് രാത്രികാലങ്ങളിൽ തന്റെ ആശ്രിതരുടെ വീടുകളിൽ ചെന്ന് ലൈംഗിക ദാഹം തീർക്കുന്നതിന് കാവൽ നിൽക്കുന്നത് അതേ വാസുവും. അവൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുടെ വീട്ടിലേക്കാണ് ഒരു ദിവസം ഇയാൾ പോകുന്നത്. അകത്തെ മുറിയിൽ ജന്മി അമ്മയോടൊപ്പം ശയിക്കുന്നു. വാസുവിനെ കാണുമ്പോൾ മകൾക്ക് സന്തോഷം. റാന്തൽ വെട്ടത്തിൽ അവളുടെ മുഖത്ത് വസന്തം കാണുന്നു വാസു. കുറച്ച് കഴിയുമ്പോൾ, പിറകില്‍ നിന്നാരോ അവളെ ചേർത്തുപിടിക്കുന്നു. മുറിയിലെ വിളക്ക് കെടുന്നു. തുടർന്ന് കിതച്ചുകൊണ്ട് പുറത്തേക്കിറങ്ങുന്ന രാരിച്ചൻ മുതലാളി വാസുവിനോട് പറയുന്നു, “ആ കൊച്ച് ചത്തെടാ” എന്ന്. സ്വാഭാവികമായും കൊലയുടെ ഉത്തരവാദിത്തം വാസുവിന്റെ തലയിൽ കെട്ടുമല്ലോ ഏതൊരു ജന്മിയും. പിന്നീട് വാസുവിനെ നാടുകടത്തുന്നതും കൊല്ലാൻ ഏർപ്പാടാക്കുന്നതും ഒക്കെ നമ്മൾ കാണുന്നു. തനിക്ക് കൂട്ടുകിടക്കാനുള്ള ചെല്ലയോട് ഇയാൾ പറയുന്നു, മകനെ കൊണ്ട് തരാമെന്ന്. പിന്നെ വരുന്നത് വാസുവിന്റെ പ്രതികാരം. ഇത്രയുമാണ് മരിയാർ പൂതം എന്ന കഥ. എന്തൊരു പുതുമയാണ് കഥയ്ക്ക്. രാരിച്ചൻ മുതലാളിയാണോ ഭാസ്ക്കര പട്ടേലരാണോ ഭേദം? ഇതൊക്കെ എത്രയെത്ര പറഞ്ഞാലും മടുക്കാത്ത കഥാകൃത്തുക്കൾ ഉണ്ടാകും. വായനക്കാരും ഉണ്ടാകും. പ്രസാധകരും ഉണ്ടാകും. പഴകിയത്. വളരെ വളരെ പഴകിയ കഥ. ദ്രവിച്ചുപോയ ഇത്തരം പ്രമേയങ്ങൾ പറയുമ്പോൾ പുതുകാലത്തിന് അനുയോജ്യമായ ആഖ്യാനമോ, വായനക്കാർക്ക് രസിക്കുന്ന അവതരണമോ, എന്തെങ്കിലുമൊന്നിലെ നവീനതയോ കൊണ്ടുവരാൻ പറ്റാത്ത ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നത് വഴി വാരികകൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അറിഞ്ഞുകൂടാ.

ദേശാഭിമാനി വാരികയുടെ നാല്പതാം ലക്കത്തിൽ ദിപു ജയരാമൻ എഴുതിയ ‘പെർഫ്യൂം’ എന്ന കഥയാണുള്ളത്. ഉറ്റ സുഹൃത്തായ അരവിന്ദന്റെ ആത്മഹത്യയെക്കുറിച്ച് പറയുന്ന ആഖ്യാതാവിൽ കഥ തുടങ്ങുന്നു. ആ മരണം അയാളിൽ ഉണ്ടാക്കിയ ആഘാതമാണ് കഥയുടെ പുരോഗതിയിൽ നമ്മൾ കാണുന്നത്. വേറൊരു സുഹൃത്തായ ബിജുവിനോടൊപ്പം മദ്യപിച്ച് വേദന മറക്കാൻ ശ്രമിക്കുന്നു ഇയാൾ. അരവിന്ദന്റെ ഓഫീസിൽ പോയി ആത്മഹത്യക്കുള്ള കാരണം അറിയാൻ ശ്രമിക്കുന്നു. വളരെയേറെ സോഷ്യൽ ആയിരുന്ന, ജോലിയിൽ മേലധികാരികൾക്ക് വളരെ തൃപ്തിയുണ്ടായിരുന്ന അരവിന്ദൻ മാർക്കറ്റിംഗ് വിഭാഗത്തിൽ നിന്നും സ്റ്റോറിലേക്ക് ഒരു കാരണവുമില്ലാതെ മാറ്റം ചോദിച്ചു വാങ്ങി എന്ന് മാനേജർ ഇയാളോട് പറയുന്നു. കുറച്ചുകൂടി അധികം കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ, അരവിന്ദന്, മാധുരി എന്ന വേശ്യാസ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നുള്ള വസ്തുത വെളിവാകുന്നു. മാധുരി താമസിക്കുന്ന സ്ഥലത്തെത്തി അവളെക്കണ്ട് അരവിന്ദ നെക്കുറിച്ച് അന്വേഷിക്കുന്നു ഇയാൾ. കഴിഞ്ഞ ആറുമാസങ്ങളായി അയാൾ അവരുടെ കസ്റ്റമർ ആയിരുന്നു എന്നുള്ള കാര്യം ഈ സ്ത്രീ പറയുന്നു. ആഖ്യാതാവ് അരവിന്ദന്റെ മരണത്തെ കുറിച്ച് പറഞ്ഞപ്പോൾ, അയാളെക്കുറിച്ചുള്ള വിചിത്രങ്ങളായ ചില കാര്യങ്ങൾ മാധുരി വ്യക്തമാക്കുന്നു. അയാൾ തന്റെ അടുത്തു വന്ന് കുറേനേരം വെറുതെ മിണ്ടാതിരിക്കുമെന്നും പോകാൻ നേരം പണം കൊടുക്കുമായിരുന്നു എന്നും പറയുന്നു. പിന്നെപ്പിന്നെ തന്റെ അടുത്ത് വന്ന് ഇരിക്കുമായിരുന്നു. എപ്പോഴെങ്കിലും ഒന്ന് കെട്ടിപ്പിടിക്കും. അത്ര മാത്രമേ അയാൾ ചെയ്യാറുണ്ടായിരുന്നുള്ളൂ. അതുകൂടാതെ അയാൾ സ്ഥിരമായി ഒരു ചോദ്യം ഇവളോട് ചോദിക്കുമായിരുന്നു. “അയാളെ നാറുന്നുണ്ടോ” എന്ന്. ഇല്ല എന്ന് മാധുരി മറുപടി പറയുമ്പോൾ സന്തോഷത്തോടെ അയാൾ പോകും എന്ന കാര്യം കൂടി ഇവൾ അറിയിക്കുന്നു.
കാര്യമായ പുതുമകളൊന്നും ഇല്ലാതെ ഇതുവരെ പറഞ്ഞു പോയ കഥയിൽ വ്യത്യസ്തത വരുന്നു ഈ ഭാഗം മുതൽ. അരവിന്ദന്റെ വിധവയെ സന്ദർശിക്കാൻ പോയ സമയത്ത് കണ്ട അവരുടെ വൃത്തിയുള്ള വസ്ത്രങ്ങളും ചെത്തി മിനുക്കിയ നഖങ്ങളും സോക്സിന്റെ മണം സഹിക്കാൻ കഴിയാത്ത മുഖവും ആഖ്യാതാവിന് ഓർമ്മ വരുന്നു. തിടുക്കത്തിൽ അവിടെ നിന്നും തന്റെ വീട്ടിലേക്ക് പുറപ്പെടുന്നു ഇയാൾ. വീട്ടിലെത്തിയ ഉടനെ തന്നെ ഭാര്യയെ കെട്ടിപ്പിടിക്കുകയും പ്രേമപൂർവ്വം ഉമ്മ വയ്ക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ രതിതാത്പര്യം കണ്ടപ്പോൾ ഭാര്യയ്ക്ക് പക്ഷേ വിചിത്രമായ പ്രതികരണമാണ് ഉണ്ടാകുന്നത്. അയാളെ തള്ളി മാറ്റിക്കൊണ്ട്, “നിങ്ങളെ നാറീട്ട് പാടില്ല” എന്നും പറഞ്ഞ് അയാളുടെ കൈകളിൽ നിന്നും ഭാര്യ കുതറി മാറുന്നു. ചെമ്പകമരത്തിൽ തൂങ്ങി തീഗോളമായി എരിഞ്ഞ അരവിന്ദൻ ആഖ്യാതാവിന്റെ മനസ്സിലേക്കെത്തുന്നു അന്നേരം. ഒരു നിമിഷത്തെ ആലോചനക്കു ശേഷം തന്റെ സ്വന്തം ശരീരം നാറുന്നുണ്ടോ എന്ന് മണത്തു നോക്കുന്ന ആഖ്യാതാവിൽ കഥ തീരുന്നു.

ദീപു ജയരാമൻ

മാനുഷികാവസ്ഥകളെക്കുറിച്ച് നമുക്കെല്ലാം ധാരണകളുണ്ട്. അടിസ്ഥാനപരമായ അത്തരം ധാരണകളെ ഒരു പ്രത്യേക വ്യക്തിയിലേക്ക് കൊണ്ടുവന്ന് ജീവിതത്തെക്കുറിച്ച് പറയുന്നു കഥാകൃത്ത്. ഒരു വിജയിക്ക് ജീവിതത്തോടുള്ള ആസക്തിയും, അതേ ആൾ തന്നെ പരാജിതനായി മരണത്തിലേക്ക് സമർപ്പിക്കുന്നതിനും തമ്മിലുള്ള ഇടവേള വളരെ നേർത്തതാണ് എന്ന നിരീക്ഷണമുണ്ട് കഥയിൽ. നല്ല കഥ തന്നെയാണിത്. ആദ്യഭാഗത്ത് എഡിറ്റിങ്ങിലെ പാളിച്ചകൾ ഒഴിവാക്കേണ്ടതായിരുന്നു. ‘പ്പോൾ’ എന്ന സമുച്ചയ പദം ഉപയോഗിച്ച് രണ്ട് വാക്യങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ബൃഹത് വാക്യങ്ങൾ അമിതമായി ആവർത്തിക്കുന്നത് വായനയുടെ രസം കളയും. മാധുരിയെ വായനക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടി കഥാകൃത്ത് ഉപയോഗിച്ച സങ്കേതം – ഹോട്ടലിലെ പയ്യൻ – ചിരപരിചിതമായ ഒന്നായി എന്നുള്ളതും പ്രസക്തം.

മേൽപ്പറഞ്ഞ നിഷേധ ഗുണങ്ങൾ ഉണ്ടാകുമ്പോഴും, സ്വാഭാവികമായ വായനയിൽ തന്നെ ഇത്രത്തോളം രസിപ്പിക്കുന്ന ഒരു കഥയായിരിക്കെ ചില വായനയിൽ കഥയ്ക്കപ്പുറമുള്ള കുറേ കാര്യങ്ങളിലേക്ക് കഥ സ്വയം തുറക്കുന്നുണ്ട്. പാട്രിക് സ്യൂസ്കിൻഡ് ന്റെ ‘പെർഫ്യൂം ദ സ്റ്റോറി ഓഫ് എ മ്ഏഡറർ’ എന്ന നോവലും ചിലപ്പോൾ മനസ്സിൽ വന്നേക്കാം. തൃഷ്‌ണയെ ഉണർത്തുന്ന ഗന്ധവും ആരോചകമാക്കുന്ന ഗന്ധവും. ഗന്ധത്തിന്റെ നിഗൂഢത. കഥ നിർത്തി, ചിന്തയിലേക്കും ഭാവനയിലേക്കും തിരക്കുന്നുണ്ട് കഥാകൃത്ത്.

ദേശാഭിമാനിയുടെ 41 ആം ലക്കത്തിൽ രണ്ടു കഥകൾ ഉണ്ട്. ആദ്യത്തേത് അജിത്ത് വിഎസ് എഴുതിയ പെൺ ഘടികാരം. അമല വിമല എന്നീ രണ്ട് സ്ത്രീകളുടെ നാല്പത്തി രണ്ടു വയസ്സു വരെയുള്ള ജീവിതത്തെക്കുറിച്ച് വിശദീകരിക്കുന്നു. ഒരർത്ഥത്തിൽ സമൂഹത്തിനു വേണ്ടിയും ആണധികാരത്തിനു വേണ്ടിയും ജീവിച്ച ജീവിതത്തെക്കുറിച്ച് അവസാനം ചിന്തിച്ചു പോവുകയും തങ്ങളുടെ സ്വത്വബോധം വീണ്ടെടുക്കുകയും ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് പറയുന്നു കഥയിൽ. ഒരാൾ സർവ തന്ത്ര സ്വതന്ത്രയായി ജീവിതം ആസ്വദിക്കുന്നു. മറ്റെയാൾ, തനിക്ക് കിട്ടിയ പീഡകൾ മരുമകളിൽ പ്രയോഗിക്കുന്നു. ജനനം മുതൽ ശൈശവം ബാല്യം കൗമാരം യൗവനം എന്നിങ്ങനെ അമലയുടെയും വിമലയുടെയും പ്രായത്തിന്റെ ഓരോ ഘട്ടങ്ങളെയും വിവരിക്കുന്നുണ്ട് കഥാകൃത്ത്.

അജിത്ത് വി എസ്

എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അതുപോലെ പകർത്തി വെക്കുക എന്നത് മാത്രമേ കഥയിൽ ചെയ്തതായി എനിക്ക് തോന്നിയിട്ടുള്ളൂ. ഈയടുത്തകാലത്തായി ഫേസ്ബുക്ക് തുറന്നാൽ ‘സ്ത്രീ 40 കഴിഞ്ഞാൽ’ എന്ന തലക്കെട്ടിൽ വന്നിരുന്ന അസഹ്യമായ ആവർത്തനങ്ങളുടെ ഒരു എക്സ്റ്റൻഷൻ മാത്രമായി കഥയുടെ പ്രമേയം. ഒരു ശരാശരി മലയാളി കുടുംബത്തിൽ, എൺപതുകളിൽ ജനിച്ചു വീഴുന്ന പെൺകുട്ടിയെ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞാൽ എന്തു കിട്ടുമോ അതേ ഈ കഥയിൽ നമുക്കും കിട്ടുകയുള്ളൂ. ഇതേ അനുഭവമുള്ള പതിനായിരക്കണക്കിന് സ്ത്രീകളുണ്ടാവും കേരളത്തിൽ. സ്വാനുഭവങ്ങൾ സാഹിത്യത്തിൽ കാണുമ്പോൾ വായനക്കാരിക്ക് അത് ആനന്ദമുണ്ടാക്കും. അത് പക്ഷേ കേവല ലൗകികതയുടെ ആനന്ദമാണ്. കലയുടേതല്ല.

രണ്ടാമത്തെ കാര്യം, അജിത് വി എസ്, വി കെ എന്നിനെ ഇത്രക്ക് അനുകരിക്കുന്നതെന്തേ എന്നുള്ളതാണ്. ചില സന്ദർഭങ്ങളിൽ വാക്കുകൾ കൊണ്ട്, വി കെ എൻ നിർമിച്ച കൃത്രിമ ഹാസ്യം അതു പോലെ ഈ കഥയിലും കാണാം. ( ഡ്രൈവറെ ഡ്രൈവനെന്നും, ആത്മാവിനെ ആത്മൻ എന്നും പറയുന്നത് ഗംഭീരൻ ഹാസ്യമെന്ന് കരുതുന്നവർക്കും, “അടി, അടി എന്ന് പറഞ്ഞാൽ പരപ്പനടി! തിരൂർ താനൂർ പരപ്പനങ്ങാടി” എന്ന് പറയുമ്പോൾ ചിരിച്ച് ഊപ്പാടിളകിപ്പോവുന്നവർക്കും ഈ അഭിപ്രായം തള്ളിക്കളയാം). രണ്ടാം വായനയിൽ ബോറടിപ്പിക്കും ഇത്തരം നിർമിത ‘ഹാസ്യങ്ങൾ’.

“മകം പിറന്ന മങ്കമാർ. ഇനിയിപ്പോ അവിട്ടമോ മൂലമോ ആയാലും വിരോധമില്ല”.

” അനന്തരം ചൊറി, ചിരങ്ങ്, പനി, എൽകെജി, യുകെജി ഇത്യാദികളെ കൊണ്ട് നിന്ന് തിരിയാൻ നേരം കിട്ടിയില്ല.”

“… ഞെട്ടലോടെയും മുൻകാല പ്രാബല്യത്തോടെയും മനസ്സിലാക്കി.”

” പ്രിയസഖി ഗംഗയോട് പോലും പ്രിയമാനസന്റെ സത്യം പറഞ്ഞില്ലെന്ന് മാത്രമല്ല കള്ളത്തിന്റെ ഡോസ് ഇത്തിരി കൂട്ടുകയും ചെയ്തു. “

” ഗംഗ പരസ്യമായി മൂക്കിലും രഹസ്യമായി മറ്റൊരിടത്തും വിരൽ വച്ചു. “

” ഒരു ദുർബല നിമിഷത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന സ്ഥാപനം തുടങ്ങാൻ രണ്ടര ലക്ഷം വർഷങ്ങൾ കൂടി എടുക്കും എന്ന സത്യം വിസ്മരിച്ച് അവർ ഇണ ചേർന്നു”.

” കണവൻ ലോക മഹാ കൂറ ആണെന്ന സത്യം കുണ്ടറ വിളംബരം ചെയ്തു. “

കഥാകൃത്ത് വി കെ എന്നിനെ അതു പോലെ അനുകരിക്കുന്നതിന്റെ ആഴം വ്യക്തമാക്കുന്നതിനായി മാത്രം പറഞ്ഞതല്ല ഇതൊക്കെ. കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞ, ടെലിവിഷൻ റിയാലിറ്റി ഷോയിലെ / സ്റ്റേജ് കോമഡി ഷോ നിലവാരത്തിലുള്ള ഹാസ്യം സൂചിപ്പിച്ചു എന്നേയുള്ളൂ. ഈ കഥ സമ്മാനിച്ചത് നൈരാശ്യം മാത്രം. ഇതേ ദേശാഭിമാനിയുടെ മുൻപൊരു ലക്കത്തിൽ ‘സുഗുണൻറെ മകൾ’ എന്ന കഥയെഴുതിയ വി എസ് അജിത് തന്നെയാണല്ലോ ഇത് എന്നോർക്കുമ്പോൾ അത്ഭുതം.

അതേലക്കം ദേശാഭിമാനി വാരികയിലെ രണ്ടാമത്തെ കഥ ഷിഫാസക്തർ എഴുതിയ ‘ജമാൽപൂരിൽ വാക പൂക്കുന്നു’ ആണ്. ബീഹാറിലെ ജമാൽപൂരിൽ ഉപരിപഠനത്തിനായി പോയ കഥാനായകൻ, തന്റെ സഹപാഠിയായ മൈഥിലിയുടെ തിരോധാനത്തെ കുറിച്ച് പരാതിപ്പെടുന്നതിനായി പോലീസ് സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് കഥ തുടങ്ങുന്നത്.

ജമാൽപൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിവരത്തിനായി രണ്ടാഴ്ചയോളം കാത്തുനിന്നുവെങ്കിലും നൈരാശ്യമായിരുന്നു ഫലം. തുടർന്ന് ആഖ്യാതാവ് പറയുന്നത് അയാൾ ഉപരിപഠനത്തിനായി ബീഹാറിൽ എത്തിപ്പെട്ടതും മൈഥിലിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാകുന്നതും, ഹൃദയഹാരിയായ സൗഹൃദം അവർക്കിടയിൽ ഉടലെടുക്കുന്നതുമൊക്കെയാണ്. ഒരു ദിവസം അയാളോടൊപ്പം നദിക്കരയിൽ ഇരിക്കവേ, എപ്പോഴെങ്കിലും കോസിയുടെ തീരങ്ങൾ സന്ദർശിച്ചിട്ടുണ്ടോ എന്ന് അവൾ ചോദിക്കുന്നു. അസ്വസ്ഥതയുടേതായ ഭാവമാറ്റം ആ സമയം അവളിൽ ഉണ്ടാകുന്നു. രാമലീലയുടെ വെക്കേഷൻ സമയത്ത് നാട്ടിലേക്ക് പോയി തിരിച്ചു വന്നതിനുശേഷം അതുപോലെ നദിക്കരയിൽ ഒത്തുചേരുന്നു ഇവർ. ഒഴിവ് വേളകളിൽ പെയിന്റിങ് ചെയ്യുന്ന കഥാനായകൻ, നദിക്കരയിൽ പൂത്തുനിൽക്കുന്ന വാകമരങ്ങളെ ക്യാൻവാസിലേക്ക് പകർത്തി അവൾക്ക് സമ്മാനിക്കുന്നു. അന്നേരം അവൾ കാരണമെന്നും വ്യക്തമാക്കാതെ അയാളുടെ കൈപിടിച്ച് കുറെ നേരം കരയുന്നു. ഒരു മാസത്തിനുശേഷം അവൾ തിരോഭവിച്ചു. അതിനാൽ പണ്ട് മൈഥിലി ആവശ്യപ്പെട്ടതിൻ പ്രകാരം ഇന്ന് കോസിയുടെ തീരങ്ങൾ സന്ദർശിക്കാൻ തീരുമാനിക്കുന്നു ആഖ്യാതാവ്. പലപ്പോഴും വെള്ളപ്പൊക്കത്താൽ നാശനഷ്ടം വിതയ്ക്കുന്നവയായിരുന്നു കോസി നദിയുടെ തീരങ്ങൾ എന്ന് അവിടെ എത്തിയപ്പോൾ കഥാനായകൻ ഗൈഡിൽ നിന്നും മനസ്സിലാക്കുന്നു. പ്രളയത്തെ തടുക്കാൻ സർക്കാർ കെട്ടിയ ബണ്ടുകൾ പലപ്പോഴും തകർന്നു. ഗ്രാമങ്ങൾ അപ്പാടെ വെള്ളത്തിൽ ഒലിച്ചുപോയി. ഒരുപാട് ജീവനുകളും ജീവിതങ്ങളും ക്ഷണനേരം കൊണ്ട് പൊലിയുന്നത് സാധാരണ സംഭവമായി മാറിയ ഒരു ജനത. അതിന്റെ എല്ലാ പേടിപ്പെടുത്തലുകളും കഥാകൃത്ത് കാണുകയും കാണിക്കുകയും ചെയ്യുന്നു. പക്ഷേ മൈഥിലിയെയോ അവരുടെ പിതാവിനെയോ അറിയുന്ന ആരും തന്നെ അവിടെ ഉണ്ടാവുന്നില്ല. അവസാനം വിദൂരതയിലുള്ള ഒരു തുരുത്തിലേക്ക് വള്ളക്കാരനോടൊപ്പം എത്തിച്ചേരുന്നു. അവിടെ തകർന്ന വീടിന്റെ മേൽക്കൂരയും ചിതറിക്കിടക്കുന്ന പാത്രങ്ങളും പുസ്തകങ്ങളും വൈക്കോൽ ചപ്പിനിടയിൽ പാതി മൂടിക്കിടന്നു. പണ്ട് താൻ സമ്മാനിച്ച പെയിന്റിങ് പകുതിയും ചായമടർന്ന് അവിടെ ബാക്കിയുണ്ടായിരുന്നു. ഒരു ഞെട്ടലോടെ വള്ളക്കാരന് കൈവീശി ആഖ്യാതാവ് തിരിച്ചുപോകുന്നതോടെ കഥ തീരുന്നു.

തീവ്രമായ വികാരങ്ങളെ അമിതമായ ചാപല്യം കൂടാതെ അവതരിപ്പിച്ചിരിക്കുന്നു എന്ന മേന്മ ഈ കഥയ്ക്കുണ്ട്. ഭേദപ്പെട്ട സൃഷ്ടിയാകുമായിരുന്ന കഥയെ അവതരിപ്പിച്ചതിൽ വന്ന അലംഭാവം ആ മേന്മയെ ഇല്ലാതാക്കിക്കളയുന്നു.

കഥയുടെ തുടക്കത്തിൽ പറയുന്നത് വർത്തമാന കാലം. “പോലീസ് സ്റ്റേഷനിലാണ് ഞാനിപ്പോൾ” എന്നുപറഞ്ഞു തുടങ്ങുന്ന കഥയിൽ – വർത്തമാനകാലത്ത് – ആഖ്യാതാവിനോടൊപ്പം ആണ് വായനക്കാരൻ സഞ്ചരിക്കേണ്ടത്. വളരെ പെട്ടെന്നാണ് കാലങ്ങൾ കഴിഞ്ഞു പോകുന്നത്. നമ്മൾ കഥ വായിക്കുമ്പോൾ ഉള്ള “ഇപ്പോൾ” അല്ല കഥ തീരുമ്പോഴുള്ള “ഇപ്പോൾ”. രേഖീയമല്ലാത്ത കഥ പറച്ചിലല്ലാത്തതിനാൽ കഥയിലെ കാലം അവതരിപ്പിക്കുന്നതിൽ ഒരു ഭംഗിക്കുറവുണ്ട്.

ഉത്തമ പുരുഷാഖ്യാനമാണ് കഥ. കഥയിലെ ഒരു കഥാപാത്രം മാത്രമാണ് “ഞാൻ”. ആകയാൽ, ഈ “ഞാൻ” സർവ്വ കഥാപാത്രങ്ങളുടെയും അന്തർഗതങ്ങൾ അറിയുന്ന ഒരു വ്യക്തിയാകരുത്.

“അവളുടെ ഉള്ളിൽ നിസ്സഹായമായ കുറെ മുഖങ്ങൾ തിരശ്ശീലയിലെന്ന പോലെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. “

എന്ന് ‘ഞാൻ’ പറയുന്നത് എങ്ങനെ ശരിയാകും?

കഥകളുടെ ഏറ്റവും പ്രധാനപ്പെട്ട ദൂഷ്യങ്ങളിൽ ഒന്നായ അമിതാഖ്യാനം ആവോളമുണ്ട് ഇതിന്. പരത്തിപ്പരത്തി പറഞ്ഞിരിക്കുന്നു പല കാര്യങ്ങളും. പ്രളയത്തിന്റെ ദുരിതങ്ങളും അതിൽ പെട്ട് പോകുന്നവരുടെ ദൈന്യതയും വ്യക്തമാക്കാൻ കുറേയേറെ കാര്യങ്ങൾ പറയേണ്ടി വരുന്നു കഥാകൃത്തിന്. അതുകൂടാതെ ഉപമയുടെ അമിതോപയോഗവും ഉണ്ട്. “പോലെ” എന്ന പദം ഉപയോഗിച്ച് ഈ അലങ്കാരം ഉണ്ടാക്കിയ വാചകങ്ങൾ ഇഷ്ടം പോലെ. വളരെ ചുരുങ്ങിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളിൽ വളരെ അരോചകമാകുന്നു ഇത്തരം അലങ്കാരപ്രയോഗങ്ങൾ.

എഡിറ്റിംഗിൽ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഭേദപ്പെട്ട ആകുമായിരുന്നു ‘ജമാൽ പൂരിൽ വാകപൂക്കുന്നു’ എന്ന കഥ.

കവർ : മനു പുതുമന

Comments
Print Friendly, PDF & Email

You may also like