പൂമുഖം പുസ്തകപരിചയം “ദേശാന്തര മലയാള കഥകൾ” – എഡിറ്റർ : എം ഒ രഘുനാഥ്

“ദേശാന്തര മലയാള കഥകൾ” – എഡിറ്റർ : എം ഒ രഘുനാഥ്

വീടിന്റെ ബേസ്‌മെന്റിലെ ടു ബെഡ്റൂംസ്യുട്ടിലേക്ക് വാടകക്കാരെ ക്ഷണിച്ചു പരസ്യം നൽകിയിരുന്നുവെങ്കിലും അന്വേഷിച്ചുവന്ന മുസ്ലിംകുടുംബത്തിനു കൊടുക്കേണ്ട എന്നായിരുന്നു ആ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ തീരുമാനം. സിറിയയിൽ നിന്ന് വന്ന അഭയാർത്ഥികളാണ് അന്വേഷകർ. സ്ത്രീ ക്രിസ്ത്യാനി. വിവാഹത്തിനെ തുടർന്ന് മതം മാറിയവൾ. അവരുടെ ഭാഷയോ മതമോ വേഷമോ എന്താണ് തങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് വീട്ടുടമക്കറിയില്ല. ഒരുവർഷം കഴിഞ്ഞു വീണ്ടും അവർ വന്നുവെങ്കിലും പഴയ നിലപാട് തുടരുകയാണ് മലയാളിയായ വീട്ടുടമ. അവരും സ്വദേശം വിട്ടു ഭാഗ്യാന്വേഷികളായി മറുനാട്ടിൽ ചെന്നവരും, വീട്ടിനടിയിൽ സ്യുട്ടുകൾ പണിയിപ്പിച്ചു വാടകക്ക് കൊടുത്ത് അധികവരുമാനം ഉണ്ടാക്കുന്നവരും ആണ്. കുറച്ചു നാളുകൾക്കു ശേഷം അഭയാർ ത്ഥികളിലെ പുരുഷൻ മരിക്കുകയും ഭാര്യ സർക്കാർ സംരക്ഷണയിൽ ആവുകയും ചെയ്യുന്നു. അപ്പോഴേക്കും അവരുടെ ഭാഷ ഭേദപ്പെട്ടു കനേഡിയൻ അക്‌സെന്റ് സ്വംശീകരിക്കുകയായി. അവർക്കിപ്പോൾ വീടാവശ്യമില്ല.തൊഴിലാണ് വേണ്ടത്. അവരുടെ മക്കൾ ശിരോവസ്ത്രം ഉപേക്ഷിച്ചിരിക്കുന്നു.

അടുത്ത വാടകക്കാരൻ തുർക്കിയിൽ നിന്നുള്ള ഡോക്ടറൽ വിദ്യാർത്ഥി ആയിരുന്നു. ബാല്യകാലം തൊട്ടുള്ള സ്വവർഗ പങ്കാളിയുമുണ്ട് കൂടെ . സ്വദേശമായ തുർക്കി അവരുടെ ഒന്നിച്ചുള്ള ജീവിതത്തെ അംഗീകരിക്കാത്തതു കൊണ്ടു അവർ അവിടം വെടിഞ്ഞു, സ്വാതന്ത്ര്യം തേടി വൈവിധ്യം ഉൾക്കൊള്ളുന്ന സമൂഹത്തിലേക്ക് ചേക്കേറുകയാണ് . ഇനിയും വീടൊഴിച്ചിടുക വയ്യ എന്നത് കൊണ്ട് അവരെ സ്വീകരിക്കാൻ വീട്ടുടമ സന്നദ്ധത പ്രകടിപ്പിക്കുന്നു. ബാങ്കിലെ തവണകൾ അടക്കുയ്ന്നതിനാണ് മുൻഗണന. വന്നവരുടെ ജീവിതശൈലി എന്തായാലും നമുക്കെന്താ എന്ന് ഒത്തു തീർപ്പാവുന്ന വീട്ടുകാരി നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഡോ സുകുമാർ കാനഡ എഴുതിയ മാസ്ക് എന്ന കഥ എം. ഒ. രഘുനാഥ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച “ദേശാന്തര മലയാള കഥകൾ ” എന്ന സമാഹാരത്തിൽ നിന്നാണ് ഞാൻ വായിക്കുക .18 കഥകൾക്കിടയിൽ നിന്ന് ഇത് ഞാൻ തിരഞ്ഞെടുത്തു അവതരിപ്പിക്കാൻ കാരണം അത് തുറന്നു കാണിക്കുന്ന നഗ്നമായ മനുഷ്യപ്രകൃതിയാണ്. ഉള്ളതിൽ മെച്ചപ്പെട്ടതു കൈക്കലാക്കാനുള്ള അഭിലാഷവും അതിലേക്കുള്ള അവിരാമമായ സഞ്ചാരവും,തനിക്കു പിന്നിൽ വരുന്നവരിൽ തന്നിൽ കുറഞ്ഞവനോട് തോന്നുന്ന അന്യത്വവും അവനെ ഒഴിവാക്കാനുള്ള വെമ്പലും ഇതിൽ കാണാം. ഒരു തുറവി കിട്ടുമ്പോൾ സ്വയം നവീകരിക്കുകയും അനുകൂല സാഹചര്യം കൈവരുന്ന മാത്രയിൽ മതം അടിച്ചേല്പിച്ച നുകം താഴത്തിറക്കുകയും ചെയ്യുന്ന സ്ത്രീയുടെ ഉത്പതിഷ്ണുത്വം എന്നെ ആകർഷിച്ചു.

“ദേശാന്തര കഥകൾ “ലോകത്തിൻറെ നാനാഭാഗത്തുമുള്ള മലയാളികൾ രചിച്ച വൈവിധ്യമാർന്ന കഥകളുടെ പുസ്തകമാണ്. മാലി ദ്വീപ്, ചൈന, ജപ്പാൻ, സിങ്കപ്പൂർ, ഗൾഫ് രാഷ്ട്രങ്ങൾ, ജർമനി, യു എസ് എ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ പതിനെട്ടു രാജ്യങ്ങളുടെ സന്തുലിതമായ ഭൂമിശാസ്ത്രപ്രാതിനിധ്യം ഇതിന്റെ ഉള്ളടക്കത്തിൽ ഉണ്ട്. ആരോഗ്യകരമായ ആൺപെൺ രചനാനുപാതം എന്നെ ആഹ്ളാദിപ്പിച്ചു എല്ലാ കഥകളും മൗലികത പുലർത്തുന്നവ. ഒന്നും പ്രവാസജീവിതപ്പകിട്ടിന്റെ പ്രകീർത്തനങ്ങളല്ല . അതിവൈകാരിക ഗൃഹാതുരതയോടുള്ള സ്മരണാഞ്ജലിയുമല്ല . തങ്ങളുടെ വർത്തമാന ജീവിതപരിസരങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ആധുനികമായ പ്രമേയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്.വായനക്കാരെ സംബന്ധിച്ച് ആഗോളമലയാളത്തിന്റെ അപരിചിത ജീവിതവ്യവഹാരങ്ങൾ. ചില എഴുത്തുകാർ മുഖ്യധാരയിലൂടെയും ഓൺലൈനിലൂടെയും പരിചിതരാണ്. ഷീല ടോമി, തമ്പി ആൻ്റണി, പ്രിയ ഉണ്ണികൃഷ്ണൻ, അമൽ, ഫർസാന, ഹേമ, സബീന എം സാലി എന്നിവർ.മറ്റുള്ളവരെ ഞാൻ ഈ പുസ്തകത്തിലൂടെ പരിചയപ്പെട്ടു.

ദേശാന്തര കഥകൾ എന്ന ആശയം തന്നെ പുതുമയും ആർജ്ജവവും ഉള്ളതാണ്. പല ദേശങ്ങളിൽ ഉള്ള എഴുത്തുകാരിൽ നിന്ന് അതതു പശ്ചാത്തലത്തിൽ സ്വന്തം അനുഭവതലങ്ങളിൽ നിന്നുകൊണ്ട് രചിച്ച പുതു കഥകൾ ശേഖരിച്ചു ഒരു പുസ്തകമാക്കുക എന്നതിന് പിന്നിൽ മൗലികമായ ഒരു സാഹിത്യ കൗതുകമുണ്ട്, ക്ഷമയും അദ്ധ്വാനവും വ്യത്യസ്തമായതു ചെയ്യുവാനുള്ള ആവേശവുമുണ്ട്. വലിയ സാഹിത്യ പ്രസക്തിയുമുണ്ട്, മലയാളത്തിലെ ഈ നവസംരംഭത്തിന്. അത് ഹൃദയംഗമമായ പ്രോത്സാഹനം അർഹിക്കുന്നു. എല്ലാം കൊണ്ടും ഈ പുസ്തകം വിപുലമായ വായന അർഹിക്കുന്നു.

പ്രസാദാത്മകമായ കെട്ടും മട്ടും, സുഗമ വായനക്കുതകുന്ന ലിപി വിന്യാസവും ആണ് പുസ്തകത്തിന്റേത്.

സി പി അനിൽകുമാറിന്റെ അവതാരികയും ബെന്യാമിൻ, ശിഹാബുദീൻ പൊയ്ത്തുംകടവ്, കെ പി രാമനുണ്ണി എന്നിവരുടെ ആസ്വാദനസൂക്തങ്ങളും ഈ കൃതിയെ അടയാളപ്പെടുത്തുന്നു.പുസ്തകം പ്രസിദ്ധീകരിച്ചത്

സമത

പ്രസാധന രംഗത്തെ കേരളത്തിലെ ഏക പെൺ കൂട്ടായ്മ)

വില 500 രൂപ. പുസ്തകം ലഭിക്കാൻ 09447166868 എന്ന നമ്പറിൽ ബന്ധപ്പെടാം .

കവർ : ജ്യോതിസ് പറവൂർ

Comments
Print Friendly, PDF & Email

You may also like