പൂമുഖം രാഷ്ട്രീയം എന്തിന് ധൃതിയിൽ പുതിയ പാർലമെന്‍റ്മന്ദിരം?

എന്തിന് ധൃതിയിൽ പുതിയ പാർലമെന്‍റ്മന്ദിരം?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ മൂന്ന് കിലോമീറ്റർ നീണ്ടുകിടക്കുന്ന ‘രാജ് പഥ്’ എന്നറിയപ്പെടുന്ന ഇടനാഴി വാര്‍ത്തകളിലൂടെയും റിപ്പബ്ലിക്ക് ഡേയിൽ നടക്കുന്ന പരേഡിലൂടെയും അവിടം സന്ദർശിക്കാത്തവർക്ക് കൂടി പരിചിതമായ സ്ഥലമാണ്. രാജ് പഥ് എന്ന പേരിനെ അന്വർത്ഥമാക്കുന്ന നിരവധി രാജകീയ പൈതൃകമന്ദിരങ്ങൾ നിലകൊള്ളുന്ന ഈ ഇടനാഴിയിൽ വലിയ തോതിലുള്ള നിർമ്മാണ പ്രവൃത്തികൾ ആവശ്യമായി വരുന്ന ബൃഹത് പദ്ധതിയാണ് ‘Central Vista Project’. പുതിയ പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രിയുടെ വസതി, മന്ത്രാലയമന്ദിരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഈ പദ്ധതി ഇതിനകം തന്നെ പരിസ്ഥിതിവാദികളുടെയും പൈതൃക സംരക്ഷണ സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും എതിർപ്പ് വിളിച്ചുവരുത്തിക്കഴിഞ്ഞു. മാത്രമല്ല, ഈ പദ്ധതിക്കെതിരെ നിരവധി കേസുകളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഏറ്റവും അവസാനം കോടതിയുടെ ‘സ്റ്റേ’ ഇല്ലെന്ന ഒഴികഴിവിൽ പദ്ധതിയുടെ നിർമ്മാണപ്രവൃത്തികൾ തുടങ്ങരുതെന്നും, വേണമെങ്കിൽ തറക്കല്ലിടീൽ കർമ്മം മാത്രം തല്ക്കാലം നടത്താമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവ് മറയാക്കിയാണ് ഡിസംബർ പത്താം തീയതി പ്രധാനമന്ത്രി പദ്ധതിയുടെ താക്കല്ലിടീൽ കർമ്മം നടത്തിയത്.

ഈ പദ്ധതിയിലെ ഇതുവരെ വലിയ ചർച്ചകൾക്ക് വിധേയമാകാത്തതും എന്നാൽ അത്യന്തം ജാഗ്രത ആവശ്യമുള്ളതുമായ ഒരു ഘടകത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ കൊണ്ടുവരാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.

‘Central Vista Project’ എന്ന ഈ ബൃഹത് പദ്ധതിയിലെ പ്രധാന ഘടകമാണ് പുതിയ പാർലമെന്‍റ് മന്ദിരം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പുതുതായി നിർമ്മിക്കുന്ന പാർലമെന്‍റ് മന്ദിരത്തിൽ, 888 ലോക്‌സഭാംഗങ്ങൾക്കും (ഇപ്പോഴത്തെ 543-ന് പകരം) 384 രാജ്യസഭാംഗങ്ങൾക്കും (ഇപ്പോഴത്തെ 245-ന് പകരം) ഇരിക്കാനുള്ള ശേഷി ഉണ്ടാകും. ലോക്‌സഭയുടെ അംഗബലം 543 മാത്രമേ ഉള്ളുവെങ്കിൽ എന്തിന് 888 പേരെ ഉൾക്കൊള്ളുവാനായി ശേഷി വർദ്ധിപ്പിക്കണം എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരും. ചില പ്രത്യേക സന്ദർഭങ്ങളിൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം നടത്തേണ്ടി വരാറുണ്ടെന്നും അതിലേയ്ക്ക് ഈ പുതിയ ശേഷി ഉപയുക്തമാകുമെന്നുമാണ് അതിന് നൽകുന്ന ഒരു വിശദീകരണം. ഒറ്റനോട്ടത്തിൽ ഇതിൽ യാതൊരു അപാകതയും കാണാൻ കഴിയില്ല. പക്ഷെ വിശദമായി പരിശോധിച്ചാൽ ഈ ശേഷി വർദ്ധിപ്പിക്കലിന് പിന്നിൽ മറ്റ് ചില താല്പര്യങ്ങളുണ്ടെന്ന് കാണാൻ കഴിയും.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് നിലവിൽ ലോക്‌സഭയുടെ അംഗബലം പരമാവധി 552 ആണ്. ഓരോ പത്ത് കൊല്ലം കൂടുമ്പോഴും ജനസംഖ്യാനുപാതികമായി, അതായത് ഓരോ ലോക്‌സഭാ മണ്ഡലവും ഉൾക്കൊള്ളേണ്ടത് ഏതാണ്ട് തുല്യമായ സമ്മതിദായകരാവണം എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിൽ, മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാമെന്ന വ്യവസ്ഥയും ഭരണഘടന അനുവദിക്കുന്നു. എന്നാൽ 1970-കളിൽ ജനസംഖ്യാനിയന്ത്രണം ഒരു അത്യന്താപേക്ഷിതലക്ഷ്യമായി സർക്കാർ കൊണ്ടുവന്നപ്പോൾ ഇതിൽ വലിയൊരു പ്രശ്നം ഉടലെടുത്തു. ജനസംഖ്യാനുപാതികമായി ലോക്‌സഭാ മണ്ഡലങ്ങൾ പുനർ നിര്‍ണയിക്കുമ്പോൾ ജനസംഖ്യാനിയന്ത്രണത്തിൽ വിജയം കൈവരിച്ച സംസ്ഥാനങ്ങൾക്ക് ലോക്‌സഭാ മണ്ഡലങ്ങൾ നഷ്ടപ്പെടുമെന്ന സ്ഥിതി സംജാതമായി. അതേസമയം, ജനസംഖ്യാനിയന്ത്രണത്തിൽ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ഡലങ്ങൾ ലഭിക്കുമെന്ന സ്ഥിതിയും ഉണ്ടായി. ഇത് മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്ക് പാരിതോഷികം നൽകുന്നതിന് തുല്യമാണെന്ന് പരാതി ഉയർന്നു. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ജനസംഖ്യാനിയന്ത്രണത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ തെക്കേ ഇന്ത്യയിലും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ വടക്കേ ഇന്ത്യയിലും (ഹിന്ദി ബെൽറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നവ) ആണെന്നതാണ്. ജനസംഖ്യാനിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾ അന്യായമായി ശിക്ഷിക്കപ്പെടരുത് എന്ന പരിഗണനയിൽ, 2001-ൽ വീണ്ടും പരിഗണനയ്ക്ക് എടുക്കാമെന്ന വ്യവസ്ഥയിൽ, ലോക്‌സഭാ അംഗങ്ങളുടെ സംഖ്യ 1976-ൽ നിലനിന്ന സ്ഥിതിയിൽ മരവിപ്പിച്ചുനിർത്തി. 2001-ൽ ഈ വിഷയം വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ തീരുമാനം എടുക്കാതെ അത് 2026-ലേക്ക് മാറ്റിവെയ്ക്കുകയാണുണ്ടായത്. ഇവിടെയാണ് ബി ജെ പി യുടെ അധികാരത്തുടർച്ച എന്ന ലക്ഷ്യവും ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണ്ണയം എന്ന വിഷയവും ഒരേ സ്ഥാനത്ത് കേന്ദ്രീകരിക്കുന്നത്. എങ്ങനെയെന്നല്ലേ?

1976-ന് ശേഷം ഇന്നേവരെ ലോക്‌സഭാമണ്ഡലങ്ങളുടെ പുനർനിർണയം വേണ്ടാംവണ്ണം നടത്താത്തതുകൊണ്ട് ഇപ്പോൾ തമിഴ് നാട്ടിൽ നിന്നുള്ള ഒരു ലോക്‌സഭാംഗം ഏതാണ്ട് 19 ലക്ഷം ആൾക്കാരെ പ്രതിനിധീകരിക്കുന്നുവെങ്കിൽ ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു ലോക്സഭാംഗം പ്രതിനിധീകരിക്കുന്നത് ഏതാണ്ട് 30 ലക്ഷം ആൾക്കാരെയാണ്. മറ്റൊരു താരതമ്യം എടുത്താൽ കേരളത്തിലെ ഒരു ലോക്‌സഭാംഗം ഉദ്ദേശം 18 ലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെങ്കിൽ ബിഹാറിലെ ഒരു ലോക്‌സഭാംഗം പ്രതിനിധീകരിക്കുന്നത് 30 ലക്ഷം ജനങ്ങളെയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഓരോ ലോക്‌സഭാംഗവും പ്രതിനിധീകരിക്കുന്നത് ഇതിലും വളരെ കുറവായ ജനങ്ങളെയാണ്. ഒരു ജനാധിപത്യവ്യവസ്ഥയിൽ ജനപ്രതിനിധികളിൽ ഇത്തരം ഉച്ചനീചത്വം ഉണ്ടാവുക എന്നത് അഭിലഷണീയമല്ലല്ലോ. അതേസമയം ഇന്ത്യ എന്ന റിപ്പബ്ലിക്ക് അനേകം സാംസ്‌കാരിക-ഭാഷാ-ഗോത്ര-സമൂഹങ്ങളുടെ സമന്വയത്തിലൂടെ ഉടലെടുത്ത ഒരു രാജ്യം എന്ന നിലയിൽ വെറും അംഗബലം മാത്രമാകരുത് നിയമനിർമ്മാണസഭകളിലെ അംഗത്വത്തിന്‍റെ മാനദണ്ഡം എന്നതും പ്രസക്തം.

ലോക്‌സഭാ മണ്ഡലങ്ങളുടെ മാറ്റിവെക്കപ്പെട്ട പുനർനിർണയം 2026-ൽ നടപ്പാക്കുന്നുവെന്ന് കരുതുക. അപ്പോൾ എന്താണ് സംഭവിക്കുക?

ലോക്‌സഭാമണ്ഡലങ്ങളുടെ പുനർനിർണയം നടത്തുമ്പോൾ, 2011-ലെ സെൻസസ് അനുസരിച്ച്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, എന്നീ നാല് സംസ്ഥാനങ്ങൾ കൂട്ടായി 22 മണ്ഡലങ്ങളുടെ വർദ്ധനവ് നേടുമ്പോൾ ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ് നാട്, എന്നീ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മൊത്തമായി 17 മണ്ഡലങ്ങൾ നഷ്ടപ്പെടും. ഇത് പക്ഷെ 2011-ലെ നിലയാണ്. 2026-ൽ സ്ഥിതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അനുകൂലവും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രതികൂലവും ആകുമെന്നാണ് ജനസംഖ്യാ കല്പന (projection) കാണിച്ചുതരുന്നത്. ഈ projection പ്രകാരം ഉത്തർപ്രദേശും ബിഹാറും മാത്രം 21 മണ്ഡലങ്ങൾ നേടുമ്പോൾ തമിഴ് നാടും കേരളവും 16 മണ്ഡലങ്ങൾ നഷ്ടപ്പെടുത്താനാണ് സാധ്യത.

2026-ലെ കല്പിത ജനസംഖ്യ അടിസ്ഥാനമാക്കി പുനർനിർണയം നടത്തിയാൽ അന്നത്തെ ലോക്‌സഭയുടെ അംഗബലം 848 ആയി വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. അതായത്, ഇന്നത്തേക്കാൾ 305 അംഗങ്ങളുടെ വർദ്ധനവ്. ഈ വർധനവിന്‍റെ ഭൂരിഭാഗവും ഹിന്ദി ബെൽറ്റിൽ നിന്നാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആന്ധ്ര, തെലങ്കാന, കർണാടകം, എന്നീ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന അധിക മണ്ഡലങ്ങൾ ചേർത്താൽ പോലും തെക്കേ ഇന്ത്യയ്ക്ക് 848-ൽ 164 മണ്ഡലങ്ങളേ ലഭിക്കുകയുള്ളൂ. അതായത് മൊത്തം മണ്ഡലങ്ങളുടെ അഞ്ചിലൊന്ന് മാത്രം. ഏത് ഉത്തരേന്ത്യൻ-കേന്ദ്രീകൃത പാർട്ടിക്കും തെക്കേ ഇന്ത്യക്കാരുടെ സഹായം ഇല്ലാതെ ഇന്ത്യ ഭരിക്കാം എന്ന സ്ഥിതിയാണ് ഇങ്ങനെ സംജാതമാവുന്നത്. ഇപ്പോൾ തന്നെ അങ്ങനെയൊരു സ്ഥിതി ഉണ്ടെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലെ സീറ്റ് നില മാറിമറിഞ്ഞാൽ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് വരാം. എന്നാൽ മുകളിൽ വിഭാവന ചെയ്ത വർദ്ധനവോടു കൂടി അത്തരം ‘അപകട’സാധ്യതകൾ കൂടി ഇല്ലാതാവുകയാണ്. ഇതിന്‍റെ ഗുണഫലം അനുഭവിക്കാൻ പോകുന്നത് ബി ജെ പി മാത്രമായിരിക്കും എന്നത് സുവ്യക്തം. ചുരുക്കത്തിൽ ഉത്തരേന്ത്യക്കാരുടെ വോട്ട് കൊണ്ട് ഉത്തരേന്ത്യക്കാരാൽ ഭരിക്കപ്പെടുന്ന ഇന്ത്യ എന്ന നിലയിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണ്. മോഡി ഗവണ്മെന്‍റ് അധികാരത്തിൽ വന്നതോടുകൂടി അതിന്‍റെ അനുരണനങ്ങൾ അവിടെയും ഇവിടെയും നമുക്ക് അനുഭവപ്പെടുന്നുണ്ട്.

ആർ എസ്സ് എസ്സിന്‍റെയും ബി ജെ പി യുടെയും ലക്ഷ്യങ്ങൾ നമ്മൾ കാണുന്നതിനും അപ്പുറമാണ്. കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവർ ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി നിരവധി കാര്യങ്ങൾ ചെയ്തുകൂട്ടിക്കഴിഞ്ഞു. 2024-ലെ തെരഞ്ഞെടുപ്പിന് മുൻപ് അയോധ്യയിലെ രാമക്ഷേത്രം, പുതിയ പാര്‍ളമെന്‍റ് മന്ദിരം ഉൾപ്പെടുന്ന Central Vista എന്നിവ മുൻനിർത്തി ഭരണത്തുടർച്ച നേടുക, അതേത്തുടർന്ന് മണ്ഡലങ്ങളുടെ പുനർ നിർണ്ണയം നടത്തി അധികാരം സ്ഥിരമായി ഉറപ്പിക്കുക. ഇതാണ് പുതിയ പാര്‍ളമെന്‍റ് മന്ദിരം പണിയുന്നതിന് പിന്നിലെ യഥാർഥ ലക്‌ഷ്യം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

(വാൽക്കഷണം: പുതിയ Finance Commission Report-ലെ ശുപാർശകൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം ജനസംഖ്യാടിസ്ഥാനത്തിൽ വീതിച്ചുകൊടുക്കുമ്പോൾ കേരളം പോലെ ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതത്തിൽ വലിയ കുറവ് വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതിന് പുറമെയാണ് രാഷ്ട്രീയ പങ്കാളിത്തത്തിലും നാം പുറംതള്ളപ്പെടുന്ന അവസ്ഥ സംജാതമാകുന്നത്. )

(വിവരങ്ങൾക്ക് കടപ്പാട് scroll.in)

Comments
Print Friendly, PDF & Email

നീണ്ട പ്രവാസജീവിതത്തിന് ശേഷം ഇപ്പോൾ സ്വദേശമായ തിരുവല്ലയിൽ സ്ഥിരതാമസം.

You may also like