Home ART ധിരികിടതകതരകാം

തായമ്പകയെ കുറിച്ച് വായ്ത്താരിയടക്കം ആധികാരിക വിവരങ്ങളുള്ള ആദ്യ പുസ്തകമാണ് ‘ധിരികിടതകതരകാം’. ശ്രീ മട്ടന്നൂര്‍ ശിവരാമന്‍ രചിച്ച് കേരള സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തെ പരിചയപ്പെടുത്തുന്നു.: ധിരികിടതകതരകാം

dk2കേരളത്തിന്റെ സ്വന്തം എന്ന് അഭിമാനിക്കാവുന്ന വാദ്യകലയാണ് തായമ്പക. ഇത് ചെണ്ടയില്‍ കൊട്ടുന്ന വാദ്യം എന്ന നിലക്കാണ് പ്രശസ്തമെങ്കിലും ഇന്ന് ചെണ്ട കൂടാതെ മിഴാവ്, മദ്ദളം, ഇടക്ക, തിമില, ജലതരംഗം, വില്ല് തുടങ്ങിയ ഉപകരണങ്ങളിലും തായമ്പക പതിവുണ്ട്. വാദ്യകലയെ കുറിച്ച് ഏറെ ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും തായമ്പകയുടെ വായ്ത്താരി ഉള്ളടക്കമായി ആധികാരിക അറിവ് തരുന്ന പുസ്തകം ഉള്ളതായി അറിവില്ല. വാദ്യകലാകാരനായ ശ്രീ മുളയങ്കാവ് അരവിന്ദാക്ഷന്റെ പരിശ്രമത്തില്‍ ഇങ്ങനെയൊരു ഗ്രന്ഥത്തിന് തുടക്കം കുറിച്ചിരുന്നുവെങ്കിലും അത് പൂര്‍ത്തീകരിച്ചിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലാണ് പ്രശസ്ത വാദ്യകലാകാരനായ ശ്രീ മട്ടന്നൂര്‍ ശിവരാമന്‍ രചിച്ച് കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച ‘ധിരികിടതകതരകാം’ എന്ന പേരിലുള്ള ഈ ഗ്രന്ഥത്തിന്റെ പ്രസക്തി.

ശരീരം കൊണ്ട് ചെയ്യുന്ന പ്രവൃത്തിയെ അതിനിണങ്ങുന്ന ശബ്ദ വിന്യാസത്തിലൂടെ നിര്‍വ്വചിക്കുന്നതാണ് വായ്ത്താരി. ആയോധനകലയിലെയും നാട്യകലയിലെയും വായ്ത്താരിയല്ല വാദ്യകലയിലേത്. കേള്‍ക്കുന്ന ശബ്ദത്തെ അതേ ഭാവത്തില്‍ ഉച്ചാരണത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതാണ് വാദ്യകലയിലെ വായ്ത്താരി. വിദ്യ നിലനിര്‍ത്തുന്നതിനും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും വാമൊഴി മാത്രം ആശ്രയമായിരുന്ന കാലഘട്ടത്തിലായിരിക്കണം വായ്ത്താരിയുടെ പിറവി. ചെണ്ടയില്‍ കൈകൊണ്ടും കോലുകൊണ്ടും കേള്‍പ്പിക്കുന്ന ശബ്ദങ്ങളുടെ വായ്ത്താരി പുസ്തകമാവുന്നതിലൂടെ വാമൊഴിയായി നിലനിന്നിരുന്ന ഒരു തനതു കലാരൂപം വരമൊഴിയായി സംരക്ഷിക്കപ്പെടുകയാണ്. ചെണ്ടകൊട്ട് പോലൊരു കലാരൂപം ഗുരുസാന്നിദ്ധ്യമില്ലാതെ അഭ്യസിക്കാനാവില്ലെങ്കിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുനരാഖ്യാനത്തിനും പഠനങ്ങള്‍ നടത്തുവാനും ഉതകുന്ന ഒന്നായി മാറുന്നു ഈ ഗ്രന്ഥം. തായമ്പകയുടെ ചരിത്രം, അവതരണ ശൈലി, താളക്രമം, പഠന സമ്പ്രദായം, ആവശ്യമായ വാദ്യോപകരണങ്ങള്‍ ഇവയെക്കുറിച്ചെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

ഗ്രന്ഥകാരന്റെ മാതാപിതാക്കളെയും ഗുരുനാഥന്മാരേയും പ്രണമിച്ചു കൊണ്ട് ഗണപതിക്കൈയുടെ വായ്ത്താരിയോടെയാണ് പുസ്തകം തുടങ്ങുന്നത്. അനേകം ശിഷ്യ സമ്പത്തുള്ള ശിവരാമന്റെ അദ്ധ്യാപക മികവും കഠിനമായ പരിശ്രമവും അപാരമായ ക്ഷമയും ചേര്‍ന്നാണ് ഇങ്ങനെയൊരു ഗ്രന്ഥം സാദ്ധ്യമായതെന്ന് ഗുരുനാഥന്‍ കൂടിയായ ശ്രീ സദനം വാസുദേവന്‍ അവതാരികയില്‍ പറയുന്നു. തായമ്പക എന്ന വാക്കിന്റെ ഉത്ഭവം, ചരിത്രം, ചെണ്ടവാദ്യം, സന്ധ്യവേല എന്നിവയെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന തായമ്പക എന്ന ആദ്യ അദ്ധ്യായത്തില്‍ താളക്രമത്തെ കുറിച്ച് താളം എന്താണ്, എന്തിനാണ്, എങ്ങനെയാണ് എന്നൊക്കെ വിശദീകരിക്കുന്നുണ്ട്. പുളിമുട്ടി സാധകം, അതിന്റെ സമ്പ്രദായം ഇവ വിവരിക്കുന്നുണ്ട്. തക്കിട്ട തരികിട മുതലായ പാഠക്കൈകള്‍ നാലുകാലങ്ങളില്‍ എങ്ങനെയാണ് സാധകം ചെയ്യുന്നത് എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. തായമ്പകയുടെ ഘടനയെ കുറിച്ച് പറയുന്നുണ്ട്. ചെണ്ടയുടെ പ്രതലത്തില്‍ കൈയും കോലും വീഴുന്ന രീതി രേഖാചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചിട്ടുണ്ട്. വ്യത്യസ്ത ശബ്ദങ്ങളുണ്ടാവാന്‍ കൈയിന്റെ ഏതു ഭാഗമാണ് ചെണ്ടയില്‍ പതിക്കേണ്ടതെന്ന് ചിത്രങ്ങളില്‍ വളരെ വ്യക്തമാണ്. തുടര്‍ന്നുള്ള ആറ് അദ്ധ്യായങ്ങളിലായി ചെമ്പടവട്ടം മുതല്‍ ഇരികിട കലാശം കൊട്ടുന്ന വരെയുള്ള അരങ്ങേറ്റ തായമ്പകയുടെ മുഴുവന്‍ വായ്ത്താരിയും കൃത്യമായി പട്ടികപ്പെടുത്തി വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ അവസാന ഭാഗത്തുള്ള ചിത്രശാല എന്ന ഫോട്ടോ സെക്ഷനില്‍ വ്യത്യസ്ത തായമ്പകകളുടെയും ചെണ്ടക്കളരികളുടെയും ചിത്രങ്ങളുണ്ട്. കുഞ്ഞു പ്രായത്തില്‍ തായമ്പക അരങ്ങേറ്റം നടത്തുന്ന മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ആലിപ്പറമ്പ് ശിവരാമപൊതുവാള്‍, പല്ലശ്ശന പത്മനാഭമാരാര്‍, ചിതലി രാമമാരാര്‍, തൃത്താല കുഞ്ഞികൃഷ്ണ പൊതുവാള്‍, തൃത്താല കേശവപൊതുവാള്‍ എന്നീ അഞ്ച് പ്രഗല്‍ഭര്‍ ചേര്‍ന്നവതരിപ്പിച്ച പഞ്ചതായമ്പകയുടെയും ചിത്രങ്ങള്‍ ഈ വിഭാഗത്തിലെ അമൂല്യ ശേഖരങ്ങളാണ്്. ചെണ്ട നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ കച്ചകെട്ടി അരങ്ങത്ത് എത്തുന്നതു വരെയുള്ള വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്ന ചിത്രങ്ങളും ചെണ്ടവലിയുടെയും ചെണ്ടക്കോല്‍ നിര്‍മ്മാണത്തിന്റെയും ചിത്രങ്ങളുമുണ്ട്. ശ്രീ സദനം വാസുദേവന്‍, കാഞ്ഞൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ എന്നിവരുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുസ്തക നിര്‍മ്മിതിയില്‍ വരുത്തിയ പ്രൗഢമായ മാറ്റങ്ങളെ കുറിച്ച് ശ്രീ ശിവരാമന്‍ ഓര്‍മ്മിക്കുന്നുണ്ട്. ചെണ്ടയില്‍ ശിവരാമന്റെ ശിഷ്യ കൂടിയായ ചിത്രകാരി നിരഞ്ജനാവര്‍മ്മയാണ് പുസ്തക രൂപകല്‍പനയും രേഖാചിത്രങ്ങളും കവര്‍ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്നത്.dk1

Comments
Print Friendly, PDF & Email

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like