പൂമുഖം LITERATURE ഹെർണാണ്ടോ റ്റെല്ലെസ് – പത, അതു മാത്രം

ഹെർണാണ്ടോ റ്റെല്ലെസ് – പത, അതു മാത്രം

 
യറിവന്നപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല. ഞാൻ എന്റെ ഏറ്റവും നല്ല ക്ഷൗരക്കത്തിയെടുത്ത് വാറിന്മേൽ തേയ്ച്ചു മൂർച്ച വരുത്തുകയായിരുന്നു. അയാളെ മനസ്സിലായ ഉടനേ എനിക്കൊരു വിറ തുടങ്ങി. പക്ഷേ അയാൾ അതു ശ്രദ്ധിച്ചിട്ടില്ല. പരിഭ്രമം മറച്ചുവയ്ക്കാനായി ഞാൻ കത്തി മൂർച്ചകൂട്ടൽ തുടർന്നുകൊണ്ടിരുന്നു. തള്ളവിരലിന്റെ അറ്റം കൊണ്ട് മൂർച്ച പരിശോധിച്ചിട്ട് ഞാൻ അതൊന്നുകൂടി വെളിച്ചത്തിനെതിരെ പിടിച്ചു നോക്കി.
ഈ സമയത്ത് അയാൾ തന്റെ പിസ്റ്റൾ തൂക്കിയിട്ടിരുന്ന ബുള്ളറ്റ് ബല്റ്റ് അഴിച്ചെടുക്കുകയായിരുന്നു. അയാൾ അത് ചുമരിലെ ഒരു കൊളുത്തിൽ തൂക്കിയിട്ട് തന്റെ തൊപ്പിയും അതിന്മേൽ വെച്ചു. എന്നിട്ടു തിരിഞ്ഞ് എന്നെ നോക്കിയിട്ട് ടൈയുടെ കുടുക്കഴിച്ചുകൊണ്ട് അയാൾ പറഞ്ഞു, “കൊല്ലുന്ന ചൂട്, എനിക്കൊന്നു ഷേവ് ചെയ്യണം.” അയാൾ കസേരയിൽ കയറി ഇരുന്നു.
അയാളുടെ താടിയ്ക്ക് നാലു ദിവസത്തെ വളർച്ചയുണ്ടെന്ന് ഞാൻ കണക്കു കൂട്ടി- ഞങ്ങളുടെ ആൾക്കാരെ തേടിയുള്ള അയാളുടെ ഏറ്റവും ഒടുവിലത്തെ വേട്ടയുടെ നാലു ദിവസം. അയാളുടെ മുഖം വെയിലേറ്റ് കരുവാളിച്ച പോലിരുന്നു. ഞാൻ സോപ്പെടുത്ത് ശ്രദ്ധയോടെ ജോലി തുടങ്ങി. സോപ്പിന്റെ ഒരു കഷണം മുറിച്ചെടുത്ത് മഗ്ഗിലിട്ടിട്ട് അതിൽ അല്പം ഇളംചൂടുള്ള വെള്ളമൊഴിച്ച് ബ്രഷിട്ടു പതപ്പിച്ചു. പത പൊങ്ങിവന്നു. “ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റേ ചെക്കന്മാർക്കും ഇത്ര തന്നെ താടി കാണും,” അയാൾ പറഞ്ഞു. ഞാൻ സോപ്പ് പതപ്പിച്ചുകൊണ്ടിരുന്നു.
“എന്നാലും ഞങ്ങൾ ജോലി ഭംഗിയായി തീർത്തു. നേതാക്കന്മാരെ മൊത്തം പിടിച്ചു. ചിലരെ കൊന്നു, ചിലർ ഇപ്പോഴും ജീവനോടെയുണ്ട്; അവരും വൈകാതെ ചത്തോളും.”
“എത്ര പേരെ പിടിച്ചു?” ഞാൻ ചോദിച്ചു.
“പതിന്നാല്‌. അവരെ കണ്ടുപിടിക്കാൻ കാട്ടിൽ കുറേ ഉള്ളിലേക്കു പോകേണ്ടി വന്നു. അതിനവർ കണക്കു പറയേണ്ടി വരും. ഒറ്റയൊരുത്തനും ജീവനോടെ രക്ഷപ്പെടാൻ പോകുന്നില്ല.”
എന്റെ കൈയിൽ പത നിറഞ്ഞ ബ്രഷ് കണ്ടപ്പോൾ അയാൾ കസേരയിൽ ചാഞ്ഞിരുന്നു. ഞാൻ അയാളെ ഷീറ്റെടുത്തു പുതപ്പിച്ചിട്ടില്ല. അതെ, ഞാൻ അസ്വസ്ഥനായിരുന്നു. ഞാൻ വലിപ്പിൽ നിന്ന് ഒരു ഷീറ്റെടുത്ത് അയാളുടെ കഴുത്തിൽ കെട്ടി. അയാൾ വർത്തമാനം നിർത്തുന്നില്ല.  എന്റെ ചായ്‌വ് തന്റെ കക്ഷിയോടാണെന്ന് അയാൾ കരുതിക്കാണും.
“നാട്ടുകാർ ഒരു പാഠം പഠിച്ചു കാണണം,” അയാൾ പറഞ്ഞു.
“അതെ,” വിയർപ്പു നാറുന്ന പിടലിയുടെ പിന്നിൽ ഷീറ്റ് മുറുക്കിക്കെട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
“പരിപാടി നന്നായിരുന്നു, അല്ലേ?”
“വളരെ നന്നായിരുന്നു,” ബ്രഷ് എടുക്കാനായി ഞാൻ തിരിഞ്ഞു.
അയാൾ തളർച്ചയുടെ ഒരു ചേഷ്ടയോടെ കണ്ണുകളടച്ചുകൊണ്ട് സോപ്പിന്റെ തണുത്ത തലോടലിനായി കാത്തിരുന്നു. എനിക്കിതേവരെ അയാളെ ഇത്രയടുത്തു കിട്ടിയിട്ടില്ല. നാലു വിപ്ളവകാരികളുടെ ജഡം തൂക്കിയിട്ടിരുന്ന സ്കൂൾ മുറ്റത്തേക്ക് നാട്ടുകാർ മൊത്തം വരണമെന്ന് അയാൾ ഉത്തരവിട്ട ദിവസം ഒരു നിമിഷനേരത്തേക്ക് അയാളെ ഞാൻ നേർക്കുനേർ കണ്ടിരുന്നു. നാനാവിധമാക്കിയ ആ നാലു ജഡങ്ങൾ കണ്ട ആഘാതത്തിൽ ഇതിനൊക്കെ നിർദ്ദേശം നല്കിയ ആ മനുഷ്യന്റെ മുഖം ശ്രദ്ധിക്കാൻ ഞാൻ വിട്ടുപോയിരുന്നു; അയാളെയാണ്‌ ഇന്നെനിക്കെന്റെ കൈയിൽ കിട്ടിയിരിക്കുന്നത്.
അരോചകമായി തോന്നുന്ന മുഖമായിരുന്നില്ല അയാളുടേത്; പ്രായം അല്പം കൂട്ടിക്കാണിക്കുമെങ്കിലും താടി അയാൾക്കിണങ്ങാതെയുമിരുന്നില്ല. അയാളുടെ പേര്‌ ടോറെസ് എന്നായിരുന്നു- ക്യാപ്റ്റൻ ടോറെസ്. നല്ല ഭാവനാശേഷിയുള്ളയാൾ; ആ വിപ്ളവകാരികളെ നഗ്നരാക്കി കെട്ടിത്തൂക്കിയിട്ട് അവരുടെ ഓരോരോ അവയവങ്ങളിൽ തോക്കിന്റെ ഉന്നം പരിശീലിക്കാമെന്ന് മറ്റാർക്കാണു തോന്നുക?
ഞാൻ മുഖത്ത് സോപ്പ് തേയ്ക്കാൻ തുടങ്ങി. കണ്ണടച്ചുപിടിച്ചുകൊണ്ട് അയാൾ സംസാരം തുടർന്നു. “നന്നായിട്ടൊന്നുറങ്ങാൻ തോന്നുന്നു,” അയാൾ പറഞ്ഞു, “എവിടെ നടക്കാൻ, ഇന്നു വൈകിട്ട് കുറേ പരിപാടി നടത്താനുണ്ട്.”
ഞാൻ ബ്രഷെടുത്തിട്ട് താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു, “ഫയറിങ്ങ് സ്ക്വാഡ്?”
“അതുപോലൊരെണ്ണം,” അയാൾ പറഞ്ഞു, “എന്നാൽ കുറച്ചുകൂടി സാവധാനത്തിൽ.”
ഞാൻ അയാളുടെ താടിയിൽ സോപ്പ് പതയ്ക്കാൻ തുടങ്ങി. എന്റെ കൈകൾക്ക് വീണ്ടും വിറ തുടങ്ങി. എന്റെ ഭാഗ്യത്തിന്‌ അയാൾക്കതു മനസ്സിലാവുന്നുണ്ടാവില്ല. അയാളെന്തിന്‌ ഇങ്ങോട്ടു കയറിവരാൻ പോയി? അയാൾ വരുന്നത് ഞങ്ങളുടെ കൂട്ടത്തിൽ പലരും കണ്ടിരിക്കണം. സ്വന്തം പുരയ്ക്കുള്ളിൽ ഒരു ശത്രുവുണ്ടാവുക എന്നാൽ അത് നിങ്ങൾക്കു മേൽ ഒരു ഉത്തരവാദിത്തം ചുമത്തുകയാണ്‌.
മറ്റാരുടേതും പോലെ വേണം ഞാൻ അയാളുടെയും താടി വടിയ്ക്കാൻ: ശ്രദ്ധയോടെ, വെടിപ്പായി, ഒരു രോമകൂപത്തിൽ നിന്നുപോലും ഒരു തുള്ളി രക്തം പൊടിയ്ക്കാതെ നോക്കിക്കൊണ്ട്. രോമച്ചുഴികളിൽ പെട്ട് കത്തിയുടെ വഴി തെറ്റാതെ. ഷേവു കഴിഞ്ഞ് കൈപ്പുറം കൊണ്ടു തടവുമ്പോൾ ഒരു രോമം പോലും തടയുന്നതായി തോന്നാത്തത്ര വൃത്തിയും മിനുസവുമുള്ളതായി …അതെ, രഹസ്യമായി ഞാനും വിപ്ളവകാരികളുടെ പക്ഷത്താണ്‌; അതേ സമയം ജോലിയിൽ ആത്മാർത്ഥതയുള്ള ഒരു ബാർബറുമാണ്‌ ഞാൻ; സൂക്ഷ്മത ആവശ്യപ്പെടുന്നതാണ്‌ എന്റെ തൊഴിൽ എന്നതിൽ അഭിമാനിക്കുന്നയാളുമാണ്‌.
ഞാൻ കത്തിയെടുത്ത് മലർക്കെ തുറന്നിട്ട് ജോലി തുടങ്ങി- ഒരു കൃതാവിൽ നിന്നു താഴേക്ക്. കത്തിയുടെ പ്രതികരണം പിഴവറ്റതായിരുന്നു. അയാളുടെ മുരത്ത താടി കട്ടി പിടിച്ചതായിരുന്നു; നീളക്കൂടുതലില്ലെങ്കിലും ഇട തിങ്ങിയതായിരുന്നു. അല്പാല്പമായി തൊലി പുറത്തേക്കു കണ്ടുതുടങ്ങി. സോപ്പുപതയും രോമശകലങ്ങളും വായ്ത്തലയിൽ പറ്റിപ്പിടിച്ചതു വൃത്തിയാക്കിയിട്ട് ഞാൻ വീണ്ടും വാറിൽ തേയ്ച്ച് കത്തി മൂർച്ചയാക്കി; പ്രവൃത്തിയുടെ കാര്യത്തിൽ കണിശക്കാരനായ ഒരു ബാർബറാണല്ലോ ഞാൻ. അതേ വരെ കണ്ണടച്ചിരിക്കുകയായിരുന്ന ആ മനുഷ്യൻ കണ്ണു തുറന്നിട്ട് ഷീറ്റിനടിയിൽ നിന്നു കൈ പുറത്തേക്കെടുത്ത് സോപ്പ് തുടച്ചുകളഞ്ഞ ഭാഗത്തു തൊട്ടു നോക്കി; എന്നിട്ടു പറഞ്ഞു, “വൈകിട്ടാറു മണിയ്ക്ക് സ്കൂളിലേയ്ക്കു വാ.“
”അന്നത്തെപ്പോലെ തന്നെയാണോ?“ പേടിച്ചു മരവിച്ച പോലെയായിക്കൊണ്ട് ഞാൻ ചോദിച്ചു.
”അതിലും ഭംഗിയായിരിക്കും,“ അയാൾ പറഞ്ഞു.
”എന്താ ചെയ്യാൻ പോകുന്നത്?“
”ഒന്നും തീരുമാനിച്ചിട്ടില്ല. എന്തായാലും നല്ല രസമായിരിക്കും.“ അയാൾ പിന്നെയും ചാഞ്ഞുകിടന്നിട്ട് കണ്ണുകളടച്ചു. കത്തി ഉയർത്തിപ്പിടിച്ചുകൊണ്ട് ഞാൻ അടുത്തേക്കു ചെന്നു.
”അവരെല്ലാവരെയും ശിക്ഷിക്കുന്നുണ്ടോ?“ പേടിയോടെ ഞാൻ ചോദിച്ചു.
”സകലതിനെയും.“
സോപ്പ് അയാളുടെ മുഖത്ത് ഉണങ്ങിപ്പിടിക്കുകയായിരുന്നു. ഇനി വൈകരുത്. കണ്ണാടിയിൽ ഞാൻ തെരുവു കണ്ടു. ഒന്നിനും ഒരു മാറ്റവുമില്ല- പലചരക്കുപീടികയും അവിടെ സാമാനം വാങ്ങാൻ വന്ന രണ്ടുമൂന്നു പേരും.  ഞാൻ ക്ളോക്കിലേക്കു നോക്കി- ഉച്ച തിരിഞ്ഞ് രണ്ടര.
കത്തി ഇറക്കം തുടർന്നു. ഇപ്പോൾ മറ്റേ കൃതാവിൽ നിന്നു താഴേക്ക്. നീലിച്ച കട്ടിത്താടി. ചില കവികളും പുരോഹിതന്മാരും ചെയ്യുന്നപോലെ അയാളത് വളരാൻ വിടേണ്ടതായിരുന്നു. അതയാൾക്കു നന്നായി ചേരുമായിരുന്നു. കുറേപ്പേർക്ക് അയാളെ മനസ്സിലാവുകയുമില്ല. അതയാൾക്കു പ്രയോജനപ്പെട്ടേനെ, തൊണ്ടയ്ക്ക് മയത്തിൽ കത്തിയോടിക്കുമ്പോൾ  ഞാനോർത്തു.
ഈ ഭാഗത്ത് കത്തി പിടിയ്ക്കുന്നത് നല്ല നൈപുണ്യത്തോടെ വേണം; കാരണം, ഇവിടെ രോമവളർച്ച കുറവാണെങ്കിലും ഉള്ളത് ചുഴികളായി കൂടിപ്പിരിഞ്ഞു കിടക്കുകയായിരിക്കും. ഒരു രോമകൂപം തുറന്ന് ചുവന്ന മുത്തു പോലൊരു ചോരത്തുള്ളി പുറത്തേക്കു വന്നുവെന്നു വരാം. ഒരു നല്ല ബാർബറുടെ പേരിരിക്കുന്നത് അങ്ങനെയൊന്ന് തന്റെയൊരു കസ്റ്റമറുടെ കാര്യത്തിൽ വരാതെ നോക്കുന്നതിലാണ്‌.
ഞങ്ങളിൽ എത്ര പേരെയാണ്‌ അയാളുടെ ഉത്തരവു പ്രകാരം വെടി വെച്ചു കൊന്നിരിക്കുന്നത്? എത്ര ജഡങ്ങളാണ്‌ അയാൾ വികൃതമാക്കിയത്? അതൊന്നും ഓർക്കാതിരിക്കുന്നതാണ്‌ ഭേദം. ഞാൻ അയാളുടെ ശത്രുവാണെന്ന് ടോറെസ്സിനറിയില്ല. അയാൾക്കുമറിയില്ല, മറ്റുള്ളവർക്കുമറിയില്ല. വളരെ ചുരുക്കം പേർ മാത്രം പങ്കു വയ്ക്കുന്ന ഒരു രഹസ്യമാണത്; ടോറെസ്സിന്റെ ഇവിടുത്തെ പരിപാടികളെക്കുറിച്ചും അയാളുടെ വേട്ടകളെ കുറിച്ചും വിപ്ളവകാരികൾക്കു വിവരം നല്കാൻ എനിക്കു കഴിഞ്ഞിരുന്നത് അതുകൊണ്ടു തന്നെയാണ്‌. അതിനാൽ അയാളെ കൈയിൽ കിട്ടിയിട്ടും എന്തുകൊണ്ട് ഞാൻ അയാളെ ജീവനോടെ, വടിച്ചുമിനുക്കിയ മുഖത്തോടെ പോകാൻ അനുവദിച്ചു എന്നതു വിശദീകരിക്കാൻ ഞാൻ പണിപ്പെടേണ്ടി വരും.
ഇപ്പോഴേക്കും അയാളുടെ താടി മിക്കവാറും പൊയ്ക്കഴിഞ്ഞു. അയാൾ ഒന്നുകൂടി ചെറുപ്പമായ പോലെ കാണപ്പെട്ടു- കയറിവന്നതിനേക്കാൾ കുറേ വർഷം കുറഞ്ഞ പോലെ. ബാർബർഷാപ്പിൽ വന്നിട്ടുപോകുന്ന എല്ലാ പുരുഷന്മാർക്കും ഇതു സംഭവിക്കാറുണ്ടെന്നാണ്‌ എന്റെ തോന്നൽ. എന്റെ കത്തിയുടെ തലോടലിൽ അയാൾക്കു നവയൗവനം കൈവരികയാണ്‌- അതെ, ഞാൻ നല്ലൊരു ബാർബറായതിനാൽ, അഹങ്കാരമില്ലാതെ പറയട്ടെ, ഈ ടൗണിലെ ഏറ്റവും നല്ല ബാർബറായതിനാൽ.
ഹൊ, എന്തൊരു ചൂടാണിത്! എന്നെപ്പോലെ തന്നെ ടോറെസ്സും വിയർക്കുന്നുണ്ടാവും. എന്നാൽ അയാൾ ഒന്നിലും കുലുങ്ങാത്ത ഒരു മനുഷ്യനാണ്‌; ഇന്നു വൈകിട്ട് തടവുകാരെ എന്തു ചെയ്യാൻ പോകുന്നു എന്നാലോചിക്കുക പോലും ചെയ്യാത്തയാൾ. എന്നാൽ ഞാനാകട്ടെ, കൈയിൽ കത്തിയും പിടിച്ചു നില്ക്കുന്ന ഈ ഞാൻ- അയാളുടെ തൊലിയിൽ ഒരു തുള്ളി ചോര പോലും പൊടിയാതെ ഞാൻ എന്റെ ജോലി ചെയ്യുമ്പോൾ എനിക്കെന്റെ ചിന്തകളെ നിയന്ത്രിക്കാനാവാതെ വരുന്നു.
നാശം പിടിക്കാൻ, എന്തിനാണിയാൾ ഇപ്പോഴിങ്ങോട്ടു കയറിവന്നത്! ഞാൻ വിപ്ളവകാരിയാണ്‌, കൊലയാളിയല്ല. അയാളെ കൊല്ലാൻ എനിക്കൊരു പ്രയാസവുമില്ല. അയാൾ അതർഹിക്കുന്നതുമാണ്‌. അതോ ഇല്ലേ?  ഇല്ല! ഒരു കൊലയാളിയാവുക എന്ന ത്യാഗം മറ്റൊരാളെക്കൊണ്ടു ചെയ്യിക്കാൻ ഒരാൾക്കും അവകാശമില്ല. അതുകൊണ്ട് നിങ്ങളെന്തു നേടാൻ? ഒന്നുമില്ല. ഒരാൾ പോയാൽ മറ്റൊരാൾ വരുന്നു, ആദ്യത്തെയാൾ രണ്ടാമത്തെയാളെ കൊല്ലുന്നു, പിന്നാലെ വരുന്നവർ അവർക്കും പിന്നിൽ വരുന്നവരെ കൊല്ലുന്നു, ഒടുവിൽ ഒരു ചോരക്കടൽ മാത്ര ശേഷിക്കുകയും ചെയ്യുന്നു.
എനിക്കയാളുടെ തൊണ്ട ദാ, ഇങ്ങനെ ഒറ്റ വലിയ്ക്കു മുറിക്കാം! ഒന്നു ഞരങ്ങാനുള്ള നേരം പോലും അയാൾക്കു കിട്ടില്ല; കണ്ണടച്ചിരിക്കുന്നതിനാൽ കത്തിയുടെ തിളക്കമോ എന്റെ കണ്ണുകളിലെ മിന്നലോ അയാൾ കാണുകയുമില്ല. എന്നാൽ ശരിക്കുമൊരു കൊലപാതകിയെപ്പോലെ ഞാൻ നിന്നു വിറയ്ക്കുകയാണ്‌. അയാളുടെ കഴുത്തിൽ നിന്നു ചോര ധാരയായി അയാളെ പുതപ്പിച്ചിരിക്കുന്ന ഷീറ്റിലൂടെ, കസേരയിലൂടെ, എന്റെ കൈകളിലൂടെ തറയിലേക്കൊഴുകും. എനിക്കു കതകടയ്ക്കേണ്ടി വരും. എന്നാൽ ചോര നിലയ്ക്കില്ല; അത് തറയിലൂടൊഴുകും, ചൂടോടെ, മായ്ക്കാൻ പറ്റാതെ, തടുക്കരുതാതെ; ഒടുവിലത് കടുംചുവപ്പുനിറത്തിലൊരരുവി പോലെ തെരുവിലേക്കെത്തും.
ഒറ്റക്കൊത്ത്, ആഴത്തിലൊരു കീറൽ കൊടുത്താൽ അയാൾ വേദനയറിയില്ല എന്ന് എനിക്കു നിശ്ചയമുണ്ട്. ഒരു ക്ളേശവും അയാൾ സഹിക്കേണ്ട. എന്നാൽ ജഡം ഞാൻ പിന്നെന്തു ചെയ്യാൻ? ഞാൻ അതെവിടെ ഒളിപ്പിക്കും? എനിക്ക് ഒളിച്ചോടേണ്ടി വരും, എനിക്കുള്ളതെല്ലാം പിന്നിൽ വിട്ട് ദൂരെ, ദൂരെ എവിടെയെങ്കിലും പോയി അഭയം തേടേണ്ടി വരും. എന്നാൽ അവർ എന്നെത്തേടി വരിക തന്നെ ചെയ്യും. “ക്യാപ്റ്റൻ ടോറെസ്സിന്റെ കൊലയാളി. ഷേവു ചെയ്യുന്നതിനിടെ തൊണ്ട മുറിച്ചു കൊന്നു- ഭീരു!”
അപ്പോൾ മറ്റേ വശത്തു നിന്ന്. “നമുക്കെല്ലാവർക്കും വേണ്ടി പ്രതികാരം ചെയ്തവൻ. നാം മറക്കരുതാത്ത പേര്‌. അയാൾ ടൗണിലെ ബാർബറായിരുന്നു. അയാൾ നമ്മുടെ പക്ഷത്തിനു വേണ്ടി പൊരുതിയിരുന്നുവെന്നത് ആർക്കുമറിയില്ലായിരുന്നു.”
കൊലയാളിയോ വീരനായകനോ? എന്റെ വിധി തൂങ്ങിനില്ക്കുന്നത് ഈ കത്തിയുടെ വായ്ത്തലയിലാണ്‌. എന്റെ കൈ അല്പമൊന്നു തിരിച്ചാൽ മതി, കത്തിയിൽ അല്പം കൂടി ബലം കൊടുത്താൽ മതി, അതാഴ്ന്നിറങ്ങിക്കോളും. പട്ടു പോലെ, റബ്ബർ പോലെ, ആട്ടിൻതൊലി പോലെ തൊലി വഴങ്ങിത്തരും. മനുഷ്യന്റെ ചർമ്മം പോലെ മാർദ്ദവമുള്ള മറ്റൊന്നില്ല; കുതിച്ചൊഴുകാൻ തയ്യാറായി ചോരയുമുണ്ട്.
എന്നാൽ എനിക്കു കൊലയാളിയാകാൻ വയ്യ. വേണ്ട, സർ. നിങ്ങൾ വന്നത് ഷേവു ചെയ്യാനാണ്‌. ഞാനത് വേണ്ട വിധം ചെയ്തു തരികയും ചെയ്യും. എന്റെ കൈയിൽ ചോര പറ്റുന്നത് എനിക്കിഷ്ടമല്ല. പത, അതു മാത്രം. നിങ്ങൾ ഒരാരാച്ചാരാണ്‌, ഞാൻ ഒരു ബാർബറും. പ്രപഞ്ചത്തിന്റെ ക്രമത്തിൽ ഓരോ ആൾക്കും ഓരോ ഇടമുണ്ട്.
ഇപ്പോഴേക്കും അയാളുടെ കീഴ്ത്താടി രോമമെല്ലാം പോയി മിനുസമായിക്കഴിഞ്ഞിരുന്നു. അയാൾ നേരേയിരുന്ന് കണ്ണാടിയിൽ മുഖം നോക്കി. തൊലിയിലൂടെ കൈയോടിച്ച് അയാളതിന്റെ പുതുമയും മാർദ്ദവവും അറിഞ്ഞു.
“നന്ദി,” അയാൾ പറഞ്ഞു. അയാൾ കൊളുത്തിൽ തൂക്കിയിട്ടിരുന്ന ബല്റ്റും പിസ്റ്റളും തൊപ്പിയുമെടുത്തു. ഞാൻ വിളറി വെളുത്തു കാണണം; എന്റെ ഷർട്ടാകെ വിയർപ്പിൽ കുളിച്ചിരുന്നു. ടോറെസ് ബല്റ്റിന്റെ ബക്കിൾ മുറുക്കി പിസ്റ്റൾ ഉറയിലിട്ട് യാന്ത്രികമായി മുടിയിലൂടെ ഒന്നു വിരലോടിച്ചിട്ട് തൊപ്പി തലയിൽ വെച്ചു. എന്നിട്ട് പോക്കറ്റിൽ കൈയിട്ട് കുറച്ചു നാണയങ്ങൾ എനിക്കു തന്നിട്ട് അയാൾ വാതിലിനു നേർക്കു നടന്നു.
പുറത്തേക്കിറങ്ങുന്നതിനു മുമ്പ് ഒന്നു നിന്നിട്ട് അയാൾ പറഞ്ഞു, “താൻ എന്നെ കൊല്ലുമെന്ന് അവർ പറഞ്ഞിരുന്നു. അതു സത്യമാണോയെന്നറിയാനാണ്‌ ഞാൻ വന്നത്. കൊല്ലുന്നത് അത്ര എളുപ്പമല്ലെടോ. ഞാൻ അനുഭവസ്ഥനാണ്‌.” എന്നിട്ടയാൾ തിരിഞ്ഞു നടന്നകന്നു.
——————————————————————————————
herഹെർണാണ്ടോ റ്റെല്ലെസ് Hernando Tellez (1908-1966)- കൊളംബിയയിലെ ബൊഗോട്ടോയിൽ ജനിച്ചു. കഥാകൃത്തും ലേഖകനും പത്രപ്രവർത്തകനും കലാ,സാഹിത്യവിമർശകനുമായിരുന്നു. 1950ൽ ഇറങ്ങിയ Cenizas al viento (കാറ്റിൽ പറന്ന ചാരം)എന്ന കഥാസമാഹാരമാണ്‌ പ്രധാനകൃതി.
Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like