വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു.
കൃഷിയിലേക്കുള്ള വരവ്, മുൻപരിചയം, അവലംബിച്ചിരിക്കുന്ന കാർഷിക രീതി, ഫലങ്ങൾ, വെല്ലുവിളികൾ, അനുഭവങ്ങൾ എന്നിവയാണ് യുവകാർഷിക സംരംഭകർ പങ്കുവെക്കുന്നത്.
റൈഹാനത്ത്( 45).
സ്വദേശം കുടുംബം :
സ്വദേശം മലപ്പുറം. ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം.
കൃഷിയിലേക്കുള്ള വരവ് :
ഞാൻ ടെറസിൽ ഗ്രോ ബാഗുകളിൽ ആണ് കൃഷി തുടങ്ങിയത്. FB യിലെ “മുറ്റത്തെ കൃഷി” ഗ്രൂപ്പിൽ എത്തിയതിനു ശേഷം ശാസ്ത്രീയമായ രീതിയിൽ മണ്ണൊരുക്കാനും, വളം കൊടുക്കാനും കീട നിയന്ത്രണം നടത്തുവാനും ശീലിച്ചു തുടങ്ങി. ചെറിയതോതിൽ ആണെങ്കിലും ഗ്രൂപ്പിൽ ആദ്യമായ് കമ്പോസ്റ്റ് ഉണ്ടാക്കി വിജയിപ്പിച്ച അനുഭവം ആണ് എന്റേത്.
ഇപ്പോൾ സ്വന്തമായ വീട്ടിലേക്കു മാറി. ഇവിടെ കുറേക്കൂടി സ്ഥലവും മുറ്റവും ഉള്ളതിനാൽ മുറ്റത്ത് ഫാം ബെഡുകൾ ഉണ്ടാക്കി കൃഷി ചെയ്യണം എന്നു പദ്ധതിയിട്ടു. കൃത്യമായ അളവിലും ആകൃതിയിലും ഒരടി ആഴത്തിൽ കുഴിയെടുത്തു ഓടുകൾ കൊണ്ട് അതിരിട്ടാണ് ആ ബെഡ് ഒരുക്കുക. അതിൽ ലേയറുകളായി ഉണക്കില, പച്ചില, പുല്ല്, ചാണകം, ആട്ടിൻ കാട്ടം, ചുണ്ണാമ്പ്, എല്ലുപൊടി, പിണ്ണാക്ക് തുടങ്ങിയവ പരത്തി ഇട്ടുകൊടുത്ത്, ഇടക്കിടെ കുഴിച്ചു മാറ്റിയ മണ്ണ് തൂവി, അതിൽ നനച്ചു കൊടുത്ത് ആണ് ബെഡ് തയ്യാറാക്കിയത്. ബെഡുകൾ തയ്യാറാക്കിയാൽ കാലതാമസം കൂടാതെ ചെടികൾ നടാം. പലതരം ചെടികൾ ഇടകലർത്തി നടുന്നതാണ് നല്ലത്. ഇത് പലതരം സൂക്ഷ്മ ജീവികൾ ബെഡിലെ മീഡിയത്തിൽ വളരാൻ സഹായിക്കും. ഇത്തരം ബെഡുകൾ ഉയർന്ന ഫലപുഷ്ടി ഉള്ളവ ആയതുകൊണ്ട് ആരോഗ്യമുള്ള വളർച്ച ഉണ്ടാവുന്നു. ബാഗുകൾ, ചട്ടികൾ എന്നിവയെപ്പോലെ ഇടയ്ക്കിടെ നിറയ്ക്കുകയോ മാറ്റുകയോ വേണ്ട എന്ന മെച്ചമുണ്ട്.
അടുത്തതായി വേണുഗോപാൽ മാഷുടെ മാർഗനിർദേശത്തിൽ മറ്റൊരു രീതി പരീക്ഷിക്കുവാൻ പോവുകയാണ്. വ്യാസമുള്ള, തുളയിട്ട പി വി സി പൈപ്പുകൾ കുഴിയിൽ കുത്തിനിർത്തുകയും അടിയിൽ ബന്ധിപ്പിക്കകയും ചെയ്തു കമ്പോസ്റ്റിന് വേണ്ട വസ്തുക്കൾ നിക്ഷേപിക്കുക, OWDC പോലുള്ള ദ്രവണത്വരകങ്ങൾ ചേർക്കുക എന്നതാണ് ഈ രീതി. കമ്പോസ്റ്റു കുഴികളിലെപ്പോലെ മിശ്രിതം ഇടക്കിടെ കുത്തിയിളക്കികൊടുക്കേണ്ട. അതു നല്ല അധ്വാനമുള്ള പണിയാണ്.
സഹായത്തിനു ആളെ കിട്ടാനില്ല എന്നതാണ് ബുദ്ധിമുട്ട്. പൊതുവെ സഹായം തേടിയാൽ മെയ്യനങ്ങി പണിയെടുക്കാൻ അധികം പേരും തയ്യാറില്ല എന്നാണ് തടസ്സം. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തെങ്കിലും വയ്യായ്ക ഉള്ളവർക്കും ശാരീരിക അധ്വാനം ബുദ്ധിമുട്ടായവർക്കും പിവിസി പൈപ്പുകൾ ഉപയോഗിച്ചുള്ള മേൽ സംവിധാനം വളരെ ഉപകാരപ്പെടും. ആദ്യം കുറച്ചു പണച്ചിലവുള്ള രീതിയാണ്. പക്ഷെ മേല്പറഞ്ഞ ഗുണ ഫലങ്ങൾ സ്ഥിരമായി ലഭിക്കും എന്നത് കൊണ്ടു അതിനെ അനുകൂലിക്കുന്നു.
കുറേ പദ്ധതികൾ മനസ്സിലുണ്ട്. മുറ്റം ലാൻഡ്സ്‌കേപ്പ് ചെയ്യുകയും ചെറുതെങ്കിലും ഒരു പുൽത്തകിടി ഉണ്ടാക്കുകയും അതിൽ പെടുന്നു. ചില ശാരീരിക വിഷമതകൾ ഉണ്ട്. പക്ഷെ തോട്ടത്തെയും ചെടികളെയും കുറിച്ച് ആലോചിക്കുകയും അവിടെ പണിയെടുക്കുകയും ചെയ്യുമ്പോൾ വല്ലാത്ത ഒരുന്മേഷമാണ്.
മുറ്റത്തെ കൃഷി ഗ്രൂപ്പിനെ പറ്റിയും വേണുഗോപാൽ മാഷെപ്പറ്റിയും പറയുമ്പോൾ ഉള്ളു നിറയെ നന്ദിയും സന്തോഷവും ആണ്. എപ്പോൾ, എത്ര പ്രാവശ്യം ചോദിച്ചാലും ആവശ്യമുള്ള നിർദേശങ്ങൾ കിട്ടും. മിക്ക സംശയ നിവാരണങ്ങളും ഗ്രൂപ്പിൽ വോയിസ് മെസ്സേജ് ആയും വീഡിയോ കളായും തരുന്നത് കൊണ്ട് എല്ലാവർക്കും ഉപയോഗപ്പെടും.
സ്കൂൾ വിദ്യാർത്ഥിയായ മകൻ കൃഷിക്കാര്യങ്ങളിൽ താല്പര്യം കാണിക്കുന്നുണ്ട്. അവന്റെ സഹായവും കിട്ടിത്തുടങ്ങിയിരിക്കുന്നു.
മുൻപ് ചെയ്ത ഗ്രോ ബാഗ് കൃഷിയുടെയും ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന മൺതടമൊരുക്കൽ, പി വി സി കമ്പോസ്റ്റ് നിർമാണ രീതിയുടെയും ഫോട്ടോകൾ ഒപ്പം കൊടുക്കുന്നു.