പൂമുഖം EDITORIAL ഇരയാവാൻ മനസ്സില്ല, രണ്ടാം തരക്കാരിയുമല്ല

ഇരയാവാൻ മനസ്സില്ല, രണ്ടാം തരക്കാരിയുമല്ല

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

‘മമ്മൂട്ടിയുടെ ഗ്ലാമറിനെപ്പറ്റി എന്ത് പറയുന്നു’?ദശാബ്ദങ്ങൾ വിട്ടു നിന്നതിനു ശേഷം മലയാള ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്ന നാദിയാ മൊയ്തുവിനോട് മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ സിറാജ് കാസിം ചോദിക്കുന്ന ചോദ്യമാണ്. മറുപടി നിങ്ങൾ പ്രതീക്ഷിച്ചതു തന്നെ. “മമ്മൂക്കയുടെ ഗ്ലാമർ ഒരത്ഭുതം തന്നെ. 35 വർഷം മുൻപ് ഒപ്പം അഭിനയിച്ചപ്പോൾ കണ്ട അതേ ഗ്ലാമർ…….” കലാരംഗത്തും വ്യക്തി ജീവിതത്തിലും വ്യക്തി മുദ്ര പതിപ്പിച്ച മഞ്ജു വാരിയരും ‘മമ്മുക്ക’യുടെയും ‘ലാലേട്ട’ന്റെയും കൂടെ അഭിനയിക്കുവാനുള്ള ചിരകാലമോഹവും ത്രില്ലും പല സദസ്സുകളിലും പരസ്യപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. ഒരു കാലത്തു മലയാളി പ്രേക്ഷകരുടെ കണ്ണും കരളും കവർന്ന ‘ഷേർളി ‘തിരിച്ചു വന്നപ്പോൾ, ഒപ്പം അഭിനയിക്കുമ്പോൾ എന്ത് തോന്നിയെന്നു സിറാജുമാർ ഈ രണ്ടു സൂപ്പർ താരങ്ങളോട് ചോദിക്കാറില്ല. അഥവാ മാതൃഭൂമി വലിയ വായിൽ നമ്മളെ കേൾപ്പിച്ചിട്ടില്ല. കാരണം ഈ നടൻമാർ സിനിമയിൽ പോലും നായികമാരുടെ മുൻപിൽ ആരാധനയോടെ നിൽക്കുക പതിവില്ല. താന്തോന്നിയായി നടക്കുമ്പോഴും പ്രമാദമായ കേസന്വേഷിക്കുമ്പോഴും ഒരു പോലെ നായിക കഥാപാത്രങ്ങൾ, അവർ എത്ര ഉന്നത പദവിയിലുള്ളവരായാലും, താര നായകന്മാരുടെപ്രീതി ലാക്കാക്കി ജീവിതം കഴിക്കുന്ന രീതിയിലായിരിക്കും തിരക്കഥകൾ രചിക്കപ്പെടുക . അഥവാ ഒന്നോ രണ്ടോ ഫ്രേമിൽ നായിക ആത്മാഭിമാനിയായി നേർക്ക് നേർ നിന്നുവെന്നിരിക്കട്ടെ, നായകപ്രഭു ഒന്നയയുകയേ വേണ്ടു, സർവ ചമയങ്ങളും സമർപ്പിച്ചു പാദസേവ ചെയ്യുകയായി, ഭാനുമതിമാർ. പതിവ് വിട്ട് മമ്മൂട്ടിയും മോഹൻലാലും ഒരേ സമയം പ്രാണായാഭ്യർത്ഥികളായി സമീപിക്കുന്ന ഒരു നായികാ കഥാപാത്രത്തെ ഫാസിൽ സൃഷ്ടിച്ചപ്പോൾ മലയാളി നടിമാരെ ഒഴിവാക്കി ഹിന്ദിയിൽ നിന്ന് ഒരു നടിയെ ഇറക്കുമതി ചെയ്തിട്ടാണ് നിർമ്മാതാവ് ഈ ഹരികൃഷ്ണൻസിന്റെ സഹനടികളോടുള്ള അനാദരവ് വക വെച്ച് കൊടുത്തത്.

സഹപ്രവർത്തകയെ കൂട്ടത്തിലൊരാൾ ആക്രമിക്കുകയും, മറ്റൊരാളിൽ ഗൂഢാലോചന ആരോപിക്കപ്പെടുകയും ചെയ്തപ്പോൾ കുറ്റകരമായ മൗനവും നിഷ്ക്രിയത്വവും പ്രദർശിപ്പിച്ചവരാണ് മമ്മൂട്ടിയും മോഹൻലാലും. എന്നിരിക്കെ നാദിയാ മൊയ്തുവും മഞ്ജു വാരിയരും എന്തിനാണ് ഈ രണ്ടു പേർക്കും ഇങ്ങനെ നാവേറ് പാടുന്നത്? അവസരങ്ങൾ കിട്ടിയില്ലെങ്കിലോ എന്ന് മുൻകാണുക ഇത്തരമൊരു തൊഴിലിടത്തിൽ സ്വാഭാവികമാണ്. പക്ഷെ അതിനും ഉപരി ഒന്നുണ്ട്. തങ്ങൾ രണ്ടാം തരക്കാരാണെന്ന സ്ത്രീകളുടെ ബോദ്ധ്യം. അപകർഷത. ഏതു രംഗത്തായാലും സ്ത്രീകൾ എന്നും പൂജാപുഷ്പങ്ങൾ ആണെന്ന മോഹാലസ്യം. ആ വിഷയത്തിലേക്കു നടക്കുവാൻ നടികളുടെ അഭിമുഖം സാന്ദർഭികമായി പ്രതിപാദിച്ചുവെന്നേയുള്ളൂ.

ഈ രണ്ടാ തരം വ്യക്തി സത്ത സിനിമയിൽ നിന്നുണ്ടായതല്ല. എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഇതിന്റെ വേരുകൾ ആഴ്ന്നിരിക്കുന്നു. ഇന്ന് രാഷ്ട്രീയ പാർട്ടികളിൽ വരെ ശക്തമായി തുടരുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം സിപിഎം പാർട്ടി കോൺഗ്രസിൽ വനിതാ അംഗങ്ങൾ പാർട്ടിയിലെ പുരുഷാധിപത്യത്തെയും സ്ത്രീകൾ നേരിടുന്ന അവഗണനയേയും കുറിച്ച് ശബ്ദമുയർത്തുകയുണ്ടായി. അടിയന്തിരമായി തിരുത്തിയേ തീരൂ എന്നവർ ആവശ്യപ്പെട്ടു. എങ്കിലും, സ്ത്രീപീഡനം ആരോപിക്കപ്പെടുകയും പാർട്ടിക്ക് ബോധ്യപ്പെടുകയും ചെയ്ത അംഗത്തെ അതേ സമ്മേളനത്തിൽ വെച്ചു തന്നെ സംസ്ഥാന സമിതി അംഗമാക്കിക്കൊണ്ട് പാർട്ടി വനിതാ അംഗങ്ങളുടെ വിയോജിപ്പിനെ തെല്ലും വിലകൊടുക്കാതെ അവഗണിക്കുകയാണ് ചെയ്തത്. പാർട്ടി അതിനു ധൈര്യപ്പെട്ടു എന്ന് പറയുമ്പോഴേ കൃത്യമാവുകയുള്ളൂ. സി പി എം തുടരാൻ പോകുന്ന ലിംഗ സമത്വ നയം എന്തായിരിക്കുമെന്ന് സംശയത്തിനിടയില്ലാത്ത വിധത്തിൽ വിളംബരപ്പെടുത്തുകയും ചെയ്തിരിക്കുന്നു ഈ നടപടി.

ഇതിലൊക്കെ വലിയ മാറ്റം സമീപ കാലത്തൊന്നും പ്രതീക്ഷിക്കാനില്ല. അപ്പോൾ സ്ത്രീകൾക്ക് മുന്നിലുള്ള മാർഗം തങ്ങൾക്കു സമൂഹത്തിലെ എല്ലാ രംഗത്തും അവകാശപ്പെട്ട തുല്യസ്ഥാനം തിരിച്ചറിയുകയും അത് പ്രയോഗികമാക്കുകയും ആണ്. വലിയ ഒരു ടാസ്ക് ആണത്. ഈ സമൂഹത്തിൽ നിന്ന് കാര്യമായ പിന്തുണ പ്രതീക്ഷിക്കരുത്. കോടതിയിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതിനെ ചൊല്ലി നടിയുടെ പരാതി കിട്ടിയോ എന്ന ചോദ്യത്തിന് അതിനെപ്പറ്റി അറിവില്ല എന്ന് മറുപടി പറഞ്ഞ മുഖ്യ മന്ത്രിയാണ് ഭരിക്കുന്നത്‌. കന്യാസ്ത്രീയോടോപ്പം നിന്ന പ്രവർത്തകയെ മൊട്ടയടിപ്പിച്ച പ്രതിപക്ഷവും. എട്ടു വയസ്സായ കുട്ടിയെ വേശ്യ എന്ന് വിളിച്ചു ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥാനഭംഗം വരാതെ പൊറുപ്പിക്കുന്ന ഉദ്യോഗസ്ഥ ചട്ടക്കൂടും, കുറ്റാരോപിതനായ ബിഷപ്പിന്റെ കുർബാന തുടർന്നും കൊള്ളുന്നതിൽ യാതൊരു വൈമനസ്യവും കാണിക്കാത്ത വിശ്വാസികളും, തങ്ങളുടെ വധുക്കളെ കറുപ്പിൽ പൊതിഞ്ഞു കൂടെ കൊണ്ട് നടക്കുന്ന നവയുവാക്കളും എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറുള്ള കുലസ്ത്രീകളും, രാഷ്ട്രീയമായി വേറിട്ട വിചാരം പങ്കിടുന്ന സ്ത്രീകളുടെ മേൽ അധിക്ഷേപങ്ങൾ ചൊരിയുന്ന സാമൂഹ്യ നിരീക്ഷകരും ഈ സമൂഹത്തിൽ നാൾക്കുനാൾ വർദ്ധിക്കുകയാണ്. അപ്പോഴും സത്യം തിരിച്ചറിയുന്നവരും ഒപ്പം ചരിക്കുന്നവരുമായി ലിംഗ ഭേദമെന്യേ കുറെ പേരുണ്ടാവും കൂടെ. കാരണം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള വിളികൾ ശ്രവിക്കാതിരിക്കാൻ ഒരു സമൂഹത്തിനും ദീർഘകാലം കഴിയില്ലെന്നതാണ് ചരിത്രം. അതിന്റെ സൂചനയാണ് ഇന്നലെ ഭാഷാവ്യത്യാസമില്ലാതെ ഈ രാജ്യം മുഴുവൻ ‘സംഗീതം പോലെ’ ചെവിക്കൊണ്ട ആ വാക്കുകൾ “ഞാനല്ല തെറ്റ് ചെയ്തത്, പിന്നെ ഞാനെന്തിന് ഒതുങ്ങണം? ഞാൻ അവസാനം വരെ പോരാടും”

ഈ വനിതാ ദിനത്തിൽ എല്ലാ വനിതകളും, പെൺകുട്ടികളും ഈ സന്ദേശം അണിയുക. അപൂർവമാണതിന്റെ സൗന്ദര്യ വർധക ശക്തി, ഒരു വയനാടൻ തമ്പാന്റെ ഗ്‌ളാമറും അതിന്റെ അടുത്ത് വരില്ല.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ് / നീത മേനോൻ

Comments
Print Friendly, PDF & Email

You may also like