ഒരു കലാപവും ഒന്നിനെയും സ്ഥിരമായി മാറ്റി സ്ഥാപിക്കുന്നില്ല (replace). കലയിലും സാഹിത്യത്തിലും സംഭവിക്കുന്നതും അതുതന്നെയാണ്. അതിനാൽ ഒരിക്കല്‍ പുതുക്കിയതെന്തും അതിവേഗം നമ്മുടെ ഓർമ്മയായി മാറുന്നു. ഓര്‍മ്മ എന്ന വാക്ക് ഒരേസമയം കഴിഞ്ഞതിനെയും പഴയതിനെയും സൂചിപ്പിക്കുന്നു. മലയാളത്തിൽ അങ്ങനെയൊരു ‘ക്ളീഷേ’ യാണ് “ക്ഷുഭിത യൗവനം” എന്ന പ്രയോഗം. അറുപതുകളുടെ ഒടുവിലും എഴുപതുകളില്‍ മുഴുവനും ഉണ്ടായിരുന്ന ഒരു തിരയെ (wave) അത് ഓർമ്മിപ്പിക്കുന്നു. തീര്ച്ചയായും, ലോകം മുഴുവൻ അങ്ങനെ “ക്ഷോഭിക്കുന്ന ഇടക്കാലം” ഉണ്ടായിരുന്നു : ഹിപ്പികളുടെ, കറുത്തവരുടെ, വിദ്യാര്‍ഥികളുടെ, മാവോയിസ്റ്റുകളുടെ. ‘പുതിയ ആഖ്യാനങ്ങള്‍’ അവ കലയിലും രാഷ്ട്രീയത്തിലും നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഒന്നോ രണ്ടോ ദശകങ്ങള്‍കൊണ്ട് അവ മറ്റു പലതുകൊണ്ടും മാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാല്‍, നമ്മള്‍ ഈ “യൗവന” ത്തെ, സാഹിത്യത്തിലെങ്കിലും, ഒരു സ്ഥിരനിക്ഷപമായി, ഒട്ടും ചിലവഴിക്കാതെ, വിനിയോഗിക്കാതെ, ആസ്തിയായി ഒപ്പം കൂട്ടിയിരിക്കുന്നു. വാസ്തവത്തില്‍, ഇത് നമ്മുടെ പല തോല്‍വികളെയും കാണിക്കുന്നു. പ്രധാനമായും അതിന്‍റെ തോല്‍വി, ‘പുതിയത്’ എന്ത് എന്ന അന്വേഷണത്തെ, അതിലെ നിതാന്ത ജാഗ്രതയെ ഉപേക്ഷിച്ചിരിക്കുന്നു, അല്ലെങ്കില്‍ സ്ഥിരമായി സംശയിക്കുന്നു എന്നതാണ്. വാസ്തവത്തില്‍ ലോകത്ത് രണ്ടായിരമാണ്ടുകളില്‍ നടന്നതിനോ നടക്കുന്നതിനോ സമാനമായ ഒന്നല്ല എഴുപതുകളില്‍ നടന്നത് എന്നാണ് എന്‍റെ വിനീതമായ വിലയിരുത്തല്‍. “ക്ഷോഭം” പോലും. എഴുപതുകളുടെ ‘ഏക ജാലക കാഴ്ച്ച’യെ, എന്തിന്, ‘വിപ്ലവ’ത്തെക്കുറിച്ചുള്ള ഒറ്റക്കല്‍ വിശ്വാസത്തെ പിന്നീടുവന്ന വര്‍ഷങ്ങള്‍ ചിതറിക്കുകതന്നെ ചെയ്തു എന്നാണ് വാസ്തവം. പക്ഷെ, സ്ഥിരനിക്ഷപത്തെ ഭാവിയിലേയ്ക്കു കൂടിയുള്ള ആസ്തിയായി കാണാന്‍ മലയാള സാഹിത്യത്തില്‍ “നമ്മള്‍ നിര്‍ബന്ധിക്കപ്പെടുന്നു”.
എന്തുകൊണ്ടാകാം ഇത്?
എഴുത്ത് (writing) എപ്പോഴും പരീക്ഷിക്കുന്നത് ആത്മവിശ്വാസത്തെയാണ്, ഓരോ ദിവസത്തെയും അതേപോലെ നേരിടാന്‍ അത് എഴുത്തുകാരെയും സാഹിത്യ തല്പരരെയും പരിശീലിപ്പിക്കുന്നു. പക്ഷെ, നമ്മള്‍, നമ്മുടെ സാഹിത്യം, വിമുഖമാവുന്നതും അതിനോടാണ്.
എഴുപതുകളിലെയും എണ്പതുകളിലെയും കവിതയെ ‘പുതുക്കിയ’ കവിയുടെ ഇപ്പോഴത്തെ ചിരപുരാതന ജന്മ മണമുള്ള നാല് വരി കവിത മൂക്ക് പൊത്താതെ എന്നും രാവിലെ വിതരണം ചെയ്യുന്ന എല്ലാ പ്രായത്തിലുമുള്ള യുവ എഴുത്തുകാരോടു പോലും ക്ഷോഭിക്കാന്‍ തോന്നാതെ നമ്മുടെ ഈ ആണ്ടിലെയും ‘പുതുക്കല്‍’ നമ്മുടെ കണ്മുമ്പിലൂടെ കടന്നുപോകുന്നു … എന്നിട്ടും….
പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്