പൂമുഖം OPINIONഅഭിമുഖം സൂക്ഷ്മ പുനരുജ്ജീവന കൃഷി

സൂക്ഷ്മ പുനരുജ്ജീവന കൃഷി

കാർഷിക സംരംഭകനും കൺസൾട്ടന്റും ആയ വേണുഗോപാൽ മാധവ് സൂക്ഷ്മജൈവ പുനരുജ്ജീവന കൃഷി പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി Regenerative ultra organic farming രംഗത്തു പ്രവർത്തിക്കുന്ന ആളാണ് വേണുഗോപാൽ. ഫാമുകൾ ഉണ്ടാക്കുക, പരിപാലിക്കുക, സംരക്ഷിക്കുക, പഴയ ഫാമുകളെ പുനരുജ്ജീവന കാർഷിക രീതിയിലേക്ക് പരിവർത്തനം ചെയ്യുക എന്നിവയാണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന സേവനങ്ങൾ. മേത്തരം ജൈവ വളങ്ങൾ, ജൈവകീട നാശിനികൾ എന്നിവയുടെ വിതരണവും ഉണ്ട്.

വേണുഗോപാലുമായുള്ള സംഭാഷണങ്ങളിൽ നിന്നും യൂ ട്യൂബിലെ അദ്ദേഹം പുറത്തിറക്കിയ വീഡിയോകളെ ആശ്രയിച്ചും ഫീച്ചർ തയ്യാറാക്കിയത് പി എൽ ലതിക.

ചോ : എന്താണ് ഓർഗാനിക് ​അഥവാ ജൈവകൃഷി?

ഉ: ആദ്യകാലത്തു കൃ​ഷി പ്രകൃതിയിൽ ലഭ്യമായ ഘടകങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ​സമ്പ്രദായമായിരുന്നു . ലോകയുദ്ധാനന്തരകാലത്തിലാണ്, രാഷ്ട്രങ്ങളുടെ ശ്രദ്ധ വർധിച്ച കാർഷികോൽപാദനത്തിലേക്കു തിരിയുന്നത്. തൽഫലമായി അത്യുല്പാദന ശേഷിയുള്ള വിത്തുകൾ, രാസ ചേരുവകൾ അടങ്ങിയ കൃത്രിമ വളങ്ങൾ എന്നിവ കണ്ടു പിടിക്കപ്പെട്ടു.​ ഭക്ഷ്യോൽപ്പാദന രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് രാസകൃഷിയിലൂടെ ലോകം കൈവരിച്ചത്. പക്ഷെ കാലക്രമേണ മണ്ണിന്റെ സഹജ സ്വഭാവം നഷ്ടപ്പെടുകയും, കീടദോഷങ്ങൾ പെരുകുകയും, ഉത്പന്നങ്ങൾ പുതിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തപ്പോഴാണ് 70- 80 കാലഘട്ടത്തോടെ ഓർഗാനിക് അഥവാ ജൈവ കൃഷി രീതികൾ വീണ്ടും പരിഗണനയിൽ വന്നത്. ഒരു തിരിച്ചു പോക്ക് പ്രയോഗികമോ ലാഭകരമോ അല്ലായിരുന്നു. ​സ്വീകാര്യമായ ഒരു ബ​ദലിനു വേണ്ടി ലോകകാർഷികരംഗം ഗവേഷണങ്ങൾ തുടർന്നു. അതിന്റെ ഫലമായാണ് സൂക്ഷ്മ ജൈവ കൃഷി രീതികൾ പരീക്ഷിക്കപ്പെടുന്നത്.

ചോ : അൾട്രാ ഓർഗാനിക് റീജനറേറ്റീവ് അഥവാ സൂക്ഷ്മ പുണരുജ്ജീവന ജൈവ കൃഷി എന്ന ആധുനിക രീതി വിവരിക്കാമോ?

സസ്യങ്ങൾ മണ്ണിൽ നിന്ന് പോഷകം വലിച്ചെടുത്തു പുഷ്ടിപ്പെടുകയും കായ്ഫലം നൽകുകയും ചെയ്യുന്നു എന്നും വളപ്രയോഗത്തിലൂടെ അതു മെച്ചപ്പെടുത്താം എന്നും ഉള്ള സ്ഥൂലസങ്കല്പം തിരുത്തപ്പെടുന്ന​തോ​ടെയാണ് ഒരു സമൂലമാറ്റം സംഭവിക്കുക.

ഈ കേവലക്രിയക്കപ്പുറം മണ്ണിലെ സൂക്ഷ്മജീവികളുടെ ( microbes ) പ്രവർത്തനങ്ങളും ജീവിത ചക്രവും മണ്ണിന്റെ പുഷ്ടിയിലും സസ്യങ്ങളുടെ വളർച്ചയിലും വരുത്തുന്ന മാറ്റങ്ങളും അവയും സസ്യങ്ങളും തമ്മിലുള്ള പരസ്പര സന്ധാരണവും സംബന്ധിച്ചുള്ള പുതിയ അറിവുകളാണ് പുതിയ രീതിക്ക് അടിസ്ഥാനം. സൂക്ഷ്മജീവികൾ മണ്ണിൽ നിന്ന് മൂലകങ്ങൾ സ്വീകരിച്ചു ആഹാരം ഉൽപ്പാദിപ്പിക്കുകയും കോശഭിത്തികളിൽ സൂക്ഷിക്കുകയും അവ വേരുകൾക്കുള്ളിലേക്ക് ആകർഷിക്കപ്പെടുകയും അവിടെ വെച്ച്‌ സസ്യങ്ങൾ കോശഭിത്തിയെ ആഗിരണം ചെയ്ത് സൂക്ഷ്മജീവികളെ മണ്ണിലേക്ക് തന്നെ പുറംതള്ളുകയും ചെയ്യുന്നു എന്ന് കണ്ടുപിടിക്കപ്പെട്ടു. ഇത് ഒരു തുടർപ്രക്രിയയാണ്. ഇതിനിടെ സസ്യമൂലങ്ങളിൽ നിന്നുള്ള സ്രവങ്ങൾ മണ്ണിനെ പുഷ്ടിപ്പെടുത്തുന്നുമുണ്ട്. അങ്ങനെ നോക്കുമ്പോൾ സസ്യങ്ങൾ മാംസഭുക്കുകൾ ആണ് എന്ന് പറയാം​. വേരുകൾ മൈക്രോബുകളെ വേരുകളിലേക്കു ആകർഷിച്ചു വളർച്ചക്കാവശ്യമായ മൂലകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയെ “റൈസോഫജി” എന്ന് പറയുന്നു. പുറമെ മൈക്രോബുകളുടെ സ്രവങ്ങൾ, അവയുടെ മൃതപിണ്ഡം എന്നിവ മണ്ണിലേക്ക് ചേർന്ന് ഓർഗാനിക് ഉള്ളടക്കം വർദ്ധിക്കുകയും കാർബൺ ഫിക്സിങ് ഉയർന്നതോതിൽ നടക്കുകയും ചെയ്യുന്നു. അങ്ങനെയാണ് സൂക്ഷമജൈവ കൃഷി സ്വയം നിലനിൽക്കുന്ന മാതൃകയാവുന്നുന്നത്.

ചോ : ഇതിനാവശ്യമായ വളപ്രയോഗം?

കൃത്രിമ രാസവളങ്ങൾ കൃഷിയേക്കാളേറെ വ്യവസായമാണ്. വിപണിയും ലാഭവും ആണ് അവയുടെ അളവും സമയക്രമവും നിശ്ചയിക്കുന്നത്. സൂക്ഷ്മ ജൈവ കൃഷിയിൽ മണ്ണിനു ആവശ്യമുള്ള മൂലകങ്ങൾ ആവശ്യമുള്ള അളവിൽ നൽകുന്നതാണ് വള പ്രയോഗം. വ്യത്യസ്തമായ തോതിൽ അവശ്യ ഘടകങ്ങൾ ചേർത്ത് കമ്പോസ്റ്റ് ചെയ്യുകയും ആവശ്യത്തിനനുസരിച്ചു പ്രയോഗിക്കുകയും ചെയ്യുന്നു. വളത്തിന്റെ അളവ് താരതമ്യേന കുറവാണ്.

ചോ : കീട നശികരണമോ?

മേൽ രീതിയിൽ inputs സ്വീകരിച്ചു വളരുന്ന സസ്യങ്ങൾക്കും മണ്ണിനും ഭേദപ്പെട്ട പ്രതിരോധ ശക്തി സിദ്ധിക്കുന്നു. പല നിരുപദ്രവമായ ജൈവ കീടനാശിനികൾ കൃത്യമായ ഏറ്റവും കുറഞ്ഞ അളവിൽ പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.

ചോ : എന്തായിരുന്നു ഈ രംഗത്ത് ഇതുവരെയുള്ള അനുഭവം?

ഒരു നൂതന കാർഷികവിദ്യയുടെ സംരംഭകനും പരിശീലകനും ആയി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളേ ആയിട്ടുള്ളു. ഇപ്പോൾ നൂറു കണക്കിന് അംഗങ്ങൾ ഉള്ള കർഷക WhatsApp ഗ്രൂപ്പുകൾ ഉണ്ടാക്കി സദാ സമ്പർക്കം പുലർത്തുന്നു. സൂക്ഷ്മ ജൈവ കൃഷി എന്ന ആശയം ( concept ) പരിചയപ്പെടുത്തുന്നതുമുതൽ പടി പടിയായുള്ള നിർദേശങ്ങളും സംശയ നിവാരണങ്ങളും പ്രശ്ന പരിഹാരങ്ങളുമായി ഗ്രൂപ്പ് സജീവമായി നിലനിർത്തുന്നു. ചില വലിയ കാർഷികസംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും ചിലതു പുതിയ രീതിയിൽ പരിവർത്തിക്കുകയും മേൽനോട്ടം നടത്തുകയും ചെയ്യുന്നുണ്ട്. കൃഷി രീതിയെപ്പറ്റിയും ഓരോഘട്ടങ്ങളുടെ പ്രയോഗരീതികളെപ്പറ്റിയും ഈ മേഖലയിൽ നടന്ന ഗവേഷണങ്ങളെപ്പറ്റിയും വീഡിയോകൾ നിർമ്മിച്ചു യു ട്യൂബിൽ ലഭ്യമാക്കിയിട്ടുണ്ട്.

ചോ : പ്രവാസി തൊഴിലിൽ നിന്ന് എന്നാണ് നാട്ടിൽ കൃഷിയിലേക്കുള്ള പറിച്ചുനടൽ?

കൃഷിയുമായുള്ള ബന്ധം ചെറുപ്പം മുതലുണ്ട്. സൂക്ഷ്മ പുനരുജ്ജീവന കൃഷിയിൽ 5 കൊല്ലമായി മുഴുവൻ സമയ പ്രവർത്തകൻ ആണ്. ഫേസ് ബുക്കിലെ “മുറ്റത്തെ കൃഷി ” ഗ്രൂപ്പിലൂടെയും വ്യക്തിപരമായ ബന്ധങ്ങൾ വെച്ചും നിരവധിപേരെ ഈ രീതിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

ചോ : കാർഷിക സമൂഹത്തിൽ നിന്നുള്ള പ്രതികരണം എങ്ങനെ?

നിലവിലുള്ള അസ്സൽ കാർഷിക സമൂഹത്തിലേക്ക് ഈ രീതികൾ കടന്നു ചെല്ലുന്നതേയുള്ളൂ. അത്തരം ഇടങ്ങളിൽ ഉണ്ടാക്കിയ ഗുണഫലങ്ങൾ ഇതിന്റെ പ്രചാരണം ത്വരിതപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കാർഷിക വൃത്തിയുമായി കാര്യമായ ബന്ധമില്ലാതിരുന്ന ഒരു വിഭാഗം ഈ രംഗത്തേക്ക് കടന്ന് വന്നു ഫലം കൊയ്യുന്നത് വലിയ ആവേശമാണ് പകരുന്നത്. ഇതിൽ വീട്ടമ്മമാർ, അധ്യാപകർ, വിരമിച്ചവർ, നവതൊഴിലുകളിൽ ഏർപ്പെട്ട യുവാക്കൾ, എന്നിവരുണ്ട്. ​ ടെറസിലും മുറ്റത്തും ഗ്രോബാഗിലും ആരോഗ്യവും അഴകും ഗുണമമേന്മയും ഉള്ള കാർഷിക വിഭവങ്ങൾ ഉണ്ടാക്കുക വഴി കൃഷി ഒരാസ്വാദനമായി മാറുകയാണ് ഈ വിഭാഗ​ങ്ങൾക്കിടയിൽ. ഉൽപ്പാദനം വർധിക്കുന്നു, സ്വന്തം ആവശ്യം കഴിഞ്ഞു ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാനുള്ള പ്രാപ്തിയിലേക്കു വളരുന്നു. സ്വന്തം മണ്ണിലേക്ക് അവശ്യ ഘടകങ്ങൾ മാത്രം ചുരുങ്ങിയ തോതിൽ നിക്ഷേപിച്ചു മണ്ണിനെ സമ്പുഷ്‌ടീകരിക്കുന്നത് വഴി കൃഷിക്കാവശ്യമായ പോഷകങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു പുനർചംക്രമണ രീതിയിലൂടെ ബാഹ്യ ഏജൻസികളിന്മേലുള്ള ആശ്രിതത്വം കുറയുന്നു. കൃഷി സമൂഹത്തിന്റെ നിത്യവൃത്തിയും വിനോദോപാധിയും സാമൂഹ്യ വിനിമയവും ആവുന്ന ഒരു വ്യവസ്ഥിതി സമീപഭാവിയിൽ നിർണായക മാറ്റം വരുത്തും എന്നാണ് ശുഭപ്രതീക്ഷ.

(വിശദീകരണ യുട്യൂബ് ലിങ്കുകൾ ഉൾക്കൊള്ളുന്ന ഒറ്റ ലിങ്ക് ഈ അഭിമുഖത്തോടൊപ്പം ചേർക്കുന്നു.)


(മികച്ച രീതിയിൽ കൃഷി ചെയ്യുന്ന ഏതാനും കർഷകരെ തുടർ ലക്കങ്ങളിൽ പരിചയപ്പെടാം)

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like