പൂമുഖം SPORTS ബിയനേച്ചോ അർജന്റീന

ബിയനേച്ചോ അർജന്റീന

1986 ലെ കിരീടത്തിന് ശേഷമുള്ള അർജന്റീനയുടെ കാച്ചിക്കുറുക്കിയ കാത്തിരിപ്പിന് വിരാമമായി. ഖത്തറിലെ ലൂസയിൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലർ ഫൈനലിൽ ടൈബ്രേക്കറിൽ ഫ്രാൻസിനെ മറി കടന്ന് ലോകകപ്പ് ചരിത്രത്തിലെ അർജന്റീനയുടെ മൂന്നാം കിരീടം മെസ്സിയും കൂട്ടരും നേടി. കോച്ച് സ്‌കാലോണിയ്ക്കും അഭിമാന നേട്ടം.
അർജന്റീന പൂർണ്ണമായും മേൽക്കൈ നേടിയാണ് ആദ്യ പകുതിയും രണ്ടാം പകുതിയുടെ തുടക്കവും. പെനാൽറ്റിയിലൂടെ മെസ്സി നേടിയ ആദ്യ ഗോളും, ലെഫ്റ്റ് ഫോർവേഡ് ആയി നിറഞ്ഞു കളിച്ച ഡീ മാരിയയുടെ രണ്ടാം ഗോളും കൊണ്ട് 2-0 ന്റെ ലീഡ്.

ഡീമാരിയയ്ക്ക് പകരം അക്വിനോ വന്നതോടെ ഇടത് വിങ്ങിലൂടെയുള്ള മുന്നേറ്റം കുറഞ്ഞു. ഗ്രീസ്മാനേയും ജിറോദിനേയും പിൻവലിപ്പിച്ച് തുറാമും കോലോ മുവാനിയും ഇറങ്ങി.ആക്രമണത്തിന് അതോടെ വേഗത കൂടി. അത്‌ വരെ ബോൾ ലഭിക്കാതിരുന്ന എംബാപ്പേയ്ക്ക് ബോൾ കിട്ടിത്തുടങ്ങി. എൺപതാം മിനിറ്റിൽ എംബാപ്പേ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. തൊട്ടടുത്ത മിനിറ്റിൽ എംബാപ്പെയുടെ സിഗ്‌നച്ചർ ഷോട്ടിലൂടെ മറ്റൊരു ഗോൾ. ഫൈനൽ ഒരു ത്രില്ലർ ആയി മാറുകയായിരുന്നു. എക്സ്ട്രാ ടൈമിൽ രണ്ടാം പകുതി തുടങ്ങിയപ്പോൾ മെസ്സിയുടെ ഗോളിലൂടെ അർജന്റീന മുന്നിലെത്തി. എന്നാൽ 118 മത്തെ മിനിറ്റിൽ എംബാപ്പെയുടെ പെനാൽറ്റിയിലൂടെ ഫ്രാൻസ് തുല്യത പാലിച്ചു. എംബാപ്പെയുടെ ഹാട്രിക്. എക്സ്ട്രാ ടൈമിന്റെ അന്ത്യ നിമിഷങ്ങളിൽ ഫ്രാൻസിന്റ ആക്രമണം ഗോൾ കീപ്പർ മാർട്ടിനസ് തടഞ്ഞു നിർത്തി.


പിന്നീട് അനിവാര്യമായ പെനാൽറ്റി. ആദ്യ പെനാൽറ്റി എംബാപ്പേ ഗോൾ ആക്കി മാറ്റി. മെസ്സിയാണ് അർജന്റീനയ്ക്ക് വേണ്ടി ആദ്യ പെനാൽറ്റി എടുത്തത്. അതും ഗോൾ. ഫ്രാൻസിന് വേണ്ടി രണ്ടാം പെനാൽറ്റി എടുത്ത കോമന്റെ ഷോട്ട് മാർട്ടിനസ് തടഞ്ഞു. മൂന്നാം ഷോട്ട് എടുത്ത ചൗമനിയുടെ ഷോട്ട് പുറത്തേക്ക്. അർജന്റീന പെനാൽറ്റി ഒന്നും പാഴാക്കാതെ കിരീടത്തിലേക്ക് നീങ്ങി.2018 ലെ പ്രീ ക്വാർട്ടർ ഫൈന
ലിൽ ഫ്രാൻസിനോട് ഏറ്റു വാങ്ങിയ തോൽവിക്കൊരു പ്രതികാരം കൂടിയായി. ഏകപക്ഷീയമായി നീങ്ങിയ ഫൈനലിൽ എംബാപ്പേ ആവേശം നിറച്ചു. ഹാട്രിക്കോടെ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. പത്താം നമ്പർ ജേഴ്സിയിൽ ലോക ഫുട്ബോളിൽ നിറഞ്ഞു നിൽക്കാനൊരു താരം.

2014 ൽ ഫൈനലിൽ നഷ്ടപ്പെട്ട കിരീടം മെസ്സിയും കൂട്ടരും വീണ്ടെടുത്തു.കളിയുടെ കമനീയത കൊണ്ട് കാണികളുടെ ഹൃദയം കവർന്ന മെസ്സിയ്ക്ക് ലോക കിരീടത്തിന്റെ പൊൻ തൂവൽ കൂടി. 13 ലോക കപ്പ് ഗോളുകളോടെ ( ഇപ്രാവശ്യം 7 ഗോളുകൾ )കൗമാരത്തിലും ഇരുപതുകളിലും മുപ്പതുകളിലും ലോകകപ്പ് ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരൻ കൂടിയായി മെസ്സി.

ഗ്രൂപ്പ് സ്റ്റേജ്,റൗണ്ട് ഓഫ് 16, ക്യാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ – അങ്ങനെ എല്ലാ ഘട്ടത്തിലും ഗോളുകൾ നേടുന്ന ആദ്യത്തെ താരവും മെസ്സിയാണ്.

ബിയനേച്ചോ അർജന്റീന!
ബിയനേച്ചോ ഖത്തർ! ( Well done Argentina & Well done Qatar )

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like