പൂമുഖം LITERATUREലേഖനം പ്ലാസ്റ്റിക് പാറകൾ ഖനനം ചെയ്യുന്ന കാലം വരുമോ?

പ്ലാസ്റ്റിക് പാറകൾ ഖനനം ചെയ്യുന്ന കാലം വരുമോ?

“ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്”.

റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെപ്പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു.

ഭൗമദിനത്തിൽ ഈ വർഷത്തെ തീം #Planet v/s Plastic എന്നാണ്. പ്ലാസ്റ്റിക് മനുഷ്യനേയും ഭൂമിയേയും വിഷമയമാക്കുന്നു എന്ന ചിന്ത ഏറെകാലമായി നമ്മളിൽ ആകുലതകൾ സൃഷ്ടിക്കുന്നു എങ്കിലും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പോലും നമുക്ക് സാധിക്കാറുണ്ടോ എന്നത് നാം ഓരോരുത്തരും പുനഃപരിശോധിക്കേണ്ട കാര്യമാണ്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു തീം ഭൗമ ദിനത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടി വരുന്നത്?
പ്ലാസ്റ്റിക്കിന്റെ ആഗോള ഉത്പാദനം 2010ൽ 270 ദശലക്ഷം ടൺ ആയിരുന്നു എങ്കിൽ 2022-ൽ ആയപ്പോൾ 400.3 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 1.6 ശതമാനം വർധനവാണ് ഉണ്ടായത്. 1950 മുതൽ പ്ലാസ്റ്റിക് ഉൽപ്പാദനം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് എന്ന വസ്തുവിന്റെ അപാരമായ വൈവിധ്യവൽക്കരണ സാധ്യത തുടർച്ചയായ ഉത്പാദനവളർച്ചയ്ക്ക് കാരണമായി. ആ വളർച്ചയ്‌ക്കിടെ പ്ലാസ്റ്റിക് പാഴാക്കുന്നതിലൂടെ വാർഷിക പ്രാഥമിക ഉൽപ്പാദനം വളരെ അധികം വർധിപ്പിക്കേണ്ടിയും വരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഉത്പാദകരാണ് ഏഷ്യ . 2022ലെ ആഗോള ഉൽപ്പാദനത്തിൻ്റെ 32 ശതമാനവും ചൈനയിൽ നിന്നുമാത്രമാണ്. സമീപ വർഷങ്ങളിൽ ചൈന ഓരോ മാസവും 6 മുതൽ 12 ദശലക്ഷം മെട്രിക് ടൺ വരെ പ്ലാസ്റ്റിക് വസ്തുക്കൾ ഉൽപ്പാദിപ്പിച്ചു . 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കണക്കനുസരിച്ച്, ചൈന ഓരോ രണ്ട് മാസത്തിലും ഏകദേശം 11.89 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നു . 2020 ജനുവരി മുതൽ, ഏറ്റവും ഉയർന്ന പ്രതിമാസ ഉൽപ്പാദനം 2021 ഡിസംബറിൽ രേഖപ്പെടുത്തി: 7.95 ദശലക്ഷം മെട്രിക് ടൺ. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനത്തിൽ ചൈനയുടെ പങ്ക് സമീപ വർഷങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2014 ൽ 26 ശതമാനത്തിൽ നിന്ന് 2021 ൽ 32 ശതമാനമായി . 2022-ൽ 17 ശതമാനം വിഹിതവുമായി വടക്കേ അമേരിക്ക രണ്ടാം സ്ഥാനത്താണ്. യൂറോപ്യൻ പ്ലാസ്റ്റിക് ഉൽപ്പാദനവും ഒട്ടും മോശമല്ലാത്ത രീതിയിൽ ഇവരുടേതിനൊപ്പം ഉണ്ട്. 2021ൽ 57.2 ദശലക്ഷം മെട്രിക് ടൺ ആയി, മുൻവർഷത്തേക്കാൾ ആറ് ശതമാനം വർധന. 2020-ൽ, COVID-19 പാൻഡെമിക് കാരണം യൂറോപ്യൻ പ്ലാസ്റ്റിക് ഉൽപ്പാദനം കുറഞ്ഞു എങ്കിലും കോവിഡ് കാലം കഴിഞ്ഞതോടെ പഴയതിലും അധികം വർധിച്ചു .

പ്ലാസ്റ്റിക് ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായതോടെ , പാക്കേജിംഗ്, നിർമ്മാണം, ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിങ്ങനെ നിരവധി മേഖലകൾ അതിനെ ആശ്രയിച്ചിരിക്കുന്നു. ഈ വർദ്ധിച്ച ആവശ്യകതയാണ് ആഗോള പ്ലാസ്റ്റിക് ഉൽപ്പാദനത്തിലേക്ക് നയിച്ചത്, ലോകമെമ്പാടുമുള്ള ആളോഹരി പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗിച്ചു മാലിന്യമാക്കി വലിച്ചെറിയൽ എന്നതിൽ സിംഗപ്പൂർ ആണ് മുന്നിൽ. 2019-ലെ കണക്ക് പ്രകാരം ഒരാൾക്ക് 76 കിലോഗ്രാം വീതം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിച്ചതായി കണക്കുകൾ പറയുന്നു. ഇത് ലോകമെമ്പാടുമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആളോഹരിക്കണക്കിൽ ഒന്നാം സ്ഥാനമാണ് . തൊട്ടു പിന്നാലെ ഓസ്‌ട്രേലിയയിൽ പ്രതിശീർഷം 59 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു . ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സാധാരണയായി കത്തിക്കുകയോ, മാലിന്യക്കൂമ്പാരങ്ങളിൽ കുഴിച്ചിടുകയോ, അല്ലെങ്കിൽ ജലപാതകളിൽ അവസാനിക്കുകയോ ചെയ്യുന്നു. ഓരോ വർഷവും തീരദേശവാസികളാൽ തെറ്റായി കൈകാര്യം ചെയ്യപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് വലുതാണ്. ഇത് പലപ്പോഴും സമുദ്രങ്ങളിലേക്ക് ഒഴുകുന്നു. 8 ദശലക്ഷം ടൺ – ആഗോള വാർഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ 3% – സമുദ്രത്തിൽ പ്രവേശിക്കുന്നു (നദികൾ ഉൾപ്പെടെയുള്ള വഴികളിലൂടെ കടലിൽ എത്തുന്ന പ്ലാസ്റ്റിക് വേറെയും ഉണ്ട്) തീരപ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ 50 കിലോമീറ്ററിനുള്ളിൽ 99.5 ദശലക്ഷംടൺ വരും. ഇവ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതു മൂലമാണ് കടലിലെ മാലിന്യങ്ങൾ വർദ്ധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമേ പരിസ്ഥിതിയിലേക്ക് ചോരുമ്പോൾ കാര്യമായ അപകടസാധ്യതയുള്ളൂ.2010-ൽ ഇത് 31.9 ദശലക്ഷം ടണ്ണായിരുന്നു എങ്കിൽ ഇന്നത് ഇതിന്റെ നാലിരട്ടിയാണ്.

ലോകത്തെ വൻ ശക്തികൾ തന്നെയാണ് ഉത്പാദനത്തിലൂടെ മനുഷ്യനേയും ഭൂമിയേയും വിഷമയമാക്കുന്നതിൽ മുൻപിൽ. ലോകത്ത് ഓരോവർഷവും ഏതാണ്ട് 400 മെട്രിക് ടണ്ണിലധികം പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കപെടുന്നുണ്ട് എന്നാണ് കണക്ക്. അതേറെയും മാലിന്യമായി ഭൂമിയിൽ തന്നെ നിക്ഷേപിക്കുന്നു. നാം എത്ര ശ്രമിച്ചിട്ടും ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടി കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും, ആര്‍ത്തിയും, സുഖലോലുപതയോടുള്ള അമിതാവേശവും ഉണ്ടാക്കിയെടുത്ത ‘എളുപ്പത്തിൽ വലിച്ചെറിയല്‍ ‘സംസ്കാരം ലോകത്താകെ വ്യാപിച്ചതുമൂലമാണ് ഭൂമിയിൽ മാലിന്യങ്ങൾ വർധിച്ചത്. ഇനിയുമത് അധികരിക്കാനേ സാധ്യത കാണുന്നുള്ളൂ. ഇങ്ങനെ വലിച്ചെറിയുന്നവയില്‍ ഇന്ന് ഏറ്റവും അധികം അപകടകാരിയാവുന്ന വസ്തുവാണ് പ്ലാസ്റ്റിക്. ഇതിനകം തന്നെ പ്ലാസ്റ്റിക് മറ്റൊരു ഭൂമിയെ നിർമ്മിക്കാൻ പാകത്തിൽ വലിച്ചെറിയപ്പെട്ടു എന്നാണ് പറയുന്നത്. എത്രയൊക്കെ ബോധവൽക്കരണം നടത്തിയിട്ടും കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചു. നിയോ കൊളോണിയല്‍ തന്ത്രമായ ‘ഉപയോഗ ശേഷം വലിച്ചെറിയുക’ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. മുതലാളിത്ത രാജ്യങ്ങള്‍ അമിതമായി ഉപയോഗിക്കുകയും തൽഫലമായുണ്ടാവുന്ന മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് വിവിധ തന്ത്രങ്ങളിലൂടെ പുറം തള്ളുകയുമാണ്. ഇത്തരം പ്രവൃത്തികൾക്കെതിരെ പല രാജ്യങ്ങളുടെയും പ്രതിഷേധങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ നിര്‍മാണത്തിലും സംസ്കരണത്തിലും അപകടകരമായ വിഷാംശങ്ങള്‍ പുറത്തു വിടുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്ലാസ്റ്റിക് വ്യവസായത്തെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ – പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും ആരും ഗൌരവത്തില്‍ എടുത്തിട്ടില്ല. കച്ചവടത്തിന്റെ കാര്യത്തിലും ക്രമാതീതമായ വളർച്ചയാണ് ഉണ്ടാകുന്നത്. 2023ൽ ആഗോള പ്ലാസ്റ്റിക് വിപണിയുടെ മൂല്യം 712 ബില്യൺ യുഎസ് ഡോളറായിരുന്നു. 2023 മുതൽ 2033 വരെയുള്ള പ്രവചന കാലയളവിൽ നാല് ശതമാനം സിഎജിആർ രജിസ്റ്റർ ചെയ്ത്, 2033 ഓടെ പ്ലാസ്റ്റിക് വിപണി 1,050 ബില്യൺ യുഎസ് ഡോളറിലധികം മൂല്യത്തിൽ എത്തും എന്നാണ് പഠനങ്ങൾ പറയുന്നത്.

വിവിധ രാസമാലിന്യങ്ങളാലും മറ്റ് മലിനീകരണങ്ങളാ‍ലും നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മൂന്നാം ലോക രാജ്യങ്ങളിലും പ്ലാസ്റ്റിക്കിന്റെ വ്യാപനവും വ്യവസായവും അധികരിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഭൗമ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ നമ്മെ കൂടുതൽ ഭയപെടുത്തുന്നുണ്ട്. മനുഷ്യരുടെ നിരന്തരമായ ഇടപെടൽ മൂലം ഉണ്ടാകുന്ന മാലിന്യങ്ങളിൽ നിന്നും ഭൂമിയിൽ പ്ലാസ്റ്റിഗ്ലോമെറേറ്റ് (Plastiglomerate) എന്ന പാറകൾ രൂപപ്പെടുന്നുണ്ടത്രേ. പ്രകൃതി നൽകിയ സംഭാവനയല്ല ഇത്, പകരം മനുഷ്യന്റെ വലിച്ചെറിയൽ ശീലത്തിന്റെ ഭാഗമായി ഉണ്ടായി വന്നതാണ്. കടലിലാണ് ഇത്തരം സാധ്യതകൾ കൂടുതൽ കണ്ടുവരുന്നത്. മനുഷ്യർക്ക് എല്ലാതരം മാലിന്യങ്ങളും വലിച്ചെറിയാനുള്ള പ്രധാന ഇടമാണല്ലോ കടൽ. 14 മില്യൺ ടണ്ണിലധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് വർഷാവർഷങ്ങളിൽ കടലിൽ തള്ളുന്നത് എന്നാണ് കണക്കുകൾ പറയുന്നത് പറയാത്ത കണക്കുകൾ വേറെയും ഉണ്ടാകും. ചിലയിടങ്ങളിൽ പ്ലാസ്റ്റിക് ദ്വീപുകൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചിപ്പികൾ, മൺതരികൾ, ചെളി, പാറക്കഷണങ്ങൾ എന്നിവ കൂടിചേർന്ന് ചൂടിനാൽ ഒരു പാറപോലെ രൂപപ്പെടുന്നതിനെയാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്ന് പറയുന്നത്. നാളെ വെട്ടുകല്ലുകൾക്ക് പകരം ഇത്തരം പാറകൾ ഖനനം ചെയ്‌തെടുക്കുന്ന കാലം വിദൂരമല്ല.

പ്ലാസ്റ്റിക് എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ് ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000 വര്‍ഷം മുതല്‍ 5000 വരെയാണ്. നിര്‍ഭാഗ്യ വശാല്‍ നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറി ക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന, സൂക്ഷിക്കുന്ന, പാകം ചെയ്യുന്ന ഉപകരണങ്ങൾ വരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഇവ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് വ്യാപനത്തിനു പിന്നില്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കുള്ള സ്വാധീനം ചെറുതല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അങ്ങനെ കുത്തക കമ്പനികളുടെ മരുന്ന് വ്യവസായം കൊഴുക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷ ത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും. 1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ കാരണങ്ങളിൽ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവ കൂടാതെ ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍, 135 സംയുക്തങ്ങളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209 സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു, മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകം ചെകുത്താന്‍ തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി.വി.സി പൈപ്പിലും (പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തിനുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍ സാധ്യത വളരെയധികമാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതിനാലാണിത്. കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ് കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കളടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ രാസ വസ്തുക്കള്‍ ദീര്‍ഘ കാലം ശരീരത്തില്‍ തന്നെ നില നില്‍ക്കുന്നതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യരാശിയെ ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാ‍ന്‍ ഉപയോഗിക്കുന്ന ‘ബൈസനോള്‍ എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെന്നതിനാല്‍ ഈ രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുക്കളേയും , കുട്ടികളേയും പ്രതികൂലമായി ബാധിക്കും. ഇതിന്റെ പ്രവർത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം. താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍ കുട്ടികളിലാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക. പുരുഷന്മാരില്‍ ഈ വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണമാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍ പറയുന്നത്.
ചെലവ് കുറവും, ഭാര ക്കുറവും പ്ലാസ്റ്റിക്കിന് ഏറെ സ്വീകാര്യത നേടി കൊടുത്തു. മനുഷ്യജീവിതത്തിന്റെ വേഗത വര്‍ധിച്ചതും ഭക്ഷണ ക്രമം ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിയതും പ്ലാസ്റ്റിക് വ്യാപനത്തിന് കാരണമായി. ഇതു മൂലം മൈക്രോൺ അളവിൽ കുറവു വന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കാനും ഉപയോഗ ശേഷം വലിച്ചെറിയാനും തുടങ്ങി. ഭൂമിയില്‍ മാലിന്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യ ശരീരത്തില്‍ ഡയോക്സിന്‍, ഫുറാന്‍, താലേറ്റ് പോലുള്ള വിഷങ്ങള്‍ അധികമാകാനും ഇത് കാരണമായി.. ഏറ്റവും സാധാരണമായി ഉപയോഗിച്ചു വരുന്ന പാര്‍സല്‍ പാത്രങ്ങളുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കില്‍ അടങ്ങിയ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ഇങ്ങനെ നിരന്തരം ധാരാളം വിഷം നമ്മുടെ ആമാശയത്തിലെത്തുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാത്രം മാലിന്യത്തെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തോടൊപ്പം ഭൂമിയേയും നാം മലിനമാക്കുന്നു. ഒട്ടു മിക്ക പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഇത്തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടം വരുത്തുന്നു. പ്ലാസ്റ്റിക്കിന്റെ ഉല്പാദനത്തിലും ഉപയോഗത്തിലും സംസ്കരണത്തിലും വിഷം മാത്രമാണ് പുറംന്തള്ളപ്പെടുന്നത്. എങ്കില്‍ ഉപയോഗത്തിന്റെ സുഖം മാത്രമോര്‍ത്ത് ഇത്തരം ഉല്പന്നങ്ങളെ ആശ്രയിക്കുന്ന മനുഷ്യന്റെ ചിന്തയെ പിന്തിരിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രകൃതിയുടെ
പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയും ഭൂമിയുടെ ജല സംഭരണത്തെയും വായു സഞ്ചാരത്തെയും ഇല്ലാതാക്കിയും പ്ലാസ്റ്റിക് നശിക്കാതെ ഭൂമിയില്‍ 5000 വര്‍ഷത്തോളം കിടക്കുന്നു. ഇതു മൂലം മണ്ണിനെ ഉപയോഗ ശൂന്യമാക്കി കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഈ ക്ലോറിനല്‍ മൂലകം പ്രവര്‍ത്തിക്കുന്നു. ഭൂമിക്ക് ഭാരമായി മാറി ക്കഴിഞ്ഞ ഈ പ്രശ്നത്തെ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭൂമി ഒരു വിഷ ഗോളമായി ചുരുങ്ങും. പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ അത്രയും വരും തലമുറയെയാണ് ബാധിക്കുക. ഇനിയും ഒരു ബദല്‍ സാദ്ധ്യതയെ പറ്റി നാം കാര്യമായി ചിന്തിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരം. ബദല്‍ മാര്‍ഗത്തിന് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയേണ്ടതുണ്ട്. എങ്കിലും വിഷമയമായ അന്തരീക്ഷത്തില്‍ നിന്നും രക്ഷനേടാന്‍ ബദല്‍മാര്‍ഗം കണ്ടെത്തിയേ തീരൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരിക, പ്ലാസ്റ്റിക് വ്യവസായത്തെയും വിപണനത്തെയും നിരുത്സാഹപ്പെടുത്തുക. പ്ലാസ്റ്റിക്കിന്റെ ദൂഷ്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തുക, മര, ലോഹ, തുണി യുല്‍പ്പന്നങ്ങളേയും അതിനോട് ബന്ധപ്പെട്ട കുടില്‍ വ്യവസായങ്ങളേയും പ്രോത്സാഹിപ്പിക്കുക.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ അതാത് ഭരണ കൂടങ്ങളും ജനങ്ങളും കൂട്ടായി ശ്രമിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്. ഇന്ന് പ്ലാസ്റ്റിക് പാറകൾ രൂപപ്പെട്ടു എങ്കിൽ നാളെ ഭൂമിതന്നേ ഒരു പ്ലാസ്റ്റിക് ഗോളമായാലും അത്ഭുതപ്പെടാനില്ല.
ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഫലമായി മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിൽ നാം കണ്ടു കഴിഞ്ഞു. ഈ ഭൌമദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്.
മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്രസഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാര കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളെയെ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.
ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു.

എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന സത്യം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ട് . എന്നാൽ ഭൂമിയെ കുറിച്ച് നമുക്ക് സംസാരിക്കാനോ ചിന്തിക്കുവാനോ നേരമേയില്ല എന്നതാണ് മറ്റൊരു പ്രശ്നം. പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്ന ‘പ്ലാസ്റ്റിക് മാലിന്യത്തെ ചെറുക്കുക’എന്ന ആശയം നമ്മളിൽ ഇടം നേടട്ടെ. ഈ ഭൗമദിനം ഇത്തരം ഓർമ്മപെടുത്തലുകൾക്കും പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന മലിനീകരണങ്ങൾ പരമാവധി ഇല്ലാതാക്കാം എന്ന തീരുമാനത്തിനും കാരണമാകട്ടെ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like