ഗ്രാമത്തിൽ കാട് എന്ന് പേരുള്ള
ഒരാളുണ്ടായിരുന്നു എന്റെ
കുട്ടിക്കാലത്ത്!
കാട് അയാളുടെ നിജമായ
പേരാണോ,
ഇരട്ടപ്പേരാണോ എന്ന്
ഞങ്ങൾ കുട്ടികൾക്കറിയില്ല!
കാടിന് വീടുണ്ടോ, ഭാര്യയും,
കുട്ടികളുമുണ്ടോ എന്നും
ചിന്തിച്ചില്ല!
കാടിനെ കാണാതെതന്നെ
കാടിനെ ഞങ്ങൾക്കറിയാം!
കാട് നടന്നുപോകുന്നതും,
കിടന്നുറങ്ങുന്നതും
സങ്കൽപ്പിക്കാൻ
ഞങ്ങൾക്കായി!
തലയിൽ നിറയെ മരങ്ങൾ,
വായയിൽ സിംഹം
കിടന്നുറങ്ങുന്നു!
കണ്ണുകളിൽ നിന്ന് പുഴകൾ
ഉത്ഭവിക്കുന്നു
ഒരുകൈയിൽ താഴ്‌വാരം
മറുകൈയിൽ പർവ്വതം
മുതുകിൽ പാറക്കൂട്ടങ്ങൾ
ഉടലാകെ മൃഗങ്ങളും,
ഇഴജീവികളും!

കാട് ഒരു മനുഷ്യനായിരുന്നു,
അയാൾക്ക്
ലോറിഓടിക്കലായിരുന്നു ജോലി
ഒരപകടത്തിൽ മരിച്ചു പോയി
എന്ന സത്യം എനിക്ക്
അസത്യമായി തോന്നുന്നു!
എന്റെ രജിസ്റ്റരിൽ
കാട് മരിക്കുന്നേയില്ല
കാട് മറ്റേതോ ഗ്രാമത്തിൽ
മാറിത്താമസിക്കുകയാകാം
കൂടുതൽ നിബിഡമായി,
കൂടുതൽ വന്യമായജീവിതം
തുടരുന്നുണ്ടാകും!
കാട് ലോറി ഓടിക്കുന്നത് ,
ചായക്കടയിലിരുന്നു ചായ
കുടിക്കുന്നത്
വെളിക്കിരിക്കാൻ പോകുന്നത്…
കാട് മനുഷ്യനാണ് എന്ന്
സ്ഥാപിക്കാനുള്ള
എല്ലാശ്രമങ്ങളും
പരാജയപ്പെടുമ്പോഴും
കാട് ഞങ്ങളുടെ ഗ്രാമത്തിൽ
ജീവിച്ചിരുന്ന മനുഷ്യനായിരുന്നു
എന്ന സത്യം നില നിൽക്കുന്നു!
കാട് ഒരു മിത്തായിരുന്നു എന്ന്
കരുതുമ്പോഴും,
കാട് ജീവിച്ചിരുന്നു,
കുടുംബമുണ്ടായിരുന്നു,
സുഹൃത്തുക്കളുണ്ടായിരുന്നു
എന്ന വസ്തുത നിലനിൽക്കുന്നു!
കാട് മനുഷ്യനായിരുന്നു
എന്നതിന്റെ
തെളിവുകളുണ്ടെങ്കിലും
തലയിൽ മരങ്ങളുള്ള
വായിൽ സിംഹം
ഉറങ്ങിക്കിടക്കുന്ന
രണ്ടുകണ്ണിൽ നിന്നും പുഴകൾ
ഉത്ഭവിക്കുന്ന ഒരു കാട്
മനുഷ്യൻ നടക്കും പോലെ
മുന്നിലൂടെ നടന്നു പോകുന്നത്
കണ്ടിരുന്നു എന്ന വിശ്വാസം
കളയാനാവുന്നേയില്ല.
വര : പ്രസാദ് കാനത്തുങ്കൽ
കവർ : ജ്യോതിസ് പരവൂർ