പൂമുഖം OPINIONഅഭിമുഖം മരതകദ്വീപിന്‍റെ കഥാകാരന്‍

മരതകദ്വീപിന്‍റെ കഥാകാരന്‍


രണ്ടായിരത്തി പതിനൊന്നിലെ മേയ് മാസത്തില്‍ ക്രിക്കറ്റും ശ്രീലങ്കയും നിറഞ്ഞു നില്‍ക്കുന്ന ‘ചൈന മാന്‍ ‘ എന്ന പുസ്‌തകം വായിച്ചിട്ട് ഞാന്‍ ഷെഹന്‍ കരുണ തിലക എന്ന എഴുത്തുകാരന് ഒരു ഫേസ് ബുക്ക്‌ മെസ്സേജ് അയച്ചു, ‘ചൈനമാന്‍ വായിച്ചു വളരെ ഇഷ്ടപ്പെട്ടു’ എന്ന്. ശ്രീലങ്കയുടെ കഥ പറയാന്‍ ഷെഹന്‍ ക്രിക്കറ്റ് എന്ന മാധ്യമം ഉപയോഗിക്കുകയായിരുന്നു ഈ പുസ്തകത്തില്‍. പ്രത്യക്ഷത്തില്‍ അല്ലാതെ കാലിക ശ്രീലങ്കന്‍ സമൂഹത്തിലെ പല കാര്യങ്ങളിലേക്കും ഈ നോവല്‍ വിരല്‍ ചൂണ്ടുന്നുണ്ട്.
ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ഇദ്ദേഹം കനകക്കുന്നു കൊട്ടാരത്തിന്‍റെ കോവളം സാഹിത്യോത്സവ വേദിയില്‍ സുരേഷ് മേനോനൊടൊപ്പം സൌമ്യനായി ഇരിക്കുന്നതു കണ്ടപ്പോള്‍, ‘മിതഭാഷിയായ ഒരു ശ്രിലങ്കന്‍ താടിക്കാരന്‍’ എന്ന് ഞങ്ങള്‍ സുഹൃത്തുകള്‍ തമ്മില്‍ പറഞ്ഞു. ചര്‍ച്ച തുടങ്ങി, തന്‍റെ പുസ്തകത്തെ പറ്റി അദ്ദേഹം സംസാരിക്കാന്‍ ആരംഭിച്ചതോടെ വേദി സജീവമായി. അന്ന് ഷെഹന്‍ ഇത്ര പ്രശസ്തനല്ല, ഡി എസ് സി സമ്മാനമോ, കോമണ്‍ വെല്‍ത്ത് സമ്മാനമോ നേടിയിട്ടില്ല, പുസ്‌തകം പ്രചാരത്തില്‍ ആകുന്നതേ ഉള്ളൂ. എന്നാലും ശ്രിലങ്കന്‍ ക്രിക്കറ്റ് രംഗത്ത് ഒരു മിന്നായം പോലെ വന്നു പോയ ഇടം കയ്യന്‍ സ്പിന്നര്‍ ആയ സാങ്കല്‍പ്പിക ക്രിക്കറ്റ് കളിക്കാരന്‍റെ ദുരൂഹമായ തിരോധാനം അന്വേഷിച്ചിറങ്ങുന്ന വിജെ കരുണസേന എന്ന കുടിയനും വയസ്സനുമായ സ്പോര്‍ട്സ് ലേഖകനെ അവതരിപ്പിക്കാന്‍ ഈ ചെറുപ്പക്കാരന്‍ തന്‍റെ ജീവിതത്തിന്‍റെ ഏതാനും വര്‍ഷങ്ങള്‍ തന്നെ മാറ്റി വച്ച് ഗവേഷണം നടത്തി എന്ന് കേട്ടപ്പോള്‍ തോന്നി, വെറുതെയല്ല ഈ പുസ്‌തകം ഇത്രയും ശക്തമായത്‌.
ഷെഹന്‍ പരസ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്, വാക്കുകളുടെ ആ ബലം, കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍ ഒക്കെ വരുന്നത് അവിടെ നിന്നാകണം.ഈ കൊളംബോകാരന്‍ ഉദ്യോഗവശാല്‍ ഇപ്പോള്‍ ജീവിക്കുന്നത് സിങ്കപൂരിലും. എങ്കിലും പുസ്‌തകം ലോകം ശ്രദ്ധിക്കുന്ന വിജയം ആവുകയും, കൂടുതല്‍ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഷെഹന്‍ ഇപ്പോള്‍ ലോകം ചുറ്റുന്ന എഴുത്തുകാരന്‍ ആയിരിക്കുന്നു. ഏറ്റം ഒടുവിലായി, ഇംഗ്ലീഷില്‍ എഴുതുന്ന ഏതു ഏഷ്യന്‍ എഴുത്തുകാരനും ആഗ്രഹിക്കുന്ന അമേരിക്കന്‍ എഡിഷന്‍ ആണ് പുറത്തു വന്നിട്ടുള്ളത്. ഷെഹന്‍ മലയാളനാടിനോട് സംസാരിച്ചത് ഇങ്ങനെയാണ്.

ഷെഹൻ കരുണ തിലക


മലയാളനാട്: പരസ്യ രംഗത്തെ പ്രവര്‍ത്തനം താങ്കളുടെ എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത് എങ്ങനെയാണ്?


ഷെഹന്‍ കരുണതിലക : കുറച്ചു സമയത്തിനുള്ളില്‍ ഒരുപാട് ആശയങ്ങള്‍ കണ്ടുപിടിക്കാന്‍ പരസ്യത്തിനുള്ള എഴുത്ത് നമ്മളെ ശീലിപ്പിക്കുന്നുണ്ട്. കഥകള്‍ തേടിപ്പോകുമ്പോള്‍ ഇതൊരു നല്ല ശീലമാണ്. ചെറിയ, കുറിക്കു കൊള്ളുന്ന വാചകങ്ങള്‍ എഴുതാന്‍ ഇത് നമ്മളെ പഠിപ്പിക്കുന്നു. എന്നാല്‍ ഒരു നോവല്‍ എഴുതുമ്പോള്‍ ഈ ശീലം മാറ്റണം എന്ന് തോന്നുന്നു. ഫിക്ഷന്‍ എന്നാല്‍ നുണയുടെ കുപ്പായം അണിഞ്ഞ വാസ്തവം ആണെങ്കില്‍ പരസ്യങ്ങള്‍ ആ നാണയത്തിന്‍റെ മറുവശമാണ്, നുണ ഇവിടെ സത്യത്തിന്‍റെ കുപ്പായം അണിഞ്ഞു നില്‍ക്കുകയാണ്. എനിക്കൊരു ജീവിതമാര്‍ഗം തന്നതിന് ഈ നുണകളോട് എനിക്ക് നന്ദിയുണ്ടെങ്കിലും, ഞാന്‍ അവയില്‍ നിന്ന് വര്‍ഷങ്ങളായി രക്ഷപെടാന്‍ ശ്രമിക്കുകയാണ് എന്നതാണ് സത്യം.


മലയാളനാട്: താങ്കള്‍ കഥയും കവിതയും യാത്ര വിവരണവും നോവലും ഒക്കെ എഴുതുന്നുണ്ട്, ഇതില്‍ എന്ത് എഴുതുന്നതിനോടാണ് വാസ്തവത്തില്‍ കമ്പം?


ഷെഹന്‍ കരുണതിലക :നോവല്‍ എഴുതുന്നത്‌ നീണ്ടതും ശ്രമകരവുമായ ഒരു പ്രക്രിയ തന്നെയാണ്. എന്നാലും ഏറ്റം സംതൃപ്തി തരുന്നതും അത് തന്നെ, പ്രത്യേകിച്ച് കഥയുടെ താളം കണ്ടു തുടങ്ങുമ്പോള്‍. പാട്ടുകള്‍ എഴുതുന്നത്‌ എനിക്കിഷ്ടമാണ്, സംഗീതം എന്നാല്‍ ഏറ്റവും ഉള്ളില്‍ നിന്ന് വരുന്ന ഒരു കലയായാണ് എനിക്ക് തോന്നീട്ടുള്ളത്, അതില്‍ ഞാന്‍ അല്പം കൂടി മിടുക്കന്‍ ആയിരുന്നെങ്കില്‍ എന്ന് ആശിക്കാറുണ്ട്.


മലയാളനാട്: നോവല്‍ എഴുതിക്കഴിഞ്ഞാല്‍ എഴുത്തുകാരന്‍ വളരെ ചുരുക്കമായേ ചെറുകഥ എഴുതാറുള്ളൂ..എന്താണ് ഇതിനെ പറ്റി പറയാനുള്ളത്?


ഷെഹന്‍ കരുണതിലക :ചെറുകഥ എന്ന സാഹിത്യ രൂപം വളരെ ശ്രമകരമായ ഒന്നാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ ചുരുക്കം പേര്‍ക്കേ ഇവ രണ്ടും ഒരേ പ്രതിഭയോടെ കൈകാര്യം ചെയ്യാന്‍ കഴിയാറുള്ളൂ. ഇവിടെ ടെസ്റ്റ്‌ മാച്ച് ട്വന്‍റി-ട്വന്‍റി എന്ന ഒരു താരതമ്യം ഞാന്‍ മന::പൂര്‍വം ഒഴിവാക്കുകയാണ്, നോവലിനെ ടെസ്റ്റ്‌ മാച്ചിനോടു ഉപമിച്ചാലും ട്വന്‍റി ട്വന്‍റി യെക്കാളും വളരെ വളരെ ഉന്നതങ്ങളില്‍ നില്‍ക്കുന്ന ഒരു സാഹിത്യ രൂപമാണ് ചെറുകഥ. ഒരുപക്ഷെ കൂടുതല്‍ നോവലിസ്റ്റുകള്‍ ചെറുകഥ എഴുതാത്തതിന്‍റെ പിന്നിലെ കാരണം കലയെക്കാളും ഇക്കണോമിക്സ്‌ തന്നെയാകാം. നല്ല ചെറുകഥകള്‍ വായിക്കാന്‍ എനിക്ക് ഇഷ്ടമാണ്, ഒരിക്കല്‍ ഞാനും അത് ധാരാളമായി എഴുതണം എന്ന് കരുതുന്നു.


മലയാളനാട്: ചൈനമാന്‍ പ്രസിദ്ധീകരിക്കാന്‍ ഉണ്ടായ ശ്രമങ്ങളെ പറ്റി അല്പം പറയാമോ? ആ പുസ്തകത്തിന്‌ അഭിച്ച പ്രതികരണങ്ങളും?


ഷെഹന്‍ കരുണതിലക : നല്ല ചെറുകഥ ആയേയ്ക്കാവുന്ന ഒരാശയം എനിക്ക് തോന്നിയതാണ് പിന്നീട് ചൈനമാന്‍ ആയത് . ലോക റിക്കാര്‍ഡുകള്‍ ഭേദിച്ച മഹാനായ ഒരു ശ്രിലങ്കന്‍ ക്രിക്കറ്റ് കളിക്കാരന്‍ പെട്ടെന്ന് തിരശീലയ്ക്കു പിന്നിലേക്ക്‌ മറയുകയാണ്. ഇദ്ദേഹത്തിന്‍റെ കരിയര്‍ വിഷയമാക്കി ഒരു കഥ എന്നും രാവിലെ ജോലിക്ക് പോകും മുമ്പ് ആറു മാസത്തോളം എഴുതി വന്നപ്പോള്‍ ആ ചെറുകഥ വളര്‍ന്നു എണ്‍പത് പേജില്‍ എത്തി നിന്നു.
അങ്ങനെ ഞാന്‍ പരസ്യ രംഗത്തെ എന്‍റെ ജോലി രാജി വച്ച് രണ്ടു കൊല്ലം മുഴുവനായും ക്രിക്കറ്റ് മാച്ചുകള്‍ കാണുകയും, മദ്യപാനികളെ ഇന്‍റര്‍വ്യു ചെയ്യുകയും കൂടെ എഴുതുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ അത് ഒരു മുഴുവന്‍ കഥ ആയപ്പോള്‍ എനിക്ക് അത് കൊള്ളാം എന്നു തോന്നി. പക്ഷെ അത് മറ്റാര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ എന്നു എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ ശ്രീലങ്കയിലെ അനേകം എഴുത്തുകാര്‍ ചെയ്യുന്നത് പോലെ നോവല്‍ സ്വയം പ്രസിദ്ധീകരിച്ചത്. അവിടെ പുസ്തക പ്രസിദ്ധീകരണം അത്ര ചെലവുള്ള സംഗതിയല്ല. ഇത് നടന്നത് രണ്ടായിരത്തി എട്ടിലാണ്. അതിനു തൊട്ടു മുന്നേ ഞാന്‍ സിങ്കപ്പൂരിലേക്ക് ഉദ്യോഗത്തിനായി ചേക്കേറി.
ശ്രീലങ്കക്ക് പുറത്ത് ഈ പുസ്‌തകം പ്രസിദ്ധീകരിക്കപ്പെടുക എന്ന ബോണസ് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. എന്നാലും വര്‍ഷം നാലോ അഞ്ചോ പ്രസാധകര്‍ക്ക് ഞാന്‍ ഇത് അയച്ചു കൊടുത്തുകൊണ്ടിരുന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനു ശേഷം Galle Fest ല്‍ വച്ച് ഞാന്‍ അമിത് വര്‍മയെ പരിചയപ്പെട്ടു, അദ്ദേഹം എനിക്ക് കുറെ ഇന്ത്യന്‍ പ്രസാധകരുടെ മേല്‍വിലാസം തന്നു. അവരില്‍ ഒരാള്‍, ചിക്കി സര്‍കാര്‍ എന്ന പ്രസാധക, എന്‍റെ പുസ്‌തകം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ എഴുതി വച്ചിരുന്നതില്‍ നിന്നും ഏതാണ്ട് നൂറു പേജ് അവര്‍ എടുത്തു മാറ്റി, ബാക്കി ഉള്ള ഭാഗത്തെ ബോറടിക്കുന്ന ശകലങ്ങള്‍ വെട്ടിക്കളഞ്ഞു എന്നിട്ട് അവര്‍ ഈ പുസ്‌തകം പുറം ലോകത്ത് എത്തിച്ചു. അവര്‍ കാരണമാണ് ഈ സംഭാഷണം നമ്മള്‍ നടത്തുന്നത് തന്നെ. നമ്മള്‍ ശ്രമിച്ചു കൊണ്ടിരുന്നാലെ പറ്റൂ. അല്ലാതെ മിക്ക പുസ്തകങ്ങളും വെളിച്ചം കാണുകയില്ല.
പ്രതികരണങ്ങളെ പറ്റി ആലോചിച്ചാല്‍, ഞാന്‍ പുസ്‌തകം ശ്രീലങ്കയില്‍ പുറത്തു വരുന്നതിനു തൊട്ടു മുന്‍പായി സിങ്കപ്പൂരിലേക്ക് കൂട് മാറി. ശ്രീലങ്കയിലെ ആളുകള്‍ വിശേഷിച്ചും ക്രിക്കറ്റ് ആരാധകര്‍ പത്രപ്രവര്‍ത്തകന്‍ വിജെയുടെ ലങ്കന്‍ കാഴ്ചപ്പാടിനെ കുറിച്ച് അമര്‍ഷം കൊള്ളുമോ എന്നു ഞാന്‍ ഭയന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളും പ്രതികരണങ്ങളും ഒക്കെ വളരെ ഗംഭീരമായിരിക്കുന്നു. Michael Ondaatje, Mohammed Hanif തുടങ്ങിയവര്‍ പുസ്തകത്തെ പറ്റി നല്ല പ്രതികരണം പറഞ്ഞു. നോവല്‍ ക്രിക്കറ്റിനെ പറ്റി അല്ല എന്നും, അതില്‍ ഒരു അടിയൊഴുക്കുണ്ട് എന്നും വായനക്കാരന്‍ മനസ്സിലാക്കിയിരിക്കുന്നു. എനിക്കേറ്റം ഇഷ്ടമായത്, ക്രിക്കറ്റിനെ പറ്റിയോ ശ്രീലങ്കയെ പറ്റിയോ ഒന്നും അറിയാത്ത ആളുകള്‍ പുസ്‌തകം ആസ്വദിച്ചതായി പറയുമ്പോഴാണ് .


മലയാളനാട്: ഇന്നത്തെ ശ്രിലങ്കന്‍ സാഹചര്യവുമായി എത്രത്തോളം താദാത്മ്യം പ്രാപിക്കാന്‍ ആവുന്നുണ്ട്‌?


ഷെഹന്‍ കരുണതിലക : ഒരു എഴുത്തുകാരന് താമസിക്കാന്‍ ഏറ്റം പറ്റിയ ഇടമാണ് ശ്രീലങ്ക, അവിടെ ഇതുവരെ പറയാത്ത കഥകളുടെ ഒരു സ്വര്‍ണ ഖനി തന്നെയുണ്ട്‌. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മേല്‍ പ്രായമുള്ള മിത്തുകള്‍, ഞങ്ങളുടെ കൊളോണിയല്‍ ഭൂതകാലം, മുപ്പതു വര്‍ഷമായി നടക്കുന്ന ആഭ്യന്തര യുദ്ധം, ഞങ്ങളുടെ മാര്‍ക്സിസ്റ്റ്‌ വിപ്ലവങ്ങള്‍ , ഞങ്ങളുടെ രാഷ്ട്രീയം, സുനാമി, അല്ലെങ്കില്‍ ക്രിക്കറ്റ്…ചെറിയ ഒരു രാജ്യമാണ് ഞങ്ങളുടേത്.. എന്നാലും വിസ്മയകരമായ വൈചിത്ര്യങ്ങള്‍ നിറഞ്ഞത്‌.


മലയാളനാട്: നിങ്ങളുടെ ശൈലി വളരെ വ്യത്യസ്തമായ ഒന്നാണ് എന്ന് പറയുന്നുണ്ട്. ഇത് ഈ നോവലിന് വേണ്ടി സ്വീകരിച്ച ഒന്നാണ്, എന്നു പറയാമോ?


ഷെഹന്‍ കരുണതിലക : ഒരു മദ്യപാനിയെ കൊണ്ട് കഥ പറയിക്കുക എന്ന തീരുമാനം ആണെന്ന് തോന്നുന്നു ഈ പുസ്തകത്തിന്‌ വാസ്തവത്തില്‍ ജീവന്‍ കൊടുത്തത്. ആ വോയ്സ് ഞാന്‍ സ്വീകരിച്ചതോടെ കഥ സ്വയം ഒഴുകാന്‍ തുടങ്ങുകയായിരുന്നു. എന്‍റെ പുതിയ നോവലില്‍ ഞാന്‍ ഇങ്ങനെ മറ്റൊരു വോയ്സ് പരീക്ഷിക്കുകയാണ്. കഥ പറയുന്നതില്‍ ഏറ്റവും രസമുള്ള കാര്യം ഇങ്ങനെ പല തരം വോയ്സ് പരീക്ഷിക്കുന്നത് തന്നെയാണ്.


മലയാളനാട്: അവാര്‍ഡുകള്‍ക്ക് ശേഷം എന്ത് തോന്നുന്നു?


ഷെഹന്‍ കരുണതിലക : ഞാന്‍ ചൈനമാന്‍ എഴുതുമ്പോള്‍ അത് ശ്രീലങ്കക്ക് പുറത്തു വെളിച്ചം കാണും എന്ന് കൂടി കരുതിയതല്ല. ഗല്ലെയിലും കാണ്ടിയിലും പിന്നെ പരിഭാഷ ചെയ്യപ്പെടുകയാണെങ്കില്‍ ശ്രീലങ്കയുടെ മറ്റു ഭാഗങ്ങളിലും ആളുകള്‍ വായിക്കും എന്ന് മാത്രമാണ് കരുതിയിരുന്നത്. ഇന്ത്യയില്‍ ഇത് പ്രസിദ്ധീകരിക്കപ്പെടുന്നത് തന്നെ ഒരു സ്വപ്ന സാക്ഷാത്കാരം ആണ്, ലോകത്തിലേക്ക്‌ ഈ പുസ്‌തകം എത്തുകയെന്നാല്‍, സ്വപ്നത്തിനും അപ്പുറത്ത് തന്നെയാണ്.
അവാര്‍ഡുകള്‍ എന്നെ വിനയാന്വിതന്‍ ആക്കുന്നു. അവിശ്വസനീയം. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ച കാര്യങ്ങളേ അല്ല. ഒരു അപരിചിതന്‍റെ സമ്മാനം പോലെയൊക്കെ തോന്നുന്നു. കുറെ ഭാഗ്യം, പിന്നെ അതില്‍ കൂടുതലൊക്കെ അവാര്‍ഡ്‌ പോലത്തെ കാര്യങ്ങളില്‍ വായിച്ചെടുക്കുന്നത് അപകടമാണ് എന്നു തോന്നുന്നു. പുസ്‌തകം കൂടുതല്‍ പേര്‍ വായിക്കും, പുസ്തകത്തെ പറ്റി കൂടുതല്‍ എഴുത്തുകള്‍ ഉണ്ടാകും, ബയോഡാറ്റയില്‍ ഒരു വരി കൂടി കയറും, പിന്നെ അവാര്‍ഡിന്‍റെ കൂടെ ഉള്ള തുക എപ്പോഴും പ്രയോജനപ്പെടും, എന്നാല്‍ അവാര്‍ഡിന് വേണ്ടി എഴുതുന്നത്‌ ഒരു വല്ലാത്ത ഏര്‍പ്പാട് തന്നെയാണ്. അത് ചെയ്യുന്നവന്‍റെ തൂലിക എടുത്തു മാറ്റണം.


മലയാളനാട്: ക്രിക്കറ്റില്‍ താത്പര്യം ഉണ്ടോ?


ഷെഹന്‍ കരുണതിലക :അത്രക്കൊന്നുമില്ല. തൊണ്ണൂറ്റി ആറിലെ ശ്രിലങ്കന്‍ വിജയത്തിന് ശേഷം ഇവിടെ എല്ലാരും താല്പര്യം ഉള്ളവരാണ്. ഞാന്‍ അത്ര ക്രിക്കറ്റ് ഭ്രാന്തനൊന്നും അല്ല. എന്നാല്‍ നോവല്‍ എഴുത്ത് നടന്ന രണ്ടു കൊല്ലം ഞാന്‍ ക്രിക്കറ്റ് വളരെ ശ്രദ്ധിച്ചിരുന്നു.


മലയാളനാട്: ചൈനമാന്‍ എത്രത്തോളം സത്യമാണ്?


ഷെഹന്‍ കരുണതിലക :പ്രദീപ്‌ മാത്യുവിന്‍റെ പേര് ഒഴികെ എല്ലാം സത്യം തന്നെ.


മലയാളനാട്: അടുത്ത സംരംഭം?


ഷെഹന്‍ കരുണതിലക : അതേ…… മറ്റൊരു നോവല്‍, ശ്രീലങ്കയില്‍ തന്നെ സംഭവിക്കുന്ന എന്നാല്‍ ചൈനമാനില്‍ നിന്നും വളരെ വിഭിന്നമായ ഒരു നോവല്‍. ഇതിനായി ഇപ്പോള്‍ ഗവേഷണം നടത്തുകയാണ്. ഒന്ന് രണ്ടു കൊല്ലം കൊണ്ട് തീരണം.


മലയാളനാട്: ചൈനമാനിനു മുമ്പും, പിമ്പും ജീവിതം എങ്ങനെ വ്യത്യസ്തമായി?


ഷെഹന്‍ കരുണതിലക : ചൈന മാനിനു ശേഷം ഞാന്‍ തിരിച്ച് ജോലിക്ക് പോയി. തല പെരുത്ത അവസ്ഥയായിരുന്നു എനിക്ക്, ബാങ്ക് അക്കൌണ്ടില്‍ ഒരു ചില്ലി കാശില്ല. സിങ്കപ്പൂര്‍ പോലെ ഒരിടത്തെ ജീവിതച്ചെലവു താങ്ങാന്‍ ഒരു മുഴുവന്‍ സമയ എഴുത്തുകാരന് സാധിക്കാത്തതു കാരണം ഇടയ്ക്കു പരസ്യ എജന്‍സികള്‍ക്കും മാസികള്‍ക്കും വേണ്ടി ഞാന്‍ എഴുതാറുണ്ട്. വില്പന കണക്കുകള്‍ അവാര്‍ഡുകള്‍ ഇവയൊക്കെ എഴുത്തിനെ ബാധിക്കാവുന്ന ഒന്നാവരുത്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like