2024-ൽ മോദിയെയും ബിജെപിയെയും ഭരണത്തിൽ നിന്ന് ഇറക്കിവിടുക എന്ന ലക്ഷ്യത്തോടെ പ്രമുഖ പ്രതിപക്ഷകക്ഷികൾ ഐക്യനീക്കങ്ങൾ നടത്തിവരികയാണല്ലോ. പ്രധാനമായും കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, എൻ സി പി, ഡി എം കെ, എന്നീ കക്ഷികളാണ് പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കേന്ദ്രത്തിൽ ഭരണത്തിലേറിയാലും ഇല്ലെങ്കിലും, പ്രതിപക്ഷഐക്യം യാഥാർഥ്യമാവുകയാണെങ്കിൽ അതുകൊണ്ട് ഏറ്റവും കൂടുതൽ കോട്ടം സംഭവിക്കുന്നത് (അല്ലെങ്കിൽ പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാത്തത്) ഇടതുകക്ഷികൾക്കായിരിക്കും, പ്രത്യേകിച്ച് സി പി എമ്മിന്.
ബംഗാൾ, കേരളം, ത്രിപുര, എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടായിരുന്ന സി പി എം ഇപ്പോൾ കേരളത്തിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സി പി എമ്മിന് ഒരൊറ്റ സീറ്റ് പോലും നേടാനായില്ലെന്ന് പറഞ്ഞാൽ ചിത്രം വ്യക്തം. വോട്ടുശതമാനം ആകട്ടെ അഞ്ചിൽ താഴെ. ത്രിപുരയിലും ഏതാനും എം എൽ എ മാർ ഉണ്ടെങ്കിലും സി പി എം ഒരു പ്രബലശക്തി അല്ലാതായിക്കഴിഞ്ഞു. മാത്രമല്ല, ബംഗാളിൽ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസത്തിൽ, ബംഗാളികൾക്ക് സ്വാധീനമുള്ള ത്രിപുരയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള തത്രപ്പാടിലുമാണ് തൃണമൂൽ കോൺഗ്രസ്സ്. ആ ഒരു സ്ഥിതിയിൽ സി പി എമ്മിനെ മുന്നണിയിൽ എടുക്കുന്നതുകൊണ്ട് തൃണമൂൽ കോൺഗ്രസ്സിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ബംഗാളിലെ വമ്പിച്ച വിജയം മമതാ ബാനർജിക്ക് പ്രതിപക്ഷകക്ഷികൾക്കിടയിൽ താരപരിവേഷം തന്നെ നൽകിയിട്ടുണ്ട്. ഒരുപക്ഷെ മമതാ ബാനർജി അടുത്ത പ്രധാനമന്ത്രി ആയേക്കാമെന്ന പ്രതീക്ഷയിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിന് ഒറ്റയ്ക്ക് മത്സരിച്ചാൽ പോലും വമ്പിച്ച വിജയം നേടാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ട് ബംഗാൾ-ത്രിപുര സംസ്ഥാനങ്ങളിൽ ഇടതുപക്ഷം പ്രതിപക്ഷ ഐക്യനീക്കത്തിൽ ഒരു അധികപ്പറ്റാണ് എന്ന് പറയാം.

ഇനി കേരളത്തിലേക്ക് വന്നാലോ? കോൺഗ്രസ്സും സി പി എമ്മും തമ്മിൽ നീക്കുപോക്കെന്ന കാര്യം ചിന്തിക്കാൻ പോലും സാധിക്കുകയില്ല. അത് രണ്ടുകൂട്ടർക്കും ഒരുപോലെ ആത്മഹത്യാപരമായിരിക്കും. അതുകൊണ്ട് കേരളത്തിൽ എൽ ഡി എഫ് – യു ഡി എഫ് ദ്വന്ദങ്ങൾ തമ്മിലുള്ള മത്സരം തന്നെ 2024-ലും അരങ്ങേറാനുള്ള സാധ്യത മാത്രമേ ഞാൻ കാണുന്നുള്ളൂ. അതേസമയം 2019-ലെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് കേരളീയർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ നേരിട്ട് അധികാരത്തിൽ വരാൻ സാധ്യതയുള്ള .പാർട്ടിക്ക് വോട്ട് ചെയ്യാനാണ് സാധ്യത എന്നാണ്.
മുകളിൽ എഴുതിയതുപോലെ ബംഗാൾ, കേരളം, ത്രിപുര എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഇടതുകക്ഷികൾക്ക് നാമമാത്രമായ സാന്നിധ്യമേയുള്ളൂ. ബീഹാറിൽ ആർ ജെ ഡി യും തമിഴ് നാട്ടിൽ ഡി എം കെ യും സൗമനസ്യം കാണിച്ചാൽ ഒന്നോ രണ്ടോ സീറ്റുകൾ കിട്ടിയേക്കാം. അത്രമാത്രം.
അങ്ങനെ സി പി എമ്മും സഹ-ഇടതുകക്ഷികളും തങ്ങൾക്ക് കുറച്ചെങ്കിലും സ്വാധീനമുള്ള (കേരളം ഒഴികെയുള്ള) സംസ്ഥാനങ്ങളിൽ ഒന്നുകിൽ സ്വന്തം നിലയ്ക്ക് മത്സരിക്കുക, അല്ലെങ്കിൽ മറ്റ് കക്ഷികൾ വെച്ചുനീട്ടുന്ന നാമമാത്രമായ സീറ്റുകളിൽ മത്സരിക്കുക, എന്ന പരിതാപകരമായ സ്ഥിതിയിലാണ്. ഇതിൽ എന്തെങ്കിലും വിജയസാധ്യത ഉള്ളത് കേരളത്തിൽ മാത്രമാണ്. കേരള നിയമസഭയിൽ നേടിയ വിജയത്തിൽ അഭിരമിക്കാതെ ഇടതുകക്ഷികൾ സ്വയം ഒരു വിലയിരുത്തൽ നടത്താനുള്ള സമയം വൈകിയിരിക്കുന്നു. ദാരിദ്ര്യത്തിനും തൊഴിലില്ലായ്‌മയ്‌ക്കും യാതൊരു കുറവും ഇല്ലാഞ്ഞിട്ടും, വർഗ്ഗീയതയും ദളിത് പീഡനങ്ങളും വർദ്ധിച്ചിട്ടും, മുതലാളിത്തവും ചങ്ങാത്തമുതലാളിത്തവും അതിന്റെ എല്ലാ ദോഷവശങ്ങളോടും ഫണം വിടർത്തി ആടിയിട്ടും, എന്തുകൊണ്ടാണ് ഇടതുകക്ഷികൾക്ക് കേരളം ഒഴികെയുള്ള, പ്രത്യേകിച്ച് ഉത്തരേന്ത്യൻ, സംസ്ഥാനങ്ങളിൽ, വേരുപിടിക്കാൻ കഴിയാത്തത്? ഉത്തരേന്ത്യയിൽ ഭരണകക്ഷിയുടെ ആശീർവാദത്തോടെ അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെയും പോലീസ് തേർവാഴ്ചയ്‌ക്കെതിരെയും പോരാടുന്നവരിൽ എത്രപേർ സി പി എമ്മിനെയോ സി പി ഐയെയോ പ്രതിനിധീകരിക്കുന്നവരായുണ്ട്? സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനേയും ഡൽഹിയിലെ സോഷ്യലൈറ്റ് വൃന്ദത്തിന് പുറമെ എത്രപേർക്ക് അറിയാം?

നല്ല സ്വാധീനം ഉണ്ടായിരുന്ന ബംഗാളിലും, കുറച്ചെങ്കിലും സാന്നിധ്യമുണ്ടായിരുന്ന പഞ്ചാബിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും എന്തുകൊണ്ടാണ് ഇടതുകക്ഷികൾ അപ്രസക്തമായത്? എല്ലാ കുറ്റവും ജാതി രാഷ്ട്രീയത്തിന് മേൽ ചാർത്തിയിട്ട് കാര്യമുണ്ടോ? മറ്റേതൊരു സമയത്തേക്കാൾ ഇടതുകക്ഷികൾക്ക് ഇന്ത്യയിൽ പ്രസക്തിയുള്ള സമയമാണിത്. അതുകൊണ്ട് മയക്കം വിട്ട് ഉണർന്ന് ഇടതുകക്ഷികൾ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇടതുപക്ഷം ഭരണത്തിലേറിയില്ലെങ്കിലും ഒരു തിരുത്തൽ ശക്തിയായെങ്കിലും ഇന്ത്യയിൽ നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്നവരുടെ ആവശ്യമാണത്.