പൂമുഖം LITERATUREപുസ്തകം ബെന്യാമിന്റെ “ഇ എം എസും പെൺകുട്ടിയും “എന്ന കഥയെ കുറിച്ച്‌

ബെന്യാമിന്റെ “ഇ എം എസും പെൺകുട്ടിയും “എന്ന കഥയെ കുറിച്ച്‌

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ് ഇവിടെയാണ് ഇവിടെയാണ് ….”
ഏതൊരു വികസന സമൂഹത്തിൽ നിന്നുകൊണ്ടും അതിന്റെ ഗുണഫലമനുഭവിക്കുന്ന മനുഷ്യർക്ക് പറയാവുന്ന വാചകമാണത് . എന്നാൽ അതേ സമൂഹത്തിൽ ദുരിതമനുഭവിച്ച് ജീവിക്കുന്നവർക്ക് അതത്ര ആകർഷകമായ പ്രയോഗമായിരിക്കുകയുമില്ല.

കേരളത്തിന്റെ സാമൂഹ്യവികസനത്തെക്കുറിച്ചോ സാംസ്കാരിക ഘടനയെക്കുറിച്ചോ പറയേണ്ടി വരുമ്പോൾ ആവർത്തിക്കപ്പെടുന്നൊരു വാചകമുണ്ട് – ” കേരളം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുകാതം മുന്നിലാണ് “.വലിയ നഗരങ്ങളിലെ വരേണ്യജീവിതങ്ങളെ ഒഴിച്ചു നിർത്തിയാൽ കേരളത്തിന്, മറ്റ് ഇന്ത്യൻ ഭൂവിഭാഗങ്ങളുമായുള്ള വികസനാന്തരം അമ്പരപ്പുളവാക്കുന്നത്ര പ്രകടമാണ് എന്നും അത് ലോകത്തിലെ ഏറ്റവും വികസിതസമൂഹങ്ങളുമായി കിടപിടിക്കുന്നതാണെന്നും വിലയിരുത്തലുകൾ കാണാം. കുറഞ്ഞ വരുമാനത്തിന്മേലാണ് ഇത്രയും നേട്ടങ്ങൾ കേരളം കൈവരിച്ചത് എന്ന വസ്തുത ഗൗരവമായ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയെ അതിന്റെ അന്തസത്തയിൽ ഉപയോഗിക്കുവാനും , അതുവഴി ജീവിതഗുണത മെച്ചപ്പെടുത്താനും കെൽപ്പുള്ള ഒരു പൗരസമൂഹം ഇവിടെ ഉണ്ടായിവന്നു എന്നത് കേവലം യാദൃശ്ചികമല്ല, ചരിത്രപരമാണ്.

ഭാഷാസംസ്ഥാനമായി രൂപപ്പെടുന്നതിനുമുമ്പ്തന്നെ കേരളം സാമൂഹ്യമുന്നേറ്റത്തിന്റെ ആദ്യപടവുകൾ പിന്നിട്ടിരുന്നു . ജാതിവെറിക്കും അനാചാരങ്ങൾക്കുമെതിരായ പ്രക്ഷോഭങ്ങളും തത്ഫലമായി രാജാക്കന്മാരുടെ ഭാഗത്തുനിന്നുമുണ്ടായ ചില ഭരണപരിഷ്കാരങ്ങളും ചരിത്രത്തിൽ നമുക്ക് കാണാം. ആറാട്ടുപുഴ വേലായുധപ്പണിക്കർ, നാരായണഗുരു, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ , വൈകുണ്ഠസ്വാമി , സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കറുപ്പൻ എന്നിങ്ങനെ എത്രയോ പേരുകൾ മലയാളി എന്ന പദത്തെ അന്തസുറ്റതാക്കുന്നത് മറ്റൊന്നും കൊണ്ടല്ല. സമാനമായ ചില മുന്നേറ്റങ്ങൾ അക്കാലത്ത് ഭാരതത്തിന്റെ ഇതര പ്രദേശങ്ങളിലും നടന്നിരുന്നു. ഇവിടെയാണ് മലയാളി തികച്ചും വ്യത്യസ്തമായ ഒരു പിന്തുടർച്ചയ്ക്ക് അവകാശികളായി മാറിയത് . നവോത്ഥാനം പകർന്നുനൽകിയ ഊർജ്ജം മുന്നോട്ടുകൊണ്ടുപോകാൻ പ്രാപ്തമായ രാഷ്ട്രീയ നേതൃത്വം ഇവിടെ ഉയർന്നുവന്നു. ക്ഷേമരാജ്യ സങ്കൽപ്പത്തിന്റെ സാധ്യതകളെ ജനകീയമായി വിനിയോഗിച്ചുകൊണ്ട് നടന്ന രാഷ്ട്രീയപ്രക്രിയയാണ് കേരളത്തെ സമാനതകളില്ലാത്ത ജനവാസ കേന്ദ്രമാക്കി മാറ്റിയത്. ഭൂപരിഷ്കരണം,സൈലൻറ് വാലി പ്രക്ഷോഭം,സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം എന്നിങ്ങനെയുള്ള ചില നാഴികക്കല്ലുകൾ ചൂണ്ടിക്കാണിക്കാമെങ്കിലും ഇടതടവില്ലാതെ മുന്നോട്ടുപോകുന്ന ഒരുധാരയായി കേരളവികസനത്തെ കാണുന്നതാണ് കൂടുതൽ വസ്തുതാപരം. പിഴവുകൾ ഏറെ ചൂണ്ടിക്കാണിക്കാമെങ്കിലും ഈ അടിത്തറയിൽ നിന്നുകൊണ്ടാണ് മലയാളി വിശ്വപൗരനായി വളർന്നത്. മൈഗ്രേഷനടക്കമുള്ള ഏത് വികസനാനുഭവത്തെയും ഇതിന്റെ പശ്ചാത്തലത്തിൽ വിലയിരുത്താൻ കഴിയും. കുടിയേറ്റം എന്ന രാഷ്ട്രീയപ്രക്രിയയെ മലയാളിയെന്ന തോത് വെച്ചളന്നാൽ അത് ഏറെ കൗതുകകരമാണ്.

സ്വജീവിതം മെച്ചപ്പെടുത്താൻ പ്രവാസിയായ മലയാളിയും ( അതത്ര ആയാസരഹിതമൊന്നുമായിരുന്നില്ല) തങ്ങളുടേതല്ലാത്ത തീരുമാനങ്ങളാൽ അഭയാർത്ഥികളായിത്തീർന്ന മറ്റുചില വിഭാഗങ്ങളുടെ കുടിയേറ്റവും തമ്മിലുള്ള സംവാദത്തിലൂടെയാണ് ബെന്യാമിന്റെ “ഇഎംഎസും പെൺകുട്ടിയും” എന്ന കഥ ഇതൾ വിരിയുന്നത്. ഒന്ന് വികസന പ്രക്രിയയുടെ ഭാഗമായിരുന്നുവെങ്കിൽ മറ്റേത് പ്രാണരക്ഷാർത്ഥമുള്ള പ്രയാണമായിരുന്നു. പ്രവാസികളുടെ വീക്ഷണകോണിലൂടെ പറയപ്പെടുന്നകഥ ആറോളം രാജ്യങ്ങളുടെ ചരിത്രത്തെ പരാമർശിക്കുക വഴി അന്തർദേശീയ സ്വഭാവം കൈവരിക്കുന്നുണ്ട്. അതേസമയം തന്നെ ഇഎംഎസ് എന്ന സാന്നിധ്യത്തിലൂടെ മലയാളിയുടെ രാഷ്ട്രീയ വളർച്ച അടയാളപ്പെടുത്തുകയും ചെയ്യുന്നു.

ഒരു മദ്യപാനസദസ്സിൽ വച്ച് ജോസെന്ന പ്രവാസി തന്റെ സുഹൃത്തുക്കളോട് , തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്ന രീതിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. പ്രത്യുൽപാദനപരമായല്ല പ്രവാസിപ്പണം കേരളത്തിൽ വിനിയോഗിക്കപ്പെടുന്നതെന്നും മലയാളികളുടെ അലസ ജീവിതത്തിനത് കാരണമായിത്തീരുന്നു എന്നുമുള്ള സൂചനകൾ പശ്ചാത്തലത്തിലെങ്ങും കാണാം. ജോസ് കേരളത്തിന്റെ സവിശേഷമായ സാമൂഹ്യരാഷ്ട്രീയ ബോധത്തിലൂടെ കടന്നുവന്നയാളാണെന്ന് പറയാതെ പറയുന്നുണ്ട്. അയാളുടെ പ്രണയവും തുടർന്നുള്ള ജീവിതവും സ്വയം നിന്ദയോളം പോന്ന ശൈലിയിൽ പരിഹസിക്കപ്പെടുന്നുമുണ്ട്. അമേരിക്കയിൽ നേഴ്സായ ഭാര്യയെ ആശ്രയിച്ച്, വീട്ടുജോലിയും കുട്ടികളെ നോക്കലുമായി കഴിയുന്നയാളാണ് ജോസ് . ഒരു സായാഹ്നസവാരിക്കിടയിൽ അയാളുടെ കാറിനുള്ളിൽ കയറി ഒളിക്കുന്ന 16 വയസ്സുകാരിയായ പെൺകുട്ടിയാണ് പക്കാവൂ സയാംഗ് . കറുത്ത തൊലിയുള്ള തന്നെ ആക്രമിക്കാൻ വരുന്ന വർണ്ണവെറിയന്മാരെ പേടിച്ചാണ് അയാൾ കാർ പായിച്ചത്. യഥാർത്ഥത്തിൽ അത് ആ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ വന്ന സംഘമായിരുന്നു. കാമുകൻ വന്നു കൊണ്ടുപോകുന്നത് വരെ ജോസിന്റെ വീട്ടിൽ തങ്ങാൻ അനുവദിക്കണമെന്നവൾ ആവശ്യപ്പെടുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് വീട്ടുകാർ തന്നെ പിടിച്ചു കൊടുക്കുമെന്നവൾ പറയുന്നുണ്ട്. അനുതാപം തോന്നിയെങ്കിലും ജോസ് അവളെ പറഞ്ഞയക്കാനാണ് ശ്രമിക്കുന്നത്. തന്നെയയാൾ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് പരാതി നൽകുമെന്ന പെൺകുട്ടിയുടെ ഭീഷണിക്ക് മുന്നിൽ അയാൾക്ക് വഴങ്ങേണ്ടി വരുന്നു.

ഭാര്യ സിനിയുടെ കണ്ണിൽപ്പെടാതെ അവളെ ഒളിപ്പിക്കാൻ ജോസിന് ജീവന്മരണപോരാട്ടം തന്നെ നടത്തേണ്ടി വന്നു.ഒടുവിലവൾ കാമുകനോടൊപ്പം പോയപ്പോഴാണയാൾക്ക് ശ്വാസം നേരെവീഴുന്നത്. തന്റെ പേരവൾ ചോദിക്കുമ്പോൾ ശരിയായ പേര് പറയാനയാൾ ധൈര്യപ്പെടുന്നില്ല പകരം പറയുന്നത് ഇഎംഎസ് എന്നാണ്

കഥയിൽ ഇഎംഎസ് കടന്നുവന്നതിനെക്കുറിച്ച് ബെന്യാമിൻ പറയുന്നത് നോക്കാം. കഥയെഴുതി പലവട്ടം വായിച്ചു തിരുത്തലുകൾ വരുത്തിയതിന് ശേഷവും പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ കഥയായിട്ടാണ് തോന്നിയത് . പ്രസിദ്ധീകരണത്തിന് നൽകാതെ ഏറെനാൾ അങ്ങനെ കടന്നുപോയി. പിന്നീട് ആകസ്മികമായാണ് ഇഎംഎസ് ഒരു സാധ്യതയായി കഥയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം സിനി എന്ന കഥാപാത്രം കൂടി വന്നുതോടെ കഥയ്ക്ക് പുതിയൊരു മാനം കൈവന്നു. ഇഎംഎസ് എന്ന രാഷ്ട്രീയ ബിംബവും സിനിയെന്ന അരാഷ്ട്രീയ പ്രതിനിധാനവും തമ്മിലുള്ള സംഘർഷം കഥയെ നർമ്മത്തിന്റെ ആഖ്യാനത്തിനകത്തുപോലും വേദനിപ്പിക്കുന്ന അനുഭവമാക്കി തീർക്കുന്നു. പക്കാവൂ സയാംഗ് എന്ന16 കാരിയെത്തേടി മോംഗ് എന്ന സവിശേഷ വംശത്തിലേക്ക് ജോസ് നടത്തുന്ന യാത്രയാണ് കഥയുടെ കാതൽ. പക്കാവുവിന്റെ തിരോധാനം കേസാകുകയും ജോസിന് പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടി വരികയും ചെയ്തു. അവിടെവച്ച് പരിചയത്തിലായ പക്കാവുവിന്റെ കസിനിൽ നിന്നാണ് ജോസ് കാര്യങ്ങളുടെ നിജസ്ഥിതിയറിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥിസമൂഹമാണ് മോങ്കുകൾ. ചരിത്രത്തിൽ കൃത്യമായ രേഖപ്പെടുത്തപ്പെട്ട ഒരു പൂർവികദേശമവർക്കില്ലയെന്നതാണ് മറ്റഭയാർഥികളിൽ നിന്നവരെ വ്യത്യസ്തരാക്കുന്ന ഘടകം. രാജഭരണകാലത്ത് ചൈനയുടെ തെക്കൻപ്രവിശ്യയിൽ നിന്ന് ആട്ടി ഓടിക്കപ്പെട്ടവരാണ് എന്ന ചില ഭാഷ്യങ്ങളുണ്ട്. അന്ന് ചിതറി പോയവർ ഏറെയും ലാവോസ്, തായ്‌വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറി പാർത്തു. എന്നാൽ അവിടെയും വിവേചനങ്ങളും വേട്ടയാടലുമാണ് മോങ്കുകളെ കാത്തിരുന്നത്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ഇവരെ ചാവേറുകളായി ഉപയോഗിച്ചു. യുദ്ധാനന്തരം അമേരിക്കയിൽ പൗരത്വം നൽകാമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഹോചിമിന്റെ പോരാളികളുടെ പകയ്ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ടാണ് അമേരിക്ക പിൻവാങ്ങുന്നത്. എങ്ങോട്ടെന്നില്ലാത്ത പലായനങ്ങളും കൊടിയ യാതനകളുമാണ് പിന്നീടുള്ള അവരുടെ ചരിത്രം. അമേരിക്കയിൽ കുടിയേറിയ മോങ്കുകൾ അധമപൗരന്മാരായാണ് പരിഗണിക്കപ്പെടുന്നത്. സമൂഹം മാന്യമല്ലെന്ന് കരുതിപോരുന്ന ജോലികളും, കുറഞ്ഞകൂലി കിട്ടുന്ന തൊഴിലുകളും ചെയ്യാൻ നിർബന്ധിതരായി.
ചേരികളിൽ താമസിച്ചു . മയക്കുമരുന്ന് – സെക്സ് മാഫിയകൾക്കിരയായി.

ഭൂമിയിലെ സ്വർഗം എന്നൊക്കെ വാഴ്ത്തുന്ന അമേരിക്കൻ ജീവിതത്തിന്റെ ഇരുണ്ടവശങ്ങളെ ഓരോന്നായി കഥ അടയാളപ്പെടുത്തുന്നു. വംശീയത, യുദ്ധം, വർണവെറി, സ്ഥാപിത താല്പര്യത്തിനായി ആരെയും എന്തിനെയും ദുരുപയോഗം ചെയ്യാനും , ശേഷം നിഷ്ക്കരുണം വലിച്ചെറിയാനുമുള്ള പ്രവണത, പണക്കൊഴുപ്പിന് അപ്പുറമുള്ള യാതനനിറഞ്ഞ അരികുജീവിതങ്ങൾ ഇവയെല്ലാം ഏച്ചുകെട്ടില്ലാതെ കഥയിൽ കടന്നു വരുന്നു.
പകാവുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് താൻ തന്നെയാണെന്ന് കസിൻ ജോസിനോട് പറയുന്നുണ്ട്. അത് മോങ്കുകളുടെ വിവാഹാചാരങ്ങളുടെ ഭാഗമായിരുന്നു. അയാൾ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. അപ്രത്യക്ഷയായ പ്രണയിനിയെ അയാൾ കഥയിലുടനീളം തേടുന്നുണ്ട്. അമേരിക്കയിൽ ശക്തമായ പോർണോഗ്രഫി മാഫിയയ്ക്ക് പ്രിയപ്പെട്ട പ്രായമാണവൾക്ക് എന്നയാൾ ആശങ്കപ്പെടുന്നുണ്ട്. അയാളുടെ പേടിയെ സാധൂകരിക്കുന്ന അന്ത്യമാണ് കഥയ്ക്കുമുള്ളത് . കാമുകനെന്ന് പറയപ്പെടുന്ന യുവാവിനോടൊപ്പം പക്കാവൂ പോകുന്നിടത്തു വെച്ചിട്ടാണ് ജോസ് തന്റെ കഥ പറച്ചിൽ അവസാനിപ്പിക്കുന്നത്. പിന്നീട് അവൾ ജോസിനെ തേടി വന്നിട്ടില്ല. ബാക്കി കഥ പറയുന്നത് ജോസിന്റെ ഭാര്യ സിനി ആണ് . നർമ്മംകലർന്ന തന്റെ ശൈലിയിൽപോലും ദുരന്തത്തിന്റെ ചിത്രം പകരാൻ ജോസിന് കഴിയുന്നുവെങ്കിൽ സിനി പൂരിപ്പിക്കുന്ന കഥാബാക്കി അതിന്റെ അന്തസ്സാരശൂന്യത കൊണ്ട് കേൾവിക്കാരിൽ സ്തബ്ധത ആണുണ്ടാക്കുന്നത്. ജോസില്ലാത്ത നേരത്ത്, ആകെ മുഷിഞ്ഞ്, കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച , അവശയായൊരു പെൺകുട്ടി വന്നിരുന്നെന്നും’മിസ്റ്റർ ഈ .എം എസ് ഉണ്ടോ’യെന്ന് അന്വേഷിച്ചു എന്നുമാണ് സിനി കൂട്ടിച്ചേർക്കുന്നത്. ഇഎംഎസ് ആരെന്നറിയാത്ത അവൾ ആദ്യം അമ്പരക്കുന്നു. കേരളത്തിലെ പഴയൊരു രാഷ്ട്രീയനേതാവാണല്ലോയെന്ന് കഷ്ടപ്പെട്ട് ഓർത്തെടുക്കുന്നുണ്ട്. മരിച്ചുപോയ കേരളത്തിലെ രാഷ്ട്രീയനേതാവിനെത്തേടി അമേരിക്കയിലുള്ള തന്റെ വീട്ടിൽ ഒരു പെൺകുട്ടി വന്നതിലെ അസാംഗത്യമോർത്തവൾ ചിരിക്കുമ്പോൾ കേൾവിക്കാരായ ആ മദ്യപാനസദസ്സ് മൂകമായിരുന്നു. ഇവിടെ ബെന്യാമിൻ തന്റെ കഥ പറഞ്ഞവസാനിപ്പിക്കുന്നു . ഇത്തരമൊരു രംഗം ചില നിരീക്ഷണങ്ങൾക്ക് പ്രേരണ നൽകുന്നുണ്ട്.

മലയാളിയുടെ രാഷ്ട്രീയ- അരാഷ്ട്രീയ ദ്വന്ദങ്ങൾ തമ്മിലുള്ള സംഘർഷം തന്നെയാണ് ഇതിൽ പ്രധാനം. ചായക്കടയിലും ബാർബർഷോപ്പിലുമൊക്കെ രാഷ്ട്രീയം ചർച്ച ചെയ്തിരുന്ന പഴയകാലത്തിന്റെ കാലോചിതമായ എക്സ്റ്റൻഷനുകളായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെക്കാണാം. അത്തരമൊരു എക്സ്റ്റൻഷനായിട്ടാണ് മദ്യപാന സദസ്സിലെ കഥപറച്ചിലും അനുഭവപ്പെടുന്നത്. സാമൂഹ്യവിഷയങ്ങളെല്ലാം അവിടെ കടന്നുവരുന്നു. പക്ഷേ അവയുടെ ക്ലൈമാക്സ് തീരുമാനിക്കാനുള്ള രാഷ്ട്രീയകർതൃത്വം മലയാളിക്ക് ( കഥയിൽ ജോസിനും ) കൈമോശം വന്നിരിക്കുന്നു. പണവും അതുവഴി അധികാരവും കയ്യിലുള്ള ശക്തികളാണ് (കഥയിൽ സിനി) ഇന്ന് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് കഥ വിമർശനമുന്നയിക്കുന്നു. നമ്മുടെ ഇന്നേവരെയുള്ള സാമൂഹ്യ വികാസസങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമാണിത്. അതുകൊണ്ടുതന്നെ കഥയുടെ ഒന്നാംവായനയിൽ ആവേശം ജനിപ്പിക്കുന്ന ഇഎംഎസ് എന്ന ധാര പുനർവായനയിൽ വിപരീതമായ വികാരമാണ് ഉല്പാദിപ്പിക്കുന്നത്. നവോത്ഥാനത്തിന്റെ രാഷ്ട്രീയ തുടർച്ചയെ ആദ്യപകുതിയിൽ പ്രതിനിധാനം ചെയ്യുന്ന ഇഎംഎസ് എന്നനാമധേയം രണ്ടാംപകുതിയിൽ ദർപ്പണസ്വഭാവമാർജ്ജിക്കുന്നു. കേരളവികസനമാതൃകയുടെ സവിശേഷതയായിരുന്ന പുരോഗമനാശയങ്ങൾ ഒന്നൊന്നായി കൈവെടിയുന്ന അല്ലെങ്കിൽ കൈമോശംവരുന്ന ആധുനികമലയാളിയെ നമുക്കിവിടെ കാണാം. പക്കാവൂ സയാംഗ് എന്ന അശരണയായ അഭയാർത്ഥിക്ക് രക്ഷകനാകാനും തനിക്ക് തീർത്തും അപരിചിതമായിരുന്ന അവളുടെ ജീവിതത്തിലേക്ക് സഞ്ചരിക്കാനും മലയാളിയെ പ്രാപ്തമാക്കിയതെന്തോ, അതാണ് കൈമോശം വന്നിരിക്കുന്നത്. ചരിത്രബോധം നഷ്ടമായ എല്ലാസമരങ്ങൾക്കും ഉപരിപ്ലവമായേ പ്രവർത്തിക്കാൻ തരമുള്ളൂ എന്ന സിദ്ധാന്തത്തിൽ നിന്ന് ജീവിതമാകുന്ന സമരത്തിന് മാത്രം (സിനി എന്ന കഥാപാത്രത്തിനും) മാറിനിൽക്കാൻ ആകില്ല.

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം കെട്ടുകഥകളായേ തോന്നു ” എന്ന് ബെന്യാമിൻ അദ്ദേഹത്തിൻറെ ആടുജീവിതത്തിന്റെ അവതരണത്തിൽ പറയുന്നുണ്ട്. ആവാചകം കുറെക്കൂടി നന്നായി ഈ കൃതിക്കും ചേരും. എന്നാൽ തന്റേതല്ലാത്ത അനുഭവങ്ങളോടു പോലും ഒരുപരിധിവരെ താദാത്മ്യം പ്രാപിക്കാൻ മലയാളിയെ പരുവപ്പെടുത്തിയത് ആഴവും പരപ്പുമുള്ള വായനാനുഭവങ്ങളും അവയുടെ തന്നെ രാഷ്ട്രീയപ്രയോഗങ്ങളുമാണ്. വായിച്ചുവളർന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഗൗരവമായി വായിക്കപ്പെടുക, ചർച്ചകൾ നടക്കുക എന്നതൊക്കെ ഒരർത്ഥത്തിൽ വികസനചർച്ചകൾ തന്നെയാണ്. അത് കേരളത്തിന്റെ പുരോഗതിക്ക് അല്ലെങ്കിൽ പുനരുദ്ധാരണത്തിന് അനിവാര്യവുമാണ്. ഒട്ടേറെ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നുള്ള ചർച്ചകൾക്കും തിരുത്തലുകൾക്കുമായി എൻറെ വായനാനുഭവം നിങ്ങളുമായി പങ്കുവയ്ക്ക്കുന്നു

കവർ : സി പി ജോൺസൺ

Comments

You may also like