പൂമുഖം SPORTSകായികം പന്തുരുളാൻ ഇനി ഏതാനും ദിനങ്ങൾ

പന്തുരുളാൻ ഇനി ഏതാനും ദിനങ്ങൾ

20 ലക്ഷം ഹോട്ടൽ റൂം നൈറ്റ് ബുക്കിങ്, 13 ലക്ഷം സന്ദർശകർ, ദിവസവും 1100 വിമാനങ്ങൾ, ഓരോ 90 സെക്കന്റിലും ഭൂമിക്കടിയിലെ സ്റേഷനുകളിലൂടെ വിവിധ സ്റേഡിയങ്ങൾക്കരികിലൂടെ പായുന്ന മെട്രോ റെയിൽ, 4000 പുതു പുത്തൻ ബസ്സുകൾ, ഗിന്നസ്‌ ബുക്കിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് പാർക്കിങ് സ്റ്റേഷൻ.2 എയർപോർട്ട് ടെർമിനലുകൾ. കേരളത്തിന്റെ മൂന്നിലൊന്ന് പോലും വലിപ്പമില്ലാത്ത ഖത്തർ എന്ന കൊച്ചു രാജ്യം ലോകത്തെ ഏറ്റവും വലിയ കായിക മേളയിലേക്കു സന്ദർശകരെ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു

ഇനി ഒരു മാസം സ്‌കൂളുകൾക്ക് അവധി, ഗവണ്മെന്റ് ഓഫീസുകൾ രാവിലെ 7 മുതൽ 11 വരെ മാത്രം, അതിൽ തന്നെ 80 ശതമാനം സ്റ്റാഫും work from home ആയിരിക്കും. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കും, കളി കാണാനുള്ള ടിക്കറ്റും ഹയാ കാർഡുമുള്ളവർക്ക് ഫീഡർ ബസ് / മെട്രോ യാത്രകൾ സൗജന്യമാണ്. നഗരത്തിലെ ട്രാഫിക് സന്ദർശകരെ ബാധിക്കില്ലെന്ന് ചുരുക്കം.

ലോകകപ്പ് സ്മരണിക ആയി നിർമ്മിച്ച മന്ദിരം

ട്രാഫിക് നിയന്ത്രണങ്ങൾ വേറെയുമുണ്ട്. ഒറ്റ/ ഇരട്ട അക്ക നമ്പർ പ്ളേറ്റ് നിയന്ത്രണങ്ങൾ, കൊമേഴ്‌സ്യൽ രെജിസ്ട്രേഷനുള്ള വാഹനങ്ങൾക്ക് വിലക്ക് എന്നിങ്ങനെ. രാജ്യത്തിൻറെ ഒരെയൊരു കര മാർഗ്ഗമുള്ള അതിർത്തിയായ സൗദി ബോർഡറിൽ വലിയ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സൗദി അറേബിയ വഴി കര മാർഗ്ഗം വണ്ടിയോടിച്ചു വരുന്നവർക്ക് വാഹനം അവിടെ പാർക്ക് ചെയ്തു സൗജന്യമായി ഫിഫാ സ്‌പെഷൽ ബസ്സ്‌ സർവീസ് ഉപയോഗിച്ചു നഗരത്തിലേക്കെത്താം. സ്വന്തം വാഹനത്തിൽ തന്നെ രാജ്യാതിർത്തി കടക്കണമെങ്കിൽ വാഹനത്തിൽ കുറഞ്ഞത് മൂന്നു യാത്രക്കാർ ഉണ്ടാകണം. 5000 റിയാൽ ( ഒരു ലക്ഷം രൂപയിലധികം) നോൺ റീഫണ്ടബിൾ ഫീ ആയി നല്കണം. നഗരത്തിലെ വാഹനത്തിരക്ക് കഴിയുന്നത്ര കുറയ്ക്കാൻ തന്നെയാണ് ഇത്തരം നടപടികൾ

ലുസൈൽ ട്രാം സ്റ്റേഷൻ

രണ്ടു എയർപോർട്ടുകളിലും ലേ ഓവർ സോണുകൾ നിർമ്മിച്ചിട്ടുണ്ട്. നിങ്ങളുടെ മടക്ക ഫ്ളൈറ്റ് അൽപം വൈകിയാണെങ്കിൽ അല്ലെങ്കിൽ അതി രാവിലെയാണെങ്കിൽ കുറെ മണിക്കൂറുകൾക്ക് മാത്രം ആയി നിങ്ങൾക്ക് മറ്റൊരു രാത്രി കൂടി ഹോട്ടൽ റൂം ബുക്ക് ചെയ്യാതെ ഇത്തരം സോണുകളിൽ സമയം ചിലവഴിക്കാം. ലൈവ് ആയി കളി കാണാനുള്ള സൗകര്യവും ഫുഡ് ആൻഡ് ബിവറേജ് ഷോപ്പുകളും ഉണ്ടാകും ഇവിടെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഫാൻ സോണുകളും ഫാൻ വില്ലേജുകളും ഉയർന്നു കഴിഞ്ഞു, സംഗീത നിശകളും മറ്റു എന്റർടൈൻമെൻസും ഉണ്ടാകും ഇവിടങ്ങളിൽ

മെട്രോ സ്റ്റേഷൻ

ഇനി ഖത്തറിന് ഉറക്കമില്ലാത്ത രാത്രികൾ. എല്ലാ പ്രധാന ഷോപ്പിംഗ് മാളുകളും രാത്രി രണ്ടു മണി വരെ തുറന്നിരിക്കും. മെട്രോ റെയിൽ വെളുപ്പിനെ മൂന്നു മണി വരെ ഓടിക്കൊണ്ടേയിരിക്കും

വിവിധ രാജ്യങ്ങളുടെ ടീമുകൾ എത്തി തുടങ്ങി, ആദ്യമെത്തിയത് ജപ്പാൻ.

കോർണിഷ് റോഡിൽ വിവിധ രാജ്യങ്ങളിലെ ഫാൻസിന്റെ വമ്പൻ പ്രകടനങ്ങൾ നടക്കുകയുണ്ടായി ഇക്കഴിഞ്ഞ ദിവസം

മെട്രോ ഫീഡർ ബസ്സ്‌

ലുസൈൽ ബുളെവാർഡിൽ വൈകുന്നേരങ്ങളിൽ ദിവസവും ലൈവ് മ്യുസിക് ഷോകൾ തുടങ്ങി ക്കഴിഞ്ഞു.

അവസാന നിമിഷ ടിക്കറ്റ് വില്പനയും ഫിഫാ ടിക്കറ്റിങ് സെന്ററിൽ തകൃതിയായി നടക്കുന്നു, നീണ്ട ക്യു ആണ് എല്ലാ ദിവസവും.

ലോകകപ്പ് സ്മരണിക ആയി ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 22 റിയാലിന്റെ നോട്ട്. 75 റിയാലാണ് വിപണി വില

ചരിത്രത്തിൽ ആദ്യമായി നൂറുകണക്കിന് മലയാളികൾ വോളന്റിയേഴ്‌സ് ആകുന്ന ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട് അറബ് ലോകത്തു ആദ്യമായെത്തുന്ന ഈ ഉത്സവത്തിന്. കളി കാണാൻ സ്റ്റേഡിയത്തിലേക്ക് നടക്കും വഴി ” ചേട്ടാ അങ്ങോട്ടല്ല ദാ ഇങ്ങോട്ട് ” എന്ന് ശുദ്ധ മലയാളത്തിൽ കേട്ടാൽ അത്ഭുതപ്പെടേണ്ട. വിവിധ സ്റ്റേഡിയങ്ങളിലും മെട്രോ സ്റ്റേഷനുകളിലും ബസ് സ്റേഷനുകളിലുമൊക്കെ ട്രെയിനിങ് പൂർത്തിയാക്കിയ മലയാളി സന്നദ്ധ പ്രവർത്തകരുടെ വലിയ സാന്നിധ്യമുണ്ടാകും ഈ ലോക കപ്പിൽ

കോർണിഷ് റോഡ്

രാജ്യം ഉത്സവാവേശത്തിൽ ആയിക്കഴിഞ്ഞു. ഉത്ഘാടന മത്സരത്തിൽ ദോഹയിൽ നിന്നും 45 കിലോമീറ്റർ മാത്രം ദൂരെയുള്ള അൽ ഖോർ, അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി നവംബർ 20 നു ഏറ്റു മുട്ടും.

ലോകകപ്പ് ഫുട്‌ബോൾ ഇനി ഏതാനും ദിവസങ്ങൾ മാത്രം അകലെ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like