ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർന്നുവരുന്ന പൊതുജനപ്രക്ഷോഭം പ്രധാനമന്ത്രി മഹിന്ദ രജപക്സയുടെ രാജിയിലാണ് അവസാനം എത്തിനിൽക്കുന്നത്. പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ സ്ഥാനം ഏറ്റെങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും സാധാരണമട്ടിൽ എത്തിയിട്ടില്ല. ഒരു സമയത്ത് സിംഹളരുടെ വീരനായകനായിരുന്ന മഹിന്ദ രജപക്സ ഇപ്പോൾ ജനങ്ങളിൽ നിന്ന് രക്ഷ നേടാനായി ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലയിലെ ഒരു നേവൽ ബേസിൽ അഭയം തേടിയിരിക്കുകയാണ്. അദ്ദേഹം രാജ്യം വിട്ടുപോകുന്നത് കോടതി വിലക്കുകയും ചെയ്തിരിക്കുന്നു. മഹീന്ദയുടെ സഹോദരനും പ്രസിഡന്റുമായ ഗോതബയ രാജപക്സയാവട്ടെ തന്റെ സ്ഥാനം നിലനിർത്താനുള്ള തത്രപ്പാടിലുമാണ്. ഭൂരിപക്ഷ വർഗ്ഗീയതയും ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഏകാധിപത്യസ്വഭാവം കൈവരിച്ച ഗവണ്മെന്റും ചേർന്ന് ഒരു രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും എങ്ങനെ തകർക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ ശ്രീലങ്ക.
റനിൽ വിക്രമ സിംഗെ
അടുത്ത കാലം വരെ, കേരളത്തിന് സമാനമായ മെച്ചപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ വ്യവസ്ഥകളും മികച്ച social indicators-ഉം ഉണ്ടായിരുന്ന, വികസ്വരരാജ്യങ്ങൾക്ക് മാതൃകയായിരുന്ന, രാജ്യമായിരുന്നു ശ്രീലങ്ക. എന്നാൽ വളരെ പെട്ടെന്നാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. അങ്ങേയറ്റം താഴ്ന്ന നിലയിൽ എത്തിയ വിദേശനാണ്യശേഖരം, വൻതോതിലുള്ള കടം, മൂല്യശോഷണം സംഭവിച്ച കറൻസി, മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള വിലക്കയറ്റം, എന്നീ ഘടകങ്ങളെല്ലാം ചേർന്ന് ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി. ജീവിതം ക്ലേശകരമായതോടെ ജനങ്ങൾ തെരുവിലിറങ്ങുകയും രാജ്യം ഏതാണ്ട് ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തിനിൽക്കുകയും ചെയ്തിരിക്കുകയാണ്. അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള foreign exchange പോലും കൈയ്യിലില്ലാത്ത സ്ഥിതിയിലാണ് രാജ്യം. ഇന്ത്യയും ചൈനയും ഇടയിൽ നൽകിയ ധനസഹായമാണ് ആ രാജ്യം അമ്പേ തകർന്ന് തരിപ്പണമാകാതെ ഇത്തരത്തിലെങ്കിലും നിലനിർത്തിപ്പോരുന്നത്. തമിഴ് ഈഴം പുലികളുമായി നടന്ന ആഭ്യന്തരയുദ്ധസമയത്തുപോലും ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ ഇത്രമാത്രം ജീർണ്ണാവസ്ഥയിൽ എത്തിയിരുന്നില്ല.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഏതാണ്ട് ഏകാധിപത്യത്തോട് അടുക്കുന്ന അനിഷേധ്യസ്ഥാനം വഹിക്കുകയായിരുന്നു രജപക്സ കുടുംബം. പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്ന മഹിന്ദ രാജപക്സയാണ് രജപക്സ കുടുംബത്തിലെ പ്രമുഖൻ. Liberation Tigers for Tamil Elam (LTTE) എന്ന സംഘടനയുടെ നേതൃത്വത്തിൽ തമിഴ് വിമോചനസമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്താണ് സിംഹളതാല്പര്യസംരക്ഷകൻ എന്ന ലേബലോടെ മഹിന്ദ രജപക്സ ശ്രീലങ്കയുടെ പ്രസിഡന്റായി 2005-ൽ സ്ഥാനം ഏൽക്കുന്നത്. സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യം ചെയ്തത് Army Commander ശരത് ഫൊൻസേകയുടെയും Defense Secretary-യും അദ്ദേഹത്തിന്റെ സഹോദരനുമായ ഗോതബയ രാജപക്സെയുടെയും (ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡന്റ) നേതൃത്വത്തിൽ LTTE-യ്ക്ക് എതിരെ അന്നുവരെ കാണാത്ത രീതിയിലുള്ള അതിഭീകര ആക്രമണം അഴിച്ചുവിടുകയാണ്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഹീനവും ക്രൂരവുമായ നരനായാട്ടാണ് അക്കാലത്ത് ശ്രീലങ്കയിൽ അരങ്ങേറിയത്. മൂന്ന്-മൂന്നര കൊല്ലം നീണ്ട പട്ടാളനടപടിയിൽ വേലുപ്പിള്ള പ്രഭാകരൻ ഉൾപ്പെടെ അനേകായിരം തമിഴ് വംശജർ കൊല്ലപ്പെട്ടു. LTTE എന്ന സംഘടന ശ്രീലങ്കയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. ഈ സംഭവവികാസങ്ങൾ മഹിന്ദ രജപക്‌സയ്ക്ക് ഭൂരിപക്ഷം വരുന്ന സിംഹളർക്കിടയിൽ താരപരിവേഷം നൽകി. 2010-ൽ അദ്ദേഹം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുട൪ന്ന് സിംഹള ഭൂരിപക്ഷ പ്രീണനനയത്തിലൂന്നിയ, അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ, വ്യക്തിഗതതീരുമാനങ്ങൾ നടപ്പാക്കുന്ന, ഭരണമാണ് ശ്രീലങ്ക കണ്ടത്. 2015-ൽ നടന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ അദ്ദേഹം മൈത്രിപാല സിരിസേനയോട് പരാജയപ്പെട്ടു. ഇതിനിടെ നിരവധി രാഷ്ട്രീയ അസ്ഥിരതകളിലൂടെ ശ്രീലങ്ക കടന്നുപോയി. സിരിസേനയുടെ കാലാവധി അവസാനിച്ചശേഷം 2019-ൽ നടന്ന പ്രസിഡന്റ തെരഞ്ഞെടുപ്പിൽ മഹീന്ദയുടെ ഇളയ സഹോദരനും മുൻ Defense Secretary-യുമായ ഗോതബയ രജപക്സ ശ്രീ ലങ്കയുടെ പ്രസിഡന്റ്ആയി ചുമതലയേറ്റു (ശ്രീലങ്കയിൽ പ്രസിഡന്റിനെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്, മാത്രമല്ല, ഇന്ത്യയെ അപേക്ഷിച്ച് ശ്രീലങ്കയിൽ പ്രസിഡന്റിന് കൂടുതൽ executive അധികാരങ്ങളുമുണ്ട്). പ്രസിഡന്റ് ഗോ തബയ രാജപക്‌സയുടെ ആശീർവാദത്തോടെ 2019-ൽ മഹിന്ദ രജപക്സ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. തന്റെ സിംഹളഭൂരിപക്ഷപക്ഷപാതം ഒരു സന്ദേശമായി നൽകിക്കൊണ്ട്, പതിവ് വിട്ട് കൊളംബോയ്ക്ക് പുറത്ത് ഒരു ബുദ്ധിസ്റ്റ് ക്ഷേത്രത്തിൽ വെച്ചാണ് മഹിന്ദ രജപക്സ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. പുതിയ മന്ത്രിസഭയിൽ ധനകാര്യം ഉൾപ്പെടെ പ്രധാനവകുപ്പുകൾ രജപക്സ കുടുംബാംഗങ്ങൾക്ക് വീതം വെയ്ക്കപ്പെട്ടു. അങ്ങനെ ശ്രീലങ്ക ഏതാണ്ട് പൂർണ്ണമായും രജപക്സ കുടുംബത്തിന്റെ കാൽകീഴിലായി. ന്യൂനപക്ഷ വിരുദ്ധതയും സ്വജനപക്ഷപാതവും അഴിമതിയും മുമ്പെങ്ങും ഇല്ലാത്ത വിധം വർദ്ധിച്ചു. ഇതിനെയെല്ലാം ഭൂരിപക്ഷ വർഗ്ഗീയത കൊണ്ട് മൂടിവെക്കുക എന്ന തന്ത്രമാണ് രജപക്സ കുടുംബം സ്വീകരിച്ചത്. ഭരണകൂടത്തിൽ തങ്ങളുടെ പിടി മുറുക്കുന്നതിനും തമിഴർക്കും മുസ്‌ലിംകൾക്കും എതിരെ പ്രതികൂലമായ നടപടികൾ അടിച്ചേൽപ്പിക്കുന്നതിനും രാജപക്‌സമാർ സമയം പാഴാക്കിയില്ല. തമിഴ് പ്രദേശങ്ങളിലെ വർദ്ധിച്ചുവരുന്ന സൈനികവൽക്കരണം, തമിഴ് മാധ്യമപ്രവർത്തകരെയും എൻജിഒകളെയും ഉപദ്രവിക്കുന്നത് മുതൽ മുസ്ലീം കൊവിഡ് ഇരകളുടെ നിർബന്ധിത ശവസംസ്‌കാരം പോലുള്ള പ്രശ്‌നങ്ങൾ വരെ, സിംഹള ഇതര സമുദായങ്ങളെ തങ്ങൾ രണ്ടാംതരം പൗരന്മാരാണെന്ന് കാണിക്കാൻ രാജപക്‌സെ സർക്കാർ ലക്ഷ്യമിട്ടു. ഇപ്രകാരം ഒരുവശത്ത് രജപക്സ കുടുംബത്തിന്റെ അപ്രമാദിത്വം നടമാടുമ്പോൾ മറുവശത്ത് ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയായിരുന്നു. ആ തകർച്ചയ്ക്ക് നിരവധി കാരണങ്ങളുണ്ട്.
വർദ്ധിച്ച മിലിറ്ററി ചെലവ്: തമിഴ് പുലികളുടെ ഉന്മൂലനത്തിന് ശേഷം തമിഴ് പ്രദേശങ്ങളിലെ വർദ്ധിത സൈനികവൽക്കരണത്തിന് മുൻഗണന നൽകിയ ശ്രീലങ്കൻ ഗവണ്മെന്റിന് ആ വകയിൽ പതിവിൽ കവിഞ്ഞ വൻതുക നീക്കിവെക്കേണ്ടി വന്നു. ഇത് ബഡ്ജറ്റിന്റെ താളം തെറ്റിച്ചു.
നികുതിവരുമാനത്തിലെ കുറവ്: നിലവിലുള്ള നികുതികൾ അമ്പത് ശതമാനം കുറയ്ക്കുമെന്ന വാഗ്ദാനം നൽകിയാണ് 2019-ൽ ഗോതബയ രാജപക്സ തെരഞ്ഞെടുപ്പ് നേരിട്ടത്. അധികാരത്തിൽ എത്തിയ ഉടനെ അദ്ദേഹം ആ വാഗ്ദാനം നിറവേറ്റി. പക്ഷെ അത് ഗവണ്മെന്റിന്റെ നികുതിവരുമാനത്തിൽ വലിയ കുറവ് വരുത്തി. കോവിഡ് മഹാമാരിക്കാലത്ത് സർക്കാരിന്റെ വരുമാനം കൂപ്പുകുത്തി.
വീണ്ടുവിചാരമില്ലാതെ തുടങ്ങിവെച്ച പ്രോജക്ടുകൾ: രാജപക്സ സഹോദരന്മാരുടെ ഡംഭും പൊങ്ങച്ചവും മുതലെടുത്ത് ചൈന ശ്രീലങ്കയിൽ ഏതാനും വൻകിട infrastructure project-കൾ തുടങ്ങിവെച്ചു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ മാന്ദ്യത്തിൽ ആ പ്രോജക്ടുകളെല്ലാം വെള്ളാനകളായി മാറി. പ്രോജക്ടുകളിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ലെന്ന് മാത്രമല്ല, ആ പ്രോജക്ടുകൾക്ക് ചൈന നൽകിയ കടം ഒരു ഡെമോക്ലീസിന്റെ വാൾ പോലെ ശ്രീലങ്കയുടെ മുകളിൽ ഇപ്പോഴും തൂങ്ങിക്കിടക്കുകയും ചെയ്യൂന്നു.
ഈസ്റ്റർദിനത്തിലെ ബോംബ് സ്‌ഫോടനങ്ങൾ: 2019 ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനങ്ങളിൽ 45 വിദേശികൾ ഉൾപ്പെടെ 254 പേരാണ് കൊല്ലപ്പെട്ടത്. അതോടെ ശ്രീലങ്കയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ടൂറിസം മേഖലയ്ക്ക് ഈ ബോംബ് സ്‌ഫോടനങ്ങൾ വലിയ ആഘാതമാണ് ഏൽപ്പിച്ചത്. 2019 അവസാനത്തോടെ ആ ആഘാതത്തിൽ നിന്ന് ടൂറിസം മേഖല കരകയറാൻ തുടങ്ങുമ്പോഴാണ് കൂനിന്മേൽ കുരു പോലെ അടുത്ത പ്രഹരം കോവിഡ് മഹാമാരിയുടെ രൂപത്തിൽ എത്തുന്നത്. കേരളത്തെ പോലെ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയും പ്രധാനമായും നിലനിന്നു പോരുന്നത് ടൂറിസം മേഖലയിലെ വരുമാനത്തിന്റെയും പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെയും ബലത്തിലാണ്.
പ്രവാസികൾ അയയ്ക്കുന്ന പണത്തിലെ കുറവ്: കോവിഡ് മഹാമാരിയെ തുടർന്ന് പ്രവാസികൾ ശ്രീ ലങ്കയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവുണ്ടായി. ടൂറിസം മേഖലയിലെ വരുമാനം നിലച്ചതിനോടൊപ്പം ഇതുംകൂടി ആയപ്പോൾ ശ്രീ ലങ്കയുടെ വിദേശനാണ്യ ശേഖരത്തിൽ ഭീമമായ കമ്മിയാണുണ്ടായത്.
കയറ്റുമതിയിലെ ഇടിവും ഇറക്കുമതിയിലെ വർദ്ധനവും: ശ്രീലങ്ക പ്രധാനമായും കയറ്റുമതി ചെയ്യുന്നത് റബ്ബർ, ചായ, നാളികേരം, സുഗന്ധദ്രവ്യങ്ങൾ, തുടങ്ങിയവയാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇത്തരം വസ്തുവകകൾക്ക് ആഗോളതലത്തിൽ സംഭവിച്ച വിലത്തകർച്ച ശ്രീലങ്കയുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും പെട്രോൾ-പെട്രോളിയം ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ഗോതമ്പ്, പരിപ്പ്‌വർഗ്ഗങ്ങൾ, മരുന്ന്, രാസവളം, തുടങ്ങിയ അവശ്യവസ്തുക്കളാണ്. മുകളിൽ പറഞ്ഞ കാരണങ്ങളാൽ വിദേശനാണ്യശേഖരത്തിൽ വൻതോതിൽ ശോഷണം സംഭവിക്കുകയും അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ പോലും കൈയ്യിൽ പണം ഇല്ലെന്ന അവസ്ഥ ഉളവാകുകയും ചെയ്തു.
രാസവളനിരോധനം: ഇതിനിടെ ഗവണ്മെന്റ് മറ്റൊരു അബദ്ധം കൂടി ചെയ്തു. വിദേശനാണ്യശേഖരം ഭക്ഷ്യവസ്തുക്കളും പെട്രോളും ഇറക്കുമതി ചെയ്യാൻ പോലും തികയാതെ വന്ന സ്ഥിതിയിൽ ജൈവവളത്തിന്റെ പ്രോത്സാഹനമെന്ന മട്ടിൽ രാസവളത്തിന്റെ ഇറക്കുമതി ഗവണ്മെന്റ് നിരോധിച്ചു. എല്ലാവരും ജൈവവളകൃഷിയിലേക്ക് തിരിയണമെന്ന് ഗവണ്മെന്റ് ഓർഡർ പുറപ്പെടുവിച്ചു. എന്നാൽ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയത്. ശ്രീലങ്ക കയറ്റുമതി ചെയ്യുന്ന റബ്ബർ, ചായ, മറ്റ് നാണ്യവിളകൾ എന്നിവയുടെ ഉത്പാദനം ജൈവകൃഷിയുടെ ഫലമായി ഗണ്യമായി കുറഞ്ഞു. കുറച്ചെങ്കിലും കൃഷി ചെയ്തിരുന്ന നെല്ലിന്റെ ഉല്പാദനവും കുറഞ്ഞു. ഇത് ശ്രീലങ്കയുടെ കയറ്റുമതി വരുമാനത്തിൽ കൂടുതൽ വിള്ളൽ ഉണ്ടാക്കുകയും ആഭ്യന്തര ഭക്ഷ്യലഭ്യതയിൽ കുറവുണ്ടാക്കുകയും ചെയ്തു.
അസാധാരണവിലക്കയറ്റം: ഗവണ്മെന്റിന്റെ ദീർഘവീക്ഷണമില്ലായ്മയും വീണ്ടുവിചാരമില്ലാത്ത നടപടികളും ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ പടിപടിയായി കരകയറാനാവാത്ത വിധം പടുകുഴിയിൽ എത്തിച്ചു. International Monetary Fund (IMF)-ൽ നിന്ന് ലോൺ എടുത്ത് ധനസ്ഥിതി മെച്ചപ്പെടുത്തണമെന്ന ധനകാര്യവിദഗ്ധരുടെ നിർദ്ദേശങ്ങൾക്ക് തങ്ങളുടേതായ സ്വപ്നലോകത്ത് ജീവിക്കുന്ന ഗവണ്മെന്റ് ചെവികൊടുത്തില്ല. ശ്രീലങ്കൻ റുപ്പിയുടെ വില അനുദിനം കുറഞ്ഞുകൊണ്ടിരുന്നു. ഒരു അമേരിക്കൻ ഡോളറിന് 350 ശ്രീലങ്കൻ റുപ്പീ എന്നതായി വിനിമയനിരക്ക്. അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കയിൽ രൂപയുടെ ഈ മൂല്യശോഷണം വലിയതോതിലുള്ള വിലക്കയറ്റത്തിനാണ് വഴിവെച്ചത്. ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് 300 രൂപ, 400 ഗ്രാം പാൽപൊടിക്ക് 800 രൂപ, ഒരു കപ്പ് പാൽചായയ്ക്ക് 100 രൂപ, എന്നിങ്ങനെയാണ് ഇപ്പോഴത്തെ വിലനിലവാരം.
റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെങ്കിലും കാര്യങ്ങൾ അദ്ദേഹത്തിനും അത്ര എളുപ്പമാവില്ല. നേരത്തെ അഞ്ചുതവണ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന വ്യക്തിയാണ് വിക്രമസിംഗെ. അതിന്റെ അനുഭവപരിചയം അദ്ദേഹത്തിന്റെ തുണയ്ക്ക് എത്തുമെന്ന് കരുതാം. എങ്കിലും ജനങ്ങൾ ഇതിനെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നതുവഴി പ്രതിഷേധസമരങ്ങൾക്ക് തടയിടാമെന്നും അങ്ങനെ തന്റെ പ്രസിഡന്റ സ്ഥാനത്തിന് ഇളക്കം തട്ടാതെ നോക്കാമെന്നുമാണ് ഗോതബയ രാജപക്സ കരുതുന്നത്. അത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
ഭൂരിപക്ഷ വർഗ്ഗീയത, ജനാധിപത്യവ്യവസ്ഥയിൽ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തി ഏകാധിപത്യസ്വഭാവം കൈവരിച്ച ഗവണ്മെന്റ്, പ്രധാനമന്ത്രിപദത്തിലിരിക്കുന്ന വ്യക്തി മുൻപിൻ നോക്കാതെ എടുത്ത നടപടികൾ രാജ്യത്തിന് വരുത്തിവെച്ച കഷ്ടനഷ്ടങ്ങൾ എന്നിങ്ങനെ ഇന്ത്യയ്ക്ക് ശ്രീലങ്കയുമായി സമാനതകൾ ഏറെയാണ്. ഇന്ത്യയുടെ വലിപ്പവും ബഹുസ്വരതയും ബലവത്തായ സാമ്പത്തികാടിത്തറയും നമ്മെ ശ്രീലങ്കയുടെ വഴിയേ പോകുന്നതിൽ നിന്ന് തടഞ്ഞുനിർത്തി. എങ്കിലും നമ്മുടെ സമ്പദ്‌വ്യവസ്ഥയും അത്ര ഭദ്രമല്ല എന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. രാഷ്ട്രീയ-മതവർഗ്ഗീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങളും സംവാദങ്ങളും ആശാവഹമല്ല. നാം ആശങ്കപ്പെടേണ്ടതുണ്ട്, മറ്റൊരു ശ്രീലങ്ക ആവില്ലെയെന്ന്.
കവർ ഡിസൈൻ : ആദിത്യ സായിഷ്
Images Courtesy : Google Images