പൂമുഖം OPINIONഅഭിമുഖം കൃഷിയും കാർഷിക പ്രവർത്തനവും

കൃഷിയും കാർഷിക പ്രവർത്തനവും

വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു.

ശോഭ കൊച്ചുണ്ണി (63)

സ്വദേശം പടിയൂർ.

ഇതിനു മുൻപ് പരിചയപ്പെടുത്തിയ രണ്ടു കർഷകരിൽ നിന്നു ശോഭ വ്യത്യസ്തയാവുന്നത് അവർ ഒരു കാർഷിക പ്രവർത്തക കൂടി ആണെന്നതാണ്.

Break through science society, കൃഷിഭവന്റെ കീഴിൽ ഉള്ള എക്സ്റ്റൻഷൻ ആക്ടിവിറ്റികളിൽ പങ്കാളിത്തം, പഞ്ചായത്തിൽ Agriculture CRP ആയി തിരഞ്ഞെടുക്കപ്പെട്ടു പരിശീലനവും പ്രവർത്തനവും തുടങ്ങിയവ ശോഭയുടെ പ്രവർത്തന മേഖലകളാണ്.

Agriculture CRP:

കേരള സർക്കാർ കുടുംബശ്രീ സംസ്ഥാന മിഷന് കീഴിൽ ഒരു പഞ്ചായത്തിന് ഒരു അഗ്രി. CRP എന്ന രീതിയിൽ ആകെ 941 പഞ്ചായത്തുകളിലും ബാക്കി മുനിസിപ്പാലിറ്റികളിലും കൂടി 950 CRP കളുടെ പൊസിഷനുകൾ നടപ്പിലാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ പകുതി വരെ ആധുനിക ജൈവ കൃഷിയിൽ പരിശീലനം നൽകുമ്പോൾ പടിയൂർ പഞ്ചായത്തിന് വേണ്ടി പരിശീലനം നേടുന്നത് ശോഭയാണ്.

കഴിയുന്നത്ര ജൈവ ഘടകങ്ങൾ നൽകി മണ്ണിന്റെ നഷ്ടപ്പെട്ട സ്വഭാവങ്ങൾ – ജലവും പശിമയും ആഗിരണം ചെയ്യാനും നിലനിർത്താനും ആവശ്യമായ ഘടന വീണ്ടെടുക്കുക, വളങ്ങൾ കമ്പോസ്റ്റ് രൂപത്തിൽ നൽകി ചെടികൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കാൻ അനു യോജ്യമാക്കുക, അതോടൊപ്പം സൂക്ഷ്മാണുക്കൾ ഉണ്ടാവാനും പെരുകാനും സജ്ജമാക്കുക, ധാതുക്കളും പോഷകങ്ങളും സൂക്ഷ്മ വേരുകൾക്ക് വലിച്ചെടുക്കാൻ ലയരൂപമാക്കി പരിവർത്തിപ്പിക്കുക, ഇതിനാവശ്യമായ agents മണ്ണിൽ ചേർത്ത് കൊടുക്കുക, ജൈവ കീടനാശിനികൾ ആവശ്യാനുസരണം ചേർത്ത് വിള സംരക്ഷിക്കുക എന്നിവയിലാണ് പരിശീലനം.

നമ്മുടെ കാർഷിക രംഗത്ത് ഈ നൂതനാശയം പ്രയോഗിക്കാനും പ്രചരിപ്പിക്കാനും ആശയതലത്തിൽ തീരുമാനമായി എങ്കിലും കൃഷി ഉദ്യോഗസ്ഥ രുടെ കുറവ്, ഉള്ളവർ തന്നെ കടലാസ് പണികളിൽ കുരുങ്ങി ഫീൽഡ് പ്രവർത്തനങ്ങൾക്ക് സമയം കിട്ടായ്ക, ഉദ്യോഗസ്ഥ തലത്തിലെ ലക്ഷ്യബോധമില്ലായ്മ, എന്നിവ തടസ്സങ്ങളാണ്. ഇവിടത്തെ കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ രോഗകീടനിയന്ത്രണ മരുന്നുകൾ വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും ലഭ്യമായ വിവരങ്ങൾ വെച്ചു കണ്ണൂർ, തൃശൂർ ജില്ലകൾ ഒഴികെ ഇവ വിതരണം ചെയ്യപ്പെടുന്നില്ല. ഫലമോ, കർഷകർ രാസവള – കീടനാശിനി കച്ചവടത്തിന്റെ ഇരകളാവുന്നു. തുടങ്ങിവെച്ച പല കാർഷിക പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുവാൻ കാർഷിക സർവകലാശാലക്കോ, കൃഷി വകുപ്പുദ്യോഗസ്ഥർക്കൊ സ്ഥിരോത്സാഹമോ പ്രതിബദ്ധതയോ ഇല്ല എന്നത് നിർഭാഗ്യകരമാണ്. ഉദാഹരണമായി കാർഷിക സർവകലാശാല വലിയ ആവേശത്തോടെ തുടങ്ങിയ അസോള കൃഷി ചുരുങ്ങിയ കാലം കൊണ്ടു ശ്രദ്ധയും പരിപാലനവുമില്ലാതെ ശോഷിക്കുകയാണ് ചെയ്തത്. ആമസോണിൽ ഉയർന്ന വിലക്ക് വിൽക്കുന്ന അസോളയുടെ കൃഷി നാടൻ കർഷകർ ഏറ്റെടുക്കണം. ഇത്പോഷക സമൃദ്ധവും കാലി-കോഴി തീറ്റകൾ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതും എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും ആണ്. കൃഷിയുടെ ചിലവ് കുറക്കാനും, ഗുണമേന്മ വർധിപ്പിക്കാനും ഉതകുന്ന ഈ കൃഷി കർഷകർക്ക് ഒരു സമാന്തര ആദായ മാർഗവും ആണ്. ഇത്തരം കാർഷിക രീതികൾ സംസ്ഥാനത്തു പ്രചാരത്തിൽ വരുത്തുക എന്ന യജ്ഞമാണു AGRI. CRP&AH(ANIMAL HUSBANDRY)CRP എന്നിവകളിലൂടെ നടത്തിയെടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ പഞ്ചായത്തുകളിലും പരിശീലനം നൽകും. ഞങ്ങളുടെ പഞ്ചായത്തിൽ നടപ്പിലാക്കി വിജയിപ്പിച്ചു മാതൃക സൃഷ്ടിക്കണം എന്നാണ് എന്റെ താല്പര്യം.

അസോള കൃഷി

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്ഥിതിചെയ്യുന്ന National Centre for Organic and Natural Farming എന്ന ഗവേഷണ സ്ഥാപനത്തിലെ scientist ആയിരുന്ന Dr. കൃഷ്ണചന്ദ്ര OWDC വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് മണ്ണിൽ നിക്ഷേപിക്കുന്ന ജൈവ വസ്തുക്കൾ വേഗം ജീർണ്ണിക്കുവാനും സൂക്ഷ്മാണുക്കൾ ഉണ്ടായി പെരുകുവാനും ഉപകരിക്കുന്നു. ഇത് കർഷകർക്ക് വിതരണം ചെയ്‌താൽ ഉറയിൽ നിന്നു തൈര് ഉല്പാദിപ്പിക്കുന്നത് പോലെ തുടർച്ചയായി സ്വന്തമായി ഉണ്ടാക്കുവാൻ കഴിയും. ഇത് വിളവിലും കൃഷിച്ചിലവിലും വിപ്ലവകരമായ മാറ്റം കൊണ്ടു വരും. പക്ഷെ ഇതിനു കൃഷി വകുപ്പും ഉദ്യോഗസ്ഥരും ആണ് മുൻകൈ എടുക്കേണ്ടത്. പക്ഷെ അവിടെ അലസതയാണ്‌ ദൃശ്യമാവുന്നത്.

സ്വന്തം കാർഷിക സംരംഭത്തെ കുറിച്ച് പറഞ്ഞാൽ കുട്ടിക്കാലം പട്ടണത്തിലും പിന്നീട് ഗൾഫിലും നാട്ടിലുമായി മാറിമാറിയും ആയിരുന്നു ജീവിതം. നാട്ടിൽ സ്ഥിരമായതിനു ശേഷം കൃഷിയെ ശ്രദ്ധിച്ചു തുടങ്ങി.

മണ്ണിൽ ജൈവ വസ്തുക്കളുടെ കമ്പോസ്റ്റിംഗ് പ്രക്രിയകൾക്കും മണ്ണിരകളുടെയും സൂക്ഷ്മ ജീവാണുക്കളുടെയും പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ഇന്ന് ആധുനിക ശാസ്ത്രം മുന്നോട്ടു വെയ്കുന്ന ജൈവകൃഷിയുടെ പ്രചാരകനും കൃഷിയിൽ സ്വയം ഒരു ഗവേഷകനും ഫാം കൺസൾട്ടന്റും ആണ് വേണുഗോപാൽ മാഷ്. വായനയിലൂടെ ഒരു നിമിത്തമായി ഞാൻ പരിചയപ്പെട്ട മാഷാണ് പുരയിടത്തിന്റെ കാർഷിക സാധ്യതകളെ കുറിച്ച് സൂചന തന്നത്. ഇവിടത്തെ മണ്ണ് കളി മണ്ണ് പോലെയാണ്. മഴപെയ്‌താൽ കുഴയുകയും ചെളി കെട്ടുകയും ചെയ്യുന്നത് കൊണ്ട് സീസണൽ പച്ചക്കറി ചെടികൾക്ക് യോജിച്ചതല്ല. അത് കൊണ്ടു ഗ്രോ ബാഗിലാണ്. അഞ്ചോ പത്തോ ബാഗുകളിൽ തുടങ്ങി ഇപ്പോൾ 500 ബാഗുകൾ ഉണ്ട്. മുറ്റത്തെ കൃഷി ഗ്രൂപ്പിൽ നിന്നും വേണു ഗോപാൽ മാഷിൽ നിന്നും കിട്ടിയ നിർദേശങ്ങൾ അനുസരിച്ചു കമ്പോസ്റ്റ് നിർമ്മിക്കുന്നു. കീട നിയന്ത്രണത്തിനും വളർച്ചക്കും ഗ്രീൻ പ്ലാനറ്റ് ഉത്പന്നങ്ങൾ ഉയോഗിക്കാറുണ്ട്. തൊടിയിൽ തെങ്ങ്, കവുങ്ങ്, ജാമ്പ, സപ്പോട്ട, വാഴ, കുടമ്പുളി, റംബൂട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് . അസോള കൃഷി ചെയ്യുന്നുണ്ട്.

നെയ് കുമ്പളം – ശോഭയുടെ തോട്ടത്തിൽ നിന്ന്

ആധുനിക ജൈവകൃഷിരീതിയുടെ അടിസ്ഥാന ആശയം എങ്ങനെ സംഗ്രഹിക്കാം?

ആരോഗ്യമുള്ള മണ്ണ് എന്നാൽ എന്താണ് അഥവാ നമ്മുടെ മണ്ണ് എങ്ങനെയായിരിക്കണം എന്ന അറിവിൽ നിന്നാവണം തുടക്കം. സസ്യങ്ങൾക്ക് കരുത്തോടെ വളരുവാൻ കഴിയുന്ന ഒരു മാധ്യമം ആയിരിക്കണം മണ്ണ്. വെള്ളം സംഭരിച്ചു വെയ്ക്കുവാൻ ശേഷിയുള്ള ഒരു സംഭരണി ആയിരിക്കണം അത്. ഏത് ജൈവ വസ്തുക്കളെയും മണ്ണിനോട് എളുപ്പത്തിൽ ചേർക്കാൻ കഴിവുള്ള സൂക്ഷജീവാണുക്കളുടെയും മണ്ണിരകളുടെയും ആവാസകേന്ദ്രമായിരിക്കണം. അങ്ങനെയുള്ള മണ്ണ്, സസ്യങ്ങളിൽ രോഗാണുക്കളുടെ വളർച്ചയെ തടയുന്ന പ്രകൃതിയുടെ ഒരു സ്വാഭാവിക പ്രതിരോധ സംവിധാനമായി പ്രവർത്തിക്കും. സസ്യങ്ങൾക്കാവശ്യമായ പോഷകങ്ങൾ നിറഞ്ഞതായിരിക്കും ആ മണ്ണ്. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് കഴിയുന്നത്ര ജൈവവളങ്ങൾ മണ്ണിൽ നിക്ഷേപിക്കുക എന്നതാണ്. എങ്കിൽ മാത്രമേ സൂക്ഷ്മ ജീവാണുക്കളുടെ നിറസാന്നിധ്യം അവിടെ ഉണ്ടായിരിക്കുകയുള്ളു.

എന്തിനാണ് മണ്ണിൽ മണ്ണിരകളുടെയും, വിവിധങ്ങളായ സൂക്ഷ്മജീവാണുക്കളുടെയും ആവശ്യം?

മണ്ണിലുള്ള സൂക്ഷ്മ ജീവജാലങ്ങൾ പരസ്പരം ബന്ധപ്പെട്ട് ഒരു സങ്കീർണ്ണമായ ജൈവ ശ്രുംഖലയായിട്ടാണ് പ്രവർത്തിക്കുന്നത്. ഈ ജീവസമ്പത്താണ് മണ്ണിനെ ഉപയോഗമുള്ളതാക്കി തീർക്കുന്നത്. ഇവയില്ലെങ്കിൽ മണ്ണ് മണ്ണല്ലാതാവും. വായുവിലും വെള്ളത്തിലും ഉള്ള പദാർത്ഥങ്ങളെ സസ്യങ്ങളുടെ കായികശേഷിക്കും, ഉത്പ്പാദനശേഷിക്കും വേണ്ടി രൂപാന്തരപ്പെടുത്തുന്ന രാസപ്രക്രിയകൾക്ക് സഹായിക്കുന്നത് മണ്ണിലെ ബാക്റ്റീരിയകളും പൂപ്പലുകളും ആണ്. മണ്ണിൽ രാസപ്രയോഗങ്ങൾ നടത്തുമ്പോൾ ഇല്ലാതാവുന്നത് ഈ സൂക്ഷജീവാണുക്കളുടെ ആവാസ വ്യവസ്ഥയാണ്. അതോടെ മണ്ണിന്റെ മരണവും നടക്കുന്നു.

മേൽപ്പറഞ്ഞവയെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ളതാണ് ഇന്ന് ആധുനിക കൃഷി ശാസ്ത്രജ്ഞന്മാരുടെ ക്‌ളാസുകളും, ബഹുമാനപ്പെട്ട വേണുഗോപാൽ മാഷിന്റെ ക്ലാസ്സ്കളും.

ശോഭ കൊച്ചുണ്ണിയുടെ കൃഷി പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു വിഡിയോ താഴെ ചേർക്കുന്നു.

[സൂക്ഷ്‌മ പുനരുജ്ജീവനക്കൃഷിയെക്കുറിച്ചുള്ള മലയാളനാട് പരമ്പര ഇവിടെ അവസാനിക്കുന്നു.]
Comments
Print Friendly, PDF & Email

You may also like