പൂമുഖം EDITORIAL കാവ്യനീതി കാറ്റിൽ പറത്തിയ ആൺ കവികൾ

കാവ്യനീതി കാറ്റിൽ പറത്തിയ ആൺ കവികൾ

“കവിത സ്ത്രീശബ്ദമാണ്‌. അരുത് അരുത് എന്ന് വിലക്കിയ പറുദീസയിൽ നിന്ന് പുറത്തു കടക്കാം എന്നു ആദ്യം പറഞ്ഞത് സ്ത്രീയാണ് “

മലയാളനാട് ഓൺലൈനിൻറെ സഹകരണത്തോടെ പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജ് സംഘടിപ്പിച്ച കവിതയുടെ കാർണിവലിൽ കൽപ്പറ്റ നാരായണൻ ,സദസ്സിനെ ആവേശം കൊള്ളിച്ച പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ് .

പുതുലോകത്തിനു നേരെയുള്ള വാതിലുകൾ ഓരോന്നായി അടച്ചിടുന്ന ഇസ്ലാമിക സംഘടന തങ്ങളുടെ പിന്തിരിപ്പൻ സ്ത്രീ വിരുദ്ധ അജൻഡ നടപ്പാക്കുമ്പോൾ അതിൽ കാവ്യാലാപനം ചെയ്യാൻ തന്റെ എല്ലാ രചനകളിലും സ്ത്രീവാദിയായ ഈ കവി പങ്കെടുത്തു എന്നത് നമ്മുടെ സാംസ്കാരികലോകം എത്ര അന്തസ്സത്തയില്ലാത്തതായിക്കഴിഞ്ഞു എന്ന് സംശയാതീതമായി തെളിയിച്ചിരിക്കുന്നു. സച്ചിദാനന്ദനാകട്ടെ, പുരോഗമന കവി മാത്രമല്ല സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ കൂടിയാണ് താനെന്നത് സൗകര്യപൂർവം വിസ്മരിച്ചു.

ഭാര്യക്കു ആർത്തവം വരുമ്പോൾ വേറെ എന്ത് പോംവഴി എന്ന് പരസ്യമായി വെളിപ്പെട്ട കാന്തപുരത്തിന്റെ knowledge ലെവൽ എല്ലാവർക്കുമറിയാവുന്നതാണ്.പക്ഷെ ഈ കവികൾ ഇന്ന് ഐക്യപ്പെട്ടത് കൂടുതൽ ഗുരുതരമായ ഒരു ജനാധിപത്യ ധ്വംസനത്തോടാണ്. ഈ കവിയരങ്ങോടെ മതപുരുഷാധിപത്യം കേരള സമൂഹത്തിൽ അവരുടെ അപ്രതിരോദ്ധ്യത ഉറപ്പിച്ചിരിക്കുന്നു.വിദ്യാലയങ്ങളിലെ ജൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ പിൻവലിച്ചത് പല കോണുകളിൽ നിന്നുയർന്ന ചില സന്ദേഹങ്ങളും നിർദേശങ്ങളും കൂടുതൽ പരിഗണനക്ക് വിധേയമാക്കാനാണെങ്കിലും തങ്ങളാണ് ഉത്തരം താങ്ങിയത് എന്നാണ് സമസ്ത നെഞ്ച് വിരിച്ചത് . കേവല എതിർപ്പ് നിത്യവൃത്തിയാക്കിയ ചില സർക്കാർ വിമർശകർ സമസ്തയുടെ വിവരദോഷം ശരിവെച്ചത് സംഘടനക്ക് ഊർജ്ജം പകർന്നു . വിദഗ്ദ്ധസമിതി സ്‌കൂൾ സമയമാറ്റം നിർദേശിച്ചുവെന്നറിഞ്ഞ ഉടനെ മത വിദ്യാഭ്യാസത്തിന്റെ ടൈംടേബിൾ തെറ്റുമെന്ന തടസ്സവാദം ഉന്നയിച്ചു.

പൊതുവേദികളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇടയിൽ മറ വെക്കുക,ഒറ്റപ്പെട്ട വനിതാ പ്രതിരോധങ്ങളെ മുളയിലേ നുള്ളുക തുടങ്ങി” ക്രിയാത്മക ” നടപടികളിലൂടെ നീങ്ങുന്ന ഈ പിന്തിരിപ്പൻ സ്ത്രീവിരുദ്ധ ശക്തികൾ പെണ്കവികൾക്ക് പ്രവേശനം നിഷേധിക്കുന്ന മത നിയമപ്രകാരമാണ് കവിയരങ്ങു സംഘടി പ്പിച്ചതെന്നു പരസ്യപ്പെടുത്തുകവഴി തങ്ങളുടെ ഭാഗം ശക്തമായി ഉന്നയിക്കുകയാണ് . ഇസ്ലാമിലെ ഒരു വിഭാഗം യുവതയും വനിതകളും ഇതിൽ തലവെച്ചുകൊടുക്കുന്നുണ്ട് എന്നത് തന്നെ അപകടമായിരിക്കുമ്പോഴാണ് നൂറു മുതിർന്ന കവികൾ നിർലജ്ജം മത സ്ത്രീവിരുദ്ധതക്ക് കുഴലൂതിയത് .

അവരെക്കുറിച്ചു ലജ്ജിക്കുകയല്ലാതെ കൈരളിക്കു എന്താണ് ചെയ്യാൻ കഴിയുക എന്നാണ് ഇപ്പോൾ ആലോചിക്കേണ്ടത്. വായനയുടെ അതിരില്ലാ ലോകത്തുനിന്ന് അവരെ പുറത്താക്കുക എന്നത് പ്രായോഗികമായി വിജയിക്കില്ല .പക്ഷെ അവർ ഇനി വർഗീയതക്കും സ്ത്രീ വിരുദ്ധതക്കും എതിരായി അക്ഷരങ്ങൾ തട്ടിക്കൂട്ടിയാൽ മുഖവിലക്കെടുക്കരുത്. അവർ നാം ധരിച്ചത് പോലെ കാമ്പുള്ള സാംസ്‌കാരിക വ്യക്തിത്വങ്ങളല്ല.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like