ഞങ്ങളുടെ കുട്ടിക്കാലം ഫുട്ബോളിന്റേതായിരുന്നു. ക്രിക്കറ്റ് അന്ന് ജനപ്രിയമായിരുന്നില്ല. നാട്ടിൻപുറം മുഴുവൻ ഫുട്ബോൾ ക്ലബ്ബുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരു ഗ്രാമത്തിൽ ഒരു ക്ലബ്ബ് എന്നത് ഒരാചാരം പോലെ ഏതെങ്കിലുമൊരു’ ചരിത്ര സന്ദർഭ’ത്തിൽ പിറന്നു വീഴും. പിന്നീട് അത് വളർന്ന് പിളർന്ന് പലതായി മാറുന്നതിന് പ്രത്യേക കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു നോട്ടപ്പിശക്, ഒരു വാക്ക് പിഴ, ഒരു ചെറു പിണക്കം ഇത്രയൊക്കെ മതിയായിരുന്നു ഒരു ക്ലബ്ബ് പിളരാൻ. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പ്രതിഭാസം, കേരള കോൺഗ്രസ്സിനും മുമ്പ് കേരളത്തിൽ നിലനിന്നിരുന്നത് ഫുഡ്ബോൾ ക്ലബ്ബിന്റെ രൂപത്തിലായിരുന്നു.
ലോകഫുഡ് ബോളിന്റെ കളി നിയമങ്ങളിൽ പലതും അന്ന് ‘നാട്ടുഫുഡ്ബോളി’ന് ബാധകമായിരുന്നില്ലെന്നു പറഞ്ഞാൽ പുതുതലമുറ വിശ്വസിക്കാനിടയില്ല. ഒരു ടീം തുടർച്ചയായി മൂന്ന് കോർണർ കിക്കുകൾ വഴങ്ങിയാൽ അത് ഒരു ഗോളായി കണക്കാക്കുമെന്നതൊക്കെ അന്ന് ഞങ്ങളുണ്ടാക്കിയ കളി നിയമങ്ങളിൽ പ്രധാനമായിരുന്നു! തീരെ കളി അറിയാത്ത ഒരാളായിരുന്നു അന്നത്തെ ഗോളി! വേഗത്തിൽ ഓടാനും കളിക്കാനുമറിയാത്തവർക്കുള്ള ശിക്ഷയായിരുന്നു അത്. അതിനും കൊള്ളാത്ത ഒരാളാണ് റഫറി! അത് മിക്കവാറും കളി കാണാൻ വന്ന ആരെങ്കിലുമായിരിക്കും.
തോന്നിയേടത്തൊക്കെ വിസിൽ മുഴക്കി,ഒടുവിൽ കളിക്കാർ ചേർന്ന് റഫറിയെ പുറത്താക്കിയതിന്റെ അനുഭവമൊക്കെ അന്ന് ധാരാളമായിരുന്നു. അസാധരണ സന്ദർഭങ്ങളിൽ റഫറി പന്ത് മുകളിലേക്കെറിഞ്ഞ് കളി തുടരുന്ന ഏർപ്പാടിന് ‘ഓമന്ത്രം’ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്തോ ഒരു മന്ത്രം ചൊല്ലി റഫറി മുകളിലേക്കെറിയുന്നതുകൊണ്ടാണ് അതിന് ആ പേര് വന്നത് എന്നാണ് വളരെക്കാലം ഞങ്ങൾ ധരിച്ചിരുന്നത്. പിന്നീടെപ്പൊഴോ ആണ് അത് ‘കോമൺ ത്രോ’ എന്ന ഇംഗ്ലീഷ് വാക്കിന് ഏതോ നിരക്ഷരൻ നൽകിയ നാട്ടുതർജ്ജിമയാണെന്ന് മനസ്സിലായത്. ഫുട്ബോൾ അങ്ങനെയാണ്. ഓരോ കാലവും സ്ഥലവും അതിന്റെ കയ്യൊപ്പോടുകൂടിയാണ് അത് ഗ്രാമങ്ങളിൽ നിലനിർത്തിയിരുന്നത്. അങ്ങനെ നോക്കിയാൽ അന്നത്തെ നാട്ടിൻ പുറങ്ങളിൽ ഒരു ഫുട്ബോൾ ഫോക് ലോർ തന്നെ നിലനിന്നിരുന്നുവെന്ന് പറയാം. ലോകത്തിനു മുഴുവൻ ബാധകമായ കളി നിയമങ്ങളൊക്കെ വരുന്നത് ടിവിയിൽകളികണ്ടുതുടങ്ങിയതിൽപ്പിന്നെയാണ്. അതോടെയാണ് വലിയ വലിയ ടൂർണമെൻറുകളൊക്കെ വ്യാപകമാകുന്നതും. അന്ന് ഞങ്ങൾ കോരിത്തരിച്ചിരുന്നത് ഫുട്ബോളിന്റെ എനൗൺസ്‌മെന്റ് കേൾക്കുമ്പൊഴാണ്. ജീപ്പിന് മുകളിൽ കെട്ടിയ കോളാമ്പിയിൽ നിന്ന് ഒരു പ്രത്യേക താളത്തിന്റെ ചടുലതയിൽ അതങ്ങനെ ഒഴുകി വരുമ്പോൾ ഒപ്പം ഊർന്നുവീഴുന്ന നോട്ടീസുകൾക്കായി ജീപ്പിനു പിറകെ ഓടിയതുപോലെ മറ്റൊരു കാര്യത്തിനും ഞങ്ങൾ ഓടിയിട്ടില്ല. ആ എനൗൺസ്മെന്റ് ഭാഷയിലെ ഒരു സവിശേഷ വ്യവഹാര രൂപമായി ഒരു പടപ്പുറപ്പാടിന്റെ ഗൗരവത്തിൽ ഭാഷയിൽ ഇന്നും നിലനിൽക്കുന്നുണ്ട്! ഇങ്ങനെ നാട്ടിൻ പുറത്തിന്റെ സ്വാഭാവിക ജീവിതത്തോടൊപ്പം ഇഴുകിച്ചേർന്ന ഒരു കായിക രൂപം എന്ന നിലയിലാണ് മലയാളിയുടെ രക്തത്തിൽ ഫുഡ്ബോൾ അലിഞ്ഞു ചേർന്നത്. അത് പുറത്ത് നിന്നും വന്ന ഒന്നായിട്ടല്ല, അകത്ത് നിന്നും വികസിച്ചു വന്ന ഒരു കായിക സംസ്കാരമായിട്ടാണ് മലയാളി തിരിച്ചറിയുന്നത്. ക്രിക്കറ്റ് അങ്ങനെയല്ല. അത് ഒരു പ്രത്യേക ഘട്ടത്തിൽ ചില പ്രത്യേക വിഭാഗം മനുഷ്യർ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയ ഒരു കളിയാണ്. നമ്മൾ അത് മെനക്കെട്ട് മനസ്സിലാക്കിയെടുത്തതാണ്. ഓലമെടലുകൊണ്ട് എത്ര ബാറ്റുണ്ടാക്കിയാലും, ഫുഡ് ബോളിനോളം അത് നമ്മൾ സ്വാംശീകരിച്ചിട്ടില്ല. മനസ്സിലാക്കുക എന്നതും സ്വാംശീകരിക്കുക എന്നതും വിദ്യാഭ്യാസത്തിലെ പ്രധാനമായ രണ്ട് സങ്കല്പനങ്ങളാണ്. ഇത് പഠിക്കാനുള്ള മികച്ച ഉദാഹരണങ്ങളാണ് ക്രിക്കറ്റും ഫുഡ്ബോളും. കഷ്ടപ്പെട്ട് മനസ്സിലാക്കിയെടുത്തതിന്റെ ഒരു ഇഴുകിച്ചേരായ്മയാണ് ക്രിക്കറ്റിനോടെങ്കിൽ, സ്വാഭാവികമായി സ്വാംശീകരിച്ചതിന്റെ ഒരു തന്മയീഭാവമാണ് മലയാളിക്ക് ഫുഡ്ബോളിനോട്.
ഫുട്ബോൾ ഒരു കളിയും ക്രിക്കറ്റ് ഒരു കാര്യവുമാണ്. അല്പനേരം മാത്രം നീണ്ടു നിൽക്കുന്നത് കളിയും ഒരുപാടുനേരം നീണ്ടുനിൽക്കുന്നത് കാര്യവുമാണ് എന്നതാണിതിന്റെ സാമാന്യയുക്തി. കളിയിൽ അല്പം കാര്യമുണ്ടാകുമ്പോൾ അത് വിനോദവും കളിയിൽ ഒരുപാട് കാര്യങ്ങളുണ്ടാകുമ്പോൾ അത് കച്ചവടവുമായി മാറുന്നു. ക്രിക്കറ്റിൽ കച്ചവടം കളിയെ നിയന്ത്രിക്കുമ്പോൾ ഫുട്ബോളിൽ കളി കച്ചവടത്തെനിയന്ത്രിക്കുന്നു എന്നതാണ് വ്യത്യാസം. രണ്ട് ഓവറുകൾക്കിടയിലുള്ള സമയം കയ്യടക്കുന്നതോടെ ഒരു കളിയെ ആകെത്തന്നെ കയ്യടക്കാൻ പരസ്യക്കമ്പനികൾക്ക് കഴിയുന്നിടത്താണ് ക്രിക്കറ്റ് കളിയിൽനിന്നും കാര്യത്തിലേക്ക് വഴിമാറുന്നത്. ഒരു ബൗളർ പന്ത് മറ്റൊരാളെ ഏല്പിക്കുന്നതുവരെയോ അതുമല്ലെങ്കിൽ, അടുത്ത പന്ത് എറിയാനുള്ള ശ്വാസവേഗം നിയന്ത്രിക്കുന്നതുവരെയോ ഉള്ള സെക്കന്റുകൾ വെറും സെക്കന്റുകൾ മാത്രമല്ലെന്നും അത് കാണികളുടെ ആകാംക്ഷയുടെ അസാധാരണ നിമിഷം കൂടിയാണെന്നും പരസ്യക്കമ്പനികൾ തിരിച്ചറിഞ്ഞതോടെയാണ് ക്രിക്കറ്റിനെ കച്ചവടം നിയന്ത്രിക്കാൻ തുടങ്ങുന്നത്. ആദിമധ്യാന്തം ചടുലതയുടെതയുടെ ഒറ്റച്ചരടിൽക്കൊരുത്ത ഒരു വൈകാരികമുഖമല്ല ക്രിക്കറ്റിനെനിയന്ത്രിക്കുന്നത്. പരസ്യങ്ങളിൽ നിന്ന് ഭിന്നമായി നിലനില്പില്ലാത്തവിധം അടിമുടി കച്ചവടവൽക്കരിക്കപ്പെട്ട ഒരു കായിക വ്യവഹാരമാണത്. പരസ്യവാക്യങ്ങൾ എഴുതിയ ബാറ്റുമായി ബാറ്റ് ചെയ്യാൻ വരാത്ത ബാറ്റ്സ്മാന്മാർ ഒരിക്കലും മികച്ച ബാറ്റ്സ്മാന്മാരാകില്ലെന്ന മുൻ വിധി കാണികൾക്കുണ്ടാകുന്നതതുകൊണ്ടാണ്. സെഞ്ച്വറി അടിച്ചാൽ ഇളകിമറിയുന്ന സ്റ്റേഡിയത്തിനു നേരെ ബാറ്റുയർത്തിക്കാട്ടി ആഹ്ളാദം പങ്കിടുന്നത് ബാറ്റ്സ്മാന്മാരുടെ പതിവാണ്. ഉയർത്തിക്കാട്ടുന്നത് ബാറ്റ് മാത്രമല്ലെന്നും അതിൽ വലിയ അക്ഷരത്തിലെഴുതിയ പരസ്യമാണെന്നും നമ്മളറിയാതിരിക്കുന്നു എന്നതിലാണ് കച്ചവടത്തിലെ കാര്യം ഉള്ളിലൊളിപ്പിച്ച കളിയുടെ മിടുക്ക്. ഇഷ്ടതാരം നേടിയ റൺ ഒരു ആസ്വാദകനു എത്രമേൽ പ്രിയപ്പെട്ടതാണോ അത്രമേൽ പ്രിയപ്പെട്ടതായി അയാളുടെ ബാറ്റിലെഴുതിയ പരസ്യവാക്യവും മനസ്സിൽ പതിയുന്നു എന്നത് അബോധമായി സംഭവിക്കുന്ന ഒന്നാണ്. ‘MRF‘എന്നു വലിയ അക്ഷരത്തിലെഴുതാത്ത ഒരു ബാറ്റ് സച്ചിന്റെ കയ്യിൽ ആരാധകർ പ്രതീക്ഷിക്കുന്നേയില്ല. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ, ഉടുപ്പിലും നടപ്പിലും സ്റ്റമ്പിലും ബാറ്റിലും ബോളിലും കുടിക്കുന്ന വെള്ളക്കുപ്പിയിലും എന്നുവേണ്ട അരയിൽ തിരുകുന്ന തൂവാലയിൽ വരെ പരസ്യങ്ങളുടെ രഹസ്യം നിറച്ച് കളിക്കമ്പത്തോടൊപ്പം നമ്മളെ ഉല്പന്നങ്ങളുടെ ഉന്മാദലോകത്തെത്തിക്കുന്ന ക്രിക്കറ്റ് കളിയല്ല, കാര്യമാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്.
നേരിൽക്കാണുന്ന കളിയേക്കാൾ ആവേശം ടി വിയിൽ കാണുന്ന കളിക്കാണെന്ന് കളി നേരിൽക്കണ്ടവർ പറഞ്ഞുകേട്ടിട്ടുണ്ട്. ഇതിനു കാരണം ക്ളോസപ്പുകളും സ്ലോമോഷനും ലോങ്ങ്ഷോട്ടുകളും കൊണ്ടുള്ള ക്യാമറയുടെ കളിയാണ്. ആവേശം എന്നത് നമ്മളിലുണ്ടാകുന്ന ഒന്നല്ലെന്നും അത് ബോധപൂർവ്വം ഉണ്ടാക്കുന്നതാണെന്നും നാം ഇവിടെ തിരിച്ചറിയുന്നുണ്ട്. ജനക്കൂട്ടത്തിന്റെ ആവേശം എന്നാൽ, ആ ജനക്കൂട്ടം എത്തിച്ചേർന്ന സവിശേഷവ്യവഹാരത്തിന്റെ നിർമ്മിതിയാണ്. അടുത്ത ഓവറിനെക്കുറിച്ചുള്ള ആകാംക്ഷയുടെ ലഹരിയിൽ സ്വന്തം ഉല്പന്നങ്ങളുടെ കപടമൂല്യങ്ങളെ സമർത്ഥമായി വിനിമയം ചെയ്യുന്ന ഒരു ‘കൊമേഴ്സ്യൽ ഡിസൈനിംഗ്‘ ക്രിക്കറ്റിനുണ്ട്. പലപ്പോഴും അയഞ്ഞ ഘടനകളെയാണ് വിപണി ആദ്യം കീഴടക്കുന്നത്. നമുക്കൊരു സുചിന്തിതമായ നിലപാടുണ്ടാകുമ്പോൾ നിലപാടിനു പുറത്തുള്ളവയ്ക്കൊന്നും നമ്മളെ കീഴ്പ്പെടുത്താൻ കഴിയാതിരിക്കുന്നത് നിലപാടുകളുടെ കർക്കശമായ ഘടനയ്ക്കകത്ത് നാം ജീവിക്കുന്നത്കൊണ്ടാണ്. നിലപാടുകൾ അയവാർന്നതാകുകയും നിലപാടില്ലായ്മതന്നെ ഒരു നിലപാടായിമാറുകയും ചെയ്യുന്നകാലത്ത് വിപണിയുടെ ‘കളി‘കൾ നമുക്ക് തിരിച്ചറിഞ്ഞേ പറ്റൂ. പറഞ്ഞുവരുന്നത് കളിയിലെ കാര്യത്തെക്കുറിച്ച് തന്നെയാണ്. പരസ്യവിപണിക്ക് ക്രിക്കറ്റിനോളം പഥ്യം ഫുട്ബോളിനോടില്ലാതിരിക്കുന്നത് ഫുട്ബോളിന്റെ ഘടനാപരമായ സവിശേഷതകൊണ്ട് കൂടിയാണ്. ബുദ്ധികൊണ്ടും ശാരീരികക്ഷമതകൊണ്ടും അസാധാരണമായ യുക്തിഭദ്രതകൊണ്ടും ഒന്നരമണിക്കൂർ നടക്കുന്ന ബലാബലങ്ങൾക്കിടയിൽ വിപണിയുടെ പരസ്യമായികലോകങ്ങളിലേക്ക് കാണികളെ കൊണ്ടുപോകാനുള്ള സാധ്യത പരിമിതമായതുകൊണ്ടാണ് ക്രിക്കറ്റിനെ അപേക്ഷിച്ച് രാജ്യാന്തരമൽസരങ്ങൾ ഫുട്ബോളിൽ കുറവാകുന്നത്.
നാലുവർഷം കൂടുമ്പൊഴുള്ള ലോകക്കപ്പും ചില ക്ളബ്ബ് മൽസരങ്ങളുമൊഴിച്ചാൽ വിവിധ രാജ്യങ്ങൾ തമ്മിൽ ഇടതടവില്ലാതെ നടക്കുന്ന സീരീസ് പരമ്പരകൾ ഫുട്ബോളിൽ പതിവില്ലാതിരിക്കുന്നത് പരസ്യ വിപണികളെ അത് അത്രമേൽ മോഹിപ്പിക്കാത്തതുകൊണ്ട് തന്നെയാണ്. പകുതി സമയത്ത്, കളിക്കാർ വിശ്രമിക്കാനെടുക്കുന്ന നേരമൊഴിച്ചാൽ, ലോകമെങ്ങുമുള്ള കോടാനുകോടി കാണികളെ വശത്താക്കാൻ കുത്തകകമ്പനികൾക്ക് മറ്റ് മാർഗ്ഗങ്ങളില്ലാത്തവിധം സുബദ്ധവും സുഘടിതവുമായ ഘടനയാണ് ഫുട്ബോളിന്റെ സവിശേഷത. എന്നു കരുതി അത് പരസ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നുവെന്നർത്ഥമില്ല. ക്ളബ്ബ് ഫുട്ബോളുകളെ നിയന്ത്രിക്കുന്നത് കുത്തകകളുടെ പണംതന്നെയാണ്. എന്നാൽ ആസ്വാദനത്തിന്റെ ഒന്നരമണിക്കൂർ ദൈർഘ്യത്തിനിടയിൽ കാണികളുടെ കായികാഭിരുചിയെ ഉല്പന്നാഭിരുചിയിലേക്ക് സമർത്ഥമായി വിനിമയം ചെയ്യാനുള്ള വിപണിയുടെ പരിശ്രമങ്ങളെ ഫുട്ബോൾ വലിയ അളവിൽ ഘടനാപരമായി പ്രതിരോധിക്കുന്നുണ്ട്. സ്റ്റേഡിയത്തിനു ചുറ്റും സ്ഥാപിച്ച പരസ്യബോഡുകളിലേക്ക് ഒരു സെക്കന്റ് പോലും ക്യാമറ തിരിച്ചുവെയ്ക്കാൻ പറ്റാത്തവിധം ചടുലവും തീക്ഷ്ണവുമാണ് ഫുട്ബോളിലെ നീക്കങ്ങൾ. ഒരു റണ്ണെടുത്താൽ പിച്ചിനു നടുവിൽ വന്ന് കൈകൾ പരസ്പരം കൂട്ടിമുട്ടിച്ച് സ്വകാര്യം പറഞ്ഞ് പരസ്യവാചകം കാണുന്നമട്ടിൽ ബാറ്റ് പലമട്ടിൽ തിരിച്ചുപിടിച്ച് നിൽക്കുന്ന ബാറ്റ്സ്മാൻമാരെപ്പോലെ ഒരു പന്ത് എതിരാളികൾക്ക് നേരെയടിച്ചാൽ സഹകളിക്കാരുമായി ഒന്നു സന്തോഷം പങ്കിടാൻ പോയിട്ട് കാണികൾക്ക് നേരെ ഒന്നു കൈവീശാൻ പോലും കളിക്കാരെ അനുവദിക്കാത്തവിധമുള്ള വേഗതയുടെ രസതന്ത്രമാണ് ഫുട്ബോളിന്റെ മർമ്മം. ഗോളടിക്കുന്നതിന്റെ ഇടവേളകൾ പോലും സെക്കന്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ആഹ്ളാദപ്രകടനങ്ങളിലൊതുങ്ങുന്നു.
അശ്രദ്ധയുടെ നിസ്സാര പഴുതുകൾ പോലും മഹാദുരന്തങ്ങളിലേക്കുള്ള വാതിലാണെന്ന ബോധ്യമാണ് ഇവിടെ ഓരോ കളിക്കാരനെയും നയിക്കുന്നത്. യാദൃശ്ചികതയുടെ നിമിഷങ്ങളിൽ നിന്നാണ് അത് വൈവിധ്യങ്ങൾ കണ്ടെടുക്കുന്നത്. രണ്ട് തൂണുകൾക്കിടയിലെ ദൂരം അളന്നുതീർക്കാനാകാത്ത ധർമ്മസങ്കടങ്ങളുടെ പേരാണ് ഗോളി. വെടിയുണ്ടകൾ പോലെ തനിക്കുനേരെവരുന്ന ബോളുകൾ തനിക്കുനേരെയല്ലെന്നും തന്റെ രാജ്യത്തിനു നേരെയാണെന്നും തിരിച്ചറിയുന്നിടത്താണ് ഒരു ഗോളി ഒരേസമയം രക്ഷകനും നിസ്സഹായനുമായി മാറുന്നത്. പത്തുപേരുടെ നിസ്സഹായത മുഴുവൻ ചാട്ടുളിയായി തന്റെനേർക്കു വരുന്നതിനെ നെഞ്ചുവിരിച്ച് നേരിടാനുള്ള കരുത്താണ് ഒരു ഗോളിയുടെ മൂലധനം. ഒരു ജാലവിദ്യക്കാരന്റെ വൈദഗ്ധ്യത്തോടെ റഫറി പോക്കറ്റിൽനിന്ന് പുറത്തെടുക്കുന്ന മഞ്ഞയും ചുവപ്പും നിറങ്ങൾ കളിക്കാരന്റെമാത്രമല്ല കായികഭൂപടത്തിൽ ഒരു രാജ്യത്തിന്റെ തന്നെ വിധി നിർണ്ണയിക്കുന്നു. ഓരോതെറ്റുകൾക്കും വിചാരണകൂടാതെ നിറങ്ങൾകൊണ്ട് ശിക്ഷ വിധിക്കുന്ന അതിവേഗകോടതിയാണത്. മഹാമേരുക്കളുടെ പതനവും നിസ്സാരന്മാരുടെ അഭ്യുദയവും ഇഴപിരിഞ്ഞ യാദ്ശ്ചികതയുടെ മറുപേര്.
കളി കാര്യമായി മാറുന്നത് നമ്മുടെ ദൈനംദിന ജീവിതാനുഭവമാണെങ്കിലും അത് അത്ര നിസ്സാരമായ കാര്യമല്ല. പാക്കിസ്ഥാൻ ജയിക്കുമ്പോൾ മലപ്പുറത്തെ ചിലർ ആഹ്ളാദിക്കുന്നുവെന്നാരോപിച്ച് ക്രിക്കറ്റിനെ വർഗ്ഗീയ വിദ്വേഷത്തിന്റെ വ്യവഹാരമാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കാറുണ്ട്. എന്നാൽ, ഈ വാദം എന്തുകൊണ്ട് ഫുട്ബോളിൽ പ്രവർത്തിക്കുന്നില്ലെന്നത് നമ്മളാരും എന്തുകൊണ്ടോ ചോദിക്കാറില്ല. മറുചേരിയിൽ ഏത് മതരാഷ്ട്രം വന്നു നിന്നാലും അർജ്ജന്റീനയ്ക്കും ബ്രസീലിനും ജർമ്മിനിക്കും പോർച്ചുഗലിനും വേണ്ടി അലറിവിളിക്കുന്ന കായികാവേശം ഒരു ജനവിഭാഗത്തിനു മേൽ പതിഞ്ഞ എല്ലാ ആരോപണങ്ങളെയും മായ്ച്ചുകളയുന്നുണ്ട്. വംശീയതയുടെയും മതബോധത്തിന്റെയും ഭാഷാഭേദത്തിന്റെയും അതിർത്തികൾ ചടുലവേഗങ്ങൾകൊണ്ട് മറികടക്കുന്ന അസാധാരണമായ സാധാരണത്വം ഫുട്ബോളിന്റെ സവിശേഷതയായി നാം തിരിച്ചറിയുന്നു. എല്ലാ മലയാളിയും ഏതെങ്കിലുമൊരു പക്ഷത്ത് നിലയുറപ്പിക്കുന്ന കാലമാണിത്. കാലിൽ ചിറകു മുളച്ച മനുഷ്യർക്ക് വേണ്ടി, അവരെ അതിനു പ്രാപ്തരാക്കുന്ന രാജ്യങ്ങൾക്ക് വേണ്ടി പക്ഷം പിടിക്കുന്ന മലയാളി നിഷ്പക്ഷതയുടെ നാട്യങ്ങളെ താൽക്കാലികമായെങ്കിലും അഴിച്ചുവെയ്ക്കുന്നു എന്നതാണ് ഈ കാൽപ്പന്തുകളിയുടെ രാഷ്ട്രീയമായ ഉള്ളടക്കം.