പൂമുഖം രാഷ്ട്രീയം എന്തുകൊണ്ട് ഖാർഗെ? എന്തു കൊണ്ട് തരൂരല്ല?

എന്തുകൊണ്ട് ഖാർഗെ? എന്തു കൊണ്ട് തരൂരല്ല?

കഴിഞ്ഞ ആഴ്ച മലയാളികൾ കോൺഗ്രസ്സിന്റെ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ, ശശി തരൂരിന് എതിരെ ഒരു ഔദ്യോഗിക സ്ഥാനാർഥി വന്നതിൽ നിരാശ രേഖപ്പെടുത്തി . അങ്ങനെ ഒരിക്കൽ കൂടി ദേശീയ രാഷ്‌ടീയത്തിനെ മനസ്സിലാക്കുന്നതിൽ മലയാളി ഹ്രസ്വദൃഷ്ടി പ്രകടിപ്പിച്ചു എന്ന് പറയാം.ഈ കാര്യത്തിൽ മലയാളിയെ കൂപമണ്ഡൂകം എന്ന് ആദ്യമായി വിളിച്ചത് സക്കറിയയാണ്.അടിയന്തരാവസ്ഥയ്ക്കു ശേഷം, മലയാളി ഇന്ദിരാഗാന്ധിയോടൊപ്പം നിന്നതിനായിരുന്നു അത്. അന്ന് അദ്ദേഹത്തിനെ ഭള്ളു പറയുവാൻ ഇന്നത്തെ ട്രോളർമാരെപ്പോലെ ആരും ഉണ്ടായിരുന്നില്ല എന്നാണ് എന്റെ ഓർമ്മ. അന്ന് നമ്മുടെ സമൂഹത്തിനു നന്മ മുൻനിർത്തി , വസ്തുതകളെ കാര്യകാരണസഹിതം കാണുവാനുള്ള ശക്തി നഷ്ടപ്പെട്ടിട്ടില്ലായിരുന്നു എന്ന് വേണം കരുതാൻ.

എന്തുകൊണ്ട് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ വെച്ചു നോക്കുമ്പോൾ, ഇന്നത്തെ അവസ്ഥയിൽ ഒരു മലയാളി കോൺഗ്രസ് പ്രസിഡന്റ് ആകുവാൻ പറ്റില്ല എന്ന് നോക്കാം. ഇന്ന് ഭരിക്കുന്ന സർക്കാരിലെ മുഖ്യപാർട്ടിയായ ബി ജെ പി അവരുടെ വേര് വടക്കേ ഇന്ത്യയിൽ ആഴത്തിൽ ഉറപ്പിച്ചാണ് നിൽക്കുന്നത്. അവരുടെ ഭൂരിപക്ഷം, മലയാളി ഇന്നും പുച്ഛിക്കുന്ന ഗോസ്വാമിമാരുടേതാണ്. ആ സ്വാധീനം കൂടുതൽ ഉറപ്പിച്ചാൽ അവർക്കു ഹിന്ദുരാഷ്ട്രമുണ്ടാക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്ന് അവർ കരുതുന്നു, കേരളത്തിൽ നിന്ന് ഒരു എം പി പോലും ഇല്ലെങ്കിലും.ഇത് മനസ്സിലാക്കാൻ ഉള്ള കഴിവ് കോൺഗ്രസ് ഹൈകമാൻഡ് , ഏ കെ ആന്റണി എന്നിവർക്ക് ഉണ്ട് എന്നാണ് അവരുടെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തീരുമാനങ്ങൾ കാണിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ സ്വാധീനം വീണ്ടെടുക്കാനാണല്ലോ ഹൈ കമാൻഡ് രാജസ്ഥാൻ മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി തെരെഞ്ഞെടുപ്പിനു തീരുമാനിച്ചത്. പക്ഷെ അദ്ദേഹം തന്റെ സ്ഥാനം സ്വന്തം രാഷ്‌ടീയ എതിരാളിക്ക്, അതും ബി ജെ പി യുമായി ചേർന്ന് കോൺഗ്രസിനെ അധികാരത്തിനു പുറത്താക്കുവാൻ പോലും ഒരു തവണ ശ്രമിച്ച സച്ചിൻ പൈലറ്റിന് വിട്ടു നൽകുവാൻ വിസമ്മതിച്ചു. അതും ഹൈ കമാൻഡിന്റെ സ്ഥിരം ഏർപ്പാടായ ഒറ്റവാചക റെസൊല്യൂഷനിലൂടെ . ഇത് കാണിക്കുന്നത്, പഞ്ചാബിനെ പോലെ രാജസ്ഥാനെ രാഷ്‌ടീയ അസ്ഥിരതയ്ക്കു വിട്ടു കൊടുക്കുവാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് തയ്യാറല്ല എന്നതാണ്. അതും ഭൂരിപക്ഷം എം ൽ എ മാർ തന്റെ കൂടെ ഉള്ളപ്പോൾ.അതായതു കോൺഗ്രസ്സിൽ കുടുംബവാഴ്ച മാറി ജനാധിപത്യം വരണമെന്നുണ്ടെങ്കിൽ തീരുമാനങ്ങളും ജനാധിപത്യപരമാകണം എന്ന് ചുരുക്കം.


ഇത് മനസ്സിലാക്കിയത് കൊണ്ടാകണം കോൺഗ്രസ് ഹൈ കമാൻഡ്, ഗാന്ധി കുടുംബവുമായി കൂടുതൽ മെയ് വഴക്കമുള്ള ഒരാളെ അന്വേഷിക്കാൻ തീരുമാനിച്ചതും. ആൻ്റണി ഒരിക്കൽ കൂടി രാജ്യസഭയിൽ എത്തി ഡൽഹി രാഷ്‌ടീയത്തിൽ ഉണ്ടാവണം എന്നാഗ്രഹിച്ച സോണിയ ഗാന്ധി, അത് വേണ്ട എന്ന് വെച്ച് കേരളത്തിലേക്ക് മടങ്ങിയ അദ്ദേഹത്തെത്തന്നെ വിളിപ്പിച്ചു ചർച്ച ചെയ്യുവാൻ കാരണം ഈ ഗാന്ധികുടുംബ മെയ് വഴക്കമാകണം. ഈ മെയ് വഴക്കത്തെ വെറും ഭക്തിയായി കരുതി തള്ളണ്ട കാര്യമില്ല. കാരണം നെഹ്‌റു-ഗാന്ധി കുടുംബമാണ് വർഷങ്ങളായി കോൺഗ്രസ്സിന്റെ തലപ്പത്തു ഒരു ഐക്യശക്തിയായി, കോൺഗ്രസ്സിന്റെ ജനിതകശക്തിയായി തീരുമാനങ്ങളിലും നേതൃസ്ഥാനത്തും നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെയാണ്, ആര് എവിടെ പോയാലും കോൺഗ്രസ് സംഘപരിവാറിനെതിരെ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കും എന്ന് രാഹുൽ ഗാന്ധി ശക്തമായി പറയുന്നതും. പലയിടത്തും പോയവരൊക്കെ കോൺഗ്രസ്സിന്റെ ഗാന്ധികുടുംബനേതൃത്വത്തിന്റെ പരിലാളനയിൽ വളർന്നു ദേശീയന്മാർ ആയവർ ആണ്. അത് പരസ്യമായി സമ്മതിക്കുന്നത് ആന്റണിയെ പോലെ ചുരുക്കും ചിലർ മാത്രമാണ് എന്നത് മറ്റൊരു സത്യം.

ഇതാണ് കോൺഗ്രസ്സ് പ്രസിഡന്റ് ആരാകണം എന്ന തീരുമാനത്തിൽ ആന്റണിയുടെ അഭിപ്രായം ഹൈ കമാൻഡ് മാനിക്കാൻ കാരണം. ഒന്ന് അദ്ദേഹം സജീവരാഷ്‌ടീയത്തിൽ നിന്ന് പിന്മാറിയിരിക്കുന്നു. രണ്ട്, അദ്ദേഹം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ ആണ്. മൂന്ന്, അദ്ദേഹം കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഡൽഹിയിലെ ദേശീയ രാഷ്‌ടീയത്തിന്റെ നൂലാമാലകൾ അറിയുന്ന നേതാവാണ്. ആന്റണിയെ കണ്ടതിനു ശേഷമാണ് സോണിയ ഗാന്ധി രാജസ്ഥാൻ മുഖ്യ മന്ത്രിയെ കണ്ടത് എന്ന് ഓർക്കുക. ഗെഹ്ലോട് സോണിയ ഗാന്ധിയെ കണ്ടതിനു ശേഷം കെ സി വേണു ഗോപാൽ ആന്റണിയെ കാണുന്നു. അവരുടെ അരമണിക്കൂർ ചർച്ചയ്ക്കു ശേഷം അതുവരെ ഉറപ്പിച്ചു ഒന്നും പറയാത്ത ആന്റണി , അടുത്ത ദിവസം കോൺഗ്രസ്സ് അധ്യക്ഷനെ കുറിച്ചുള്ള എല്ലാ ആശങ്കളും ശുഭമായി അവസാനിക്കുമെന്ന് പറയുന്നു. ഇത് ഇവിടെ ഉറപ്പിച്ചു പറയുവാൻ കാരണം , ആ വൈകുന്നേരം ഡൽഹിയിലെ മാധ്യമപ്രവർത്തകരായ ഞങ്ങൾ കുറച്ചു പേർ അദ്ദേഹത്തിന്റെ കൂടെ രണ്ടു മണിക്കൂർ കേരള ഹൗസിലെ മുറിയിൽ ചിലവഴിച്ചു എന്നതു കൊണ്ടാണ്.
ഗെഹ്ലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ ഉള്ള ഘടകമായി കേട്ടത് അദ്ദേഹത്തിന് അമ്പതു വർഷമായി കോൺഗ്രസ്സ് എന്ന സംഘടനയുടെ, ഗാന്ധി കുടുബത്തിനു അതിലുള്ള സ്ഥാനത്തിന്റെ എല്ലാ വശങ്ങളും അറിയാം എന്നത് തന്നെ ആണ് . തന്റെ സംസ്ഥാന എതിരാളിയെ ഗാന്ധി കുടുംബം പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കുമായിരുന്നു . അത് തന്നെയായിരുന്നു രാഷ്ട്രീയമായി ഹിന്ദിഹൃദയഭൂമിയെ സ്വാധീനിക്കാനുള്ള കോൺഗ്രസ്സിന്റെ നല്ല കാൽവെയ്പ്പും. പക്ഷെ അത് തുടക്കത്തിൽ തന്നെ പാളിപ്പോയ സ്ഥിതിക്ക്, ഹിന്ദി ഭൂമിയിലെ അടുത്ത നല്ല നേതാക്കളായ കമൽ നാഥ്, ദിഗ്‌വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് കേട്ടത്. പക്ഷെ അവർ രണ്ടും മദ്ധ്യപ്രദേശിന്‌ പുറത്തു വേണ്ട സ്വാധീനമുള്ളവർ ആണോ എന്ന സംശയവും ഉയർന്നു. അവിടെയാണ് ഉള്ളതിൽ നല്ലതും, സുരക്ഷിതവുമായ സ്ഥാനാർഥി എന്ന തീരുമാനത്തിൽ കർണാടകയിൽ നിന്നുള്ള ദളിത് നേതാവായ മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുക്കുന്നത്. ഹിന്ദി ഹൃദയഭൂമിയെക്കാൾ ഗാന്ധികടുംബത്തിന്റെ വിശ്വസ്തത ഇതിനു കാരണമായി എന്ന് പറയേണ്ടി വരും.

ഇവിടെ നമ്മുടെ സ്വന്തം ശശി തരൂർ എവിടെ എന്ന ചോദ്യം സ്വാഭാവികമാണ്.ശ്രി ആന്റണിയുടെ മകനും മറ്റുള്ളവരും സൂചിച്ചിപ്പതു പോലെ, ശ്രി തരൂർ മറ്റു ആരെക്കാളും വലിയ നെഹ്‌റു പക്ഷക്കാരനാണ്. നെഹ്‌റുവിനെ മനസിലാക്കുവാനും, അദ്ദേഹത്തെ പോലെ എഴുതാനും, പ്രസംഗിക്കാനും, ചെറുപ്പക്കാരെ ആകർഷിക്കാനും കഴിവുള്ള നേതാവ്. സോഷ്യൽ മീഡിയയിലെ താരം. നാഗരിക സമൂഹത്തിന്റെ കണ്ണിലുണ്ണി. പക്ഷെ അദ്ദേഹത്തിന്റെ ഈ ഗുണഗണങ്ങൾ കൊണ്ട് കോൺഗ്രസ്സിന് ഇന്ന് രാഷ്‌ടീയകീറാമുട്ടി ആയ ഹിന്ദിഹൃദയഭൂമിയിൽ എന്തെങ്കി ലും മാറ്റം വരുത്തുവാൻ കഴിയുമോ എന്ന് ആർക്കും ഒരു തീർപ്പില്ല. തരൂർ ഗാന്ധികടുംബത്തിന്റെ ആശീർവാദത്തോടെയാണ് കോൺഗ്രസ്സിൽ എത്തിയത്. എങ്കിലും, അദ്ദേഹം കേവലം പതിനഞ്ചു വർഷത്തിനുള്ളിൽ പാർട്ടിയുടെ തലപ്പത്തു വരുന്നത്, നൂറ്റാണ്ടു പഴക്കമുള്ള ഒരു സംഘടനയും അതിന്റെ തലപ്പത്തു ഒരു ജീവിതകാലം കഴിച്ചുകൂട്ടിയവരും തുറന്നു സ്വാഗതം ചെയ്യാത്തത് മനസ്സിലാക്കാവുന്നതാണ്. കേരളത്തിലെ ചുരുക്കം ചില എം പി മാരേ അദ്ദേഹത്തിന്റെ ദേശീയപ്രകടനങ്ങളെ സ്വാഗതം ചെയ്യുന്നുള്ളു എന്നത് തന്നെ അതല്ലേ കാണിക്കുന്നത്? കാരണം കോൺഗ്രസ്സിന്റെ ആന്തരികരാഷ്‌ടീയം തരൂരിനെ പോലെയുള്ള ഒരു പബ്ലിക് ഇന്റലക്ച്വലിനെ ഉൾക്കൊള്ളുവാൻ പാകമല്ല എന്നത് തന്നെ. നെഹ്‌റുവിനെപ്പോലും ഒരു മഹാമേരു എന്ന നിലയിൽ ആണ് കോൺഗ്രസ്സ് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി കാലയളവിൽ കണ്ടിരുന്നത്. മറ്റൊരു സാധാരണ നേതാവായി കാണുവാൻ അവർക്കു കഴിഞ്ഞില്ല. അത് പോലെ തന്നെ ആണ് തരൂരും. നെഹ്‌റു കോൺഗ്രസ്സിന്റെ ഒരു വോട്ട്ബാങ്ക് താക്കോൽ ആയിരുന്നു.തരൂർ കേരളത്തിൽ പോലും അതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പക്ഷെ തരൂർ ഒരു നല്ല സന്ദേശം ഈ കോൺഗ്രസ്സ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ നൽകുന്നു. അവരുടെ ജനാധിപത്യ പ്രക്രിയയെ കുറിച്ച്, അത് എത്ര വികലമാണെങ്കിലും. അദ്ധ്യക്ഷതെരെഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തെ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നു കേട്ടു. അത് വളരെ അഭികാമ്യമായ ഒരു നടപടി തന്നെ ആയിരിക്കും.

പക്ഷെ കോൺഗ്രസ്സിന്റെ ഇന്നത്തെ ദേശീയ അവസ്ഥ ,ഹിന്ദിഹൃദയഭൂമിയിലെ പ്രശ്നങ്ങൾ, രാഷ്‌ടീയ എതിരാളികളായ ബി ജെ പി യുടെ ഹിന്ദിഭൂമിയിലെ സ്വാധീനശക്തി എന്നിവ വേണ്ട വിധം മനസ്സിലാക്കാതെയുള്ള മലയാളിയുടെ സ്ഥിരം കൊള്ളിവാക്കുകൾ രാഷ്ട്രീയ അപക്വതയായേ കണക്കാക്കാൻ പറ്റൂ . കൂടെ സ്ഥിരം ആന്റണി ഭള്ളു പറച്ചിലും , ട്രോളും കൂടിയാകുമ്പോൾ, ദേശീയരാഷ്‌ടീയത്തിലെ വസ്തുതകളിൽ നിന്ന് മലയാളി എത്ര അകലെ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like