ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്തിരയിൽ മുങ്ങിനിന്ന ഇന്ത്യ- പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ മത്സര ദിനം. ഇതൊരു സാധാരണ ക്രിക്കറ്റ് കളി മാത്രമല്ല; ആവേശവും, വികാരവും, രാജ്യസ്നേഹവും അലതല്ലുന്ന ഒരു മഹോത്സവമാണ്. യു എ ഇ യിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും, ഇത്തരം മത്സരങ്ങൾ സ്വന്തം നാട്ടിലെ ഒരു പെരുന്നാൾ പോലെയാണ് അനുഭവപ്പെടുക.
ഞാനും കുടുംബവും ഒന്നിച്ച് ആദ്യമായി ഒരു ലൈവ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മനസ്സിൽ വലിയ സന്തോഷമായിരുന്നു. ക്രിക്കറ്റിന്റെ ഈ ആഘോഷം നേരിട്ട് അനുഭവിക്കുക എന്നതായിരുന്നു ലക്ഷ്യം. ഞങ്ങളുടെ പിന്നിലെ സീറ്റിൽ ഒരു പാകിസ്ഥാനി കുടുംബം—ദമ്പതികളും മൂന്ന് മുതിർന്ന പെൺമക്കളും. തൊട്ടടുത്ത് കളിയോടുള്ള അവരുടെ നിഷ്പക്ഷമായ ആവേശം കണ്ടപ്പോൾ, ഇതൊരു കുടുംബബന്ധങ്ങളുടെ ആഘോഷം കൂടിയായി തോന്നി. ഞങ്ങളുടെ തൊട്ടടുത്ത് ഇരുന്നവരും പാക്കിസ്ഥാനികൾ. പക്ഷേ സ്റ്റേഡിയത്തിന്റെ ഭൂരിഭാഗവും നീലവസ്ത്രം ധരിച്ച ഇന്ത്യൻ കാണികൾ. ചെറിയ ശതമാനം മാത്രം പാക്കിസ്ഥാനികൾ.

മത്സരം ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഫക്കർ സൽമാന്റെയും അഷ്റഫിന്റെയും മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചു. തുടക്കത്തിൽ അവരുടെ ആരാധകർ ആർത്തുല്ലസിച്ചു. സിക്സുകളും ഫോറുകളും പറക്കുമ്പോൾ അവർ ശരിക്കും ആഘോഷിച്ചു. പക്ഷേ അവരുടെ രണ്ടാം വിക്കറ്റ് വീണപ്പോൾ മുതൽ ഇന്ത്യൻ ആവേശം അണപൊട്ടിയൊഴുകി. പതിമൂന്നാം ഓവറിൽ ആണ് സ്കോർ 200 കടക്കും എന്ന തോന്നലിൽ പോയിരുന്ന കളിയുടെ ഗതി മാറ്റിയ കുൽദീപ് യാദവിൻ്റെ വിക്കറ്റ് വേട്ട. ഒരു വിക്കറ്റിന് 113 എന്ന സ്കോറിൽ നിന്നും പാക്കിസ്ഥാൻ 146 റൺസിന് ഓൾ ഔട്ട് ആയി. എന്നാൽ, തുടർച്ചയായ വിക്കറ്റ് വീഴ്ചകൾ പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. അവർ 146 റൺസിന് ഓൾ ഔട്ട് ആയപ്പോൾ, ചുറ്റുമിരുന്ന പാകിസ്ഥാനി മുഖങ്ങളിൽ നിരാശ പടർന്നു. ഇന്ത്യക്കാർ ആർത്തുവിളിച്ചു. ആവേശവും നിരാശയും ഒരേ സ്റ്റേഡിയത്തിൽ അലകൾ തീർക്കുന്നത് വിചിത്രമായൊരു കാഴ്ചയായിരുന്നു.
പാകിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ചില ആരാധകർ നിരാശയോടെ കളി കാണാതെ മടങ്ങി. അഭിഷേക് ശർമയും ഗില്ലും ചേർന്നു വളരെ നിഷ്പ്രയാസം കളി ജയിപ്പിക്കും എന്നാണു എല്ലാവരും കരുതിയത്. എന്നാൽ ഞങ്ങളുടെ അടുത്തിരുന്ന കുടുംബം അവിടെത്തന്നെയിരുന്നു. തോൽവിയുടെ ഭയത്തെക്കാൾ അവർക്ക് വലുത് കളി കാണുന്നതിന്റെ ആനന്ദം തന്നെയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ വിക്കറ്റുകൾ ഓരോന്നായി നിലംപതിച്ചപ്പോൾ അവരുടെ ഊഴമായി. പവർ പ്ലേയിൽ തന്നെ മൂന്ന് ഇന്ത്യൻ വിക്കറ്റുകൾ ആണു വീണത്. നാലാമത്തെ ഓവർ കഴിഞ്ഞപ്പോൾ അഭിഷേക് ശർമ, ഗിൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തുടങ്ങിയ പ്രമുഖർ കൂടാരം കയറി. വെറും ഇരുപത് റൺസിന് മൂന്ന് വിക്കറ്റുകൾ പോയി. തിലക് വർമയും സഞ്ജു സംസനും ആണ് ഇന്ത്യക്ക് ഒരല്പം പ്രതീക്ഷ നൽകിയത്. പതിമൂന്നാം ഓവറിൽ സഞ്ജു മടങ്ങുമ്പോൾ സ്കോർ 77 മാത്രം. പാക്കിസ്ഥാൻ പ്രേക്ഷകർ വിജയം മുന്നിൽ കണ്ടു ആർത്തുവിളിച്ചു, കൈയടിച്ചുകൊണ്ട് പാകിസ്ഥാൻ പതാക വീശി. പതാക ഇടയ്ക്ക് എന്റെ ദേഹത്ത് തട്ടുമ്പോഴൊക്കെ അവർ ‘സോറി’ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട മറുപടി നൽകി “ഇതൊരു കളിയാണ്. ഇപ്പോൾ നിങ്ങളുടെ സമയം. നിങ്ങൾ ആഘോഷിക്കൂ. പക്ഷേ ഒടുവില് ജയിക്കുന്നത് ഞങ്ങളായിരിക്കും.” ആ വാക്കുകൾ അവർ വലിയ സ്പോർട്സ്മാൻ സ്പിരിറ്റോടെ സ്വീകരിച്ചു.

ഇന്ത്യൻ വിജയം ഉറപ്പായപ്പോൾ അവരുടെ ആഘോഷം ശമിച്ച. അവസാന ഓവറിൽ ഇന്ത്യ വിജയിച്ചപ്പോൾ, ആ കുടുംബം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. അവരുടെ വാക്കുകൾ എൻ്റെ കാതിൽ മുഴങ്ങി: “ക്രിക്കറ്റ് ജയിച്ചു.” ജയമോ തോൽവിയോ ആയിരുന്നില്ല, പ്രവാസജീവിതത്തിലെ ഒരുമയുടെ പ്രതീകമായിരുന്നു ആ നിമിഷം.
സ്റ്റേഡിയത്തിൽ ആരാധകർ സ്നേഹവും സാഹോദര്യവും കൈമാറിയപ്പോൾ, മൈതാനത്ത് നടന്ന മറ്റൊരു രംഗം ഞങ്ങളെ വേദനിപ്പിച്ചു. കളിക്കിടയിൽ ബൂമ്ര അടക്കം പലരും sportsmanship തൊട്ടുതീണ്ടാത്ത പ്രകടനം ആണ് കാഴ്ച വച്ചത്. കളി ജയിച്ച് ട്രോഫി ഏറ്റുവാങ്ങുന്ന നിർണ്ണായക നിമിഷം! ഇന്ത്യൻ താരങ്ങൾ അത് സ്വന്തം ആരാധകരുമായി പങ്കുവെച്ച് ആഘോഷിക്കുന്നതിനു പകരം, രാഷ്ട്രീയത്തിന്റെ ഭാഷ സംസാരിക്കാൻ തുടങ്ങി. ഇത് കളിയുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു. യു എ ഇ യിൽ നടന്ന ഈ ഫൈനലിൽ പങ്കെടുത്ത കാണികളിൽ 80 ശതമാനത്തോളവും ഇന്ത്യക്കാർ ആയിരുന്നു. എന്നിട്ടും, അവരുടെ ആവേശം പോലും അവഗണിച്ച് താരങ്ങൾ രാഷ്ട്രീയം കലർത്തിയത് അംഗീകരിക്കാനാവില്ല.
ഒരു രാജ്യത്തിന്റെ കളിക്കാർ മറ്റൊരു രാജ്യത്ത് കളിക്കുമ്പോൾ അത് വെറും മത്സരം മാത്രമല്ല, ആ രാജ്യത്തിന്റെ സംസ്കാരവും മാന്യതയും പ്രതിഫലിക്കുന്ന വേദിയാണ്. രാഷ്ട്രീയപ്രതികരണങ്ങൾക്കുള്ള വേദിയല്ല സ്പോർട്സ്. ക്രിക്കറ്റിന്റെ വേദിയിൽ ഇത്തരം രാഷ്ട്രീയ പ്രേരിത കയ്യാങ്കളികൾ നടത്തിയത് കളിയുടെ മഹത്വത്തെ ശോഷിപ്പിച്ചു.സ്പോർട്സ്, ഒന്നിപ്പിക്കാനുള്ള പാലം ആണ്. സ്റ്റേഡിയത്തിലെ ഇന്ത്യൻ–പാകിസ്ഥാനി ആരാധകർ കൈയടിച്ച്, ആവേശം പങ്കുവെച്ച്, തോൽവിയും ജയവും മറന്ന്, ഒടുവിൽ “ക്രിക്കറ്റ് ജയിച്ചു” എന്ന് സമ്മതിച്ചപ്പോൾ, കളിയുടെ യഥാർത്ഥ സന്ദേശം തെളിഞ്ഞു.

പ്രവാസജീവിതത്തിൽ എല്ലാവരും ഒരേ നിലയിൽ ജോലി ചെയ്യുന്നു, ജീവിക്കുന്നു, ഭാവിയെ തേടുന്നു. ഇവിടെ രാഷ്ട്രീയമോ മതമോ വർഗ്ഗമോ നമ്മെ വേർതിരിക്കേണ്ട ആവശ്യമില്ല. കളിക്കാർ ഓർക്കണം: ലക്ഷക്കണക്കിന് ആളുകളെ ഒരേ വികാരത്തിൽ ഒന്നിപ്പിക്കാനുള്ള ശക്തി സ്പോർട്സിനുണ്ട്. അതിൽ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ വിഷം കലർത്തുന്നത് കളിയോടും കാണികളോടുമുള്ള അനാദരവാണ്. ക്രിക്കറ്റ് നമ്മെ ഒന്നിപ്പിക്കട്ടെ. അതിനിടയിൽ രാഷ്ട്രീയം ചെലുത്തി വേർതിരിക്കരുത്. കളിക്കളത്തിൽ വിനോദവും, കായികക്ഷമതയും, സ്പോർട്സ്മാൻ സ്പിരിറ്റും മാത്രമേ കടന്നുവരാൻ പാടുള്ളൂ.



