പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' സംസ്ഥാനത്ത് വിദേശ സർവ്വകലാശാലകൾ വരണമോ വേണ്ടയോ?

സംസ്ഥാനത്ത് വിദേശ സർവ്വകലാശാലകൾ വരണമോ വേണ്ടയോ?

ചോദ്യം :

വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോട്ടങ്ങൾ ഉണ്ടെങ്കിൽ അത്, അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ?

കേരളത്തില്‍ പല കോളേജുകളിലും ബിരുദത്തിനുള്ള സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് വാര്‍ത്ത. അത് വര്‍ഷം തോറും ഏറിവരുന്നതിനാല്‍ ഒരു പുതിയ പ്രവണതയാണ് എന്നു പറയാം. അതേസമയം, കേരളത്തിലെ യുവജനങ്ങള്‍ ഒന്നാകെ പഠനവിമുഖരായി മാറുന്നു എന്നു പറയാനായിട്ടില്ല. അത്തരം ഒരു ചിന്ത കൗമാരക്കാരില്‍ പടരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും. അക്ഷരമെഴുതാന്‍ പോലും അറിയാത്തവര്‍ക്ക് ഫുള്‍ എ പ്ലസ് കിട്ടുന്നു എന്ന് ഈയിടെ വിവാദമായ പ്രസ്താവനയുടെ ഒരര്‍ത്ഥം ബുദ്ധിശാലികളായ കുട്ടികളെ സംബന്ധിച്ച് ഇവിടെ നിലവിലുള്ള പൊതുവിദ്യാഭ്യാസം ഒട്ടും വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്നാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം ആണ് നടപ്പിലുള്ളത്. ഒരു മണിക്കൂര്‍പോലും നഷ്ടപ്പടുത്താന്‍ പറ്റാത്ത, നിന്നുതിരിയാന്‍ ഇടയില്ലാത്ത വളരെ തീവ്രമായ പഠനപദ്ധതിയാണത്. പക്ഷെ നടപ്പിലാക്കി ഒന്നര ദശകം പിന്നിട്ടിട്ടും നമ്മുടെ കലാലയാന്തരീക്ഷം അതിനനുസരിച്ച് മാറിയെന്ന് പറയാനാവില്ല. അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷമായി ബിരുദപഠനം മാറാന്‍ പോവുകയാണ്. തീര്‍ച്ചയായും വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് സ്വതന്ത്രമായി പഠനവിഷയങ്ങള്‍ തെരഞ്ഞെടുക്കാമെന്നാണ് അത് മുന്നോട്ടുവെക്കുന്ന സാദ്ധ്യത. നടത്തിപ്പില്‍ എത്രകണ്ട് ഇത് പ്രാവര്‍ത്തികമാകും എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ഈ പശ്ചാത്തലത്തിലാണ് ഒരു ബജറ്റ്പ്രഖ്യാപനത്തെ ചുറ്റിപ്പറ്റി കേരളത്തില്‍ വിദേശസര്‍വ്വകലാശാല എന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്.

വിദേശസര്‍വ്വകലാശാലകള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയമാണ് എന്നാണല്ലോ പഠനാവശ്യാര്‍ത്ഥം പുറംനാട്ടിലേക്കു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷംതോറും ഏറിവരുന്നതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കേരളത്തില്‍ നിലവിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് വിദേശങ്ങളിലുള്ളത് എന്നാണതിന്റെ പിന്നിലുള്ള വിശ്വാസം. അത് എല്ലായ്പ്പോഴും സര്‍വ്വകലാശാലകളുടെ ഗുണമാണോ അതോ വിദേശങ്ങളുടെ സാമൂഹികസാംസ്ക്കാരികപരിതസ്ഥികളുടെ മെച്ചമാണോ എന്നു തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. അതിലുപരി കേരളത്തിന് പുറത്ത് (വാസ്തവത്തില്‍ ഇന്ത്യയ്ക്ക് പുറത്ത്) ആണ് എന്നത് ഒരു ഗുണനിലവാരസൂചിയായി എടുക്കാന്‍ പറ്റുമോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനരീതിയാണ് ആകര്‍ഷണഘടകമെങ്കില്‍ അത് അതേ പടി കേരളത്തില്‍ നടപ്പിലാക്കാനാകുമോ എന്നത് തീര്‍ച്ചയായും പ്രധാനമാണ്. അതിനാല്‍ വിദേശസര്‍വ്വകലാശാലകള്‍ കേരളത്തില്‍ ശാഖകള്‍ ആരംഭിക്കുന്നത് സ്വാഗതാര്‍ഹമാണോ എന്ന ചോദ്യം ഒരു യെസ് ഓര്‍ നോ ചോദ്യമല്ല.
കേരളത്തിന്റെ‍ വിദ്യാഭ്യാസരംഗം ഇന്ത്യയ്ക്കാകെ മാതൃകയായിട്ടുണ്ട്. അതിന്റെ ഒരു കാരണം സര്‍ക്കാര്‍ നേരിട്ടും എയിഡുവഴിയും നടത്തിപ്പോന്ന കേളേജുകളില്‍ വലിയ സാമ്പത്തികബാദ്ധ്യതയില്ലാതെ കുട്ടികള്‍ക്ക് പഠിച്ചുമുന്നേറാന്‍ കഴിഞ്ഞിരുന്നു എന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ സഹായം ഒട്ടുമില്ലാതെ കുട്ടികളുടെ ഫീസുമാത്രം ഉപയോഗിച്ച് നടത്തുന്ന സെല്‍ഫ് ഫിനാന്‍സ് കോളേജുകളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രംഗത്തെത്തിയിരിക്കുന്നത്. ഈ നിലമാറ്റംതന്നെയാവും വിദേശസര്‍വ്വകലാശാലകളെക്കുറിച്ച് ആലോചിക്കാനുള്ള സാഹചര്യവും. ആ നിലയില്‍ വിദേശസര്‍വ്വകലാശാലകള്‍ വന്നാല്‍ അതുകൊണ്ട് എന്തെങ്കിലും അപകടംവരുമെന്ന് ആശങ്കപ്പെടേണ്ടതില്ല. വിദേശരാജ്യങ്ങളിലേതിനെക്കാള്‍ ചെലവുകുറഞ്ഞ കോഴ്സുകള്‍ നടത്താനാകുമെന്ന് പ്രത്യാശിക്കുകയും ചെയ്യാം. ലോകത്തിലെ പ്രസിദ്ധവും മികച്ചതുമായ സര്‍വ്വകലാശാലകളെ ആകര്‍ഷിക്കാന്‍ നമുക്ക് കഴിയുമോ എന്നതാണ് ചോദ്യം. അതുണ്ടായാല്‍ തീര്‍ച്ചയായും നമ്മുടെ സര്‍വ്വകലാശാലകള്‍ ഗുണപരമായി മത്സരിക്കാതെ നിവൃത്തിയില്ലാതെവരും. അങ്ങനെ നോക്കിയാല്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ മെച്ചപ്പെടുന്നതിലായിരിക്കും അതെത്തിച്ചേരുക. മറിച്ച് നിലവാരം കുറഞ്ഞ സര്‍വ്വകലാശാലകളാണ് വരുന്നതെങ്കില്‍ നില മെച്ചപ്പെടുമെന്ന് പ്രത്യാശിക്കാന്‍ കഴിയില്ല.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like