പൂമുഖം OPINIONഅഭിമുഖം “അട്ടപ്പാടിയിൽ എന്താണ് സംഭവിക്കുന്നത്?”

“അട്ടപ്പാടിയിൽ എന്താണ് സംഭവിക്കുന്നത്?”

ബാല്യം മുതൽ അട്ടപ്പാടിയുടെ ജീവിത പരിസരങ്ങളുമായി നേർ പരിചയമുള്ള ബേസിൽ പി ദാസുമായി മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ പി എൽ ലതിക നടത്തുന്ന അഭിമുഖം.

  • അട്ടപ്പാടിയിൽ വീണ്ടും ശിശു മരണങ്ങൾ വാർത്തയാവുകയാണല്ലോ. എന്താണവിടെ സംഭവിക്കുന്നത്? അട്ടപ്പാടിയിലെ പട്ടിണിക്ക് എന്നാണ് അറുതി വരിക?

അട്ടപ്പാടിയിൽ പട്ടിണിയില്ല. പൊതു ഭക്ഷ്യ വിതരണം സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലെപ്പോലെ അട്ടപ്പാടിയിലും നടക്കുന്നുണ്ട്. അട്ടപ്പാടിയിലെ ശിശുക്കളുടെയും അമ്മമാരുടെയും പ്രശ്നം പോഷകാഹാരക്കുറവാണ്. 750 ഗ്രാം ഭാരത്തോടെ ശിശുക്കൾ ജനിക്കുന്ന ഇടമാണ് അട്ടപ്പാടി.

  • പോഷകാഹാര പ്രശ്നം പരിഹരിക്കാൻ നിലവിൽ സർക്കാർ പദ്ധതികൾ ഇല്ലെന്നാണോ?

ഇല്ലെന്നു പറയുന്നത് വാസ്തവ വിരുദ്ധമാവും. 2013 ൽ കേരളത്തെ ലജ്ജിപ്പിച്ചു കൊണ്ട് 42 ശിശു മരണങ്ങളുണ്ടായി. അന്നത്തെ യു ഡി എഫ് സർക്കാർ ഇടപെടുകയും അനുയോജ്യമായ ചില പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഉണ്ടായി. പദ്ധതികൾക്കല്ല പഞ്ഞം. പ്രഖ്യാപനങ്ങൾക്ക് പിന്നാലെ നിർവഹണം നടക്കുന്നുണ്ടോ എന്നു കൃത്യമായ മേൽനോട്ടം ഉണ്ടാവുന്നില്ല എന്നതാണ് പദ്ധതികൾ ലക്‌ഷ്യം നേടാത്തതിന്റെ കാരണം. പദ്ധതികളുടെ പ്രഖ്യാപനവും ധന വിഹിതം വകയിരുത്തലും നടക്കും. പക്ഷെ ഫലപ്രദമായി നടപ്പിലാ വാറില്ല. ഉദ്യോഗസ്ഥന്മാർക്ക് ചാകരയാണ് ആദിവാസി മേഖലകളിലെ സർക്കാർ പദ്ധതികൾ. എത്ര ചർച്ചകൾ ഉണ്ടായിട്ടും വാർത്തകൾ വന്നിട്ടും ഫണ്ട് വിനിയോഗത്തിൽ ഫലപ്രദമായ മേൽനോട്ടം നടത്താൻ സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാവുന്നില്ല. ആദിവാസിക്കാര്യം എന്നും അങ്ങനെയാണ്. ഏതു സർക്കാരിനും.

  • നിലവിലുള്ള ആരോഗ്യ സൗകര്യങ്ങൾ എത്രകണ്ട് പര്യാപ്തമാണ്?

745 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള അട്ടപ്പാടി പ്രാദേശത്തു ആകെയുള്ള ആരോഗ്യ സേവന സൗകര്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയാണ്. 100 ബെഡുകൾ എസ്റ്റിമേറ്റിൽ ഉണ്ടെങ്കിലും അത്രയും ലഭ്യമല്ല. അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട് ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാരെയാണ് പതിവായി നിയമിക്കുക. സ്പെഷ്യാലിറ്റി ചികിത്സയിൽ തീരുമാനമെടുക്കുവാൻ സീനിയർ ഡോക്ടറുടെ ആവശ്യമുണ്ട്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ല. അത്യാസന്ന നിലയിലുള്ള രോഗിക്ക് വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ മണ്ണാർക്കാട്ടേക്കോ പെരിന്തൽ മണ്ണയിലേക്കോ എത്തിക്കണം. ആ മുപ്പത്തഞ്ചു കിലോമീറ്റർ താണ്ടാൻ കുറഞ്ഞത് ഒന്നര മണിക്കൂർ വേണം. അത്രയ്ക്ക് ദയനീയ സ്ഥിതിയാണ് അട്ടപ്പാടി റോഡുകളുടെത്. ഇത് രണ്ടുമല്ലെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിലേക്കോ കോയമ്പത്തൂർക്കോ പോകണം. ഈ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചിലവേറിയതാണ്. അട്ടപ്പാടിയിൽ സർക്കാർ അടിയന്തിരമായി ചെയ്യേണ്ടത് കോട്ടത്തറ ആശുപത്രിയെ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ഒന്നാക്കി മാറ്റുകയാണ്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കണം. സീനിയർ ഡോക്ടർമാരെ നിയമിക്കണം. പുറത്തേക്കുള്ള നിരത്തുകൾ നന്നാക്കുകയും ആംബുലൻസ് സൗകര്യം ഉറപ്പാക്കുകയും വേണം.

കേരളത്തിൽ ഏറ്റവും ആദിവാസിജനസാന്ദ്രത കൂടിയ പ്രദേശമാണ് അട്ടപ്പാടി. ഇവിടെ 192 ട്രൈബൽ ഹാംലെറ്റുകൾ (ഊരുകൾ) ഉണ്ട് എല്ലാ ഊരുകളിലും കൂടി ഏകദേശം മുപ്പതിനായിരത്തോളം ആദിവാസികളും അത്രതന്നെ മറ്റു വിഭാഗത്തിൽ പെട്ടവരും ഉണ്ട് . അത്രയും പേർക്ക് ഉപകരിക്കുന്ന വിധത്തിൽ കോട്ടത്തറ ആശുപത്രി സജ്ജമാക്കണം.

ശിശുമരണങ്ങൾ വലിയ വിവാദമായപ്പോൾ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഊരുകൾ സന്ദർശിക്കുകയും തുടർന്ന് ആശുപത്രിക്കു ഒരു ആംബുലൻസ് ലഭിക്കുകയും ചെയ്തു. എന്നാൽ ആ വെന്റിലേറ്റർ പ്രവർത്തന രഹിതമായിരുന്നു! ആദിവാസി വികസന ഫണ്ട് കൊണ്ട് പാലക്കാട് മെഡിക്കൽ കോളേജിലേക്ക് വാങ്ങിയ ആംബുലൻസ് ആണെന്നാണ് അറിവായത്.

  • അട്ടപ്പാടിയിലെ പ്രത്യേക രോഗം, സിക്കിൾ സെൽ അനീമിയ, വരുതിയിലായിട്ടുണ്ടോ?

ലോകത്താകമാനമുള്ള ആദിവാസികൾക്കിടയിൽ കാണുന്ന ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ. അത് അട്ടപ്പാടിക്കാരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ ധാരാളമായി കാണപ്പെടുന്നു. ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. വലുപ്പ ചെറുപ്പമില്ലാതെ ലോക രാജ്യങ്ങളെ പിടിച്ചു കുലുക്കിയ കോവിഡിനെ വരുതിയിലാക്കാൻ വൈദ്യശാസ്ത്ര രംഗം അഹോരാത്രം പണിപ്പെട്ടു. ആ പരിഗണന കിട്ടുവാനുള്ള യോഗ്യത ആദിവാസിയുടെ രോഗത്തിനില്ലല്ലോ. ബന്ധുക്കൾ തമ്മിലുള്ള വിവാഹം ആദിവാസികൾക്കിടയിൽ സാധാരണമായിരുന്നു. ഈ സമ്പ്രദായം ബോധവൽക്കരണത്തിലൂടെ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. അതുമൂലം ജനിതക രോഗ ബാധയിലും കുറവ് കണ്ടു തുടങ്ങിയിരുന്നു. ഇപ്പോഴത്തെ നവജാത ശിശു മരണ കാരണം പ്രധാനമായും പോഷകാഹാരക്കുറവാണ്. അട്ടപ്പാടിക്കു വേണ്ടത് സമൂഹ അടുക്കളയല്ല. പോഷകാഹാരമാണ്.

  • ആരോഗ്യമന്ത്രിയുടെ സന്ദർശന സമയത്തുൾപ്പെടെ, അട്ടപ്പാടിയിലെ ആണുങ്ങൾ വാർത്തയുടെ കാഴ്ചപ്പുറത്തു വരുന്നില്ല. എന്ത് കൊണ്ടാണത്?

അട്ടപ്പാടിയുടെ പിന്നോക്കാവസ്ഥയിൽ ആണുങ്ങൾക്കിടയിലെ ലഹരി ഉപയോഗം ഒരു പ്രധാന ഘടകമാണ്. (1996ൽ) എ കെ ആന്റണി സംസ്ഥാനത്തു ചാരായ നിരോധനം നടപ്പിലാക്കിയപ്പോൾ അട്ടപ്പാടി മദ്യ നിരോധന മേഖലയായി പ്രഖ്യാപിച്ചു. ഇപ്പോഴും അട്ടപ്പാടിയിൽ മദ്യക്കടകളോ മദ്യ ഉൽപ്പാദനമോ ഇല്ല . ആദിവാസികൾ മദ്യം ഉപയോഗിക്കുന്നവരാണ്. പകലത്തെ അധ്വാനം കഴിഞ്ഞു അല്പം മദ്യം കഴിക്കുന്ന ശീലം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അട്ടപ്പാടിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന മദ്യം ഉയർന്ന ഗുണനിലവാരം പുലർത്തുന്നതായിരുന്നു എന്ന് പറയപ്പെടുന്നു . പ്രകൃതിയുടേയോ മണ്ണിന്റേയോ, ചേരുവകളുടേയോ ഉൽപ്പാദന രീതിയുടേയോ പ്രത്യേകതയാവാം. ദിവസവും പത്തും ഇരുപതും വണ്ടി കള്ള് അട്ടപ്പാടിയിൽ നിന്ന് പുറത്തേക്കു പോയിരുന്ന കാലമായിരുന്നു അത്. അട്ടപ്പാടിയിലെ മദ്യ നിരോധനം ആ ജനതയോടു ചെയ്ത ചരിത്രപരമായ അനീതിയാണ്. അന്നത്തെ പാലക്കാടു എം എൽ എ അച്യുതന്റെ കൃത്രിമ മദ്യവ്യവസായത്തെ സഹായിക്കാനായിരുന്നു അത്. അച്യുതൻ-കുമാരൻ-വിജയൻ ത്രയത്തിന്റെ മദ്യക്കച്ചവടത്തിന്റെ ചോരക്കഥകൾ കേരളത്തിലെ മദ്യ അധോലോകത്തെ ജനസമക്ഷം എത്തിച്ചു. അതിനെ തുടർന്ന് ആദിവാസി ഊരുകളിൽ കള്ളവാറ്റു വ്യാപകമായി. നിരോധനമുള്ളതിനാൽ ആണുങ്ങൾ തമിഴ് നാട് അതിർത്തിയിലുള്ള ആനക്കട്ടിവരെ യാത്ര ചെയ്തു 100 രൂപ വിലക്ക് കിട്ടുന്ന വൃത്തിഹീനവും വിഷ സമാനവുമായ കൃത്രിമ മദ്യം വാങ്ങി ഉപയോഗിച്ച് തുടങ്ങി. ആരോഗ്യം നഷ്ടപ്പെട്ടു. മരണ നിരക്ക് വർദ്ധിച്ചു . ഇന്ന് അട്ടപ്പാടി ഊരുകളിൽ ആണുങ്ങളുടെ എണ്ണം തുലോം കുറവാണ്. കുടിച്ചു മരിക്കുന്നവർ…. രാവിലെ തന്നെ മിക്ക ആണുങ്ങളും കുടി തുടങ്ങും. എന്തെങ്കിലും പണി ചെയ്താൽ തന്നെ കിട്ടുന്ന കൂലി ഉള്ളെരിക്കുന്ന വിഷപാനത്തിനേയുള്ളൂ. സർക്കാരോ സന്നദ്ധ സംഘടനകളോ അട്ടപ്പാടിയിലെ ഏതാനും വർഷങ്ങളിലെ ആൺ ജനസംഖ്യ കണക്കെടുത്തു പഠന വിധേയമാക്കുകയും പൊതു സമക്ഷം വെക്കുകയും ചെയ്യുന്നതു നല്ലതാണ്. നിലവാരമില്ലാത്ത മദ്യത്തിനടിപ്പെട്ട പുരുഷന്മാർക്ക് പോഷകാഹാരക്കുറവും ജനിതക രക്ത ശോഷണവുമുള്ള സ്ത്രീകളിൽ ജനിക്കുന്ന ശിശുക്കൾ ഭാരക്കുറവുള്ളവരാവുന്നതും നവജാതാവസ്ഥയിൽ മരണപ്പെടുന്നതും എന്ത് കൊണ്ട് എന്ന ചോദ്യത്തിനു എന്ത് പ്രസക്തി?

  • ആദിവാസികൾക്ക് പാർപ്പിട സൗകര്യങ്ങൾ ദുർല്ലഭമാണോ?

നേരെ മറിച്ചാണ്. അത്തരം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അട്ടപ്പാടി ആദിവാസി ഇടങ്ങളിൽ മുന്നിലാണ്. വീടുകൾ ഇല്ലാത്തവർ ഇല്ലെന്നല്ല. ആ മേഖലയിൽ കാര്യമായ സർക്കാർ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.

  • ഇപ്പോൾ ലഭ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ എന്തൊക്കെയാണ്?

സ്‌കൂൾ തലത്തിൽ തൃപ്തികരമാണ്. എൽ പി , യു പി സ്‌കൂളുകളും ആറു ഹയർ സെക്കണ്ടറി സ്കൂളുകളും ഉൾപ്പെടെ അഗളി ബെൽറ്റിൽ 22 സ്‌കൂളുകൾ ഉണ്ട് . പുതു തലമുറയെങ്കിലും ഈ വിഷമവൃത്തത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലുകളും ഉണ്ടാവണം.

  • അട്ടപ്പാടിക്കാരുടെ ഇന്നത്തെ അവസ്ഥയിൽ കുടിയേറ്റക്കാരുടെ പങ്ക് എത്രത്തോളമുണ്ട്?

ഏറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ഒരു വിഷയമാണത്. എല്ലാ കുടിയേറ്റ ഭൂമിയും കേൾക്കുന്നതു പോലെ കുടിയേറ്റക്കാർ ചുളുവിൽ തട്ടിയെടുത്തതല്ല. ഏതാനും അനധികൃത കുടിയേറ്റങ്ങൾ നടന്നിട്ടില്ലെന്നല്ല. അവയിൽ കേസുകൾ നടക്കുന്നുണ്ട്. ആദിവാസിക്കനുകൂലമായ തീരുമാനങ്ങൾ വരുന്നുമുണ്ട്. അട്ടപ്പാടിക്കാർ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി കുടിയേറ്റക്കാരല്ല. മാറി മാറി ഭരിച്ച സർക്കാരുകളാണ്, അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദമാണ്. വികലമായ മദ്യ/ഭക്ഷ്യ നയങ്ങളാണ്.

ബേസിൽ പി ദാസ് : പ്രവാസിയായിരുന്നു. ഇപ്പോൾ ഇരുള ഭാഷയിൽ വാർത്താ പ്രക്ഷേപണം നടത്തുന്ന അട്ടപ്പാടി കമ്മ്യൂണിറ്റി കേബിൾ നെറ്റ് വർക്കിന്റെ (Atv Attappady) മാനേജിങ് ഡയറക്ടർ.

കവർ ഡിസൈൻ : ജ്യോത്സന വിൽസൺ

Comments
Print Friendly, PDF & Email

You may also like