ഭാഗം 1
ഇസ്‌താംബൂളിലേക്ക്
നല്ല ഒരു തെളിഞ്ഞ ദിവസത്തിലേക്കാണ് ഞങ്ങൾ ഉണർന്ന് എഴുന്നേറ്റത്. തലേന്ന് രാത്രി 12 മണിയോടുകൂടിയാണ് ഹോട്ടലിൽ എത്തിയത്. ഫ്ലൈറ്റ് താമസിച്ചത് മൂലമുള്ള പ്രശ്നങ്ങളും മറ്റുമായിരുന്നു കാരണം. എന്റെ മറ്റു വിനോദയാത്രകളും പോലെ ഞാനും മകളും മാത്രമായിരുന്നു യാത്രാസംഘത്തിലെ അംഗങ്ങൾ. ലണ്ടനിൽ നിന്ന് എത്തിയ മകളെ ഇസ്താൻബൂളിലെ അത്താതുർക്ക് എയർപോർട്ടിൽ വച്ചു കണ്ടുമുട്ടുകയായിരുന്നു.
ഫ്ലൈറ്റ് താമസിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത് കൊണ്ട് എയർപോർട്ട് പിക്ക്അപ്പ് ഡ്രൈവർ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ തന്നെ റെഡി ആയിരുന്നു. ഏകദേശം നാല്പത് മിനിറ്റ് കാർയാത്രക്ക് ശേഷം ഞങ്ങൾ ഹോട്ടലിൽ എത്തി. രാജ്യത്തിൻറെ തൊണ്ണൂറ്റിഒൻപതാമത്തെ സ്വാതന്ത്ര്യ ദിനമായിരുന്നു ഞങ്ങൾ അവിടെയെത്തിയ ആ വെള്ളിയാഴ്ച. ഒക്ടോബർ 29. അവധി ദിവസമായതിനാൽ അർദ്ധരാത്രിയിലും റോഡുകളിൽ നല്ല തിരക്ക്! വഴിയോരങ്ങളിലെല്ലാം ചുവന്ന തുർക്കി പതാകയും അത്താതുർക്കിന്റെ ചിത്രങ്ങളും നിറഞ്ഞിരിക്കുന്നു.
നല്ല വൃത്തിയുള്ള മുറിയും ചുറ്റുപാടും അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന റിസപ്ഷനിലെ ജോലിക്കാരും ഒക്കെ ചേർന്നപ്പോൾ ആദ്യദിവസം തന്നെ താമസിക്കുന്ന ഇടത്തോട് ഇഷ്ടം തോന്നി. ഗ്രാൻഡ് സിർകേസി എന്ന ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ഏഴാമത്തെ നിലയിലെ ഒരറ്റത്തുള്ള മുറിയായിരുന്നു ലഭിച്ചത്. ഇവിടെനിന്ന് പത്ത് മിനിറ്റ് നടന്നാൽ ബോസ്ഫറസിന്റെ തീരത്തെത്തും. കാഴ്ചകൾ കാണാനുള്ള എളുപ്പത്തിനായി ഞങ്ങൾ ഓൾഡ് ടൗണിന്റെ മധ്യഭാഗത്ത് തന്നെയുള്ള ഹോട്ടൽ തിരഞ്ഞെടുക്കുകയായിരുന്നു. പെട്ടെന്ന് തയ്യാറായി ഡൈനിങ് ഹാളിലേക്ക് പോകേണ്ടതുണ്ട്.10 മണി വരെ മാത്രമേ അവിടെ ഭക്ഷണം വിളമ്പുകയുള്ളു.
കേട്ടതുപോലെ തന്നെ വളരെ വിപുലമായ പ്രഭാത ഭക്ഷണമാണ് ഡൈനിങ് ഹാളിൽ ഉണ്ടായിരുന്നത്. പലതരം പേസ്റ്റ്രികൾ, സലാഡുകൾ, ചീസുകൾ, പഴവർഗ്ഗങ്ങൾ, മുട്ട കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ, പലതരം കോൺഫ്ലേസുകൾ, ഉണങ്ങിയ പഴങ്ങൾ, നട്സ് എന്നിവയും കുടിക്കാനായി ചായയും കാപ്പിയും, കൂടാതെ ഇവർ ഷർബത്തെന്ന് വിളിക്കുന്ന ഫ്രൂട്ട് ജ്യൂസും ഉണ്ടായിരുന്നു. ധാരാളം നടക്കേണ്ടതുള്ളത് കൊണ്ട് അധികഭക്ഷണം ഒഴിവാക്കി. ഡൈനിങ് ഹാളിൽ നല്ല തിരക്കുണ്ടായിരുന്നു പലതരം നിറത്തിലും ഭാഷയിലും ഉള്ള മനുഷ്യരെ കണ്ടു. പല ഭാഷകളും അവിടെ കേൾക്കാമായിരുന്നു. മദ്ധ്യേഷ്യയിൽ നിന്നുള്ളവർക്ക് ഹലാൽ ഭക്ഷണം ലഭിക്കുമെന്നുള്ള ഉറപ്പുള്ളതു കൊണ്ട് അവർക്ക് പ്രത്യേക താല്പര്യമുള്ള ഇടമാണ് തുർക്കി. ഈ നാടിന്റെ നീണ്ട ചരിത്ര പാരമ്പര്യമാണ് യൂറോപ്പുകാരെ ഇവിടേക്ക് ആകർഷിക്കുന്നത്. പഴയകാല സോവിയറ്റ് റിപ്പബ്ലിക്കുകൾ, ജർമ്മനി, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് തുർക്കിയിൽ ഏറ്റവും അധികം ടൂറിസ്റ്റുകൾ എത്തുന്നത്.
മുറിയിലെ ജനാലയിൽ കൂടി കാണുന്ന കാഴ്ച ഇസ്റ്റാംബൂളിലെ ജനറൽ പോസ്റ്റ് ഓഫീസിന്റെ ഗംഭീര മന്ദിരമാണ്. നാഷണൽ ഡേ പ്രമാണിച്ച് അത് തുർക്കിപതാകയും അത്താത്തുർക്കിന്റെ വളരെ വലിയ ചിത്രവും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തുർക്കിയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് ആണ് ഈ കെട്ടിടം. 1909 മുതൽ പ്രവർത്തിക്കുന്ന ഇത് ശാസ്ത്രപുരോഗതിക്കനുസരിച്ച് അതിൻറെ പ്രവർത്തനത്തിലും വ്യത്യാസം വരുത്തി. 1927 മുതൽ 36 വരെ ഇസ്താംബൂൾ റേഡിയോ ഇവിടെ നിന്നാണ് സംപ്രേക്ഷണം നടത്തിയത്. ഇതിനോടനുബന്ധിച്ച് ടെലികമ്മ്യൂണിക്കേഷൻ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. തുർക്കി ദേശീയതയെപ്പറ്റി വളരെ അഭിമാനമുള്ള ആളുകളാണ് ഇന്നാട്ടുകാർ. ഒരു തുർക്കി പതാകയെങ്കിലും ഇല്ലാത്ത ഒരു വീടും ഇവിടെ ഉണ്ടാകില്ല എന്ന് പറഞ്ഞു കേട്ടു.
പോസ്റ്റ് ഓഫീസ് മന്ദിരം
ഹോട്ടലിന് പുറത്തുള്ള റോഡിനിരുവശവും നല്ല വൃത്തിയുള്ള കല്ലു പാകിയ നടപ്പാതയുണ്ട്. പല നിറത്തിലും വേഷത്തിലും ഉള്ള ആളുകൾ നിറഞ്ഞൊഴുകുന്ന റോഡിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. സമനിരപ്പിലുള്ള റോഡുകൾ ഇവിടെ കുറവാണ്. റോഡിലൂടെ നടക്കുക എന്നാൽ കയറ്റം കയറുകയോ ഇറങ്ങുകയോ എന്നാണ് അർത്ഥം. ഏഴു കുന്നുകളുടെ നഗരം എന്നായിരുന്നു പുരാതന ഇസ്താൻബൂളിന്റെ പേര്.
സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ പ്രീയപ്പെട്ട ഇടമാണ് ബോസ്‌ഫോറസിന്റെ തീരം. സിഗ്നലുകളിൽ എണ്ണമില്ലാത്ത വാഹനങ്ങളും മനുഷ്യരും അക്ഷമരായി കാത്തുനിൽക്കുന്നു. ബേക്കറികളിൽ നിന്നും ഉയരുന്ന പേസ്റ്റ്രികളുടെ മണവും അവിടവിടെ കാണുന്ന വഴിയോരക്കടകളിൽ നിന്നുള്ള കനലിൽ ചുട്ടെടുക്കുന്ന ചെസ്സ് നട്ടിന്റെ മണവുമുള്ള ഇളം കാറ്റ്! സുഖമായി നടക്കാവുന്ന കാലാവസ്ഥയാണ്. വെട്ടിത്തിളങ്ങുന്ന നീലാകാശത്ത് മേഘത്തിന്റെ മൂന്ന് നാല് പഞ്ഞിക്കെട്ടുകൾ മാത്രം.
10 മിനിറ്റ് നടന്നപ്പോൾ ബോസ്‌ഫോറസിന്റെ കരയിലെത്തി. തുറമുഖത്ത് ക്രൂയിസ് ഷിപ്പുകൾക്കായുള്ള പ്രത്യേക ഭാഗത്ത് മൂന്നോ നാലോ കപ്പലുകൾ കണ്ടു. ധാരാളം മോട്ടോർബോട്ടുകൾ, ചെറുവഞ്ചികൾ, മീൻപിടിത്ത ബോട്ടുകൾ, ചരക്കുകപ്പലുകൾ തുടങ്ങിയവ കടലിടുക്കിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. വെയിലിൽ സമുദ്രജലത്തിന് ഇന്ദ്ര നീലവർണ്ണം! മർമറ കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന 700 മീറ്റർ വീതിയും 31 കിലോമീറ്റർ നീളമുള്ള കടലിടുക്കാണ് ബോസ്‌ഫോറസ്. ഇത് തുർക്കിയെ യൂറോപ്യൻ എന്നും ഏഷ്യൻ എന്നും രണ്ടായി വിഭജിക്കുന്നു. കരിങ്കടലിനു ചുറ്റുമുള്ള ബൾഗേറിയ, മൊൾഡോവ, ഉക്രൈൻ, റൊമേനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കടൽ മാർഗ്ഗമുള്ള ചരക്ക് ഗതാഗതം ഈ കടലിടുക്കിലൂടെ മാത്രമേ സാദ്ധ്യമാകുകയുള്ളൂ. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങൾ ഇതിന് കുറുകെ ഉണ്ട്.
ക്രൂസ് കപ്പലുകളുടെ തുറമുഖം
16 മില്യൻ ആളുകൾ ജീവിക്കുന്ന ഇടമാണ് ഈ നഗരം. ഇതിൽ 65 ശതമാനം ആളുകൾ നഗരത്തിന്റെ 3% മാത്രം വരുന്ന യൂറോപ്യൻ ഭാഗത്താണ് വസിക്കുന്നത്. ബോസ്ഫറസ് കടലിടുക്ക് മർമറ കടലുമായി ചേരുന്നതിന് തൊട്ടു മുമ്പ് നഗരത്തിൻറെ പഴയ ഭാഗത്തിന്റെ കടൽ ഉള്ളിലേക്ക് കുറേ ദൂരം കയറിക്കിടക്കുന്നുണ്ട്. ഗോൾഡൻ ഹോൺ എന്ന് പേരുള്ള ഈ ജലപാത ഏകദേശം ഏഴര കിലോമീറ്റർ നീളമുള്ളതാണ്. അഴിമുഖത്തോട് ചേർന്ന ഭാഗത്താണ് ഇത് ബോസ്ഫറസിനോട് ചേരുന്നത്. ഈ പ്രത്യേകത നിമിത്തം അതിപുരാതന കാലം മുതൽ ഇത് സുരക്ഷിതമായ ഒരു തുറമുഖമായി കരുതപ്പെട്ടു. ഗ്രീക്ക്, റോമൻ ബൈസാന്റിൻ, ഓട്ടോമൻ എന്നീ രാജവംശങ്ങളുടെയും ഇവരുമായി കച്ചവടം ചെയ്ത മറുനാട്ടുകാരുടെയും കപ്പലുകൾക്ക് സുരക്ഷിതമായ നങ്കൂരo ഇടാനുള്ള ഒരു ഇടമായി ഇവിടം മാറി.
നഗരത്തിന്റെ ചരിത്രം ആലോചിച്ചു അത്ഭുതം കൂറി കുറെ നേരം ബോസ്ഫറസിലേക്ക് നോക്കിനിന്നു. ഏതെല്ലാം നാടുകളിൽ നിന്ന് എന്തെല്ലാം ചരക്കുകളുമായി എത്രയെല്ലാം തരം മനുഷ്യർ ഇവിടെ വന്നു ഇറങ്ങിയിട്ടുണ്ടാവണം! എത്രയെത്ര വിജയനൃത്തങ്ങളുടെ ആരവങ്ങളും പരാജിതരുടെ തേങ്ങലും ഇതിലെ കുഞ്ഞോളങ്ങളുടെ ശബ്ദത്തിൽ അലിഞ്ഞു നിശബ്ദമായിട്ടുണ്ടാവും! ഏതെല്ലാം ഉപജാപങ്ങൾ ഇതിന്റെ കരയിൽ അരങ്ങേറിയിട്ടുണ്ടാവണം! കടും നീലനിറത്തിൽ ശാന്തമായൊഴുകുന്ന ജലപ്പരപ്പിനടിയിൽ സഹസ്രാബ്ദങ്ങൾ എന്തെല്ലാം ഒളിപ്പിച്ചിട്ടുണ്ടാവും! ഇത്തരം ചിന്തകളിൽ മുഴുകി നിൽക്കുമ്പോഴാണ് ബോസ്ഫറസ് ക്രൂയിസിന്റെ ടിക്കറ്റ് വിൽപ്പനക്കാരന്റെ വിളി കേട്ടത്.
ഗോൾഡൻ ഹോൺ മെട്രോ പാലത്തിന്റെ ഉയരത്തിൽ ഉള്ള ഉരുക്കു കമ്പികളുടെ നിര വളരെ ദൂരെ നിന്ന് തന്നെ കാണാം. രണ്ടു തട്ടുകളായി പ്രവർത്തിക്കുന്ന ഇതിന്റെ താഴത്തെ നിലയിൽ മിക്കവാറും റസ്റ്റോറന്റുകളാണ്. ധാരാളം ചൂണ്ടക്കാരെ അവിടെ കാണാം. അവർ പിടിക്കുന്ന മത്സ്യം ഈ റസ്റ്റോറന്റുകളിലേക്കാണ് എത്തുന്നത്. അവിടെ അത് വൃത്തിയാക്കി പൊരിച്ച് അപ്പോൾ തന്നെ ആവശ്യക്കാരന് വിളമ്പുന്നു. കടൽ വിഭവങ്ങൾക്ക് പേരുകേട്ട ഇടങ്ങളാണിത്! മത്സ്യം ഇന്നാട്ടുകാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. ഒരു മത്സ്യത്തിനെ നോക്കി, അത് കരയിലെത്തിയിട്ട് എത്ര മണിക്കൂറായി എന്ന് കൃത്യമായി പറയുവാൻ ഇവിടുത്തുകാർക്ക് കഴിയുമെന്ന് ഇവർ അഭിമാനം കൊള്ളാറുണ്ടത്രേ! വർദ്ധിച്ചു വരുന്ന ജനസംഖ്യയും ടൂറിസവും കാരണം ബോസ്ഫറസിലെ മത്സ്യസമ്പത്ത് വളരെയധികം ശോഷിച്ചു പോയി. യന്ത്ര ബോട്ടുകൾ ഉപയോഗിച്ചുള്ള മീൻപിടുത്തം ജൂൺ മുതൽ സെപ്റ്റംബർ വരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഏത് സമയത്തും എപ്പോഴും ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിന് ആർക്കും അനുവാദമുണ്ട്. സ്ത്രീകളെയും ധാരാളമായി ഈ ചൂണ്ടക്കാരുടെ ഇടയിൽ കണ്ടു. ഇക്കൂട്ടത്തിൽ തലയും മുഖവും മറച്ചവരും അല്പവസ്ത്രധാരിണികളും ഉണ്ടായിരുന്നു.
കവർ : വിത്സൺ ശാരദാ ആനന്ദ്