പൂമുഖം രാഷ്ട്രീയം യു.പി. തെരഞ്ഞെടുപ്പ് ബിജെപിക്കു നിർണ്ണായകമോ?

യു.പി. തെരഞ്ഞെടുപ്പ് ബിജെപിക്കു നിർണ്ണായകമോ?

‘ഇന്ത്യ ടുഡേ’ നടത്തിയ ഏറ്റവും പുതിയ ‘Mood of the nation Survey’ അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതിയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2020 ഓഗസ്റ്റിൽ 66% പേർ മോദിയെ പിന്തുണച്ചിരുന്നുവെങ്കിൽ 2021 ജനുവരിയിൽ അത് 38% ആയി കുറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന സർവ്വേ ഫലം കാണിക്കുന്നത് അത് വീണ്ടും കുറഞ്ഞ് 24%-ലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്നാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇനിയും മൂന്ന് വർഷം കഴിഞ്ഞേ ഉള്ളുവെങ്കിലും, ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം ആശങ്ക ഉളവാക്കുന്ന സംഗതിയാണ്. കാരണം പ്രധാനപ്പെട്ട രണ്ട് തെരഞ്ഞെടുപ്പുകളാണ് 2022-ൽ രാജ്യത്ത് നടക്കുവാൻ പോകുന്നത്. ഒന്നാമത്തേത് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആണെങ്കിൽ, രണ്ടാമത്തേത് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരെന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് ആണ്. ഈ രണ്ടു തെരഞ്ഞെടുപ്പുകളും, പ്രത്യേകിച്ച് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്, ബിജെപിയെ സംബന്ധിച്ച് അങ്ങേയറ്റം നിർണ്ണായകമാണ്. 2024-ൽ വീണ്ടും ഡൽഹിയിൽ എൻ ഡി എ അധികാരത്തിൽ വരുമോ ഇല്ലയോ എന്നത് വലിയൊരളവോളം ഈ രണ്ടു തെരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലാണ് 2022-ൽ തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും, തത്കാലം ഏറ്റവും നിർണ്ണായകമായ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മാത്രമേ ഈ വിശകലനത്തിൽ പരിഗണിക്കുന്നുള്ളൂ. ആകെ 403 സീറ്റുകളുള്ള ഉത്തർപ്രദേശ് അസ്സംബ്ലിയിൽ ഇപ്പോൾ ബിജെപി നയിക്കുന്ന മുന്നണിക്ക് മൃഗീയ ഭൂരിപക്ഷമാണുള്ളത്. ബിജെപിയുടെ 306 സീറ്റും കൂട്ടുകക്ഷിയായ അപ്നാ ദളിന്റെ 9 സീറ്റും ചേർന്നാൽ നാലിൽ മൂന്ന് ഭൂരിപക്ഷമാണ് അവർക്കുള്ളത്. ഇത്രയും വലിയ ഭൂരിപക്ഷം തുടർന്നും നിലനിർത്തുക എന്നത് സാധാരണസ്ഥിതിയിൽ ഏതൊരു പാർട്ടിക്കും ദുഷ്കരമാണ്. ഇന്ത്യ ടുഡേ സർവ്വേ ഫലങ്ങൾ യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്നവയാണെങ്കിൽ, അത് വിരൽ ചൂണ്ടുന്നത് വരുന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കുകയില്ലെന്നാണ്. നരേന്ദ്ര മോഡി പ്രഭാവം നിലനിൽക്കെത്തന്നെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയം രുചിച്ചിട്ടുണ്ട്. അതുകൊണ്ട് കേന്ദ്രത്തിലെ ജയപരാജയങ്ങളെ സംസ്ഥാനങ്ങളുടെ അളവുകോൽ കൊണ്ട് അളക്കുന്നത് ശരിയല്ലെന്ന് വായനക്കാരിൽ ചിലർക്കെങ്കിലും തോന്നിയേക്കാം. മാത്രമല്ല, മൃഗീയഭൂരിപക്ഷം ഇല്ലെങ്കിലും ഉത്തർപ്രദേശിൽ അടുത്ത തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയാൽ തന്നെ, ബിജെപി അതിനെ ജനങ്ങൾ നൽകുന്ന വിശ്വാസവും അംഗീകാരവും നിലനിർത്തി എന്ന രീതിയിൽ വ്യാഖ്യാനിക്കാനും ഇടയുണ്ട്. എന്നാൽ ഇതിനെല്ലാം ഉപരി ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാവുന്നത് അത് തുടർന്ന് വരുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനെ വലിയ അളവിൽ സ്വാധീനിക്കും എന്നതുകൊണ്ടാണ്. എങ്ങനെയെന്നല്ലേ?

ഇപ്പോഴത്തെ ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി 2022 മാർച്ച് മാസം അവസാനിക്കുകയാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് അടുത്ത മാർച്ചിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. അതേസമയം രാഷ്‌ട്രപതി തെരഞ്ഞെടുപ്പാവട്ടെ 2022 ജൂലൈ മാസത്തിൽ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കായിരിക്കും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ യോഗ്യത.

രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ പാർലമെന്റ് -നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുപോലെ അത്ര ലളിതമല്ല. ലോകസഭയിലെയും രാജ്യസഭയിലെയും മുഴുവൻ അംഗങ്ങൾ (നാമനിർദ്ദേശം ചെയ്യപ്പെട്ടവർ ഒഴികെ), എല്ലാ സംസ്ഥാനങ്ങളിലെയും യൂണിയൻ ടെറിട്ടറികളിലെയും മുഴുവൻ നിയമസഭാംഗങ്ങൾ, എന്നിവർ ചേർന്ന electoral college ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഈ electoral college-ലെ ഓരോ പാർലമെന്റ് അംഗത്തിന്റെയും വോട്ടിന്റെ മൂല്യം 708 എന്ന സ്ഥായിസംഖ്യ ആണെങ്കിൽ നിയമസഭ അംഗത്തിന്റേത്

ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. 1971-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ഒരു സംസ്ഥാനത്തുള്ള ജനസംഖ്യയെ അവിടുത്തെ മൊത്തം നിയമസഭ അംഗങ്ങളുടെ ആയിരത്തിന്റെ ഗുണിതം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന സംഖ്യ എത്രയോ അതാണ് ആ സംസ്ഥാനത്തിലെ ഒരു എം എൽ എ യുടെ വോട്ടിന്റെ മൂല്യം. ഈ ഫോർമുല അനുസരിച്ച് കേരളത്തിലെ ഒരു എം എൽ എ യുടെ വോട്ട് മൂല്യം 152 ആണെങ്കിൽ തമിഴ് നാട്ടിൽ അത് 176 ആണ്. കർണാടകയ്ക്ക് 131, മഹാരാഷ്ട്രയ്ക്ക് 175, മധ്യപ്രദേശിന് 131, വെസ്റ്റ് ബംഗാളിന് 151 എന്നിങ്ങനെ പോകുന്നു വോട്ട് മൂല്യത്തിന്റെ സംഖ്യകൾ. ഏറ്റവും കുറവ് വോട്ട് മൂല്യം ഉള്ളത് സിക്കിം സംസ്ഥാനത്തിലെ എം എൽ എ യ്ക്കാണ് – വെറും 7. ഏറ്റവും കൂടുതൽ മൂല്യം ഏത് സംസ്ഥാനത്തിലെ എം എൽ എ യുടെ വോട്ടിനാണ് എന്ന കാര്യത്തിൽ ആർക്കും അർത്ഥശങ്ക ഉണ്ടാവാൻ വഴിയില്ല. അതെ, അത് ഉത്തർപ്രദേശ് തന്നെ. ഇവിടെയാണ് നേരത്തെ പറഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സാംഗത്യം നിലനിൽക്കുന്നത്.

മുകളിൽ പറഞ്ഞ കണക്കനുസരിച്ച്, ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എം എൽ എ മാരുടെ വോട്ടിന്റെ ആകെ മൂല്യം 549,495 ആണെങ്കിൽ

പാർലമെന്റ് അംഗങ്ങളുടേത് 549,408 ആണ്. ഇത് രണ്ടും ചേർന്ന 1,098,903 എന്ന സംഖ്യയാണ് വോട്ടുകളുടെ ആകെ മൂല്യം. പാർലമെന്റിലും നിയമസഭകളിലും ഇപ്പോൾ ഉള്ള ഒഴിവുകളും ജമ്മു & കാശ്മീർ അസംബ്‌ളി നിലവിലില്ല എന്ന സ്ഥിതിയും പരിഗണിച്ചാൽ ഇപ്പോഴത്തെ electoral college ന്റെ ആകെ മൂല്യം 1,087,690-ന് അടുത്തുവരും. 2017-ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ശ്രീ രാംനാഥ് കോവിന്ദ് ജയിക്കുമ്പോൾ എൻ ഡി എ എന്നത് ഒരു വിപുലമായ മുന്നണി ആയിരുന്നു. ബിജെപിക്ക് പുറമെ ശിവ്സേന, അകാലി ദൾ, എന്നീ കക്ഷികളും ആ മുന്നണിയിൽ ഉണ്ടായിരുന്നു. കൂടാതെ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ കക്ഷിനില ബിജെപിക്ക് വലിയ ഭൂരിപക്ഷം നൽകിയിരുന്നു. ഇന്നിപ്പോൾ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പ്രതിപക്ഷമാണ് ഭരിക്കുന്നത്. മധ്യപ്രദേശിൽ ഭൂരിപക്ഷം കുറഞ്ഞു. ഈയൊരു സ്ഥിതിയിൽ ഉത്തർപ്രദേശിൽ വലിയ വിജയം വീണ്ടും നേടിയാൽ പോലും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വേണ്ട വോട്ടുകൾ ബിജെപിക്ക് ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. നമുക്ക് ആ കണക്കുകൾ ഒന്ന് പരിശോധിക്കാം.

ഉത്തർ പ്രദേശ്

പാർലമെന്റ് -നിയമസഭാ അംഗങ്ങളുടെ വോട്ടുകളുടെ ആകെ മൂല്യം 1,098,903 ആണെന്നും, ഇതിൽ ഒഴിവുകൾ മാറ്റിനിർത്തിയാൽ ഇപ്പോഴത്തെ electoral college ന്റെ ആകെ മൂല്യം 1,087,690-ന് അടുത്തുവരും എന്ന് നാം കണ്ടു. ഈ കണക്ക് അനുസരിച്ച് ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ വേണ്ടത് 543,846 വോട്ടുകളാണ്. ബിജെപിയുടെ പാർലമെന്റിലേയും വിവിധ നിയമസഭകളിലെയും ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് ആകെയുള്ള വോട്ട് മൂല്യം 539,519 ആണ്. അതായത് ഉത്തർപ്രദേശിലെ 315 സീറ്റുകൾ നിലനിർത്തിയാൽ പോലും അവരുടെ സ്ഥാനാർഥിക്ക് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടതിലും 4327 വോട്ടുകൾ കുറവേ ലഭിക്കുകയുള്ളൂ. ഇത് അത്ര വലിയ സംഖ്യ അല്ലാത്തതിനാൽ BJD, YSR Congress, TRS, എന്നീ കക്ഷികളിൽ ഏതെങ്കിലും ഒന്നിനെ കൂടെക്കൂട്ടിയാൽ ബിജെപിക്ക് അവരുടെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ കഴിയും. എന്നാൽ ഉത്തർപ്രദേശിൽ ബിജെപിയുടെ സീറ്റുകൾ കുറഞ്ഞാൽ അതല്ല സ്ഥിതി. ബിജെപി ഉത്തർപ്രദേശിൽ 205 മുതൽ 210 സീറ്റ് വരെ കേവലഭൂരിപക്ഷത്തിനാണ് ജയിക്കുന്നതെങ്കിൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് മൂല്യം 517,649 ആയി കുറയും. അതായത് അവരുടെ സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ടതിലും ഏതാണ്ട് 26000-ന് അടുത്ത് വോട്ട് മൂല്യത്തിന്റെ കുറവ്. ഈ കുറവ് പരിഹരിക്കണമെങ്കിൽ BJD, YSR Congress, TRS, എന്നീ കക്ഷികളിൽ ഏതെങ്കിലും രണ്ട് കക്ഷികളുടെ പിന്തുണ കൂടിയേ കഴിയൂ. ഉത്തർപ്രദേശിൽ ബിജെപിക്ക് ഭൂരിപക്ഷം തന്നെ നഷ്ടപ്പെടുകയാണെങ്കിൽ അവരുടെ സ്ഥിതി കൂടുതൽ ദുഷ്കരമാകും.

2019-ലെ തെരഞ്ഞെടുപ്പിൽ നിന്ന് പാഠം പഠിച്ച പ്രതിപക്ഷം ഇപ്പോൾ ഉണർവിന്റെ പാതയിലാണെന്നതാണ് മറ്റൊരു ഘടകം. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ പിഴവുകൾ, അങ്ങേയറ്റം പരിതാപകരമായ സാമ്പത്തികാവസ്ഥ, വിലക്കയറ്റം, കർഷകപ്രക്ഷോഭം, തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പ്രതിപക്ഷത്തിന്റെ ഐക്യത്തിന് ഉത്തേജകമാവുന്നുമുണ്ട്. ഇതിനെയെല്ലാം തരണം ചെയ്ത് ഉത്തർപ്രദേശിൽ മികച്ച വിജയം കരസ്ഥമാക്കുക, സ്വന്തം സ്ഥാനാർത്ഥിയെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുക, എന്നീ രണ്ട് ലക്ഷ്യങ്ങൾ എങ്ങനെ നിറവേറ്റാം എന്നതാണ് ബിജെപിയുടെ മുമ്പിലുള്ള ചോദ്യചിഹ്നങ്ങൾ. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം അവിടുത്തെ സമ്മതിദായകരാണ് കാര്യങ്ങൾ തീരുമാനിക്കുക. എന്നാൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ, മുകളിൽ പറഞ്ഞ പ്രതികൂല സാഹചര്യം ഒഴിവാക്കാൻ ബിജെപിക്ക് മുമ്പിൽ രണ്ട് ഉപാധികളാണുള്ളത്. ഒന്ന്, BJD, YSRCP, TRS, ഉൾപ്പെടെ പരമാവധി പ്രാദേശികകക്ഷികളുടെ പിന്തുണ സ്വന്തം സ്ഥാനാർഥിക്ക് ഉറപ്പാക്കുക. ഇവിടെ പക്ഷെ ഒരു പ്രശ്നമുള്ളത് ഈ കക്ഷികൾ, ബിജെപിയുടെ ദുർബ്ബലാവസ്ഥ മുതലെടുത്ത്, അവരുടെ പിന്തുണയ്ക്ക് പകരം വലിയ ആനുകൂല്യങ്ങൾ പിടിച്ചുവാങ്ങാൻ ശ്രമിക്കും എന്നതാണ്. രണ്ടാമത്തെ ഉപാധി ഒരു പൊതുസമ്മതനായ സ്ഥാനാർഥിയെ നിർത്തുക എന്നതാണ്. ഇതിന്റെ മുന്നോടിയായി വേണം അടുത്തിടെ ശ്രീ ശരദ് പവാർ പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചകൾ കാണാൻ. ശരദ് പവാർ ഇപ്പോൾ പ്രതിപക്ഷത്തെ മുൻനിരനേതാവ് ആണെങ്കിലും എപ്പോൾ വേണമെങ്കിലും കാലുമാറാൻ മടി കാണിക്കാത്ത അധികാരമോഹി കൂടിയാണ്. ശരദ് പവാറിന് രാഷ്‌ട്രപതി സ്ഥാനം, മഹാരാഷ്ട്രയിൽ ബിജെപിയും എൻ സി പി യും ചേർന്ന് ഭരണം, എന്ന ഇരട്ടനേട്ടം വെച്ചുനീട്ടിയാൽ ശ്രീമാൻ പവാർ അതിൽ വീണെന്ന് വരാം. മുൻമന്ത്രിയും എൻ സി പി നേതാവുമായ അനിൽ ദേശ്‌മുഖിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കലിന് കേസ് എടുത്തിരിക്കുന്നതിനെ ഈയൊരു പരിപ്രേക്ഷ്യത്തിൽ വേണം കാണാൻ. ശരദ് പവാറിന് ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഉള്ള ബന്ധങ്ങളും corporate പിന്തുണയും ഇക്കാര്യത്തിൽ സഹായകമാവും എന്നും ബിജെപി കണക്കുകൂട്ടുന്നു.

തികച്ചും സംഭവബഹുലമായ ദിവസങ്ങളാണ് 2022-ൽ വരാൻ പോകുന്നത്. എങ്ങനെയെല്ലാമാണ് സംഭവങ്ങൾ ഉരുത്തിരിയുന്നതെന്ന് നമുക്ക് കാത്തിരിന്നുകാണാം.

(മുകളിൽ കൊടുത്ത കണക്കുകളിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടായാൽ പോലും മൊത്തം സ്ഥിതിഗതികളിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ല. കക്ഷിനിലയുടെ കണക്കുകൾക്ക് വിക്കിപീഡിയ, ഗൂഗിൾ, എന്നിവ അവലംബം.).

Comments
Print Friendly, PDF & Email

You may also like