വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു.
കൃഷിയിലേക്കുള്ള വരവ്, മുൻപരിചയം, അവലംബിച്ചിരിക്കുന്ന കാർഷിക രീതി, ഫലങ്ങൾ, വെല്ലുവിളികൾ, അനുഭവങ്ങൾ എന്നിവയാണ് യുവകാർഷിക സംരംഭകർ പങ്കുവെക്കുന്നത്.
ഷെരീഫ (36)
സ്വദേശം, കുടുംബം :
സ്വദേശം തൃശൂർ ജില്ലയിലെ പഴയന്നൂർ. ഭർത്താവും നാലുമക്കളും അടങ്ങുന്നതാണ് കുടുംബം. റൈസ് മിൽ ആണ് കുടുബ ബിസിനസ്.
കൃഷിയിലെ മുൻപരിചയം :
മുറ്റത്തു ചില ചെടികൾ നടുക എന്നത് മാത്രമായിരുന്നു രണ്ടു മൂന്നു വർഷം മുൻപ് വരെ. FB യിലെ ചില പച്ചക്കറി ഗ്രൂപ്പുകളിൽ കയറി ഇറങ്ങാറുണ്ടായിരുന്നു. അവിടെ പറയുന്നതൊന്നും എനിക്ക് ചെയ്യാൻ പറ്റുമെന്നു തോന്നിയിട്ടില്ല. 2021 ജനുവരിയിൽ ആണ് “മുറ്റത്തെ കൃഷി” ഗ്രൂപ്പിൽ എത്തുന്നത്. അത് ഒരു പുതിയ തുടക്കമായിരുന്നു. ഗ്രൂപ്പിലെ സന്ദേശങ്ങളും ക്ലിപ്പുകളും കണ്ടു, ഞാൻ അഡ്മിൻ വേണുഗോപാൽ മാഷെ നേരിട്ട് വിളിച്ചു സംശയനിവൃത്തി വരുത്തുകയായിരുന്നു. കൃഷി കീറാമുട്ടിയല്ല എന്നാണ് എനിക്ക് കിട്ടിയ ആദ്യ പ്രോത്സാഹനം.
ഇപ്പോൾ അവലംബിച്ചിരിക്കുന്ന കൃഷിരീതി :
ഒറ്റനില വീടായത് കൊണ്ട് ടെറസ് കൃഷിയാണ് ഏറ്റവും യോജിച്ചത് എന്ന് മനസ്സിലായി. അധ്വാനവും പണച്ചിലവും മൂലം അതുവരെ കമ്പോസ്റ്റ് ഉണ്ടാക്കാം എന്ന ധൈര്യം ഉണ്ടായിരുന്നില്ല. എന്നാൽ മുറ്റത്തെ കൃഷി ഗ്രൂപ്പിൽനിന്ന് കിട്ടിയ വീഡിയോയും വേണുഗോപാൽ സാറിൽ നിന്ന് ലഭിച്ച നിർദേശങ്ങളും അനുസരിച്ചു ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കി. ഇപ്പോൾ മുറ്റത്തും തൊടിയിലും വീടിനു ചുറ്റും കിട്ടുന്ന ഇലയും പുല്ലും പാഴ് ജൈവാവശിഷ്ടങ്ങളും ശേഖരിച്ചു ആവശ്യത്തിന് ചാണകം ആട്ടിൻ കാട്ടം തുടങ്ങിയവ ചേർത്ത് പോഷകസമൃദ്ധമായ കമ്പോസ്റ്റ് ഉണ്ടാക്കി അതിലാണ് ചെടികൾ വളർത്തുന്നത്. മണ്ണ് ഉപയോഗിക്കാറില്ല. കമ്പോസ്റ്റ് നിർമ്മാണം ഒരു തുടർ പ്രക്രിയയാണ് എനിക്ക്. അതിന്റെ ഗുണങ്ങൾ പലതാണ്. വീട്ടിൽ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും മുറ്റത്തും വഴിയിലും ഉണ്ടാവുന്ന പുല്ലും ചെടികളും കൊഴിയുന്ന ഉണക്കിലകളും എല്ലാം കമ്പോസ്റ്റിലേക്ക് പോകുന്നതുകൊണ്ട് വീടും പരിസരവും ശുചീകരിക്കപ്പെടുന്നു. പലതരം സസ്യങ്ങളിൽ അടങ്ങിയ വ്യത്യസ്ത ധാതു ക്കൾ ചേരുന്നതുകൊണ്ട് പോഷകഗുണം വർദ്ധിക്കുന്നു.
മണ്ണ് ഉപയോഗിക്കാത്തത് കൊണ്ട് ഓരോ തവണയും നടുന്നതിനു മുൻപായി മണ്ണ് പുറത്തിട്ടു treat ചെയ്യേണ്ടി വരുന്നില്ല. അതിന്റെ അധ്വാനവും വെയിലത്ത് ഉണക്കാൻ വേണ്ട കാലതാമസവും ഒഴിവാവുന്നു. തുടക്കത്തിൽ ഉപയോഗിച്ച ഗ്രോ ബാഗുകൾ ഉപേക്ഷിച്ചു പിന്നീട് പ്ലാസ്റ്റിക് പാത്രങ്ങളും ചട്ടികളും ഉപയോഗിക്കാൻ തുടങ്ങി. രണ്ടോ മൂന്നോ തവണകളോടെ കേടുവന്നു പോകുന്നതുകൊണ്ട് ഗ്രോബാഗുകൾ വലിയ അളവിൽ മാലിന്യത്തിനു കാരണമാവുന്നുണ്ട്. കൂടുതൽ പാത്രങ്ങൾ പ്ലാസ്റ്റിക് പാത്രക്കടയിൽ നിന്ന് മൊത്തനിരക്കിൽ ഒരുമിച്ചു വാങ്ങിക്കുമ്പോൾ ചിലവ് കുറയും. വാഹനമോടിക്കാൻ പഠിച്ചതുകൊണ്ട് ഞാൻ നേരിട്ട് പോയി തിരഞ്ഞു വാങ്ങിക്കുകയാണ് പതിവ് ഇപ്പോൾ മുന്നൂറോളം പാത്രങ്ങളിൽ ടെറസ് കൃഷി ഉണ്ട്.
കമ്പോസ്റ്റിലെ സൂക്ഷ്മ ജീവികൾ എങ്ങനെ ചെടികളുടെ വളർച്ചയെ സ്വാധീനിക്കുന്നു എന്നു പഠിച്ചത് പുതിയ അറിവായി. അവയെ സംരക്ഷിക്കുന്നതിലൂടെയാണ് കൃഷി പോഷിപ്പിക്കേണ്ടതെന്ന് മനസ്സിലായപ്പോൾ അവയെ നശിപ്പിക്കുന്ന ഒന്നും ഉപയോഗിക്കാതായി. ഇതിനെക്കുറിച്ചു വിശദമായ സാങ്കേതിക പാഠം ലഭിച്ചത് യുട്യൂബിലെ വീഡിയോ വഴിയും ഗ്രൂപ്പിൽ നിന്നും വേണുഗോപാൽ സാറിൽ നിന്നുമാണ്.
കീടനശികരണം :
പിന്നീട് വേണ്ട പോഷകത്തിനും കീടനശികരണത്തിനും “ഗ്രീൻ പ്ലാനറ്റ്” ഉത്പന്നങ്ങൾ ഉപയോഗിക്കുന്നു. താരതമ്യേന ഉയർന്ന വിലയാണ്. പക്ഷെ ചെറിയ അളവിൽ ഉപയോഗിച്ചാൽ മതി എന്നത് കൊണ്ട് ഇവയ്ക്കുള്ള പണച്ചിലവ് കുറവാണ്. ആരോഗ്യമുള്ള മിശ്രിതത്തിൽ വളരുന്നത് കൊണ്ട് കീടങ്ങളുടെ ആക്രമണം തീരെ കുറവാണ്.
കാർഷികവൃത്തിയിൽ നിന്നുള്ള അനുഭവം :
വിത്തിട്ടു വളർത്തി വിളവ് കിട്ടുന്നതിന് അപ്പുറം ഈ കാർഷിക വൃത്തി എന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചു എന്നതാണ് വാസ്തവം.കൂടുതൽ പഠിച്ചില്ല, ജോലി ചെയ്തില്ല, വീട്ടുപണികളിൽ കുടുങ്ങിക്കിടന്നു തുടങ്ങിയ പരാതികൾ, കുടുംബത്തിൽ നിന്നും ചുറ്റുപാടിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ചുറ്റും ആലോചിച്ചു കൂട്ടുന്ന സങ്കടങ്ങൾ എന്നിവയാണ് ഇതോടെ പുറത്ത് കടന്നത്. ഇപ്പോൾ മറ്റു പണികളൊരുക്കി നേരെ കൃഷിയിടത്തിലേക്കെത്തുക എന്നതായി എന്റെ ദിനചര്യ. നേരിട്ടുള്ള അധ്വാനമോ ഇടപെടലോ ഇല്ലെങ്കിലും പൂർണമായ പിന്തുണയാണ് ഭർത്താവിൽ നിന്നും കിട്ടുന്നത്.
വേണുഗോപാൽ സാറിനോട് നേരിട്ടോ “മുറ്റത്തെകൃഷി” ഗ്രൂപ്പിലോ സംശയമോ പ്രശ്നപരിഹാരമോ ചോദിച്ചപ്പോഴൊക്കെ ഉടൻ മറുപടി ലഭിച്ചിട്ടുണ്ട്. ഇന്ന് ചെയ്യേണ്ടത് ഇന്ന് ചെയ്യണം, നീട്ടിവെക്കരുത് എന്നാണ് ഇവിടെനിന്നു ഞാൻ പഠിക്കുകയും പകർത്തുകയും ചെയ്തത്. കൃഷിയിലും ജീവിതത്തിലും.
തോട്ടത്തിൽ നിന്ന് ശേഖരിച്ച വിഭവങ്ങളുടെ ചില ഫോട്ടോകൾ കൂടുതൽ പറയുമെന്ന് ഞാൻ കരുതുന്നു.