പൂമുഖം EDITORIAL സമഗ്രാധിപത്യ പ്രവണതകൾ ചെറുക്കപ്പെടേണ്ടതുണ്ട്

സമഗ്രാധിപത്യ പ്രവണതകൾ ചെറുക്കപ്പെടേണ്ടതുണ്ട്

അധികാരം ദുഷിപ്പിക്കുന്നു; പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു എന്നതാണല്ലോ പഴമൊഴി. അതിനൊപ്പം എം ഗോവിന്ദൻ കൂട്ടിച്ചേർത്ത ഒരു വരി കൂടിയുണ്ട്, ദുഷിച്ചവർ അധികാരം തേടി പോകുന്നു എന്നതാണത്.

മനുഷ്യ വംശം അതിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ കണ്ടെത്തിയ ഏറ്റവും inclusive ആയ (സർവരേയും ഉൾക്കൊള്ളുന്ന )സാമൂഹ്യ – ഭരണ രൂപമാണ് ജനാധിപത്യം. ആ ജനാധിപത്യം ഏറ്റവുമധികം ഭയക്കുന്നത് തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തിൽ എത്താൻ സാധ്യതയുള്ള ഇത്തരം പരമാധികാരികളെയാണ്. എല്ലാത്തരം മനുഷ്യരെയും പ്രതിനിധീകരിക്കുന്ന, അവരെ തുല്യരായി സങ്കല്പിക്കുന്ന ജനാധിപത്യമെന്ന മനോഹാരിതയാർന്ന സാമൂഹ്യ വ്യവസ്ഥയുടെ ഏറ്റവും വലിയ ദൗർബല്യം ജനാധിപത്യത്തെ തന്നെ ഉപയോഗിച്ച് അധികാരം കൈപ്പിടിക്കുള്ളിലാക്കാൻ ചിലപ്പോഴെങ്കിലും പരമാധികാരികളെ അത് സഹായിക്കുമെന്നതാണ്. കാരണം ജനാധിപത്യം ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരെ കൂടി ഉൾക്കൊള്ളുന്നതാണ്.

നോക്കൂ ഇന്ത്യൻ ജനാധിപത്യം ഇന്ന് ഏറെക്കുറെ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കാത്തവരുടെ കൈപ്പിടിക്കുള്ളിലാണ്. ഇന്ത്യൻ ഭരണഘടനയോടു ഉള്ളതിനേക്കാൾ കൂറ് മനുസ്മൃതിയോടുള്ളവർ. ആധുനിക മനുഷ്യന്റെ സ്വാഭാവിക വളർച്ച അവനെ കൊണ്ട് ചെന്നെത്തിച്ച ജനാധിപത്യത്തിന്റെ സ്വതന്ത്രങ്ങളായ വിവിധ തൂണുകളെ തങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള മതാത്മക ചിന്തകൾ കൊണ്ട് ശ്വാസം മുട്ടിക്കുകയാണവർ. ജുഡീഷ്യറിയും ജേണലിസവും എക്സിക്യുട്ടീവുമെല്ലാം നാം നേടിയെടുത്ത, ഏതാനും വർഷങ്ങൾക്കു മുൻപ് വരെ നിലനിർത്തിയിരുന്ന ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ നിലനിൽപിന് വേണ്ടി പണയം വെച്ചു കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലുകളിലാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ സൗന്ദര്യം നിലനിൽക്കുന്നത് തന്നെ. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം, പൗരൻറെ വിമർശന സ്വാതന്ത്ര്യം ഏന്നിവ ഇന്ന് അതിവേഗം വിവിധ ഭരണകൂട നിയന്ത്രണങ്ങളാലും ഭീഷണികളാലും വിലക്കെടുക്കലുകളാലും ചുരുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുഴുവൻ ഇന്ത്യയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല കേരളത്തിന്റെയും പോക്ക്.

സംസ്ഥാനം ഭരിക്കുന്നതും സ്വപ്നങ്ങളിലെങ്കിലും ഇപ്പോഴും ഏക പാർട്ടി ഭരണം എന്ന സങ്കൽപം കാത്തു സൂക്ഷിക്കുന്ന ഇടതു – കമ്മ്യുണിസ്റ്റ്പാർട്ടികളാണ്. ചരിത്രത്തിൽ എപ്പോഴൊക്കെ കമ്മ്യുണിസ്റ്റ്പാർട്ടികളിൽ ശക്തരായ നേതാക്കൾ ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ പാർട്ടിക്കുള്ളിലും പുറത്തും ജനാധിപത്യം ചുരുക്കപ്പെട്ടിട്ടുണ്ട്, അപ്പോഴൊക്കെ വാഴ്ത്തു പാട്ടുകാർ ആ നേതാവിന് ചുറ്റും അണി നിരന്നിട്ടുമുണ്ട്. ഏതാണ്ട് അത്തരമൊരു സാഹചര്യമാണ് കേരളം ഭരിക്കുന്ന സിപിഎമ്മിൽ ഇപ്പോഴുള്ളത്. പാർട്ടിയെ കൈപ്പിടിക്കുള്ളിലാക്കിയ ഏതാനും പേർ ഇന്ന് പാർട്ടിയെ മാത്രമല്ല സമ്പൂർണ്ണമായി നിയന്ത്രിക്കുന്നത്. അവർ നാടിൻറെ ജനാധിപത്യ സംസ്കാരത്തെ കൂടി ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നു. മാധ്യമ പ്രവർത്തകർക്കെതിരെ കള്ള കേസെടുക്കുക, പ്രതിപക്ഷത്തെ ആക്ഷേപിച്ചു അവമതിക്കുക, മു ഴുവൻ രാഷ്ട്രീയത്തെയും അടിസ്ഥാന രഹിതമായ, പാരിസ്ഥിതിക, സാമ്പത്തിക അടിത്തറയില്ലാത്ത വികസനം എന്ന ഒറ്റ മന്ത്രത്തിലേക്ക് ചുരുക്കുക, തങ്ങൾക്കെതിരെ സംസാരിക്കുന്നവരെയെല്ലാം വികസനവിരോധികൾ ആയി പ്രഖ്യാപിക്കുക, തങ്ങളും തങ്ങളുടെ ഒപ്പമല്ലാത്തവരെല്ലാം എതിരാളികളും എന്ന് തുടങ്ങിയ ജനാധിപത്യ വിരുദ്ധ, പരമാധികാരവാഞ്ഛ യാണ് ഇടതുപക്ഷ മേൽവിലാസം പേറുന്ന ഭരണകൂടം കേരളത്തിലും പ്രകടിപ്പിക്കുന്നത്.

ദേശീയ തലത്തിൽ മാത്രമല്ല കേരളത്തിലും ജനാധിപത്യം പരീക്ഷിക്കപ്പെടുകയാണ്.

നമ്മൾ പറഞ്ഞു തുടങ്ങിയത് അധികാരം ദുഷിപ്പിക്കുന്നു പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു എന്ന ലോർഡ് ആക്ടന്റെ വാക്കുകളിൽ ആണല്ലോ.
അത് അല്പമൊന്നു മാറ്റി അധികാരം ദുഷിപ്പിക്കുന്നു തുടർഭരണം പരമമായി ദുഷിപ്പിക്കുന്നു എന്നാക്കിയാൽ ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ ചേരുമെന്ന് തോന്നുന്നു. യുപിഎ 1 യുപിഎ 2, മോദി 1 മോദി 2, പിവി 1 പിവി 2 ഏന്നിവ പരിശോധിച്ചാൽ രണ്ടാമത്തെത് കൂടുതൽ ദുഷിപ്പിച്ചു എന്ന് കാണാം.

സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും തുല്യതയിലും സത്യമായും വിശ്വസിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like