പൂമുഖം CINEMA തരിശിടങ്ങളിലെ ഗർഭനൃത്തങ്ങൾ

തരിശിടങ്ങളിലെ ഗർഭനൃത്തങ്ങൾ

ലോകത്തെവിടെയായാലും സ്ത്രീകളുടെ കഥ പറയുമ്പോൾ ഒരേ ഭാഷയായിരിക്കും. അവരുടെ ദൃശ്യാവിഷ്കാരത്തിന് ഒരേ നിറവുമായിരിക്കും. നിസ്സഹായത , പീഡനം, സ്വാതന്ത്ര്യമില്ലായ്മ, അവഗണന… അങ്ങനെ കുറേ ദുരിതക്കടലുകൾ നീന്തിയ കഥ പറയാനുണ്ടാവും അതിജീവിച്ച പെൺ മനസ്സുകൾക്ക്. ഹിന്ദി, പേർഷ്യൻ , പോളിഷ്, ഗുജറാത്തി എന്നീ ഭാഷകളിലെ നാലു സ്ത്രീപക്ഷ സിനിമകൾ കണ്ട് നോക്കാം. അവരുടെ ജീവിതം കാണാം….

1 പാർച്ചെഡ് (2016) സംവിധാനം : ലീന യാദവ് ഭാഷ : ഹിന്ദി

ലീന യാദവ് , എഴുതി സംവിധാനം ചെയ്ത പാർച്ചെഡ് എന്ന സിനിമ വരണ്ട ഒരു ഗ്രാമത്തിൽ ജീവിതം കുടുങ്ങിപ്പോയ നാല് സ്ത്രീകളുടെ കഥ പറയുന്നു. അവരെ പരിചയപ്പെടാം

ബിജ്ലി:

ശരീരം സംഗീതമാക്കി കാമുകന്മാരുടെ ഹൃദയത്തിൽ നൃത്തമാടുന്നവൾ. അടുത്ത സുഹൃത്തുക്കളായ ലജ്ജോവിനും റാണിക്കും വേണ്ടി സ്വാതന്ത്ര്യത്തിലേക്ക് വഴി വെട്ടി കൊടുക്കുന്നതവളാണ്. അവരിലൂടെ തന്നെ സ്വതന്ത്രയാവുകയും ചെയ്യുന്നു.

റാണി:

35 വയസുള്ള വിധവ . 19 വയസുള്ള ഗുലാബിൻ്റെ അമ്മ. മകനു വേണ്ടി കല്യാണം ഉറപ്പിച്ച് മഹർ നൽകുന്നതിനായി സ്വന്തം വീടു തന്നെ പണയപ്പെടുത്തേണ്ടി വന്നു. ഭർത്താവിൻ്റെ പീഡന വൈകൃതങ്ങൾ സ്വന്തം മകനിലേക്ക് പകർന്നു കിട്ടിയതു കണ്ട് തകർന്നു പോകുകയും മരുമകളെ ഇഷ്ടമുള്ള ജീവിതത്തിലേക്ക് അനുഗ്രഹത്തോടെ പറഞ്ഞയക്കാൻ മനസ്സു കാണിക്കുകയും ചെയ്ത അമ്മ യൗവ്വനം കൊഴിഞ്ഞുപോകുകയാണെന്ന് ആകുലപ്പെടുകയും ഒരു മൊബൈൽ പ്രണയത്തിലൂടെ കാമുകിയാവുകയും ചെയ്യുന്നു.

ലജ്ജോ :

ഭർത്താവിനാൽ കൊടിയ പീഡനത്തിലുടെ കടന്നുപോകുമ്പോഴും പാറി നടന്നു ലസിക്കുന്ന ഒരു വർണ തുമ്പി. മുറിപ്പെടുന്ന ദിവസങ്ങളിൽ റാണിയാണ് അവൾക്ക് ആശ്വാസമേകുന്നത്. താൻ മച്ചിയാണെന്ന് വിശ്വസിച്ചിരുന്ന അവൾ ബിജ്ലിയുടെ ഉപദേശത്താൽ മറ്റൊരാളുമായി ശരീരം പങ്കുവെക്കുന്ന നിമിഷങ്ങളിൽ ആദ്യമായി സ്വന്തം ശരീരത്തിന്റെ മാന്ത്രികത തിരിച്ചറിയുന്നു. ആ സംഗമത്തിന്റെ ആനന്ദത്തെ അവളുടെ കണ്ണുകളിൽ നമുക്ക് കാണാം. ഭർത്താവിനോട് താൻ ഗർഭിണിയാണെന്നറിയിക്കുന്ന നിമിഷം അയാളിൽ നിന്നും അവൾക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വരുന്നു. തൻ്റെ വയറ്റിലുള്ളത് മറ്റൊരാളുടെ കുഞ്ഞാണെന്ന് തുറന്നു പറയാനുള്ള ആർജ്ജവം അവൾ കാണിക്കുന്നുണ്ട്.

ജാനകി:

റാണിയുടെ 15 വയസു മാത്രം പ്രായമുള്ള മരുമകൾ . മഹർ കൊടുക്കാനുള്ള സ്വത്തില്ലാത്തതിനാൽ പ്രണയം നഷ്ടപ്പെട്ട കൗമാരക്കാരി. കല്യാണം മുടക്കാൻ വേണ്ടി മുടി മുറിക്കുന്നു. കല്യാണത്തിൻ്റെ ആദ്യ ദിവസങ്ങളിൽ ഭർത്താവിനാൽ ചവിട്ടിയരക്കപ്പെട്ട അവളെ റാണിയും മുറിപ്പെടുത്തുന്നുണ്ട് . അവസാനം തൻ്റെയൊരു പ്രതിരൂപമായി കാണുന്ന ജാനകിയെ റാണി സ്വന്തം മകളെ പോലെ ഇഷ്ടമുള്ളയാളുടെ കൂടെ പറഞ്ഞയക്കുന്നു.

ഉള്ളിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഈ ചലച്ചിത്രം. തീവ്ര സൗഹൃദങ്ങൾ ഏതു മുറിവിനേയും സുഖപ്പെടുത്തുമെന്നും ഏതു പ്രശ്നത്തിനും അവരിലൂടെ പരിഹാരം കാണാമെന്നും അവർ തിരിച്ചറിയുന്നു. ‘പുല്ലിംഗതെറിക’ളിലൂടെ ആൺമേൽകോയ്മയെ അവർ പ്രതിരോധിക്കുന്നുണ്ട്. ഇവരുടെ ജീവിതത്തിലൂടെ ആ ഗ്രാമത്തിലെ സാമൂഹിക പശ്ചാത്തലം മനസിലാക്കാം. അതിൽ ബാലവിവാഹമുണ്ട്, ഭർതൃവീട്ടുകാരാൽ പീഡിക്കപ്പെട്ട് സ്വന്തം ഗ്രാമത്തിൽ അന്യരാക്കപ്പെട്ട് ഏതെല്ലാമോ വിധത്തിൽ കൊഴിഞ്ഞു പോകുന്ന ചമ്പമാരുണ്ട് , ലൈംഗിക സുഖത്തിനു വേണ്ടി മാതൃസ്ഥാനത്തുള്ള ബിജ്ലിയെ തേടി പോകുന്ന ഗുലാബുമാരുണ്ട് , മകൻ്റെ ധൂർത്തിനു വേണ്ടി വീടുവിൽക്കേണ്ടി വരുന്ന റാണിമാരുണ്ട്, കുട്ടികളില്ലാത്തത് തൻ്റെ മാത്രം കുറ്റമാണെന്ന് കരുതി ഭർത്താവിനാൽ പീഡിപ്പിക്കപ്പെട്ടു കഴിയുന്ന ലജ്ജോമാരുണ്ട് ഇവരെ രക്ഷിക്കാൻ ഒരു കിഷനോ അവരുടെ ഭാര്യക്കോ സാധിക്കുകയില്ല. സ്വയം തിരിച്ചറിവിലൂടെ സ്വതന്ത്രരാക്കപ്പെടുകയേ നിവൃത്തിയുള്ളൂ. അങ്ങിനെ സ്വതന്ത്രരാക്കപ്പെട്ടവർ കടന്നു പോയ മുള്ളുവേലികളിൽ കുരുങ്ങിയ ചേലത്തുമ്പുകൾക്കൊക്കെ കുറേ കഥകൾ പറയാനുണ്ടാവും. … ചോരയും കണ്ണീരും വേദനകളും , ഉണങ്ങാത്ത മുറിവുകൾ തീർത്ത വ്രണങ്ങളും പറഞ്ഞു തന്ന കഥകൾ ….

2 .The Patience stone. സംവിധാനം : Atiq Rahimi ഭാഷ പേർഷ്യൻ

യുദ്ധക്കെടുതിയാൽ വികൃതമാക്കപ്പെട്ട ഒരു പട്ടണത്തിൽ കഴിയുന്ന ഒരു യുവതി. അവൾക്ക് കഴുത്തിൽ വെടിയുണ്ടയേറ്റ് കോമയിലായ ഭർത്താവിനെ പരിചരിക്കേണ്ടതുണ്ട്. രണ്ടു മക്കളെ പോറ്റേണ്ടതുണ്ട്. വെടിയുണ്ടകളിൽ നിന്ന് ഭർത്താവിനേയും മക്കളെയും സംരക്ഷിക്കേണ്ടതുണ്ട്. യുദ്ധഭീതിയിൽ ബന്ധുക്കളെല്ലാം പലായനം ചെയ്തിട്ടും ഭർത്താവിൻ്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ച് എപ്പോൾ വേണമെങ്കിലും തകർക്കപ്പെടാവുന്ന വീട്ടിൽ കഴിയുകയാണ്. ദാരിദ്ര്യത്തിലും ഭീതിയിലും ഏകാന്തതയിലും കഴിയുന്ന അവൾക്ക് ആകെ ആശ്രയിക്കാനുള്ള ബന്ധു അവളുടെ അമ്മായി ആണ് . അമ്മായിയാണ് അവർക്ക് ‘ക്ഷമയുടെ ശില ‘യെ പറ്റി പറഞ്ഞു കൊടുക്കുന്നത്.
” നിൻ്റെ സഹനങ്ങളെ പറ്റി, മറ്റൊരാളോടും വെളിപ്പെടുത്താത്ത രഹസ്യങ്ങളെ പറ്റി ശിലയോടു പറയുക ; ശില എല്ലാം കേൾക്കും സഹിക്കാൻ പറ്റാതെയാവുമ്പോൾ ഒരുനാൾ ശില പിളരും. നീ സ്വതന്ത്രയാവും “

അവളയാളെ ശിലയായ് കണ്ടു നിരന്തരം സംസാരിച്ചു. പത്തു വർഷത്തെ ദാമ്പത്യത്തിൽ അവളൊരിക്കലും ചുംബിച്ചിട്ടില്ലാത്ത, അവൾക്കിഷ്ടമുള്ള രീതിയിൽ ഒരിക്കലും ഇണചേർന്നിട്ടില്ലാത്ത, വെറും മാംസപിണ്ഡമായി മാത്രം തന്നെ കാണുന്ന, പ്രണയിക്കാനറിയാത്തതുകൊണ്ട് യോദ്ധാവായി മാറിയ അയാളോട് …. അവൾ പറഞ്ഞതോ അയാൾക്കറിയാത്ത അവളെ പറ്റി, അവളനുഭവിച്ച വേദനകൾ ,ചൂഷണങ്ങൾ, നിസ്സഹായതകൾ ,പ്രതീക്ഷകൾ എല്ലാം തുറന്നു വച്ചു ; ഒടുവിലാ രഹസ്യവും…. Golshifteh Farahani യുടെ ഒറ്റയാൾ പ്രകടനത്തിലൂടെ മനോഹരമാക്കിയ ഈ സിനിമയുടെ കഥ ഇതേ പേരിലുള്ള നോവലിൽ നിന്നാണ് .

3 Ida 2013 . സംവിധാനം : Pawel Pawlikowski ഭാഷ : പോളിഷ്

കന്യാസ്ത്രീയാവുന്നതിന് തൊട്ടു മുൻപുള്ള, പ്രതിജ്ഞാ ചടങ്ങിന് ദിവസങ്ങൾക്ക് മുൻപ് അന്നയോട് മഠത്തിലെ മദർ ഒരു രഹസ്യം പറയുന്നു.

“നിനക്ക് Wanda എന്ന ഒരമ്മായിയുണ്ട്, ജീവിച്ചിരിക്കുന്ന ഒരേയൊരു ബന്ധു . പ്രതിജ്ഞാ ചടങ്ങിന് മുന്നെ നീ അവരെ കണ്ടു വരണം”

മദറിൻ്റെ നിർബന്ധത്തിന് വഴങ്ങി അമ്മയുടെ സഹോദരിയായ Wanda യുടെ വീട്ടിലെത്തുകയാണ് Anna.
“നീയൊരു ജൂത കന്യാസ്ത്രീയാണല്ലേ .?..”എന്ന Wanda യുടെ ചോദ്യത്തിന് പ്രതികരണമായി ആകാംക്ഷയോടെ നോക്കിയ നോട്ടത്തിന് അവൾക്ക് കുറേ തിരിച്ചറിവുകൾ ലഭിച്ചു. അതിലൊന്നാണ് Ida എന്ന പേര് . തൻ്റെ സ്വഭാവത്തിന് വിപരീത സ്വഭാവമുള്ള (wanda യുടെ ഭാഷയിൽ “I ‘m slut and you’re a little saint”) Wanda യോടൊപ്പം Ida ഒരു ലക്ഷ്യത്തിനായി യാത്ര തിരിക്കുന്നു. തൻ്റെ മാതാപിതാക്കളെ അടക്കം ചെയ്ത കുഴിമാടം കണ്ടുപിടിക്കുക ;അതായിരുന്നു അവളുടെ ലക്ഷ്യം.തൻ്റെ ലക്ഷ്യം പൂർത്തിയാക്കി മഠത്തിലെ താളങ്ങളിലേക്ക് മടങ്ങിപ്പോയ Ida ക്ക് വീണ്ടും തിരിച്ചുവരേണ്ടി വന്നു. അന്നു പക്ഷേ Wanda കാത്തിരിക്കുന്നുണ്ടായിരുന്നില്ല. ഒറ്റപ്പെടലിൻ്റെ തീവ്രവേദനയിൽ Wanda അതിനു മുൻപേ ഒരു കാറ്റൊഴിഞ്ഞു പോകും പോലെ പറന്നു പോയിരുന്നു. കന്യാസ്ത്രീ മഠത്തിൽ അനാഥയായി വളർന്ന് അന്നേ വരെ ഒരേ വഴിയിൽ കൂടി സഞ്ചരിച്ചിട്ടുള്ള Ida ,Wanda യുടെ വീട്ടിലെ സ്വാതന്ത്ര്യത്തിൽ വഴിമാറി സഞ്ചരിച്ചു നോക്കുന്നു .ആ സഞ്ചാരം ഒരു വഴി തെറ്റലായി Ida കാണുന്നുണ്ടോയെന്ന ചോദ്യം പ്രേക്ഷകർക്കുള്ളിൽ ഉയർത്തിയാണ് സിനിമ അവസാനിക്കുന്നത്. Pawel Paulikowski എന്ന സംവിധായകൻ Black & white ൽ വരച്ച ഈ സിനിമയുടെ ദൃശ്യഭംഗിയാണ് ഇതിനെ മികവുറ്റതാക്കുന്നത് . Agata Trzebuchowska (lda), Agata kulesza(Wanda) എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി വരുന്നത്.

4 Hellaro . സംവിധാനം അഭിഷേക് ഷാ ഭാഷ :ഗുജറാത്തി .

ഒരു നാടോടിക്കഥ. അഭിഷേക് ഷാ അതിനെ ഒരു സിനിമയാക്കി മാറ്റി – ത്രിഭുവൻ സാബു സദിനേനിയുടെ ഛായാഗ്രഹണത്തിലൂടെ മനോഹരമായ ഒരു ദ്യശ്യവിരുന്നാക്കി ‘ഹെല്ലാറോ’. ഗുജറാത്തിലെ കച്ചിലെ ഏതോ ഉൾനാട്ടിൽ നടന്ന കഥ. പുരുഷ മേൽകോയ്മയുടെയും, ജാതി വ്യവസ്ഥയുടെയും , അടിച്ചമർത്തപ്പെട്ട സ്ത്രീ സമൂഹത്തിൻ്റെയും, പ്രകൃതി ദുരന്തത്തിൻ്റെയും, അനാചാരങ്ങളുടെയും അനേകമനേകം വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം . കാലങ്ങളായുള്ള അടിച്ചമർത്തലിൽ ഒരേ പോലെ ചിന്തിക്കുന്ന കുറേ സ്ത്രീകൾ ; അവരുടെ ഇടയിലേക്ക് വരുന്ന ഏഴാം ക്ലാസ് വരെ പഠിച്ച മഞ്ജരി . സ്ത്രീകൾക്ക് ചിത്രത്തുന്നലിനും ഗർഭ നൃത്തത്തിനും വിലക്കേർപ്പെടുത്തിയിട്ടുള്ള ആ നാട്ടിൽ ജീവിക്കണമെങ്കിൽ സ്വയം ചിറകരിഞ്ഞു കളഞ്ഞേക്കാൻ മുന്നറിയിപ്പു നൽകുന്ന ഭർത്താവ്. മഴ അനുഗ്രഹിച്ചിട്ടില്ലാത്ത ആ നാട്ടിൽ കുടങ്ങൾ തലയിലേന്തി വെള്ളത്തിനു വേണ്ടി കിലോമീറ്ററുകളോളം നടന്നു പോകുന്ന ഒരു കൂട്ടം സ്ത്രീകളിലൊരാളായി മഞ്ജരിയുമെത്തുന്നു. വഴിയിൽ തളർന്നു കിടക്കുന്നയാളുടെ ജീവൻ രക്ഷിക്കാൻ വെള്ളം കൊടുക്കാനുള്ള ധൈര്യം അവൾക്കേയുണ്ടായിരുന്നുള്ളൂ. അതിനു പ്രതിഫലമായി അയാൾ കൊട്ടിയ ഡോലക്കിൻ്റെ ഈണത്തിന് ചുവടുവക്കുന്നതിലൂടെ അവരുടെ അരിഞ്ഞ ചിറകുകൾക്ക് പകരം പുതിയ ചിറക് മുളക്കുന്നു .ഒരുമിച്ച് പറന്ന് അവരൊരു ശക്തി പ്രവാഹമായി മാറുമ്പോൾ അതിന് കൂട്ടായി പ്രകൃതിയും ഉണരുന്നു. സിനിമ സ്ക്രീനിൽ അവസാനിക്കുമ്പോഴും അവർ പ്രേക്ഷകന്റെയുളളിൽ ഗർഭനൃത്തം തുടർന്നുകൊണ്ടേയിരുന്നു . ഒരേ ചുവടുമായി താളത്തിനൊപ്പം നൃത്തം ചെയ്യുമ്പോൾ നമ്മളും അതിനൊപ്പം ചേരുകയാണ്. കഴുത്തിലും കയ്യിലും പച്ചകുത്തി വർണ്ണാഭമായ ദുപ്പട്ടയിൽ എന്തൊരു സൗന്ദര്യമാണ് ഓരോരുത്തർക്കും സിനിമ കണ്ട് ഉറങ്ങി പോയ രാത്രിയിൽ ഞാൻ കണ്ട സ്വപ്നം മഴയുടെ നനവിൽ ഗർഭനൃത്തം കളിക്കുന്ന എന്നെയായിരുന്നു!!

കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like