പൂമുഖം EDITORIAL കവിതയുടെ കാർണിവൽ 2018

പട്ടാമ്പി ശ്രീനീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളനാട് വെബ് വാരികയുടെ സഹകരണത്തോടെ നടത്തുന്ന കവിതയുടെ കാർണിവൽ മൂന്നാം പതിപ്പ് 2018 മാർച്ച് 9, 10 , 11 തീയതികളിൽ പാട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ വച്ച് നടക്കുന്നു. : കവിതയുടെ കാർണിവൽ 2018

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

car

ഇന്ത്യയിൽ കവിതയ്ക്കുവേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവമാണ് കവിതയുടെ കാർണിവൽ. 2016 ൽ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ തുടക്കം കുറിച്ച കാർണിവൽ ഒന്നാം എഡിഷനോടെത്തന്നെ ശ്രദ്ധിക്കപ്പെട്ടു. പുതുകവിതയുടെ 25 വർഷങ്ങൾ എന്ന വിഷയത്തിലൂന്നിയ ഒന്നാം എഡിഷനുശേഷം  ‘കവിതയുടെ അതീതസഞ്ചാരങ്ങൾ’ എന്ന മുഖ്യപ്രമേയം മുൻനിർത്തി കാർണിവലിന്റെ രണ്ടാം പതിപ്പ് 2017 ജനുവരിയിൽ അഞ്ചു ദിനങ്ങളിലായി നടക്കുകയുണ്ടായി,  ദക്ഷിണേന്ത്യൻ കവികളെ ഉൾപ്പെടുത്തി നടത്തിയ  ദേശീയ കവിതാവിവർത്തന ശില്പശാല  അടക്കം വൈവിദ്ധ്യപൂർണ്ണമായ നിരവധി പരിപാടികൾകൊണ്ട് സമ്പന്നമായിരുന്നു അത്. മലയാളത്തിലെ കവികളും വിമർശകരും ആസ്വാദകരും വിദ്യാർത്ഥികളും ഗവേഷകരുമടക്കം ആയിരക്കണക്കിനു കാവ്യാസ്വാദകരാണ് ഈ കർണിവലുകളിൽ പങ്കാളികളായത്. സെമിനാറുകൾ, കവിതാവതരണങ്ങൾ, സംവാദങ്ങൾ, കവിപരിചയം, കവിയരങ്ങ്, ഇൻസ്റ്റലേഷനുകൾ, ചിത്രപ്രദർശനങ്ങൾ, ഫിലിം ദഫെസ്റ്റിവലുകൾ, പുസ്തകമേളകൾ,  പുസ്തകപ്രകാശനങ്ങൾ, നൃത്തം, സംഗീതം, നാടകം തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. മലയാളനാട് വെബ് കമ്യുണിറ്റിയുടെയും വിവിധ അക്കാദമികളുടെയും സാംസ്കാരികസംഘടനകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ കാർണിവലുകൾ സംഘടിപ്പിച്ചു വരുന്നത്.

          2018 മാർച്ച് 9,10,11 തിയ്യതികളിലായി കവിതയുടെ കാർണിവൽ  മൂന്നാം എഡിഷൻ  പട്ടാമ്പി കോളേജിൽ വെച്ച് നടക്കുകയാണ്. ‘കവിത: പ്രതിരോധം, പ്രതിസംസ്കൃതി‘ എന്നതാണ് ഈ  കാർണിവലിന്റെ പ്രധാന പ്രമേയം. വിവിധതരം അധിനിവേശങ്ങൾക്കും അധികാരരൂപങ്ങൾക്കുമെതിരായ  വ്യക്തിനിഷ്ഠവും സാമുഹികവുമായ പ്രതിരോധത്തിന്റെ ഭാഷയായി മലയാളകവിത അതിന്റെ ചരിത്രവഴികളിൽ എങ്ങനെ പ്രവർത്തിച്ചു എന്ന അന്വേഷണമാണ് ഈ കാർണിവലിന്റെ ഉള്ളടക്കം.

          ഈ കാർണിവലിൽ മറ്റു പരിപടികൾക്കൊപ്പം കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ധനസഹായത്തോടെ രണ്ട് ദേശീയ സെമിനാറുകൾകൂടി  നടത്തുന്നു. നാടൻപാട്ടുകളിലെ എതിർമൊഴികൾ എന്നതാണ് ആദ്യ സെമിനാറിന്റെ വിഷയം. ജാതി-ജന്മി-നാടുവാഴിത്ത കാലം മുതൽ കേരളത്തിലെ പ്രബലസംസ്കൃതിക്കും സാമൂഹ്യാധികാരരൂപങ്ങൾക്കുമെതിരായി  പലദേശകാലങ്ങളിലായി ആവിഷ്കരിക്കപ്പെട്ട നാടൻപാട്ടുകളിലെ പ്രതിരോധസ്വരങ്ങളെ   അന്വേഷിക്കുകയാണ് ഈ സെമിനാറിൽ ചെയ്യുന്നത്.

          രണ്ടാമത്തെ സെമിനാർ പ്രതിരോധവും പ്രതിസംസ്കൃതിയും: മലയാളകവിതയിലെ വഴിയടയാളങ്ങൾ എന്ന വിഷയത്തിലാണ്.  കൊളോണിയൽ ആധുനികതയുടെയും സാമൂഹ്യനവോത്ഥാനത്തിന്റെയും കാലത്തുനിന്ന് ആരംഭിച്ച്  സമകാലിക സാമൂഹികസന്ദർഭങ്ങളിലേയ്ക്കുവരെ വ്യാപിച്ചുകിടക്കുന്ന നിരവധി  സമരങ്ങളുടെയും  സംഘർഷങ്ങളുടെയും   പ്രതിരോധങ്ങളുടെയും വലിയ  ചരിത്രമുണ്ട് കേരളസമൂഹത്തിന്. ഈ സമരചരിത്രമാണ് കേരളത്തിൽ  സമൂഹരൂപീകരണത്തിനു വഴിതെളിച്ചത്.   ഇക്കാലത്ത് പൊതുബോധത്തോടും അധികാരവ്യവസ്ഥയോടും സാമൂഹ്യസാംസ്കാരിക അധിനിവേശങ്ങളോടും കലഹിച്ചുകൊണ്ട് ഈ  സാമൂഹ്യമുന്നേറ്റങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു മലയാളകവിതയും. സംസ്കൃതവത്കരണത്തിനെതിരെയും ഇംഗ്ലീഷ് ഭാഷാധിനിവേശത്തിനെതിരെയും കോളനിശക്തികൾക്കെതിരെയും കവിതയിൽനിന്ന് പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പിന്നീട് ജാതിക്കെതിരെയുള്ള  സാമൂഹ്യനവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായി കവിതയും സഞ്ചരിച്ചു.  ജന്മിത്തത്തിനെതിരെ നടന്ന കർഷകരുടെയും,  മുതലാളിത്തത്തിനും ചൂഷണത്തിനുമെതിരെ  നടന്ന തൊഴിലാളികളുടെയും, സമരങ്ങളോടൊപ്പം കവിതയും മുന്നേറി. യുദ്ധത്തിനെതിരെയും മൂല്യച്യുതികൾക്കെതിരെയും സാമൂഹ്യസാംസ്കാരികജീർണ്ണതകൾക്കെതിരെയും സർവാധിപത്യ പ്രവണതകൾക്കെതിരെയും  ആധുനികകവിത നിരന്തരകലഹങ്ങളിൽ ഏർപ്പെട്ടു. മധ്യവർഗസമൂഹത്തിന്റെ രൂപികരണത്തോടൊപ്പം പ്രവർത്തിച്ച പലതരം ധർമ്മസംഘർഷങ്ങളും ആശാഭംഗങ്ങളും കവിതയ്ക്ക് വിഷയമായി.  പാരിസ്ഥിതികവിനാശം,   അടിയന്തിരാവസ്ഥ, പുരുഷാധിപത്യമൂല്യങ്ങൾ, വർഗീയത  എന്നിവക്കെതിരെയും  കവിത നിരവധി പ്രതിരോധവഴികൾ  നിർമിച്ചിട്ടുണ്ട്.  സ്ത്രീ ദളിത് ആദിവാസി ഭിന്നലിംഗ ഭൂരഹിതരുടെ അവകാശങ്ങൾക്കും സാമൂഹ്യാധികാരത്തിനും വേണ്ടിയുള്ള സമരങ്ങളോടൊപ്പവും കവിത നിലകൊള്ളുന്നുണ്ട്. നവ സാമ്രാജ്യത്വത്തിനും ആഗോളവത്കരണത്തിനും കച്ചവടവത്കരണത്തിനും ഫാഷിസത്തിനും രാഷ്ട്രീയഹിംസകൾക്കുമെല്ലാമെതിരെ സജീവമായ പോരാട്ടവഴികളിൽ തന്നെയാണ് മലയാള കവിത ഇന്നും.  സൈബർ കാലഘട്ടത്തിലും ഇത്തരം പ്രതിരോധശ്രമങ്ങൾ പല വിതാനങ്ങളിൽ തുടരുന്നുണ്ട്.  അത്തരം പരിശ്രമങ്ങളെ  ചരിത്രവത്കരിക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം.

പി.പി. രാമചന്ദ്രൻ                                                         എം. ആർ. അനിൽ കുമാർ
ഡയറക്ടർ                                                                    കൺവീനർ
കവിതയുടെ കാർണിവൽ                                             ഡൊമിനിക് ജെ കാട്ടൂർ
കൺവീനർ

സന്തോഷ് എച്ച്.കെ.
അദ്ധ്യക്ഷൻ
മലയാളവിഭാഗം
എസ്.എൻ.ജി.,എസ്. കോളേജ്, പട്ടാമ്പി

Comments
Print Friendly, PDF & Email

You may also like