പൂമുഖം CINEMA മൗലികമായ പ്രകോപനങ്ങൾ സൃഷ്ടിച്ച ഗൊദാർദ്

മൗലികമായ പ്രകോപനങ്ങൾ സൃഷ്ടിച്ച ഗൊദാർദ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

“ജീവിതത്തെ ചിത്രീകരിക്കാത്ത ഒരു കലയല്ല സിനിമ. കലയ്ക്കും ജീവിതത്തിനും ഇടയിലുള്ള ഒന്നാണത്. ചിത്രകലയിൽ നിന്നും സാഹിത്യത്തിൽ നിന്നും വ്യത്യസ്തമായി അത് ജീവിതത്തിലേക്ക് നൽകുകയും ജീവിതത്തിൽ നിന്നും എടുക്കുകയും ചെയ്യുന്നുണ്ട്. എന്റെ സിനിമകളിൽ ഞാൻ ഈ പദ്ധതിയാണ് അവലംബിക്കുന്നത്”:- ഗൊദാർദ്

ലോകത്താകമാനം സ്വാധീനം ചെലുത്തിയ, നവതരംഗ സംവിധായകനായി അറിയപ്പെടുന്ന ഴാങ്ങ് ലുക്ക് ഗൊദാർദ് അരങ്ങൊഴിഞ്ഞപ്പോൾ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത് ഫ്രാൻസിന് നഷ്ടപ്പെട്ടത് ഒരു ദേശീയ നിധിയാണെന്നാണ്. എന്നാൽ അത് ഫ്രാൻസിന് മാത്രമല്ല ലോകസിനിമക്ക് തന്നെ ഉണ്ടായ നഷ്ടമാണ്. ലോകത്തെ ഏറ്റവും മികച്ച പത്തു സംവിധായകരെ എടുത്താൽ അതിൽ ഗൊദാർദ് ഉൾപ്പെടും . ലോക സിനിമയിൽ വിപ്ലവകരമായ പല തുടക്കങ്ങൾക്കും കാരണം ഗൊദാർദ് ആയിരുന്നു. ബെർണാഡോ ബെർട്ടോലൂച്ചി, മാർട്ടിൻ സ്കോർസെസെ, ക്വെന്റിൻ ടരാന്റിനോ, സ്റ്റീവൻ സോഡർബർഗ്, എന്നിങ്ങനെ പ്രഗത്ഭരടക്കം ഒട്ടേറെ പേരെ അദ്ദേഹം നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്.

വ്യവസ്ഥകളെ ലംഘിക്കുക എന്ന രീതി അദ്ദേഹത്തിന്റെ കൂടെ എന്നും ഉണ്ടായിരുന്നു. മൗലികമായ പ്രകോപനങ്ങൾ സൃഷ്ടിച്ചു സാദ്ധ്യത തേടുക എന്നത് നമുക്കദ്ദേഹത്തിൽ കാണാം. “സിനിമയുടെ സാദ്ധ്യതകളെപ്പറ്റിയുള്ള അതിഘോരമായ ധ്യാനമാണ് ഗോദാർദിന് സിനിമ” എന്ന് സൂസൻ സോൻടാഗ് പറഞ്ഞിട്ടുണ്ട്. ഫ്രഞ്ച് നവതരംഗം അഥവാ “നൂവല് വെയിഗ്’ എന്ന് പറയുമ്പോൾ അതിൽ ആദ്യം വരുന്ന പേരാണ് ഗൊദാർദിന്റെത്. നരവംശ ശാസ്ത്രത്തിൽ ഉള്ള താല്പര്യവും പഠനവും പില്കാലത്ത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും സ്വാധീനിച്ചു എന്ന് പറയാം. സിനി-ക്ലബ് ഡു ക്വാർട്ടിയർ ലാറ്റിനിൽ 1950ൽ ചേർന്നതോടെയാണ് അദ്ദേഹം സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കുന്നത്. അവിടെ അദ്ദേഹം ചേർന്നതോ, ക്ലോഡ് ഷാബ്രോളിന്റെയും ഫ്രാങ്കോയിസ് ട്രൂഫോയുടെയും കൂടെ. അങ്ങനെ നിരൂപകനായി തുടങ്ങിയ ഗൊദാർദ് സിനിമയോടുള്ള അതീവ താല്പര്യം മൂലം Cahiers du Cinema എന്ന പ്രസിദ്ധീകരണത്തിൽ എഴുതിക്കൊണ്ടിരുന്നു. 1954ൽ അദ്ദേഹം ഓപ്പറേഷൻ ബെറ്റൺ (ഓപ്പറേഷൻ കോൺക്രീറ്റ്) എന്ന ഹ്രസ്വചിത്രം നിർമ്മിച്ചു. അക്കാലത്ത് അദ്ദേഹം സ്വിറ്റ്സർലൻഡിലെ ഗ്രാൻഡ് ഡിക്സെൻസ് അണക്കെട്ടിൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ഒരു നിർമ്മാണകമ്പനിയുടെ പരസ്യത്തിനായി ഈ സിനിമ അക്കാലത്ത് ഉപയോഗിച്ചു. ജീൻ ലൂക്ക് ഗോദാർദിന്റെ ആദ്യകാല സിനിമകൾ സിനിമയുടെ ഭാഷയിൽ വിപ്ലവം സൃഷ്ടിച്ചു. Breathless, Contempt, Pierrot le Fou, Alphaville, and Made in USA, My Life to Live,The Little Soldier, Week-end, A Film Like Any Other ഇങ്ങനെ ഒട്ടേറെ സിനിമകൾ നൽകിയ LEGEND നെ ആണ് കലാലോകത്തിന് നഷ്ടമായത്.

ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെഹ്റ്റിന്റെ “epic theater” എന്ന ആശയത്തിൽ ഏറെ തല്പരനായ ഗൊദാർദ് അത് തന്റെ സിനിമാ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. അതുപോലെ റെനേ മെഗ്രേറ്റിന്റെ പെയിന്റിങിലെ ചിത്രഭാഷയും ഗൊദാർദിനെ ഏറെ സ്വാധീനിച്ചിരുന്നു. 1959ലാണ് ഗൊദാർദിന്റെ ആദ്യ ഫീച്ചർ ഫിലിം” എ ബൌട്ട് ഡി സൗഫിൽ (ബ്രെത്ത്ലെസ്സ്) “ഇറങ്ങുന്നത് ക്ലാസിക് ഹോളിവുഡ് സിനിമയുടെയും പരമ്പരാഗത സിനിമയുടെയും ആഖ്യാനശൈലിയിൽ നിന്നുള്ള വിഛേദമാണ് ബ്രെത്ത്ലെസ് എന്ന ക്ളാസ്സിക് സിനിമ. കേന്ദ്രകഥാപാത്രമായ മിഷേല് പൊയ്ക്കാര്ഡ് ആയ ബോളിവുഡ് താരം ഹംഫ്രി ബൊഗാര്ട്ടിന്റെ അഭിനയ ശേഷിയെ കൃത്യമായി ഉപയോഗിച്ച സിനിമ. നിയമങ്ങള് എന്തെന്ന് തനിക്കറിയാം; പക്ഷേ അവ ലംഘിക്കുകയാണ് താൻ ചെയ്യുക എന്ന് തന്റെ രചനകളിലൂടെ ഗൊദാർദ്പ്രഖ്യാപിക്കുന്നു. നടപ്പുരീതികളെ മുഴുവൻ നിരാകരിച്ചുകൊണ്ട് നീണ്ട ഒരു ഷോട്ടിനെ എഡിറ്റിംഗ് ടേബിളിൽ വെച്ച് പകുതിക്ക് മുറിച്ചുള്ള ജംപ് കട്ട് സ്റ്റൈൽ പോപ്പുലറായി. ബ്രെത്ത്ലെസ്സിലെ ഛായാഗ്രഹണം റൗൾ കൊട്ടാർഡ് ആയിരുന്നു.’സിനിമാനിർമ്മാണം ഒരർത്ഥത്തിൽ നിങ്ങൾക്ക് ഉട്ടോപ്യൻ പ്രവർത്തനമാണോ’എന്നദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ് “ഒരു സിനിമ ഒരു ഉട്ടോപ്യ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,പക്ഷേ ഒരു സിനിമ നിർമ്മിക്കുക, ഉട്ടോപ്യയല്ല.” സിനിമയിലെ ഏകാന്തത തന്റെ ജീവിതത്തിന്റെ തന്നെ പ്രതിഫലനം ആണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. ബ്രെത്ത്ലെസ് എന്ന സിനിമയിലൂടെ അദ്ദേഹം നടത്തിയ വിപ്ലവകരമായ ചില നീക്കങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സിനിമയുടെ തുടക്കം പോലും കഥ നടക്കുന്ന പശ്ചാത്തലം വ്യക്തമാക്കുന്ന ആമുഖ ഷോട്ടോടു കൂടിയല്ല; മറിച്ച് അല്പവസ്ത്രം മാത്രം ധരിച്ച പെണ്കുട്ടിയുടെ ചിത്രമുള്ള ഒരു പത്രത്തിന്റെ ക്ലോസപ്പോടെയാണ്. “ഞാൻ ഒരു ആഭാസനാണ്’ എന്ന് ഒരു ശബ്ദം പശ്ചാത്തലത്തിൽ കേള്ക്കാനുണ്ട്; എന്നാൽ ദൃശ്യവും ഈ ശബ്ദവും തമ്മിലുള്ള ബന്ധം എന്തെന്ന് വ്യക്തമല്ല. ഇങ്ങനെ, വിവിധ ഷോട്ടുകൾ തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും സ്പഷ്ടമല്ല. തുടര്ച്ചയുള്ള എഡിറ്റിങ്ങ് ഗോദാർദ് തിരസ്കരിക്കുന്നതു മൂലമാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവുന്നത്.

സിനിമയിലൂടെ കൃത്യമായ രാഷ്ട്രീയം പറയാൻ അദ്ദേഹത്തിനായിട്ടുണ്ട്. സിനിമകളിലെ സംഭാഷണങ്ങളിലൂടെ പലപ്പോഴും തുറന്നു പറച്ചിൽ പോലെ നേരിട്ട് അവതരിപ്പിക്കുന്ന രീതിയും കാണാം Masculin Feminim എന്ന സിനിമയിലെ കഥാപാത്രം ഇങ്ങനെ പറയുന്നു “നിങ്ങൾ ഒരാളെ കൊല്ലുന്നുവെങ്കിൽ കൊലപാതകിയായിഅറിയപ്പെടും, ആയിരങ്ങളെ കൊല്ലുന്നു എങ്കിൽ ചക്രവർത്തി എന്നും എല്ലാവരെയും കൊല്ലുന്നു എങ്കിൽ ദൈവം എന്നും” First name:Carmen എന്ന സിനിമയിലെ സംഭാഷണം ഇങ്ങനെ തുടരുന്നു “ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രകൃതം എന്താണ് ? നമ്മുടെ തുലഞ്ഞ സമ്പദ്ഘടന ചാണ്ടിയല്ലേ ഉണ്ടാക്കുന്നത്?”ക്ലാസിക്ക് മുതലാളിത്തത്തിന്റെ ലക്ഷ്യം ഏറ്റവും നല്ല ഉത്പന്നങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു. അണുബോംബ് മുതൽ പ്ലാസ്റ്റിക് കപ്പുകൾ വരെ ആർക്കും വേണ്ടാത്ത സാധനങ്ങളാണ് യന്ത്രങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നത്”സിനിമയിൽ ഇത്തരത്തിൽ കൃത്യമായി രാഷ്ട്രീയം പറയുകയും ദൃശ്യാവിഷ്കാരത്തിൽ പൊളിറ്റിക്കൽ ആയ ചിന്തയെ ഉത്തേജിപ്പിക്കുകയും ചിലപ്പോഴൊക്കെ പ്രകോപിപ്പിക്കുകയും ചെയ്തുവന്ന കലാകാരനാണ് ഗൊദാർദ്. ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ സിനിമകൾ ചെയ്യാൻ തന്റെ സിനിമാകാല ജീവിതം മാറ്റിവെച്ചു.

എക്സോട്ടിക് നർത്തകി ആംഗലയും അവളുടെ കാമുകൻ എമൈലും തമ്മിലുള്ള ബന്ധവും ആഞ്ചലയ്ക്ക് ഒരു കുട്ടി വേണമെന്ന ആഗ്രഹവും അതുമായി വരുന്ന സംഘർഷങ്ങളും വ്യത്യസ്തമായ ചലച്ചിത്രഭാഷയിൽ ഒരുക്കിയ ചിത്രമാണ്”A Woman Is A Woman (Une Femme est une Femme)” ഫ്രഞ്ച് നടിയും ഗൊദാർദിന്റെ ഭാര്യയുമായ അന്ന കരീനയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഴോസീറ്റിനെ {Jossette} അവതരിപ്പിച്ചത്.

ഒരു സിനിമയെ എങ്ങനെയാണ് ഓരോ മേഖലയും കാണേണ്ടത് എന്ന ഗൊദാർദ് തന്നെ പറഞ്ഞിട്ടുണ്ട് “ഒരു ഡോക്ടർ സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നത് പോലെയായിരിക്കണം സംവിധായകൻ ക്യാമറ കൈകാര്യം ചെയ്യേണ്ടത്. മുൻകൂട്ടി തീരുമാനിച്ചതല്ലാത്ത പല കാര്യങ്ങളും ക്യാമറ തീരുമാനിക്കും. ക്യാമറയെ ഒരു അന്വേഷണോപകരണമാക്കി ഉപയോഗിക്കാൻ ഇന്നത്തെ പല സിനിമകൾക്കും കഴിയുന്നില്ല” ഗൊദാർദിൻറെ ഈ വിമർശനം ഇന്നും പ്രസക്തമാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ പറച്ചിലുകളും എഴുത്തും ഫ്രെയിമും ഏറെ പഠിക്കാനുള്ള ഒന്നാണ്. സിനിമയിൽ ഗോദാർദിൻറെ പ്രാധാന്യത്തെക്കുറിച്ച് ചലച്ചിത്ര നിരൂപകൻ റോജർ എബർട്ട് പറഞ്ഞത് പ്രസക്തമാണ്”ഗോദാർദ് ഒന്നാം റാങ്കിലുള്ള ഒരു ഡയറക്ടറാണ്; 1960-കളിൽ മറ്റൊരു സംവിധായകനും ഫീച്ചർ-ലെംഗ്ത്ത് ഫിലിം വികസിപ്പിക്കുന്നതിൽ ഇത്ര സ്വാധീനം ചെലുത്തിയിട്ടില്ല. ഫിക്ഷനിലെ ജോയ്സിനെപ്പോലെയോ തിയേറ്ററിലെ ബെക്കറ്റിനെപ്പോലെയോ, പ്രേക്ഷകർക്ക് സ്വീകാര്യമല്ലാത്ത ഇന്നത്തെ സൃഷ്ടി ഒരു പയനിയറാണ്. എന്നാൽ മറ്റ് സംവിധായകരിൽ അദ്ദേഹത്തിന്റെ സ്വാധീനം ക്രമേണ ഒരു പ്രേക്ഷകനെ സൃഷ്ടിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുന്നു, അത് ഒരുപക്ഷേ അടുത്ത തലമുറയെ അദ്ദേഹത്തിന്റെ സിനിമകളിലേക്ക് തിരിഞ്ഞുനോക്കാനും അവരുടെ സിനിമ ആരംഭിച്ചത് ഇവിടെയാണെന്ന് കാണാനും സഹായിക്കും “

എല്ലാ തലമുറകൾക്കും ഏറെ പാഠങ്ങൾ നൽകി, മരണം വരെ സിനിമയോടൊപ്പം നിന്ന് , മരണത്തിൽ പോലും സ്വയം തീരുമാനം എടുത്ത് യാത്രയായ ഗൊദാർദ് എന്ന മഹാ പ്രതിഭ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകൾ ഇന്നത്തെ സിനിമാ ലോകത്തിനു ഏറെ പ്രസക്തമായ ഒന്നാണ്”ഒരു ചെറിയ ഡിജിറ്റൽ ക്യാമറ കൈയിലുണ്ടെങ്കിൽ സിനിമയെടുക്കാം എന്ന് ചിലർ കരുതുന്നു. ആർക്കും സിനിമയെടുക്കാമെന്ന കാരണത്താൽ നിരൂപകർ പോലും അതിനെ വാഴ്ത്തുന്നു. പക്ഷേ അങ്ങനെ ആർക്കും എടു ക്കാൻ പറ്റുന്ന ഒന്നല്ല സിനിമ. ആർക്കും സ്വയം കരുതാം താനെടുക്കുന്നതാണ് സിനിമ എന്ന്. നിങ്ങൾ ഒരാൾക്ക് പെൻസിൽ കൊടുത്തു എന്നതു കൊണ്ട് അയാൾ റാഫേലിനെപ്പോലെ വരയ്ക്കും എന്നു പ്രതീക്ഷിക്കരുത്”ഈ പ്രസ്താവന ഇന്നിനെയും പ്രതിനിധീകരിക്കുന്നു. സിനിമയെ ഗൗരവമായെടുക്കുന്ന ആസ്വാദകർക്കിടയിലെ പ്രധാനപ്പെട്ട ഒരു ചോദ്യം ഇന്നും ഇതാകുന്നു. Are you a Godardian or non-Godardian? സിനിമാചരിത്രത്തിൽ ഇത്രയും മൗലികമായ പ്രകോപനങ്ങൾ സൃഷ്ടിച്ച മറ്റൊരാളില്ല എന്നത് തന്നെയാണ് ഗൊദാർദിന്റെ പ്രസക്തിയും. അതിനാൽ ഗൊദാർദ് എങ്ങും പോയിട്ടില്ല ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കറുത്ത കണ്ണടയും ഇട്ട് നമുക്കിടയിൽ നിൽക്കുന്നുണ്ട്.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like